ജെൻഡർ ന്യൂട്രൽ യൂണിഫോം: എതിർപ്പെന്തുകൊണ്ട് ?

//ജെൻഡർ ന്യൂട്രൽ യൂണിഫോം: എതിർപ്പെന്തുകൊണ്ട് ?
//ജെൻഡർ ന്യൂട്രൽ യൂണിഫോം: എതിർപ്പെന്തുകൊണ്ട് ?
ആനുകാലികം

ജെൻഡർ ന്യൂട്രൽ യൂണിഫോം: എതിർപ്പെന്തുകൊണ്ട് ?

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച ഡോ: എം. കെ. മുനീറിന്റെ പരാമർശങ്ങൾ വിവാദമായിരിക്കുകയാണല്ലോ. വിദ്യാർത്ഥികളുടെ വസ്ത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള എതിർപ്പയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളെ പലരും വളച്ചൊടിക്കുന്നത്. ആറാം നൂറ്റാണ്ടിലെ മാനസികാവസ്ഥ വെച്ചുകൊണ്ടുള്ളതാണ് ഇത്തരം പരാമർശങ്ങൾ എന്ന് പ്രാസ്താവിക്കുന്നതോടെ മതത്തെ പ്രതിക്കൂട്ടിലാക്കാമെന്ന് കരുതുന്നവരുമുണ്ട്. വിഷയത്തിന്റെ കാതൽ കാണാതെയുള്ളതാണ് ഇത്തരം പ്രതികരണങ്ങൾ. ജെൻഡർന്യൂട്രൽ യൂണിഫോമിനോട് ഉയരുന്ന എതിർപ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിർപ്പല്ല; പെണ്ണ് പാന്റുടുക്കുന്നതും പുരുഷൻ പാവാടയിടുന്നതും ഉൾക്കൊള്ളാൻ സമൂഹത്തിൽ ചിലർക്ക് കഴിയാത്തതാണ് ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തൽ വിഷയത്തിന്റെ മർമ്മം കാണാതെയുള്ളതാണ്.

ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല; അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഒരാളുടെ ഇഷ്ടം തീരുമാനിക്കുന്നത് അയാളുടെ ധാർമ്മികതയോ സംസ്കാരമോ മതമോ സ്വാതന്ത്ര്യമോ കാഴ്ചപ്പാടുകളോ എന്തുമാകാം; അയാളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയെന്നതാണ് ജനാധിപത്യം. വസ്ത്രസ്വാതന്ത്ര്യത്തിൽ ഇടപെടുകയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാനുള്ള തീരുമാനം എന്നതാണ് അത് എതിർക്കപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം.

ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ വസ്ത്രം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിർവ്വഹിച്ച അതേ ദിവസം, 2021 ഡിസംബർ 15 വൈകുന്നേരം 4: 25 ന് ട്വിറ്ററിൽ ഉന്നതവിദ്യാഭ്യസ- സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ: ആർ ബിന്ദുവിന്റെ വരികൾ ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. ആ ഉത്തരത്തോടാണ്, അല്ലാതെ ഏതെങ്കിലും വസ്ത്രങ്ങളോടല്ല, ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നവരുടെ എതിർപ്പ്. മന്ത്രിയുടെ ട്വീറ്റിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം: “സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവ്വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നു കൊടുക്കണം.”

സ്ത്രീ-പുരുഷസമത്വമുണ്ടാക്കുകയല്ല, എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ ഹെറ്റെറോനോർമേറ്റിവ് പൊതുബോധത്തെ തകർക്കുകയുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നർത്ഥം. ഈ തകർക്കൽ അപകടകരമാണ് എന്ന് കരുതുന്നവരാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നത്. ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കുഞ്ഞുങ്ങളെ വളർത്തിയാൽ എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ പൊതുബോധത്തെ തകർക്കുവാൻ കഴിയുമെന്ന് കരുതുന്നവരാണ് ഈ യൂണിഫോം അടിച്ചേൽപ്പിക്കലിന് പിന്നിലുള്ളതെന്ന് മന്ത്രിയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എൽ. ജി. ബി. ടി ആക്ടിവിസം എന്ന് വിളിക്കപ്പെടുന്നതും അന്താരാഷ്‌ട്ര തലത്തിൽ ലോബിബിയിങ്ങ് നടത്തി നിലനിൽക്കുന്നതുമായ ഈ ആശയധാരയുൾക്കൊള്ളുന്ന ബുദ്ധിജീവികളുടെ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമാണിത്. യാതൊരു വിധ ശാസ്ത്രീയമായ പഠനങ്ങളും നടക്കാത്ത- നടത്താൻ സമ്മതിക്കാത്ത ആശയം.

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകർക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന് ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വസ്ത്രം അടിച്ചേൽപ്പിക്കണമെന്ന ചിന്തയുമുണ്ട്. ഈ ലക്ഷ്യമോ ആശയമോ ചിന്തയോ ശാസ്ത്രീയമാണോ? അവയാണ് ശരിയെന്ന് വല്ല പഠനങ്ങളും തെളിയിച്ചിട്ടുണ്ടോ? വസ്തുനിഷ്ഠമായ വല്ല സ്ഥിതിവിവരക്കണക്കുകളും അവയെ സ്ഥാപിക്കുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. പക്ഷെ അങ്ങനെ ഉത്തരം പറയാൻ പോലും സമ്മതിക്കാത്ത, പറഞ്ഞാൽ ട്രാൻസ്‌ഫോബിക് എന്നും ഹോമോഫോബിക് എന്നും മുദ്ര കുത്തി നിയമനടപടികൾക്ക് വിധയമാക്കാൻ വരെ ധൃഷ്ടമാകും വിധം ശക്തമാണ് ഇന്ന് എൽജിബിറ്റി ആക്ടിവിസം. പ്രസ്തുത ആക്ടിവിസത്തിന് വിനീതവിധേയരായി അധാർമ്മികതകളുടെ കൂത്തരങ്ങാക്കാൻ കേരളത്തെ ഒരുക്കിക്കൊടുക്കുന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധിക്കുന്ന നടപടിയെന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ് അതിന്നെതിരെ ശബ്ദിക്കുന്നത്. സ്വാതന്ത്രലൈംഗികതയുടെ ദ്രംഷ്ടങ്ങങ്ങളാൽ ലോകരാഷ്ട്രങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന എൽജിബിറ്റി പൊളിറ്റിക്സ് കേരളത്തിന്റെ ധാർമ്മികതയെയും തകർക്കുമെന്ന് അത് സംഹാരമാടിക്കൊണ്ടിരിക്കുന്ന നാടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും മനസ്സിലാകുന്നുവെന്നതിന്നതിനാലുള്ളതാണ് ഈ എതിർപ്പ്.

എൽജിബിറ്റി പൊളിറ്റിക്സിന്റെ ആത്യന്തികമായ ലക്ഷ്യം ആർക്കും ഇപ്പോഴും ലിംഗമാറ്റം നടത്താവുന്ന, ആർക്കും ഏതുരൂപത്തിലുമുള്ള ലൈംഗികത ആസ്വദിക്കാൻ കഴിയുന്ന ഒരു സമൂഹനിർമ്മിതിയാണ്. ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയെന്നാൽ അത്തരമൊരു സമൂഹനിർമ്മിതി നടത്തുകയെന്നാണർത്ഥം. എതിർവർഗ്ഗപ്രണയവും സ്വവർഗ്ഗരതിയും ഉഭയവർഗാനുരാഗവും ശിശുകാമവും ശവഭോഗവും മൃഗസുരതവും അഗമ്യഗമനവുമെല്ലാം സ്വാഭാവിക ലൈംഗികപ്രവർത്തനങ്ങളായി അംഗീകരിക്കപ്പെടുന്ന, അവയോട് താല്പര്യമുള്ളവർക്ക് അവയെല്ലാം അനുഭവിക്കുവാൻ യാതൊരുവിധ സങ്കോചവും തോന്നേണ്ടതില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യം. അതിലേക്ക് മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതിന്റെ ഒന്നാം ഘട്ടമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നാണ് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അതിന്നർത്ഥം.

ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള വസ്ത്രം അടിച്ചേൽപ്പിക്കുന്നത് വഴി സ്വന്തം ലിംഗത്വത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത (gender nonconforming) അടുത്ത തലമുറ ഉണ്ടാവുകയാണ് ചെയ്യുകയെന്നതാണ് വാസ്തവം. ഇക്കാര്യം ജെൻഡർ ന്യൂട്രൽ യൂണിഫോം പരീക്ഷിച്ച നാടുകളിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാമൂഹ്യനിർമ്മിതി തന്നെയാണ് ഹെറ്റെറോനോർമേറ്റിവ് പരികല്പനകൾ തകർക്കപ്പെട്ടാൽ സംഭവിക്കാൻ പോകുന്നത്. എല്ലാ തരം ലൈംഗികവൈകൃതങ്ങളെയും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന ക്വിയർ നോർവേറ്റിവ് സമൂഹമുണ്ടാകണമെങ്കിൽ ജെൻഡർ നോൺ കൺഫോമിംഗ് ആയ വ്യക്തികൾ വളർന്നു വരണം. തങ്ങൾ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ബാല്യമുണ്ടാവണം. ഓരോരുത്തരും സ്വന്തം ലിംഗത്വമെന്താണെന്ന് തീരുമാനിക്കേണ്ടത് കൗമാരത്തിലെത്തിയ ശേഷം മാത്രമാകണം. അതിനായാണ് എൽജിബിറ്റി ആക്ടിവിസം ജെൻഡർ ന്യൂട്രാലിറ്റിയെ പ്രൊമോട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ധാർമ്മികബോധമുള്ളവർ അതിനെ എതിർക്കുന്നത്.

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ അനുകൂലിക്കുന്നവർ ആൺ-പെൺ സമത്വത്തിലേക്കുള്ള ചുവടുവെപ്പായാണ് അതിനെ അവതരിപ്പിക്കാറുള്ളത്. എൽജിബിടി ആക്ടിവിസത്തെയോ അവരുടെ പ്രവർത്തനപദ്ധതികളെയോ കുറിച്ച് യാതൊന്നുമറിയാത്ത അവരിൽ ചിലർ മനസ്സിലാക്കുന്നത് ഇതൊരു സമത്വപ്രശ്നമായും ലിംഗനീതിയ്ക്ക് വേണ്ടിയുള്ള കാൽവെപ്പായുമെല്ലാമാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി കുറേക്കൂടി ഊഷ്മളമായ സൗഹൃദമുണ്ടാക്കാനും ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാക്കുവാനും കഴിയുമെന്നാണ് വാദിക്കപ്പെടുന്നത്. വസ്ത്രധാരണത്തിലെ ഐകരൂപ്യം വഴി സൗഹൃദം ഊഷ്മളമാകുമെന്നും തുല്യതാബോധമുണ്ടാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? അത്തരത്തിലുള്ള വല്ല പഠനവും നടന്നിട്ടുണ്ടോ? അങ്ങനെയൊന്നും നടന്നതായി ഈ വാദമുന്നയിക്കുന്നവർ തന്നെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല.

വസ്ത്രം ഓരോരുത്തരുടെയും സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്വം ഇല്ലാതാക്കിക്കൊണ്ടുള്ള സൗഹൃദത്തിന് യാന്ത്രികതയാണുണ്ടാവുകയെന്നതാണ് സത്യം. സ്വത്വം മറച്ചുവെച്ചുകൊണ്ടുള്ള, സ്വാഭാവികമല്ലാത്ത സൗഹൃദം വഴിയുണ്ടാകുന്ന ബന്ധങ്ങൾക്ക്, അത് കേവലമായ സ്നേഹബന്ധമാണെങ്കിലും പ്രണയമാണെങ്കിലും, സ്ഥായീഭാവമുണ്ടാവുകയില്ല. തികച്ചും യാന്ത്രികമായ കൊടുക്കൽ വാങ്ങലുകൾ മാത്രമേ അതിലൂടെയുണ്ടാവൂ. വസ്ത്രം ഒരേപോലെയായാൽ ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാകുമെന്നതിന് തെളിവുകളൊന്നുമില്ല. അത് വഴി തുല്യതാബോധമുണ്ടാകുമെന്ന് വാദിക്കുന്നവർ അങ്ങനെ വാദിക്കുന്നതിന്റെ ശാസ്ത്രീയമായ അടിസ്ഥാനമെന്താണ് എന്ന് വ്യക്തമാക്കേണ്ടേതുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്തതിനാലാണ് അങ്ങനെയൊന്നും ഉദ്ധരിക്കപ്പെടാത്തത്. ശാസ്ത്രീയമായ ഒരു പഠനവും ആ വാദത്തെ സ്ഥാപിക്കുന്നില്ല; സ്ഥിതിവിവരക്കണക്കുകളൊന്നും അതിനെ സ്ഥിരീകരിക്കുന്നുമില്ല. കേവലമായ ഊഹത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പരികല്പനയാണത്. അത്തരം പരികല്പനകളുടെ പരീക്ഷണത്തിന് വേണ്ടി ഭാവിപൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് ന്യായീകരിക്കാനാവില്ല.

ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ തങ്ങൾ ആൺകുട്ടികളെപ്പോലെ തന്നെയാണെന്നും ഒട്ടും കുറവല്ലെന്നുമുള്ള ധാരണയുണ്ടാക്കുകയും അപകർഷതയില്ലാതെ സമൂഹത്തിൽ ഇടപെടാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു വാദം.
ഏത് തരം സ്വത്വമാണെങ്കിലും ആ സ്വത്വത്തെ അംഗീകരിക്കാതെയുള്ള നടപടികളൊന്നും തന്നെ അതുമായി ബന്ധപ്പെട്ട അപകർഷതകളുണ്ടെങ്കിൽ അവയെ പരിഹരിക്കാനുതകുകയില്ല എന്ന സാമൂഹ്യശാസ്ത്രയാഥാർഥ്യം അംഗീകരിക്കാതെയുള്ള വാദമാണിത്. കറുത്തവരും വെളുത്തവരുമുള്ള ഒരു സമൂഹത്തിൽ വെളുത്തവർ കറുത്തവരെക്കാൾ പഠനത്തിൽ മുന്നിലാണെന്നും അതിനാൽ കറുത്തവരെന്ന അപകർഷതാബോധം നിലനിൽക്കുന്നുവെന്നും കരുതുക. കറുത്തവരുടെ സംസ്കാരവും രീതികളുമെല്ലാം ഉപേക്ഷിച്ച് വെളുത്തവരുടേത് സ്വീകരിച്ചാൽ ഈ അപകർഷത കൂടുകയും വെള്ളക്കാരോടുള്ള മാനസികമായ അടിമത്തം വർധിക്കുകയും മാത്രമേയുള്ളൂ. കറുത്തവരുടെ സംസ്കാരവും രീതികളുമെല്ലാം അവരുടെ സ്വത്വമാണെന്ന് മനസ്സിലാക്കുകയും അവ നിലനിർത്തിക്കൊണ്ട് തന്നെ അപകർഷതയില്ലാതെയാക്കാൻ എങ്ങനെ കഴിയുമെന്ന് ചിന്തിക്കുകയും നടപ്പാക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥത്തിലുള്ള പരിഹാരമാവുക.

പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിക്കുകയും അവരുടെ സ്വത്വങ്ങളെ പരിഗണിക്കുകയും ചെയ്തു കൊണ്ടാണ് അവരിൽ ആർക്കെങ്കിലും സ്വന്തം സ്വത്വത്തിന്റെ പേരിൽ അപകർഷതയുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനാവശ്യമായ മാർഗങ്ങൾ ആരായേണ്ടത്. അല്ലാത്ത പക്ഷം ഏത് സ്വത്വത്തിന്റെ രീതികളാണോ സ്വീകരിക്കപ്പെടുന്നത് അവരോടുള്ള മാനസികാടിമത്തത്തിന് മാത്രമേ നിമിത്തമാകൂ. ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പേരിൽ ആൺവസ്ത്രങ്ങൾ അടിച്ചേല്പിക്കപ്പെടുമ്പോൾ ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുന്ന ലിബറലിസ്റ്റ് രീതിക്ക് ആക്കം വർധിക്കുക മാത്രമേയുള്ളൂ. പെൺവസ്ത്രങ്ങളാണ് അടിച്ചേല്പിക്കപ്പെടുന്നതെങ്കിൽ അത് ഒരുതരം കോമാളിത്തം മാത്രമാണാവുകയെന്ന് എല്ലാവർക്കുമറിയാം. ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുകയല്ല, പകരം പെണ്ണവസ്ഥകളെ സ്വാഭാവികമായി മനസ്സിലാക്കുകയും അത് ആണവസ്ഥകളെക്കാൾ ഒട്ടും അധമമല്ലെന്ന് ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് അപകർഷതയില്ലാതെയാക്കാൻ കഴിയുക. ആ രംഗത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം വിപരീതഫഫലം മാത്രമേയുണ്ടാക്കൂ. വസ്ത്രസ്വത്വങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ വിദ്യാഭ്യാസ-സാമൂഹ്യരംഗങ്ങളിൽ അപകർഷതയില്ലാതെ മുന്നേറാനാവുമെന്ന് മലബാറിലെ സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. മതപരമായ വസ്ത്രസ്വത്വത്തെ അപകർഷതയായി മനസ്സിലാക്കാതെ അവ അഭിമാനപൂർവ്വം പ്രകടിപ്പിച്ചുകൊണ്ട് തന്നെ വിദ്യാഭ്യാസരംഗത്ത് മുന്നേറുവാനുള്ള മാർഗങ്ങളുണ്ടാക്കിയതുകൊണ്ടാണ് ആ രംഗത്തെ നവോത്ഥാനമുണ്ടായത്.

അപരലിംഗത്വമുള്ളവരെ (transgender) ഉൾക്കൊള്ളുവാനും അത് വഴി അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമാകുവാനും ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി സാധിക്കുമെന്ന വാദമാണ് പിന്നെ ഉന്നയിക്കപ്പെടുന്നത്. അപരലിംഗത്വമുള്ളവരുടെ പ്രശ്നം ഏതെങ്കിലുമൊരു വസ്ത്രമാണെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഇത്തരം പരിഹാരങ്ങൾ നിർദേശിക്കപ്പെടുന്നത്. അവരുടെ പ്രശ്‍നങ്ങളിലൊന്ന് മാത്രമാണ് എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള ഇച്ഛ (transvestism). എല്ലാവരുടെയും വസ്ത്രം ഒന്നുതന്നെയാക്കിയാൽ ഈ ഇച്ഛ ഇല്ലാതെയാകുമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നും തന്നെയില്ല. ആൺഅപരലിംഗത്വമുള്ളയാൾക്ക് (transman) ചിലപ്പോൾ ആൺവസ്ത്രം അടിച്ചേല്പിക്കപ്പെടുമ്പോൾ അത് സന്തോഷം നൽകിയേക്കാം. എന്നാൽ പെൺഅപരലിംഗത്വമുള്ളയാൾ (transwoman) അപ്പോഴും മാനസികമായി അസംതൃപ്തയായിരിക്കും.

അപരലിംഗത്വമുള്ളവരുടെ പ്രയാസങ്ങൾ അംഗീകരിക്കുകയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കുകയും ചെയ്യുവാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങളാണുണ്ടാവേണ്ടത്. അത് സമ്മതിക്കാതെ അവർ അനുഭവിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും മറവിൽ LGBTQIA+ ലൈംഗികാഭിനിവേശങ്ങളെയെല്ലാം ന്യായീകരിക്കാനാണ് ഇന്ന് ആ രംഗത്തെ ആക്ടിവിസ്റ്റുകൾ ശ്രമിക്കുന്നത്. അവരുടേത് ദുരിതങ്ങളാണ് എന്ന് അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ നടക്കൂ. അത് അംഗീകരിക്കാതെ, അവരെ മുന്നിൽ നിർത്തിക്കൊണ്ട് എല്ലാ തരം വൈകൃതങ്ങളെയും ന്യായീകരിക്കുവാൻ അവരെ മറയാക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. അവരുടേത് ദുരിതങ്ങളാണ് എന്ന് കരുതുന്നത് പോലും ക്രിമിനൽ കുറ്റമായി കാണുകയും അവ പരിഹരിക്കാനായുള്ള ഗവേഷങ്ങണളെയും പഠനങ്ങളെയുമെല്ലാം ശക്തിയുപയോഗിച്ച് തടയുകയും ചെയ്യുകയാണ് എൽജിബിറ്റി ആക്ടിവിസം ഇന്ന് ചെയ്യുന്നത്.

മനുഷ്യൻ എന്ന് മുതൽ വസ്ത്രമുടുക്കാൻ ആരംഭിച്ചുവോ അന്ന് മുതൽ തന്നെ ആണിനേയും പെണ്ണിനേയും അവരുടെ ലിംഗം തിരിച്ചറിയുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ച് വന്നിരുന്നത്. മനുഷ്യശരീരത്തിൽ വളരുന്ന ഒരു തരം പേനിന്റെ ജനിതകാപഗ്രഥനത്തിൽ നിന്ന് 170,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യർ വസ്ത്രങ്ങളുടുക്കാൻ ആരംഭിച്ചിരുന്നുവെന്ന നിഗമനത്തിൽ ചില ഗവേഷകർ എത്തിയിട്ടുണ്ടെങ്കിലും അതിന്ന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ല. മുപ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് ശിലായുഗസംസ്കാരത്തിൽ തന്നെ ജന്തുക്കളുടെ ചർമ്മം കൊണ്ട് ശരീരം മൂടുന്ന പതിവുണ്ടായിരുന്നതായി ചില ശിലാലിഖിതങ്ങളും ചുമർചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന് 2400 വർഷങ്ങൾക്ക് മുമ്പുള്ള സുമേറിയൻ പ്രതിമകൾ അക്കാലം മുതലെങ്കിലും ആണും പെണ്ണും അവരുടെ ലിംഗമെന്താണെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു വസ്ത്രങ്ങളെടുത്തതെന്നാണ് മനസ്സിലാക്കിത്തരുന്നത്. എല്ലാ സംസ്കാരങ്ങളിലും ഈ വസ്ത്രവ്യത്യാസം നില നിന്നിരുന്നു. ചുരുങ്ങിയത് അയ്യായിരം വർഷങ്ങളെങ്കിലുമായി ആണും പെണ്ണും അവരെ തിരിച്ചറിയുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട് എന്നാണ് ഇതിന്നർത്ഥം.

നരവർഗം നാഗരികമനുഷ്യരായ കാലം മുതൽ തുടരുന്നതാണ് ആണും പെണ്ണും വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലം. അതിന്ന് ശാസ്ത്രീയമായ അടിത്തറയുമുണ്ട്. പിന്നെയെന്തിനാണ് ഈ ശീലത്തിനെതിരെ പടവാളോങ്ങുകയും പ്രകൃതിവിരുദ്ധമായ വസ്ത്രസംസ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ? ഉത്തരം ഒന്ന് മാത്രമാണ്. എൽജിബിറ്റി പൊളിറ്റിക്സിന്റെ ഇപ്പോഴത്തെ അജണ്ട ഹെറ്ററോ നോർമിറ്റിവിറ്റിയെ തകർക്കുകയാണ്. അതിന്ന് ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ അടിച്ചേൽപ്പിക്കണമെന്നാണ് തീരുമാനം. ആ തീരുമാനത്തിനെതിരെ ചെറുവിരലെങ്കിലും അനക്കാൻ ലിബറലിസത്തിന്റെ ചഷകത്തിനടിയിൽ വാലുകൾ കുടുങ്ങിപ്പോയ ഭരണാധികാരികൾക്കോ ബുദ്ധിജീവികൾക്കോ ശാസ്ത്രജ്ഞർക്കോ കഴിയില്ല. എൽജിബിറ്റി ആക്ടിവിസ്റ്റുകൾ പറഞ്ഞുകൊടുക്കുന്നതെല്ലാം അക്ഷരത്തെറ്റില്ലാതെ ആവർത്തിക്കാനാണ് അവരുടെയെല്ലാം നിയോഗം.

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നത് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കാനാണ്; അങ്ങനെ തകർക്കപ്പെട്ടാൽ പിന്നെ ലൈംഗികമായ ആഭാസങ്ങളാണ് നടമാടാൻ പോകുന്നത്. പെൺവിമോചനത്തിന്റെ ലേബലൊട്ടിച്ച് സ്ത്രീയെ കിടപ്പറയിൽ ആസ്വദിക്കാൻ മാത്രമുള്ളവളാക്കിത്തീർക്കുകയും കുടുംബത്തിന്റെ സംരക്ഷണത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്യും. അത് അവളെ ദുരിതത്തിലേക്കേ നയിക്കൂ. ലൈംഗികത വ്യാപകമാകുകയും കുടുംബത്തിന് വിലയില്ലാതാവുകയും ചെയ്യുന്നതോടെ നശിക്കുക കുടുംബം എന്ന സംവിധാനമാണ്. മക്കൾക്ക് മാതാപിതാക്കളിൽ അവകാശങ്ങളൊന്നുമില്ലാത്ത സ്ഥിതിയാണ് അതുകൊണ്ടുണ്ടാവുക. അടുത്ത തലമുറയുടെ മാനസികവും വൈകാരികവുമായ ആരോഗ്യം നശിക്കുന്നതിന് അത് നിമിത്തമാകും. കുടുംബസ്ഥാപനം തകർന്നാൽ സമൂഹം തകരും. മാനവരാശിയുടെ നാശമായിരിക്കും അത്; വലിയ തകർച്ച.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • Well done

    Abdul Rasheed V K 02.08.2022
  • Masha Allah

    Yousuf 04.08.2022

Leave a comment

Your email address will not be published.