തിരിച്ചറിവുകൾ -17

//തിരിച്ചറിവുകൾ -17
//തിരിച്ചറിവുകൾ -17
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -17

Print Now
അവൾ

സമയം ഏതാണ്ട് 10 മണിയോട് അടുത്തു. നഗരം പക്ഷേ ഇപ്പോഴും പകലിനോട് വിട പറയാൻ വിസമ്മതിച്ചു കൊണ്ട് ഇരിപ്പാണ്. കാൽ വിളക്കുകൾ സജീവമായി തന്നെ നഗരത്തെ അതിന് സഹായിക്കുന്നുണ്ട്. സ്വന്തം ഭംഗിയെ വർധിപ്പിക്കാൻ കൂട്ടു കിടക്കുന്ന വിവിധങ്ങളായ കെട്ടിടങ്ങളിൽ നിന്നുള്ള പ്രകാശവും കൂടി ആവുമ്പോൾ ഇനിയും രാത്രി ഏറെ ചെറുപ്പമുള്ളതാക്കാൻ അതിന് നിഷ്പ്രയാസം സാധിക്കും. എന്തൊക്കെ ആയാലും ഈ സമയത്ത് ആ തണുത്ത ചെറു കാറ്റിൽ അതിന്റെ വീഥികളിലൂടെ നടക്കാൻ വല്ലാത്ത ഒരു സുഖമാണ്. പക്ഷേ തന്റെ സമയം മുഴുവൻ നഗരത്തിന് കൊടുക്കാനുള്ളതല്ല. മക്കൾ കാത്തിരിക്കുകയാണ്. പെട്ടെന്ന് തന്നെ മോള് പറഞ്ഞ സാധനം വാങ്ങി വീട്ടിലെത്തണം. ആ ഓർമ അയാളുടെ കാലുകളെ തൊട്ടടുത്തുള്ള മാളിലേക്ക് അതിവേഗം ചലിപ്പിച്ചു.

നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലക്‌സ് ആണത്. ചെറിയ പടവുകൾ കടന്ന് കുറച്ചധികം നടന്നാൽ മാത്രമേ അതിനകത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ. അത്ര വിശാലമാണ് അതിന്റെ ചുറ്റുമുള്ള പുറം വശം. വലിയ ചെടിച്ചട്ടികൾ ചുറ്റിലും നിരത്തിയിട്ടുണ്ട്. അതിന്റെ ഓരം പറ്റി അയാൾ മാളിന്റെ പ്രവേശന കവാടം ലക്ഷ്യമാക്കി നടന്നു. ആ ഭാഗത്ത് മാത്രം ചില ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. അവിടെ അത് പതിവാണ്. എന്തെങ്കിലും പ്രോഗ്രാമോ ഫെസ്റ്റിവലോ കാണും. ആ ബാരിക്കേടിന്റെ അടുത്തു കൂടി നടക്കുമ്പോൾ അയാളുടെ കാതിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ വന്നു കയറി. ഒരു നിമിഷം അതിന്റെ ഉത്ഭവ സ്ഥാനത്തേക്ക് അയാൾ കണ്ണോടിച്ചു. കുറച്ചപ്പുറം ഒരു തൂണിനോട് ചേർന്ന് ഒരു കുഞ്ഞ്. അതിനെ പിടിച്ചു നിൽക്കുന്ന ഒരു കയ്യും കാണാം. കൈ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. തൂണിന് മറവിൽ ഒരു സ്ത്രീയാവാനാണ് സാധ്യത. അയാൾക്ക് ആ കാഴ്ചയെ അവഗണിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്തോ ഒരു തോന്നൽ അയാളെ ആ തൂണിന്റെ അടുത്തേക്ക് അടുപ്പിച്ചു.

ഇപ്പോൾ അവരെ അയാൾക്ക് വ്യക്തമായി കാണാം. ആ സ്ത്രീയുടെ കൂടെ വേറൊരു പെൺകുട്ടി കൂടിയുണ്ട്. അവൾ തന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. പക്ഷേ ആ സ്ത്രീ മാത്രം തന്റെ മുഖത്തേക്ക് നോക്കുന്നില്ല. അല്ലെങ്കിലും അസമയത്ത് തനിച്ചിരിക്കുന്ന ഒരു സ്ത്രീ അന്യനായ തന്റെ മുഖത്തേക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അവളുടെ ഒരു കവിൾ നന്നായി ചുവന്നിരിക്കുന്നുണ്ട്. ആരോ അടിച്ചതാണെന്ന് വ്യക്തം. കണ്ണുകൾ തീക്ഷണമായി ഒരു ദിക്കിലേക്ക് മാത്രം നോക്കിയിരിക്കുന്നു. കുഞ്ഞിന്റെ കരച്ചിൽ അവൾ കേൾക്കുന്നുണ്ട്, പക്ഷേ അവൻ കൈയിൽ നിന്ന് വിട്ടുപോവാതിരിക്കാൻ വേണ്ടി മുറുക്കി പിടിച്ചിരിക്കുന്നു എന്നത് മാത്രമാണ് അവനെ അവൾ ഗൗനിക്കുന്നുണ്ട് എന്നതിന്റെ ഏക തെളിവ്. എന്തായിരിക്കും ഈ അസമയത്ത് അവളും കുട്ടികളും ഇവിടെ? തന്നോട് മുഖം തിരിഞ്ഞിരിക്കുന്ന അവളോട് അത് ചോദിക്കണോ? ഒരു നിമിഷം ശങ്കിച്ചെങ്കിലും രണ്ടും കല്പിച്ച് അയാൾ അത് ചോദിച്ചു;

“എന്താണ് ഈ അസമയത്ത് നിങ്ങൾ ഇവിടെ?”

അവൾ അയാളുടെ മുഖത്തേക്ക് നോക്കി മറുപടി പറഞ്ഞു;

“വെറുതെ….ആ റോഡിന് അപ്പുറമാണ് എന്റെ വീട്. കുറച്ചിരുന്നിട്ട് തിരിച്ചു പോകും”

ആ മറുപടിയിൽ അയാൾ തൃപ്തനായിരുന്നില്ല. പ്രത്യേകിച്ചും അവളുടെ കവിളിലെ അടിയുടെ പാടുകൾ കണ്ടത് കൊണ്ട്. ഇപ്പോഴത് ഒന്നുകൂടെ വ്യക്തമായി കാണാം. അവളുടെ ചുണ്ടുകൾ പൊട്ടിയിട്ടുമുണ്ട്. അയാൾ വീണ്ടും ചോദിച്ചു.

“എന്താണ് നിങ്ങൾക്ക് പറ്റിയത്? ആരെങ്കിലും ഉപദ്രവിച്ചോ? ഈ രാത്രിയിൽ ഇങ്ങനെ ഒരു സ്ഥലത്ത് ഇരിക്കുന്നത് സുരക്ഷിതമാണോ? നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ എന്നോട് പറയൂ.”

ചോദിക്കാനുള്ളത് മുഴുവൻ അയാൾ ഒറ്റശ്വാസത്തിൽ ചോദിച്ചു തീർത്തു. എന്നിട്ട് ജിജ്ഞാസയോടെ അവളെ നോക്കി.

അയാളുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്ത രീതിയിൽ അയാളെ ഒന്ന് നോക്കിയിട്ട് വീണ്ടും അവൾ മുഖം തിരിച്ചു കളഞ്ഞു.

ഇനി എന്ത് ചെയ്യാൻ? അയാൾ നിരാശനായി. അല്ലെങ്കിലും അസമയത്ത് തനിച്ചിരിക്കുന്ന ഒരു സ്ത്രീയോട് താനെന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പോയത്? ആ നഗരത്തിരക്കിനുള്ളിൽ ആരും അവരെ ശ്രദ്ധിക്കുന്നു പോലുമില്ല. അയാൾ തലകുനിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.

പെട്ടെന്ന് പിന്നിൽ നിന്ന് അവൾ സംസാരിച്ചു.

“എനിക്കിത് പതിവാണ് സാർ. എന്റെ ഭർത്താവ് കുടിച്ചിട്ടു വരുന്ന രാത്രികളിൽ എന്നും..”

അയാൾ വീണ്ടും തിരിഞ്ഞു അവളെ നോക്കി. അവൾ തുടർന്നു;

“…കുടിച്ചിട്ടു വന്നാൽ. ഓരോ കാര്യങ്ങൾ പറഞ്ഞു അദ്ദേഹത്തിന് എന്നെ തല്ലണം. ‘തല്ല്’, എന്ന് അതിനു പറയാമോ എന്നറിയില്ല. ഒരാക്രമണം തന്നെയാണ്. എനിക്കാണെങ്കിൽ ഈ മക്കൾ വലുതാകുന്നത് വരെ ജീവിച്ചേ പറ്റൂ. വേദന കൊണ്ട് ഓടിപ്പോകലായിരുന്നു പണ്ടൊക്കെ. പക്ഷേ എന്റെ ശരീരം വേദന എന്നേ മറന്നിരിക്കുന്നു. ഇനി ഇതുങ്ങൾ ഒന്ന് വലുതാകുന്നത് വരെ പിടിച്ചു നിൽക്കണം. കുറച്ചു കഴിഞ്ഞാൽ അദ്ദേഹം ഉറങ്ങും. അപ്പോഴേക്കും ഞാൻ തിരിച്ചു പോകും. സാറ് പൊയ്‌ക്കൊള്ളൂ.”

അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. സഹായഹസ്തവുമായി ആത്മവിശ്വാസത്തോടെ വന്ന അയാൾക്ക് സ്വന്തം ശക്തി ക്ഷയിച്ച പോലെ തോന്നി. അയാൾ തിരിഞ്ഞു നടന്നു. ഈ ലോകത്ത് തനിക്ക് തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ നിരവധി ഉണ്ടല്ലോ. അതിലൊന്നാവട്ടെ ഇതും. പക്ഷേ അയാളുടെ മനസ്സിനെ അതാശ്വസിപ്പിച്ചില്ല. അസ്വസ്ഥമായ മനസ്സുമായി അയാൾ നടന്നു. കുറച്ചകലം കഴിഞ്ഞ് ഒന്നുകൂടെ അയാൾ തിരിഞ്ഞു നോക്കി. അപ്പോഴും കരയുന്ന ആ കുഞ്ഞിനെ കാണാം. അവനെ പിടിച്ച കൈകളും..!

എത്രയെത്ര വിപ്ലവ ഭാഷണങ്ങൾ ആണ് ചുറ്റിലും. ചിലർക്ക് ആണും പെണ്ണും ഒന്നാണ്. ചിലർക്ക് അവർ രണ്ടാണ്, പക്ഷേ അവർക്കിടയിൽ നീതി വേണം. ഇങ്ങനെയൊക്കെ മുറ വിളി കൂട്ടുമ്പോഴും ‘അവൾക്ക്’ നീതി കിട്ടാതെ പോവുന്നു എന്നതാണ് യാഥാർഥ്യം. ‘നിങ്ങളിൽ ഭാര്യമാർക്ക് ഏറ്റവും നല്ലവർ ആരോ അവരാണ് മനുഷ്യർക്കിടയിൽ ഏറ്റവും നല്ലവർ’ എന്നൊരു പ്രവാചക വചനമുണ്ട്. വിപ്ലവങ്ങൾക്കിടയിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചു നോക്കൂ, ‘അവളെ’ ബഹുമാനിക്കുന്ന ഒരു സമൂഹം താനെ ഉണ്ടാവും..!

No comments yet.

Leave a comment

Your email address will not be published.