തിരിച്ചറിവുകൾ -18

//തിരിച്ചറിവുകൾ -18
//തിരിച്ചറിവുകൾ -18
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -18

ആഴം

“ആർ യൂ എലോൺ സർ?”

ഭഗത് സിങ്ങിന്റെ ജയിൽ ഡയറിയിൽ നിന്നും എന്നെ ഉണർത്തിയത് ആ ചോദ്യമായിരുന്നു. പരിസരം മറന്ന് പുസ്തകത്തിൽ മുഴുകുമ്പോൾ ഇങ്ങനെ ചില ചോദ്യങ്ങൾ പതിവാണ്.

“സോറി?”

ചോദ്യം കേട്ടിട്ടില്ലാത്ത മട്ടിൽ എന്റെ പ്രതികരണം.

“ആർ യൂ കംഫർട്ടബിൾ സർ?”

ആ ചോദ്യത്തിൽ ഒരു കോഫി കുടിച്ചു മൂന്നു മണിക്കൂറെങ്കിലും അവിടെ ചെലവിട്ടതിന്റെ ഫ്രസ്ട്രേഷൻ ഉണ്ടായിരിക്കണം.

“അയാം ഗുഡ്…പ്ലീസ് ഗെറ്റ് മി ദി ബിൽ”

ഇനിയിറങ്ങണം. ഭഗത് സിംഗിനോട് തൽക്കാലത്തേക്ക് വിട പറഞ്ഞ്. അല്ലെങ്കിലും മുഴുകാൻ മാത്രമുള്ള പുസ്തകമാണോ, ഒന്നാലോചിച്ചാൽ ആവശ്യമില്ല. ജയിൽവാസത്തിൽ താൻ വായിച്ച പുസ്തകങ്ങളെ അടയാളപ്പെടുത്തുകയാണ് ഒരു ഡയറിയിൽ അദ്ദേഹം. ചിട്ടയില്ലാത്ത ഡയറിത്താളുകൾ. വിരസത അനുഭവപ്പെടാം. എങ്കിലും ചെറുപ്രായത്തിൽ ഇത്രയധികം പുസ്തകങ്ങൾ. ആഴവും പരപ്പുമുള്ള വായന. ആ കൗതുകം പുസ്തകം സമ്മാനിച്ചത് കൊണ്ടാകാം മുഴുകിപ്പോയത്.

ബില്ല് കൊടുത്തിറങ്ങി. തെരുവിന് തിരക്കു പിടിച്ചു തുടങ്ങി. വൈകുന്നേരങ്ങൾ ചിലർക്ക് ഉല്ലസിക്കാനുള്ളതാണെങ്കിൽ ചിലർക്കത് അന്നത്തിനുള്ള വകയുണ്ടാക്കാനുള്ള സമയമാണ്. തിരക്കിലും ആ തെരുവിന് ഒരു ശാന്തതയുണ്ട്. പക്ഷേ തന്റെ മനസ്സ് അസ്വസ്ഥമാണ്. മനസ്സിൽ ഇപ്പോഴും ആ ചോദ്യമാണ്. ‘ആർ യൂ എലോൺ?’.

സത്യത്തിൽ ഞാൻ ഒറ്റക്കല്ലേ? സൗഹൃദങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഒരുതരം അന്തർമുഖത്വം തനിക്കുണ്ട്. നഗരത്തിലെ ജോലി തന്നെ ഒരുതരം ഒളിച്ചോടലാണ്. വിട്ടു നിൽക്കാൻ. തന്റേതായ ഇടങ്ങളിലേക്ക് ചുരുങ്ങാനുള്ള അനേകം വഴികളിലൊന്ന്. അതിനിടയിൽ ഒറ്റക്കായി എന്നു തോന്നിയിട്ടില്ല. എങ്കിലും ആ ചോദ്യം മനസ്സിൽ തറക്കുന്ന പോലെ. ഒറ്റക്കല്ല എന്നുപറയാൻ തെളിവുകളില്ല. ആകെ ഉള്ളത്, രാവിലെ കൃത്യമായി വരുന്ന ആ ഫോൺകോളാണ്. എന്നും വിശേഷം ചോദിച്ചു വിളിക്കുന്ന ഉമ്മ. അതിലും ഒരു ആവർത്തന വിരസതയില്ലേ? പതിവ് ചോദ്യങ്ങൾ, പതിവ് ഉത്തരങ്ങൾ!

അങ്ങനെ ഒറ്റക്കാണ് എന്ന് സമ്മതിച്ചു കൊടുക്കാനും പറ്റില്ല. തനിക്കും സുഹൃത്തുക്കളുണ്ട്. ഓഫീസിൽ, സ്ഥിരമായി കയറുന്ന കടകളിൽ അങ്ങനെ മനുഷ്യരോട് താനും ഇടപഴകാറുണ്ടല്ലോ. ഒറ്റക്കാണ് എന്നു ചിന്തിക്കേണ്ട കാര്യമൊന്നുമില്ല.

വഴി വീണ്ടും വലത്തോട്ടു വളഞ്ഞു. സ്ഥിരമായി നടക്കാറുള്ള വഴി തന്നെയാണ്. പെട്ടെന്നാണ് ഓർത്തത്. കുറച്ചു മുൻപിലായി ഒരു ചായക്കടയുണ്ട്. പൊരികളും ചായയും മാത്രം കിട്ടുന്ന സ്ഥലം. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി ഒരു അഭിവൃദ്ധിയും ഉണ്ടായിട്ടില്ലാത്ത ഒരു കട. അതിന്റെ കാശ് കൗണ്ടറിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കാറുണ്ട്. ഒരു മുതിർന്ന സ്ത്രീയാണ് കാര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്നത്. അയാളുടെ അമ്മയാണെന്ന് തോന്നുന്നു. അയാളുടെ മുഖം സദാ മ്ലാനമാണ്. ആ മ്ലാനതയാവും സ്വന്തം അമ്മയെക്കൊണ്ട് പണിയെടുപ്പിച്ചുകൊണ്ട് ആ കസേരയിൽ അങ്ങനെ ഇരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്.

നടന്നുനടന്ന് ആ കടയെത്തി. ആ ചെറുപ്പക്കാരൻ അവിടെത്തന്നെ ഇരിപ്പുണ്ട്. ഒന്ന് കയറി നോക്കാം. ഉള്ളിൽ ഒരു മൂലയിലാണ് കാശ് കൗണ്ടർ. പുറത്തേക്കായി പൊരികൾ ഉണ്ടാക്കുന്ന ചീനചട്ടിയും അടുപ്പും സജ്ജീകരിച്ചിട്ടുണ്ട്. അയാളുടെ അമ്മ ഒരു പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു. ഒരു ചായ പറഞ്ഞു. എന്നിട്ട് കാശ് കൗണ്ടറിന് മുൻപിലായുള്ള സീറ്റിലിരുന്നു. തന്നെ സമീപിച്ച പോലെ തോന്നിയത് കൊണ്ട് അയാൾ ഒന്നു ചിരിച്ചു. ഞാൻ തിരിച്ചും.

മനസ്സിൽ ആ ചോദ്യം ഇനിയും മാഞ്ഞു പോയിട്ടില്ല. ആ കോഫീഷോപ്പിൽ താൻ തനിച്ചാണോ എന്നതിനേക്കാൾ വലിയ അർത്ഥതലങ്ങൾ ആ ചോദ്യത്തിലുണ്ട്. തന്നെ, തന്റെ ജീവിതത്തെ, അന്തർമുഖത്വത്തെ എല്ലാം കളിയാക്കിക്കൊണ്ടുള്ള ചോദ്യം. ആ ചോദ്യത്തിന് ശേഷം ആരോടെങ്കിലും സംസാരിക്കാനുള്ള വെമ്പൽ തനിക്കുണ്ടായിരിക്കുന്നു. താൻ തനിച്ചല്ല എന്നു സ്വയം തെളിയിക്കാൻ വേണ്ടി ആയിരിക്കുമോ? തലയുയർത്തി അയാളെ നോക്കി. പേര് ചോദിച്ചു. മുഖത്തെ മ്ലാനത അല്പം മാറ്റി തെല്ലു ചിരിയോടെ അയാൾ പേരു പറഞ്ഞു.

“എത്ര വർഷമായി ഈ കട തുടങ്ങിയിട്ട്?”

“ഇരുപതു വർഷം ആയിക്കാണും. അച്ഛന്റെ മരണശേഷം അമ്മ തുടങ്ങിയതാ”

അപ്പോൾ മകനെ പോറ്റാൻ ഒരു വരുമാനത്തിനായി അവർ തുടങ്ങിയതാവും. ആ സ്ത്രീയോട് അൽപം ബഹുമാനം തോന്നി. അവരിപ്പോഴും അവിടെ തിരക്കിലാണ്. ഒരേ സമയം പൊരികൾ ഉണ്ടാക്കണം, അത് ആളുകൾക്ക് എടുത്തു കൊടുക്കുകയും വേണം.

“നിങ്ങൾക്ക് ഒന്ന് അവരെ സഹായിച്ചൂടെ?”

രണ്ടും കല്പിച്ചു ചോദിച്ചു. അത്തരം ചോദ്യങ്ങൾ ഇന്നേ വരെ താൻ ആരോടും ചോദിച്ചിട്ടില്ല. അന്യന്റെ കാര്യങ്ങളിൽ താൻ അങ്ങനെ ഇടപെടാറുമില്ല. അതുകൊണ്ട് തന്നെ ചെറിയ ഒരു ഭയം ഉള്ളിലുണ്ടോ?

അയാളുടെ പ്രതികരണം പക്ഷേ വ്യത്യസ്ഥമായിരുന്നു. മുഖത്തെ ചിരിമാഞ്ഞു. എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട് ചോദിച്ചു.

“ഒന്നടുത്തേക്ക് വരാമോ?”

എന്തിന് എന്ന ചോദ്യമുണ്ടായിരുന്നെങ്കിലും ചായഗ്ലാസ് മേശയിൽ വെച്ച് അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ ഇരിക്കുന്ന മേശയും അയഞ്ഞ കുപ്പായവും കഴിഞ്ഞു തന്റെ കണ്ണുകൾ പെട്ടെന്ന് താഴേക്ക് പോയി നിന്നു. കസേരയിൽ നിന്ന് താഴേക്ക് ഒന്നുമില്ല. അയാൾ ഇരിക്കുകയാണോ? ഹേ, അല്ല. ഒന്നുകൂടെ ശ്രദ്ധിച്ചപ്പോൾ അയഞ്ഞ കുപ്പായത്തിന് എന്തോ വളവുള്ളത് പോലെ. അതേ, ശരീരം അല്പം വളഞ്ഞ്, കാലുകൾക്ക് അല്പം മാത്രം നീളമുള്ള ഒരു മനുഷ്യൻ. ഇരിക്കുമ്പോൾ ആ കാലുകൾ കാണില്ല. അയഞ്ഞ കുപ്പായത്തിൽ ആ വളവും.

ലജ്ജ തോന്നി. തന്നോട് തന്നെ. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം. അല്ലെങ്കിലും മനുഷ്യരോട് ചോദ്യം ചോദിക്കാൻ തനിക്കറിയില്ലല്ലോ. ചോദ്യം പോയിട്ട് അവരെ മനസ്സിലാക്കാൻ പോലും അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു സന്ദർഭം ഉണ്ടാവില്ലായിരുന്നു. കോഫീഷോപ്പിലെ ചോദ്യത്തിന് ഇനിയും ഒരുപാട് അർത്ഥങ്ങളുണ്ട്. തന്നെ ചുരുക്കുന്ന, ലജ്ജിപ്പിക്കുന്ന ഒരുപാട് അർത്ഥങ്ങൾ. അയാളോട് ഒരു സോറി പോലും പറയാൻ സാധിക്കുന്നില്ല. ആ മുഖത്തേക്ക് നോക്കാനും. തലയിൽ ഒരുപാട് ഭാരം കയറ്റിവെച്ച പോലെ. ആ ഭാരം കൊണ്ട് തല താഴ്ന്നു പോയി.

“ഹേ, വിഷമിക്കേണ്ട. ഒരുപക്ഷേ പലർക്കും തോന്നിയേക്കാവുന്ന സംശയമാണ്. താങ്കൾ അത് നേരിട്ടു ചോദിച്ചു. പ്രശ്നമാക്കേണ്ട”

അയാളെ നോക്കി. ചില ചോദ്യങ്ങൾ മനസ്സിലേക്ക് വരുന്നുണ്ട്. പക്ഷേ ഇനി ഒരക്ഷരം മിണ്ടാൻ കൂടി കഴിയില്ല. അത് മനസ്സിലാക്കിക്കൊണ്ടെന്ന പോലെ അയാൾ തുടർന്നു.

“ഞാൻ ജന്മനാ ഇങ്ങനെയാണ്. അച്ഛൻ മരിച്ചതിൽ പിന്നെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ചെറിയ സഹായങ്ങൾ കൊണ്ട് ഈ കട തുടങ്ങി. എനിക്ക് ഒന്നെണീക്കാൻ അമ്മ വേണം. എന്റെ ഏതു കാര്യത്തിനും അമ്മ വേണം…”

ഞാൻ അയാളെത്തന്നെ നോക്കി നിന്നു. തെല്ലൊരു കൗതുകത്തോടെ.

“മുപ്പതു വയസ്സായി എനിക്ക്. ഇന്നും ഒരു ചെറിയ കുട്ടിയെപ്പോലെ അമ്മ എന്നെ പരിചരിക്കുന്നു. പക്ഷേ അമ്മക്ക് വയസ്സായി. പലപ്പോഴും എന്റെ ശരീരം താങ്ങാൻ പറ്റാതെ വരുന്നു. അവർക്ക് ഇനി എത്രകാലം എന്നറിയില്ല. അമ്മ പോയാൽ…”

ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നു. ഒരക്ഷരം പോലും ഉരിയാടാനോ ആശ്വസിപ്പിക്കാനോ സാധിക്കാതെ ഞാനും. ആ നിറഞ്ഞ കണ്ണുകൾ അതാഗ്രഹിക്കുന്നുണ്ട്. ആ കണ്ണിലേക്ക് നോക്കാൻ കഴിയാതെ ഞാൻ തിരിഞ്ഞു കളഞ്ഞു. അപ്പോഴും ആ അമ്മ അവിടെ തിരക്കിലാണ്. മനസ്സിൽ ആ ചോദ്യം വീണ്ടുമുയരുന്നു. ചാട്ടുളി പോലെ ആ ശബ്ദം, ആഴങ്ങളിലേക്ക് പതിക്കുകയാണ്. ഒറ്റപ്പെടലിന് ഇനി ആ മനുഷ്യൻ പറഞ്ഞതിനേക്കാൾ വലിയ ഭീകരരൂപം പ്രാപിക്കാൻ കഴിയുമോ? അതിന്റെ നൂറിലൊരംശം ഇല്ലാഞ്ഞിട്ടും തനിക്ക് വേവലാതിയോ? പരിസരം മുഴുവൻ ആ ചോദ്യം ചോദിക്കുന്ന പോലെ. അതിനിടയിൽ കയ്യിലിരുന്ന ഫോൺ ഒന്നു വിറച്ചു. സ്‌ക്രീനിലേക്ക് നോക്കി. Umma, മങ്ങിയ കാഴ്ചക്കിടയിലും താനത് വായിച്ചെടുത്തു..!

ഊളിയിട്ടാൽ നിലം തൊടാൻ സമയമെടുക്കുന്ന ആഴങ്ങളുണ്ട്. നീണ്ടുപോയാൽ അന്ധകാരം കടുപ്പിക്കുന്ന സമുദ്രാഴങ്ങളുണ്ട്. പക്ഷേ നിലംതൊടാൻ കഴിയാതെ, അനന്തമായി നീണ്ടു പോകുന്ന, വെളിച്ചം അസ്തമിക്കാത്ത ആഴം മാതാവിന്റെ സ്നേഹത്തിന് മാത്രമാണുള്ളത്!

print

No comments yet.

Leave a comment

Your email address will not be published.