തിരിച്ചറിവുകൾ -4

//തിരിച്ചറിവുകൾ -4
//തിരിച്ചറിവുകൾ -4
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -4

പ്രതീക്ഷകൾ

ചിന്തകളിൽ നിന്നുണർന്ന് അയാൾ മുന്നോട്ട് നോക്കി. അങ്ങു ദൂരെ തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഒരു പാലം കാണാം.

‘ഒന്ന് നിർത്ത്’

അയാൾ ഡ്രൈവറോടായി പറഞ്ഞു.

ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. അയാൾ വണ്ടിയിൽ നിന്നിറങ്ങി.

‘ഞാൻ ഒന്ന് നടന്നു വരാം. നീ ഇവിടെ നിന്നാൽ മതി..’

‘ശരി സാർ’. അവന്റെ മുഖത്ത് ഒരമ്പരപ്പ് ഉണ്ടായിരുന്നു. അയാളത് ശ്രദ്ധിച്ചില്ല. മുന്നോട്ട് നടന്നു. ഏതാനും അടികൾ വെച്ചു പിറകിലേക്ക് ഒന്ന് നോക്കി. തന്റെ ആഡംബര കാറിനെ. നിരാശബാധിച്ച ആ മുഖത്ത് വെറുതെ ഒരു പുഞ്ചിരി വിരിഞ്ഞു. വീണ്ടും തിരിഞ്ഞു നടന്നു.

വിജയത്തിന്റെ കൊടുമുടിയിലായിരുന്നു താൻ. എത്തിപ്പിടിക്കാൻ മോഹിച്ചതിനെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ. പക്ഷേ വീണ്ടും വീണ്ടും മുകളിലേക്ക് തന്നെ പോകാനായിരുന്നു മോഹം. ഒന്നുമില്ലായ്മയിൽ നിന്ന് വന്നവനല്ല താൻ. ഉണ്ടായിരുന്നു. തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളതിനും അപ്പുറം. പക്ഷേ ബിസിനസ് ഒരാവേശമായിരുന്നു. ഉണ്ടാക്കിയത് കിട്ടിയതിനെക്കാൾ എത്രയോ ഇരട്ടിയും.

പൊടുന്നനെയാണ് തനിക്ക് വീഴ്ച സംഭവിച്ചത്. ആ വീഴ്ച മറ്റു ബിസിനസുകളെയും ബാധിക്കും എന്ന് തീരെ കരുതിയില്ല. തന്റെ സ്വകാര്യ അഹങ്കാരമായിരുന്ന, താൻ കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചിരുന്ന ബിസിനസ് പങ്കാളികൾ എല്ലാം മാറാൻ തുടങ്ങി. പലർക്കും പണം തിരിച്ചു കൊടുക്കേണ്ടതായി വന്നു. ബാങ്കുകാരുടെ സമ്മർദ്ദം മറുവശത്ത്. പ്രോജെക്റ്റുകൾ ഓരോന്നായി മുടങ്ങി. ഒന്നാകെ മുങ്ങാൻ പോവുകയാണ്. അത് തനിക്ക് മാത്രമറിയാം. ഏറി വന്നാൽ ഒന്നോ രണ്ടോ ആഴ്ച. അതിലപ്പുറം പിടിച്ചു നിൽക്കാൻ തനിക്ക് കഴിയില്ല. വീഴും. എല്ലാം തകരും. തനിക്ക് വേണ്ടി കയ്യടിച്ചിരുന്നവർ ഓരോന്നായി കൊഴിഞ്ഞു പോകും. ശേഷിച്ച കാലം അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഒരു മൂലയിൽ ഒതുങ്ങേണ്ടി വരും. വയ്യ, അതിന് തനിക്ക് കഴിയില്ല..!

ഏകദേശം പാലത്തിന്റെ പകുതി പിന്നിട്ടു. തിരിഞ്ഞു നോക്കി. ഇപ്പൊ അയാൾക്ക് തന്റെ കാർ ശരിക്കും കാണാൻ സാധിക്കില്ല. പാലത്തിന്റെ കൈവരികൾ പിടിച്ചു കുറച്ചു നേരം നിന്നു. താഴെ ശാന്തമായി പുഴ ഒഴുകുന്നുണ്ട്. ഏതാനും കിലോമീറ്റർ അകലം അത് കടലിലേക്ക് ചേരും. അതുകൊണ്ട് തന്നെ നല്ല ആഴമാണ്. അയാൾ കാലുകൾ കൈവരികൾക്ക് മേൽ കയറ്റി വെച്ചു അതിന്റെ മുകളിലേക്ക് കയറി നിന്നു. സമയം അർധരാത്രി 2 മണിയെങ്കിലും പിന്നിട്ടു കാണും. അങ്ങനെ ആരും വരാനില്ല ആ റോഡ് വഴി. എങ്കിലും പെട്ടെന്ന് വേണം. അയാൾ കണ്ണുകളടച്ചു. ഇതാണ് തനിക്ക് നല്ലത്. പ്രതീക്ഷകൾ മുഴുവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തന്റെ തൊഴിലാളികൾ നാളെ എന്തു ചെയ്യുമെന്ന് അറിയില്ല. കടങ്ങൾ വീട്ടാനുള്ള എല്ലാം താൻ ചെയ്തു വെച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന് അത്യാവശ്യം ജീവിക്കാനുള്ളത് ബാക്കിയായേക്കും. ഇനി വൈകിക്കേണ്ട. അയാൾ കണ്ണുകളടച്ചു. ഇനി അങ്ങോട്ട് ഈ ഇരുട്ടാണ്. അതിനെ പുൽകാൻ അയാൾ തയ്യാറായിക്കഴിഞ്ഞു.

ആ നിശബ്ദതയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അയാളുടെ കാതുകളിലേക്ക് ഇരച്ചു കയറി വന്നു. കണ്ണു പതുക്കെ തുറന്നു ചുറ്റും നോക്കി. പുഴക്കരികിലുള്ള നാടോടികളുടെ ഷെഡിൽ നിന്നാണ്. ഒരമ്മ കുഞ്ഞിനെയെടുത്ത് തോളിലിട്ട് പുറത്തു വന്നു. ഒരു ചെറിയ വെളിച്ചത്തിൽ അയാൾക്ക് അതു കാണാം. അവർ അതിനെ ഉറക്കുകയാണ്. ആ കാഴ്ച അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ‘അമ്മ, ഭാര്യ, മക്കൾ അങ്ങനെ അനേകം പേർ അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു..

പെട്ടെന്നയാൾ കൈവരിയിൽ നിന്ന് താഴെയിറങ്ങി. ഇല്ല, തനിക്കങ്ങനെ പോകാൻ സാധിക്കില്ല. പ്രതീക്ഷകൾ അസ്തമിച്ചത് തന്റെ ഇപ്പോഴത്തെ കച്ചവടത്തിൽ മാത്രമാണ്. അതിനുമപ്പുറം താനൊരു മകനാണ്, ഭർത്താവാണ്, അച്ഛനാണ്. അവരുടെ പ്രതീക്ഷകൾക്ക് വളമേകേണ്ടതും അതിന് തണലാകേണ്ടതും താനല്ലേ? അതേ.. അങ്ങനെ എല്ലാ പ്രതീക്ഷകളും നശിച്ചവനല്ല താൻ. ഒരു പരിഭ്രാന്തിയോടെ അയാൾ തിരിഞ്ഞു നടന്നു. വേഗത്തിൽ…

പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകൾ നശിക്കുന്നിടത്ത് മനുഷ്യന്റെ മരണം തുടങ്ങുകയായി. പ്രതീക്ഷകളെ വളർത്താൻ നമുക്ക് കഴിയണം. തനിക്ക് വേണ്ടി മാത്രമല്ല, ചുറ്റുമുള്ളവർക്ക് വേണ്ടിയും. നഷ്ടങ്ങളിൽ, വേദനകളിൽ ജീവിതത്തെ അറിയാൻ ശ്രമിക്കുക. മനുഷ്യനെ അറിയാൻ ശ്രമിക്കുക. അസ്ട്രേലിയക്കാരൻ അലി ബനാത്തിന്റെ കഥ കേട്ടിട്ടില്ലേ നിങ്ങൾ. മുപ്പതാം വയസ്സിൽ കാൻസർ രോഗം പിടിപെട്ട അലിയെ? വെറും മാസങ്ങൾ വിധിച്ച ഡോക്ടർമാർക്ക് മുന്നിൽ മൂന്നു വർഷത്തോളമാണ് അലി ബനാത്ത് ജീവിച്ചത്. ചെയ്തതോ മൂന്നു പതിറ്റാണ്ട് കൊണ്ട് സാധിക്കാത്തതും. ഓരോ വീഴ്ചകളിലും കയറാൻ വീണ്ടും പടവുകൾ ദൈവം നമുക്ക് കാണിച്ചു തരും. അത് മുന്നോട്ട് പോകാനുള്ള വഴിയാകാം. അല്ലെങ്കിൽ നമ്മുടെ നിയോഗമാകാം. തിരഞ്ഞു കൊണ്ടേ ഇരിക്കുക. പ്രതീക്ഷകൾ കൈവിടാതെ തന്നെ…!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.