ടെൻഷൻ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ

//ടെൻഷൻ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ
//ടെൻഷൻ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ
സർഗാത്മക രചനകൾ

ടെൻഷൻ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ

Print Now
ന്തോഷവും, സങ്കടവും സമ്മിശ്രമാണ് ഈ ചെറിയ ജീവിതം. ജീവിതത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ കഴിയാനാണ് മനുഷ്യ മനസ്സിന്റെ തേട്ടം. പക്ഷെ പ്രശ്‌നങ്ങളും, പ്രയാസങ്ങളും ക്ഷണിക്കാത്ത അതിഥിയായി അവന്റെ ജീവിതത്തിലേക്ക് വരിക തന്നെ ചെയ്യും. ചിലപ്പോൾ ജോലി നഷ്ടപ്പെട്ടേക്കാം, പ്രിയപ്പെട്ടവരുടെ വേർപാടുണ്ടായേക്കാം, ജീവനേക്കാളേറെ സ്നേഹിക്കുന്ന കുരുന്നുകൾ രോഗിയായേക്കാം, കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം കണക്കെ നിലം പൊത്തിയേക്കാം..

മനുഷ്യരുടെ പാപങ്ങൾ കഴുകി ശുദ്ധിയാക്കാനായി സ്രഷ്ടാവ് നൽകുന്നതാണ് ജീവിത പ്രയാസങ്ങളും, പ്രതിബന്ധങ്ങളും. അവയെ ക്ഷമയോടെ നേരിടുന്നവർക്ക് വലിയ പ്രതിഫലങ്ങളാണ് നാളത്തെ ജീവിതത്തിൽ ഒരുക്കി വെച്ചിട്ടുള്ളത്. ഈ ഭൂമിയിൽ എല്ലാ വിധ കഷ്ടപ്പാടുകളും അനുഭവിച്ച് അതിലെല്ലാം ക്ഷമയോടെ നില കൊണ്ട ഒരാളെ സ്വർഗത്തിലെ അരുവിയിൽ മുക്കി അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിനക്കെന്തെങ്കിലും പ്രയാസം ഭൂമിയിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ..? ഇല്ലെന്ന് ആ സ്വർഗവാസി മറുപടിപറയുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. ഈ വിശ്വാസത്തെ നെഞ്ചേറ്റിയ വിശ്വാസി ഏത് പ്രശ്‌നങ്ങളേയും സമചിത്തയോടെയും, സമാധാനത്തോടെയും നേരിടാനുള്ള ഉൾക്കരുത്ത് നേടിയവനായിരിക്കും.

ആർത്തലക്കുന്ന ചെങ്കടൽ കൺ മുമ്പിലും, പിറകിൽ ആർത്തട്ടഹസിച്ച് ഫിർഔനും പട്ടാളവും വന്നപ്പൊഴും മൂസ നബി (അ) സമാധാനത്തോടെ തന്റെ അനുയായികളോട് പറഞ്ഞത് ഇപ്രകാരമാണ്‌.

‎(26:62). إِنَّ مَعِيَ رَبِّي سَيَهْدِينِ

തീർച്ചയായും എന്റെ നാഥൻ എന്റെ കൂടെയുണ്ട് അവൻ എനിക്ക് രക്ഷാമാർഗം കാണിച്ചു തരും.

ബൗദ്ധികതയുടെ കണ്ണിലൂടെ നോക്കുമ്പോൾ രക്ഷപെടാൻ ഒരു വഴിയുമില്ല, പക്ഷെ അല്ലാഹുവിലുള്ള അചഞ്ചലമായ ആത്മീയ വിശ്വാസത്തിൽ അടിയുറച്ചു നിന്നപ്പോൾ മൂസ നബിയെയും, കൂട്ടരെയും സമുദ്രം പിളർത്തി അല്ലാഹു രക്ഷപ്പെടുത്തി. അധികാരവും, സമ്പത്തും കൊണ്ട് അഹങ്കാരത്തിന്റെ കൊടുമുടിയേറിയ ഫിർഔനിനെയും, കൂട്ടാളികളെയും ആ സമുദ്രത്തിൽ തന്നെ സർവ്വ ശക്തൻ മുക്കി കൊന്നു.

കാര്യങ്ങളെ തകിടം മറിക്കാൻ കഴിവുള്ളവനാണ് അള്ളാഹു എന്ന് സൂറത്ത് യൂസുഫിലൂടെ നമ്മെയെല്ലാം ഉണർത്തുന്നു.

‎وَاللَّهُ غَالِبٌ عَلَىٰ أَمْرِهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

(അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും, എങ്കിലും മനുഷ്യരിൽ അധികപേരും അതറിയുന്നില്ല) 12:21

മരിച്ചു പോയ ഇന്നലകളിലെ ദുഖങ്ങളും, പിറക്കാനിരിക്കുന്ന നാളെകളിലെ ആധികളിലുമായി മനസങ്കർഷത്തിലും, മനഃപ്രയാസത്തിലുമായി ഇന്ന് കഴിഞ്ഞു കൂടുന്നവരാണ് മിക്കവരും. പൂർണമായും ടെൻഷനുകളിൽ നിന്നും മോചിതനാവാൻ വിശ്വാസിക്ക് സാധ്യമാവും. ഇന്നലെകളിൽ സംഭവിച്ച അബദ്ധങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടു കൊണ്ട്, തെറ്റുകളിൽ നിന്നും പശ്ചാത്തപിക്കുവാനും, നാളെ സംഭവിക്കുമെന്ന് ഒരുറപ്പുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ട് തന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തില്ലെന്ന് തീരുമാനമെടുക്കാൻ എന്താണ് നമുക്ക് തടസ്സം.

ഏതൊരു പ്രശ്‌നത്തെയും അല്ലാഹുവിൽ ഭരമേല്പിക്കുന്നതിലൂടെ മനസ്സിൽ ഉരുണ്ടു കൂടുന്ന നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാൻ വിശ്വാസിക്ക് സാധിക്കും. ഖുർആനിക ആശയങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറയുന്നത് അനുഭവിച്ചു തന്നെയറിയണം.

പ്രശ്‌നങ്ങളും പ്രയാസങ്ങളും ജീവിതത്തിൽ വരുമ്പോൾ എന്താണ് അല്ലാഹുവിനോടുള്ള നിന്റെ സമീപനം എന്നാണ് അല്ലാഹു വീക്ഷിക്കുന്നത്. നീ അല്ലാഹുവിലും, അല്ലാഹു നിന്നിലും തൃപ്തനാണോ നീ ഇരു ലോകത്തും വിജയിച്ചു.

രാവിലെയും, വൈകുന്നേരവുമുള്ള ദിക്റുകൾ പതിവാക്കുക, ദീനീ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ കൂടുതലായി ശ്രവിക്കുക്കുക, വെറുതെയിരുന്ന് അശ്രദ്ധമായി സമയത്തെ നശിപ്പിക്കാതെ ക്രിയാത്മകമായി സ്വന്തത്തിനോ, സമൂഹത്തിനോ ഉപകാരപ്പെടുന്ന കാര്യങ്ങളിൽ ഏർപ്പെടുക, തനിക്ക് എന്താണോ കിട്ടിയത് അതിൽ തൃപ്തനാവുകകയും, കിട്ടാത്തതിനെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുകയും ചെയ്‌താൽ ടെൻഷൻ ഇല്ലാത്ത ജീവിതം നയിക്കാൻ നമുക്ക് സാധിക്കുമെന്നതിൽ സംശയമില്ല.

No comments yet.

Leave a comment

Your email address will not be published.