
ആശ്വാസം
ഐസിയുവിന്റെ വാതിലിലേക്ക് അയാൾ ഒരിക്കൽ കൂടി തലയുയർത്തി നോക്കി. ആരെങ്കിലും വിളിക്കുന്നുണ്ടോ? ഇല്ല, കുറച്ചു നേരമായി ആവശ്യങ്ങൾക്ക് വേണ്ടി പോലും അവിടെയാരും പ്രത്യക്ഷപ്പെടുന്നില്ല. അയാൾ വീണ്ടും വരാന്തയിലൂടെ നടന്നു. ഇരിക്കാനായി നിരത്തിയ കസേരകളിൽ ഒരു വൃദ്ധനടക്കം കുറച്ചു പേർ മാത്രമേ ഉള്ളൂ. പകൽ മുഴുവൻ അന്യന്റെ വിശ്രമത്തിനായി ഭാരം താങ്ങിയ കസേരകൾ സ്വയം വിശ്രമിക്കുന്ന പോലെ. അല്ലെങ്കിലും ഈ പാതിരാക്ക് ഐസിയുവിന്റെ ഉള്ളിലുള്ളവർക്ക് കാവലിരിക്കാൻ മാത്രം പ്രിയപ്പെട്ടവർ ഓരോരുത്തർക്കും വിരളമായിരിക്കുമല്ലോ. ഒരുപക്ഷേ ആ ഉള്ളിലുള്ളത് താനായിരുന്നെങ്കിലോ? വേണ്ട ഭ്രാന്തൻ ചിന്തകളാണ്. അറ്റം കിട്ടാതെ കണ്ണികളായി അനന്തതയിലേക്ക് നീളുന്ന ചോദ്യങ്ങൾ അങ്ങനെ നിരവധിയുണ്ടല്ലോ!
വരാന്ത അവസാനിച്ചിടത്ത് നിന്ന് തിരിഞ്ഞ് അയാൾ ഒന്നുകൂടി ആ വാതിലിലേക്ക് നോക്കി. ആ വാതിലിനപ്പുറം ഇടനാഴികൾക്കിരുവശവുമായുള്ള കർട്ടൻ കൊണ്ടു മറച്ച ഏതോ ഒരു ബെഡിൽ തന്റെ പ്രിയതമയുണ്ട്. ഒരുപക്ഷേ വേദന കടിച്ചമർത്തി, അല്ലെങ്കിൽ വേദനാസംഹാരി നൽകിയ മയക്കത്തിന് കീഴ്പ്പെട്ടു കൊണ്ട്.
പ്രസവത്തിന് വേണ്ടിയല്ലാതെ ഒരിക്കലും അവൾക്ക് ആശുപത്രിപ്പടി കടക്കേണ്ടി വന്നിട്ടില്ല. അതോ അവളുടെ അസുഖങ്ങൾ സാരമുള്ളതായി തോന്നാതിരിക്കാൻ അവൾ ശ്രദ്ധിച്ചതായിരുന്നോ? അറിയില്ല. ഒരിക്കലെങ്കിലും ആശുപത്രിയിലേക്ക് പോകണം എന്നാവശ്യപ്പെട്ടതായി തനിക്കോർമയില്ല. എനിക്ക് മുൻപേ നിങ്ങളെയെനിക്ക് യാത്രയയക്കണം എന്നു പറഞ്ഞവളാണ്. ആ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവളാണ്. ഇന്നീ അവസ്ഥയിൽ!
യഥാർത്ഥത്തിൽ അവളുടെ അത്തരം വാക്കുകളോട് ആ രീതിയിൽ താൻ പ്രതികരിച്ചിട്ടില്ല. അതൊരു പൈങ്കിളിയായോ കിന്നാരമായോ ഒക്കെയാണ് കണ്ടത്. ആകർഷണീയതയിൽ നിന്ന് പ്രണയത്തെ, പ്രകടിപ്പിക്കാൻ കഴിയാത്ത ചെപ്പിലേക്ക് ഏതൊരാണിനെയും പോലെ താനും മാറ്റിയിരുന്നല്ലോ. പഴകുംതോറും മധുരമേറി വരുന്ന പെൺ പ്രണയത്തിന് ഒന്ന് തലോടാൻ പോലും പറ്റാത്ത വിധം അടഞ്ഞു കിടക്കുന്ന ചെപ്പിലേക്ക്. പക്ഷേ ഇന്നത് മലർക്കെ തുറന്ന് അവളുടെ ശ്വാസമെങ്കിലുമേൽക്കാൻ കൊതിച്ചു നിൽക്കുകയാണ്. അല്ലെങ്കിലും പെൺ പ്രണയത്തിന്റെ ശൂന്യത ആണിനെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുമല്ലോ.
ശൂന്യത..! ആ വാക്ക് തന്നെ അയാളെ ഭയപ്പെടുത്തി. കാലുകൾ തളർന്നിരിക്കുന്നു. ഒന്നിരിക്കണം. അയാൾ ചുറ്റും നോക്കി. ആളുകൾ വീണ്ടും കൊഴിഞ്ഞു പോയിരിക്കുന്നു. കസേരയിൽ ആ വൃദ്ധൻ മാത്രം ബാക്കിയായി. തൊട്ടടുത്തുള്ള കസേരയെ അവഗണിച്ചയാൾ വൃദ്ധനരികെയുള്ള കസേരയിൽ ചെന്നിരുന്നു. എന്തെങ്കിലുമൊരു സാമീപ്യം അയാൾ കൊതിച്ചിരുന്നു. ആരോടെങ്കിലുമൊന്ന് മിണ്ടാൻ അയാൾ ആഗ്രഹിച്ചിരുന്നു.
മനസ്സിനെ തിരികെ കൊണ്ടുവന്ന് പതുക്കെ അയാൾ ആ വൃദ്ധനെ നോക്കി. അയാൾ ഐസിയുവിന്റെ വാതിൽക്കലേക്ക് നോക്കി ഒരേ ഇരിപ്പാണ്. നിസ്സഹായനായി. ആ കണ്ണുകൾ കലങ്ങിയിരുന്നു. കൊഴിഞ്ഞുപോക്കിലും തളരാതെ പിടിച്ചു നിന്ന മുടിയിലൂടെ വിയർപ്പ്, വെളുത്ത നിറമുള്ള താടിയിലൂടെ ചെറുതായി ഊർന്നിറങ്ങുന്നുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു 80 വയസ്സെങ്കിലും പ്രായം കാണും.
“ആരാണ് അകത്തുള്ളത്?” പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു. പക്ഷേ അനക്കമില്ല.
“എന്തേ ഇത്ര വിഷമിച്ച്? ആരാണ് അകത്ത്?” അയാൾ ഒന്നുകൂടി ഉറക്കെ ചോദിച്ചു. ഒരു ചെറിയ ഞെട്ടലിൽ അയാൾ തിരിഞ്ഞു നോക്കി.
“മോളാണ്”. ആ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.
“എനിക്കിനി ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആകെയുള്ളത് അവളാണ്.” ഒരു നേടുവീർപ്പിനു ശേഷം അയാൾ തുടർന്നു.
“ഭാര്യ പോയിട്ട് പത്തു കൊല്ലമായി. എനിക്കിനി എത്രനാളുണ്ടെന്നറിയില്ല. ഏറെയുണ്ടാവാൻ സാധ്യതയില്ല. എല്ലാമൊരു പരീക്ഷണമാണ് എന്നറിയാം, എങ്കിലും ജീവിച്ചിരിക്കെ മകൾ നഷ്ടപ്പെടുന്നതിന്റെ വേദന കൂടി താങ്ങാൻ എനിക്ക് കരുത്തില്ല. ഒരുപക്ഷേ അതും കാണണമായിരിക്കും.” അയാൾ തെല്ലൊന്നു വിതുമ്പിപ്പോയിരുന്നു.
അയാൾക്ക് എന്തു പറയണം എന്നറിയില്ല. ആശ്വാസവാക്കുകൾ കേൾക്കാൻ കൊതിച്ച മനസ്സിൽ, അതേ ആശ്വാസവാക്കുകൾക്ക് വേണ്ടി പരതേണ്ടി വന്ന നിസ്സഹായവസ്ഥയിലായിരുന്നു അയാൾ. അതുപക്ഷേ അയാളുടെ സ്വന്തം സങ്കടത്തെ പകുതിയാക്കി കുറച്ചിരുന്നു. സങ്കടത്തെ സന്തോഷം കൊണ്ട് മാത്രമല്ല, അതിനേക്കാൾ വലിയ സങ്കടങ്ങൾ കൊണ്ട് മൂടാനാവുമെന്ന തിരിച്ചറിവ് അയാളിലേക്ക് പതുക്കെ കടന്നു വരികയായിരുന്നു. അത്, ഏതൊരു മനുഷ്യനും കൊതിക്കുന്ന ചേർത്തു പിടിക്കലിലേക്ക് അയാളുടെ കൈകൾ ആ വൃദ്ധനെ നേരെ തിരിക്കുകയായിരുന്നു.
സങ്കടങ്ങൾ ഇല്ലാത്തവരായി ആരുമില്ല. മനുഷ്യജീവിതം സന്തോഷത്തിൽ മാത്രം നിലനിർത്തുക സാധ്യവുമല്ല. എങ്കിലും സങ്കടങ്ങളും കഷ്ടപ്പാടുകളും വരുമ്പോൾ നമ്മേക്കാൾ അതനുഭവിക്കുന്നവരിലേക്ക് ഒന്നെത്തി നോക്കൂ. നമ്മുടെ സങ്കടങ്ങൾ അലിയുന്നതായി നമുക്കനുഭവപ്പെടും. എന്തൊരത്ഭുതമാണത്..!
Good one
Very true
“സങ്കടത്തെ സന്തോഷം കൊണ്ട് മാത്രമല്ല അതിനേക്കാൾ വലിയ സങ്കടങ്ങൾ കൊണ്ട് മൂടാനാവും ” എന്നെ ഏറെ ചിന്തിപ്പിച്ച വരികൾ 👍👍👍👍ഉള്ളതിൽ തൃപ്തി പ്പെടാത്ത, റബ്ബിന്റെ വിധി ആണെന്ന് സമാധാനിക്കാത്ത കാലത്തോളം സങ്കടങ്ങൾക്ക് എന്നും കടലിന്റെ വലിപ്പവും ആഴവും ആണ്.