തിരിച്ചറിവുകൾ -8

//തിരിച്ചറിവുകൾ -8
//തിരിച്ചറിവുകൾ -8
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -8

യാത്ര

ഏറെ ദൂരം താണ്ടിയോ? ഒന്ന് മയങ്ങിപ്പോയി. ബസിന്റെ ജനലിലൂടെ അയാൾ പുറത്തേക്ക് നോക്കി. അതങ്ങനെ ഒരു താളത്തിൽ ആ മലഞ്ചെരുവിലൂടെ വളഞ്ഞും നിവർന്നും പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിലും ആ കാഴ്ചകൾ ആസ്വദിക്കാതെ വേഗത്തിൽ കടന്നുപോകാൻ ആർക്കുമാവില്ല. ബസിൽ കൂടുതലും ആ കാഴ്ചകൾ ആസ്വദിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നവരുമാണ്. യാത്രകളെ സുന്ദരമാക്കുന്നത് തന്നെ കാഴ്ച്ചകളാണല്ലോ. പക്ഷേ തന്റെ കാര്യത്തിൽ അതുമാത്രമല്ല. തനിക്കത് മനുഷ്യജീവിതങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണ്.

വണ്ടി നിർത്തി. മസ്സൂരിയെ മഞ്ഞു പൊതിഞ്ഞു തുടങ്ങുകയാണ്. വണ്ടിയിൽ നിന്നിറങ്ങി ആ തെരുവിലൂടെ ഒന്ന് നടന്നു. തണുപ്പ് ശരീരത്തിലേക്ക് ഓടിക്കയറുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയെ വരവേൽക്കാൻ പാകത്തിൽ വഴിയോര കച്ചവടക്കാർ മുഴുവൻ ഒരുങ്ങിയിരിക്കുകയാണ്. ചൂടൻ പലഹാരങ്ങളും ചെറു വിഭവങ്ങളും ചായയും എല്ലാമുണ്ട്. പൂട്ടിക്കിടന്ന ഒരു പഴയ കെട്ടിടത്തിന്റെ തിണ്ണയിൽ കണ്ണുകൾ ഉടക്കി. അവിടെ ഒരു സ്റ്റൗ ചെറു തീയിൽ കത്തുന്നുണ്ട്. അതിനു പിറകിൽ ഒരു പെൺകുട്ടി എന്തോ അരിയുകയാണ്. ഒരു കൗതുകത്തോടെ അവിടേക്ക് നടന്നു.

ഏകദേശം പന്ത്രണ്ട് വയസ്സ് പ്രായം വരും അവൾക്ക്. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന അനേകായിരങ്ങൾ പോലെ തെരുവിന്റെ സന്തതിയാവും അവൾ എന്ന് കരുതുക വയ്യ. വൃത്തിയുള്ള ഉടുപ്പ്. തിളങ്ങുന്ന കണ്ണുകൾ. അടുത്തെത്തിയപ്പോൾ അവളൊന്നു പുഞ്ചിരിച്ചു.

‘സാബ്, ഓംലെറ്റ് ചാഹിയെ?’

ഞാൻ അതേ എന്ന് തലയാട്ടി. ആദ്യ കച്ചവടത്തിന്റെ സന്തോഷത്തിൽ അവൾ ഫ്രൈപാൻ എടുത്ത് സ്റ്റൗവിൽ വെച്ചു. അതിനിടയിൽ ഞാൻ അവളോട് പലതും ചോദിച്ചു.

‘കല്പന’. അതാണവളുടെ പേര്. അച്ഛന് ചെറിയ ഒരു കടയുണ്ടായിരുന്നു ആ തെരുവിൽ. കഴിഞ്ഞ വർഷം വരെ. അതിനിടയിലാണ് അമ്മ ഒന്നു വീണത്. ഇപ്പോൾ എണീറ്റ് നടക്കാൻ പോലും പ്രയാസമാണ്. അച്ഛന് കട പൂട്ടേണ്ടി വന്നു. ഇപ്പോൾ ഒരു തോട്ടക്കാരനായി ജോലി നോക്കുന്നു. അഞ്ചു മണി ആവുമ്പോഴേക്കും വീട്ടിലെത്തും. അമ്മക്ക് കൂട്ടാവാൻ. അച്ഛനെ സഹായിക്കാൻ അവൾ തിരഞ്ഞെടുത്ത മാർഗമാണ് ഈ ഓംലെറ്റ് കച്ചവടം. വൈകിട്ട് സ്‌കൂൾ കഴിഞ്ഞു അവൾ ഈ തെരുവിൽ വരും. രണ്ടു മണിക്കൂർ കച്ചവടം. എന്നിട്ട് അവൾ തിരിച്ചു പോകും.

സംസാരത്തിനിടയിൽ ഓംലെറ്റ് റെഡി ആയി. ഒന്നു രണ്ടു ആളുകൾ കൂടി വന്നിട്ടുണ്ട് ഓംലെറ്റ് കഴിക്കാൻ. അവൾ അതിൽ വ്യാപൃതയായി. ഞാൻ അവളോട് ബൈ പറഞ്ഞു. ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഒരുപക്ഷേ കാഴ്ച കാണാൻ വന്നവർ അവളുടെ ഓംലെറ്റ് മാത്രം കഴിച്ചു പോവുന്നവരായിരിക്കും. അവളോട് സ്വന്തത്തെപ്പറ്റി ചോദിച്ചത് ഒരുപക്ഷേ താൻ മാത്രമായിരിക്കുമോ. അറിയില്ല. മസ്സൂരിയും അവളും തന്ന ആ മഞ്ഞുമായി ഞാൻ തിരിഞ്ഞു നടന്നു. വീണ്ടും മനുഷ്യരെ കാണാൻ.

യാത്രകൾ കാഴ്ചകൾ കാണാൻ മാത്രമുള്ളതല്ല. മനുഷ്യരെ കാണാൻ കൂടിയുള്ളതാണ്. യാത്രയിൽ മനുഷ്യരെ കാണാൻ കൂടി നാം പരിശ്രമിച്ചു നോക്കൂ. അവരിൽ പലർക്കും പല കഥകൾ പറയാനുണ്ടാകും. മനസ്സിനെ തലോടിയും വേദനിപ്പിച്ചും കടന്നു പോകുന്ന അത്തരം കഥകൾ കൂടിയാവുമ്പോഴേ യാത്ര ഒരനഭൂതിയാവൂ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.