ജെൻഡർ ന്യൂട്രൽ യൂണിഫോം: ലക്ഷ്യം അപകടകരമാണ്

//ജെൻഡർ ന്യൂട്രൽ യൂണിഫോം: ലക്ഷ്യം അപകടകരമാണ്
//ജെൻഡർ ന്യൂട്രൽ യൂണിഫോം: ലക്ഷ്യം അപകടകരമാണ്
ആനുകാലികം

ജെൻഡർ ന്യൂട്രൽ യൂണിഫോം: ലക്ഷ്യം അപകടകരമാണ്

Print Now
ജെൻഡർ ന്യൂട്രൽ യൂണിഫോം: നന്മയും തിന്മയും -4

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെയുള്ള ഒന്നാമത്തെ വാദം അതിന്റെ ലക്ഷ്യം അപകടകരമാണെന്നതാണ്. അത് നടപ്പാക്കുന്നതിന്റെ ലക്‌ഷ്യം എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധത്തെ തകർക്കുകയാണെന്ന് മന്ത്രി തന്നെ പ്രസ്താവിച്ചു കഴിഞ്ഞതാണ്. അങ്ങനെ തകർക്കപ്പെടുന്നത് വഴി ഉണ്ടാകാൻ പോകുന്നത് വലിയ സാമൂഹ്യദുരന്തമാണെന്ന് ചരിത്രവും വർത്തമാനവും നമ്മെ പഠിപ്പിക്കുന്നു. ലക്ഷ്യം അപകടകരമാണ്. വലിയ നാശമാണ് അതുകൊണ്ട് സമൂഹത്തിലുണ്ടാവുക; മാനവരാശിയെ തകർക്കാൻ പോന്ന നാശം.

എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം തകർക്കപ്പെട്ട ആദ്യത്തെ സമൂഹം സദോം ഗമോറാ ദേശക്കാരായിരുന്നുവെന്നാണ് വേദഗ്രൻഥങ്ങൾ പറയുന്നത്. (ഖുർആൻ 7:80-82; ഉല്‍പത്തി 19:1-26). സ്വവർഗാനുരാഗത്തെ സ്വാഭാവികമായിക്കരുതുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത അവരെ ദൈവം നശിപ്പിച്ചുവെന്ന വേദങ്ങൾ നൽകുന്ന പാഠം ഹെറ്ററോ നോർമേറ്റീവ് സൊസൈറ്റിയെ തകർത്താൽ ഉണ്ടാകാൻ പോകുന്ന അപകടമെന്താണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. പുരാതന ഗ്രീസിൽ ആര്‍ക്കായിക് കാലം (archaic period) എന്നറിയപ്പെടുന്ന, ക്രിസ്തുവിന് 650 വര്‍ഷം മുതല്‍ 480 വര്‍ഷം വരെ യുള്ള കാലത്ത് വ്യാപകമായ രൂപത്തില്‍ കൗമാരപ്രായത്തിലെത്തിയ ആണ്‍കുട്ടികളുമായി പ്രായമായവര്‍ നടത്തിയിരുന്ന കൗമാര സ്വവര്‍ഗരതി (pederasty) നിലനിന്നിരുന്നുവന്ന് ചുമർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ചില ഗവേർഷർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹസ്രാബ്ധങ്ങളായി തലയുയർത്തി നിന്നിരുന്ന ഗ്രീക്ക് നാഗരികത തകർന്നതിനുള്ള പല കാരണങ്ങളിലൊന്ന്എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം ഇല്ലാതായതായിരിക്കാം. സ്വവർഗാനുരാഗവും രതിയുമെല്ലാം പുരാതനമായ പല സംസ്കാരങ്ങളിലും നിലനിന്നിരുന്നുവെങ്കിലും അവയിലെല്ലാം അതിന്നെതിരെയുള്ള നിയമങ്ങളും ശക്തമായിരുന്നുവെന്ന് കാണാം. സ്വവർഗരതി നാശത്തിനുള്ള ഹേതുകമാണെന്ന് പൂർവ്വസമൂഹങ്ങളിൽ നിന്ന് പകർന്നുകെട്ടിയ അനുഭവങ്ങൾ പഠിപ്പിച്ചതുകൊണ്ടാവണം അതിന്നെതിരെയുള്ള കർക്കശമായ നിയമങ്ങൾ സമൂഹത്തിലുണ്ടായത്. സ്വവർഗ്ഗരതിക്കാർക്ക് മരണശിക്ഷയാണ് ബൈബിൾ പഴയനിയമവും (ലേവ്യ: 20:13) ക്രിസ്തുവിന് 149 വർഷങ്ങൾക്ക് മുമ്പ് റോമിൽ നിലനിന്നിരുന്ന ‘ലെക്‌സ് സ്‌കാന്റിനിയ’ നിയമവും ഇസ്‌ലാമിക നിയമവും (തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ) വിധിച്ചിരിക്കുന്നത്. ഇരുന്നൂറ് പണം പിഴയും രണ്ട് വിരലുകൾ മുറിച്ച് മാറ്റലും മൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി നാട് ചുറ്റിക്കലും ജാതിഭ്രഷ്ടുമെല്ലാമാണ് മനുസ്‌മൃതി പ്രകാരമുള്ള ശിക്ഷ. (മനുസ്മൃതി 8:369,370; 11:68). എതിർലിംഗത്തിലുള്ളവർ തമ്മിലുള്ള ലൈംഗികതയാണ് സ്വാഭാവികമെന്ന ചിന്ത തകരാതിരിക്കുവാൻ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള നിയമദാതാക്കൾ ശ്രദ്ധിച്ചിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നതാണ് കർക്കശമായ ഈ നിയമങ്ങൾ. അത് തകർന്നാൽ സർവ്വനാശമായിരിക്കുമെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട് സദോം ഗാമോറക്കാരുടെ ചരിത്രം.

ഇനി വർത്തമാനം: 1969 ലെ സ്റ്റോണ്‍വാള്‍ കലാപങ്ങൾക്ക് (Stonewall riots) ശേഷമാണ് അമേരിക്കയിൽ സ്വവർഗ്ഗാനുരാഗീ സംഘങ്ങൾ സജീവമാകുന്നതും അത് അന്താരാഷ്ട്ര തലത്തിൽ തന്നെയുള്ള ജെൻഡർ പൊളിറ്റിക്സിന്റെ പിറവിക്ക് നിമിത്തമാകുന്നതും. ന്യൂയോർക്ക് പട്ടണത്തിനടുത്തെ ഗ്രീൻവിച്ച് വില്ലേജിലെ അറിയപ്പെടുന്ന ഗേ ക്ലബ്ബും റസ്‌റ്റോറന്റുമായിരുന്നു ‘സ്റ്റോണ്‍വാള്‍ ഇന്‍’. അവിടെ 1969 ജൂണ്‍ 28ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തി. അതോടനുബന്ധിച്ചുണ്ടായ കലാപങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. ‘സ്റ്റോണ്‍ വാള്‍ കലാപങ്ങൾ വഴി സ്വവര്‍ഗാനുരാഗികൾ അവരെ തൊട്ടുകളിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമകൂടങ്ങളുമെല്ലാം അക്രമിക്കപ്പെടുമെന്ന സന്ദേശം നല്‍കുകയായിരുന്നു. കലാപത്തിന്റെ പരിണിതിയെന്നവണ്ണം എല്ലാ സ്വവര്‍ഗാനുരാഗസംഘങ്ങളും യോജിക്കുകയും ‘ഗേ ലിബറേഷന്‍ ഫ്രണ്ട്’ എന്ന ഐക്യവേദി രൂപീകരിക്കപ്പെടുകയും ചെയ്തു. പിന്നെ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ വിളയാട്ടമായിരുന്നു. ഡോക്ടര്‍ ക്രിസ്റ്റഫര്‍ 1998 നവംബര്‍ മാസത്തിലെ ‘ജേര്‍ണല്‍ ഓഫ് സെക്‌സ് റിസേര്‍ച്ച്’ മാഗസിനില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ”1970കളിലെ ഗേ ലിബറേഷന്‍ സ്വവര്‍ഗലൈംഗികതയില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവര്‍ഗാനരാഗികള്‍ കൂടുതലായുള്ള ന്യൂയോര്‍ക്ക് സിറ്റിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘അവരുടെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പല പുരുഷന്‍മാരും ഒരു വര്‍ഷത്തില്‍ നിരവധി പേരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗികപങ്കാളികളുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു. മേല്‍വിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങള്‍ വ്യാപകമായി. കുളിമുറികള്‍, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിന്‍മുറികള്‍, പുസ്തകശാലകള്‍ മുതല്‍ സിനിമാശാലകള്‍ വരെയുള്ള പൊതുസ്ഥലങ്ങള്‍ തുടങ്ങിയിവിടങ്ങളെല്ലാം സ്വവര്‍ഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങള്‍പോലെയായി…. 1970കളുടെ അവസാനം കാണപ്പെട്ട എയിഡ്‌സ് വൈറസിന്റെ ധ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളില്‍ ഗുദത്തിലും വായിലുമുണ്ടാകുന്ന ഗൊണേറിയ വര്‍ധിച്ചുകൊണ്ടിരുന്നു…”

അമേരിക്കയിലെ ‘സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളി’ന്റെ (CDC) 2003ലെ കണക്കുകള്‍ പ്രകാരം എയിഡ്‌സ് രോഗികളില്‍ 63 ശതമാനം പുരുഷന്മാര്‍ക്കും പ്രസ്തുത രോഗമുണ്ടായിട്ടുള്ളത് സ്വവര്‍ഗസംഭോഗം വഴിയാണ്. നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിര്‍വീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകള്‍ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സിലെ തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15ാം തിയ്യതിയിലെ ‘സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിബയോട്ടിക്കുകള്‍ക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കന്‍ ആരോഗ്യവകുപ്പ്. അമേരിക്കയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന സിഫിലിസും 2000 മുതല്‍ സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും ഇന്ന് അവിടെയുള്ള സിഫിലിസ്‌രോഗികളില്‍ 65 ശതമാനവും സ്വവര്‍ഗഭോഗികളാണെന്നും 2009 ജനുവരി 15ന് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാന്‍സര്‍ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. സ്വവര്‍ഗഭോഗികള്‍ക്ക് ഗുദത്തിലും വന്‍കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തില്‍ ഗേ ബവല്‍ സിന്‍ഡ്രോം (gay bowel syndromme) എന്നുവിളിക്കുന്ന സമ്പ്രദായം 1976 മുതല്‍ ഭിഷഗ്വരന്മാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ശക്തമായ സ്വവര്‍ഗാനുരാഗീ പ്രതിഷേധങ്ങള്‍ വഴി അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ അങ്ങനെ പ്രയോഗിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുവാന്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്. സ്വവർഗാനുരാഗികൾക്കുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച പുതിയ വിവരങ്ങളിൽ പലതും ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ ബോധപൂർവ്വം മറച്ചുവെക്കുകയും അത്തരം വാർത്തകളെ തമസ്കരിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്.

‘പ്രൈഡ് പരേഡുകള്‍’ എന്നറിയപ്പെട്ട സ്വവര്‍ഗാനുരാഗികളുടെ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1970 ജൂണ്‍ 28ന് സ്റ്റോണ്‍വാൾ കലാപങ്ങളുടെ വാര്‍ഷികദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് ഗേ ലിബറേഷന്‍ ഫ്രണ്ട് സംഘടിപ്പിച്ച പരേഡോടു കൂടിയായിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരേഡുകള്‍ സംഘടിപ്പിക്കപ്പെട്ടു. 2008 സെപ്റ്റംബര്‍ 28ന് ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചു നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കന്‍ ഫാമിലി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വാനിയയുടെ വക്താവ് ഡയാന്‍ഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത് ”ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്?” എന്നാണ്. പൂര്‍ണനഗ്നരും അര്‍ദ്ധനഗ്നരുമായ ആണും പെണ്ണും ലിംഗങ്ങള്‍ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തില്‍ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവര്‍ഗാനുരാഗസ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ പ്രകടനം! പൊതുസ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണുംകാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരന്‍ പോലും ഈ പരേഡ് കാണുമ്പോള്‍ ‘ഇത്രയ്ക്കു വേണോ?’യെന്ന് ചോദിച്ചു പോകുന്നു. ഹെറ്ററോ നോർമേറ്റീവിറ്റിയിൽ നിന്ന് രക്ഷപ്പെട്ട സമൂഹത്തിന്റെ ചിത്രമാണിത്. നമ്മുടെ കേരളത്തിന് ഇത് വേണോയെന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ മികവുകളെക്കുറിച്ച് വാചാലരാകുന്നവരോട് ചോദിക്കാനുള്ളത്.

1970കള്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാമുള്ള സ്വവർഗാനുരാഗികളുടെ വിളയാട്ടകാലമായിരുന്നു. റാലികള്‍ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയുമെല്ലാം അവര്‍ ഹെറ്ററോനോർമേറ്റിവിറ്റിക്കെതിരെ ബോധവൽക്കരിച്ചുകൊണ്ടിരുന്നു. അതോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1977 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോസ്‌കണിലെ കേസ് ആയിരുന്നു ഇക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്ന്. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആണ്‍കുട്ടികളെ ഇരുപത്തിനാല് സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്ന് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നതായിരുന്നു കേസ്. ബലാല്‍സംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിച്ചുകൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുവാന്‍ സ്വവര്‍ഗാനുരാഗസംഘങ്ങള്‍ ധൃഷ്ട്രരായി. മുന്‍ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്‌യാന്റിന്റെ നേതൃത്വത്തില്‍ ”നമ്മുടെ മക്കളെ രക്ഷിക്കുക” (Save our children) എന്ന തലക്കെട്ടോടെ മാതാപിതാക്കള്‍ക്ക് സ്വവര്‍ഗരതിക്കാര്‍ക്കെതിരെ ഒരു കാമ്പയിന്‍ തന്നെ സംഘടിപ്പിക്കേണ്ടിവന്നു. സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കേണ്ടി വന്ന അമേരിക്കൻ മാതാപിതാക്കളുടെ ഗതികേടാണ് ഹെറ്ററോനോർമേറ്റിവിറ്റി തകർക്കപ്പെടുന്നതോടെ കേരളത്തിലെ മാതാപിതാക്കൾക്കും ഉണ്ടാകാൻ പോകുന്നത് എന്ന ഭയമാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെ സംസാരിക്കാൻ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.

ഹെറ്ററോനോർമേറ്റിവിറ്റി തകർത്തുകൊണ്ട് ഹോമോസെക്ഷ്വാലിറ്റിയെ സ്വാഭാവികലൈംഗികതയായി അംഗീകരിക്കുന്ന അമേരിക്കൻ സംഘങ്ങളുടെ സ്ഥിതിയെക്കുറിച്ച് അമേരിക്കൻ മനഃശാസ്ത്രജ്ഞനും മാനസികാപഗ്രഥന വിദഗ്ധനും ഭൗതികശാസ്ത്രജ്ഞനുമായ ജെഫ്‌റി സാറ്റിനൊവേർ തന്റെ 1996 ൽ പുറത്തിറങ്ങിയ Homosexuality and the Politics of Truth എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധമായ സകല തിന്മകളും നടമാടുന്ന ആൾക്കൂട്ടം; മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളുണ്ടാക്കലും കലാപങ്ങളുമെല്ലാം മുഖമുദ്രയാക്കിയ സമൂഹം; എയ്ഡ്സിനേയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനേയും പോലെയുള്ള രോഗങ്ങളാൽ പൊറുതിമുട്ടുന്നവർ; കുടുംബങ്ങളിൽ നിന്നുള്ള അകൽച്ചയും സാമൂഹ്യബന്ധങ്ങളുടെ തകർച്ചയും സൃഷ്ടിക്കുന്ന സംഘർഷങ്ങളാൽ മനോരോഗികളായിത്തീരുന്നവരുടെ കൂട്ടായ്മ. ഇത്തരം കൂട്ടായ്മകളിലേക്ക് ഇരുപത് വയസ്സിന് മുമ്പ് എത്തിപ്പെട്ടാൽ മുപ്പത് വയസ്സാകുമ്പോഴേക്ക് മരിക്കുകയോ എയ്ഡ്സ് രോഗിയാകുകയോ ചെയ്യുമെന്നാണ് കണക്ക്. ഹെറ്ററോനോർമേറ്റിവിറ്റി തകർക്കപ്പെട്ട സമൂഹത്തിന്റെ ദാരുണമായ ചിത്രം. കേരളത്തെയും ഈ ചിത്രത്തിലേക്ക് കയറ്റണോയെന്നാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനുവേണ്ടി വാദിക്കുന്നവരോട് ചോദിക്കാനുള്ളത്.

ഹെറ്ററോനോർമേറ്റിവിറ്റി തകരുകയും ലൈംഗികതയെ വിലക്കുകളിൽ നിന്ന് സ്വാതന്ത്രമാക്കുകയും ചെയ്ത നാസ്തികരുടെ സ്വർഗമായ സ്കാന്റിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം വിവാഹേതരരതി നടക്കുന്നതെന്നത് അവർക്ക് അഭിമാനമായിരിക്കാം. നമുക്ക് ആ അഭിമാനം വേണോയെന്ന് ചിന്തക്കിക്കാൻ മലയാളികൾ സന്നദ്ധമാകണം. നോർവേയിൽ 41% പേരും ഡെൻമാർക്കിൽ 46% പേരും ഫിൻലാന്റിൽ 36% ശതമാനം പേരും വിവാഹബാഹ്യബന്ധങ്ങളിൽ ഏർപ്പെടുന്നവരാണ് എന്നതാണ് കണക്ക്. വിവാഹിതരായവർക്ക് അതിന്ന് പുറത്തുള്ള ലൈംഗികപങ്കാളികളെ കണ്ടെത്താനായുള്ള ബെൽജിയത്തിലെ വെബ്‌സൈറ്റിൽ പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് പുറത്തെ രതി പരസ്യപ്പെടുത്തിക്കൊണ്ടുള്ളതാണ് അവിടെയെന്നർത്ഥം. ഇതിന്റെ ഫലമായി അവിടെങ്ങളിൽ ലൈംഗിക രോഗങ്ങൾ വ്യാപകമാകുന്നു; സ്വീഡനിൽ ഗൊണോറിയയും സിഫിലിസും 15 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010 ൽ 60 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്. അവിടെ ഓരോ വർഷവും 200 മുതൽ 300 വരെ വളർത്തുമൃഗങ്ങൾക്ക് ലൈംഗികാതിക്രമങ്ങൾ കാരണം പരിക്കേൽക്കേണ്ടി വരുന്നു; കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പെരുകിയതിനാൽ കുട്ടികളുടെ പോർണോഗ്രാഫി 1970ൽ അവിടെ നിരോധിച്ചിരുന്നു. അത് നിയമ വിധേയമാക്കണമെന്ന മുറവിളി ഉയർന്നുകൊണ്ടിരിക്കുകയാണ് അവിടെ. 2012ൽ പൈറേറ്റ് പാർട്ടി ഓഫ് സ്വീഡൻ കുട്ടികളുടെ അശ്ലീല പ്രദർശനം വീണ്ടും നിയമവിധേയമാക്കണമെന്ന് നിർദ്ദേശിക്കുന്ന സ്ഥിതിയുണ്ടായി. ബെൽജിയം മുതൽ സ്പെയിൻ വരെയുള്ള നാടുകളിൽ പലതിലും അഗമ്യഗമനം നിയമവിധേയമാണ്. ആർക്കും രക്ഷയില്ലാത്ത സ്ഥിതി. കുട്ടികളും മൃഗങ്ങളും അമ്മയും പെങ്ങളുമെല്ലാം ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഹെറ്ററോനോർമേറ്റിവിറ്റി തകർന്നാലുള്ള സമൂഹത്തിന്റെ സ്ഥിതിയാണിത്.

ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കാനാണ്; അത് തകർക്കുകയെന്നത് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമാണ്. കുടുംബസംവിധാനത്തെ തകർക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാവുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് അതിന്റെ വക്താക്കൾ തന്നെയാണ്. ഈ ലക്‌ഷ്യം അപകടകരമാണ്. ഈ അപകടത്തിക്കലേക്കുള്ള ഒന്നാമത്തെ കാൽവെപ്പാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം. അതുകൊണ്ടാണ് ധാർമ്മികബോധമുള്ളവർ അതിനെ എതിർക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.