ഗർഭകാല പരിചരണം പഠനത്തെ ബാധിക്കുമോ?

//ഗർഭകാല പരിചരണം പഠനത്തെ ബാധിക്കുമോ?
//ഗർഭകാല പരിചരണം പഠനത്തെ ബാധിക്കുമോ?
പാരന്റിംഗ്‌

ഗർഭകാല പരിചരണം പഠനത്തെ ബാധിക്കുമോ?

രോ കുട്ടികളും വ്യത്യസ്തരാണ്‌. അത്കൊണ്ട്‌തന്നെ പഠന മികവിലും ഓരോ കുട്ടികളും വേറിട്ടവരായിരിക്കും. ‌ജനിതകഘടകം പോലെ തന്നെ ഗർഭകാല പരിചരണവും ഈ വൈജാത്യത്തിന്‌‌ കാരണമാകുന്നുണ്ട്‌. നാം ശ്രദ്ധിക്കേണ്ടത്‌ നമ്മുടെ ഗർഭകാല പരിചരണത്തിലെ അപാകതകൾ മൂലം യാതൊരു വൈകല്യങ്ങളും സംഭവിച്ചുകൂടാ എന്നതാണ്‌. ഗുരുതരമായ രാസവസ്തു ദുരന്തങ്ങൾക്ക്‌ ഇരയാകുന്ന ഗർഭിണികളുടെ കുട്ടികൾ പിൽക്കാലത്ത്‌ സ്കൂളുകളിലെ പഠനവിഷയങ്ങളിൽ മറ്റു കുട്ടികളേക്കാൾ പിന്നോക്കം നിൽക്കുന്നതായി സ്വീഡനിൽ നടത്തിയ പഠനം പറയുന്നുണ്ട്‌.(48) ഗർഭിണിയായിരിക്കെ നോമ്പെടുക്കുന്നത്‌ കുഞ്ഞിന്റെ‌ കാഴ്ച്ച, കേൾവി, പഠനം എന്നിവയ്ക്ക്‌ ചെറുതും വലുതുമായ വൈകല്യങ്ങൾ ഉണ്ടാക്കാം.(49) എന്നാൽ ആരോഗ്യപരമായി തനിക്കും കുഞ്ഞിനും ദോഷം ചെയ്യില്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വ്രതമെടുക്കാവുന്നതാണ്‌. നമ്മുടെ ശ്രദ്ധയാണ്‌ ഇവിടെ പ്രധാനം.

പ്ലാസ്റ്റിക്‌‌ ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള ബിസ്ഫിനോൾ (bisphenol – BPA) എന്ന രാസവസ്തുവും മനുഷ്യനിൽ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്‌ കാരണമാകുന്ന ഒന്നാണ്‌‌. സ്ത്രീകളിൽ ബീജസങ്കലത്തിനും, ഗർഭസ്ഥശിശുവിൽ ഉദരസംബന്ധമായ ആരോഗ്യപ്രശ്നത്തിനും ഇത്‌ കാരണമായേക്കാം. ബി.പി.എ മുക്ത പ്ലാസ്റ്റിക്കുകൾ വേർതിരിച്ച്‌ വിപണിയിൽ ലഭ്യമാണ്‌. ഒന്ന്, രണ്ട്‌, നാല്‌, അഞ്ച്‌ തുടങ്ങിയ നമ്പരുകൾ ഉള്ള പ്ലാസ്റ്റിക്കുകളാണ്‌ സുരക്ഷിതം. ഗർഭിണികൾ ഇവ നോക്കി മാത്രം ഉപയോഗിക്കുക.(50)

പ്ലാസ്റ്റിക്‌ മാത്രമല്ല വായുമലിനീകരണവും ഗർഭസ്ഥശിശുവിന്‌ ദോഷമാണ്‌. വാഹനങ്ങളിൽ നിന്നും, ഫാക്റ്ററികളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ, പൊടിപടലങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവ അമിതമായി ശ്വസിക്കുന്നത്‌ ഗർഭസ്ഥ ശിശുവിന്‌ ഭാരം കുറവ്‌, മാസം തികയാത്ത പ്രസവം, ഓട്ടിസം, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം.(51) 2004ൽ അമേരിക്കൻ ഹോസ്പിറ്റലുകളിലെ വെറും പത്ത്‌ കുട്ടികളിൽ നടത്തിയ പഠനത്തിൽ അവരുടെ പൊക്കിൾകൊടിയിൽ നിന്ന് 287 വ്യത്യസ്ത തരം രാസവസ്തുക്കളാണ്‌ കണ്ടെത്തിയത്‌ എന്നത്‌ ഞെട്ടിക്കുന്ന വിവരമാണ്‌.(52) ഇതിൽ പല രാസവസ്തുക്കളും കുഞ്ഞിന്റെ തലച്ചോറിനെ തകരാറിലാക്കുന്നതാണ്‌. നമ്മുടെ നാട്ടിലെ എൻഡോസൾഫാൻ ദുരന്തങ്ങളുടെ കഥകൾ നാം ഒരുപാട്‌ കേട്ടതാണ്‌.

പ്രസവസത്തോട്‌ കൂടി പുറത്തേക്ക്‌ ഒഴുകുന്ന ഉൽബദ്രവം പരിശോധിച്ചാണ്‌ ഇതെല്ലാം മനസ്സിലാക്കുന്നത്‌. ഉൽബദ്രവം സൂക്ഷമമായി പരിശോധിച്ചാൽ കുഞ്ഞിന്റെ ഒമ്പത്‌ മാസ ജീവിതത്തിന്റെ ഏകദേശ ചരിത്രവും പത്ത്‌ വർഷത്തിൽ കുറയാത്ത ഭാവിയും ഏറെക്കുറെ പറയാൻ കഴിയും. ഉദാഹരണത്തിന്‌ ഉയർന്ന തോതിലുള്ള ഗർഭസ്ഥ ടെസ്റ്റോസ്റ്റിറോൺ (testosterone) ഒരു വയസ്സ്‌ വരെ കുഞ്ഞിന്റെ കണ്ണിന്റെ ചലങ്ങളെയും (eye contact), രണ്ട്‌ വയസ്സ്‌ വരെ ഭാഷാവികാസത്തെയും ബാധിക്കുന്നു, കൂടാതെ നാലാം വയസ്സിൽ സാമൂഹിക ഇടപെടലിലുള്ള പ്രയാസങ്ങളും, എട്ടാം വയസ്സിൽ സഹജീവികളോടുള്ള സഹാനുഭൂതിയിലും പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. അതേ സമയം കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ കുട്ടിയുടെ അന്വേഷണത്വരയെ കൂടുതൽ സ്നിഗ്ദ്ധമാക്കുകയും ചെയ്യുന്നുണ്ട്‌‌.(53)

ഗർഭകാലഘട്ടത്തിൽ ആരോഗ്യകരമായ അന്തരീക്ഷം അനുഭവിച്ച ഒരു കുഞ്ഞും ഹാനികരമായ അന്തരീക്ഷത്തിലൂടെ കടന്നുപോയ കുഞ്ഞും തമ്മിൽ ബുദ്ധിപരമായി വലിയ അന്തരമുണ്ടായിരിക്കുമെന്നാണ്‌ ഈ വിഷയത്തിൽ പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ ഹൊവാർഡ്‌ ഗാർഡനറുടെ നിരീക്ഷണം.(54) വെളുത്ത വർഗക്കാരായ യൂറോപ്യൻ അമേരിക്കകാരെക്കാളും കറുത്ത വർഗക്കാരായ ആഫ്രിക്കൻ അമേരിക്കാർക്കിടയിൽ ശിശുമരണങ്ങൾ കൂടുതലും, ബുദ്ധിവികാസം കുറവുമണ്‌‌. സാമൂഹികമയി അവർ അനുഭവിക്കുന്ന അവഗണന, അത്‌ മൂലമുണ്ടാകുന്ന ഉത്കണഠ, പോഷകാഹാരക്കുറവ്‌ എന്നിവയില്ലാം ഇതിന്റെ കരണമായി ചൂണ്ടികാണിക്കപ്പെടുന്നു.(55) ലോകത്ത്‌ പിന്നാക്കം നിൽക്കുന്നതും അരിക്‌വത്കരിക്കപ്പെട്ടതുമായ സമുദായങ്ങൾ എക്കാലഘട്ടത്തിലും അങ്ങനെ തന്നെ തുടരാൻ ഗർഭകാല പരിചരണത്തിലെ ദൗർബല്യം വലിയ ഒരു കാരണമാണ്‌. ഇന്ത്യയിലെ ശിശുമരണനിരക്ക്‌ 2004ൽ ആയിരം കുട്ടികൾക്ക്‌ 58 മരണമായിരുന്നത്‌‌ 2016ൽ എത്തുമ്പോൾ അത്‌ ആയിരം കുട്ടികൾക്ക്‌ 34 ആണ്‌. ദേശീയ ശരാശരിയേക്കാൾ ശിശു ആരോഗ്യത്തിൽ വളരെ മുൻപന്തിയിലാണ്‌ ആയിരം കുട്ടികൾക്ക്‌ 10 മരണം മാത്രം റിപ്പോർട്ട്‌ ചെയ്യുന്ന‌ കേരളം.(56)

ഇന്ത്യയിലെ ശിശുമരണ നിരക്കിനെ ജാതി-മത-സാമ്പത്തിക അടിസ്ഥാനത്തിൽ പഠനം നടത്തിയപ്പോൾ മനസ്സിലാകുന്നത്‌, ജീവിതനിലവാരം ഏറ്റവും താഴ്‌ന്നവരിലെ മരണനിരക്ക്‌ 10.98% ആണെങ്കിൽ ഉയർന്ന ജീവിതനിലവാരമുള്ളരിൽ ഇത്‌ വെറും 3.58% മാത്രമാണ്‌. അത്പോലെ ഗ്രാമങ്ങളിൽ 8.74% വും, നഗരങ്ങളിൽ 4.08% വും ആണ്‌ റിപ്പോർട്ട്‌ ചെയ്യുന്ന ശിശുമരണ നിരക്ക്‌.(57) നഗരങ്ങളിലെ ജീവിതനിലവാരം കൂടിയവർക്ക്‌ ലഭിക്കുന്ന ഗർഭകാല പരിരക്ഷകൾ ഗ്രാമങ്ങളിലെ താഴ്‌ന്ന ജീവിതനിലവാരമുള്ളവർക്ക്‌ കൂടി ലഭ്യമായാൽ ഒരുപക്ഷെ അവരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്തപ്പെട്ടേക്കാം. ഇന്ത്യൻ സ്ത്രീകളിലെ പോഷകാഹാരക്കുറവിനെ കുറിച്ചുള്ള ആശങ്ക കുട്ടികളുടെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്കും അവകാശത്തിനും വേണ്ടി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ യുനിസെഫും (unicef) പങ്ക്‌വെയ്ക്കുന്നുണ്ട്‌. ഗർഭസ്ഥശിശുവിന്റെ വളർച്ചാമുരടിപ്പിന്‌ തടയിടണമെങ്കിൽ ബീജസങ്കലനത്തിന്‌ മുമ്പും ഗർഭകാലത്തിന്റെ ആദ്യ മൂന്നുമാസക്കാലവും ശരിയായ പോഷകാഹാരം ലഭിക്കണം.(58) ഇതിന്റെയെല്ലാം കൂടെ തന്നെ പ്രധാനമാണ്‌ ശുദ്ധജല ലഭ്യതയും മതിയായ ചികത്സാ സംവിധാനങ്ങളും.

നാം ശദ്ധിക്കേണ്ടത്‌ നമ്മുടെ മക്കൾക്ക്‌ നമ്മുടെ പരിമിതിക്കുള്ളിൽ വെച്ച്‌ കഴിയാവുന്ന ഏറ്റവും നല്ല ഗർഭകാല പരിചരണം ലഭ്യമാക്കുകയും അത്‌വഴി നമ്മുടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിലുമായിരിക്കണം. ഏതൊരു കുഞ്ഞിന്റെയും പിൽക്കാല ബുദ്ധിയും കഴിവുകളും സ്കൂൾ പഠന നിലവാരവും, ചെയ്യുന്ന ജോലിയിലെ മികവുമെല്ലാം അവന്റെ ആദ്യ ആയിരം ദിനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് ഇന്ന് ലോക രാജ്യങ്ങൾ അംഗീകരിക്കുന്ന കാര്യമാണ്‌.(59) ഇത് ‌പ്രകാരമാണ് ഇന്ത്യയടക്കമുള്ള‌ പല രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ അവരുടെ അമ്മമാർക്ക് ഗർഭകാല പരിചരണങ്ങളും‌ പോഷകാഹാരങ്ങളും നിർദ്ദേശിക്കുന്നത്‌.(60) പലപ്പോഴും നാം കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക്‌ വേണ്ടി പണം ചെലവാക്കുന്നത്‌ അവരെ സ്കൂളിൽ പറഞ്ഞയക്കാൻ തുടങ്ങുന്നത്‌ മുതലാണ്‌. എന്നാൽ യഥാർത്ഥത്തിൽ തുടങ്ങേണ്ടത്‌ നിങ്ങൾ ഗർഭം ധരിക്കുന്നതിനും മുമ്പേ ആണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

കുറിപ്പുകൾ:

48) Douglas Almond, Lena Edlund, and Marten Palme, Chernobyl’s Subclinical Legacy: Prenatal Exposure to Radioactive Fallout and School Outcomes in Sweden, Quarterly Journal of Economics (Feb 2009), Vol 124, No. 4

49) Douglas Almond and Bhashkar Mazumder, Health Capital and the Prenatal Environment: The Effect of Maternal Fasting During Pregnancy, National Bureau of Economic Research, (Oct 2008), Paper No. 14428

50) Lavanya Reddivari and et al., Perinatal Bisphenol A Exposure Induces Chronic Inflammation in Rabbit Offspring via Modulation of Gut Bacteria and Their Metabolites, American Society of Microbiology, September/October 2017 Volume 2 Issue 5

51) https://americanpregnancy.org/pregnancy-health/how-air-pollution-impacts-pregnancy/

52) Environmental Working Group, Body Burden: The Pollution in Newborns, July 14, 2005, https://www.ewg.org/research/body-burden-pollution-newborns

53) Annie Murphy Paul, Origins: How the nine months before birth shape the rest of our lives, Hay House Publications (2010); 191

54) Howard Gardner, Cracking Open the IQ Box, The American Prospect, (1995 Winter); 20: 71-80

55) Cheryl L. Giscombé and Marci Lobel, Explaining Disproportionately High Rates of Adverse Birth Outcomes Among African Americans: The Impact of Stress, Racism, and Related Factors in Pregnancy, Psychological Bulletin (2005), Vol. 131, No. 5, 662–683

56) http://niti.gov.in/content/infant-mortality-rate-imr-1000-live-births

57) S.V. Subramanian and et al., The Mortality Divide in India: The Differential Contributions of Gender, Caste, and Standard of Living Across the Life Course, American Journal of Public Health, (May 2006), Vol 96, No. 5, pp 818-825

58) https://www.unicef.org/india/what-we-do/womens-nutrition

59) https://thousanddays.org/why-1000-days/ )

60. https://nhm.gov.in/images/pdf/programmes/RBSK/Resource_Documents/Journey_of_The_First_1000_Days.pdf) .

print

1 Comment

  • 👍😍

    Khadeeja 08.05.2020

Leave a comment

Your email address will not be published.