
കാറ്റ്
ചാറ്റൽ മഴ. അതങ്ങനെ പൊടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ളതിനെയെല്ലാം നനച്ച്, വായുവിന് തണുപ്പ് പകർന്ന് മന്ദം മന്ദം. ഇരുട്ട് പകലിനെ മൂടാൻ തുടങ്ങിയിട്ടേ ഉള്ളൂ. മൂടിയ ആകാശത്ത് നിന്നിപ്പോഴും വെളിച്ചത്തിന്റെ ചെറുകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നുണ്ട്. അതുപക്ഷേ പൊടിഞ്ഞു വീണുകൊണ്ടിരിക്കുന്ന വെള്ളത്തുള്ളികൾക്ക് ചൂടു പകരാൻ പോന്നതായിരുന്നില്ല. ഉമ്മറത്തെ ചാരുകസേരയിൽ അയാൾ ആ മഴയെ നോക്കിയിരിക്കുകയാണ്. പ്രായം തളർത്തി എങ്കിലും ഓജസ്സുള്ള മുഖം. പക്ഷേ അത് മ്ലാനമാണ്. പ്രകൃതിയുടെ ആ സൗന്ദര്യത്തെ ഒന്നും മനസ്സിലേക്കെടുക്കാൻ കഴിയാത്തവിധം.
ഒറ്റപ്പെടലിന്റെ ചെറുകനലുകൾ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുമ്പോഴും പുറത്ത് തണുപ്പ് അയാളെ വല്ലാതെ ബാധിച്ചിരുന്നു. ചുണ്ടുകൾ വരണ്ടിരിക്കുന്നു. പ്രായം നൽകിയ പദ സമ്പത്ത് ആ വായിലൂടെ, നാവിലൂടെ അടുത്തൊന്നും അധികം ഉപയോഗിച്ചിട്ടില്ല. സംസാരം ആവശ്യത്തിന് വേണ്ടി മാത്രമാകുന്ന നാളുകളിലേക്ക് പ്രവേശിച്ചിട്ട് കാലം കുറെ ആയി. ആ കണ്ണുകൾ അപ്പോൾ കാണുന്നത് മഴയെ ആയിരുന്നില്ല. ആ ദൃഷ്ടി അങ്ങനെ നീണ്ട് തന്റെ പ്രായത്തിന് ചെന്നെത്താവുന്ന അനന്തതയിലേക്ക് എത്തി നിൽക്കുകയാണ്. കണ്ണ് കൊണ്ടുള്ള കാഴ്ചയല്ല മറിച്ച് മനസ്സ് കൊണ്ടുള്ള കാഴ്ചയാണ് അയാളിൽ നിറഞ്ഞു കൊണ്ടിരുന്നത്.
പുറത്ത്, മഴ നൽകിയ തണുപ്പിൽ ഒന്ന് വീശിയടിക്കാൻ കൊതിമൂത്ത കാറ്റ്, അയാളിലേക്ക് തന്നെ പറന്നു ചെന്നു. അത് അയാളുടെ കൈകളെയും തലമുടിയേയും തഴുകി കടന്ന് പോയി. ആ തണുപ്പിൽ അയാൾ ഒന്നു വിറച്ചു.
“തണുപ്പ് മാറാൻ നല്ല ഒരു കട്ടൻ ചായ എടുക്കാം..”
പിറകിൽ നിന്നുള്ള, ചെറു ചിരി കലർന്ന ആ ശബ്ദത്തിൽ ഞെട്ടി അയാൾ തിരിഞ്ഞു നോക്കി. ആ ശബ്ദത്തിന്റെ ഉടമയെ തന്റെ കാഴ്ചയുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അയാൾ പരതി. ഇല്ല; തോന്നലാണ്. ആ ശബ്ദം നഷ്ടമായിട്ട് വർഷങ്ങൾ ഏറെയായി. അതിനി കടന്ന് വരിക അസാധ്യമാണ്. എങ്കിലും തന്റെ ഇഷ്ടങ്ങൾക്കായി ആ ശബ്ദവും അതിന്റെ ഉടമയും എന്നും കൂടെയുള്ളതുപോലെ. അയാളുടെ മുഖം കൂടുതൽ മ്ലാനമായി. കസേരപ്പിടിയിൽ മുറുകെ പിടിച്ചിരുന്ന അയാളുടെ കൈകൾ സാവധാനം അയഞ്ഞു. അയാൾ കസേരയിലേക്ക് ചാഞ്ഞിരുന്നു. ദേഹം മുഴുവൻ വേദനയും തണുപ്പുമാണ്. പക്ഷേ ഉള്ളിൽ ആ കാറ്റ്, എരിഞ്ഞു കൊണ്ടിരിക്കുന്ന കനലുകൾക്ക് വീര്യം പകർന്നിരിക്കുകയാണ്. കത്തിയെരിഞ്ഞു ചാരം കണ്ണുനീരായി പുറത്തേക്ക് വരാൻ ഒരുങ്ങി നിൽക്കുകയാണ്.
പെട്ടെന്ന് ചുമലിലൂടെ ഒരു മഫ്ളർ അയാളുടെ നെഞ്ചറ്റം വരെ മൂടിപ്പുതച്ചു. ആരുടെയോ കരങ്ങൾ ആ മഫ്ളറിന് മീതെ അയാളെ ചേർത്തു പിടിച്ചു. അയാൾ ആ കരങ്ങളിലേക്കും പിന്നീട് ആ മുഖത്തേക്കും തിരിഞ്ഞു നോക്കി.
ആ കരങ്ങളുടെ ഉടമസ്ഥൻ അയാളോട് ഒന്ന് ചിരിച്ച ശേഷം തിരിഞ്ഞു നിന്ന് ഉറക്കെപ്പറഞ്ഞു;
“എടീ, ഉപ്പാക്ക് ഒരു ചൂടുള്ള സുലൈമാനി എടുക്ക്. ഒന്നെനിക്കും”
പിന്നീട് അയാളുടെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“എന്തേയ്, വീണ്ടും ഉമ്മ ഓടി വന്നോ ഓർമയിലേക്ക്?”
“ഹേയ്..” അയാൾ അവന്റെ കരം അമർത്തിപ്പിടിച്ചു പുഞ്ചിരിച്ചു. ചാരമായി പുറത്തേക്ക് വരാനിരുന്ന കണ്ണുനീരിനെ ഉള്ളിൽതന്നെ അടക്കി നിർത്തിക്കൊണ്ട്.
ഇത്തവണ വേദന അവന്റെ മനസ്സിലായിരുന്നു. അതിനെ ഉമിനീരാക്കി വിഴുങ്ങി വീണ്ടും അയാളുടെ കരങ്ങളെ അവൻ ചേർത്തു പിടിച്ചു. ആവി പറക്കുന്ന സുലൈമാനി, തണുത്ത കാറ്റിനെ മുഖത്തേക്ക് ക്ഷണിച്ചു കൊണ്ട് അവർ രണ്ടു പേരും മൊത്തിക്കുടിച്ചു.
കൊടുത്തു വീട്ടാൻ കഴിയാത്ത കടമാണ് മാതാപിതാക്കളുടെ സ്നേഹം. അവരുടെ വാർധക്യത്തിൽ, ഒറ്റപ്പെടലിൽ അതിന്റെ ഒരംശമെങ്കിലും തിരികെ കൊടുത്ത് തണലാകാനാണ് ദൈവം നമ്മോട് പറയുന്നത്. കാരുണ്യത്തിന്റെ ചിറക് അവർക്ക് വേണ്ടി താഴ്ത്തി കൊടുക്കാൻ..!
കടമല്ല കടമയാണ്
മാതാപിതാക്കൾക്ക് വേണ്ടി പുള്ള നമ്മുടെ പ്രാർത്ഥനയും സഹായങ്ങളും.
Nice one