ജീവിതം പതറാനുള്ളതല്ല, പൊരുതാനുള്ളതാണ്…

//ജീവിതം പതറാനുള്ളതല്ല, പൊരുതാനുള്ളതാണ്…
//ജീവിതം പതറാനുള്ളതല്ല, പൊരുതാനുള്ളതാണ്…
സർഗാത്മക രചനകൾ

ജീവിതം പതറാനുള്ളതല്ല, പൊരുതാനുള്ളതാണ്…

Print Now
പ്രശ്‌ന സങ്കീർണമായ വർത്തമാന കാലത്ത് ജീവിക്കുമ്പോൾ പലരും പല തരത്തിലുള്ള പ്രതിസന്ധികളിലും, പ്രയാസങ്ങളിലുമായി വീർപ്പുമുട്ടി ജീവിതത്തെ തള്ളി നീക്കുന്നതായി കാണാൻ സാധിക്കും.

രോഗങ്ങളും, വേദനകളും ഇല്ലാത്ത കുടുംബങ്ങൾ ഇന്ന് മഷിയിട്ടു നോക്കിയാലും കാണാൻ സാധിക്കാത്ത അവസ്ഥയാണ്. നിസ്സാര കാര്യങ്ങൾക്ക് തമ്മിൽ തെറ്റി, കണ്ടാൽ കടിച്ചു കീറാൻ കാത്തിരിക്കുന്ന കുറേ മനുഷ്യർക്കിടയിലാണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നത് പലരും സൗകര്യപൂർവ്വം മറന്നിരിക്കുകയാണ്. കൺ മുമ്പിൽ കൈ വിരലുകളുടെ ചലനങ്ങൾക്കനുസരിച്ച് മനസ്സിൽ തോന്നുന്നതെല്ലാം ആസ്വദിക്കാൻ എല്ലാ സൗകര്യവുമുള്ള ഒരു ലോകത്ത് ജീവിക്കുമ്പോൾ സ്ത്രീ പീഡനവും, ലൈംഗിക അരാജകത്വവും കൊടികുത്തി വാഴുന്നത് കണ്ടില്ലെന്ന് നടിക്കാനേ സാധിക്കൂ എന്ന മട്ടിലാണ് ഭൂരിപക്ഷം ജനങ്ങളും.

പ്രളയത്തിൽ തകർന്നടിയാൻ സമ്മതിക്കാതെ തന്റെ ജന്മ നാടിനെ മാറോടണക്കിയ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുകളായ പ്രവാസികളും ഇന്ന് നട്ടെല്ല് തകർന്ന അവസ്ഥയിലാണ്. പലർക്കും മാസ വേതനം ലഭിച്ചിട്ട് മാസങ്ങളായി, എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരുന്ന ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ വെട്ടിലായവർ ഏറെയാണ്. നികുതി വർധിപ്പിച്ചതിന്റെ പേരിൽ നിത്യോപയോഗ സാധനങ്ങൾക്ക് പോലും തൊട്ടാൽ പൊള്ളുന്ന വിലയായി. പ്രവാസമെന്നുള്ളത് മധുരിച്ചിട്ട് തുപ്പാനും, കയ്ച്ചിട്ട് ഇറക്കാനും കഴിയാതായിട്ട് നാളേറെയായി.

ഇത്തിരിക്കുഞ്ഞൻ കൊറോണ വൈറസ് ഓരോരുത്തരും നാളിതുവരെ നെയ്തെടുത്ത സ്വപ്നങ്ങളുടെ നൂലിഴകളെ യാതൊരു കണ്ണിൽ ചോരയുമില്ലാതെ വലിച്ചു പറിച്ചെറിഞ്ഞപ്പോൾ തകർന്ന് പോയ ഒരു പാട് മനുഷ്യ ജന്മങ്ങളുണ്ടിവിടെ.. ഒരിക്കലും നിനച്ചിരിക്കാതെ ലഭിച്ച പ്രഹരത്തിന്റെ ആഘാതത്തിന്റെ നിലയില്ലാ കയത്തിൽ മുങ്ങി താഴുമ്പോഴും ഒരു കച്ചി തുരുമ്പിനായി ഓരോ മനുഷ്യന്റെയും ഉള്ള് നീറിക്കൊണ്ടിരിക്കുകയാണ്…

മനസ്സമാധാനം നഷ്ട്ടപ്പെട്ട മർത്യൻ ഇന്ന് നാട്ടിൽ കൂണ് പോലെ പൊങ്ങി വന്ന് കൊണ്ടിരിക്കുന്ന കൗൺസിൽ സെന്ററുകൾക്ക് മുമ്പിൽ നീണ്ട നിരയിലാണ്. ഉള്ളും പുറവും ഉഷ്ണത്താൽ കത്തി എരിയുന്ന മരുഭൂവിലെ യാത്രക്കാരൻ തൊട്ടടുത്ത് ഒരു പച്ചപ്പുണ്ടായെങ്കിൽ എന്ന് എത്ര തീക്ഷണമായി ആഗ്രഹിക്കുന്നുവോ അതിനേക്കാൾ തീവ്രമായി ഓരോ മനുഷ്യ ഹൃദയങ്ങളും സമാധാനം തേടി അലയുകയാണ്..

‘അറിയുക അള്ളാഹുവിന്റെ സ്മരണ കൊണ്ട് മാത്രമേ മനുഷ്യ ഹൃദയങ്ങൾ സമാധാനമടയുകയുള്ളൂ’ എന്ന ഖുർആൻ വചനത്തിന്റെ പ്രസക്തി ഇന്ന് വാനോളം ഉയർന്നിരിക്കുന്നതായി നമുക്ക് അനുഭവിച്ചറിയാനാവും.. ഖുർആൻ ഉദ്ഘോഷിച്ച രാവിലെയും, വൈകുന്നേരവുമുള്ള ദിക്ർ ഇന്ന് ജീവിതത്തിൽ കൊണ്ട് നടക്കുന്ന വിശ്വാസികൾ എത്ര പേരുണ്ട്.? ദിവസവും ഖുർആൻ പാരായണം ചെയ്യുന്ന മുസ്‌ലിം നാമധാരികളിൽ ഞാനുണ്ടോ എന്നാണ് ഓരോരുത്തരും പരിശോധിക്കേണ്ടത്. അഞ്ചു വഖ്‌ത് നമസ്‌കാരങ്ങൾ കൃത്യനിഷ്ഠമായി നിർവഹിക്കാൻ സാധിക്കുന്നുണ്ടോ എന്ന് പുനഃപരിശോധിക്കാൻ നമുക്കിനിയും സമയമായില്ലേ..?

‘അനുഗ്രഹങ്ങളായ ഒഴിവു സമയവും, ആരോഗ്യവും പലരെയും വഞ്ചിതരാക്കുമെന്ന’ പ്രവാചക വചനങ്ങളും ഇത്തരുണത്തിൽ പ്രാധാന്യമേറുന്നു.. ഓരോരുത്തരുടെയും ഒഴിവു സമയങ്ങൾ സ്രഷ്ടാവിന് ഇഷ്ട്ടപ്പെടുന്ന വഴിയിലാണോ അതോ തന്നിഷ്ടപ്രകാരമാണോ ചെലവഴിക്കുന്നതെന്നുള്ള വീണ്ടു വിചാരത്തിന്റെ സമയത്തിലൂടെയാണ് നാമോരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.. നശിച്ചു പോവുന്ന ഈ ദുനിയാവിനോടുള്ള (ഇഹലോക ജീവിതത്തോടുള്ള) അടങ്ങാത്ത സ്നേഹവും, മരണത്തോടുള്ള ഭയവും നിങ്ങളെ മലവെള്ള പാച്ചിലിലെ ചണ്ടികളെ പോലെ നിസ്സാരന്മാരാക്കി കളയുമെന്ന പ്രവാചകാദ്ധ്യാപനങ്ങൾ പകൽ പോലെ പുലർന്നിരിക്കുന്നു. അറ്റമില്ലാത്ത പരലോക ജീവിതത്തിനായി തയ്യാറെടുക്കാനുള്ള എപ്പോൾ തീരുമെന്നറിയാത്ത കുറഞ്ഞ കാല ജീവിതത്തിലാണ് താനുള്ളതെന്ന തിരിച്ചറിവിന് മാത്രമെ മർത്യനെ മാറ്റാനൊക്കൂ..

തന്നെക്കാൾ പ്രയാസപ്പെടുന്നവനിലേക്ക് ദൃഷ്ടികൾ പായിക്കുമ്പോൾ താൻ സന്തോഷത്തിന്റെ പറുദീസകളിൽ പാറി പറക്കുന്നതായി അനുഭവിച്ചറിയാനാവും. മറ്റുള്ളവരുടെ സങ്കടങ്ങളിൽ അവർക്കൊരു താങ്ങും തണലുമാവാൻ ഒന്ന് ശ്രമിച്ചു നോക്കൂ.. തന്റെ സങ്കടങ്ങൾ മഞ്ഞു മലകൾ പോലെ അലിഞ്ഞില്ലാതാവും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയാൻ ശ്രമിക്കാതെ ജീവിക്കുമ്പോൾ താനനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഏറ്റവും വലുത് എന്ന് തോന്നി പോവുക സ്വാഭാവികം മാത്രം.. ദുനിയാവിന്റെ അനുഗ്രഹത്തിന്റെ വിഷയത്തിൽ തന്നെക്കാൾ കുറഞ്ഞവനിലേക്ക് നോക്കാനും ആഖിറത്തിന്റെ വിഷയത്തിൽ തന്നെക്കാൾ ഉയർന്നവനിലേക്ക് നോക്കാനും വിശ്വാസികളെ ഇസ്‌ലാം ഉത്‌ബോധിപ്പിക്കുന്നത് എത്ര മഹത്തരമാണ്..

‘ജീവിക്കാൻ പ്രയാസമില്ല, മറ്റുള്ളവരെപ്പോലെ ജീവിക്കാനാണ് പ്രയാസം’ എന്ന വചനവും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. തന്റെ വരുമാനം ഗൗനിക്കാതെ തന്റെ കുടുംബത്തിലുള്ളവരെപ്പോലെയോ, തന്റെ അയൽവാസിയെ പോലെയോ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് പലരും കടക്കെണിയിലും, പിന്നീട് ആത്മഹത്യയിലേക്കും ചെന്നെത്തുന്നത് എന്നതിന് ഉദാഹരണങ്ങൾ നമ്മുടെ ചുറ്റുപാടിൽ നിന്നും നമുക്ക് കണ്ടെത്താനാവും. ആയതിനാൽ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടുകൊണ്ടും, മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ തന്നെക്കൊണ്ട് സാധ്യമാവും വിധം പരിശ്രമിച്ചു കൊണ്ടും ജീവിതത്തെ സന്തോഷപൂരിതമാക്കാൻ നമുക്കെല്ലാം സാധിക്കുമാറാകട്ടെ..

‘വിഷമിക്കേണ്ട, നമ്മുടെ കൂടെ അല്ലാഹു ഉണ്ട്, അവൻ എനിക്കൊരു വഴി കാണിച്ചു തരും’…
ശത്രുക്കളുടെ കയ്യകലത്തിലായിരുന്നിട്ടും അന്ത്യ പ്രവാചകൻ (സ) സന്തത സഹചാരിയോട് പറഞ്ഞ ഈ വാക്കുകൾ തന്നെയാണ് ഇന്ന് നമ്മുടെ മനസ്സുകൾക്ക് കരുത്ത് പകരേണ്ടത്.

കാലിൽ തറച്ച മുള്ളിന്റെ വേദന സഹിക്കുന്നതിന് പോലും സ്വർഗ ലോകത്ത് പ്രതിഫലം പ്രതീക്ഷിക്കുന്ന വിശ്വാസിക്ക് ഓരോ പ്രയാസങ്ങളും പ്രതിഫലങ്ങൾ വാരി കോരി എടുക്കാനുള്ള അസുലഭ സന്ദർഭമായി മാറുന്നത് ജീവിത പ്രതിസന്ധികളിൽ വെന്തുരുകുന്ന എത്രയെത്ര മനുഷ്യ മനസ്സുകൾക്കാണ് സമാധാനത്തിന്റെ തണുപ്പ് നൽകുന്നത്.

നിസ്സാര പ്രശ്നങ്ങളിൽ തകർന്നു തരിപ്പണമാവാനുള്ളതല്ല ജീവിതം, മറിച്ച് പൊരുതി മുന്നേറാനുള്ളതാണ്..

3 Comments

  • മഷിയിട്ടു നോക്കിയാൽ പോലും എന്ന പരാമർശം ഒഴിവാക്കുന്നതാണ് നല്ലത്.

    Musthak 28.11.2020
  • writing is good

    jamsheer 07.12.2020
  • Can I translate these type of your posts to another indian language

    Ibrahim khaleel 24.02.2021

Leave a Reply to jamsheer Cancel Comment

Your email address will not be published.