
ഖുർആൻ ക്രോഡീകരണം -1
ആരാണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത്? മുഹമ്മദ് നബി(സ)യുടെ കാലത്ത് ഖുർആൻ ക്രോഡീകരിക്കപ്പെട്ടിരുന്നുവോ? ആദ്യം മുതല്‍ അവസാനം വരെയുള്ള അധ്യായങ്ങള്‍ ഏതെല്ലാമാണെന്നും അവയിലെ വാക്യങ്ങള്‍ ഏതെല്ലാമാണെന്നും വ്യക്തമായി പറഞ്ഞുകൊടുക്കുകയും പല സ്ഥലങ്ങളിലായി അത് എഴുതി വെപ്പിക്കുകയും അതുപ്രകാരം തന്റെ അനുയായികളില്‍ നല്ലൊരു ശതമാനത്തെക്കൊണ്ട് മനഃപാഠമാക്കിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാമെങ്കില്‍ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാവുന്നതാണ്. എന്നാല്‍, രണ്ടു പുറംചട്ടകള്‍ക്കുള്ളില്‍ ഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളും തുന്നിച്ചേര്‍ത്തുകൊണ്ട് പുറത്തിറക്കുകയാണ് ക്രോഡീകരണം കൊണ്ടുള്ള വിവക്ഷയെങ്കില്‍ ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ ജീവിതകാലത്ത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നും പറയാവുന്നതാണ്.
പ്രവാചകന്റെ ജീവിതകാലത്തിനിടയില്‍ ഖുര്‍ആന്‍ പുസ്തകരൂപത്തിൽ ക്രോഡീകരിക്കുക അസാധ്യമായിരുന്നുവെന്നതാണ് വാസ്തവം. ഖുര്‍ആന്‍ അവതരണത്തിന്റെ ശൈലി ഇങ്ങനെയായിരുന്നു. ‘ജിബ്‌രീല്‍ വരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതികേള്‍പ്പിക്കുന്നു. അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുന്നു’. വിവിധ സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ കാലഗണനയനുസരിച്ചല്ല അധ്യായങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അവസാനത്തെ സൂക്തം കൂടി അവതരിപ്പിച്ചു കഴിഞ്ഞതിനുശേഷമേ അവസാനമായി ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥമാക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. പ്രവാചകന്റെ വിയോഗത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് അവസാനത്തെ ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത് എന്നാണ് ഹദീഥുകൾ വ്യക്തമാക്കുന്നത്. ഈ ദിവസങ്ങള്‍ക്കിടക്ക് അത് ഗ്രന്ഥരൂപത്തിലാക്കുക പ്രയാസകരമാണെന്ന് പറയേണ്ടതില്ല. ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ഒട്ടനവധി അനുചരന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടും തുകല്‍ ചുരുളുകളിലും ശിലകളിലും പലകകളിലും മറ്റു പല വസ്തുക്കളിലുമായി ഖുര്‍ആന്‍ മുഴുവനായി എഴുതിവെച്ചിരുന്നുവെന്നതുകൊണ്ടും ഖുര്‍ആനിനെ സംരക്ഷിക്കുകയെന്നത് പടച്ചവന്‍തന്നെ ഒരു ബാധ്യതയായി ഏറ്റെടുത്തതു കൊണ്ടും അതൊരു പുസ്തക രൂപത്തിലാക്കാതിരുന്നത് ഒരു വലിയ പ്രശ്‌നമായി പ്രവാചകന്‍ (സ) കരുതിയിരുന്നില്ല എന്നുപറയുന്നതാവും ശരി.
ദൈവികമായ ക്രോഡീകരണം
യഥാർത്ഥത്തിൽ, ഖുർആനിന്റെ അവതരണത്തോടൊപ്പംതന്നെ ഓരോ ആയത്തും ഏത് സൂറത്തിലാണ് ഉൾക്കൊള്ളിക്കേണ്ടതെന്ന് പറഞ്ഞുകൊടുത്തുകൊണ്ടുള്ള ദൈവികമായ ക്രോഡീകരണവും നടന്നിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പടച്ചവന്‍തന്നെ അതിന്റെ ക്രോഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും അതിന്റെ (ഖുര്‍ആനിന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക” (75:17,18).
മുഹമ്മദി(സ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍ അത് എത്തിച്ചുകൊടുക്കുന്ന ജിബ്‌രീല്‍(റ)തന്നെ അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കേണ്ടതാണെന്നുകൂടി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഖുര്‍ആന്‍ എഴുതിവെക്കുന്നതിനുവേണ്ടി സന്നദ്ധരായ പ്രവാചകാനുചരന്മാര്‍ ‘കുത്താബുല്‍ വഹ്‌യ്’ (ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. അന്‍സാറുകളില്‍പെട്ട ഉബയ്യ്ബ്‌നു കഅ്ബ്, മുആദുബ്‌നു ജബല്‍, സൈദുബ്‌നുസാബിത്ത്, അബൂസൈദ് (റ) എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. തുകല്‍ കഷ്ണങ്ങളിലായിരുന്നു അവര്‍ പ്രധാനമായും ഖുര്‍ആന്‍ എഴുതിവെച്ചിരുന്നത്. പ്രവാചക(സ)ന്ന് ഏതെങ്കിലും സൂക്തം അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം ഈ എഴുത്തുകാരെ വിളിക്കും. ജിബ്‌രീല്‍ അദ്ദേഹത്തോട് നിര്‍ദേശിച്ച ക്രമം അദ്ദേഹം എഴുത്തുകാരോട് പറയും. അഥവാ ഈ സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായി ചേര്‍ക്കണമെന്നും നിര്‍ദേശം നല്‍കും. ഇതുപ്രകാരം അവര്‍ എഴുതിവെക്കും. ഇതായിരുന്നു രീതി. ഇങ്ങനെ, പ്രവാചക(സ)ന്റെ കാലത്തുതന്നെ -ഖുര്‍ആന്‍ അവതരണത്തോടൊപ്പം തന്നെ- അതിന്റെ ക്രോഡീകരണവും നടന്നിരുന്നുവെന്നതാണ് വാസ്തവം.
ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട ഏതാനും ഹദീസുകള്‍ കാണുക: ഉഥ്മാൻ (റ) പറഞ്ഞു: “ദൈവദൂതന് (സ) ഒരേ അവസരത്തില്‍ വിവിധ അധ്യായങ്ങള്‍ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം എഴുത്തുകാരെ വിളിച്ച് ഈ ആയത്തുകള്‍ ഇന്ന വിഷയം പ്രതിപാദിക്കുന്ന ഇന്ന സൂറത്തില്‍ രേഖപ്പെടുത്തുകയെന്ന് കല്‍പിക്കുമായിരുന്നു” (സുനനു അബീദാവൂദ്, കിതാബു സ്വലാത്ത്, ബാബു മൻ ജഹ്റ ബിഹാ, ജാമിഉ ത്തിർമിദി, കിത്താബുത്തഫ്സീർ).
ആഇശ (റ) പറയുന്നു: നബി (സ) ഫാത്വിമ(റ)യോട് പറഞ്ഞു: “എല്ലാ വര്‍ഷവും ജിബ്‌രീല്‍ ഒരു പ്രാവശ്യം ക്വുര്‍ആന്‍ പൂര്‍ണമായും ഓതി തന്നിരുന്നു. ഈ വര്‍ഷം രണ്ടു പ്രാവശ്യം ജിബ്‌രീല്‍ ക്വുര്‍ആന്‍ പൂര്‍ണമായും ഓതി തന്നു. എന്റെ മരണം സമീപിച്ചതായി ഞാന്‍ കാണുന്നു.” (സ്വഹീഹുൽ ബുഖാരി, കിതാബുൽ ഇസ്തിഅദാൻ, ബാബു മൻ നാജാ ബൈന യദയ്യി ന്നാസി വ മൻ ലം യൂഖ് ബിറു ബി സിർറി; സ്വഹീഹ് മുസ്‌ലിം, കിതാബ് ഫദാഇലു സ്വഹാബ, ബാബു ഫദാഇലു ഫാത്തിമത്ത് ബിൻത് നബിയ്യി അലൈഹി സ്വലാത്തു വ സ്സലാം)
ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം
ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍തന്നെ അത് ഏത് സൂറത്തിലെ എത്രാമത്തെ വാക്യമാണെന്ന ദൈവിക നിര്‍ദേശമുണ്ടാവുമായിരുന്നു. അത് പ്രകാരം എഴുതിവെക്കാന്‍ പ്രവാചകന്‍ (സ) എഴുത്തുകാരോട് നിര്‍ദേശിക്കുന്നു. എല്ലാ വര്‍ഷവും ജിബ്‌രീല്‍ (റ) വന്ന് അതുവരെ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ ക്രമത്തില്‍ ഓതിക്കേള്‍പ്പിക്കുന്നു. അത് പ്രവാചകന്‍ (സ) കേള്‍ക്കുന്നു. ശേഷം പ്രവാചകന്‍ ജിബ്‌രീലിനെ ഓതികേള്‍പ്പിക്കുന്നു. അങ്ങനെ ഖുര്‍ആനിന്റെ ക്രമത്തിന്റെ കാര്യത്തിലുള്ള ദൈവിക നിര്‍ദേശം പൂര്‍ണമായി പാലിക്കാന്‍ പ്രവാചകന് (സ) സാധിച്ചിരുന്നു. ‘തീര്‍ച്ചയായും അതിന്റെ സമാഹരണവും പാരായണവും നമ്മുടെ ബാധ്യതയാകുന്നു”(75:17)വെന്ന ദൈവിക സൂക്തത്തിന്റെ സത്യസന്ധമായ പുലര്‍ച്ചയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ ക്വുര്‍ആനിലെ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായാണ് രേഖപ്പെടുത്തേണ്ടതെന്നുകൂടി ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍ നബി (സ) തന്നെ തന്റെ എഴുത്തുകാര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. സൂറത്തുകളെയും അവയിലെ ആയത്തുകളെയും അവയുടെ സ്ഥാനത്തെയുമെല്ലാം കുറിച്ച് പ്രവാചകാനുചരന്‍മാര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഓരോ വചനവും അവതരിക്കപ്പെടുമ്പോള്‍ തന്റെ അനുയായികളായ ക്വുര്‍ആന്‍ എഴുത്തുകാരെ വിളിച്ച് അവ പാരായണം ചെയ്തു കേള്‍പ്പിക്കുകയും ഏത് അധ്യാത്തില്‍ എത്രാമത്തെ വചനമായാണ് അത് ചേര്‍ക്കേണ്ടതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതായി നബി(സ)യുടെ ക്വുര്‍ആന്‍ എഴുത്തുകാരില്‍ പ്രധാനിയായ സൈദ്ബ്‌നു ഥാബിത് (റ) വ്യക്തമാക്കുന്നുണ്ട്. (ജാമിഉത്തിര്‍മിദി, കിതാബു തഫ്‌സീറില്‍ ക്വുര്‍ആന്‍, സുനനു അബീദാവൂദ്, കിതാബുസ്സ്വലാത്)
സൂറത്തുകളുടെ പേരുകൾ
ദൈവികബോധനപ്രകാരം സൂറത്തുകള്‍ക്ക് അവയുടെ പേരുകൾ നല്‍കിയത് നബി(സ)യായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. ‘ക്വുർആൻ സൂറത്തുകള്‍ക്ക് നാമങ്ങളുണ്ട്. നബി(സ)യാണ് അവക്ക് നാമകരണം ചെയ്തത്’ എന്ന് ഇമാം ത്വബ്‌രി(റ)യും (തഫ്‌സീര്‍ ത്വബ്‌രി 1/100)’എല്ലാ സൂറത്തുകളുടെയും നാമങ്ങള്‍ ഹദീഥുകൾ കൊണ്ടോ അഥറുകൾ കൊണ്ടോ സ്ഥിരപ്പെട്ടതാണ്. ദൈര്‍ഘ്യതാ ഭയമില്ലായിരുന്നുവെങ്കില്‍ ഞാനതിനെ വിവരിക്കുമായിരുന്നു’ എന്ന് ഇമാം സുയൂത്വി(റ)യും (അല്‍ ഇത്ഖാന്‍ 1/148) വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തുല്‍ ഫാത്വിഹ, അല്‍ ബഖറ, ആലു ഇമ്രാൻ, നിസാഅ്, മുല്‍ഖ്, വാഖിഅഃ, അര്‍റഹ്മാന്‍ തുടങ്ങിയ നിരവധി സൂറത്തുകളുടെ പേരുകൾ ഹദീഥുകളിൽ തന്നെ പ്രവാചകനിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ)യില്‍ നിന്നും നിരവധി സൂറത്തുകളുടെ നാമങ്ങള്‍ സ്ഥിരപ്പെട്ടിരിക്കെ എല്ലാ അധ്യായനാമങ്ങളും അപ്രകാരമാണെന്നാണ് ഭൂരിപക്ഷം ഗവേഷകരുടെയും അഭിപ്രായം. ചില സൂറത്തുകളെ അതില്‍ പരാമര്‍ശിക്കപ്പെട്ട വചനങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്തത് സ്വഹാബാക്കളാണെന്ന ന്യൂനപക്ഷത്തിന്റെ അഭിപ്രായം ശരിയല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഒരേ സൂറത്തിന് തന്നെ നിരവധി പേരുകളുണ്ടാകുമായിരുന്നു. ഒന്നിലധികം പേരുകൾ വിളിക്കപ്പെട്ട സൂറത്തുകളുടെ ഓരോ നാമങ്ങളും നബി (സ) വഹ്‌യിന്റെ അടിസ്ഥാനത്തിൽ നല്കിയതാണെന്നതാണ് യാഥാർഥ്യം.
നബി (സ) തന്നെ വഹ്‌യിന്റെ വെളിച്ചത്തില്‍ സൂറത്തുകളും ആയത്തുകളം വേര്‍തിരിച്ചിരുന്നു എന്ന യാഥാർഥ്യം ക്വുര്‍ആനിൽ നിന്നും സ്വീകാര്യമായ ഹദീഥുകളിൽ നിന്നും വ്യക്തമാവുന്നുണ്ട്.
“നാം നമ്മുടെ ദാസന് അവതരിപ്പിച്ചുകൊടുത്തതിനെപറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ സമാനമായ ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക.” (ക്വുര്‍ആന്‍ 2: 23)
“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അധ്യായമാണിത്. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.” (ക്വുര്‍ആന്‍ 24: 1)
“തങ്ങളുടെ മനസ്സുകളില്‍ ഉള്ളതിനെപ്പറ്റി അവരെ വിവരമറിയിക്കുന്ന (ഖുര്‍ആനില്‍ നിന്നുള്ള) ഏതെങ്കിലും ഒരു അദ്ധ്യായം അവരുടെ കാര്യത്തില്‍ അവതരിപ്പിക്കപ്പെടുമോ എന്ന് കപടവിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. പറയുക: നിങ്ങള്‍ പരിഹസിച്ചു കൊള്ളൂ. തീര്‍ച്ചയായും നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരുന്നതാണ്.” (9: 64)
“സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നത് പോലെ നിന്‍റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.” (47: 20)
നബി (സ) പറയുന്നു: “സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്തായത്തുകൾ ഒരാള്‍ മനഃപാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതാണ്.” ( സ്വഹീഹ് മുസ്‌ലിം, കിതാബു സ്വലാത്തിൽ മുസാഫിരീന വ ഖസറിഹാ, ബാബു സ്വലാത്തിൽ മുസാഫിരീന വാ ഖസറിഹാ)
നബി (സ) പറയുന്നു: “ക്വുര്‍ആനില്‍ മുപ്പത് ആയത്തുകളുള്ള ഒരു സൂറത്തുണ്ട്. പാപങ്ങള്‍ മാപ്പാക്കപ്പെടുവോളം അതിന്റെ ആളുകള്‍ക്കായി അത് ശുപാര്‍ശ ചെയ്യുന്നതാണ്. അത് തബാറകല്ലദീ ബിയദിഹില്‍ മുല്‍ഖാണ്. (ജാമിഉ ത്തിർമിദി, കിതാബു ഫദാഇലിൽ ഖുർആൻ; സുനനു അബൂദാവൂദ്, കിതാബു ശഹറു റമദാൻ, ബാബു ഫീ അദദിൽ ആയ, ഹസനാണെന്ന് ഷെയ്ഖ് അൽബാനി പറഞ്ഞിട്ടുണ്ട്.)
പല സൂറത്തുകളുടെയും പേരും മഹത്വവും അത് പാരായണം ചെയ്യാനുള്ള പ്രത്യേക കല്‍പനകളുമെല്ലാം പ്രവാചകനിൽ നിന്ന് സ്വീകാര്യമായ ഹദീഥുകളിലൂടെ നിവേദനം ചെയ്തിട്ടുണ്ട്. പ്രവാചകകാലത്ത് തന്നെ സൂറത്തുകളും ആയത്തുകളും നിര്‍ണയിക്കപ്പെട്ടതാണ് എന്ന് ഈ രേഖകളെല്ലാം സമര്‍ത്ഥിക്കുന്നു.
ക്വുര്‍ആനിലെ പതിനാറാമത്തെ അധ്യായമായ സൂറത്തുന്നഹ്‌ലിലെ തൊണ്ണൂറാമത്തെ വചനം പാരായണം ചെയ്തുകൊണ്ട് ‘ജിബ്‌രീല്‍ ഇപ്പോള്‍ എന്റെയടുക്കല്‍ വന്ന് ഈ വചനം സൂറത്തുന്നഹ്‌ലില്‍ തൊണ്ണൂറാം സൂക്തമായി ചേര്‍ക്കണ’മെന്നു നിര്‍ദേശിച്ചതായി അപ്പോള്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്ന ഉഥ്മാനുബ്‌നു അബില്‍ ആസ്വിനോട് പറഞ്ഞതായി മുസ്‌നദ് അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥ് (ഈ ഹദീഥ് ഹസനാണെന്ന് ഇമാം പറഞ്ഞിട്ടുണ്ട്) ഓരോ സൂക്തങ്ങളും എവിടെ ചേര്‍ക്കണമെന്ന ദൈവിക നിര്‍ദേശമുണ്ടായിരുന്നുവെന്ന വസ്തുത വെളിപ്പെടുത്തുന്നതാണ്. ‘സൂറത്തുനിന്നാഇലെ അവസാനത്തെ വചനങ്ങള്‍ താങ്കള്‍ക്ക് മതിയാവുന്നതാണ്’ എന്ന് ഉമറി(റ)നോട് പ്രവാചകന്‍ (സ) പറഞ്ഞതില്‍നിന്നും (സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഫറാഇദ്) “സൂറത്തുല്‍ ബക്വറഃയിലെ അവസാനത്തെ രണ്ടു വചനങ്ങള്‍ രാത്രിയില്‍ പാരായണം ചെയ്യുന്നവര്‍ക്ക് അത് മതിയാകുന്നതാണ്’ എന്ന അബൂ മസ്ഊദ് അല്‍ബദ്‌രി (റ) നിവേദനം ചെയ്ത നബിവചനത്തില്‍ നിന്നും(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) എന്റെ അമ്മായിയായ മൈമൂന(റ)യുടെ വീട്ടില്‍ താമസിക്കുമ്പോള്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കത്തില്‍ നിന്നെണീറ്റ് സൂറത്തു ആലുംറാനിലെ അവസാനത്തെ പത്തു വചനങ്ങള്‍ പാരായണം ചെയ്യുന്നതായി ഞാന്‍ കേട്ടുവെന്ന ഇബ്‌നു അബ്ബാസിന്റെ അനുഭവവിവരണത്തില്‍ നിന്നും(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ വിദ്വൂഅ്, സ്വഹീഹു മുസ്‌ലിം, കിതാബുല്‍ മുസാഫിരീന്‍) വ്യക്തമാവുന്നത് ഏതെല്ലാം അധ്യായങ്ങളില്‍ എത്രാമത്തെ സൂക്തമാണ് ഓരോ ക്വുര്‍ആന്‍ സൂക്തങ്ങളുമെന്ന് സ്വഹാബിമാര്‍ക്കെല്ലാം കൃത്യമായി അറിയാമായിരുന്നുവെന്നാണ്.
ക്രോഡീകൃതരൂപത്തിലുള്ള മനഃപാഠമാക്കൽ
ക്വുര്‍ആനിന്റെ പ്രധാനപ്പെട്ട സംരക്ഷണം മനഃപ്പാഠമാക്കലിലൂടെയായിരുന്നുവെന്നതിനാൽ തന്നെ ക്രോഡീകരണവും ആ രൂപത്തിൽ തന്നെയായിരുന്നു. മനഃപാഠമാക്കുവാൻ നബി (സ) പ്രേരിപ്പിക്കുകയും ആയിരങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. ഈ മനഃപാഠമാക്കൽ നബി (സ) പഠിപ്പിച്ച ക്രമത്തിലും രീതിയിലുമായിരുന്നു. നമസ്‌കാരത്തില്‍ പാരായണം ചെയ്യേണ്ടണ്ട സൂക്തങ്ങള്‍ മനഃപാഠമാക്കല്‍ ഓരോരുത്തര്‍ക്കും നിര്‍ബന്ധമായിരുന്നു. “അതിനാല്‍ സൗകര്യമായ അളവില്‍ ക്വുര്‍ആന്‍ പാരായണം (നമസ്‌കാരത്തില്‍) ചെയ്യുക”(ക്വുര്‍ആൻ)യെന്ന ഇസ്‌ലാമിന്റെ ആദ്യകാലത്ത് അവതരിച്ച ക്വുർആൻ വചനം (73:20) തന്നെ മനഃപാഠമാക്കലിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതാണ്. “എഴുന്നേറ്റ് രാത്രിയില്‍ കുറഞ്ഞ സമയമൊഴികെ നിശാ നമസ്‌കരിക്കുക അഥവാ രാവിന്റെ പകുതി അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. സാവകാശം ക്വുര്‍ആന്‍ പാരായണം ചെയ്യുക”(ഖുർആൻ 73:1-3)വെന്ന ദൈവികനിർദേശം പാലിച്ച് കൊണ്ട് രാത്രി നമസ്‌കാരം നിർവഹിച്ചിരുന്ന നബിയും വലിയൊരു സംഘം പ്രവാചകാനുചരന്മാരും സ്വാഭാവികമായും ഖുർആൻ മനപാഠമാക്കിയിരിക്കണം.”താങ്കളും ഒരു സംഘം അനുയായികളും രാവിന്റെ മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും ചിലപ്പോള്‍ മൂന്നില്‍ ഒരു ഭാഗവും നസ്‌കരിക്കാറുണ്ട് എന്ന് താങ്കളുടെ രക്ഷിതാവ് അറിയുക തന്നെ ചെയ്യുന്നു”വെന്നാണ് അവരെപ്പറ്റി ക്വുര്‍ആന്‍ (73:20) പ്രസ്താവിക്കുന്നത്. രാത്രിനമസ്കാരത്തിൽ മാത്രമല്ല, നിർബന്ധവും ഐച്ഛികവുമായ മറ്റു നമസ്‌കാരങ്ങളിലും ക്വുര്‍ആന്‍ പാരായണം ചെയ്യൽ നിർബന്ധമായതുകൊണ്ട് തന്നെ അന്ന് ജീവിച്ചിരുന്ന മുസ്‌ലിംകളെല്ലാം സ്വാഭാവികമായും പരമാവധി ഖുർആൻ മനഃപാഠമാക്കിയിട്ടുണ്ടായിരുന്നിരിക്കണമെന്ന് മനസ്സിലാക്കാവുന്നതാണ്.
പ്രവാചകകാലത്ത് അവതരിക്കപ്പെട്ട ഖുർആൻ പൂർണമായും മനഃപാഠമാക്കിയുരുന്ന നിരവധി പേര് ജീവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. അവരെല്ലാം മനഃപാഠമാക്കിയത് പ്രവാചകൻ (സ) പഠിപ്പിച്ച ക്രമത്തിലായിരുന്നു. പാരായണക്കാരുടെ മനസ്സുകളിലുണ്ടായിരുന്ന ഖുർആൻ ക്രോഡീകരിക്കപ്പെട്ട രൂപത്തിലായിരുന്നുവെന്ന് സാരം.
ഇബ്‌നു അംറ് (റ) പറയുന്നു: ഞാന്‍ ക്വുര്‍ആന്‍ പൂര്‍ണമായും ശേഖരിച്ച് എല്ലാ രാത്രിയിലും അത് മുഴുവൻ പാരായണം ചെയ്തിരുന്നു. ഈ വിവരം നബി(സ)ക്ക് ലഭിച്ചു. അദ്ദേഹം പറഞ്ഞു: നീ എല്ലാ മാസവും ഒരു പ്രാവശ്യം പൂര്‍ണമായി ഓതുക. (ഇബ്‌നു മാജ 1114, അഹ്മദ് 6873, നസാഈ 8064. ഈ ഹദീഥ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി ‘സ്വഹീഹ് ഇബ്‌നു മാജ’ 1114 യിൽ പറഞ്ഞിട്ടുണ്ട്.)
ഉബാദ (റ) പറയുന്നു: നബി(സ)യുടെ സമീപം ഒരാള്‍ പാലായനം ചെയ്തു വന്നാല്‍ അയാൾക്ക് ക്വുര്‍ആന്‍ പഠിപ്പിക്കാനായി ഞങ്ങളില്‍ ഒരാളെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. (മുസ്നദ് അഹ്മദ് ഹദീഥ് നമ്പര്‍ 22260, ത്വബ്‌റാനി, ബൈഹഖി, ഹാക്വിം. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം ദഹബി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുസ്തദറക് 1/41)
അനസ് (റ) പറയുന്നു: നബി(സ)യുടെ കാലഘട്ടത്തില്‍ നാല് പേർ ക്വുര്‍ആന്‍ പൂര്‍ണമായി മനഃപ്പാഠമാക്കിയിരുന്നു. അവരെല്ലാം അന്‍സ്വാരികളായിരുന്നു. അവര്‍ ഉബയ്യ്, മുആദ് ബിന്‍ ജബല്‍, അബൂ സൈദ്, സൈദ് ബിന്‍ സാബിത് (റ) എന്നിവരാണവർ. (സ്വഹീഹുൽ ബുഖാരി, കിതാബ് മനാഖിബിൽ അൻസ്വാർ, ബാബ് മനാഖിബിൽ അൻസ്വാർ സ്വഹീഹ് മുസ്‌ലിം കിതാബി ഫദാഇലി സ്സ്വഹാബ (റ), ബാബി മിൻ ഫദാഇലി ഉബയ്യു ബ്നു കഅബ് വ ജമാഅത്തിഹി മിനൽ അൻസ്വാർ; മുസ്നദ് അഹ്‌മദ് 13441)
രേഖകളിലുള്ള ക്രോഡീകരണം
മനഃപാഠമാക്കുകയും അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടൊപ്പം തന്നെ അവതരിക്കപ്പെടുന്ന സൂക്തങ്ങൾ രേഖപ്പെടുത്തിവെക്കാനും നബി(സ)യുടെ നിർദേശമുണ്ടായിരുന്നു. പ്രസ്തുത നിർദേശം വെറുതെ ആ ആയത്തുകൾ എവിടെയെങ്കിലും എഴുതിവെക്കാനായിരുന്നില്ല; മറിച്ച് ഏത് സൂറത്തിൽ എത്രാമത്തെ ആയത്തായാണ് അത് രേഖപ്പെടുത്തേണ്ടത് എന്ന് കൂടി പ്രവാചകൻ (സ) പറഞ്ഞു കൊടുക്കുമായിരുന്നു. നബിവിയോഗത്തിനുമുമ്പ് പല സ്ഥലങ്ങളിലായിട്ടാണ് ഖുർആൻ പൂര്‍ണമായി എഴുതപ്പെട്ടിരുന്നതെങ്കിലും അവയിലെല്ലാം നബി (സ) പറഞ്ഞ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം പാലിച്ചിരുന്നു. ഖുർആനിൽ തന്നെ ആലേഖനം ചെയ്യപ്പെട്ട ഗ്രന്ഥമായാണ് ഖുർആനിനെ പരിചയപ്പെടുത്തുന്നത് എന്നതിൽ നിന്ന് അങ്ങനെയുള്ള രേഖകൾ മുഹമ്മദ് നബി(സ)യുടെ കാലത്ത് തന്നെ സുലഭമായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്. “അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതന്‍ വക്രതയില്ലാത്ത സന്ദേശങ്ങള്‍ അടങ്ങിയ പരിശുദ്ധ ഏടുകള്‍ പാരായണം ചെയ്യുന്നു”(ക്വുര്‍ആന്‍ 98: 2-3)വെന്ന വചനത്തിൽ നിന്ന് പ്രവാചകകാലത്ത് തന്നെ ഖുർആൻ ഏടുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്.
ഒരു സൂക്തം അവതരിപ്പിക്കപ്പെട്ടാൽ വഹ്‌യ് എഴുത്തുകാരെ വിളിച്ച് പ്രവാചകൻ അക്കാര്യം അറിയിക്കുകയും അത് ഇന്ന് സൂറത്തിൽ എത്രാമത്തെ വചങ്ങളായി എഴുതിവെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നതായി വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ‘നബി(സ)ക്ക് ഒരു സൂറത്ത് അവതരിക്കുമ്പോള്‍ ചില എഴുത്തുകാരെ വിളിച്ച് ഈ സൂറത്തിനെ ഈ വിഷയം പ്രതിപാദിക്കുന്ന ഭാഗത്ത് വെക്കുക’ എന്നു പ്രവാചകൻ കല്‍പിക്കുമായിരുന്നു. (ജാമിഉത്തിർമിദി 3086, സ്വഹീഹാണെന്ന് ഇമാം തിര്‍മിദി വ്യക്തമാക്കി)
ഓരോ ഖുർആൻ വചനങ്ങളും അവതരിപ്പിക്കപ്പെടുമ്പോൾ ഓരോ ആയത്തുകളെയും ഏതേത് സൂറത്തുകളിലാണ് വെക്കേണ്ടതെന്ന് നബി (സ) എഴുത്തുകാരോട് പറഞ്ഞിരുന്നു. (അബൂദാവൂദ് 786)
ഇതിനു സമാനമായ ഉദ്ധരണികള്‍ മുസ്നദ് അഹ്‌മദ് (401), ഇബ്‌നു ഹിബ്ബാന്‍ (43), മുസ്തദ്‌റക് ഹാകിം (280), സുനനു ന്നസാഈ (7694), സുനനു ബൈഹഖി (766), ബസാര്‍ (349), ഔസത് ത്വബ്റാനി (7638) ത്വഹാവീ മആനില്‍ ആസാര്‍ (735) ഇബ്‌നു അബീ ദാവൂദ് അല്‍ മസാഹിഫ് (8) മുതലായ ഹദീഥ് കൃതികളില്‍ കാണാം.
ഉസ്മാന്‍ (റ) പറഞ്ഞതായി ഇമാം അഹ്‌മദ് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: നബി(സ)യുടെ മേല്‍ നിശ്ചിത ആയത്തുകള്‍ ഉള്ള സൂറത്തുകള്‍ അവതരിക്കാറുണ്ടായിരുന്നു. ഒരു ആയത്ത് അവതരിക്കുമ്പോള്‍ ചില എഴുത്തുകാരെ വിളിച്ച് നബി(സ) ഇങ്ങനെ പറയും: ഈ ആയത്തിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ എഴുതി ചേര്‍ക്കുക. (അഹ് മദ് 501). ഇങ്ങനെ വ്യത്യസ്ത ഭാഗങ്ങളിലായി നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ ക്വുര്‍ആന്‍ പൂര്‍ണമായി എഴുതപ്പെട്ടിരുന്നു. (അല്‍ ഇത്ഖന്‍ 1/208)
ബറാഅ് (റ) പറയുന്നു: സൂറഃ നിസാഇലെ 95-ാം ആയത്ത് അവതരിച്ചപ്പോള്‍ നബി (സ) പറഞ്ഞു: നീ സൈദി(റ)നെ എന്റെയടുത്തേക്ക് വിളിക്കുക. അദ്ദേഹം പലകയും മഷിക്കുപ്പിയും കൊണ്ട് വരട്ടെ. ശേഷം സൈദിനോടായി നബി (സ) പറഞ്ഞു. ‘നീ എഴുതുക’. (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു നുസൂലുൽ വഹ്‌യി വ അവ്വ ലു മാ നസല)
നബി(സ)യുടെ മരണത്തിനുമുമ്പ് തന്നെ ക്വുര്‍ആന്‍ പൂര്‍ത്തീകരിക്കപ്പെടുകയും പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട സൂറത്തുകളെയും ആയത്തുകളെയുമെല്ലാം ഒഴിവാക്കി ശരിയായ ക്രമീകരണത്തില്‍ ഇന്നു നിലവിലുള്ള ക്വുര്‍ആന്‍ പോലെ അനുചരന്മാർക്ക് കൈമാറുകയും ചെയ്തിരിന്നുവെന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്.
ആഇശ (റ) പറയുന്നു: നബി (സ) ഫാത്വിമ(റ)യോട് പറഞ്ഞു: എല്ലാ വര്‍ഷവും ജിബ്‌രീല്‍ ഒരു പ്രാവശ്യം ക്വുര്‍ആന്‍ പൂര്‍ണമായും ഓതി തന്നിരുന്നു. ഈ വര്‍ഷം രണ്ടു പ്രാവശ്യം ജിബ്‌രീല്‍ ക്വുര്‍ആന്‍ പൂര്‍ണമായും ഓതി തന്നു. എന്റെ മരണം സമീപിച്ചതായി ഞാന്‍ കാണുന്നു. (സ്വഹീഹുൽ ബുഖാരി, കിതാബുൽ ഇസ്തിഅദാൻ, ബാബു മൻ നാജാ ബൈന യദയ്യി ന്നാസി വ മൻ ലം യൂഖ് ബിറു ബി സിർറി; സ്വഹീഹ് മുസ്‌ലിം, കിതാബ് ഫദാഇലു സ്വഹാബ, ബാബു ഫദാഇലു ഫാത്തിമത്ത് ബിൻത് നബിയയി അലൈഹി സ്വലാത്തു വ സ്സലാം)
നബി (സ) മരണപ്പെടുന്നതിന് ആറു മാസം മുമ്പ് ക്വുര്‍ആന്‍ സമ്പൂര്‍ണമായി ജിബ്‌രീല്‍ (അ) ഓതിക്കൊടുക്കുകയും അതിനെ സ്വഹാബത്തിനു പഠിപ്പിച്ചു കൊടുക്കുകയും പല ഭാഗങ്ങളിലായി അതെല്ലാം രേഖപ്പെടുത്തപ്പെടുകയും ചെയ്തതിന് ശേഷമാണ് നബി (സ) ഇഹലോകവാസം വെടിഞ്ഞത് എന്ന യാഥാർഥ്യമാണ് ഈ ഹദീഥ് വെളിപ്പെടുത്തുന്നത്.
No comments yet.