ജെൻഡർ ന്യൂട്രൽ യൂണിഫോം: സിദ്ധാന്തങ്ങൾ ശാസ്ത്രീയമല്ല

//ജെൻഡർ ന്യൂട്രൽ യൂണിഫോം: സിദ്ധാന്തങ്ങൾ ശാസ്ത്രീയമല്ല
//ജെൻഡർ ന്യൂട്രൽ യൂണിഫോം: സിദ്ധാന്തങ്ങൾ ശാസ്ത്രീയമല്ല
ആനുകാലികം

ജെൻഡർ ന്യൂട്രൽ യൂണിഫോം: സിദ്ധാന്തങ്ങൾ ശാസ്ത്രീയമല്ല

Print Now
ജെൻഡർ ന്യൂട്രൽ യൂണിഫോം: നന്മയും തിന്മയും -5

ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന സിദ്ധാന്തങ്ങളൊന്നും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതല്ലെന്നതാണ് അതിന്നെതിരെയുള്ള രണ്ടാമത്തെ ന്യായം. ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാൻ കഴിയാത്ത വസ്ത്രങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കപ്പെടുന്നതാണ് മാനവികമെന്ന ആശയത്തിന് ഉപോൽബലകമായി ഉദ്ധരിക്കപ്പെടുന്ന ജെൻഡർ തിയറിക്കോ ക്വിയർ തിയറിക്കോ യാതൊരുവിധ ശാസ്ത്രീയമായ അടിത്തറകളുമില്ല. അശാസ്ത്രീയമായ പരികല്പനകളാൽ സ്ഥാപിക്കപ്പെട്ട ഈ ആശയത്തിന് വേണ്ടി അടുത്ത തലമുറയുടെ ധാർമികതയെ തകർക്കുന്നത് ന്യായീകരിക്കാനാവില്ല.

അവയവങ്ങൾ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം ഓരോരുത്തരുടെയും മനസ്സാണ് തീരുമാനിക്കുന്നത് എന്നും പറയുന്ന ജെൻഡർ തിയറിക്ക് എന്ത് ശാസ്ത്രീയമായ അടിത്തറയാനുള്ളത്?! സെക്സും ജെൻഡറും രണ്ടാണെന്നും സെക്സ് തീരുമാനിക്കുന്നത് ജീവശാസ്ത്രമാണെങ്കിൽ ജെൻഡർ ഒരു സാമൂഹ്യനിർമ്മിതിയാണെന്നുമുള്ള സിദ്ധാന്തമുണ്ടാകുന്നത് തന്നെ തികച്ചും അശാസ്ത്രീയമായ പരികല്പനകളിൽ നിന്നാണ്. ഫെമിനിസ്റ്റ് ദാർശനികയായ സിമോൺ ഡി ബുവ്വെയുടെ 1949ൽ പുറത്തിറങ്ങിയ The Second Sex ലെ ‘ഒരാളും സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെ ആയിത്തീരുകയാണ് ചെയ്യുന്നത്’ (One is not born, but rather becomes, a woman) എന്ന ആശയത്തിൽ ആകൃഷ്ടനാവുകയും, അത് സ്ഥാപിക്കാനായി ഗവേഷണങ്ങൾ നടത്തുകയും ചെയ്ത സൈക്കോളജിസ്റ്റും സെക്‌സോളജിസ്റ്റുമായ ന്യൂസിലാൻഡുകാരൻ ഡോ: ജോൺ വില്യം മണിയാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. കുട്ടികൾ ജനിക്കുന്നത് ലിംഗത്വമില്ലാതെയാണെന്നും (gender-neutral) പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് അവരുടെ ലിംഗത്വം നിർണ്ണയിക്കുന്നത് എന്നും കരുതുകയും അതിന്നായി ഗവേഷണങ്ങൾ നടത്തുകയും ചെയ്തയാളാണ് ഡോ: ജോൺ മണി. തന്റെ വാദം സ്ഥാപിക്കാനായി തന്റെയടുത്തെത്തുന്ന രോഗികളിൽ തെറ്റായ പരീക്ഷണങ്ങളും അവയ്ക്ക് തെറ്റായ വ്യാഖ്യാനങ്ങളും നടത്തി കുപ്രസിദ്ധനായിത്തീർന്ന വ്യക്തി. സെക്സ് ഒരാളുടെ ജീവശാസ്ത്രം മാത്രമാണ് തീരുമാനിക്കുന്നത് എന്നും അയാളുടെ സമൂഹവും ചുറ്റുപാടുകളുമാണ് ജെൻഡർ നിർമ്മിക്കുന്നതെന്നുമുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാനായി തന്റെ പഠനങ്ങളിൽ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഡേവിഡ് റീമറുടെ കഥയാണ്. സാമൂഹ്യനിർമ്മിതിയാണ് ജെൻഡർ എന്ന് സ്ഥാപിക്കാനായി അദ്ദേഹം സംവിധാനിച്ച ആ കഥയുടെ പരിസമാപ്തിയെന്ന് അറിഞ്ഞാൽ തന്നെ ജെൻഡർ പൊളിറ്റിക്സ് അടുത്ത തലമുറയെ കൊണ്ടുചെന്നെത്തിക്കുക എത്ര വലിയ ദുരന്തത്തിലേക്കാണ് എന്ന് മനസ്സിലാവും.

1965 ആഗസ്റ്റ് 22 ന് ഒന്റാരിയോയിലെ വിന്നിപെഗിൽ റോൺ റീമർ- ജാനെറ്റ് ദമ്പതികൾക്ക് ജനിച്ച ഇരട്ടക്കുട്ടികളിലൊരാളായിരുന്നു ബ്രൂസ് പീറ്റർ റീമർ. ജനിച്ച് ആറ് മാസമായപ്പോൾ ബ്രൂസിനും ഇരട്ടസഹോദരൻ ബ്രിയാനിനും ലിംഗത്തിന്റെ അഗ്രചർമ്മം പിന്നോട്ട് വലിയാത്ത പ്രയാസമുണ്ടായി (phimosis). ഇതിന്ന് പരിഹാരമായി 1966 ഏപ്രിൽ 27 ന് രണ്ട് പേരെയും പരിച്‌ഛേദന ചെയ്തു. ബ്രൂസിന്റെ അഗ്രചർമ്മം ഛേദിച്ചപ്പോൾ അബദ്ധത്തിൽ ലിംഗത്തിന്റെ സിംഹഭാഗവും മുറിഞ്ഞുപോയി. 1967ൽ ഇതിന് ചികിത്സ തേടി റീമറുടെ മാതാപിതാക്കൾ മേരിലാന്റിലെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്‌പിറ്റലിൽ മനഃശാസ്ത്രജ്ഞനും ലൈംഗികശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോ: ജോൺ മണിയെ സമീപിച്ചു. പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് ഒരാളുടെ ലിംഗത്വം നിർണ്ണയിക്കുന്നതെന്ന തന്റെ സിദ്ധാന്തം തെളിയിക്കാൻ പറ്റിയ അവസരമായി ജോൺ മണി ഇതിനെ കണ്ടു. റീമറെ ഒരു പെൺകുട്ടിയാക്കി വളർത്തിയാൽ അതായിരിക്കും നല്ലത് എന്ന് അദ്ദേഹം ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിലെ വിദഗ്ധർ റീമറുടെ ലിംഗവും വൃഷണവുമെല്ലാം സർജറിയിലൂടെ നീക്കം ചെയ്തു. പിന്നെയവർ ചെയ്തത് ആ ശരീരത്തിൽ ഒരു യോനീ നാളവും അപൂർണ്ണയോനിയുമെല്ലാം വെച്ചുപിടിപ്പിക്കുകയും മൂത്രമൊഴിക്കാനായി അടിവയറ്റിൽ ഒരു ദ്വാരമുണ്ടാകുകയുമായിരുന്നു. അങ്ങനെ ആൺശരീരവുമായി ജനിച്ച റീമർ ശിശുവായിരിക്കുമ്പോൾ തന്നെ പെണ്ണായി പരിഗണിക്കപ്പെടാനാരംഭിച്ചു.

ഡോക്ടർ ജോൺ മണിയുടെ നിർദേശപ്രകാരം മാതാപിതാക്കൾ റീമറിന് ബ്രെൻഡ എന്ന പേര് നൽകുകയും അദ്ദേഹത്തെ പെൺകുട്ടിയെപ്പോലെ വളർത്താനാരംഭിക്കുകയും ചെയ്തു. കൗമാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിൽ ഈസ്ട്രജൻ കുത്തി വെക്കുകയും കൃത്രിമമായി മുല വളർത്തുകയും ചെയ്തു. താനൊരു ആൺകുട്ടിയാണെന്ന സത്യം റീമറെ അറിയിക്കാതെയാണ് വളർത്തിയത്. അദ്ദേഹത്തെയും ഇരട്ടസഹോദരനെയും ഇടയ്ക്കിടക്ക് ഡോ: ജോൺ മണി പരിശോധിക്കുകയും ജീവശാസ്ത്രപരമായി പൂർണ്ണമായ പെണ്ണാകുവാൻ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നൽകിക്കൊണ്ട് തന്നെ റീമറെ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ഒരേ രൂപത്തിലുള്ള ഇരട്ടകളായതിനാൽ (identical twins) രണ്ട് പേരുടെയും ജനിതകം ഒന്ന് തന്നെയാണെങ്കിലും വ്യത്യസ്ത ബോധത്തോടെ വളർത്തിയാൽ ഒരാൾ ആണും പെണ്ണുമായിത്തീരുമെന്ന് തെളിയിച്ച് ജെൻഡർ സാമൂഹ്യനിർമ്മിതിയാണെന്ന തന്റെ സിദ്ധാന്തം തെളിയിക്കാമെന്നാണ് ജോൺ മണി കരുതിയത്.

റീമർ സഹോദരങ്ങളിലേക്ക് വ്യത്യസ്തമായ ലൈംഗികാഭിനിവേശങ്ങളും കുത്തി വെക്കാൻ ജോൺ മണി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ ക്ലിനിക്കിലെത്തുന്ന കൗമാരക്കാരായ ഇരട്ട സഹോദരന്മാരോട് അവരുടെ ലിംഗങ്ങൾ പരസ്പരം പരിശോധിക്കുവാനും ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോലെയുള്ള ചില വ്യായാമങ്ങൾ ചെയ്യുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമയോനിയുമായി ജീവിക്കുന്ന റീമർക്ക് യഥാരൂപത്തിലുള്ള സുരതക്രിയക്ക് കഴിയില്ലെങ്കിലും ഒരാൾ മറ്റൊരാളുടെ മുകളിൽ കിടന്ന് അതേപോലെയെല്ലാം ചെയ്യാൻ മണി അവരെ നിർബന്ധിച്ചു. ചെയ്യാൻ മടി കാണിക്കുമ്പോൾ അവരെ മാനസികമായി പീഡിപ്പിച്ചു. രതിക്രീഡകളെന്ന് തോന്നിപ്പിക്കുന്ന സഹോദരങ്ങളുടെ ചെയ്തികൾ അദ്ദേഹം ഫോട്ടോയെടുത്ത് സൂക്ഷിച്ചു. ഇവയെല്ലാം വെച്ചുകൊണ്ട് ജോൺ- ജോയാൻ കേസ് (John/Joan case) എന്ന പേരിൽ മണി തന്റെ ഗവേഷണങ്ങൾ പ്രസിദ്ധീകരിച്ചു. ജെൻഡർ സാമൂഹ്യനിർമ്മിതിയാണെന്നും ഒരു ജെൻഡറിൽ നിന്ന് മറ്റൊരു ജെൻഡറിലേക്ക് മാറുക സ്വാഭാവികമാണെന്നുമുള്ള(gender fluidity) തന്റെ സിദ്ധാന്തത്തിന് (gender theory) ഉപോൽബലകമായി അദ്ദേഹം വ്യാഖ്യാനിച്ചത് റീമർ സഹോദരങ്ങളുടെ അനുഭവവിവരണങ്ങളുടെ അടിസ്ഥാനത്തിൽ ജോൺ മണിയുണ്ടാക്കിയ ജോൺ- ജോയാൻ കേസിനെയാണ്.

ജെൻഡർ തിയറിയിലേക്ക് നയിച്ച ഡോ: മണിയുടെ ഗവേഷണങ്ങളുടെ വസ്തുതയെന്തായിരുന്നുവെന്നറിഞ്ഞാൽ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് ഈ സിദ്ധാന്തമെന്ന വസ്തുത ബോധ്യപ്പെടും. എത്ര വലിയ ദുരന്തത്തിലേക്കാണ് യുവതലമുറയെ ഇവർ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാൻ തന്റെ സ്വത്വമെന്താണെന്ന് ബോധ്യപ്പെട്ട ശേഷം ഡോ: മണിയുടെ ഗവേഷണാഭാസങ്ങളെക്കുറിച്ച് റീമർ തന്നെ വെളിപ്പെടുത്തിയ വസ്തുതകൾ തന്നെ മതിയാകും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് താൻ വല്ലാത്ത ലിംഗത്വ അസ്വാസ്ഥ്യം (gender dysphoria) അനുഭവിച്ചിരുന്നതായി റീമർ പിന്നീട് വെളിപ്പെടുത്തി. പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും തനിക്കുള്ളിൽ സ്വയം പുരുഷനാണെന്ന ബോധമാണുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശാരീരികലിംഗത്തിന് വിരുദ്ധമായി മനസ്സ് പ്രവർത്തിക്കുന്ന അസുഖമാണ് ജെൻഡർ ഡിസ്‌ഫോറിയ. താൻ പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഡോ: മണിയുടെ അടുക്കൽ ഇനി തന്നെ കൊണ്ടുപോയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വരെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഭീഷണിപ്പെടുത്തി. നിരന്തരമായി പെൺഹോർമോണുകൾ കുത്തിക്കയറ്റുകയും ദിവസേന സ്ത്രീവസ്ത്രങ്ങൾ ഉടുപ്പിക്കുകയും വനിതയാണ് നീയെന്ന് സമൂഹവും വീട്ടുകാരുമെല്ലാം ആവർത്തിക്കുകയും ചെയ്തിട്ടും താൻ ഒരു പെണ്ണാണെന്ന് തനിക്ക് ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ലെന്ന് പറയുന്നത് റീമർ തന്നെയാണ്; ആണയവങ്ങളൊന്നുമില്ലെങ്കിലും ആൺകുട്ടിയാണ് താൻ എന്ന് തന്നെ അദ്ദേഹം കരുതി. പെൺഹോർമോണുകളൊന്നും അദ്ദേഹത്തിൽ പെണ്മനസ്സുണ്ടാക്കിയില്ല. ശരീരം പെണ്ണിന്റേതായിട്ടു പോലും അദ്ദേഹത്തിനൊരിക്കലും താനൊരു പെണ്ണാണെന്ന് തോന്നിയില്ല.

സ്ത്രീയാക്കുവാൻ വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അവസാനം, 1980ൽ അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ വയസ്സിൽ, അദ്ദേഹത്തിന്റെ പിതാവ് റീമറോട് സത്യം തുറന്നു പറഞ്ഞു. ആൺകുട്ടിയായി ജനിച്ചതു മുതൽ പെൺകുട്ടിയാക്കാൻ ഡോ: ജോൺ മണി ചെയ്ത വിക്രിയകൾ വരെയുള്ള കഥകൾ കേട്ടപ്പോൾ തനിക്ക് തന്റെ ആൺസ്വത്വം തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് കഴിയാത്തതിൽ മനം നൊന്ത് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ രണ്ട് തവണ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ഇരുപത്തിയൊന്നാം വയസു മുതൽ അദ്ദേഹം തിരിച്ച് ആണാകാൻ വേണ്ടിയുള്ള തീവ്രമായ പരിശ്രമങ്ങളാരംഭിച്ചു; സ്തനങ്ങൾ സർജറിയിലൂടെ മുറിച്ച് മാറ്റി; പുരുഷലിംഗം വെച്ചുപിടിപ്പിക്കാനുള്ള സർജറി ചെയ്തു. നിരന്തരമായി ടെസ്റ്റസ്റ്റോറോൺ ഹോർമോൺ കുത്തി വെച്ചു; തന്റെ പെൺപേര് മാറ്റി ഡേവിഡ് റീമെർ എന്ന പേര് സ്വീകരിച്ചു. 1990 സെപ്റ്റംബർ 22 ന്, തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ മൂന്ന് മക്കളുടെ മാതാവായ ജെയിൻ ഫോന്റൈനിനെ വിവാഹം ചെയ്തു. പ്രശ്നകലുഷിതമായിരുന്നുവെന്ന് ഡേവിഡ് റീമെർ വിശേഷിപ്പിച്ച ആ വൈവാഹികജീവിതം വിജയം കണ്ടില്ല. 2004 മെയ് 2 ന് ഭാര്യ വിവാഹമോചനമാവശ്യപ്പെട്ടു; രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു തോക്കുപയോഗിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ഡേവിഡ് റീമറോടൊപ്പം ഡോ: മണിയുടെ ജെൻഡർ പരീക്ഷണങ്ങൾക്ക് വിധേയനായ ഇരട്ട സഹോദരനും വിഷാദരോഗിയാവുകയും മരുന്ന് ഓവർ ഡോസായി രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു.

(ഡേവിഡ് റീമറുടെ ചരിത്രമറിയേണ്ടവർക്ക് BBC 2004 ൽ പുറത്തിറക്കിയ Dr. Money and the Boy with No Penis, (written by Sanjida O’Connell), 2000 ത്തിൽ പുറത്തിറക്കിയ The Boy Who Was Turned Into a Girl (directed by Andrew Cohen) എന്നീ ഡോക്യൂമെന്ററികൾ കാണാവുന്നതാണ്; ജോൺ കൊളാപിന്റോ എഴുതിയ As Nature Made Him: The Boy who was Raised as a Girl (New York: HarperCollins Publishers, 2000) എന്ന പുസ്തകവും അദ്ദേഹം സ്ലേറ്റ് മാഗസിനിൽ 2004 ജൂൺ മൂന്നിന് എഴുതിയ Gender Gap—What were the Real Reasons behind David Reimer’s Suicide എന്ന ലേഖനവും വിഷയം പഠിക്കുന്നവർക്ക് ഉപകാരപ്രദമാകും)

ഡേവിഡ് റീമറുടെ അനുഭവങ്ങൾ ലോകത്തോട് പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു. ഹവായ് സർവ്വകലാശാലയിലെ ലൈംഗികശാസ്ത്രജ്ഞനായ മിൽട്ടൺ ഡയമണ്ടിനോട് പ്രയാസങ്ങളും ദുരിതങ്ങളും അപമാനവും മാത്രം നൽകിയ തന്റെ അനുഭവങ്ങൾ 1997ൽ അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ അതൊന്നും ലോകം അറിയുമായിരുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തത് തന്റെ പീഡാനുഭവങ്ങൾ തുറന്നു പറഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ്. ദുരിതപൂർണ്ണവും അപമാനകരവുമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ട അദ്ദേഹം അവ തുറന്നു പറയാതെയാണ് മരണപ്പെട്ടതെങ്കിൽ ജെൻഡർ തിയറിക്ക് അനുകൂലമായ വലിയ തെളിവായി അദ്ദേഹത്തെ നിരന്തരമായി ഉദ്ധരിക്കുകയും അത് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമായിരുന്നു. മിൽട്ടൺ ഡയമണ്ടിനോട് നാം കൃതജ്ഞത പ്രകടിപ്പിക്കണം. അദ്ദേഹമാണല്ലോ റീമറുടെ യഥാർത്ഥമായ അനുഭവങ്ങൾ തുറന്നു പറയാൻ അവസരമുണ്ടാക്കിയത്. അല്ലെങ്കിൽ ജെൻഡർ തിയറിക്കും ക്വിയർ തിയറിക്കും ജെൻഡർ ഫ്ലൂയിഡിറ്റിക്കുമെല്ലാം ഉള്ള തെളിവായി ജോൺ- ജോയാൻ കേസ് നമ്മുടെ പാഠപുസ്തകങ്ങളിൽ പരിലസിക്കുമായിരുന്നു. ആർക്കും ഇപ്പോഴും ലിംഗമാറ്റം സംഭവിക്കാമെന്നതിന് തെളിവായി നമ്മുടെയെല്ലാം മക്കൾക്ക് സ്‌കൂൾ ക്‌ളാസുകളിൽ വെച്ച് തന്നെ അതെല്ലാം പഠിക്കേണ്ടി വരുമായിരുന്നു !!!

അടുത്ത തലമുറക്ക് വിഷാദരോഗം മാത്രം പ്രദാനം ചെയ്യുന്നതാണ് ജെൻഡർ പൊളിറ്റിക്സ് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഡോ: ജോൺ മണിയുടെ ഗവേഷണാഭാസങ്ങൾ. ആ ഗവേഷങ്ങളുടെ വെളിച്ചത്തിൽ രൂപം കൊണ്ടതാണ് ജെൻഡർ തിയറി. യഥാർത്ഥത്തിൽ ജെൻഡർ തിയറിക്ക് വിരുദ്ധമായ ഫലമല്ലേ ഡോ: ജോൺ മണിയുടെ ഗവേഷണങ്ങൾ നൽകുന്നത് എന്നൊന്നും ചോദിക്കുവാൻ ലിബറലിസത്തിന്റെ ലഹരി മൂത്തവർക്ക് കഴിയില്ല. അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അവരെ ഹോമോഫോബിക്കുകൾ എന്നും ട്രാൻസ് ഫോബിക്കുകൾ എന്നും വിളിച്ച് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് ഡേവിഡ് റീമെർ അനുഭവിച്ച ജെൻഡർ ഡിസ്‌ഫോറിയ; പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും അദ്ദേഹത്തിനുള്ളിലുണ്ടായിരുന്ന പുരുഷനാണെന്ന ബോധം; പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഡോ: മണിയോടുള്ള വെറുപ്പ്; നിരന്തരമായി പെൺഹോർമോണുകൾ കുത്തിക്കയറ്റി മുലയടക്കമുള്ള സ്ത്രൈണചിഹ്നങ്ങൾ ശരീരത്തിലുണ്ടാക്കിയിട്ടും അദ്ദേഹത്തിൽ താൻ പെണ്ണാണെന്ന ബോധം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ലെന്ന പരാജയം; ദിവസേന സ്ത്രീവസ്ത്രങ്ങൾ ഉടുപ്പിക്കുമ്പോൾ അതിലൊന്നും താല്പര്യം തോന്നാത്ത പ്രകൃതം. ഇതെല്ലാം ജെൻഡർ തിയറി തെറ്റാണെന്നതിനുള്ള തെളിവുകളാണ്.

അനുകൂലമായി ഉദ്ധരിക്കപ്പെട്ട ‘പരീക്ഷണമൃഗം’ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെ പീഡിപ്പിച്ചുകൊണ്ട് നിർമ്മിച്ചെടുത്ത സിദ്ധാന്തം തെറ്റാണെന്ന് ഉറക്കെ പറഞ്ഞതാണ് ഡേവിഡ് റീമറുടെ തുറന്നു പറച്ചിലിൽ നാം കാണുന്നത്. തെളിവ് തന്നെ ജീവനോടെ വന്ന് താൻ തെളിവില്ലെന്ന് ഉറക്കെ പറഞ്ഞ സന്ദർഭങ്ങൾ ശാസ്ത്രചരിത്രത്തിലെ അപൂർവ്വതകളിലൊന്നാണ്. എന്നിട്ടും ആ സിദ്ധാന്തം ശരിയാണെന്ന് തന്നെ ശാസ്ത്രത്തിന്റെ ലേബലുമൊട്ടിച്ച് ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജെൻഡർ തിയറി തെറ്റാണെന്നതിന് എന്താണ് തെളിവ് എന്ന ചോദ്യത്തിനുള്ള ഉത്തരം അവർ ഉന്നയിച്ച തെളിവ് തന്നെയാണ് അത് തെറ്റാണെന്നതിനുള്ള തെളിവെന്നാണ്. അത് ഉറക്കെ പറയേണ്ടത് ശാസ്ത്രജ്ഞരാണ്. പക്ഷെ അവർക്കത് പറയാനാകില്ല. പറഞ്ഞാൽ അവർ വേട്ടയാടപ്പെട്ടും; അത്രയ്ക്കും ശക്തമാണ് ജെൻഡർ പൊളിറ്റിക്സ്. ജെൻഡർ തിയറി തെറ്റാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ക്വിയർ തിയറിയും തെറ്റാണ്. ജെൻഡർ തിയറിക്കോ ക്വിയർ തിയറിക്കോ ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും അവ ആവർത്തിച്ചുകൊണ്ട് ശാസ്ത്രീയമാക്കുന്നതിന്റെ പേരാണ് ജെൻഡർ പൊളിറ്റിക്സ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണത്തിനാണ് നമ്മുടെ അടുത്ത തലമുറയെ ഉപയോഗിക്കുന്നത്. അപകടകരമായ സാമൂഹ്യദുരന്തത്തിന് കാരണമാകും എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ എതിർക്കുന്നവർക്കുള്ള രണ്ടാമത്തെ ന്യായം. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിക്കൊണ്ട് ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കുവാൻ കൂട്ടുനിൽക്കുകയെന്നാൽ ജെൻഡർ പൊളിറ്റിക്സിന് ഓശാന പാടുകയെന്നർത്ഥം. അടുത്ത തലമുറയെ ആണും പെണ്ണും കെട്ടവരാക്കുകയും വിഷാദരോഗികളാക്കുകയും ലിംഗത്വ അസ്വാസ്ഥ്യമുള്ളവരാക്കുകയും ചെയ്യാൻ കൂട്ടുനിൽക്കേണമോ എന്ന ചോദ്യത്തിന് നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നവർക്കെല്ലാം വേണ്ട എന്ന ഉത്തരമേ പറയാനാകൂ.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.