ഗർഭകാല പാരന്റിംഗ്

//ഗർഭകാല പാരന്റിംഗ്
//ഗർഭകാല പാരന്റിംഗ്
പാരന്റിംഗ്‌

ഗർഭകാല പാരന്റിംഗ്

നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ ജനിക്കുന്നതിനും മുമ്പേ നിങ്ങൾക്ക്‌ വേണ്ട ആത്മീയ-ശാരീരിക-മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കാനുള്ള അന്തരീക്ഷം‌ ഒരുക്കി വെക്കുന്നത്‌‌ ഒന്ന് ആലോചിച്ചുനോക്കൂ. അങ്ങനെയൊരു കുടുംബത്തിലേക്ക്‌ ജനിച്ച്‌ വീഴാൻ ഏത്‌ കുഞ്ഞും ഒന്ന് അഗ്രഹിച്ചു പോകില്ലേ. കുഞ്ഞ്‌ ജനിക്കുന്നതിനും,‌ ഗർഭം ധരിക്കുന്നതിനും മുമ്പേ കുഞ്ഞിനെ സൽസ്വഭാവിയും ബുദ്ധിശാലിയുമായി വളർത്താൻ ബോധപൂർവം സ്വീകരിക്കുന്ന മാർഗങ്ങളാണ്‌ ഗർഭകാല പാരന്റിംഗ്‌ (Prenatal Parenting).

എപ്പോഴാണ്‌ യഥാർത്ഥത്തിൽ ഒരു കുഞ്ഞ്‌ ജന്മമെടുക്കുന്നത്‌ ? പുരുഷബീജവും സ്ത്രീയുടെ അണ്ഡവും യോജിക്കുന്നത്‌ മുതലാണോ? അതോ അതിനും മുമ്പ്‌ അവർ ലോകത്തെവിടെയെങ്കിലും ഉണ്ടോ? എന്ത്കൊണ്ടാണ്‌ അവർ ഭൂമിയിലേക്ക്‌ വരാനുള്ള കവാടമായി നമ്മെ തിരഞ്ഞെടുത്തത്‌? ഒരു രക്ഷിതാവ്‌ എന്ന നിലയിൽ നമ്മൾ ഒരിക്കലെങ്കിലും ഇതിനെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

ഇതിനെല്ലാം ആധികാരികമായി മറുപടി പറയാൻ ദൈവികമായ സ്രോതസ്സുകൾക്കേ സാധിക്കൂ. ഗർഭകാല പരിചരണ പഠനത്തിനും ബോധവത്കരണത്തിനുമായി തന്റെ ജീവിതകാലം മുഴുവൻ മാറ്റിവെച്ച ഡോ. കാരിസ്റ്റ ലുമിനാർ റോസൻ, നീണ്ട ഗവേഷണ നിഗമനങ്ങൾക്ക്‌ ശേഷം പറയുന്നത്‌ ഗർഭധാരണത്തിനും മുമ്പേ മനുഷ്യൻ‌ ഒരു ബോധാവസ്ഥയിൽ, ആത്മാവായികൊണ്ട്‌ (consciousness) നിലനിൽക്കുന്നുണ്ടായിരിക്കാം എന്നാണ്‌‌.(1)

മുസ്‌ലിംകളെ സംബന്ധിച്ച്‌ ആത്മാവിനെ കുറിച്ചുള്ള അറിവ്‌ സ്രഷ്ടാവിനടുക്കൽ മാത്രമാണ്‌. അൽപം മാത്രമേ മനുഷ്യരിലേക്ക്‌‌ അവൻ വെളിപ്പെടുത്തിയിട്ടുള്ളൂ. ഒരിക്കൽ പ്രവാചകൻ (സ) മദീനയിൽ ഒരു തോട്ടത്തിൽ വിശ്രമിച്ച്‌ കൊണ്ടിരിക്കെ ഒരു യഹൂദ സംഘം അദ്ദേഹത്തെ കടന്നുപോകുകയുണ്ടായി, അവരിൽ ചിലർ അദ്ദേഹത്തോട്‌ റൂഹിനെ കുറിച്ച്‌ ചോദിച്ച്‌ നോക്കാമെന്ന് പറഞ്ഞു. എന്നാൽ അത്‌ ചോദിക്കേണ്ടതില്ലെന്നും ചോദിച്ചാൽ ഇഷ്ടമില്ലാത്ത മറുപടിയായിരിക്കും ലഭിക്കുകയെന്ന് മറ്റു ചിലരും പറഞ്ഞു. അങ്ങനെ അവസാനം അവർ ചോദിച്ചു. ഇത്‌ കണ്ട്‌ നിന്ന അബ്ദുള്ളാഹിബ്നു മസ്‌ഊദ്‌ (റ) പറയുന്നു, പ്രവാചകൻ അൽപസമയം മൗനം അവലംബിച്ചു. അപ്പോൾ നബി(സ)ക്ക്‌ വഹ്‌യ്‌ അവതരിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് എനിക്ക്‌‌ മനസ്സിലായി. എന്നിട്ട്‌ പ്രവാചകൻ (സ) അവതീർണ്ണമായ ഖുർആൻ വചനം ഓതികേൾപ്പിച്ചു, (ബുഖാരി; മുസ്‌ലിം) “നിന്നോട്‌ അവർ ആത്മാവിനെപ്പറ്റി ചോദിക്കുന്നു, പറയുക: ആത്മാവ്‌ എന്റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.”(2)

സർവ്വ മനുഷ്യരുടെയും ആത്മാവ്, അവർ‌‌ ജനിക്കുന്നതിന്‌ മുമ്പ്‌ ആത്മാക്കളുടേതായ ആകാശലോകത്തിൽ പരസ്പരം അറിയുന്നവരായിരുന്നുവെന്നും, അവിടെ അടുത്തവരുമായിട്ട്‌ തന്നെയാണ്‌ ഭൂമിയിലും അവർ അടുക്കുന്നതെന്നും ഹദീഥുകൾ വ്യക്തമാക്കുന്നു. പ്രവാചകൻ (സ) പറഞ്ഞതായി അബൂഹുറൈറ (റ) പറയുന്നു, “ആത്മാക്കൾ സംഘടിപ്പിക്കപ്പെടുന്ന ഒരു വ്യൂഹമാണ്‌. അതിൽ നിന്ന്‌ പരസ്പരം, (ആകാശലോകത്തെ) പരിചിതർ (ഭൂമിയിൽ) ഒന്നിക്കുകയും (ആകാശലോകത്തെ) അപരിചിതർ (ഭൂമിയിൽ) ഭിന്നിക്കുകയും ചെയ്യും.”(3)

ഓരോരുത്തരുടെയും സ്വഭാവഗുണങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കും അവർ ആത്മാവായിരിക്കുമ്പോൾ കൂട്ടുകൂടുക. മനുഷ്യരൂപത്തിൽ ഭൂമിയിൽ വന്നെത്തിയാലും അവരുടെ സ്വഭാവത്തിൽ മാറ്റം വരാത്തിടത്തോളം അതേ കൂട്ടുകെട്ട്‌ തന്നെയായിരിക്കും അവർ തുടരുക എന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം. എപ്പോഴും കളിവാക്ക്‌ പറഞ്ഞുനടന്നിരുന്ന ഒരു സ്ത്രീ മക്കത്തുണ്ടായിരുന്നു. അവർ ഒരിക്കൽ മദീനയിൽ വന്ന് അവരെപ്പോലെയുള്ള മറ്റൊരു സ്ത്രീയുമൊത്ത്‌ താമസം തുടങ്ങി. ഇതറിഞ്ഞ ആയിശ (റ) പറഞ്ഞു, പ്രവാചകൻ (സ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്‌, ആത്മാക്കൾ സംഘടിപ്പിക്കപ്പെട്ട സൈന്യത്തെപോലെയാണ്‌. പരിചിതരുമയി അവർ ചേരുകയും, അപരിചിതരിൽ നിന്ന് അവർ മാറിനിൽക്കുകയും ചെയ്യുന്നു.(4)

അങ്ങനെയെങ്കിൽ നമുക്ക്‌ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ആത്മാവിനെ നമ്മുടെ ആത്മാവിന്‌ നേരെത്തെ അറിയാമായിരിക്കും. വീട്ടിൽ വരാൻ പോകുന്ന പുതിയ അംഗം‌ നമുക്ക്‌ അപരിചിതനായ ആളല്ലെന്നർത്ഥം. ഈ ആത്മാവിനെ നമ്മളിലൂടെ ഭൂമിയിലേക്കയക്കുക എന്നത്‌ തീർച്ചയായും ‌അല്ലാഹുവിന്റെ തിരഞ്ഞെടുപ്പാണ്‌‌.‌ പിറന്നുവീഴുന്ന ഈ കുഞ്ഞിന്റെ മുഴുവൻ ഉത്തരവാദിത്തവും നമുക്കാണ്. അവന്റെ ഭരണകർത്താവാണ്‌ രക്ഷിതാക്കളായ നാം. പ്രവാചകൻ (സ) പറയുന്നു, “നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ലിങ്ങളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്.”(5)

ഭരണകർത്താക്കളായ നമ്മുടെ പ്രജകളാണ്‌‌ നമ്മുടെ മക്കൾ‌. അത്കൊണ്ട്‌ തന്നെ മക്കളുടെ അവകാശങ്ങൾ യഥാവിധി അവർക്ക്‌ ലഭിച്ചിട്ടുണ്ടോയെന്ന് നാം നാളെ ചോദ്യം ചെയ്യപ്പെടും, തീർച്ച. ഗർഭധാരണത്തിന്‌ മുമ്പും, ഗർഭകാലഘട്ടത്തിലും, പ്രസവശേഷവും അവന്റെ ശാരീരിക മാനസിക ആത്മീയ ഉന്നമനത്തിന്‌ വേണ്ടിയും നാം തയ്യാറെടുക്കുക എന്നുള്ളത്‌ അവന്റെ അവകാശമായി വേണം കാണാൻ. സ്വന്തം സുഖത്തേക്കാളേറെ പ്രജകളുടെ ക്ഷേമം നോക്കുന്നവനാണ്‌ നല്ലവനായ ഭരണാധികാരി. ഇതിനായി നമുക്ക്‌ പലതും ത്യജിക്കേണ്ടതായും വന്നേക്കാം. ജീവിതത്തിലെ ഉയർന്ന മൂല്യങ്ങൾ വരാനിരിക്കുന്ന മഹനീയമായ മൂല്യങ്ങൾക്ക്‌‌ വേണ്ടി ഉപേക്ഷിക്കൽ കൂടിയാണ്‌‌ ത്യാഗം. അപ്പോൾ മാത്രമേ മാതാപിതാക്കൾക്ക്‌ വേണ്ടി ‌അല്ലാഹു പ്രാർത്ഥിക്കാൻ പറഞ്ഞ മക്കളുടെ പ്രാർത്ഥനയുടെ സാരാംശം നിറവേറുകയുള്ളൂ. ഉപാധിയോട് കൂടിയുള്ള ആ പ്രാർത്ഥനാ വചനം ഇങ്ങനെയാണ്‌, “എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.”(6) മാതാപിതാക്കളായ നമുക്ക്‌‌ ഈ പ്രാർത്ഥന മൂലം ലഭിക്കേണ്ട അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ പാരന്റിംഗ്‌ ശൈലിയോട്‌‌ ആനുപാതമായിട്ടാണ് അല്ലാഹു ഖുർആനിൽ‌ ബന്ധിപ്പിച്ചിരിക്കുന്നത്‌.

മക്കളുടെ പ്രാർത്ഥനയിലൂടെ അല്ലാഹുവിന്റെ കാരുണ്യം കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്കും അവരെ നന്മയുടെ പാന്ഥാവിൽ നയിക്കാൻ താത്പര്യപ്പെടുന്ന മാതാപിതാക്കൾക്കും‌ തങ്ങളുടെ മകനെയോ മകളെയോ പ്രസവം കഴിഞ്ഞ്‌ കയ്യിൽ കിട്ടുന്നത്‌ വരെ കാത്തിരിക്കേണ്ടതില്ല. ഗർഭധാരണത്തിനും മുമ്പേ അതിനുള്ള തയ്യാറെടുപ്പുകൾ നടത്താം. ഗർഭകാലം മുതലേ കുട്ടിയുമായി അടുക്കുകയും അവർക്ക്‌ ഇസ്‌ലാമിക ജീവിതത്തിലൂടെ ചരിക്കാനുള്ള പ്രതിപത്തി ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഗർഭാവസ്ഥയിൽ തന്നെ കുട്ടിക്ക്‌ കാണാനും, കേൾക്കാനും, ഓർത്തുവെയ്ക്കുവാനും, അനുഭവിക്കാനും, രുചിക്കാനും, ചിന്തിക്കാനും കഴിയുന്നുണ്ട്‌. ഇവയെല്ലാം വേണ്ട രൂപത്തിൽ പരിപോഷിപ്പിക്കുന്നത്‌ പിൽക്കാല വ്യക്തിത്വ വികാസത്തിന്‌ ഏറെ സഹായകമാകും. ഈ സമയത്ത് തന്നെ‌ കുട്ടിയുമായി ഒരു ആരോഗ്യകരമായ വൈകാരിക ബന്ധം സ്ഥാപിക്കാനായാൽ അത്‌ കുട്ടിയിൽ‌, വരാൻ പോകുന്ന ലോകത്ത് ആരൊക്കെയോ തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും, അവിടെ‌ താൻ‌ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയും ജനിപ്പിക്കും. ഇത്‌ കുട്ടിയും മതാപിതാക്കളും തമ്മിൽ ഉടലെടുക്കുന്ന വിശ്വാസ്യതയുടെ ആദ്യപടിയാണ്‌.

ഗർഭാസ്ഥവയിലെ കുട്ടിയുടെ ഓരോ വളർച്ചാ ഘട്ടങ്ങളും സസൂക്ഷമം ശ്രദ്ധിച്ചാൽ ബോധ്യമാകുന്ന ഒരു കാര്യം, അവ അമാനുഷികമായ ഒരു ശക്തിയുടെ ആസൂത്രണ വൈഭവത്താൽ അതിസൂക്ഷമമായി സംഭവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്ന അത്ഭുത സത്യമാണ്‌. ഖുർആൻ പറയുന്നു, “ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.”(7)

ഗർഭാശയത്തിനകത്തേക്ക്‌ മലക്കിനെ പറഞ്ഞയച്ച്‌‌ അല്ലാഹു ചില തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ച്‌‌ പ്രവാചകൻ (സ) പറയുന്നു, “അബ്ദുല്ലാഹിബ്‌നു മസ്ഊദിൽ‌(റ) നിന്ന്: അല്ലാഹുവിന്റെ ദൂതൻ (സ) ഇങ്ങനെ പറയുന്നത് താന്‍ കേട്ടതായി ഹുദൈഫത്തുബ്‌നു ഉസൈദുല്‍ ഗിഫാരി (റ) പറഞ്ഞു: നുത്ഫയെത്തി നാല്‍പത്തിരണ്ടു ദിവസങ്ങള്‍ കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ അയക്കുകയും അവന് ആകൃതി നല്‍കുകയും ചെയ്യുന്നു. ശേഷം അവന് കേള്‍വിശക്തിയും കാഴ്ചശക്തിയും ത്വക്കും മാംസപേശികളും അസ്ഥികളുമെല്ലാം നല്‍കുന്നു. അങ്ങനെ മലക്ക് ചോദിക്കുന്നു: നാഥാ, പുരുഷനോ സ്ത്രീയോ? നിന്റെ നാഥന്‍ ഉദ്ദേശിക്കുന്നത് തീരുമാനിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ മലക്ക് ചോദിക്കുന്നു: നാഥാ, അവന്റെ അന്ത്യമെന്നാണ്? നിന്റെ നാഥന്‍ ഉദ്ദേശിക്കുന്നത് പറയുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ മലക്ക് ചോദിക്കുന്നു: അവന്റെ ഉപജീവനമെങ്ങനെയാണ്? നിന്റെ നാഥന്‍ ഇച്ഛിക്കുന്ന പോലെ തീരുമാനിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ശേഷം മലക്ക് തന്റെ കയ്യില്‍ ചുരുട്ടിയ രേഖയുമായി പോകുന്നു. പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ കിഴിക്കലുകളോ ഇല്ല.”(8)

കുഞ്ഞ്‌ ആണോ പെണ്ണോ, അവന്റെ/അവളുടെ ജോലിയെന്തായിരിക്കും, മരണം എപ്പോഴായിരിക്കും തുടങ്ങിയവയെല്ലാം ഗർഭധാരണം നടന്നതിന്‌ ശേഷം ആറ്‌ ആഴ്ച്ച കഴിഞ്ഞ്‌ (നാൽപ്പത്തിരണ്ട്‌ ദിവസങ്ങൾക്ക്‌ ശേഷം) സംഭവിക്കുന്നു. ഖുർആൻ മറ്റൊരു സ്ഥലത്ത്‌ പറയുന്നു, “തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”(9)

സർവചരാചരങ്ങളെയും സൃഷ്ടിച്ച്‌ പരിപാലിക്കുന്ന അല്ലാഹു തന്റെ സൃഷ്ടികളിൽ ശ്രേഷ്ഠനായ മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ച്‌ ഖുർആനിൽ പറയുന്നത്‌‌ നോക്കുക; “തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം ആ അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.”(10)

മാതാവിന്റെ ഗർഭാശയത്തിലെ ഓരോ ഘട്ടത്തെ കുറിച്ചുമാണ്‌ അല്ലാഹു നമ്മോട്‌ സംസാരിക്കുന്നത്‌. ഒരു സാധാരാണ ഗർഭകാലം പൊതുവെ കണക്കാക്കപ്പെടുന്നത്‌ നാൽപ്പത്‌ ആഴ്ച്ചകളാണ്‌. അഥവാ ഒൻപത്‌‌ മാസവും പത്ത്‌ ദിവസവും. ഇവയിൽ ഒരോ ആഴ്ച്ചകളിലും എങ്ങനെയെല്ലാമാണ്‌ കുഞ്ഞ്‌ വളർന്ന് വലുതാവുന്നതെന്ന് നോക്കുക.

ആഴ്ച്ച 1:

ആദ്യ ആഴ്ച്ച എന്ന് പറയുന്നത്‌ മാതാവിന്റെ അവസാനത്തെ ആർത്തവ ചക്രത്തിന്റെ ആദ്യദിവസം മുതലുള്ള ഏഴ്‌ ദിവസമാണ്‌. ഈ ആഴ്ച്ച ആർത്തവം നടന്നുകൊണ്ടിരിക്കുകയായിരിക്കും.

ആഴ്ച്ച 2:

ആർത്തവത്തിൽ നിന്ന് ശുദ്ധിയായ ശേഷം ഈ ആഴ്ച്ചയിലാണ്‌ മാതാവിൽ‌ അണ്ഡോൽപാദനം (ovulation) നടക്കുന്നത്‌. 28 ദിവസ ആർത്തവചക്രത്തിന്‌ മറ്റു തകരാറുകളൊന്നുമില്ലെങ്കിൽ ഈ ആഴ്ച്ചയിലെ അവസാന ദിവസമായിരിക്കും അണ്ഡം ഉത്പാദിക്കപ്പെടുക. ഒരു അണ്ഡത്തിന്റെ ശരാശരി ആയുസ്സ്‌ 24 മണിക്കൂറാണ്‌. ഈ സമയം അണ്ഡം വിശ്രമിക്കുക ഗർഭപാത്രത്തിന്റെ ഇരു വശങ്ങളിലുമുള്ള ധമനിയായ ഫല്ലോപ്പിയൻ ട്യൂബിലാണ്‌ (Fallopian tube). ഈ ആഴ്ച്ചയിലാണ്‌ ഭർത്താവുമായി ശാരീരിക ബന്ധം നടക്കുന്നതെങ്കിൽ ബീജസങ്കലനം (fertilisation) നടക്കാനുള്ള സാധ്യത കൂടുതലാണ്‌. സ്ത്രീ ശരീരത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞ പുരുഷ ബീജത്തിന്റെ ആയുസ്സ് പരമാവധി‌ അഞ്ച്‌ ദിവസം വരെയാണ്‌. എന്ന് വെച്ചാൽ ഒരു ദിവസം ആയുസ്സുള്ള അണ്ഡത്തിനും, അഞ്ച്‌ ദിവസം ആയുസ്സുള്ള പുരുഷ ബീജത്തിനും ഏതെങ്കിലും ഒരു നേരമെങ്കിലും ഒരുമിച്ച്‌ കാണാൻ സാധിച്ചെങ്കിൽ മാത്രമേ‌ ബീജസങ്കലനം സാധ്യമാകൂ.

ആഴ്ച്ച 3:

28 ദിവസത്തെ കൃത്യമായ ആർത്തവചക്രമാണെങ്കിൽ രണ്ടാം ആഴ്ചയിലെ അവസാന ദിവസത്തിലോ, ഈ ആഴ്ച്ചയിലെ ആദ്യ ദിവസങ്ങളിലോ ആണ്‌ ബീജസങ്കലനം നടക്കാൻ കൂടുതൽ സാധ്യത‌. പുരുഷനിൽ നിന്നും സ്രവിക്കപ്പെടുന്ന ബീജത്തിൽ ശരാശരി 30 കോടി വരെ ബീജാണുക്കൾ (sperm) ഉണ്ടായിരിക്കും. ഇതിൽ എല്ലാ നിലയ്ക്കും ലക്ഷണമൊത്തതും പരിപൂർണ്ണ ആരോഗ്യമുള്ളതുമായ ഒരേയൊരു ബീജാണു മാത്രമേ അണ്ഡത്തെ പുൽകുകയുള്ളൂ. 30 കോടി ജനങ്ങൾ ഒരുമിച്ച്‌ നൂറ്‌‌‌ കിലോമീറ്റർ അകലെയുള്ള ഒരു പന്ത്‌ എടുക്കാനായി ഓടുന്നത്‌ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഒരുപാട്‌ പേർ വഴിയിൽ തളർന്നു വീഴും, കുറേ പേർ മറ്റുള്ളവരുടെ ദേഹത്ത്‌ തട്ടി വീഴും, ഒരുപാട്‌ പേർ താണ്ടാനുള്ള ദൂരമോർത്ത്‌ പിന്തിരിയും. ഇതെല്ലാം തരണം ചെയ്തും ആ പന്തെടുക്കുന്ന ആദ്യത്തെ ആൾ മനശക്തി കൊണ്ടും, കായികക്ഷമത കൊണ്ടും യോഗ്യനായിരിക്കുമെന്നതിൽ സംശയമില്ല. അല്ലാഹു നമുക്ക്‌ തരുന്ന സന്താനം ബാഹ്യരൂപത്തിൽ എന്തെല്ലാം അപര്യാപ്തതകൾ ഉണ്ടെങ്കിലും എന്ത്കൊണ്ടും യോഗ്യരായ മക്കളാണെന്ന് നാം മനസ്സിലാക്കുക.

ആഴ്ച്ച 4:

ഫല്ലോപ്പിയൻ ട്യൂബിൽ വെച്ച്‌ പരസ്പരം പുൽകി സിക്താണ്ഡമായി (zygote) മാറിയ കുഞ്ഞു ജീവൻ 3-4 ദിവസത്തിനുള്ളിൽ പതിയെ ഗർഭപാത്രത്തിലേക്ക്‌ ഇറങ്ങി വന്ന് അതിന്റെ ഭിത്തിയിൽ ഒട്ടിചേർന്ന് കിടക്കും. ഈ സമയമാകുമ്പോഴേക്കും മിക്കവാറും നിങ്ങൾ ഗർഭധാരണം നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ പരിശോധന നടത്തുകയും, അത്‌ ബോധ്യപ്പെടുകയും ചെയ്യും.

ആഴ്ച്ച 5:

നിങ്ങളുടെ ഉദരത്തിലെ‌ ഭ്രൂണം (embryo) മൂന്ന് അടുക്കുകളായിട്ടാണ്‌ ഇപ്പോൾ ഉണ്ടായിരിക്കുക. എക്ടോഡേം (ectoderm), മീസാഡേം (mesoderm), എൻഡോഡേം (endoderm). ഇതിൽ എക്ടോഡേമിൽ നിന്ന് തലച്ചോർ, നട്ടെല്ല്, ചർമ്മം, രോമം, നഖം, സ്തനം, വിയർപ്പ്‌ ഗ്രന്ഥികൾ, പല്ലിന്റെ ഇനാമൽ തുടങ്ങിയവ ഉണ്ടാകുമ്പോൾ, മീസാഡേമിൽ നിന്ന് ഹൃദയം, രക്ത ചംക്രമണ വ്യവസ്ഥ, പേശികൾ, എല്ലുകൾ എന്നിവയും, എൻഡോഡേമിൽ നിന്ന് ശ്വാസകോശം, ആമാശയം, ക്യകോപാസ്ഥി (thyroid), കരൾ, ആഗ്നേയഗ്രന്ഥി (pancreas) എന്നിവയും ഉണ്ടാകുന്നു.

ആഴ്‌ച്ച 6:

ഇപ്പോൾ നിങ്ങളേക്കാൾ ഇരട്ടി വേഗത്തിൽ കുഞ്ഞിന്റെ ഹൃദയമിടിക്കാൻ തുടങ്ങിയിട്ടുണ്ടാകും. കണ്ണ്, കാത്, മൂക്ക്‌, വായ എന്നിവ ഒരു ചെറിയ പുള്ളി പോലെ കാണാൻ തുടങ്ങുന്നു. ഈ സമയത്ത്‌ നട്ടെല്ല് ഒരു വാല്‌ പോലെ കണ്ടേക്കാം.

ആഴ്ച്ച 7:

കണ്ണിന്റെ ഭാഗങ്ങളായ കോർണിയ, ഐറിസ്‌, ലെൻസ്‌, റെറ്റിന തുടങ്ങിയവ വളരാൻ തുടങ്ങുന്നു.

ആഴ്ച്ച 8:

ഇപ്പോൾ കുഞ്ഞിന്‌ കൈ-കാലുകളിൽ വിരലുകൾ വളർന്നു തുടങ്ങിയിരിക്കുന്നു. മുഷ്ടി വളഞ്ഞ്‌ ഹൃദയത്തിന്‌ മുകളിലായി വന്ന് നിൽക്കുന്നു. കാൽമുട്ടുകൾ രൂപപ്പെടുന്നു. ഗർഭധാരണം നടന്നതിന്‌ ശേഷമുള്ള ആറാമത്തെ ആഴ്ച്ച, അല്ലാഹു മലക്കിനെ ഗർഭാശയത്തിലേക്ക്‌ പറഞ്ഞയക്കുന്നു.

ആഴ്ച്ച 9:

20 പാൽപല്ലുകളുടെ മൊട്ടുകൾ വിടരാൻ തുടങ്ങുന്നു.

ആഴ്ച്ച 10:

കൺപോള വളർന്ന് കണ്ണിനെ മറയ്ക്കുന്നു. 27ആം ആഴ്ച്ച വരെ അത്‌ അടഞ്ഞ്‌ തന്നെ ഇരിക്കും.

ആഴ്ച്ച 11:

കുഞ്ഞ്‌ ഇപ്പോൾ ഭ്രൂണത്തിൽ (embryo) നിന്ന് ഫീറ്റസ്‌ (fetus) എന്ന ഘട്ടത്തിലേക്ക്‌ എത്തിയിരിക്കുന്നു. അവയവങ്ങളെല്ലാം യഥാസ്ഥാനത്ത്‌ വളരാൻ ആരംഭിച്ചിരിക്കുന്നു. കുഞ്ഞിന്റെ ബാഹ്യമായ ലൈംഗികാവയങ്ങൾ വളരാൻ തുടങ്ങുന്നു.

ആഴ്ച്ച 12:

കൈ വിരലുകൾ അടച്ചു പിടിക്കാനും തുറക്കാനും തുടങ്ങുന്നു. വായ അനക്കാൻ തുടങ്ങുന്നു.

ആഴ്ച്ച 13:

വിരലടയാളം രൂപപ്പെടുന്നു. ഈ സമയത്ത്‌ കുഞ്ഞ്‌ ഉൽബ ദ്രവവും (amniotic fluid) അവരുടെ തന്നെ മൂത്രവും ചേർന്ന ദ്രാവകം കുടിക്കാൻ തുടങ്ങുന്നു. ഇത്‌ കുറച്ച്‌ ആഴ്ച്ചകൾ തുടർന്ന് പോകും.

ആഴ്ച്ച 14:

തലയേക്കാൾ വേഗത്തിൽ ശരീരം വളരാൻ തുടങ്ങുന്നു. പെരുവിരൽ വായിൽ വെയ്ക്കാനായി അടുത്തേക്ക്‌ കൊണ്ടുപോകും.

ആഴ്ച്ച 15:

ഒന്നും രുചിച്ചു നോക്കാൻ ഇല്ലെങ്കിലും രസമുകുളങ്ങൾ ഉടലെടുക്കുന്നു. കാൽ കയ്യിനേക്കാൾ നീളത്തിൽ വളരുന്നു.

ആഴ്ച്ച 16:

ഇപ്പോൾ നാലര ഇഞ്ച്‌ വലിപ്പമുള്ള കുഞ്ഞ്‌ ഇനിയങ്ങോട്ട്‌ വേഗത്തിൽ നീളം കൂടും. തലയോട്ടിയുടെ ആകൃതി രൂപം പ്രാപിക്കുന്നു. ഹൃദയം ഒരു ദിവസം ശരാശരി 25 ലിറ്റർ രക്തം പമ്പ്‌ ചെയ്യുന്നു.

ആഴ്ച്ച 17:

അസ്ഥി ശക്തമായ എല്ലുകളായി മാറുന്നു. പൊക്കിൾകൊടിക്ക്‌ കനവും ഉറപ്പും കൂടുന്നു. വിയർപ്പു ഗ്രന്ഥികൾ വളരുന്നു.

ആഴ്ച്ച 18:

പെൺകുഞ്ഞാണെങ്കിൽ ഗർഭപാത്രം രൂപപ്പെടുന്നു. ആൾകുഞ്ഞിന്റെ ബാഹ്യ ലൈംഗികാവയങ്ങൾ കാണത്തക്ക രൂപത്തിൽ വളരുന്നു.

ആഴ്ച്ച 19:

പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമമാകുന്നു. കൈ-കാലുകളുടെ നീളത്തിന്റെ അനുപാതം ശരിയായ തോതിലാകുന്നു.

ആഴ്ച്ച 20:

നിങ്ങളുടെ ഭക്ഷണത്തിന്റെ കണികകൾ രക്തചംക്രമണത്തിലൂടെ ഉൽബദ്രവത്തിൽ എത്തുന്നത്‌ കുഞ്ഞ്‌ ഭക്ഷിക്കുന്നു. രസമുകുളങ്ങൾ രൂപപ്പെട്ടതിനാൽ കുഞ്ഞിന്‌ ഭക്ഷണത്തിന്റെ രുചി അറിയാൻ കഴിയുന്നു.

ആഴ്ച്ച 21:

പുരികം രൂപപ്പെടുന്നു. ഈ സമയം തൊട്ട്‌ കുഞ്ഞ്‌ ഉദരത്തിൽ ചവിട്ടുന്നത്‌ നിങ്ങൾക്ക്‌ അനുഭവിക്കാനാവും.

ആഴ്ച്ച 22:

ഇപ്പോൾ കുഞ്ഞിന്‌ ശബ്ദങ്ങൾ കേൾക്കാം. ആദ്യ ഘട്ടത്തിൽ മാതാവിന്റെ ശരീരത്തിനകത്തെ ശബ്ദങ്ങളായിരിക്കും കേൾക്കുക. മാതാവിന്റെ ഹൃദയമിടിപ്പ്‌‌, ദഹനപ്രക്രിയ, ശ്വാസോച്ഛ്വാസം തുടങ്ങിയവ കുഞ്ഞിന്‌ വ്യക്തമായി കേൾക്കാം.

ആഴ്ച്ച 23:

ഇപ്പോൾ പുറത്തെ ശബ്ദവും കേൾക്കാം. പുറത്തെ ശബ്ദത്തിന്റെ പകുതി ഉച്ചത്തിലായിരിക്കും കുഞ്ഞ്‌ കേൾക്കുന്നത്‌.

ആഴ്ച്ച 24:

ശ്വാസകോശം വളരുന്നു.

ആഴ്ച്ച 25:

മുടി വളരുന്നു. തൊലികൾ മാർദ്ദവമേറുന്നു. മെലിഞ്ഞ ശരീരം അൽപം വണ്ണം വെയ്ക്കുന്നു. ഇപ്പോൾ ശരിക്കും ജനനാവസ്ഥയിലെ രൂപം പ്രാപിക്കുന്നു.

ആഴ്ച്ച 26:

മാതാവിന്റെ സംഭാഷണം വ്യക്തമായി കേൾക്കാൻ സാധിക്കുന്നു. ആൺകുഞ്ഞാണെങ്കിൽ വൃഷണം വൃഷണസഞ്ചിയിലേക്ക്‌ ഇറങ്ങുന്നു.

ആഴ്ച്ച 27:

കൺപോളകൾ തുറക്കാനും അടക്കാനും കഴിയുന്നു. ശക്തമായ വെളിച്ചം മതാവിന്റെ ഉദരത്തിൽ‌ പതിച്ചാൽ പ്രതികരിക്കുന്നു.

ആഴ്ച്ച 28:

തലച്ചോർ വളരുകയും കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. ഇരുപതാമത്തെ ആഴ്ച്ച മുതൽ ആരംഭിക്കുന്ന കുഞ്ഞിന്റെ തലച്ചോറിലെ നാഡീകോശങ്ങളുടെ വിവരകൈമാറ്റം (സിനാപ്സ്‌‌ / synapse) ഇരുപത്തെട്ടാമത്‌ ആഴ്ച്ച എത്തുമ്പോൾ കോടികണക്കിന്‌ സിനാപ്സുകളായി മാറുന്നു.

ആഴ്ച്ച 29:

എല്ലുകൾ ഉറക്കുന്ന സമയമായതിനാൽ, ഒരോ ദിവസവും 250 മില്ലിഗ്രാം കാൽസ്യം അസ്ഥികളിലേക്ക്‌ ആവശ്യമായി വരുന്നു.

ആഴ്ച്ച 30:

അകത്തെ ഇരുട്ടിലും ഗർഭപാത്രത്തിനകത്ത്‌ അടുത്തുള്ള രൂപങ്ങളെ കാണാൻ സാധിക്കുന്നു. ഉൽബദ്രവം കുഞ്ഞിന്‌ ചുറ്റും നിറയുന്നു.

ആഴ്ച്ച 31:

എല്ലാ ഭാഗത്തേക്കും ചായാനും ചരിയാനും തുടങ്ങുന്നു.

ആഴ്ച്ച 32:

കയ്യിലും കാലിലും നഖങ്ങൾ വളരുന്നു. സ്വരങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നു.

ആഴ്ച്ച 33:

തലകുത്തി മറിയാൻ തുടങ്ങുന്നു. ചലനം കൂടി വരുന്നു.

ആഴ്ച്ച 34:

ജനിച്ചു കഴിഞ്ഞ്‌ ശരീശത്തിലെ ഊഷ്മാവിനെ നിയന്ത്രിക്കാനുള്ള കൊഴുപ്പുകൾ ചർമ്മത്തിൽ പൊതിയുന്നു.

ആഴ്ച്ച 35:

കിഡ്നിയും ലിവറും പൂർണ്ണമായും പ്രവർത്തനക്ഷമം. ഇപ്പോൾ ഉൽബദ്രവത്തിൽ ഒഴുകി നടക്കുന്നു.

ആഴ്ച്ച 36:

നിങ്ങളുടെ അടുത്തേക്ക്‌ വരാൻ തയ്യാറെടുത്തു കൊണ്ട്‌‌ തല കീഴ്‌പ്പോട്ടായി ഇരിക്കുന്നു. ഈ സമയം ശരാരി പതിനെട്ട്‌ ഇഞ്ച്‌ നീളവും, രണ്ടര കിലോഗ്രാം ഭാരവുമായിരിക്കും. ഇനിയുള്ള ദിവസങ്ങളിൽ ഭാരം നന്നായി കൂടും.

ആഴ്ച്ച 37:

കുഞ്ഞ്‌ നിങ്ങളുടെ അടുത്തേക്ക്‌ വരാനുള്ള സമയം അടുത്തു. ഇപ്പൊ തല കുത്തി മറിയാറില്ല, എന്നാലും കാലുകൊണ്ട്‌ ഉദരത്തിൽ ചവിട്ടി കൊണ്ടിരിക്കും. ഇനിയുള്ള രണ്ടാഴ്ച്ച കൊണ്ട്‌ ശ്വാസകോശവും തലച്ചോറും പൂർണ്ണ വളർച്ച പ്രാപിക്കും.

ആഴ്ച്ച 38,39,40:

ഏത്‌ സമയത്തും കുഞ്ഞ്‌ നിങ്ങളുടെ അടുത്തേക്ക്‌ വരാം. 39-40 ആഴ്ച്ചകളാണ്‌ പൂർണ്ണ ഗർഭകാലം. ഇതിന്‌ മുമ്പും ശേഷവും ആകാം. ശരാശരി 20 ഇഞ്ച്‌ നീളവും മൂന്നേകാൽ കിലോ ഭാരവമുള്ള കുഞ്ഞിനെ നിങ്ങൾക്ക് ഈ ആഴ്ച്ചകളിൽ‌ മാറോട്‌ ചേർക്കാം. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അല്ലാഹു പറയുന്നു, “തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോട്‌ കൂടി സൃഷ്ടിച്ചിരിക്കുന്നു”(11)

മാതവിനെ സംബന്ധിച്ച്‌ ശാരീരിക ക്ഷീണത്തിന്റെ ആഴ്ച്ചകളാണ്‌ ഇവയെല്ലാം. നാൽപ്പതോളം‌ വരുന്ന ഈ ആഴ്ച്ചകളെ മുൻനിറുത്തിയാണ്‌ അല്ലാഹു മാതാപിതാക്കളോട്‌ നന്ദി കാണിക്കണമെന്ന് മക്കളോട്‌ കൽപിക്കുന്നത്‌. അല്ലാഹു പറയുന്നു. “മനുഷ്യന്‌ തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കുക. എന്റെ അടുത്തേക്കാണ്‌ (നിന്റെ) മടക്കം.”(12)

എന്ത് കൊണ്ടാണ്‌ ഗർഭകാല പാരന്റിംഗ്‌ ഇത്രമേൽ പ്രസക്തമാകുന്നത്‌? കൺമുന്നിലെ മക്കളെ അവഗണിക്കുന്നത്‌ അവർക്ക്‌ മാനസികമായി മുറിവുണ്ടാക്കുന്നത്‌ പോലെ ഗർഭാശയത്തിലിരിക്കുന്ന കുഞ്ഞിനെ അവഗണിക്കുന്നത്‌ അവർക്കും മുറിവുണ്ടാക്കുന്നുണ്ട്‌. നമ്മളുടെ അനാരോഗ്യകരമായ പരിചരണം ഗർഭസ്ഥ ശിശുവിന്റെ പിൽക്കാലജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ നമ്മുടെ നല്ലതും നൻമ നിറഞ്ഞതുമായ പരിചരണം കുഞ്ഞിന്റെ പിൽക്കാല ജീവിതത്തിന്‌ മുതൽക്കൂട്ടാവുമെന്നതും തീർച്ചയാണ്‌. നിങ്ങൾ കാണുന്നതും, കേൾക്കുന്നതും, സംസാരിക്കുന്നതും, കഴിക്കുന്നതും, അനുഭവിക്കുന്നതുമെല്ലാം കുഞ്ഞിനെ ഗുണകരമായോ ദോഷകരമായോ ബാധിക്കുന്നുണ്ടെന്നതാണ്‌ സത്യം. ഈ സമയത്ത്‌ കുഞ്ഞിന്റെ മാനസികാവസ്ഥയെ കുറിച്ച്‌ പഠിക്കാൻ മാത്രം രൂപം കൊണ്ട വൈദ്യശാസ്ത്രശാഖയാണ്‌ പ്രിനാറ്റൽ സൈക്കോളജി (Prenatal Psychology).

മാതാവിന്റെ നിത്യജീവിതത്തിൽ കാണുന്നതും, കേൾക്കുന്നതും, ശ്വസിക്കുന്നതും, അനുഭവിക്കുന്നതും, ഉപയോഗിക്കുന്നതും എല്ലാം ചെറിയ രൂപേണ ഉദരത്തിലുള്ള കുഞ്ഞുമായി പങ്ക്‌വെയ്ക്കുന്നുണ്ട്‌.(13) ഗർഭസ്ഥശിശു (fetus)വെന്ന് വിളിക്കുന്ന മാതാവിന്റെ ഉദരത്തിനകത്തെ മാംസ പിണ്ഡം കേവലം ക്രിയാശൂന്യമായി വളരുന്ന ഒന്നല്ല. മാതാവിന്റെ ഉദരത്തിന്റെ അകത്തും പുറത്തുമുള്ള സാഹചര്യങ്ങളോട്‌ അതിജീവിക്കാൻ നിരന്തരം ശേഷി സംഭരിച്ച്‌ തയ്യാറെടുക്കുന്ന കർമ്മോദ്യുക്തമായ ജീവന്റെ തുടിപ്പാണ്‌ യഥാർത്ഥത്തിൽ ഗർഭസ്ഥ ശിശു.(14)

കുറിപ്പുകൾ:

1) Carista Luminare-Rosen, Parenting begins before conception, Healing arts press, Rochester, Vermont, (2000) 7

2) ഖുർആൻ 17:85

3) മുസ്‌ലിം

4) ബുഖാരി

5) മുത്തഫഖുൻ അലൈഹി

6) ഖുർആൻ 17:24

7) ഖുർആൻ 13:8

8) മുസ്‌ലിം

9) ഖുർആൻ 31:34

10) ഖുർആൻ 23: 12-14

11) ഖുർആൻ 95:4

12) ഖുർആൻ 31:1

13) Annie Murphy Paul, Origins: How the nine months before birth shape the rest of our lives, Hay House Publications (2010); 1

14) Annie Murphy Paul, Origins: How the nine months before birth shape the rest of our lives, Hay House Publications (2010); 4

print

1 Comment

  • Masha allah really informative

    Fousiya TK 05.05.2020

Leave a comment

Your email address will not be published.