ഗർഭകാലം: പഥ്യാഹാരം അനിവാര്യം

//ഗർഭകാലം: പഥ്യാഹാരം അനിവാര്യം
//ഗർഭകാലം: പഥ്യാഹാരം അനിവാര്യം
പാരന്റിംഗ്‌

ഗർഭകാലം: പഥ്യാഹാരം അനിവാര്യം

Print Now
ബൈബിൾ പഴയനിയമത്തിൽ സാംസണിന്റെ മാതാവാകാൻ പോകുന്ന യുവതിയോട്‌ ദൈവദൂതൻ ഇങ്ങനെ അരുൾ ചെയ്യുന്നത്‌ കാണാം, “ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്‌.”(15)

ഗർഭിണിയായാൽ ശുദ്ധമായത്‌ മാത്രമേ കഴിക്കാവൂവെന്ന് ചരിത്രാതീത കാലം തൊട്ടേയുള്ള മനുഷ്യന്റെ സൂക്ഷമതയാണ്‌ ഈ ബൈബിൾ വചനം നമ്മോട്‌ പറയുന്നത്‌. ആധുനിക യുഗത്തിൽ ശാസ്ത്രീയമായി ഗർഭിണികൾക്ക്‌ പഥ്യാഹാരം (diet) നിശ്ചയിച്ച്‌ തുടങ്ങിയത്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌. ജർമ്മനിയിലെ പ്രസവചികത്സകനായിരുന്ന ലുഡ്‌വിഗ്‌ പ്രോചോവ്നിക്‌ (Ludwig Prochownick) ആണ്‌ ഇത്‌ നിർദ്ദേശിക്കുന്നത്‌. അക്കാലത്ത്‌ ക്രമരഹിതമായ ഭക്ഷണശീലം കാരണം ഭാരം കൂടിയ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന്‌ പരിഹാരമായി‌ പ്രോട്ടീൻ കൂടിയതും കാർബോഹൈഡ്രേറ്റ്‌ കുറഞ്ഞതുമായ ഭക്ഷണരീതി അൻപതോളം സ്ത്രീകളിൽ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ മുന്നോട്ട്‌ വെയ്ക്കുന്നത്‌. ഇതറിയപ്പെടുന്നതും പ്രോചോവ്നിക്‌ ഡയറ്റ്‌ എന്ന പേരിലാണ്‌.(16) മാതാവ്‌ മാത്രമല്ല ജനിക്കാൻ പോകുന്ന കുഞ്ഞിന്‌ വേണ്ടി ഒരു ആഹാരക്രമം ശീലിക്കേണ്ടത്‌, പിതാവിനും ഇത്‌ ബാധകമാണ്‌. കഴിക്കുന്ന ഭക്ഷണവും അതിന്റെ അളവും മാതാപിതാക്കൾ‌ ശ്രദ്ധിക്കേണ്ടത്‌ ഗർഭധാരണത്തിനും മൂന്ന് മാസമെങ്കിലും മുമ്പായിരിക്കണം. രണ്ട്‌ പേരുടെയും ബോഡി മാസ്‌ ഇൻഡക്സ്‌ (BMI) ക്രമപ്പെടുത്താനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌. തടി കൂടുതലാവാനുള്ള സാധ്യതയെയാണ്‌ ഭയക്കേണ്ടത്‌. ഇരുപതാം നൂറ്റാണ്ടിൽ ഭക്ഷണം കുറഞ്ഞ്‌ പോയത്‌ കൊണ്ടാണ്‌ ലോകത്ത്‌ കൂടുതൽ മരണമുണ്ടായിട്ടുള്ളതെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഭക്ഷണം കൂടിയത്‌ കൊണ്ട്‌ ആകാമെന്ന് ലോക ആരോഗ്യ സംഘടന പോലും ശങ്കിച്ച്‌ നിൽക്കുന്ന സമയമാണിത്‌. ജീവിതശൈലി രോഗങ്ങൾ അത്രമേൽ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. നമ്മുടെ കുഞ്ഞിനായി ആരോഗ്യകരമായ രൂപത്തിൽ മാതാവിന്റെ അണ്ഡോത്പാദനവും പിതാവിന്റെ ബീജോത്പാദനവും നടക്കണമെങ്കിൽ പരസ്പരം ബന്ധപ്പെടുന്നതിന്റെ മൂന്നുമാസം മുമ്പെങ്കിലും ശരീരത്തെ പാകപ്പെടുത്തിയെടുക്കണം. അമിതഭാരം പുരുഷബീജത്തിന്റെ ഗുണം കുറയ്ക്കുക മാത്രമല്ല കുഞ്ഞിന്റെ പ്രത്യുത്പാദന ശേഷിയെയും ബാധിച്ചേക്കാം.(17) അമിതഭാരമുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ മറ്റുള്ളവരേക്കാൾ ഇരട്ടി ജനന തകരാറുകൾ ഉണ്ടാകുന്നുണ്ട്‌‌.(18) മാത്രമല്ല, ഗർഭകാലത്ത്‌ അമിത ശരീരഭാരമുള്ള യുവതികൾക്ക്‌ ജനിക്കുന്ന കുഞ്ഞുങ്ങളിലും മൂന്നു വയസ്സാകുമ്പോഴേക്കും പൊണ്ണതടി (obesity) ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു.(19)

നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പും ശീലങ്ങളും മാറ്റാൻ തയ്യാറാകാത്ത പക്ഷം കുഞ്ഞിനെ കൂടി അത്‌ ശീലിപ്പിക്കുകയാണ്‌ നാം ചെയ്യുന്നത്‌. ഗർഭകാലത്ത്‌ മാതാവ്‌ കഴിക്കുന്ന ഭക്ഷണങ്ങളുടെ സ്വാദ്‌ ഉൽബദ്രവത്തിലൂടെയും (amniotic fluid), ജനിച്ച്‌ കഴിഞ്ഞ്‌ മുലപ്പാലിലൂടെയും കുഞ്ഞ്‌ അകത്താക്കുന്നുണ്ട്‌. ഇതേ സ്വാദ്‌ പിന്നീട്‌ രുചിക്കുമ്പോൾ കുഞ്ഞ്‌ അതിനോട്‌ കൂടുതൽ താൽപര്യം കാണിക്കുകയും ഇത്‌ പിൽക്കാലത്ത്‌ കുഞ്ഞിന്റെ ഭക്ഷണ തിരഞ്ഞെടുപ്പിനെ‌ സ്വാധീനിക്കുകയും ചെയ്യുന്നു‌. അത്കൊണ്ട്‌ തന്നെ ഗർഭകാലത്ത്‌ മാതാവ്‌ എന്തെല്ലാം കഴിക്കുന്നുവെന്നത്‌ ‌കുഞ്ഞിന്റെ പിന്നീടുള്ള ഭക്ഷണപ്രിയത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്‌.(20)

ഗർഭകാലഘട്ടത്തിൽ‌ ഇരുപതാം ആഴ്ച്ച മുതൽ കുഞ്ഞ്‌ രുചിയറിഞ്ഞ് ഭക്ഷിക്കുന്നുണ്ടെന്ന് നാം വിസ്‌മരിക്കാതിരിക്കുക. വ്യത്യസ്ത മാതാക്കളിൽ നിന്ന് ഉൽബദ്രവത്തെയും (amniotic fluid), മുലപ്പാലിനെയും സൂക്ഷമ പരിശോധനക്ക്‌ വിധേയമാക്കിയപ്പോൾ അതിൽ ജീരകം, ഉലുവ, കറിവേപ്പ്‌, വെളുതുള്ളി, കാരറ്റ്‌, വാനില, മദ്യം, പുകയില തുടങ്ങിയവയുടെ രസം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്‌. മനശാസ്ത്രപരമായി ഇതിലൂടെ മാതാവ്‌ കുഞ്ഞിനെ പഠിപ്പിക്കുന്നത്‌ ഇതെല്ലാമാണ് നമ്മുടെ ഭക്ഷണ രുചികൾ,‌ നമുക്ക്‌ ഭക്ഷിക്കാൻ നല്ലതും സുരക്ഷിതമായതും ഈ ഭക്ഷണങ്ങളാണ്‌ എന്ന സന്ദേശമാണ്‌.(21) ഭക്ഷണങ്ങൾ മുസ്‌ലിമിന് മതപരമായി‌ അനുവദനീയമാകണമെന്നത് (ഹലാൽ)‌ പോലതന്നെയാണ്‌ അത്‌ നല്ലതും, സുരക്ഷിതവുമാകണമെന്നത്‌. പരിശുദ്ധ ഖുർആനിൽ, കഴിക്കുന്ന ഭക്ഷണം ഹലാൽ ആകണമെന്ന് നിഷ്കർഷിച്ചിട്ടുള്ളിടത്തെല്ലാം അത്‌ വിശിഷ്ടമായിരിക്കണമെന്നും പറയുന്നത്‌ കാണാം.

മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവും, വിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.(22)

അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയതില്‍ നിന്ന്‌ അനുവദനീയവും വിശിഷ്ടവും ആയത്‌ നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത്‌ ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.(23)

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന്‌ അനുവദനീയവും ഉത്തമവുമായത്‌ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(24)

ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത്‌ നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.(25)

ഹലാൽ കൊണ്ടുള്ള വിവക്ഷ, കഴിക്കുന്ന ഭക്ഷണം അല്ലാഹുവിന്റെ നാമത്തിൽ അഹ്‌ലുൽ കിതാബുകാരാൽ അറുക്കപ്പെട്ടതും, നജസുകളുമായോ, നിഷിദ്ധമായ മറ്റു ഭക്ഷണങ്ങളുമായോ കലരാത്തതും ആയിരിക്കുക എന്നതാണ്‌. വിശിഷ്ടം, ഉത്തമം എന്നിങ്ങനെ ഭാഷാർത്ഥം ചെയ്തിട്ടുള്ള ‘ത്വയ്യിബൻ’ എന്ന അറബിപദത്തിന്‌ ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയിട്ടുള്ള അർത്ഥങ്ങൾ, വൃത്തിയുള്ളത്‌, പരിശുദ്ധമായത്‌, സുരക്ഷിതമായത്‌, ഹാനികരമല്ലാത്തത്‌, ഗുണമേൻമയുള്ളത്‌ എന്നിങ്ങനെയാണ്‌. ഇവ രണ്ടും രണ്ടാണ്‌. ഹലാലായ എല്ലാ ഭക്ഷണവും ഒരുപക്ഷേ ത്വയ്യിബ്‌ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന്‌ ഇന്ന് വ്യാപകമായി നാം കഴിക്കുന്ന (കോളകൾ, ഫ്രൈഡ്‌ ചിക്കൻ, ഫ്രഞ്ച്‌ ഫ്രൈസ്‌, നഗ്ഗെറ്റ്സ്‌, പിസ്സ, ബർഗ്ഗർ തുടങ്ങിയ) ‘ജങ്ക്‌ ഫുഡ്‌’ എന്ന് വിളിക്കപ്പെടുന്ന ഭക്ഷണങ്ങൾ. ‘ജങ്ക്’‌ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘ചപ്പ്‌ ചവറുകൾ’ എന്നാണ്‌. ഈ ഭക്ഷണയിനങ്ങളിൽ പ്രോട്ടീൻ, വൈറ്റമിൻ, മിനറൽസ്‌ തുടങ്ങിയ പോഷകാംശങ്ങൾ ഒന്നും തന്നെ ഇല്ലാത്തതും എന്നാൽ പഞ്ചസാരയിൽ നിന്നും കൊഴുപ്പിൽ നിന്നുമായിട്ടുള്ള ഉയർന്ന താപമാത്രകൾ (calories) അടങ്ങിയിട്ടുള്ളതുമാണ്‌‌. ഇത്‌ ശരീരത്തെ അതിവേഗം ജീവിതശൈലീ രോഗങ്ങളുടെ കേന്ദ്രവും, അമിതഭാരവുമുള്ളതാക്കുന്നതോടൊപ്പം ശരീരത്തിന്റെ ആകാരഭംഗി നശിപ്പിക്കുകകൂടി ചെയ്യുന്നു. ‘ഹലാൽ’ എന്നത്‌ ഭക്ഷണം കഴിക്കാനുള്ള മതപരമായ മാനദണ്ഡമാണെങ്കിൽ, ഭക്ഷണത്തിന്റെ മതപരമായ ഗുണമേൻമയാണ് (Quality Standard) ‘ത്വയ്യിബ’ എന്നത്‌.(26)

സ്വന്തത്തിനാണെങ്കിൽ പോലും ഹാനികരമായത്‌ കഴിക്കുന്നത്‌ നിരുത്സാഹപ്പെടുത്തുന്ന മതത്തിന്റെ വക്താക്കളായ നാം എങ്ങനെയാണ്‌ അല്ലാഹു നമ്മെ ഏൽപ്പിച്ച കുഞ്ഞിന്റെ ജീവന്‌ ഹാനികരമായത്‌ നൽകുക. അത്കൊണ്ട്‌ തന്നെ ഗർഭധാരണത്തിനും മൂന്ന് മാസം മുമ്പേ തുടങ്ങി മുലകുടി നിർത്തുന്നത്‌ വരെയുള്ള കാലയളവിൽ‌ കഴിക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ‘ഹലാലും’ പരമാവധി ‘ത്വയ്യിബും’ ആക്കാൻ ശ്രമിക്കുക. പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണങ്ങൾ ഓരോ നാട്ടിലും വ്യത്യസ്തമായിരിക്കും. ആവശ്യമുള്ള പോഷകങ്ങൾക്കനുസൃതമായി നാട്ടിൽ ലഭ്യമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയാണ്‌ ഉത്തമം. മാതാവാകാൻ പോകുന്ന സ്ത്രീക്ക്‌ വേണ്ട പോഷകങ്ങളും അവയ്ക്കുള്ള പ്രധാന ഭക്ഷണങ്ങളും ഏതെല്ലാമെന്ന് നോക്കുക.

അയഡിൻ (Iodine)

അയഡിന്റെ കുറവ്‌ കുഞ്ഞിന്റെ ബുദ്ധിശക്തിയെ (IQ) കുറയ്ക്കാനിടയാക്കും. ചീര, കിഴങ്ങ്‌, പാൽ, തൈര്‌, പുഴുങ്ങിയ മുട്ട, മീൻ എന്നിവയില്ലെല്ലാം അയഡിൻ ഉണ്ട്‌.

ഫോളിക്‌ ആസിഡ്‌ (Folic Acid)

ഫോളിക്‌ ആസിഡ്‌ കുറയുന്നത്‌ കുഞ്ഞിന്റെ തലച്ചോർ, നട്ടെല്ല് എന്നിവയ്ക്ക്‌ കേടുപാടുകൾ വരുത്താൻ കാരണമായേക്കും. കാബേജ്‌, വെണ്ടക്ക, ചീര, കാരറ്റ്‌, പയർ വർഗങ്ങൾ, ഓറഞ്ച്, മീൻ‌ എന്നിവയിലൂടെയെല്ലാം ഫോളിക്‌ ആസിഡ്‌ ലഭ്യമാണ്‌.

അയൺ (Iron)

അയണിന്റെ കുറവ്‌ കുഞ്ഞിന്റെ മാനിസകാരോഗ്യത്തെയാണ്‌ ബാധിക്കുക. അയൺ ലഭിക്കുന്നതിനായി ചുവന്ന ചീര, ചീര, കാബേജ്‌, ചിക്കൻ, പുഴുങ്ങിയ മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പ്രോട്ടീൻ (Protein)

എല്ലുകളുടെ ബലത്തിന്‌ അനിവാര്യമായ പോഷകമാണ്‌ പ്രോട്ടീൻ. ചിക്കൻ, ചീര, മുട്ടയുടെ വെള്ള, ബദാം, കടലകൾ എന്നിവ പ്രോട്ടീൻ സമൃദ്ധമാണ്‌.

വൈറ്റമിൻ B12 (Vitamin B12)

വൈറ്റമിൻ B12 ന്റെ കുറവ്കൊണ്ട് തലച്ചോറിനും, നട്ടെല്ലിനും‌ ജനന തകരാറുകൾ സംഭവിച്ചേക്കാം. സസ്യഭക്ഷണം മാത്രം കഴിക്കുന്നവരിലാണ്‌ പൊതുവെ ഇത്‌ കുറവുള്ളതായി കാണാറുള്ളത്‌. ചിക്കൻ, മീൻ, പുഴുങ്ങിയ മുട്ട, നിലക്കടല, പാൽ, തൈര്‌ തുടങ്ങിയവയിലൂടെ ഇത്‌ നികത്താം.

വൈറ്റമിൻ D (Vitamin D)

മതിയായ അളവിൽ സൂര്യപ്രകാശമേൽക്കാത്തവരിൽ ആണ് ഇതിന്റെ കുറവുണ്ടാവുക. ഇതിന്റെ അഭാവം കുഞ്ഞിന്റെ അസ്ഥി വികാസത്തെ ദോഷകരമായി ബാധിക്കും. സൂര്യപ്രകാശം ഏൽക്കുകയാണ്‌‌ പ്രതിവിധി. ബദാം, കൂൺ എന്നിവയിലും ഇത്‌ അടങ്ങിയിട്ടുണ്ട്‌.

ഒമേഗ 3 (Omega 3)

കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക്‌ മർമ്മപ്രധാനമായ ഒന്നാണ്‌ ഒമേഗ 3. അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിലാണ്‌‌ ഇത്‌ കൂടുതലായിട്ടുള്ളത്‌. പയറുവർഗങ്ങളിലും ഇവ അടങ്ങിയിട്ടുണ്ട്‌. മീൻ കഴിക്കുമ്പോൾ മെർക്കുറിയുടെ അംശം കുറഞ്ഞ തരം മത്സ്യങ്ങൾ വാങ്ങിക്കാൻ ശ്രദ്ധിക്കുക. സ്രാവുകളിലാണ്‌ ഇത്‌ കൂടുതലായി കാണപ്പെടുന്നത്‌. ഖനികളിൽ നിന്നും, ഫാക്ടറികളിൽ നിന്നും സമുദ്രത്തിലേക്ക്‌ ഒഴുക്കപ്പെടുന്ന മെർക്കുറി, അന്തരീക്ഷത്തിലുള്ളതിനേക്കാൾ അപകടമാണ്‌ വെള്ളത്തിൽ ലയിക്കുമ്പോൾ.(27)

ഇവയെല്ലാം ബോധപൂർമല്ലാതെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട്‌ എന്നത്കൊണ്ട്‌ തന്നെ ഇവയുടെയൊന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ മലയാളികൾ പൊതുവെ അനുഭവിക്കാറില്ല. എന്നിരുന്നാലും ബോധപൂർവ്വം നാം ജങ്ക്‌ ഫുഡുകൾ ഒഴിവാക്കി നല്ലൊരു ഡയറ്റ്‌ തുടങ്ങുന്നത്‌ കുഞ്ഞിന്റെ ആരോഗ്യത്തുനും ബുദ്ധിക്കും കൂടുതൽ ഉണർവേകുമെന്ന കാര്യത്തിൽ സംശയമില്ല. അത്‌ പോലെതന്നെയാണ് മരുന്നുകളുടെ ഉപയോഗവും. അനാവശ്യമായി മരുന്നുകൾ കഴിക്കുന്നത്‌ ഈ സമയത്ത്‌ തീർത്തും ഒഴിവാക്കുക.‌ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഗർഭധാരണത്തിന്‌ മുമ്പേ തന്നെ ഡോക്ടറെ കണ്ട്‌ പ്രത്യുത്പാദന പ്രശ്ങ്ങൾ സൃഷ്ടിക്കില്ലെന്ന് ഉറപ്പ്‌ വരുത്തണം. ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഒരുപാട്‌ മരുന്നുകൾ ഉണ്ടെന്നറിയുക. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു മരുന്നും കഴിക്കാതിരിക്കുക.

കുറിപ്പുകൾ:

15) ന്യായാധിപൻമാർ 13:3,4

16) Lawrence D Longo, The rise of fetal and neonatal physiology: Basic science to clinical care, The American Physiological Society by Springer, New York (2013); 218

17) Nicole O. Palmer and et al., Impact of obesity on male fertility, sperm function and molecular composition, Spermatogenesis 2:4 (Oct 2012) 253-263)

18) D. Kim Waller et al., Prepregnancy Obesity as a Risk Factor for Structural Birth Defects, Archives of Pediatric and Adolescent Medicine (Aug 2007), Vol 161, No. 8

19) Emily Oken and et al., Gestational Weight Gain and Child Adiposity at Age 3 Years, American Journal of Obstetrics and Gynecology (Apr 2007) Vol 196, Issue 4, P322.E1-322.E8

20) Julie A. Mennella, Coren P. Jagnow, and Gary K. Beauchamp from the Monell Chemical Senses Center, Philadelphia, Pennsylvania, Prenatal and Postnatal Flavor Learning by Human Infants,” Pediatrics (Jun 2001), 107 (6) E88

21) Catherine A. Forestell and Julie A. Mennella; Food, Folklore, and Flavor Preference Development, Handbook of Nutrition and Pregnancy, edited by Carol J. Lammi-Keefe and others, Human Press (2008); pp 55-64

22) ഖുർആൻ 2:168

23) ഖുർആൻ 5:88

24) ഖുർആൻ 8:69

25) ഖുർആൻ 16:144

26) Anas bin Mohd Yunus and et al., The concept of Halalan Tayyiba and its application in products marketing, International Journal of Business and Social Sciences, Vol 1 No.3 (Dec 2010)pp 239-248

27) https://www.ewg.org/childrenshealth/22208/ewg-study-smarter-seafood-choices-can-lower-mercury-exposure-parents-and-their

No comments yet.

Leave a comment

Your email address will not be published.