ജെറുസലേമും ഇസ്‌ലാമും

//ജെറുസലേമും ഇസ്‌ലാമും
//ജെറുസലേമും ഇസ്‌ലാമും
ആനുകാലികം

ജെറുസലേമും ഇസ്‌ലാമും

ബേത്ത് ഹാം മിഖ്ദാസിന്റെ പണി കഴിഞ്ഞപ്പോൾ സോളമൻ അവിടെ വെച്ച് പ്രാർത്ഥിച്ചതായുള്ള ബൈബിൾ വചനത്തിന്റെ അടിസ്ഥാനത്തിലാണ് (1 രാജാക്കന്മാർ 8: 35) ദേവാലയം തകർക്കപ്പെട്ട ശേഷം വ്യത്യസ്ത ദേശങ്ങളിലേക്ക് കുടിയേറിയ യഹൂദർ ജെറുസലേം നഗരത്തിലേക്ക് തിരിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്ന സമ്പ്രദായമുണ്ടായതെന്നാണ് തൽമൂദ് (Talmud, Berachot 30a; Shulchan Aruch Harav, Orach Chaim 94: 1) പറയുന്നത്. മറുനാടുകളിലുള്ളവർ ജെറുസലേം പട്ടണത്തിന് നേരെയും ജെറുസലേമിലുള്ളവർ ബേത്ത് ഹാം മിഖ്ദാസിന് നേരെയും അതിന്നകത്തുള്ളവർ അതിലെ അതിവിശുദ്ധസ്ഥാനത്തിന് (Holy of Holies) നേരെയും തിരിഞ്ഞ് പ്രാർത്ഥിക്കണമെന്നാണ് നിയമം.

ക്രിസ്താബ്ദം 610 ൽ മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്ന കാലത്ത് അറേബ്യയിലുണ്ടായിരുന്ന യഹൂദർ ജെറുസലേമിലേക്ക് തിരിഞ്ഞാണ് അവരുടെ പ്രാർത്ഥനകൾ നിർവ്വഹിച്ചിരുന്നത്. ഹിജ്‌റക്ക് ഒരു വർഷം മുമ്പ്, അഥവാ ക്രിസ്താബ്ദം 622 ഫെബ്രുവരിയിൽ മുസ്‌ലിംകൾക്ക് അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കിയത് മുതൽ 624 ജനുവരി വരെ രണ്ട് വർഷത്തോളം മുസ്‌ലിംകളും അനുഷ്ഠാനപ്രാർത്ഥനകൾ നിർവ്വഹിച്ചിരുന്നത് ജെറുസലേമിലേക്ക് തിരിഞ്ഞായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെ ഖിബ്‌ലയാണ് മസ്ജിദുൽ അഖ്‌സയെന്നർത്ഥം.

ഇസ്‌റാഅ്, മിഅ്‌റാജ്

മസ്ജിദുൽ ഹറാമിൽ നിന്ന് ഒരൊറ്റ രാത്രി കൊണ്ട് പ്രവാചകൻ (സ) മസ്ജിദുൽ അഖ്‌സയിലേക്ക് നിശാപ്രയാണം (ഇസ്‌റാഅ്) നടത്തിയ സംഭവം അദ്ദേഹത്തിലൂടെയുണ്ടായ ഒരു പ്രധാനപ്പെട്ട അമാനുഷികദൃഷ്ടാന്തമായി ഖുർആൻ എടുത്ത് പറയുന്നുണ്ട് (27: 1). മസ്ജിദുൽ അഖ്‌സയിൽ നിന്ന് തിരുദൂതർ ആകാശലോകങ്ങളിലേക്ക് യാത്രചെയ്തതായും മലക്കുകളെയും പ്രവാചകന്മാരെയുമെല്ലാം കണ്ടുമുട്ടിയതായും അല്ലാഹുവുമായി നേരിട്ട് സംഭാഷണം നടത്തിയതായുമെല്ലാം സ്വഹീഹായ ഹദീഥുകളിലുണ്ട്. ആ യാത്രയിൽ അന്തിമപ്രവാചകൻ (സ) മറ്റു പ്രവാചകന്മാർക്കെല്ലാം ഇമാമായി നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചത് മസ്ജിദുൽ അഖ്‌സയിൽ വെച്ചാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അന്തിമപ്രവാചകനുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങൾ നടന്ന പ്രദേശമാണ് മസ്ജിദുൽ അഖ്‌സയെന്നർത്ഥം.

ക്രൈസ്തവ റോമും പ്രവാചകനും

ബൈസന്റൈൻ റോമും സസാനിയൻ പേർഷ്യയും പ്രവാചകന്റെ(സ) കാലത്തെ പ്രധാനപ്പെട്ട രണ്ട് സാമ്രാജ്യങ്ങളായിരുന്നു. ഈ സാമ്രാജ്യങ്ങൾ തമ്മിൽ ക്രിസ്താബ്ദം 620 ൽ നടന്ന യുദ്ധത്തിൽ വേദക്കാർ എന്ന നിലയിൽ മുസ്‌ലിംകൾ അനുഭാവം വെച്ച് പുലർത്തിയിരുന്ന റോമാക്കാർ വിഗ്രഹാരാധകരും പരലോകനിഷേധികളുമെന്ന നിലയിൽ മക്കാമുശ്രിക്കുകൾ അനുഭാവം വെച്ച് പുലർത്തിയിരുന്ന പേർഷ്യക്കാരോട് പരാജയപ്പെട്ടത് മുസ്‌ലിംകളെയെല്ലാം സങ്കടപ്പെടുത്തി. ഖിന്നരായിരുന്ന വിശ്വാസികളെ സമാധാനിപ്പിച്ചു കൊണ്ട് ‘ഏതാനും വർഷങ്ങൾക്കുള്ളിൽ റോമാക്കാർ വിജയിക്കും'(30: 1-4) എന്ന് ഖുർആൻ പ്രവചിച്ചതും 627 ൽ ആ വിജയം നടന്നതും അതോടനുബന്ധിച്ച് നിരവധി പേർ ഇസ്‌ലാം സ്വീകരിച്ചതുമായ സംഭവങ്ങൾ നിയാറു ബിൻ മുക്രമുൽ അസ്‌ലമിയിൽ നിന്ന് സ്വഹീഹായ സനദോടെ തിർമിദിയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജെറുസലേമിന്റെ കൈകാര്യകർതൃത്വമുണ്ടായിരുന്ന ക്രിസ്ത്യൻറോമിനെ എത്രത്തോളം ആദരവോടെയാണ് പ്രവാചകനും അനുയായികളും കണ്ടിരുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് മുഹമ്മദ് നബി (സ) 628 ൽ എഴുതിയ കത്ത് സന്ദേശവാഹകനായ ദിഹ്‌യാ ബിൻ ഖലീഫത്തുൽ ഖൽബിയിൽ നിന്ന് റോമാ ചക്രവർത്തി ഹിറാക്ലിയസ് കൈപ്പറ്റിയത് ജെറുസലേമിൽ വെച്ചായിരുന്നു. പേർഷ്യക്കാരോട് പോരാടി വിജയിച്ചതിന് കർത്താവിനോട് നന്ദി പ്രകടിപ്പിക്കാനായി തീർത്ഥാടനത്തിന് വന്ന അദ്ദേഹം കത്ത് കിട്ടിയ ഉടനെ അവിടെ കച്ചവടക്കാരായി വന്നിരുന്ന അറബികളുടെ നേതാവായ അബൂ സുഫിയാനോട് മുഹമ്മദ് നബിയെക്കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്ന് മുഹമ്മദ് നബി (സ) പ്രവാചകനാണെന്ന് മനസ്സിലാവുകയും ഇസ്‌ലാമിനോട് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി അബ്ദുല്ലാഹിബ്നു അബ്ബാസിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്. കൊട്ടാരപുരോഹിതന്മാരുടെയും പ്രഭുക്കളുടെയും എതിർപ്പുകൾ ഭയപ്പെട്ടാണ് താൻ പരസ്യമായി ഇസ്‌ലാം സ്വീകരിക്കാത്തതെന്ന് സൂചിപ്പിക്കുകയും യഥാർത്ഥത്തിൽ താൻ മുസ്‌ലിമാണെന്ന് പറയുകയും ചെയ്തുകൊണ്ടുള്ള സീസറിന്റെ കത്തിനോട് ‘അല്ലാഹുവിന്റെ ശത്രു കള്ളം പറയുകയാണ്; അയാൾ ക്രിസ്തുമതത്തിൽ തന്നെയാണുള്ളത്’ എന്ന് പ്രവാചകൻ (സ) പ്രതികരിച്ചതായി അനസ് ബിൻ മാലിക്കിൽ നിന്ന് ഇബ്നു ഹിബ്ബാൻ നിവേദനം ചെയ്ത സ്വഹീഹായ ഹദീഥിലുണ്ട്.

അറബികളെയും റോമക്കാരെയും പേർഷ്യക്കാരെയുമെല്ലാം മുസ്‌ലിംകൾ കീഴടക്കുമെന്ന് പ്രവാചകൻ പ്രവചിച്ചതായി നാഫിഉ ബ്നു ഉത്ബയിൽ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത ഹദീഥ് പ്രസിദ്ധമാണ്. തനിക്ക് ശേഷം സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളെക്കുറിച്ച് പ്രവാചകൻ പറഞ്ഞതിൽ ഒരെണ്ണം ജെറുസലേം കീഴടക്കുന്നതാണെന്ന് ഔഫ് ബിൻ മാലിക്കിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥിലുമുണ്ട്.

റോമുമായി യുദ്ധം

ജെറുസലേമിന്റെ അധികാരമുണ്ടായിരുന്ന ബൈസന്റൈൻ റോമുമായി മുസ്‌ലിംകളുടെ ആദ്യത്തെ യുദ്ധമുണ്ടാകുന്നത് പ്രവാചകന്റെ കാലത്ത് തന്നെയാണ്. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ബുസറയിലെ ഗവർണറെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനായി പ്രവാചകൻ പറഞ്ഞയച്ച അദ്ദേഹത്തിന്റെ പ്രതിനിധിയായ ഹാരിഥ് ബിൻ ഉമൈറൽ അസ്ദിയെ വഴിയിൽ വെച്ച് ക്രൂരവും നികൃഷ്ടവുമായി വധിച്ച ബൈസന്റൈൻ ചക്രവർത്തി ഹിരാക്ലിയസിന്റെ പ്രതിനിധിയും ബൽഖയിലെ ഗവർണറുമായ ശൂറാബിൽ ബിൻ അംറുൽ ഗസ്സാനിയുടെ നടപടിയോടുള്ള പ്രതികരണമെന്ന നിലയിൽ നടന്ന മുഅ’ത യുദ്ധമാണത്. രണ്ട് ലക്ഷത്തോളം വരുന്ന ബൈസന്റിൻ പട്ടാളക്കാരെ മുവ്വായിരത്തോളം വരുന്ന മുസ്‌ലിംകൾ നേരിട്ടപ്പോൾ സൈദ് ബിൻ ഹാരിഥ, ജഅ്ഫർ ബിൻ അബീ താലിബ്, അബ്ദുല്ലാഹി ബ്നു റവാഹ എന്നീ പ്രധാനപ്പെട്ട സ്വഹാബികളടക്കം പന്ത്രണ്ട് മുസ്‌ലിംകൾ രക്തസാക്ഷികളായി.

റോമക്കാർക്കെതിരെയുള്ള യുദ്ധത്തിന്റെ നേതൃത്വമേറ്റെടുത്ത് തന്റെ തന്ത്രപ്രധാനമായ നീക്കങ്ങളാൽ അവരെ തുരത്തിയോടിച്ച ഖാലിദ് ബ്നു വലീദ് പിന്നീട് തന്റെ വാൾ താഴെ വെച്ചത് ഉമറിന്റെ ഭരണകാലത്ത് സിറിയലുള്ള ആ സാമ്രാജ്യത്തിന്റെ ആധിപത്യം തകർത്തതിന് ശേഷമാണ്. അബൂബക്കറിന്റെ കാലത്ത് നടന്ന ബുസ്‌റ യുദ്ധത്തിലൂടെയും അജ്നാദൈൻ യുദ്ധത്തിലൂടെയും ബൈസന്റൈൻ സാമ്രാജ്യത്തിന് കീഴിലുള്ള സിറിയയിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളെയും കീഴടക്കിയ മുസ്‌ലിംസൈന്യം അതിന്റെ സിറിയ മൊത്തത്തിൽ കീഴടക്കുകയെന്ന ദൗത്യം പൂർത്തീകരിക്കുന്നത് ക്രിസ്താബ്ദം 636 ൽ നടന്ന യർമൂക്ക് യുദ്ധത്തോടെയാണ്. സിറിയയുടെ പൂർണ്ണമായ അധികാരം ഖലീഫ ഉമറിന് കീഴിലുള്ള ഇസ്‌ലാമികരാഷ്ട്രത്തിന് ലഭിച്ച ആ യുദ്ധത്തിന് ശേഷമാണ് സേനാനായകനായ അബൂ ഉബൈദത്തു ബ്നുൽ ജർറാഹിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം ജെറുസലേമിലെത്തുകയും അതിന്റെ അധികാരമേറ്റെടുക്കുകയും ചെയ്യുന്നത്.

ജെറുസലേം മുസ്‌ലിംകൾക്ക് കീഴിൽ

സിറിയ പിടിച്ചടക്കിയ ശേഷം ക്രിസ്താബ്ദം 636 അവസാനത്തിലായിരിക്കണം അബൂ ഉബൈദത്തുൽ ജർറാഹിന്റെ സൈന്യം ജെറുസലേമിലെത്തിയത്. ഹിരാക്ലിയസിന്റെ സൈന്യം സിറിയയിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ തീരെ ചോര ചിന്താതെ ജെറുസലേം കീഴടക്കണമെന്നായിരുന്നു മുസ്‌ലിംകൾ ആഗ്രഹിച്ചത്. പേർഷ്യക്കാരുടെ ആക്രമങ്ങൾക്ക് ശേഷം ഹിരാക്ലിയസ്‌ പട്ടണത്തിന് ചുറ്റും നിർമ്മിച്ച ശക്തമായ കോട്ട ഉപരോധിക്കുകയാണ് മുസ്‌ലിം സൈന്യം ചെയ്തത്. നാല് മാസത്തെ ഉപരോധത്തിന് ശേഷം പട്ടണത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന പാർത്രിയാർക്കീസ് സഫ്രോനിയസ് ഒരു ഉപാധിക്ക് വിധേയമായി ജെറുസലേം പട്ടണം മുസ്‌ലിംകൾക്ക് കീഴടങ്ങാമെന്ന് സമ്മതിക്കുകയായിരുന്നു. ഖലീഫ ഉമർ തന്നെ ജെറുസലേമിൽ വന്ന് പട്ടണവാതിലിന്റെ താക്കോൽ വാങ്ങണമെന്നായിരുന്നു ഉപാധി. വിചിത്രമെങ്കിലും രക്തച്ചൊരിച്ചിലില്ലാതെ ജെറുസലേം കീഴടക്കുന്നതിനായി മുസ്‌ലിംകൾ ഈ ഉപാധി അംഗീകരിക്കുകയായിരുന്നു.

നാഴികകളോളം ഒരു സേവകനോടൊപ്പം ഒറ്റയ്ക്ക് സഞ്ചരിച്ചാണ് ഉമർ ജെറുസലേമിലെത്തി പാർത്രിയാർക്കീസ് സഫ്രോനിയാസിൽ നിന്ന് നഗരകവാടത്തിന്റെ താക്കോൽ സ്വീകരിച്ചത്. യാത്രയിൽ രണ്ട് പേർക്കുമായി ഒരു ഒട്ടകം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും രണ്ട് പേരും ഊഴം വെച്ച് ഒട്ടകപ്പുറത്തും കാൽനടയുമായാണ് ജെറുസലേമിലെത്തിയതെന്നും അവിടെ എത്തിയപ്പോൾ ഒട്ടകപ്പുറത്ത് സേവകന്റെ ഊഴമായിരുന്നുവെന്നും ഒട്ടകക്കയർ പിടിച്ച് നടന്നു വന്ന ഖലീഫയെക്കണ്ട് ജെറുസലേം നിവാസികൾ അത്ഭുതപ്പെട്ടെന്നുമുള്ള സംഭവം സുവിദിതമാണ്. ജെറുസലേമിന്റെ അധികാരമേറ്റെടുത്ത ഉമർ അവിടുത്തെ ക്രൈസ്തവർക്ക് പൂർണ്ണമായ മതസ്വാതന്ത്ര്യം നൽകുകയും അവരുടെ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തുകൊണ്ടുള്ള ഒരു കരാറിലേർപ്പെടുകയും ചർച്ച് ഓഫ് ദി ഹോളി സെപുൽക്കർ അടക്കമുള്ള പല ക്രിസ്ത്യൻ പുണ്യപ്രദേശങ്ങളും സന്ദർശിക്കുകയും ചെയ്തു.

ഹോളി സെപുൽക്കർ ചർച്ചിലെ സന്ദർശനസമയത്ത് നമസ്കാരസമയമായതും ഉമറിനോട് ചർച്ചിൽ വെച്ച് നമസ്കരിക്കാൻ പാർത്രിയാർക്കീസ് അനുവദിക്കുകയും ‘ഞാൻ ഇവിടെ നിന്ന് നമസ്കരിച്ചാൽ എന്റെ പിൻഗാമികൾ ഇതിന്ന് അവകാശവാദമുന്നയിച്ചേക്കും’ എന്ന കാരണം പറഞ്ഞ് നമസ്കരിക്കാതിരുന്നതും അവിടെ നിന്ന് മാറി തറയിൽ നിന്ന് നമസ്കരിച്ചതുമായ ചരിത്രം ഇബ്നു ഖൽദൂൻ തന്റെ താരീഖിൽ ഉദ്ധരിച്ചിട്ടുണ്ട്. 1193 ൽ ഹോളി സെപുൽക്കറിന് സമീപത്തതായി അയ്യൂബി ഭരണാധികാരിയായ സുൽത്താൻ അഫ്ദലു ബ്നു സലാഹുദ്ദീൻ പണി കഴിപ്പിച്ച മസ്ജിദ് ഉമർ നിൽക്കുന്ന സ്ഥലത്താണ് ഉമർ (റ) നമസ്കരിച്ചതെന്നാണ് കരുതപ്പെടുന്നത്.

കരാറിലേർപ്പെട്ടതിന് ശേഷം ഉമർ മസ്ജിദുൽ അഖ്‌സയിലെത്തുകയും അവിടെയുണ്ടായിരുന്ന നഗരമാലിന്യങ്ങളും ചപ്പുചവറുകളും നീക്കി വൃത്തിയാക്കുകയും ചെയ്യുകയും ദാവൂദ് നബിയുടെ മിഹ്‌റാബ് എവിടെയെന്ന് അന്വേഷിച്ച് അദ്ദേഹം അവിടെനിന്ന് ആദ്യ റക്അത്തിൽ സൂറത്തു സഅദും രണ്ടാമത്തേതിൽ സൂറത്തുൽ ഇസ്റാഉം ഓതി രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തതായി ചരിത്രഗ്രൻഥങ്ങളിൽ കാണാം. അതിന്ന് ശേഷം ‘ഞാനെവിടെ നമസ്കരിക്കണമെന്നാണ് താങ്കളുടെ അഭിപ്രായം?’ എന്ന് കൂടെയുണ്ടായിരുന്ന ഇസ്‌ലാം സ്വീകരിച്ച യഹൂദ പുരോഹിതൻ കഅബുൽ അഹ്ബാറിനോട് ചോദിക്കുകയും ‘പാറയ്ക്ക് പിന്നിലാണെങ്കിൽ മുഴുവൻ ഖുദ്സ്ഉം താങ്കളുടെ മുന്നിലായിരിക്കുമെന്നതിനാൽ അതാണ് എന്റെ അഭിപ്രായം’ എന്ന് പ്രതിവചിക്കുകയും ‘താങ്കൾ ജൂതന്മാരെപ്പോലെയാണ് സംസാരിക്കുന്നത്; ദൈവദൂതൻ നമസ്കരിച്ചിടത്താണ് ഞാൻ നമസ്കരിക്കാൻ പോകുന്നത്’ എന്ന് പ്രഖ്യാപിച്ച് ഉമർ ഖിബ്‌ലക്ക് നേരെ മുന്നോട്ടു പോയി നമസ്കരിക്കുകയുമെല്ലാം ചെയ്തതായി ഉബൈദ് ബ്നു ആദാനിൽ നിന്ന് ഇമാം അഹ്‌മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നുണ്ട്.

ഉമറി(റ) ന്റെ നിർദ്ദേശപ്രകാരം അവിടെ മരത്തടികൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട മൂവായിരം പേർക്ക് നമസ്‌കരിക്കാൻ കഴിയുന്ന ഒരു പള്ളിയാണ് റോമക്കാരും പേർഷ്യക്കാരുമെല്ലാം പല തവണ തകർക്കുകയും നഗരമാലിന്യങ്ങളും ചപ്പുചവറുകളും നിക്ഷേപിച്ച് മലീമസമാക്കുകയും ചെയ്ത മസ്ജിദുൽ അഖ്‌സയിൽ മുഹമ്മദ് നബിയുടെ അനുയായികളായ മുസ്‌ലിംകൾ നിർമ്മിച്ച ആദ്യത്തെ കെട്ടിടം. നിരന്തരമായുണ്ടായ ഭൂകമ്പങ്ങളാൽ ആ കെട്ടിടം തകർന്നപ്പോൾ അമവീ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്നു മർവാൻ നിമ്മാണത്തിന് തുടക്കം കുറിക്കുകയും മകൻ വലീദ് ബ്നു അബ്ദുൽ മലിക്ക് ക്രിസ്താബ്ദം 714 ൽ പൂർത്തീകരിക്കുകയും ചെയ്ത മസ്ജിദുൽ ഖിബ്‌ലിയിലാണ് ഇന്ന് അവിടെയെത്തുന്ന മുസ്‌ലിംകൾ നമസ്കരിക്കുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.