ജനഹൃദയങ്ങളിൽ ആളിക്കത്തുന്ന ഖുർആൻ

//ജനഹൃദയങ്ങളിൽ ആളിക്കത്തുന്ന ഖുർആൻ
//ജനഹൃദയങ്ങളിൽ ആളിക്കത്തുന്ന ഖുർആൻ
ഖുർആൻ / ഹദീഥ്‌ പഠനം

ജനഹൃദയങ്ങളിൽ ആളിക്കത്തുന്ന ഖുർആൻ

Print Now
ഖുർആൻ കത്തിച്ച് ചാരമാക്കി കളഞ്ഞാൽ പിന്നെ ഇവിടെ ഇസ്‌ലാമും ഖുർആനും അതിന്റെ സംസ്കാരവും നിലനിൽകില്ല എന്നാണ് ചിലർ കരുതിയത് !

ഈ അടുത്താണ് നോർവേയിൽ ചിലയാളുകൾ പൊതുസമൂഹത്തിൽ വെച്ച് ജനങ്ങളെല്ലാം നോക്കി നിൽക്കെ ഖുർആനിന്റെ കോപ്പി കത്തിച്ചത്. ഖുർആനിനോടുള്ള ശത്രുക്കളുടെ ഈ രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല…

ലോക മനസ്സാക്ഷിയെ ഭീതിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ട ഒരു ദിനമാണ് 2001 സെപ്തംബർ മാസം 11. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നത് അന്നാണ്. 2996 പേരുടെ മരണത്തിന് കാരണമായ 6000ൽ പരം വരുന്ന ആളുകൾ നിത്യ രോഗികളായിത്തീരാൻ കാരണമായ ദിവസം!

അതിന്റെ ഒൻപതാമത്തെ വാർഷിക പരിപാടി നടക്കുകയായിരുന്നു അമേരിക്കയിൽ 2010 സെപ്തംബർ മാസം 11ന്‌. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ ആത്മാക്കൾക്ക് നിത്യശാന്തിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ഭക്തി നിറഞ്ഞ മനസ്സുമായാണ് അവിടെ മിക്കവാറും എത്തിയത്. പക്ഷെ അവരുടെ ശ്രദ്ധമുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു വ്യക്തിയിലേക്ക് മാത്രമായിത്തീർന്നു;
ടെറി ജോൺസിലേക്ക്…

ആരാണ് ടെറി ജോൺസ്?

The dove world outreach centre എന്ന പേരിൽ അമേരിക്കയിലെ ഫ്ളോറിഡയിലെ ഗൈൻസ് വില്ലയിൽ ഒരു കരിസ്മാറ്റിക് ധ്യാനകേന്ദ്രം നടത്തി വരുന്ന ഒരു സാധാരണക്കാരനായ ക്രിസ്ത്യൻ പാസ്റ്റർ; ഒരു ക്രൈസ്തവ പുരോഹിതൻ…
2010 സെപ്തംബർ 11 എന്ന തീയതി വരെ ലോകത്ത് ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരാൾ. അതിന്നു ശേഷം അയാൾ അറിയപ്പെടാൻ തുടങ്ങി. ഒൻപതാം വാർഷികത്തിന് ഒത്ത്കൂടിയ ജനങ്ങളെ മുൻപാകെ അയാൾ ആഹ്വാനം ചെയ്തു: “നിങ്ങൾ ഖുർആനിന്റെ കോപ്പികൾ ശേഖരിച്ച് കത്തിച്ച് ചാരമാക്കണം” എന്ന്…
അന്ന് തന്നെ അയാൾ അതിന് തുനിഞെങ്കിലും ശക്തമായ എതിർപ്പുകളും സമ്മർദങ്ങളും മുഖേന ആ അജണ്ട അയാൾ താൽകാലികമായി ഒഴിവാക്കി. എന്നാൽ ഇവിടംകൊണ്ടൊന്നും ടെറി ജോൺസിന്റെ ഖുർആനിനോടുള്ള വെറുപ്പിന് കടിഞ്ഞാണിടാൻ തന്നെ സാധിച്ചില്ല.

2011 മാർച്ച് മാസം ഇരുപതാം തീയ്യതി ടെറി ജോൺസ് വീണ്ടും പഴയ പദ്ധതിയുമായി രംഗത്തെത്തി. “International judge the Quran day” എന്ന പേരിൽ അദ്ദേഹം ഖുർആനിനെ പൊതുസമൂഹത്തിൽ വെച്ച് ഒരു വിചാരണക്ക് വിധേയമാക്കുകയും പരസ്യമായി ഖുർആനിനെ കത്തിക്കുകയും ചെയ്യണം എന്ന് ആഹ്വാനം ചെയ്തു. തൊട്ടടുത്ത ദിവസം അഥവാ 2011 മാർച്ച് 21 ന് അയാൾ trail burn എന്ന പേരിൽ ഖുർആനിന്റെ ഒരു കോപ്പി കയ്യിലെടുത്ത്‌ കത്തിച്ച് ഇസ്‌ലാമിനോടും ഖുർആനിനോടുമുള്ള വിദ്വേഷം പ്രഖ്യാപിച്ചു. അതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടായപ്പോൾ അയാൾ പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

ഖുർആനിനോടുള്ള ടെറിയുടെ തീവ്രമായ വിദ്വേഷം ഒരിക്കൽകൂടി അദ്ദേഹത്തെ ഇക്കാര്യവുമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചു. 2013 സെപ്തംബർ മാസം 11 ന് ടെറി ജോൺസ് തന്റെ കരിസ്മാറ്റിക് ധ്യാനകേന്ദ്രത്തിലെ മൈതാനിയിൽ വെച്ച് ഖുർആനിന്റെ 2998 കോപ്പികൾ കൂട്ടിവെച്ച് കത്തിക്കനുള്ള ശ്രമം നടത്തി. അതിന് കഴിയുന്നതിന് മുൻപ് നിയമപാലകർ അയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ഒറ്റയും തെറ്റയുമായെല്ലം ഇസ്‌ലാം വിമർശനങ്ങളുമായി അദ്ദേഹം ഊരുചുറ്റിക്കൊണ്ടിരുന്നതായിട്ടണ് നമുക്ക് കാണാൻ കഴിയുന്നത്…

ഒരു സമൂഹം വളരെയധികം പവിത്രതയോടെ കൊണ്ട് നടക്കുന്ന ഒരു ഗ്രന്ഥത്തെ സമൂഹ മധ്യത്തിൽ വെച്ച് ജനങ്ങളെല്ലാം നോക്കി നിൽക്കെ കത്തിക്കാൻ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് എങ്ങനെയാണ് സാധിക്കുന്നത്? Islam is of the devil എന്ന പേരിൽ ഒരു പുസ്തകമെഴുതിയ ജോൺസിൻെറ അടുത്ത് നിന്ന് ഇത്തരത്തിലുള്ള ചെയ്തികളൊക്കെ പ്രതീക്ഷിക്കാവുന്നതാണല്ലോ…

മനുഷ്യനും കല്ലുകളും ഇന്ധനമായി കത്തികപ്പെടുന്ന ഭീമാകാരമായ നരകത്തീയിൽ നിന്ന് മനുഷ്യന് രക്ഷ ലഭിക്കാൻ വേണ്ടി ലോകരക്ഷിതാവായ അല്ലാഹു അവതരിപ്പിച്ച മഹത്തായ വേദഗ്രന്ഥമാണ് ഖുർആൻ. ആ ഖുർആനിനെ സമൂഹമധ്യത്തിൽ കത്തിച്ച് അവഹേളിക്കുന്ന ആളുകളുടെ മനസ്സുകളിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന “ഇസ്‌ലാം വിരോധം” എത്ര ഭീകരമാണ് ?

ഒരു ഖുർആനിന്റെ കോപ്പി കത്തിച്ച് കളഞ്ഞാൽ ഖുർആനിനെയും അത് മുന്നോട്ട് വെക്കുന്ന ആശയത്തെയും അത് സൃഷ്ടിക്കുന്ന വിപ്ലവത്തെയും ഇല്ലാതാക്കാൻ കഴിയും എന്നാണോ അവർ വ്യാമോഹിക്കുന്നത്…?

അവർ അറിയണം ഒന്നല്ല, കോടിക്കണക്കിന് ഖുർആനിന്റെ കോപ്പികൾ ഒരേ സമയം അവർ കത്തിച്ച് ചാരമാക്കാൻ ശ്രമിച്ചാലും ഖുർആനിന് പോറലുകളൊന്നുമേൽപ്പിക്കുവാൻ അവർക്കാർക്കും കഴിയില്ല. അങ്ങനെ ചെയ്താലും നിമിഷങ്ങൾ കൊണ്ട് തന്നെ അതെ പോലെയുള്ള ഖുർആൻ പ്രതികൾ പുനർ നിർമിക്കപ്പെടും. കാരണം വളർന്ന് വരുന്ന കുഞ്ഞു മക്കളുടെ ഹൃദയാന്തരങ്ങളിൽ പോലും ഖുർആൻ മുഴുവനായും അക്ഷരങ്ങൾക്ക് പോലും മാറ്റമില്ലാതെ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വിപ്ലവം അത് തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യും.

ഇസ്‌ലാമിന്റെ ശത്രുക്കൾ എത്രമാത്രം ഖുർആൻ ജനമനസ്സുകളിൽ സൃഷ്ടിക്കുന്ന വിപ്ലവത്തെ ഭയപ്പെടുന്നുവോ. അതിനെ തടയിടാനയി എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രകണ്ട് ഖുർആനും ഇസ്‌ലാമും ലോകത്ത് ജനമനസ്സുകളിൽ സ്ഥാനം പിടിക്കുന്നുണ്ട് എന്നതാണ് സത്യം. ഖുർആനിനും ഇസ്‌ലാമിനും മാത്രമുള്ള ഒരു പ്രത്യേകതയാണിത്. ഈ അടുത്ത് ഇസ്‌ലാം സ്വീകരിച്ച ജോറം വാൻ ക്ലെവറൻ “Islam is lie Quran is poison” (ഇസ്‌ലാം നുണയാണ് ഖുർആൻ വിഷമാണ്) എന്ന പേരിൽ ഒരു പുസ്തകം എഴുതിയ ആളാണ്. ഇന്നദേഹം ഇസ്ലാമിനെ പരിചയപ്പെടുത്താൻ വേണ്ടി പുസ്തകങ്ങൾ രചിക്കുന്നതിന്റെ തിരക്കിലാണ്. മുസ്‌ലിമാണെന്ന് ചുരുക്കം…

പ്രശസ്ത ചരിത്രകാരൻ ആർ. വീസി. ബോർഡ്‌ലി എഴുതുന്നു.

This book transformed the simple shepherds, merchants and nomads of Arabia into warriors and empire builders

അറേബ്യയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സാധാരണക്കാരുമായ അറബികളെ പടയാളികളും സാമ്രാജ്യത്ത സ്ഥാപകരും ആക്കിത്തീർത്തത് ഈ ഗ്രന്ഥമാണ്
(The Messenger the life of Muhammed: R.v.c Bordley page: 239)

അത്കൊണ്ട് ഈ പ്രകാശത്തെ ഊതിക്കെടുത്താം എന്ന് വ്യാമോഹിക്കുന്നവരോട് പറയാനുള്ളത് ഖുർആനിലെ ഈ വചനമൊക്കെയൊന്ന് എടുത്ത് മറിച്ച് നോക്കുന്നത് നല്ലതാണ്.
അല്ലാഹു പറയുന്നു: “അവർ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു” (ഖുർആൻ 61:8)

ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർ ഖുർആൻ കത്തിക്കൽ പ്രോഗ്രാം തുടരട്ടെ! ദൈവികമായ ഈ പ്രകാശത്തെ ഊതിക്കെടുത്താനും അവർ പരമാവധി പരിശ്രമിക്കട്ടെ. പ്രസ്തുത കത്തിക്കൽ പാഴ്ശ്രമങ്ങളെല്ലാം ജനമനസ്സുകളിൽ ഖുർആനിന്റെ പ്രകാശനം വ്യാപിക്കുന്നതിനു മാത്രമേ നിമിത്തമാവൂ. അതാണ് ചരിത്രത്തിലുടനീളം സംഭവിച്ചത്; ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെ!!

No comments yet.

Leave a comment

Your email address will not be published.