ഗർഭകാലം: മനോനില സന്തുലിതമാക്കുക

//ഗർഭകാലം: മനോനില സന്തുലിതമാക്കുക
//ഗർഭകാലം: മനോനില സന്തുലിതമാക്കുക
പാരന്റിംഗ്‌

ഗർഭകാലം: മനോനില സന്തുലിതമാക്കുക

Print Now
മാതാപിതാക്കളുടെ ശാരീരിക ആരോഗ്യത്തിന്റെ കുറവുകൾ കുഞ്ഞിന്റെ ശരീരത്തിന്‌‌ ചെറുതും വലുതുമായ കേടുപാടുകൾ വരുത്തന്നത്‌ പോലെതന്നെ നമ്മുടെ മാനസിക ആരോഗ്യത്തിന്റെ കുറവ്‌ കുഞ്ഞിന്റെ മാനസിക വികാസത്തെ ചെറുതും വലുതുമായ തോതിൽ ബാധിക്കും. ഏതെങ്കിലും അവിചാരിത സംഭവങ്ങളാൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നവരിൽ പൊതുവേ കാണപ്പെടുന്ന ഒന്നാണ്‌ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (post-traumatic stress disorder PTSD). ഈ സമയത്ത്‌ ഇതനുഭവിക്കുന്ന സ്ത്രീകൾ ഗർഭിണികൾ കൂടിയാണെങ്കിൽ എന്തായിരിക്കും എന്നതിനെ കുറിച്ച്‌ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്‌, ഈ മാനസിക സംഘർഷം തലമുറകൾ കൈമാറ്റം ചെയ്യപ്പെടുമെന്നാണ്‌. ജർമ്മനിയിലെ ജൂതകൂട്ടക്കൊലയായ ഹോളോക്കോസ്റ്റ്‌, അമേരിക്കയിലെ ട്രേഡ്‌ സെന്റർ ആക്രമണം, ലോകമഹായുദ്ധം, വിവിധ ഭൂചലനങ്ങൾ, ഗർഭിണിയായിരിക്കെ ഭർത്താവ്‌ മരണപ്പെടുന്ന സാഹചര്യം എന്നിവ അനുഭവിച്ചവരിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ ഇവരുടെ മക്കളും സമാനമായ രീതിലിലുള്ള ദു:സ്വപ്നം, പരിഭ്രാന്തി, മാനസിക സംഘർഷം, അകാരണമായ ഭയം എന്നിവ അനുഭവിക്കുന്നുവെന്നാണ്‌.(28)

ഈ അവസ്ഥയിലെ ഉയർന്ന സംഘർഷം മാസം തികയുന്നതിന്‌ മുമ്പേയുള്ള പ്രസവത്തിലേക്കും, കുഞ്ഞിന്റെ ഭാരക്കുറവിലേക്കും നയിക്കുന്നു. അമിതമായ മാനസിക പിരിമുറുക്കം മാതാവിന്റെ രക്തധമനികളെ ഞെരുക്കുകയും തൻമൂലം ഗർഭസ്ഥശിശുവിലേക്ക്‌ എത്തിച്ചേരേണ്ട ഓക്സിജനിലും, പോഷകങ്ങളിലും കുറവ്‌ വരികയും ചെയ്യുന്നു. അനുഭവിക്കുന്ന സംഘർഷത്തിന്റെ തോത്‌ എത്രമാത്രം കഠിനമാണോ, അതിനനുസൃതമായി കുട്ടി നടന്നുതുടങ്ങുന്ന പ്രായത്തിലും അഞ്ച്‌ വയസ്സ്‌ പ്രായത്തിലും മറ്റു കുട്ടികളേക്കാൾ ശേഷികൾ അൽപം ദുർബലമായിരിക്കും. പ്രത്യേകിച്ച്‌ ഇവരുടെ ഭാഷാവികാസം, പെരുമാറ്റരീതികൾ, ഏകാഗ്രത തുടങ്ങിയവ.(29)

വലിയ മാനസിക ആഘാതങ്ങൾ കുട്ടികളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ ടെൻഷൻ, പിരിമുറുക്കം തുടങ്ങിയവും കുട്ടികളിൽ ചെറിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടാകാം. ഇത്‌ കുട്ടിയുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നൊന്നും ഗവേഷണങ്ങൾ നടത്താത്തത്‌ കൊണ്ട് തന്നെ നാം അറിയുന്നില്ല എന്ന് പറയുകയായിരിക്കും ഉചിതം. അത്‌കൊണ്ട്‌ തന്നെ ഈ സമയത്ത്‌ അമിതമായ ഉത്കണ്ഠകൾ ഉളവാക്കുന്ന ജോലികളിൽ നിന്നും, പരിധിയിൽ കൂടുതൽ‌ ശാരീരിക അദ്ധ്വാനം വേണ്ട ജോലികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ്‌ അഭികാമ്യം. എന്നിരുന്നാലും ഒരു ജോലിയുമെടുക്കാതെ വെറുതെയിരിക്കുന്നതും അനാവശ്യചിന്തകൾ മൂലം മാനസിക സമ്മർദ്ദം വരുത്തിവെയ്ക്കാനിടയുണ്ട്‌. അതിനാൽ ഒരു ഗർഭിണിയെ സംബന്ധിച്ച്‌ നിത്യജീവിതിത്തിൽ താങ്ങാവുന്ന തരം ജോലികളും, മാനസിക സമ്മർദ്ദങ്ങളും കുഞ്ഞിന്‌ ദോഷമൊന്നും വരുത്തകയില്ലെന്ന് മാത്രമല്ല ഗുണം പ്രദാനം ചെയ്യുന്നുമുണ്ട്‌. സ്ട്രെസ്സ്‌ ഹോർമോണായ കോർടിസോൾ (Cortisol) കുഞ്ഞിന്റെ അവയങ്ങളുടെ പൂർണ്ണ വളർച്ചയ്ക്ക്‌ ഗുണം പ്രദാനം ചെയ്യുന്നു.(30) അതേസമയം അമിതമായ ടെൻഷനും, പിരിമിറുക്കവും ബീജസങ്കലനത്തിന്‌ സഹായിക്കുന്ന സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ അളവിനെയും, ഭ്രൂണവളർച്ചക്ക്‌ സഹായകമാകുന്ന ഹോർമോണായ പ്രൊജെസ്ട്രോണിനെയും പ്രതികൂലമായി ബാധിക്കാനിടയാകും.(31) കുഞ്ഞിന്റെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന്‌ ദോഷം സംഭവിക്കുമെന്ന് സംശയിക്കുന്നുണ്ടെങ്കിൽ സ്ത്രീക്ക്‌ അവൾ ചെയ്യുന്ന എല്ലാ ജോലികളിലും ഇളവ്‌ ചെയ്ത്കൊടുക്കാൻ മറ്റു സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ടതാണ്‌. ഇന്ന് എല്ലാ സ്ഥാപനങ്ങളിലും ഗർഭിണികൾക്ക്‌ ഇളവുകൾ നൽകുന്നത്‌ പതിവാണ്‌‌. കുഞ്ഞിന്‌ ദോഷകരമെങ്കിൽ സ്ത്രീക്ക്‌ ഇളവനുവദിക്കുന്നതാണ്‌ പ്രവാചക മാതൃകയും. നോമ്പിന്റെ ഇളവ്കാരെ കുറിചുള്ള ഹദീഥിൽ ഇങ്ങനെ പറയുന്നു, “അല്ലാഹു യാത്രക്കാരന്‌ നമസ്‌കാരത്തിന്റെ പകുതിയും നോമ്പും ഇളവ്‌ ചെയ്‌തിരിക്കുന്നു. അതുപോലെ ഗര്‍ഭിണിക്കും കുഞ്ഞിന്‌ മുല കൊടുക്കുന്ന സ്‌ത്രീക്കും (നോമ്പ്‌ ഉപേക്ഷിക്കാന്‍) ഇളവ്‌ നൽകിയിരിക്കുന്നു.”(32)

മനസ്സിന്റെ ആകുലതകളിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മോചനം നേടാൻ മനസ്സിനെ ശാന്തമാക്കുകയാണ്‌ ഏകവഴി. കോർട്ടിസോൾ ഹോർമോണിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും അനുയോജ്യമായത്‌, മനസ്സിന്‌ ശാന്തത ലഭിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയാണ്. ആധുനിക ലോകത്തിന്റെ ജീവിത തിരക്കുകൾ വരുത്തിവെച്ച സ്ട്രെസ്സ് (stress)‌ എന്ന മഹാവ്യാധിക്ക്‌ ലോകത്തിന്‌ നിർദേശിക്കാനുള്ള ഒരേയൊരു പരിഹാരവും അത്‌ തന്നെയാണ്‌. അതിന്‌ നിർദേശിക്കുന്ന മാർഗങ്ങളിൽ ഒന്നാണ്‌ വ്യായാമം‌. നടത്തം, നീന്തൽ, ഏറോബിക്‌ തുടങ്ങിയവ ചെയ്യുന്നത്‌ ഗർഭിണികൾക്കും ഗുണപ്രദമാണ്‌. മനസ്സിനെ ശാന്തമാക്കാനുള്ള ഒറ്റമൂലിയെ കുറിച്ച്‌ ഖുർആൻ നമ്മോട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌‌, “അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്”‌.(33) അല്ലാഹുവിന്റെ സ്മരണയെക്കാൾ മനസ്സിനെ ശാന്തമാക്കുന്ന മറ്റൊന്നുമില്ല. ഗർഭിണികൾ നമസ്കാരത്തിലൂടെയും, പ്രാർത്ഥനകളിലൂടെയും അല്ലാഹുവിനെ നിരന്തരം ഓർമ്മിച്ചുകൊണ്ട്‌ മനസ്സിനെ ശാന്തമാക്കി നിർത്തുക, അത്‌ നിങ്ങളുടെ കുഞ്ഞിന്റെ മാനസിക ആരോഗ്യത്തെ ശക്തിപ്പെടുത്തും, തീർച്ച.

കുറിപ്പുകൾ:

28) Rachel Yehuda and et al., Maternal, Not Paternal, PTSD Is Related to Increased Risk for PTSD in Offspring of Holocaust Survivors,” Journal of Psychiatric Research 42(13) (Oct 2008), 1104-1111; Other research papers of Rachel Yehuda

29) David P. Laplante et al., Stress During Pregnancy Affects General Intellectual and Language Functioning in Human Toddlers, Pediatric Research 56(3) (Sep 2004), 400-410

30) Janet A. DiPietro, The Role of Prenatal Maternal Stress in Child Development, Current Directions in Psychological Science 13(2) ( Apr 2004), 71-74

31) Carista Luminare-Rosen, Parenting begins before conception, Healing arts press, Rochester, Vermont, (2000) 55

32) അന്നസാഈ

33) ഖുർആൻ 13:28

No comments yet.

Leave a comment

Your email address will not be published.