ചാവേറുകളുണ്ടാവുന്നത് മതത്തിൽ നിന്നല്ല!

//ചാവേറുകളുണ്ടാവുന്നത് മതത്തിൽ നിന്നല്ല!
//ചാവേറുകളുണ്ടാവുന്നത് മതത്തിൽ നിന്നല്ല!
ആനുകാലികം

ചാവേറുകളുണ്ടാവുന്നത് മതത്തിൽ നിന്നല്ല!

Print Now
“വള്ളുവനാടിന്റെ അഭിമാനസംരക്ഷണത്തിന് നൂറുകണക്കിന് ചാവേർ പടയാളികൾ തിരുന്നാവായിലെ മാമാങ്കങ്ങളിൽ പടവെട്ടി ആത്മാഹുതി അനുഷ്ഠിച്ചുകൊണ്ട് വീരസ്വർഗം പ്രാപിച്ചു. കേരളചരിത്രത്തിന്റെ താളുകളിൽ ധീരതയുടെ പര്യായങ്ങളായി മിന്നിത്തിളങ്ങുന്ന ആ ധീര ദേശാഭിമാനികളുടെ ശാശ്വതസ്മരണകൾ ഈ രക്തസാക്ഷി മണ്ഡപത്തിൽ ഉറങ്ങി കിടക്കുന്നു.”
പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിന് സമീപം തെക്കെ നടയിലുള്ള ചാവേർ തറയ്ക്ക് പുറത്തെ ചെറിയ ബോർഡിൽ എഴുതിവെച്ച വാചകങ്ങളാണിത്. കേരളത്തിന്റെ പ്രധാനപ്പെട്ട നദികളിലൊന്നായ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടന്നിരുന്ന ഇരുപത്തിയെട്ടു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മാമാങ്കം മഹോത്സവത്തോടനുബന്ധിച്ച് മരിക്കുംവരെ പടവെട്ടാൻ ക്ഷേത്രസന്നിധിയിൽ വെച്ച് തീരുമാനിച്ചുറപ്പിക്കുന്ന ചാവേറുകൾ പുറപ്പെട്ടിരുന്നത് ഈ തറയിൽ നിന്നായിരുന്നുവെന്നതാണ് ചാവേർത്തറയുടെ ചരിത്രപരമായ പ്രാധാന്യം.

മാമാങ്കത്തിന്റെ രക്ഷാധികാരിയായിരുന്ന വള്ളുവക്കോനാതിരിയിൽ നിന്ന് ശക്തമായ സൈനികനീക്കങ്ങളിലൂടെ അത് പിടിച്ചടക്കിയ സാമൂതിരിമാരോടുള്ള പക തീർക്കാൻ മാറി മാറി വരുന്ന സാമൂതിരിമാരെ മാമാങ്കത്തിന്റെ വേദിയിൽ വെച്ച് കൊല്ലുവാനായി പുറപ്പെടുന്നവരാണ് ചാവേറുകൾ. വേണ്ടത്ര സൈനിക ശക്തിയില്ലാത്ത വള്ളുവക്കോനാതിരിമാർക്കു വേണ്ടി ജീവൻ ത്യജിക്കുവാൻ തയാറാകുന്നവരാണവർ. 1683 ലെ മാമാങ്കത്തെക്കുറിച്ച വില്ല്യം ലോഗന്റെ മലബാർ മാന്വലിലെ കോഴിക്കോട് ഗ്രന്ഥാവരികളുടെ വെളിച്ചത്തിലുള്ള വിവരണത്തിൽ നിന്ന് ചാവേറുകൾ ആരായിരുന്നുവെന്ന് വ്യക്തമാവും. “ആർപ്പുവിളികൾക്കും ആചാരവെടികൾക്കുമിടയിൽ നിന്ന് വള്ളുവനാട്ടിലെ നാല് നായർ കുടുംബങ്ങളിലെ ചാവേർ നായന്മാർ ജനക്കൂട്ടത്തിൽ നിന്നും വരികയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും അവസാന ആശംസകളും പ്രാർത്ഥനകളും സ്വീകരിക്കുകയും ചെയ്തു. വെള്ളാട്ടിരിയുടെ വീട്ടിൽ നിന്ന് ഈ ഭൂമിയിലെ അവസാനത്തെ ഊണ് കഴിച്ചതിന് ശേഷം വരുന്ന അവരെ പൂമാലകൾ അണിയിച്ചും ഭസ്മം പൂശിയും ജനങ്ങൾ വരവേറ്റു. ഇത്തവണ പട നയിക്കുന്ന പുതുമന്ന പണിക്കരുടെ വീട്ടിലാണ് ഇപ്പോൾ അവരുള്ളത്. അദ്ദേഹത്തോടൊപ്പം നായന്മാരോ മാപ്പിള്ളമാരോ മറ്റ് ആയുധമെടുക്കുന്ന ജാതികളിലുള്ളവരോ ആയ പതിനേഴ് സുഹൃത്തുക്കളുംകൂടി മരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിവാദ്യമർപ്പിച്ച് വാളുകൾ ചുഴറ്റി.” (William Logan MCS: Malabar, Madras, 1951, Volume 1, Page 167)

വള്ളുവക്കോനാതിരിക്കു വേണ്ടി പൊരുതി മരിക്കാൻ തിരുമാന്ധാംകുന്നിലമ്മക്ക് നടയിരുത്തുന്ന ആൺകുട്ടികളാണ് പ്രധാനമായും ചാവേറുകളായിത്തീരുന്നത്. ദീർഘകാലത്തെ കളരിപഠനത്തിനു ശേഷമാണ് ഒരാൾ ചാവേറാകാൻ ഒരുങ്ങുന്നത്. ഒരാൾ ചാവേറാകുന്നതിന്റെ ആചാരക്രമം ഇങ്ങനെയാണ്: സാമൂതിരിയെ വധിച്ച് വള്ളുവക്കോനാതിരിയുടെ മാമാങ്കത്തിലെ നിലപാട് സ്ഥാനം തിരിച്ചുപിടിക്കുന്നതിനായി പൊരുതി മരിക്കാൻ തീരുമാനിച്ച തിരുമാന്ധാം കുന്നിലെ കളരിഅഭ്യാസികൾ പുതുമന മൂത്ത പണിക്കരെ വിവരം അറിയിക്കുന്നു. ശേഷം തിരുനെല്ലിയിൽ പോയി ഇരിക്കപിന്ധം വെച്ച് നാൽപത്തിയൊന്ന് ദിവസം വ്രതമെടുത്ത് തിരുമാന്ധാം കുന്നിൽ ഭജനയിരിക്കുന്നു. ചാവേർ പുറപ്പെടും മുൻപ് വെളുത്തേടൻ വെച്ച മാററ്റം മൂടുന്ന പട്ടുടുത്ത്, രക്തചന്ദനം തേച്ച്, മാലയുമണിഞ്ഞ് വള്ളുവക്കോനാതിരിയുടെയും ദേശക്കാരുടെയും സാന്നിധ്യത്തിൽ ചാവേർത്തറയിൽ വിളക്ക് വച്ച് ഉടവാളൂരി ചാവേർ വിളിക്കും. ശേഷം പരദേവതയെ തൊഴുത് ചാവേറുകൾ പുതുമന തറവാട്ടിൽ എത്തും. ചാവേറുകൾക്ക് അവസാനത്തെ ഭക്ഷണം നൽകിയിരുന്നത് പുതുമന തറവാട്ടിൽ വെച്ചാണ്. ഉപ്പും വെളിച്ചെണ്ണയും ചേർത്തു കുഴച്ച ഒരു പിടി ചോറ് ചാവേറിന്റെ വായിൽ വെച്ചുകൊടുത്തുകൊണ്ട് ‘ജയിച്ചു വരൂ’ എന്നു പറഞ്ഞ് പുതുമനയമ്മ അവരെ അനുഗ്രഹിക്കും. അതിന്നു ശേഷം മരിക്കാൻ തയാറായി അവർ തിരുന്നാവായ മണപ്പുറത്തേക്ക് പുറപ്പെടും.

മാമാങ്കദിനങ്ങളിലോരോന്നിലും ‍വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ നിലപാടുതറയിൽ സാമൂതിരി ഉടവാളും പിടിച്ച് നിലപാട് നിൽക്കുന്നിടത്തേക്ക് കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലൂടെ പൊരുതി കടന്നുചെന്ന് സാമൂതിരിയെ കൊല്ലാൻ ശ്രമിക്കുകയാണ് ചാവേറുകൾ ചെയ്യുക. സാമൂതിരിയുടെ കാവൽഭടന്മാരാൽ അവരെല്ലാം കൊല്ലപ്പെടുകയാണ് പതിവ്. എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപാട്ടുകളായ ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിലുണ്ട്. 1743-ലും ഒരു ചാവേർ, മണിത്തറ വരെ ചെന്നെത്തിയെങ്കിലും അകമ്പടിക്കാർ അയാളെ കൊന്നു. പതിനായിരങ്ങൾ വരുന്ന അകമ്പടിസൈന്യത്തെ നിഷ്പ്രഭമാക്കി നിലപാട് തറ വരെ ചെന്നെത്തിയ ചന്ദ്രത്തിൽ ചന്തുണ്ണി 1695-ലെ മാമാങ്കത്തിൽ സാമൂതിരിയെ ആഞ്ഞു വെട്ടിയെങ്കിലും സാമൂതിരി ഒഴിഞ്ഞുമാറുകയും ചാവേർ ചന്തുണ്ണിയെ സാമൂതിരിയുടെ അകമ്പടി സൈന്യം വെട്ടിവീഴ്ത്തുകയും ചെയ്തു. ഇത് 1755-ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് അന്ന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും ശ്രീ കെ സി ജയരാജന്‍ രാജയുടെ ‘വള്ളുവനാട് വംശം’ എന്ന ലേഖനത്തിലുണ്ട്. (http://www.valluvanad.com/ml/history)

മാമാങ്കത്തിലെ രാജസ്ഥാനമായിരുന്ന തിരുന്നാവായയിലെ നിലപാടുതറ, ചാവേർ അക്രമത്തിനിടയിൽ മുറിവേറ്റ അംഗരക്ഷകർക്കുള്ള മരുന്നുകൾ സൂക്ഷിച്ചിരുന്ന മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് കൊന്നിരുന്ന പട്ടിണിത്തറ എന്നിവയുടെ അവശിഷ്ടങ്ങളും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള ചാവേർ തറയുമെല്ലാം ചരിത്രാന്വേഷകനെ സംബന്ധിച്ചിടത്തോളം കേരളചരിത്രത്തിന്റെ പൗരാണികമായ ഏടുകൾ മാത്രമായിരിക്കാം; എന്നാൽ ചാവേറുകളെ സൃഷ്ടിക്കുന്ന വികാരങ്ങളെക്കുറിച്ച പഠനം സാമൂഹ്യശാസ്ത്രരംഗത്ത് ഏറെ പ്രസക്തമാണിന്ന്. നൂറ്റാണ്ടുകളോളം കാലം ഓരോ പന്ത്രണ്ട് വർഷങ്ങൾക്കിടയിലും കേരളത്തിൽ ആവർത്തിച്ചിരുന്ന ചാവേർപടയാളികളുടെ മനഃശാസ്ത്രമെന്തായിരുന്നുവെന്ന പഠനം പുതിയകാല രാഷ്ട്രീയസാഹചര്യത്തിൽ ചരിത്രപഠനത്തിനപ്പുറത്തെ ദൗത്യം നിർവഹിക്കുവാൻ കഴിയുന്നതാണ്. അത്തരം പഠനങ്ങളിലൂടെയാണ് ചാവേറുകൾ ഉണ്ടായിത്തിത്തീരുന്നതെങ്ങനെയാണെന്ന് നാം അന്വേഷിക്കേണ്ടത്; അതിനുള്ള പ്രതിരോധം തീർക്കേണ്ടത് അത് മനസ്സിലാക്കിക്കൊണ്ടാണ്.

മാതാപിതാക്കളുടെ നേർച്ച പ്രകാരമോ അല്ലാതെയോ മരിക്കാൻ സ്വയം സന്നദ്ധരായി മാമാങ്കത്തിന് പുറപ്പെടുന്ന ചാവേറുകളെ പ്രചോദിപ്പിച്ചത് മതമോ ദർശനമോ സ്വർഗ്ഗമോ ഒന്നുമായിരുന്നില്ല. പ്രത്യുത, അന്ധമായ രാജഭക്തി മാത്രമായിരുന്നു. വെള്ളാട്ടിരിക്കുവേണ്ടി ജനിച്ചവരായിരുന്നു അവരിൽ പലരും. മറ്റു ചിലരാവട്ടെ, അദ്ദേഹത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി സ്വയം മരിക്കാൻ സന്നദ്ധരായവരും. രാജാവിനുവേണ്ടി മരിക്കാൻ സ്വന്തം മക്കളെ പ്രേരിപ്പിക്കുക, അതിന്നായി മാത്രം അവരെ വളർത്തിക്കൊണ്ട് വരിക, മരിക്കാൻ സ്വയം സജ്ജരായി യുവാക്കൾ മാമാങ്കത്തിന് പുറപ്പെടുക, തങ്ങളുടെ അവസാനത്തെ ഭക്ഷണമാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പുതുമന അമ്മയിൽ നിന്ന് ചോറ് വാങ്ങിക്കഴിക്കുക, ചാവേറായി മരിക്കാൻ പോകുന്നവരെ സമൂഹം ആനയിച്ചാദരിക്കുക, രാജാവിന്റെ അഭിമാനം സംരക്ഷിക്കുവാനായി സ്വയം മരിക്കുക. അഥവാ മരിച്ചിട്ടില്ലെങ്കിൽ പട്ടിണി കിടന്നും രക്തം വാർന്നും ഇഞ്ചിഞ്ചായി മരിക്കുക… ഇതിന്നെല്ലാം അവരെ പ്രേരിപ്പിച്ച മനസ്സ് എന്തായിരിക്കും? മതമോ ദൈവമോ സ്വർഗ്ഗമോ അല്ലെന്നുറപ്പ്. പിന്നെയെന്തെന്ന അന്വേഷണം തീർച്ചയായും ഏറെ പ്രസക്തമാണ്. അത്തരം അനേഷണങ്ങൾ വഴിയാണ്, മതഗ്രന്ഥങ്ങളുടെ വികൃതവായന വഴിയല്ല, ചാവേറുകളുടെ മനഃശാസ്ത്രമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്. അത് മനസ്സിലാവുമ്പോൾ മാത്രമേ അതിന്നെതിരിൽ യഥാരൂപത്തിലുള്ള പ്രതിരോധം സാധ്യമാവൂ.

വള്ളുവക്കോനാതിരിയുടെ അഭിമാനസംരക്ഷണത്തിന് വേണ്ടി മാത്രമായി മരിക്കുന്നവരായതുകൊണ്ട്തന്നെ ചാവേറുകൾ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായിരുന്നു. തന്നെ കൊല്ലാനായി മാത്രം വളർത്തപ്പെടുന്നവരെന്ന നിലയിൽ സാമൂതിരിയെ സംബന്ധിച്ചിടത്തോളം അവർ നശിപ്പിക്കപ്പെടേണ്ട കൃമികീടങ്ങളെപ്പോലെയായിരുന്നു. ചാവേറുകളെ സ്വീകരിക്കാനും ആനയിക്കാനും ഭസ്മം പൂശാനും പൂമാലകളിട്ട് ആദരിക്കാനും വെള്ളാട്ടിരിയും കൂട്ടരും നടത്തുന്ന ആഘോഷത്തെക്കുറിച്ച അറിവാണ് അങ്ങാടിപ്പുറത്തെ ചാവേർത്തറ നൽകുന്നത്. അക്രമത്തിനിടയിൽ പരിക്കേൽക്കുന്ന തന്റെ അംഗരക്ഷകരെ ചികിൽസിക്കാൻ മരുന്നറയൊരുക്കിയ സാമൂതിരി അതിന്നടുത്ത് തന്നെ മരിക്കാത്ത ചാവേറുകളെ പട്ടിണിക്കിട്ട് കൊല്ലാനായി പട്ടിണിത്തറയും ഒരുക്കിയിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ചാവേറാകാൻ മാതാപിതാക്കൾ മക്കളെ ക്ഷേത്രത്തിലേക്ക് നടയിരുത്തുന്നതും അങ്ങനെ വളർത്തപ്പെട്ടവർ ചാവേറാകാൻ ഒരുങ്ങിപ്പുറപ്പെടുന്നതും. നടയിരുത്തപ്പെട്ടവർ മാത്രമായിരുന്നില്ല ചാവേറുകളാവാൻ സന്നദ്ധമായിരുന്നത്. ബോധം വന്ന ശേഷം സ്വയം ചാവേറുകളാകാൻ സന്നദ്ധരാവുന്നവരുമുണ്ടായിരുന്നുവെന്നാണ് ‘വള്ളുവനാട് വംശം’ വെളിപ്പെടുത്തുന്നത്.

മാമാങ്കത്തിലെ ചാവേറുകളെ പ്രചോദിപ്പിച്ചത് മരണാനന്തരം ലഭിക്കുമെന്ന് കരുതിയ സ്വർഗ്ഗമല്ലെന്നുറപ്പ്. മതമോ ദർശനമോ വേദഗ്രൻഥങ്ങളോ ഒന്നും പഠിച്ചല്ല അവർ സ്വയം മരിക്കാൻ സന്നദ്ധരായി മാമാങ്കങ്ങളിലേക്ക് പുറപ്പെട്ടത്. വള്ളുവക്കോനാതിരിയുടെ അപദാനങ്ങൾ കേട്ടാണ് അവർ വളർന്നു വന്നത്. സാമൂതിരിയോടുള്ള വെറുപ്പും വിദ്വേഷവും ചെറുപ്പം മുതൽ തന്നെ അവരുടെ മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടിരുന്നു. ചാവേറുകളായി വാഴ്ത്തപ്പെടുക വഴി അവർക്കും കുടുംബത്തിനും ലഭിക്കുന്ന അംഗീകാരവും പ്രശസ്തിയും അവർക്ക് ഏറെ പ്രചോദകമായിത്തീരുകായും ചെയ്തു. ഇവ മൂന്നും സമാസമം ചേർന്നപ്പോൾ അവരിൽ നിന്ന് ചാവേറുകൾ ജനിച്ചുവെന്ന് പറയുന്നതാവും ശരി.

ചരിത്രത്തിൽ വ്യത്യസ്ത സമൂഹങ്ങളിൽ ജീവിച്ച ചാവേറുകളെ പരിശോധനാവിധേയമാക്കിയാൽ മൂന്ന് കാര്യങ്ങളാണ് മരിക്കാനായി സ്വയം പുറപ്പെടുന്നവരുടെ പ്രചോദകമായി വർത്തിക്കുന്നതെന്ന് കാണാനാവും. ഒന്ന് എന്തിനോടെങ്കിലുമുള്ള അമിതമായ അഭിനിവേശമാണ്; മതമോ പ്രത്യയശാസ്ത്രമോ ദേശമോ നേതാവോ രാജാവോ എന്തുമാവാം ഇത്. എന്തിനോടെങ്കിലുമുള്ള വെറുപ്പാണ് രണ്ടാമത്തേത്; തനിക്ക് ഉജ്വലമെന്ന് തോന്നുന്നതെന്താണോ അതിനോട് ശത്രുത പുലർത്തുന്നതെന്താണെങ്കിലും അതിനോടുള്ള വെറുപ്പ്. തന്റെ മരണം വഴി സ്വന്തത്തിനും കുടുംബത്തിനും ലഭിക്കുന്ന പ്രശസ്തിയും അംഗീകാരവുമാണ് മൂന്നാമത്തേത്; തന്റെ രക്തസാക്ഷ്യം വഴി താനുൾക്കൊള്ളുന്ന സമൂഹത്തിൽ താൻ സ്മരിക്കപ്പെടുകയും ധീരനായി വാഴ്ത്തപ്പെടുകയും തന്റെ കുടുംബം അംഗീകരിക്കപ്പെടുകയും ചെയ്യുമെന്നുള്ള പ്രചോദനം. ഇവ മൂന്നുമാണ് ചാവേറുകളെ സൃഷ്ടിക്കുന്ന പ്രചോദകങ്ങൾ. സ്വയം മരിക്കുന്നതു വഴി താൻ സ്നേഹിക്കുന്ന വ്യക്തിയോ നാടോ ജയിക്കുകയും ശത്രു തോൽക്കുകയും താൻ വാഴ്ത്തപ്പെടുകയും ചെയ്യുമെന്ന ബോധമാണ് ചാവേറുകളെ സൃഷ്ടിക്കുന്നതെന്നർത്ഥം.

യഹൂദദേശത്തെ റോമൻ അധിനിവേശത്തിനെതിരെ പോരാടിയ ജൂതതീവ്രവാദികളായിരുന്ന സികാരികളാണ് മരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തിയ ഒന്നാമത്തെ സംഘമെന്ന് ബ്രിഗം യങ് സർവകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡേവിഡ് സി പാറ്റേഴ്‌സണും ചരിത്രവിഭാഗം പ്രൊഫസർ വില്യം ജെ ഹാബിലിനും ചേർന്നെഴുതിയ ‘ആരായിരുന്നു സികാരികൾ’ (Who were the Sicarii?) എന്ന ലേഖനത്തിൽ പറയുന്നുണ്ട്. (Meridian Magazine, June 7, 2004). ഒന്നാം നൂറ്റാണ്ടിലെ റോമൻ അധിനിവേശകാലത്ത് അവരെ സഹായിക്കുന്ന ജൂതസംഘങ്ങളിൽ പെട്ടവർ കൂടി നിൽക്കുന്ന സദസ്സുകളിൽ കഠാര ശരീരത്തിൽ ഒളിപ്പിച്ച് കൊണ്ട് കടന്നു വരികയും അത് കൊണ്ട് പരമാവധി പേരെ കൊന്നൊടുക്കിയ ശേഷം അതിന്നിടയിൽ പിടിക്കപ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നവരായിരുന്നു സികാരികൾ. 1090നും 1275നുമിടയിൽ സിറിയയിലും പേർഷ്യയിലും വളർന്നു വികസിച്ച ഇസ്മാഈലീ ശിയാക്കൾക്കിടയിലെ ഹശീഷിയാക്കളാണ് ശത്രുനേതാക്കാന്മാർക്കെതിരെ ചാരപ്രവർത്തനങ്ങൾ നടത്തുകയും അവരെ കൊല്ലുകയും ചെയ്തുകൊണ്ട് ഭീതി പരത്തിയ ആദ്യത്തെ ഭീകരന്മാർ എന്ന് മധ്യപൗരസ്ത്യദേശ പഠനരംഗത്തെ പ്രഗത്ഭനായ ബർണാഡ് ലൂയിസ് തന്റെ ‘ദി അസ്സാസിൻസ്’ എന്ന ഗ്രൻഥത്തിൽ സമർത്ഥിക്കുന്നുണ്ട്. (Bernard Lewis: The Assassins, New York, 2008). സുന്നി ഭരണാധികാരികളെയും നേതാക്കളെയും പൊതുസ്ഥലത്തുവെച്ച് കൊന്നുകൊണ്ട് ഭീതി പടർത്തുകയായിരുന്നു അവരുടെ രീതി. ഖലീഫമാരടക്കമുള്ള നിരവധി സുന്നീഭരണാധികാരികളെ കൊന്നൊടുക്കിയ അവർ ചില കുരിശുയോദ്ധാക്കളെയും വധിച്ചിട്ടുണ്ട്. സ്വാഭാവികമായും പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യാം എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു ഹശീഷിയാക്കൾ തങ്ങളുടെ ഭീകരമായ കൊലപാതകങ്ങൾ നടത്തി വന്നത്. ഇവരും കേരളത്തിലെ ചാവേറുകളുമെല്ലാം മരിക്കാനായി ഒരുങ്ങിത്തന്നെയാണ് പുറപ്പെടുന്നതെങ്കിലും അവരൊന്നും മരിക്കുന്നത് സ്വന്തം ആയുധങ്ങൾ കൊണ്ടല്ല, പ്രത്യുത തങ്ങൾ ശത്രുക്കളായി കരുതുന്നവരുടെ ആയുധങ്ങൾ കൊണ്ടാണ്. അതുകൊണ്ട് തന്നെ അവർ വാഴ്ത്തപ്പെട്ടിരുന്നത് രാജാവിനോ രാജ്യത്തിനോ വേണ്ടി മരിക്കാൻ സന്നദ്ധതയുള്ളവരായാണ്, മരിക്കുന്നവരായല്ല. തങ്ങളുടെ അവസാനത്തെ ഭക്ഷണമാണെന്നറിഞ്ഞുകൊണ്ട് പുതുമനയമ്മയിൽ നിന്ന് ഒരു പിടിച്ചോറ് വാങ്ങി കഴിക്കുമ്പോഴും ‘അമ്മ അനുഗ്രഹിക്കുന്നത് ‘ജയിച്ചു വരൂ’ എന്നായിരുന്നുവെന്ന വസ്തുത അവർ പുറപ്പെട്ടത് മരിക്കാനല്ല, ജയിക്കാനായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു ജപ്പാനിലെ സെപ്പുക്കു മരണരീതി. തോൽക്കുമെന്ന് ഉറപ്പാവുന്ന സന്ദർഭത്തിൽ ജപ്പാനിലെ സൈനികനേതാക്കളായ സാമുറായികൾ അനുവർത്തിച്ചിരുന്ന ആത്മഹത്യ തന്നെയാണിത്. പ്രത്യേകമായി തയ്യാർ ചെയ്യപ്പെട്ട കത്തിയുപയോഗിച്ച് സ്വന്തം വയർ കുത്തിക്കീറി മരിക്കുകയെന്ന സെപ്പുക്കു ആദ്യമായി അനുഷ്ഠിക്കപ്പെട്ടത് 1180ൽ നടന്ന യുജി യുദ്ധത്തിൽ വെച്ചാണെന്ന് ലീഡ്സ് സർവകലാശാല പൗരസ്ത്യമതഗവേഷണവിഭാഗത്തിലെ പ്രൊഫസറായ സ്റ്റീഫൻ ടേൺബാൾ തന്റെ സാമുറായ് യുദ്ധരീതികളെയും ചരിത്രത്തെയും കുറിച്ച് വിവരിക്കുന്ന പുസ്തകത്തിൽ പറയുന്നുണ്ട്. (Stephan R.Turnbull: The Samurai: A Military History. New York, 1977, Pages 46-49). യുദ്ധരംഗത്ത് ശത്രുക്കൾ വിജയിക്കുമെന്നുറപ്പായപ്പോൾ കേരളവർമ്മ പഴശ്ശിരാജയെപ്പോലെയുള്ള ചില രാജാക്കന്മാർ ലോകത്തിന്റെ പല ഭാഗങ്ങളിലും ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലും അതൊരു അംഗീകരിക്കപ്പെട്ട സമ്പ്രദായമായി നില നിന്നത് ജപ്പാനിൽ മാത്രമായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ശത്രുക്കൾക്കിടയിൽ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയെന്ന ഇന്നത്തെ ചാവേർ രീതിയുടെ ഉറവിടവും റഷ്യയും ജപ്പാനും ചൈനയുമെല്ലാം ആയിരുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

റഷ്യയിലെ സാർ ചക്രവർത്തിക്കെതിരെയുള്ള കലാപത്തിലാണ് ആദ്യമായി സ്വയം പൊട്ടിത്തെറിച്ചുകൊണ്ട് ശത്രുവിനെ നശിപ്പിക്കുകയെന്ന തന്ത്രം പരീക്ഷിക്കപ്പെട്ടത്. 1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന തീവ്രഇടതുപക്ഷസംഘമാണ് ആദ്യമായി ആത്മഹത്യാസ്‌ഫോടനം നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്‌നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്‌സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്. ചാവേറാകുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹമെഴുതിയ കുറിപ്പിൽ “നമ്മുടെ വിജയങ്ങളുടെ ഉജ്വലമായ കാലത്തെ ഒരു ദിവസമോ ഒരു മണിക്കൂറോ ഞാൻ ജീവിച്ചിരിക്കില്ല; എന്നാൽ എന്റെ മരണംകൊണ്ട് ഞാൻ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്” എന്നെഴുതിയതായി ഇയിൻ ഓവർടോണും ഹെൻഡ്രി ഡോടും ചേർന്നെഴുതിയ ‘ആത്മത്യാബോംബിങ്ങിന്റെ ലഘുചരിത്രം’ (Iain Overton and Henry Dodd: A short history of suicide bombing, 23 Aug 2013 https://aoav.org.uk/2013/a-short-history-of-suicide-bombings/) എന്ന ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. ചാവേർമനഃശാസ്ത്രത്തെക്കുറിച്ച പ്രാഥമികമായ അറിവ് നൽകുവാൻ പര്യാപ്തമാണ് ചാവേറിന്റെ ഈ പരാമർശം.

ക്വിങ് സാമ്രാജ്യത്തിനെതിരെ 1911ൽ നടന്ന ക്സിൻഹായ്‌ വിപ്ലവത്തിന്റെ മുന്നിലുണ്ടായിരുന്ന, പിൽക്കാലത്ത് ചൈനീസ് റിപ്പബ്ലിക്കിന്റെ സൈനികമേധാവിയായിത്തീർന്ന ഹുയാങ്ങ് സിംഗ് തന്റെ പ്രചോദനത്താൽ രൂപീകൃതമായ വിദ്യാർത്ഥികളുടെ ചാവേർ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ “ഏതായാലും മരിക്കണം; എന്നാൽ നമുക്ക് ധീരന്മാരായി മരിക്കാം”, എന്ന കലാപത്തിന്റെ ചാലകശക്തിയായിത്തീർന്ന വാചകത്തിൽ നിന്നും ചാവേറുകളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയും. (Aul Linebarger: Sun Yat Sen and the Chinese Republic, New York, 2008, Page 263). അവർ തന്നെയാണ് സ്വയം പൊട്ടിത്തെറിച്ച് ശത്രുവിനെ വക വരുത്തുകയെന്ന തന്ത്രത്തിന്റെ തുടക്കക്കാർ. 1937 ലെ രണ്ടാമത് ജാപ്പനീസ്-ചൈന യുദ്ധത്തിന്റെ തുടക്കത്തിൽ തന്റെ ശരീരത്തിൽ ഘടിപ്പിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്വയം മരിച്ച ഒരു ചൈനീസ് പട്ടാളക്കാരൻ അത് വഴി കൊന്നത് ഇരുപത് പേരെയാണ്. ഇതേ തന്ത്രമുപയോഗിച്ച് നിരവധി ജാപ്പനീസ് ടാങ്കറുകൾ തകർക്കുകയും സൈനികരെ കൊല്ലുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ സൈനികരാണ് ആത്മഹത്യായുദ്ധതന്ത്രത്തെ വ്യാപകമായി ഉപയോഗപ്പെടുത്തിയത്. സ്ഫോടകങ്ങൾ നിറച്ച യുദ്ധവിമാനങ്ങൾ ശത്രുക്കളുടെ യുദ്ധക്കപ്പലുകളെ ഇടിച്ച് പൊട്ടിത്തെറിക്കുകയെന്ന തന്ത്രത്തിന് അവർ നൽകിയ പേര് ‘ആത്മീയ കാറ്റ്’ എന്നർത്ഥം വരുന്ന ‘കാമികസെ’ എന്നായിരുന്നു. പൈലറ്റുകളുടെ മരണം ഉറപ്പാക്കിക്കൊണ്ടുള്ള ഇത്തരം മുവായിരത്തോളം സ്ഫോടനങ്ങൾ വഴി ശത്രുക്കളുടെ അമ്പതോളം യുദ്ധക്കപ്പലുകളെ മുക്കുവാൻ അവർക്ക് കഴിഞ്ഞുവെന്ന് ‘ആത്മത്യാബോംബിങ്ങിന്റെ ലഘുചരിത്ര’ത്തിലുണ്ട്.

ബർലിൻ യുദ്ധത്തിൽ ജർമൻകാരും കൊറിയൻ യുദ്ധത്തിൽ നോർത്ത് കൊറിയക്കാരുമെല്ലാം ആത്മഹത്യാസ്‌ക്വാഡുകൾ ഉണ്ടാക്കുകയും സ്ഫോടനങ്ങളിലൂടെ തങ്ങളുടെ ശത്രുക്കൾക്ക് പരമാവധി നാശനഷ്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെയൊന്നും പ്രേരിപ്പിച്ചത് മതമോ സ്വർഗ്ഗമോ ഒന്നുമല്ല, തികച്ചും രാഷ്ട്രീയവും ഭൗതികവുമായ പ്രചോദനങ്ങളായിരുന്നു ഈ ചാവേറുകളെയെല്ലാം സൃഷ്ടിച്ചതെന്ന വസ്തുത ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ശീതസമരത്തിന്റെ നാളുകളിൽ ലോകത്തിന്റെ വിവിധ കോണുകളിലെവിടെയെങ്കിലും ആത്മഹത്യായുദ്ധതന്ത്രങ്ങളൊന്നും നടന്നതായി രേഖകളിലൊന്നും കാണുന്നില്ല. അഫ്‌ഗാനിസ്ഥാനിലും വിയറ്റ്നാമിലും അൻഗോളയിലും അയർലന്റിലും നിക്കരാഗ്വയിലുമൊന്നും നടന്ന രാഷ്ട്രവിരുദ്ധകലാപങ്ങളിലൊന്നും തന്നെ ചാവേർ ആക്രമണങ്ങളുണ്ടായിട്ടില്ല. അന്നത്തെ ലോകധ്രുവങ്ങളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ഇവർക്കെല്ലാം ആവശ്യമായ ആയുധങ്ങൾ നൽകി സൈനികമായ സഹായങ്ങൾ നൽകിക്കൊണ്ടിരുന്നതാവാം ഇതിന് കാരണം. മുസ്‌ലിംലോകത്ത് നിന്ന് ചാവേറുകളുണ്ടാവുന്നത് ശീതസമരനാളുകൾക്ക് ശേഷമാണ്. ലബനാനിലെ ഇസ്രായീൽ അധിനിവേശത്തിനെതിരെ എന്ന പേരിലായിരുന്നു ആത്മഹത്യാസ്‌ഫോടനങ്ങളുടെ തുടക്കം. 1983 ഏപ്രിൽ 18 ന് ബെയ്‌റൂത്തിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന കാർബോംബ് ആക്രമണമാണ് ഇതിൽ ഒന്നാമത്തേത്. തൊള്ളായിരത്തിലധികം കിലോഗ്രാം വിസ്ഫോടകങ്ങളുമായി ഇടിച്ച് കയറിയ കാറിന്റെ ഡ്രൈവർ പൊട്ടിത്തെറിച്ചപ്പോൾ അയാളോടൊപ്പം മരിച്ചത് അറുപത്തിമൂന്ന് പേരായിരുന്നു. അതേ വർഷം തന്നെ ഒക്ടോബർ 23ന് ലബനാനിലെ അമേരിക്കൻ മറൈൻ ബേസിലേക്ക് അത്ര തന്നെ വിസ്ഫോടകങ്ങളുമായി ഇടിച്ച് കയറിയ ഒരു ട്രക്ക് ഡ്രൈവർ സ്വയം പൊട്ടിത്തെറിച്ചപ്പോൾ 241 പട്ടാളക്കാരും അയാളോടൊപ്പം മരിച്ചു. അന്ന് തന്നെ ഫ്രഞ്ച് പാരച്യൂട്ട് വിദഗ്ധർ താമസിക്കുന്ന കെട്ടിടത്തിൽ പോയി പൊട്ടിത്തെറിച്ച മറ്റൊരു ചാവേർ കൊന്നത് 58 പേരെയാണ്.

ഇറാനിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ലബനോനിലെ ശിയാ തീവ്രവാദികളായ ഹിസ്ബുല്ലാഹ് 1980കളിൽ അവിടെ നടത്തിയ ഇരുപതോളം ചാവേർ ആക്രമണങ്ങൾ അവ മതപരമായ കാരണങ്ങൾകൊണ്ടുണ്ടായതാണെന്നല്ല വെളിപ്പെടുത്തുന്നത്. ഇവയ്ക്കു ശേഷം ഹിസ്ബുല്ലയുടെ ആത്മീയ നേതാവായിരുന്ന ആയത്തുല്ലാഹ് മുഹമ്മദ് ഹുസ്സൈൻ ഫദ്‌ലുല്ലാഹ് നടത്തിയ ഇസ്രായേലിനും അവരെ സഹായിക്കുന്നവർക്കുമെതിരെ ചാവേർ ആക്രമണം നടത്തുന്നതിൽ കുഴപ്പമില്ല എന്ന പ്രസ്താവനയാണ് ചാവേറുകൾക്കനുകൂലമായി മുസ്‌ലിംലോകത്തുനിന്നുണ്ടായ ആദ്യത്തെ പണ്ഡിതപ്രതികരണം. അതിന് അദ്ദേഹം പറഞ്ഞ കാരണം തികച്ചും രാഷ്ട്രീയമായിരുന്നു. ചാവേറുകളുണ്ടാക്കുന്ന നാശത്തിന് ആനുപാതികമായ രാഷ്ട്രീയമാറ്റമുണ്ടാക്കാൻ കഴിയുമ്പോൾ മാത്രമാണ് ചാവേർ സ്ഫോടനങ്ങൾ ന്യായീകരിക്കപ്പെടുക എന്നാണ് അദ്ദേഹം പറഞ്ഞത്. (Thanassis Cambanis: “Grand Ayatollah Fadlallah, Shiite Cleric, Dies at 75”, The NewYork Times, July 4, 2010). മതമോ സ്വർഗത്തോടുള്ള അഭിനിവേശമോ ഒന്നുമായിരുന്നില്ല രാഷ്ട്രീയമായ കാരണങ്ങൾ മാത്രമായിരുന്നു മുസ്‌ലിംലോകത്തേക്ക് ചാവേറുകൾ കടന്നുവരാൻ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ശിയാ ഭീകരപ്രസ്ഥാനമായ ഹിസ്ബുല്ലയുടെ ചുവട് പിടിച്ചുകൊണ്ട് ലബനാനിലെ മതനിരപേക്ഷദേശീയവാദീസംഘങ്ങളും ചാവേർ സ്ഫോടനത്തിലേക്ക് കടന്നുവെന്ന വസ്തുതയും അവരുടെയൊന്നും ലക്‌ഷ്യം മതപരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നുവെന്ന് ഇസ്‌റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്‌സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (Schweitzer, Yoram: Suicide Terrorism: Development & Characteristics http://www.ict.org.il/Article.aspx?ID=779#gsc.tab=0). മതമായിരുന്നില്ല തികഞ്ഞ ദേശീയവാദമായിരുന്നു ആധുനിക കാലത്തും ചാവേറുകളെ സൃഷ്ടിച്ചത് എന്ന സത്യമാണ് ഇവിടെ അനാവൃതമാവുന്നത്.

1980 മുതൽ ലോകത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട ചാവേർ ആക്രമണങ്ങൾ നടത്തിയത് ശ്രീലങ്കയിലെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (LTTE) എന്ന സംഘടനയായിരുന്നു. 1987 ജൂലൈ അഞ്ചാം തിയതി ക്യാപ്റ്റൻ മില്ലർ എന്നറിയപ്പെട്ടിരുന്ന വള്ളിപുരം വസന്തൻ ജാഫ്‌ന നെല്ലിയാടിയിലെ ശ്രീലങ്കൻ സൈനികക്യാമ്പിലേക്ക് സ്ഫോടകങ്ങൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി 128 പട്ടാളക്കാരെ കൊന്ന് സ്വയം പൊട്ടിത്തെറിച്ചുകൊണ്ടാണ് തമിഴ് കരിമ്പുലികൾ ചാവേർ സ്‌ഫോടനങ്ങൾക്ക് തുടക്കം കുറിച്ചത്. തമിഴ് പുലികൾ നടത്തിയ ചാവേർ ആക്രമണങ്ങളിൽ 1987 ജൂലൈ അഞ്ചിനും 2008 നവംബർ ഇരുപതിനുമിടയിൽ, 274 പുരുഷന്മാരും 104 സ്ത്രീകളുമടങ്ങുന്ന 378 കരിമ്പുലികൾ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം പ്രസിദ്ധീകരിച്ച “Humanitarian Operation – Factual Analysis, July 2006 – May 2009″എന്ന രേഖ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയെയും മന്ത്രിമാരും പാർലമെന്റംഗങ്ങളും ഉയർന്ന സൈനികോദ്യോഗസ്ഥരുമടക്കമുള്ള നിരവധി ഉന്നത വ്യക്തിത്വങ്ങളെയും വധിക്കാൻ ചാവേറുകളെ ഉപയോഗിച്ച എൽ.ടി.ടി.ഇ യെ ‘ഏറ്റവുമധികം സംഘടിതവും ഫലപ്രദവും മൃഗീയവുമായ ഭീകരസംഘങ്ങളിലൊന്ന്’ എന്നാണ് ടൈം മാഗസിൻ വിശേഷിപ്പിച്ചത്. (Kate Pickert: A Brief History of The Tamil Tigers The Time, 04.01.2009). അവരെപ്പോലെ ഉന്നത വ്യക്തിത്വങ്ങളെ വധിക്കുവാൻ മറ്റൊരു ഭീകരവാദസംഘങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഏതെങ്കിലും മതത്തിൽ നിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കപ്പെട്ടതല്ല, തമിഴ് ലിബറേഷൻ ടൈഗേഴ്‌സ്. രാഷ്ട്രീയം മാത്രമായ ആവശ്യത്തിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട ഒരു മതനിരപേക്ഷസംഘമായ തമിഴ് പുലികളുടെ പ്രസ്ഥാനത്തിന്റെ നേതാവ് വേലുപ്പിള്ളി പ്രഭാകരനെ സ്വാധീനിച്ചത് മതമായിരുന്നില്ല, പ്രത്യുത ഭൗതികവാദദർശനമായ മാർക്സിസം-ലെനിനിസമായിരുന്നു.

തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി ചാവേർ ആക്രമണങ്ങളെ ഏറ്റവും നന്നായി ഉപയോഗിച്ചവരാണ് തമിഴ് പുലികൾ. അതിന്നു വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ടതായിരുന്നു കരിമ്പുലികൾ (black tigers) എന്ന അവരുടെ സൈനികസംഘം തന്നെ. 1987 ജൂലൈ അഞ്ചാം തിയതി പൊട്ടിത്തെറിച്ച ആദ്യത്തെ കരിമ്പുലിയായ ക്യാപ്റ്റൻ മില്ലറുടെ പ്രതിമ ജാഫ്‌നയിൽ നെല്ലിയാടിയിൽ നിർമിക്കുകയാണ് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ ആദ്യം തന്നെ പ്രഭാകരൻ ചെയ്തത്. അദ്ദേഹം മരണപ്പെട്ട സ്ഥലത്ത് തന്നെ ക്യാപ്റ്റന്റെ ശവകുടീരവും നിർമ്മിച്ച് നാടിനു വേണ്ടി മരണപ്പെട്ട അദ്ദേഹത്തെ മാതൃകയാക്കുവാൻ യുവാക്കളെ പ്രേരിപ്പിക്കുകയെന്നതായിരുന്നു പ്രഭാകരതന്ത്രം. ആദ്യത്തെ കരുമ്പുലി പൊട്ടിത്തെറിച്ച കരുമ്പുലിദിനമായി പ്രഖ്യാപിച്ചുകൊണ്ട് നാടിന്റെ മോചനത്തിന് വേണ്ടിയുള്ള ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അതിന്റെ ഫലമായി നിരവധി കരിമ്പുലികളുണ്ടായി. ചാവേറുകളായി മരിക്കുന്നവരുടെ കുടുംബത്തെ ‘മഹാവീരർ കുടുംബം’ എന്ന സ്ഥാനപ്പേര് നൽകി പ്രത്യേകമായി ആദരിക്കുക കൂടി ചെയ്യുന്ന സമ്പ്രദായം കൂടി ആരംഭിച്ചതോടെ കരിമ്പുലികളാകാനുള്ള പ്രചോദനം വീടുകൾക്കകത്ത് നിന്നുപോലും ലഭിക്കുന്ന അവസ്ഥയുണ്ടായി. ചാവേറുകളാകുന്നവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം അവരുടെ അവസാനത്തെ അത്താഴം തങ്ങളുടെ ആദരണീയനായ നേതാവ്, വേലുപ്പിള്ളി പ്രഭാകരനോടോപ്പമാണ് എന്നതായിരുന്നുവെന്ന് ബ്രിഗേഡിയർ ഡോ. എസ്. പി. സിൻഹ ‘പ്രഭാകരന്റെ മുഖംമൂടി അഴിക്കുമ്പോൾ’ (Unmasking of Prabhakaran) എന്ന ലേഖനത്തിൽ പറയുന്നുണ്ട്. (https://www.satp.org/satporgtp/publication/idr/vol_17(2)/sp_sinha.htm). തികച്ചും ഭൗതികമായ പ്രചോദനങ്ങളാൽ ഭൗതികമായ ലക്ഷ്യങ്ങൾക്കുവേണ്ടിയായിരുന്നു തമിഴ് കരിമ്പുലികൾ ചാവേറുകളായി പൊട്ടിത്തെറിച്ചത് എന്നർത്ഥം.

ചാവേറുകളുണ്ടാവുന്നത് മതത്തിൽ നിന്നാണെന്നും മരണാനന്തരം ലഭിക്കുമെന്ന് മതം പഠിപ്പിക്കുന്ന സ്വർഗമാണ് ചാവേറുകളുടെ പ്രചോദനമെന്നുമുള്ള വാദങ്ങളുടെ നട്ടെല്ലൊടിക്കുന്നതാണ് രണ്ടായിരാമാണ്ടു വരെ ലോകത്തെങ്ങും നില നിന്ന ചാവേറുകളുടെ ചരിത്രം. ജൂതതീവ്രവാദികളായിരുന്ന സികാരികൾ മുതൽ തമിഴ്‌പ്രാദേശികവാദികളായ കരിമ്പുലികൾ വരെയുള്ളവർക്കൊന്നും സ്വയം മരിച്ച് ശത്രുവിനെ തോൽപ്പിക്കുകയെന്ന തന്ത്രം പഠിപ്പിച്ചത് മതമോ അവരെയൊന്നും പ്രചോദിപ്പിച്ചത് സ്വർഗ്ഗമോ അല്ലെങ്കിൽ, അൽഖായിദ മുതൽ ഐഎസ് വരെയുള്ളവർ ഇസ്‌തിഷ്‌ഹാദികൾ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ആത്മഹത്യാസ്‌ഫോടകരെയും അതേ തന്ത്രം പഠിപ്പിച്ചത് മതമാകാൻ യാതൊരു നിർവ്വാഹവുമില്ല. വള്ളുവക്കോനാതിരിക്കുവേണ്ടി മരിക്കാനൊരുങ്ങി മാമാങ്കത്തിന് പോയവർ അതിന് സന്നദ്ധമായത് ക്വുആൻ പഠിച്ചിട്ടായിരുന്നില്ലെങ്കിൽ ബൊക്കോ ഹറാമിന്റെ പേരിൽ പൊട്ടിത്തെറിക്കാനൊരുങ്ങി തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് നീങ്ങുന്നവരും അതിനൊരുങ്ങുന്നത് ക്വുർആൻ പഠിച്ചിട്ടല്ല. ജപ്പാനിലെ സമുറായ്കളുടെ സെപ്പുക്കു ആത്മഹത്യ അവർ പഠിച്ചത് മുഹമ്മദ് നബി(സ)യിൽ നിന്നായിരുന്നില്ലെങ്കിൽ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്മാർക്ക് പിടികൊടുക്കാതിരിക്കുവാനായി സ്വയം സ്ഫോടനം നടത്തി കുട്ടികളെയടക്കം മുഴുവൻ കുടുംബത്തെയും കൊന്നൊടുക്കുകയെന്ന ശ്രീലങ്കൻഭീകരരീതി അവർ പഠിച്ചതും മുഹമ്മദ് നബി(സ)യിൽ നിന്നല്ല. മുമ്പ് ചാവേറുകളെ സൃഷ്ടിച്ചത് മതമല്ലെങ്കിൽ ഇപ്പോഴും അത് ചെയ്യുന്നത് മതമല്ലെന്ന സത്യം മനസ്സിലാക്കാനുള്ള വിവേകമാണ് അത്തരം അവിവേകപ്രതിരോധത്തിലേർപ്പെടുന്നവരെ സംസ്കരിക്കാനും അവരുണ്ടാക്കുന്ന കെടുതികളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനും ആദ്യമായി വേണ്ടത്. അതല്ലാതെ മതപ്രമാണങ്ങൾക്ക് വിലക്ഷണവ്യാഖ്യാനങ്ങൾ നൽകി അവയാണ് ചാവേറുകളെ സൃഷ്ടിക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ യഥാർത്ഥത്തിൽ സഹായിക്കുന്നത് ചാവേറുകളെയുണ്ടാക്കി പൊട്ടിത്തെറിക്കാൻ വിട്ട് തങ്ങളുടെ സ്വാർത്ഥമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയാണ്. മതത്തെ ദുർവ്യാഖ്യാനിച്ച് ഇസ്‌ലാംഭീതി പരത്തുന്നവർക്ക് അത് മനസ്സിലായാലും ഇല്ലെങ്കിലും!

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • ഇസ്ലാമിന്റെ പേരും പറഞ്ഞ് ചാവേറാകുന്നവർക്ക് യഥാർത്ഥത്തിൽ എന്താണ് ഇസ്ലാം എന്നു പോലും അറിയില്ല.

    Ibrahim cm 03.08.2019
  • ഉറങ്ങുന്നവരെ ഉണർത്താൻ ഉപകരിക്കുന്ന ലേഖനം.

    Ibrahim cm 03.08.2019

Leave a comment

Your email address will not be published.