ഗർഭകാലം: ലിംഗതിരഞ്ഞെടുപ്പ്‌ സാധ്യമോ?

//ഗർഭകാലം: ലിംഗതിരഞ്ഞെടുപ്പ്‌ സാധ്യമോ?
//ഗർഭകാലം: ലിംഗതിരഞ്ഞെടുപ്പ്‌ സാധ്യമോ?
പാരന്റിംഗ്‌

ഗർഭകാലം: ലിംഗതിരഞ്ഞെടുപ്പ്‌ സാധ്യമോ?

ർഭിണിയാകുന്ന, ഏത്‌ മാതാപിതാക്കളെയും ഒമ്പത്‌ മാസവും കടുത്ത ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നാണ്‌ കുഞ്ഞ്‌ ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്ന ചിന്ത. പല നാടുകളിലും പുരാതനകാലം തൊട്ടേ മനുഷ്യൻ ഇതിനായി വ്യത്യസ്ത മാർഗങ്ങൾ കണ്ടെത്തുകയും അതെല്ലാം ശരിയാണെന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുകയുമുണ്ടായിട്ടുണ്ട്‌. പുരാതന ഗ്രീക്കുകാർ വിശ്വസിച്ചിരുന്നത് ആണിന്‌ വൈകല്യം ബാധിച്ചതാണ്‌ പെണ്ണെന്നായിരുന്നു. അവരുടെ ജീവിത നിയോഗമാകട്ടെ കേവലം സന്താനോത്പാദനം മാത്രവും.(34) കൂടാതെ ഗർഭിണിയായ യുവതി സുന്ദരമയ പ്രതിമകളിലേക്കും, കലാ സൃഷ്ടികളിലേക്കും ദീർഘനേരം നോക്കിനിൽക്കുന്നത്‌ പ്രസവിക്കാൻ പോകുന്ന കുഞ്ഞിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുമെന്നും അവർ വിശ്വസിച്ചിരുന്നു.(35) ഈജിപ്തോളജിയിലെ മൂവായിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ബെർലിൻ ചുരുളുകളിൽ നിന്ന് കണ്ടെത്തിയ ഒരു രീതി ഇങ്ങനെയായിരുന്നു. അൽപം ഗോതമ്പും ബാർലിയും രണ്ടു തുണികളിലായി കെട്ടിവെയ്ക്കുക. എന്നിട്ട്‌ ഗർഭിണിയായ യുവതി എല്ലാ ദിവസവും അതിൽ മൂത്രമൊഴിക്കണം. ഗോതമ്പാണ്‌ മുളയ്ക്കുന്നതെങ്കിൽ ആൺകുട്ടിയായിരിക്കും ജനിക്കുന്നത്‌, ബാർലിയാണ്‌ മുളയ്ക്കുന്നതെങ്കിൽ പെൺകുട്ടിയായിരിക്കും. രണ്ടും മുളച്ചില്ലെങ്കിൽ അവൾ പ്രസവിക്കില്ല.(36) ഇന്ത്യയിലാകട്ടെ ഗർഭകാലത്ത്‌‌ മധുരത്തോട്‌ പ്രിയം തോന്നുന്നുവെങ്കിൽ കുട്ടി പെണ്ണായിരിക്കും എന്ന് വിശ്വസിച്ചിരുന്നു. ‌വെളുതുള്ളി ഉപയോഗിച്ചുള്ള ടെസ്റ്റും ഇന്ത്യയിൽ പലയിടത്തും നടത്താറുണ്ടായിരുന്നു‌, മാതാവ്‌ ഒരു വെളുത്തുള്ളിയുടെ ഒരു ചീള്‌ കഴിച്ച്‌ അൽപം കഴിഞ്ഞ്‌ ശരീരത്തിന്‌ വെളുത്തുള്ളിയുടെ ഗന്ധമുണ്ടെങ്കിൽ കുട്ടി ആണായിരിക്കും എന്നാണ്‌ വിശ്വസിക്കുന്നത്‌.(37)

ആൺകുട്ടിയാണെങ്കിൽ ഉൺമേഷവാനും, പെൺകുട്ടിയാണെങ്കിൽ തളർച്ചയുമുണ്ടാകും; കത്തി സ്വപനം കണ്ടാൽ ആണും, വസന്തം സ്വപ്നം കണ്ടാൽ പെണ്ണുമായിരിക്കും; രാവിലെ അസ്വാസ്ഥ്യം ഉണ്ടെങ്കിൽ പെണ്ണും, വിശപ്പ്‌ കൂടുതലാണെങ്കിൽ ആണുമായിരിക്കും; ഗർഭപാത്രത്തിന്റെ വലത്‌‌‌ ഭാഗത്താണ്‌ കുഞ്ഞ്‌ കിടക്കുന്നതെങ്കിൽ ആണും, ഇടതാണെങ്കിൽ പെണ്ണുമായിരിക്കും; ആണിനെ ഗർഭം ധരിച്ചാൽ മാതാവിന്റെ വലത്‌ കണ്ണ് തെളിമയാർന്നതും, വലത്‌ സ്തനം വലിപ്പമുള്ളതുമാകും; ഉദരത്തിൽ അനക്കമില്ലാതെ കിടക്കുന്നത്‌ പെണ്ണും, തലകുത്തി മറിയുന്നത്‌ ആണുമായിരിക്കും; മാതാവിന്റെ കവിൾതടം ചുവപ്പാണെങ്കിൽ ആണും, വിളറിയതാണെങ്കിൽ പെണ്ണുമായിരിക്കും; ആൺകുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ വേഗത്തിൽ ആയിരിക്കും‌, പെണ്ണാണെങ്കിൽ പതുക്കെയായിരിക്കും; എന്നിങ്ങനെ നിരവധി വിശ്വാസങ്ങൾ ലോകത്താകമാനം നിലവിലുണ്ട്‌.

ഇതിന്‌‌ പുറമെ പ്രത്യേക രീതിയിൽ ഇണചേർന്നാൽ ആൺകുഞ്ഞ്‌ ഉണ്ടാകും എന്ന വിശ്വാസവും നിലനിന്നിരുന്നു. ഇണചേരുമ്പോൾ പെണ്ണിന്റെ വലത് വശത്ത്‌ കിടന്നാൽ ജനിക്കുന്നത്‌ ആൺകുഞ്ഞായിരിക്കുമെന്നായിരുന്നു ഗ്രീക്കുകാർ വിശ്വസിച്ചിരുന്നത്‌; എന്നാൽ ഫ്രെഞ്ച്കാർ വിശ്വസിച്ചിരുന്നത്‌ ഇണചേരുന്നതിന്‌ മുമ്പായി പുരുഷന്റെ ഇടത്തെ വൃഷണം കെട്ടിവെച്ചാൽ പെൺകുഞ്ഞ്‌ ജനിക്കില്ല എന്നായിരുന്നു; ഇറ്റലിയിലാകട്ടെ, ആൺകുഞ്ഞിന്‌ വേണ്ടി ഇണചേരുമ്പോൾ സ്ത്രീയുടെ വലത്തെ ചെവി കടിക്കുമായിരുന്നു.(38)

അമേരിക്കയിൽ കുറച്ചുകൂടി ശാസ്ത്രീയമായിരുന്നു കാര്യങ്ങൾ, 1970 ൽ പുറത്തിറങ്ങിയ ഡോ ഷെട്ടൽസിന്റെ (Dr. Shettels) ‘കുഞ്ഞിന്റെ ലിംഗം എങ്ങനെ തിരഞ്ഞെടുക്കാം’ എന്ന പുസ്തകം ഒന്നര മില്ല്യണിലധികം കോപ്പികൾ വിറ്റഴിഞ്ഞ്‌ ഇന്നും ജൈത്രയാത്ര തുടരുകയാണ്‌. പുരുഷ ബീജത്തിലെ y ക്രോമോസോമുകൾ (പുരുഷൻ) വേഗത്തിൽ സഞ്ചരിക്കുന്നതും അധികം ആയുസ്സില്ലാത്തതുമാണ്‌, അതേസമയം x ക്രോമോസോമുകൾ (സ്ത്രീ) പതിയെ സഞ്ചരിക്കുന്നതും കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ സ്ത്രീയിൽ അണ്ഡോൽപാദനം നടക്കുന്ന ദിവസം ബന്ധപ്പെടുന്നത്‌ ആൺകുഞ്ഞ്‌ ജനിക്കുമെന്നതാണ്‌ ചുരുക്കം.(39) എന്നാൽ ബന്ധപ്പെടുന്ന സമയവും കുഞ്ഞിന്റെ ലിംഗ തിരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മസാച്ചുസാറ്റസ്‌ മെഡിക്കൽ സൊസൈറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.(40) കേരളത്തിൽ ഈയിടെ ഒരു പ്രമുഖ ദിനപത്രം ആൺകുഞ്ഞിനെ ഗർഭം ധരിക്കാനുള്ള ആറ്‌ മാർഗ്ഗങ്ങളെ കുറിച്ച്‌ ആരോഗ്യകോളത്തിൽ എഴുതിയതിനെ ബി.ബി.സി പോലും പരിഹസിച്ചിരുന്നു.(41)

പലപ്പോഴും ആൺകുട്ടിയാണോ എന്നറിയാൻ വേണ്ടി മാത്രമാണ്‌ ‌മനുഷ്യൻ ഇതെല്ലാം പയറ്റിനോക്കിയിരുന്നത്‌‌‌. മേൽപറഞ്ഞ മാർഗങ്ങളെല്ലാം പ്രത്യക്ഷത്തിൽ തന്നെ സ്ത്രീവിരുദ്ധവുമാണ്‌‌. വലതിലേക്ക്‌ മുന്തിക്കുന്നതെല്ലാം ആണാകുന്നതും, ഇടതെല്ലാം പെണ്ണാകുന്നതും അത്കൊണ്ടാണ്‌. സ്ത്രീയേക്കാൾ കരുത്തുള്ളതും ഉപജീവനത്തിനും, സംരക്ഷണത്തിനും ഉപകാരപ്രദമായതും ആണ്‌ മാത്രമാണെന്ന ചിന്ത ഒരു വശത്തും, പെണ്ണായാൽ അവളുടെ സംരക്ഷണത്തിനായി ഒരുപാട്‌ ബുദ്ധിമുട്ടേണ്ടിവരുമെന്ന ചിന്ത മറുവശത്തും എക്കാലഘട്ടത്തിലും സാധാരണക്കാരായ മനുഷ്യരെ ഇതിന്‌ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അത്കൊണ്ട്‌ തന്നെ പെണ്ണാണെന്ന് മനസ്സിലാക്കിയാൽ ജനിക്കുന്നതിന്‌ മുമ്പോ ജനന ശേഷമോ കൊന്നുകളയുന്ന പതിവും പൗരാണിക കാലം മുതൽ ഇന്നും പതിവുള്ളതാണ്‌. അൾട്രാസൗണ്ട്‌‌ സ്കാനിംഗിലൂടെ ഇന്ന് ഗർഭാശയത്തിലിരിക്കുന്ന കുഞ്ഞിന്റെ ലിംഗം അറിയാമെങ്കിലും അത്‌ പറയുന്നതും ചോദിക്കുന്നതും കുറ്റകൃത്യമാകുന്നതും അത്കൊണ്ട് തന്നെയാണ്‌. ഖുർആൻ പറഞ്ഞത്‌ ഇന്നും എത്ര പ്രസക്തമാണ്‌, “അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു. അവന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!”(42) പെൺകുട്ടികൾ മൂലം മാതാപിതാക്കൾക്ക്‌ ഉണ്ടാകുന്ന പ്രത്യേക അനുഗ്രഹത്തെ കുറിച്ചുള്ള പ്രവാചക വചനങ്ങൾ നോക്കുക,

ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും”(43)

“ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.”(44)

“പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.”(45)

രണ്ട്‌ പെൺകുട്ടികളെ പ്രായപൂർത്തിവരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളിൽ ഇതുപോലെയായിരിക്കും. നബി (സ) തന്റെ വിരലുകൾ ചേർത്തുകാണിച്ചു.(46)

സത്യവിശ്വാസികളെ സംബന്ധിച്ച്‌ ആണായാലും പെണ്ണായാലും തനിക്കായി അല്ലാഹു നൽകിയതിനെ മതത്തിനും സമുദായത്തിനും സമൂഹത്തിനും നാടിനും പ്രയോജനം ചെയ്യുന്നവരാക്കി വളർത്തുക എന്നതാണ്‌ കർത്തവ്യം. അല്ലാഹു ഖുർആനിൽ പറയുന്നു,

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക്‌ അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.”(47)

കുറിപ്പുകൾ:

34) Maryanne Cline Horowitz, Department of History, Occidental College Los Angeles, Aristotle and Woman, Journal of the History of Biology Vol. 9, No. 2 (Autumn, 1976), pp. 183-213

35) Annie Murphy Paul, Origins: How the nine months before birth shape the rest of our lives, Hay House Publications (2010); 6

36) Lars L. Cederqvist and Fritz Fuchs, “Antenatal Sex Determination: A Historical Review,” Clinical and Obstetric Gynaecology Vol 13 Issue 1 (1970) pp 159-177

37) https://www.beingtheparent.com/signs-you-are-pregnant-with-a-girl/

38) Thomas R. Forbes, The Prediction of Sex: Folklore and Science, Proceedings of the American Philosophical Society, Vol. 103, No. 4 (Aug. 15, 1959), pp. 537-544

39) Landrum B Shettles, David M Rovik, How to choose the sex of your baby, Broadway books (2006)

40) Allen J Wilcox and et al., Timing of sexual intercourse in relation to ovulation, Effects on the Probability of Conception, Survival of the Pregnancy, and Sex of the Baby, The New England journal of medicine, Vol 333, No. 25 (Dec 7 1995) 1517-1521

41) https://www.bbc.com/news/world-asia-india-38300893

42) ഖുർആൻ 16:58,59

43) അഹ്‌മദ്‌

44) ബുഖാരി, അൽ അദാബൽ മുഫ്‌റദ്‌

45) ബുഖാരി, മുസ്‌ലിം

46) മുസ്‌ലിം

47) ഖുർആൻ 42:49,50

print

1 Comment

  • വിജ്ഞാനപ്രദം, ഉപകാരപ്രദം.
    ഒരുപാട് നന്ദി.

    നിയാസ് ബാബു 09.05.2020

Leave a comment

Your email address will not be published.