ജെൻഡർ ന്യൂട്രൽ യൂണിഫോം: ലിംഗത്വ അസ്വാസ്ഥ്യത്തിന് കാരണമാകാം !!

//ജെൻഡർ ന്യൂട്രൽ യൂണിഫോം: ലിംഗത്വ അസ്വാസ്ഥ്യത്തിന് കാരണമാകാം !!
//ജെൻഡർ ന്യൂട്രൽ യൂണിഫോം: ലിംഗത്വ അസ്വാസ്ഥ്യത്തിന് കാരണമാകാം !!
ആനുകാലികം

ജെൻഡർ ന്യൂട്രൽ യൂണിഫോം: ലിംഗത്വ അസ്വാസ്ഥ്യത്തിന് കാരണമാകാം !!

Print Now
ജെൻഡർ ന്യൂട്രൽ യൂണിഫോം: നന്മയും തിന്മയും -6

ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധമാക്കുക വഴി അത് ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)മുള്ളവരുടെ എണ്ണം വർധിക്കുവാൻ കാരണമായേക്കാം എന്നതാണ് അതിന്നെതിരെ ഉന്നയിക്കപ്പെടുന്ന മൂന്നാമത്തെ വാദം. ആദ്യം സ്‌കൂളിനകത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയുണ്ടാക്കുകയും അത് മെല്ലെ ജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന എൽജിബിറ്റി ആക്ടിവിസത്തിന്റെ അജണ്ട നടപ്പാക്കപ്പെടുമ്പോൾ കൗമാരക്കാർക്കിടയിൽ ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)മുള്ളവരുടെ എണ്ണം വർധിക്കുവാൻ അത് കാരണമായേക്കും. കാര്യമായ ഗുണഫലങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന് മനസ്സിലാക്കുന്നത് കൊണ്ടും ഒപ്പം തന്നെ ജെൻഡർ ഡിസ്‌ഫോറിയയെപ്പോലെയുള്ള ഗുരുതരമായ മനോരോഗങ്ങളിലേക്ക് പുതിയ തലമുറയെ നയിക്കാൻ കരണമായേക്കുമെന്ന് ഭയപ്പെടുന്നതുകൊണ്ടുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ എതിർക്കുന്നത്.

അപരലിംഗത്വം (transgenderism) പ്രകൃതിപരവും സ്വാഭാവികവുമാണെന്ന് വാദിക്കുന്നവർ പോലും ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)ത്തെ ഒരു അസുഖമായാണ് മനസ്സിലാക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ അമേരിക്കൻ സൈക്ക്യാട്രിക്ക് അസോസിയേഷന്റെ മാനസികരോഗങ്ങളെയും മനോവ്യതിയാനങ്ങളെയും കുറിച്ച പത്രികയുടെ അഞ്ചാം പതിപ്പിൽ (The fifth edition of the Diagnostic and Statistical Manual of Mental Disorders: DSM-5) മാനസിക അസുഖങ്ങളുടെ പട്ടികയിൽ ജെൻഡർ ഡിസ്‌ഫോറിയയുമുണ്ട്. ജന്മനാ ലഭിക്കുന്ന ജീവശാസ്ത്രപരമായ ലിംഗവും വ്യക്തി അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ലിംഗത്വവും തമ്മിൽ പൊരുത്തപ്പെടാത്ത അവസ്ഥയെന്നാണ് അവർ അതിനെ നിർവ്വചിച്ചിരിക്കുന്നത്. തുടർച്ചയായി ആറു മാസമെങ്കിലും താഴെ പറയുന്നതിൽ ഏതെങ്കിലും രണ്ട് ലക്ഷണങ്ങൾ ഒരാൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അയാൾക്ക് ജെൻഡർ ഡിസ്‌ഫോറിയയുണ്ടെന്നാണ് അർത്ഥമെന്നും DSM-5 പറയുന്നുണ്ട്.

1) ഒരാൾ അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വ(gender)വും അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സവിശേഷതകളും തമ്മിലുള്ള പ്രകടമായ പൊരുത്തക്കേട്.
2) ഒരാൾ അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വവുമായുള്ള പ്രകടമായ പൊരുത്തക്കേട് കാരണം അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ശക്തമായ ആഗ്രഹം.
3) എതിർലിംഗത്വമുള്ളവരുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളോടുള്ള ശക്തമായ ആഗ്രഹം.
4) എതിർ ലിംഗത്വത്തിൽ പെട്ടവരാകാനുള്ള ശക്തമായ ആഗ്രഹം.
5) എതിർ ലിംഗത്വത്തിലുള്ളയാളായി പരിഗണിക്കപ്പെടാനുള്ള ശക്തമായ ആഗ്രഹം.
6) എതിർ ലിംഗത്വത്തിലുള്ളയാൾക്കുണ്ടാവുന്ന സാധാരണ വികാരങ്ങളും പ്രതികരണങ്ങളും തനിക്കുണ്ടെന്ന ശക്തമായ ബോധ്യം.

ആണിന് പെണ്ണാകുവാനോ തിരിച്ചോ ശക്തമായ ആഗ്രഹമുണ്ടാകുന്നതിൽ നിന്ന് തുടങ്ങുന്നതാണ് ജെൻഡർ ഡിസ്‌ഫോറിയ. എതിർലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കുക, അവർ പെരുമാറുന്നത് പോലെ പെരുമാറുക, അവരുടെ കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ താല്പര്യമുണ്ടാവുക, കളിക്കൂട്ടുകാരായി എതിർലിംഗത്തിലുള്ളവർ തന്നെ വേണമെന്ന് വാശി പിടിക്കുക, സ്വന്തം ലിംഗത്തിലുള്ളയാളായാണെന്ന് അറിയപ്പെടുന്നതിനെ വെറുക്കുക, സ്വന്തം ലിംഗമുള്ളവർക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ എതിർപ്പ് തോന്നുക, എതിർലിംഗത്തിലുള്ളവരുടെ ലൈംഗികസവിശേഷതകളോട് ശക്തമായ ആഭിമുഖ്യം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള അഭിനിവശം. എതിർലിംഗവസ്ത്രേച്ഛ (transvestism)യെന്ന മനോവ്യതിയാനത്തിൽ നിന്നാണ് ജെൻഡർ ഡിസ്‌ഫോറിയയുടെ തുടക്കമെന്ന് പറയാം.

രണ്ട് തരം എതിർലിംഗവസ്ത്രേച്ഛകളുണ്ട്. എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതിൽ ഭ്രമം തോന്നുകയോ അതിന്ന് വേണ്ടിയുള്ള ഉൾപ്രേരണയുണ്ടാവുകയോ അങ്ങനെയൊരു ശീലം വളർത്തിയെടുക്കുകയോ ചെയ്യുന്നതിനെ ട്രാൻസ്‌വെസ്റ്റിസം (transvestism) എന്നാണ് പറയുക. ചെറുപ്പം മുതൽ എതിർലിംഗക്കാരുടെ വസ്ത്രം ധരിക്കുവാൻ താല്പര്യം കാണിക്കുന്നവരായിരിക്കും ഇവരെങ്കിലും കൗമാരത്തിലെത്തുന്നതോടെയാണ് ഇത് തീവ്രതരമാവുക. കൗമാരക്കാർക്ക് എതിർലിംഗക്കാരുടെ വസ്ത്രം ധരിക്കുമ്പോൾ ശക്തമായ ലൈംഗിക ഉത്തേജനമുണ്ടാവുമ്പോൾ അതിനെ ട്രാൻസ്‌വെസ്റ്റിക് ഡിസോർഡർ (transvestic disorder) എന്നു വിളിക്കും. ഇതാണ് രണ്ടാമത്തെ തരം. ഈ അസുഖമുള്ളത് പുരുഷന്മാർക്കാണെങ്കിൽ താൻ പെണ്ണാണെന്ന് കരുതിക്കൊണ്ട് അവരുടെ വസ്ത്രം ധരിക്കുമ്പോൾ തന്നെ അവർക്ക് ഉത്തജനവും ലിംഗോദ്ധാരണവും സംഭവിക്കും. പെണ്ണാണെങ്കിലും അവൾക്ക് ഉത്തേജനമുണ്ടാകും.

ട്രാൻസ്‌വെസ്റ്റിസം ഒരു ലൈംഗികപ്രശ്‌നം മാത്രമായി ഒതുങ്ങുമ്പോൾ ചികിത്സ വേണ്ടതില്ലെന്നാണ് DSM-5 പറയുന്നത്. ഇത് മനസ്സിനെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് ട്രാൻസ്‌വെസ്റ്റിക് ഡിസോർഡർ അപകടകരമായിത്തീരുക. അത് തീവ്രമായ ദുഖത്തിന് നിമിത്തമാവുകയും ഉപാപചയപ്രവർത്തനങ്ങളെ ബാധിക്കുകയും പരിക്ക്, ജോലിനഷ്ടം, കാരാഗൃഹവാസം എന്നിവയിലേക്ക് നയിക്കുന്ന സ്വഭാവങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ട്രാൻസ്‌വെസ്റ്റിസം ട്രാൻസ്‌വെസ്റ്റിക് ഡിസോർഡറിലേക്ക് നയിക്കുന്നു; ട്രാൻസ്‌വെസ്റ്റിക് ഡിസോർഡറിൽ നിന്ന് ജെൻഡർ ഡിസ്‌ഫോറിയയും മറ്റ് മനോവൈകല്യങ്ങളുമുണ്ടാവുന്നു. ആൺവസ്ത്രം പെണ്ണും പെൺവസ്ത്രം ആണും ധരിക്കുന്നതിൽ നിന്ന് തുടങ്ങുന്നതാണ് ഈ മനോവൈകല്യങ്ങളെല്ലാം എന്ന സത്യം മറച്ചുവെക്കുകയാണ് ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ. കുട്ടികൾക്കാർക്കെങ്കിലും അത്തരം വൈകല്യങ്ങളുണ്ടെങ്കിൽ ചെറുപ്പത്തിൽ തന്നെ ചികിൽസിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അല്ലാതെ അതെല്ലാം സ്വാഭാവികമാണെന്ന് വാഴ്ത്തി അത്തരക്കാരുടെ വൈകൃതങ്ങൾക്കെല്ലാം വിളയാടാൻ സ്വാതന്ത്ര്യമുണ്ടാക്കുകയല്ല.

ജെൻഡർ ഡിസ്‌ഫോറിയയുടെ കാരണങ്ങളെന്തൊക്കെയാണെന്ന് വിശദീകരിക്കാൻ ഇതേവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ജനിതക സ്വാധീനങ്ങളും (genetic influences) ഹോർമോൺ ഘടകങ്ങളും (hormonal factors) പാരിസ്ഥിതിക ഭാവങ്ങളുമെല്ലാം (environmental features) ഇതിനെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞുപോകാനല്ലാതെ എന്തുകൊണ്ടാണിത് ഉണ്ടാകുന്നതെന്ന് കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിശദീകരിക്കാനാകാത്തതിനാൽ അത് ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ആ രംഗത്ത് നടക്കുന്ന ആത്മാർത്ഥമായ ഗവേഷണങ്ങൾ അപരലിംഗത്വവും വൈകല്യമാണെന്ന വസ്തുത പുറത്തുകൊണ്ടുവരുമോയെന്ന് ഭയക്കുന്നത് കൊണ്ടുതന്നെ ട്രാൻസ്‌ഫോബിക് എന്ന് ചാപ്പ കുത്തി അനുവദിക്കാതിരിക്കുകയാണ് ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ ചെയ്യുന്നത്.

ജെൻഡർ ഡിസ്‌ഫോറിയയുമായി ജനിക്കുന്നവർ ശരാശരി 0. 005 ശതമാനം പേരാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ അമേരിക്കയിലെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയെത്തിയ ആയിരം പേരിൽ ആറു പേരും ട്രാൻസ്ജെൻഡറുകളാണെന്ന് വെളിപ്പെടുത്തുന്നവരാണ്. ഇത് കാണിക്കുന്നത് ആയിരം ട്രാൻസ്‌ജൻഡറുകളിൽ ഒരാൾ മാത്രമാണ് ജനിതകമായ കാരണങ്ങളാൽ അങ്ങനെ ആയിത്തീരുന്നതെന്നാണ്. ബാക്കിയുള്ള മിക്കവരും പാരിസ്ഥിതികപ്രശ്‍നങ്ങളാൽ അങ്ങനെ ആകുന്നവരാണെന്നർത്ഥം. കുട്ടികൾ ജെൻഡർ ഡിസ്‌ഫോറിയ പ്രകടിപ്പിക്കാനാരംഭിക്കുന്നത് നാലര വയസ്സിനും 6.7 വയസ്സിനുമിടയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ ദശകത്തിലുള്ളതിനേക്കാൾ ഇരട്ടിയിലധികം ഇത്തരം കേസുകൾ ഈ ദശകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജെൻഡർ ഡിസ്‌ഫോറിയ സാധാരണമാകുന്ന നാളെയിലേക്കുള്ള ഈ പോക്ക് ഭയാനകമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കളുടെ മീഡിയാ ക്യാമ്പയിനിങ് മുതൽ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ വരെയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. അതുകൊണ്ടാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബ്ബന്ധിതമായി അടിച്ചേൽപ്പിക്കുന്നതിനെ ധാർമ്മികതയുടെ വക്താക്കൾ എതിർക്കുന്നത്. ആണിനേയും പെണ്ണിനേയും തിരിച്ചറിയാത്ത വസ്ത്രങ്ങൾ അപകടകരമാണെന്ന് പറയാനുള്ള മൂന്നാമത്തെ കാരണം അത് ജെൻഡർ ഡിസ്‌ഫോറിയയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.