ജൂത-ക്രൈസ്തവരെ വഴിയില്‍ ഇടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടോ ?

//ജൂത-ക്രൈസ്തവരെ വഴിയില്‍ ഇടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടോ ?
//ജൂത-ക്രൈസ്തവരെ വഴിയില്‍ ഇടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടോ ?
ആനുകാലികം

ജൂത-ക്രൈസ്തവരെ വഴിയില്‍ ഇടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടോ ?

Print Now
ചോദ്യം:

അബൂ ഹുറൈറ(റ)യില്‍ നിന്ന്. ദൈവദൂതര്‍ പറഞ്ഞു: “ജൂത-ക്രൈസ്തവരോട് നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. ഒരു വഴിയിൽ അവരെ കണ്ടുമുട്ടിയാൽ അതിന്റെ ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കുക.” (മുസ്‌ലിം: 2167) ഈ ഹദീസ് സ്വഹീഹ് ആണോ? ആണെങ്കില്‍ ഇതിന്റെ വിശദീകരണം എന്താണ്?

മറുപടി:

ഇസ്‌ലാം വംശീയ ചിന്താഗതിയും സങ്കുചിത മനസ്ഥിതിയും വളര്‍ത്തുന്നു എന്ന് പറഞ്ഞുകൊണ്ട് യുക്തിവാദികളും മറ്റുചില ഇസ്‌ലാം വിരോധികളും കൊണ്ടുനടക്കാറുള്ള ഒരു ഹദീസാണിത്. ഇമാം മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസിന്‍റെ സ്വീകാര്യതയില്‍ സംശയമൊന്നുമില്ല. എന്നാല്‍ വിമര്‍ശകര്‍ തെറ്റിദ്ധരിച്ചതോ തെറ്റിദ്ധരിപ്പിക്കുന്നതോ അല്ല അതിന്റെ ആശയം. ഈ ഹദീസ് പൊതുവായ നിര്‍ദേശമല്ല. പ്രത്യേക പശ്ചാത്തലവും സന്ദര്‍ഭവുമുണ്ടതിന്. അഥവാ, ജൂത-ക്രൈസ്തവരിലെ കലാപകാരികളും യുദ്ധക്കൊതിയരുമായ വിഭാഗങ്ങളെ ഉദ്ദേശിച്ചാണ് പ്രവാചകൻ (സ) ഇത് പറഞ്ഞത്. ഹദീസിലെ പ്രയോഗം പൊതുവാണെങ്കിലും ഉദ്ദേശ്യം പ്രത്യേകമാണ്. (ഖുർആനിലും ഹദീസിലും ഈ ശൈലിയിലുള്ള പ്രയോഗങ്ങൾ വേറെയും കാണാം.) അപ്പോള്‍ പോലും ‘ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കുക’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവരുമായി ഒരു വഴിയിൽ സന്ധിച്ചാൽ അവരെ ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും മുസ്‌ലിംകൾ നടുവഴി വിട്ടുകൊടുക്കുകയോ മാറിക്കൊടുക്കുകയോ ചെയ്യേണ്ടതില്ല എന്ന് മാത്രമാണ്. അല്ലാതെ അവരെ വഴിയുടെ ഒരു മൂലയിലേക്കോ മതിലിലേക്കോ തള്ളി മാറ്റണം, അവര്‍ക്ക്/ അവരുടെ വാഹനത്തിന് കടന്നുപോകാനുള്ള ഇടം കൊടുക്കേണ്ടതില്ല എന്നൊരർത്ഥം ഇതിനില്ല എന്ന് പൗരാണികരായ മുസ്‌ലിം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (ഇമാം മുനാവി -ഫൈദുൽ ഖദീർ: 6/501, ഇമാം ഇബ്നു ഹജര്‍ -ഫത്ഹുൽ ബാരി: 11/33, സുനനുത്തിര്‍മിദി: 4/132)

ജനങ്ങളോട് -അവര്‍ ഏത് വിശ്വാസക്കാരാണെങ്കിലും- നന്മയില്‍ വര്‍ത്തിക്കുക, ഉത്തമ സ്വഭാവ ഗുണങ്ങളോടും ഇഹ്സാനോടും കൂടി പെരുമാറുക, വിദ്വേഷമോ വെറുപ്പോ കാരണം ആരോടും അനീതി ചെയ്യാതിരിക്കുക എന്നതാണ് പൊതുവായ ഇസ്‌ലാമിക നിയമം. അല്ലാഹു പറയുന്നു: “മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.” (അല്‍മുംതഹിന: 8,9)

ഈ ഖുര്‍ആനിക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും പ്രവാചക കാലത്തെ ജൂത-ക്രൈസ്തവ-മുസ്‌ലിം പോരാട്ടങ്ങളുടെ വെളിച്ചത്തിലും വേണം പരാമൃഷ്ട ഹദീസിനെ വായിക്കാന്‍. അല്ലാത്തപക്ഷം അത് തെറ്റിദ്ധാരണക്കിടയാക്കും. ജൂത-ക്രൈസ്തവരോട് പ്രവാചകൻ (സ) ദീക്ഷിച്ച കാരുണ്യവും നീതിയും, തിരിച്ച് അവർ ചെയ്തിരുന്ന ദ്രോഹങ്ങളും ശത്രുതയും ചരിത്രത്തിൽനിന്നും ഹദീസുകളിൽനിന്നും വായിച്ചെടുക്കാവുന്നതാണ്. മുസ്‌ലിംകളുമായി യാതൊരുവിധ സഹവർത്തിത്വത്തിനും അവർ തയ്യാറായിരുന്നില്ല. വിശിഷ്യാ ജൂതസമൂഹം. ബനൂ ഖൈനുഖാഅ്, ബനൂ നളീർ, ഖുറൈള എന്നിങ്ങനെയുള്ള പ്രമുഖ ജൂത ഗോത്രങ്ങളെല്ലാം ഒളിഞ്ഞും തെളിഞ്ഞും പ്രവാചകനുമായുള്ള കരാര്‍ ലംഘിക്കുകയും ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടിരുന്നു. മക്കയിലേക്ക് ആളെ അയച്ച് മദീനക്കെതിരെ യുദ്ധം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. മക്കക്കാർ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്തപ്പോൾ അവരെ സഹായിച്ചു. മദീനയെ പലപ്പോഴായി ഭീഷണിയുടെയും അസമാധാനത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി. പ്രവാചകനെ ആക്ഷേപിച്ചുകൊണ്ട് കവിത പാടി. പ്രകോപനം സൃഷ്ടിക്കാനായി പ്രവാചകാനുചരന്മാരുടെ ഭാര്യമാരെ അസഭ്യവാക്കുകൾ കൊണ്ട് വർണിച്ച് ഗസലുകൾ പാടി. മദീനയിലെ മുസ്‌ലിം സ്ത്രീകളെ ആക്രമിക്കാൻ പദ്ധതിയിട്ടു. അങ്ങാടിയില്‍വെച്ച് ഒരു മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിക്കുകയും അവളുടെ നഗ്നത കണ്ട് കൂട്ടത്തോടെ ചിരിക്കുകയും ചെയ്തു. പ്രവാചകനെ ചതിച്ചുകൊല്ലാന്‍ പലവുരു ഗൂഢാലോചന നടത്തി. ക്രൈസ്തവരും അവർക്കനുകൂലമായ നിലപാട് സ്വീകരിച്ചു…

ഇങ്ങനെ കുൽസിത-രാജ്യദ്രോഹ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടല്‍ പതിവാക്കിയ, കലാപകാരികളും യുദ്ധക്കൊതിയരുമായിരുന്ന ഒരു സമൂഹത്തെ സംബന്ധിച്ചാണ് ‘ഒരു വഴിയിൽ ജൂത ക്രിസ്ത്യാനികളെ കണ്ടുമുട്ടിയാൽ അതിന്റെ ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കുക’ എന്ന് പ്രവാചകൻ ﷺ പറഞ്ഞത്. (ഇന്നിന്റെ അവസ്ഥയില്‍, സാധാരണക്കാരായ ജൂത-ക്രൈസ്തവരോടുള്ള മാന്യവും സഹകരണത്തില്‍ അതിഷ്ടിതവുമായ സമീപനമല്ലല്ലോ കടുത്ത ഇസ്‌ലാം വിരോധികളും മുസ്‌ലിംകളുടെ ശത്രുക്കളുമായ സയണിസ്റ്റുകളോടും മറ്റും വേണ്ടത്.) ഏതെങ്കിലും നിലക്ക് ആദരിക്കപ്പെടേണ്ടവരോ പരിഗണിക്കപ്പെടേണ്ടവരോ സഹായ-സഹകരണങ്ങള്‍ അര്‍ഹിക്കുന്നവരോ ആയിരുന്നില്ല അവര്‍ എന്നതുകൊണ്ടും, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും തങ്ങള്‍ ചെയ്ത കൊടിയ ചതിയുടെയും വഞ്ചനയുടെയും അതിക്രമങ്ങളുടെയും അനന്തരഫലമായ നിന്ദ്യത അവര്‍ അനുഭവിക്കേണ്ടതുണ്ട് എന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ പെരുമാറാന്‍ പ്രവാചകന്‍ ﷺ നിര്‍ദേശിച്ചത്. നിര്‍ബന്ധപൂര്‍വം അനുധാവനം ചെയ്യേണ്ടതോ, മുസ്‌ലിംകളോട് ശത്രുത പുലര്‍ത്താത്ത ജൂത-ക്രൈസ്തവരോട് അനുവര്‍ത്തിക്കേണ്ടതോ ആയ നിയമമല്ല ഇത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഈ നിര്‍ദേശത്തില്‍ ഏതെങ്കിലും തരത്തിലുള്ള വംശീയ ചിന്താഗതിയോ സങ്കുചിത മനസ്ഥിതിയോ ഉള്ളടങ്ങിയിട്ടുമില്ല.

ഇനി സലാം പറയുന്നതിന്റെ വിഷയമാണെങ്കില്‍, പരിചിതനോ അപരിചിതനോ, വിശ്വാസിയോ അവിശ്വാസിയോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും സലാം പറയാനും ആര് സലാം പറഞ്ഞാലും മടക്കാനുമാണ് പ്രവാചകന്‍ ﷺ പഠിപ്പിച്ചിട്ടുള്ളത്. ജൂതന്മാരും ബഹുദൈവാരാധകരും മുസ്‌ലിംകളുമെല്ലാം ഉള്‍കൊള്ളുന്ന സദസ്സിനരികിലൂടെ നടന്നുപോയപ്പോള്‍ നബിതിരുമേനി അവരോട് സലാം പറയുകയുണ്ടായെന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ കാണാം. ‘ജൂത-ക്രൈസ്തവരോട് സലാം കൊണ്ട് ആരംഭിക്കരുത്’ എന്ന് പറഞ്ഞ പ്രവാചകനാണ് അങ്ങനെ ചെയ്തത് എന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഒരിക്കല്‍ ഒരുപറ്റം ജൂതന്മാര്‍ ഇസ്‌ലാമിക അഭിവാദന രീതിയെ വക്രീകരിച്ചുകൊണ്ട് പ്രവാചകന്റെ മുഖത്തുനോക്കി ‘അസ്സാമു അലൈക്ക’ (നിനക്ക് നാംശം ഭവിക്കട്ടെ) എന്ന് പറയുകയുണ്ടായി. അത് കേട്ട ആഇശ(റ)യുടെ പ്രതികരണം ‘അലൈകുമുസ്സാമ വല്ലഅന:’ ‘നിങ്ങളുടെ മേല്‍ നാശവും ശാപവും ഭവിക്കട്ടെ’ എന്നായിരുന്നു. അന്നേരം നബി ﷺ അവരോട് പറഞ്ഞത്, ‘അടങ്ങൂ ആഇശാ, അല്ലാഹു മാര്‍ദ്ദവത്തെയാണ് ഇഷ്ടപ്പെടുന്നത്’ എന്നായിരുന്നു. അവരെന്താണ് പറഞ്ഞതെന്ത് താങ്കള്‍ കേട്ടില്ലേ എന്ന് ആഇശ (റ) ചോദിച്ചപ്പോൾ, നബി ﷺ പറഞ്ഞത്, ‘അതേ, ഞാനത് കേള്‍ക്കുകയും, ‘നിങ്ങള്‍ക്കും’ എന്ന് പ്രതികരിക്കുകയും ചെയ്തല്ലോ’ എന്നായിരുന്നു. ഇത്തരം വക്രീകരണങ്ങള്‍ അക്കാലത്തെ ജൂതന്മാരുടെ സ്വഭാവമായിരുന്നതിനാല്‍, ഇങ്ങോട്ട് നാശത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവര്‍ക്കും അങ്ങോട്ട് അനുഗ്രഹ പ്രാർത്ഥനയര്‍പ്പിക്കുന്ന അവസ്ഥയില്ലാതിരിക്കാനായി നബി ﷺ നല്‍കിയ നിര്‍ദേശം ‘വേദക്കാര്‍ നിങ്ങളോട് സലാം ചൊല്ലിയാല്‍ ‘വഅലൈകും’ (നിങ്ങള്‍ക്കും) എന്ന് മാത്രം തിരിച്ചുപറയുക എന്നാണ്. അഥവാ, ഇങ്ങോട്ട് പറഞ്ഞത് എന്താണോ അതുതന്നെ നിങ്ങള്‍ക്കും ഭവിക്കട്ടെ എന്നർത്ഥം. ഇത്തരം സംഭവങ്ങള്‍ കൂടി നേരത്തെ പറഞ്ഞ ചരിത്ര പശ്ചാത്തലത്തോട് ചേര്‍ത്ത് വായിച്ചാല്‍ നാം ചര്‍ച്ച ചെയ്യുന്ന ഹദീസിന്‍റെ ആശയം കൂടുതല്‍ സ്പഷ്ടമാകും.

(ലേഖകന്‍ എഴുതിക്കൊണ്ടിരിക്കുന്ന ‘നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍’ എന്ന പുസ്തകത്തിലെ ‘ആശയം അവ്യക്തമായ ഹദീസുകളും യുക്തിവാദി കുതന്ത്രങ്ങളും’ എന്ന അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. പണ്ഡിതന്മാരിൽനിന്നുള്ള വൈജ്ഞാനിക നിരൂപണങ്ങൾക്ക് സ്വാഗതം.)

No comments yet.

Leave a comment

Your email address will not be published.