പണ്ടു പണ്ട് അങ്ങ് അമേരിക്കയിൽ ചുവന്ന മുടിയുള്ള ഒരു ഐറിഷ്കാരി താമസിച്ചിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ വിധവയായിരുന്ന അവർക്ക് ആകെയുണ്ടായിരുന്ന ആഗ്രഹം തന്റെ മകനെ പഠിപ്പിച്ചു വലിയ ഒരു എഴുത്തുകാരനാക്കുക എന്നതായിരുന്നു. അതിനു വേണ്ടി കുഞ്ഞിലേ മുതലേ അവൾ അവനോട് പറഞ്ഞു കൊണ്ടേ ഇരുന്നു;
“ഒരു ദിവസം നീ ഒരു എഴുത്തുകാരൻ ആകും…. വെറും എഴുത്തുകാരനല്ല, മഹാനായ എഴുത്തുകാരൻ!”
ഒന്നാം ക്ലാസ്സിൽ ആവുന്ന സമയം മുതൽക്ക് തന്നെ വലിയ വലിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ട് വന്നു മകനെക്കൊണ്ട് അവൾ വായിപ്പിച്ചു. ആ മകൻ പുസ്തകങ്ങൾക്ക് മുന്നിൽ വളർന്നു. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി. ആറു മാസം കഴിഞ്ഞപ്പോൾ മകന് വേണ്ടി ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ ഹൃദയാഘാതം വന്ന് അവൾ അടുക്കളയിൽ മരിച്ചു വീണു. അവൻ ഒറ്റക്കായി. പുസ്തകങ്ങളും മഹാനായ എഴുത്തുകാരനും അവന്റെ മനസ്സിന്റെ ഏതോ കോണിൽ ഒളിച്ചിരുന്നു. അവനും ജീവിതമെന്ന തോണി തുഴയാൻ പങ്കായമെടുത്തു.
ആദ്യം ഒരു കടലാസ് ഫാക്ടറിയിൽ ജോലി നോക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ അവൻ യു എസ് ആർമിയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്ക് മുകളിലൂടെ മുപ്പത് ബോംബിടൽ ദൗത്യങ്ങൾ നടത്തി. യുദ്ധം കെട്ടടങ്ങിയപ്പോൾ അമേരിക്കയിൽ തിരിച്ചെത്തി. പുതിയ ജോലി അന്വേഷിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസക്കാരന് എന്തു ജോലി കിട്ടാൻ! അവസാനം ഇൻഷുറൻസ് വിൽക്കുന്ന ജോലി കിട്ടി. തന്റെ ബാല്യകാല പ്രണയിനിയെ വിവാഹം ചെയ്തു.
രാവും പകലും അവൻ ഇൻഷുറൻസ് വില്പനയിൽ മുഴുകി. തളർന്ന് അവശനായ ഒരു ദിവസം വൈകിട്ട് അവൻ അടുത്തുള്ള മദ്യശാലയിൽ കയറി അല്പം മദ്യം കുടിച്ചു. ആ കുടി പിന്നീട് രണ്ടു ദിവസം കൂടുമ്പോൾ ആയി. പിന്നെപ്പിന്നെ ദിനേനയായി. അവസാനം മദ്യം അവനുമേൽ ആധിപത്യം സ്ഥാപിച്ചു. ബോധം കുറഞ്ഞും കടങ്ങൾ കൂടിയും വന്നു. ഭാര്യക്കും ആറ്റുനോറ്റുണ്ടായ പെൺകുഞ്ഞിനും ജീവിതം നരകതുല്യമായി. അവന്റെ പെരുമാറ്റം സഹിക്കവയ്യാതെയായപ്പോൾ അവർ അവനെ ഉപേക്ഷിച്ചു പോയി. ചുവന്ന മുടിയുള്ള അവൾ വളർത്തിയ കുട്ടി, അവളുടെ സ്വപ്നത്തിലെ ‘മഹാനായ എഴുത്തുകാരൻ’ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ തന്നെ ജീവിതത്തെ വെറുത്തു തുടങ്ങി.
പിന്നീടുള്ള രണ്ടു വർഷങ്ങൾ അവൻ അമേരിക്ക മുഴുവൻ സഞ്ചരിച്ചു. ഒരു കുപ്പി മദ്യത്തിനായി എന്തു ജോലികളും ചെയ്തു. മദ്യപിച്ചു മദോൻമത്തനായി അവൻ തെരുവുകളിൽ കഴിഞ്ഞു. തന്റെ ചുവന്ന മുടിയുള്ള അമ്മയുടെ സ്വപ്നം അവൻ മറന്നു. ഒരു ദിവസം, മദ്യപിച്ചു ലക്കുകെട്ടു കിടന്നുറങ്ങിയത്തിനു ശേഷമുള്ള ഒരു പ്രഭാതത്തിൽ അവൻ ആ തെരുവിലൂടെ നടന്നു. മഞ്ഞു പെയ്യുന്ന ആ പ്രഭാതത്തിൽ റോഡിന് ഓരം ചേർന്നു നിൽക്കുന്ന പീടിക കോലായികളിലൂടെ അവൻ നടന്നു. അതിലൊരു പീടികയുടെ ജനലിലൂടെ അവൻ ഒരു കൈത്തോക്ക് കണ്ടു. വിൽക്കാൻ വെച്ചിരിക്കുകയാണ്. 29 ഡോളർ! തന്റെ കീശ തപ്പി. പത്തു ഡോളറിന്റെ മൂന്നു നോട്ടുകൾ. അവസാന സമ്പാദ്യം. അത് കൊടുത്തു ആ തോക്ക് വാങ്ങാം. എന്നിട്ട് അഴുക്ക് പിടിച്ചു ദുർഗന്ധം വമിക്കുന്ന തന്റെ മുറിയിൽ പോയി അത് ലോഡ് ചെയ്യണം. എന്നിട്ട് പതുക്കെ കണ്ണുകളടച്ചു തോക്ക് തലയോട് അടുപ്പിക്കണം. പിന്നെ കാഞ്ചി ഒറ്റ വലി…. ചുവന്ന മുടിയുള്ള ഐറിഷുകാരിയുടെ ‘മഹാനായ എഴുത്തുകാരൻ’ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിട പറയും.
പക്ഷേ, ആ ചിന്തയെ പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. ആ മഞ്ഞിലും അവൻ ആ പീടികയുടെ മുന്നിൽ നിന്ന് വിയർത്തു. ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യം പോലും അവന് നഷ്ടമായിരുന്നു. പരിഭ്രാന്തിയോടെ ആ കടയുടെ മുന്നിൽ നിന്ന് അവൻ ഇറങ്ങിയോടി. ഓടുമ്പോൾ, ഈ ലോകത്ത് ഏറ്റവും പരാജയപ്പെട്ട മനുഷ്യന് താനാണ് എന്നവന് തോന്നി. കാലുകൾക്ക് വേഗത വർധിച്ചു. ആ ഓട്ടം നിന്നത് ഒരു പൊതു വായനശാലയുടെ അടുത്തായിരുന്നു. പുസ്തകങ്ങൾ! അതിനു മുന്നിലൂടെ അവൻ കടന്നു പോയി. ജീവിതവിജയത്തിന് വേണ്ടിയുള്ള എല്ലാ പുസ്തകങ്ങളും അവൻ വായിച്ചു. ആർത്തിയോടെ. പിന്നീട് എല്ലാ ദിവസവും അവനാ വായനശാലയിൽ എത്തി. പുതിയ പുസ്തകങ്ങൾക്കായി വേറെ വായനശാലകൾ തേടി അവന് നടന്നു. അവന്റെ ശ്രദ്ധ വായനയിൽ മാത്രമായി. മദ്യാസക്തി കുറഞ്ഞു. അല്ലെങ്കിൽ പുസ്തകങ്ങൾ അവനെ മദ്യത്തെക്കുറിച്ചുള്ള ഓർമകളിൽ നിന്നകറ്റി. പുസ്തകൾ അവന്റെ പുതിയ ലഹരിയായി.
ആ അന്വേഷണത്തിലാണ് അവൻ ഡബ്ലിയു ക്ലമന്റ്സ്റ്റോണിന്റെ Success ത്രൂ A Mental Attitude എന്ന പുസ്തകം കാണുന്നത്. അതവനെ വല്ലാതെ സ്വാധീനിച്ചു. ജീവിതലക്ഷ്യം നേടിയെടുക്കാൻ സ്റ്റോൺ മുന്നോട്ട് വെച്ച ആശയങ്ങളിൽ അവന് ആകൃഷ്ടനായി. ആ പുസ്തകത്തിന്റെ ചട്ടയിൽ നിന്നും സ്റ്റോൺ അമേരിക്കയിൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ അധ്യക്ഷൻ ആണ് എന്നവനറിഞ്ഞു. ആ കമ്പനിയുടെ ബ്രാഞ്ച് തേടി അവന് ബോസ്റ്റൺ മുഴുവൻ നടന്നു. ഒടുവിൽ ആ കമ്പനിയിൽ അവന് ജോലി കിട്ടി.
ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം അവന് സ്ഥാനക്കയറ്റം കിട്ടി. ഇടക്ക് ലീവ് എടുത്ത് വാടകക്ക് എടുത്ത ടൈപ്പ് റൈറ്ററിൽ അവൻ ടൈപ്പ് ചെയ്തു കൊണ്ടിരുന്നു. ചുവന്ന മുടിയുള്ള അവന്റെ അമ്മ സമ്മാനിച്ച ആ സ്വപ്നം അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു. അവൻ ഇൻഷുറൻസ് വില്പനയെ കുറിച്ച് ഒരു കൈപ്പുസ്തകം എഴുതി. ആ ആത്മവിശ്വാസം സ്റ്റോൺ നടത്തിയിരുന്ന ഒരു മാസികയുടെ എഡിറ്റർ പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിക്കാൻ അവനെ സഹായിച്ചു. സ്റ്റോൺ സന്തോഷപൂർവം ആ ജോലി അവനെ ഏൽപ്പിച്ചു. ഒപ്പം പ്രദേശികമായിരുന്ന ആ മാസികയെ ദേശീയാടിസ്ഥാനത്തിൽ വളർത്താൻ അവനെ ചുമതലപ്പെടുത്തി.
പത്തു വർഷം കൊണ്ട് അത് ഒരുപാട് വളർന്നു. ജോലിക്കാരുടെ എണ്ണം രണ്ടിൽ നിന്ന് അറുപത്തിരണ്ടായി ഉയർന്നു. ആ മാസികയിൽ തുടരെത്തുടരെ അവൻ ലേഖനങ്ങൾ എഴുതി. അവസാനം പതിനെട്ടു മാസങ്ങൾക്ക് ശേഷം അവൻ ഒരു പുസ്തകം എഴുതി. ആദ്യം വെറും 5000 കോപ്പികൾ അടിച്ചു. അതും അധികം വിറ്റു പോയില്ല. ആയിടക്ക് ആംവേ കോർപ്പിന്റെ സഹസ്ഥാപകൻ റിച്ച് ഡീവോസ് അവന്റെ പുസ്തകത്തേക്കുറിച്ച് അവരുടെ സമ്മേളനത്തിൽ എടുത്തു പറഞ്ഞു. ആ സാക്ഷ്യപ്പെടുത്തൽ പുസ്തകത്തിന്റെ വിതരണത്തിൽ അഭൂതപൂർണമായ വളർച്ചയുണ്ടാക്കി. ഒരു കൊല്ലം കൊണ്ട് മൂന്നര ലക്ഷം കോപ്പികൾ വിറ്റു പോയി. അതിനകം ഒരു പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനം അവന് സ്വപ്നം പോലും കാണാൻ കഴിയാത്ത വിലക്ക് അതിന്റെ അവകാശം വാങ്ങിച്ചു. പിന്നീട് ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയി. ചുവന്ന മുടിയുള്ള ആ ഐറിഷുകാരിയുടെ സ്വപ്നം യാഥാർഥ്യമായി. അവൻ മഹാനായ എഴുത്തുകാരനായി.
ഇതൊരു സാങ്കല്പിക കഥയല്ല, സംഭവകഥയാണ്. ഇതിനോടകം 22 ഭാഷകളിൽ, 50 ദശലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ആ പുസ്തകത്തിന്റെ പേരാണ് ‘The Greatest Salesman in the World’. ചുവന്ന മുടിയുള്ള ആ അമ്മയുടെ മകന്റെ പേര് ‘ഓഗ് മാന്റിനോ’ എന്നും. വായന കൊണ്ട് ജീവിതത്തെ മാറ്റിമറിച്ച ഒരു മനുഷ്യന്റെ കഥ. ചുവന്ന മുടിയുള്ള ഒരു ഐറിഷുകാരി സ്വന്തം മകന്റെ മനസ്സിലേക്ക് കോരിയിട്ട ഒരു സ്വപ്നത്തിന്റെ കഥ. പക്ഷേ ആ പുസ്തകത്തിൽ ആ കഥയില്ല. പക്ഷേ ആ പുസ്തകം സമ്മാനിക്കുന്നത് അവന്റെ കഥ കൂടിയാണ്. ചുവന്ന മുടിയുള്ള അവളുടെ സ്വപ്നത്തിന്റെ കൂടി കഥ!
great