ഖുർആൻ സംരക്ഷിതഗ്രന്ഥം -6

//ഖുർആൻ സംരക്ഷിതഗ്രന്ഥം -6
//ഖുർആൻ സംരക്ഷിതഗ്രന്ഥം -6
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -6

Print Now
നാസിഖും മൻസൂഖും -1

മറ്റു ജൈവവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി, കാലം ചെല്ലുന്തോറും ബുദ്ധിപരവും മാനസികവും സാംസ്‌കാരികവുമായി പുരോഗമിച്ചു കൊണ്ടിരിക്കുന്നവനാണ് മനുഷ്യന്‍. അവന്റെ ചുറ്റുപാടുകളും പരിതഃസ്ഥിതികളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. മാറുന്ന പരിതഃസ്ഥിതികള്‍ക്കനുസരിച്ച് അവന്‍ സ്വീകരിക്കേണ്ട ധാര്‍മിക നിയമങ്ങളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു നിയമം പഠിപ്പിക്കേണ്ടതെപ്പോഴാണെന്നും അതിനു പകരം മറ്റൊരു നിയമം നടപ്പാക്കേണ്ടത് എപ്പോഴാണെന്നും കൃത്യമായി അറിയുക മനുഷ്യനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന അവന്റെ സ്രഷ്ടാവിന് മാത്രമാണ്. പ്രവാചകന്മാരിലൂടെ പടച്ചവൻ നിർവ്വഹിച്ചുകൊണ്ടിരുന്നത് ഇത്തരം നിയമങ്ങളുടെ ബോധനമാണ്. ആവശ്യമുള്ളപ്പോൾ അവൻ ചില നിയമങ്ങൾ പഠിപ്പിച്ചു; അവ അപ്രസക്തമായപ്പോൾ അവൻ തന്നെ ആ നിയമങ്ങളെ മാറ്റി മറ്റു നിയമങ്ങൾ അനുശാസിച്ചു. ചരിത്രത്തിൽ ഉടനീളം കാണാൻ കഴിയുന്നതാണ് ദൈവികമായ ഇത്തരം ഇടപെടലുകൾ.

ആദിമ കുടുംബത്തിലെ ധാര്‍മിക നിയമങ്ങള്‍ ഉദാഹരണം. അവിടെ സഹോദരിമാരും സഹോദരന്മാരും തമ്മില്‍ വൈവാഹികബന്ധത്തിലേര്‍പ്പെടുന്നത് ധര്‍മമായിരുന്നു. മനുഷ്യകുലത്തിന്റെ നിലനില്‍പിന് ആ ധര്‍മം അനിവാര്യമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മാറി. കുടുംബങ്ങള്‍ ഏറെയുണ്ടായി. അപ്പോള്‍ സഹോദരങ്ങള്‍ തമ്മില്‍ വിവാഹബന്ധം പാടില്ലെന്ന നിയമം നിലവില്‍ വന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിന്റെ പ്രത്യേകമായൊരു പരിണാമഗുപ്തിയിലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. അതിനുമുമ്പ് അനുവദനീയമായിരുന്നത് പുതിയ നിയമത്തിന്റെ അവതരണത്തോടെ അനനുവദനീയമായിത്തീര്‍ന്നു. പുതിയ നിയമം കുടുംബവ്യവസ്ഥയുടെയും അങ്ങനെ മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന്റെ തന്നെയും ആണിക്കല്ലായിത്തീര്‍ന്നു.

ആദം സന്തതികള്‍ക്ക് പഴയനിയമം നല്‍കിയത് പടച്ചവനായിരുന്നു. പുതിയ നിയമത്തിന്റെ ദാതാവും അവന്‍തന്നെ. അവനാണല്ലോ മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെപ്പറ്റി നന്നായി അറിയുന്നവന്‍. സമൂഹത്തിന്റെ പരിണാമത്തിനനുസരിച്ച് അവര്‍ക്കാവശ്യമായ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ അവനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

സമൂഹത്തിന്റെ വളർച്ചയ്ക്കനുസരിച്ച് പടച്ചവൻ നടത്തുന്ന നിയമഭേദഗതികളെയാണ് നസ്ഖ് എന്ന് വിളിക്കുന്നത്. നീക്കം ചെയ്യുക, പകര്‍ത്തുക എന്നൊക്കെയാണ് ‘നസ്ഖ്‘ എന്ന അറബി പദത്തിനര്‍ഥം. പുസ്തകം പകര്‍ത്തിയെഴുതുന്നതിനും തണല്‍ വെയിലിനെ നീക്കുന്നതിനുമെല്ലം നസ്ഖ് എന്നു പറയും. ഒരു മതനിയമം മുഖേന മറ്റൊരു മതനിയമത്തെ നീക്കം ചെയ്യുന്നതിനാണ് സാങ്കേതികമായി ‘നസ്ഖ്‘ എന്നു വ്യവഹരിക്കപ്പെടുന്നത്. ദുര്‍ബലപ്പെടുത്തപ്പെട്ട നിയമത്തെ ‘മന്‍സൂഖ്‘ എന്നും പകരം നിശ്ചയിക്കപ്പെട്ട നിയമത്തെ ‘നാസിഖ്‘ എന്നുമാണ് വിളിക്കുക.

നസ്ഖ് പൂർവ്വിക ഗ്രൻഥങ്ങളിൽ

പഴയ നിയമങ്ങളില്‍ ഭേദഗതി വരുത്തി പുതിയവ കൊണ്ട് വന്നതിന് ഒട്ടനവധി ഉദാഹരണങ്ങള്‍ ഖുർആനിന് മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലുണ്ട്. ഇത്തരം ഭേദഗതികള്‍ ചിലപ്പോള്‍ ചില പ്രത്യേക പ്രദേശത്തെയോ സമൂഹത്തെയോ പരിഗണിച്ചുകൊണ്ടായിരിക്കാം. അതല്ലെങ്കില്‍ മൊത്തത്തിലുള്ളതാകാം.

ഉദാഹരണത്തിന്, വിവാഹമോചനത്തെ സംബന്ധിച്ച നിയമം നോക്കുക. ഇസ്‌റാഈല്യര്‍ക്കിടയില്‍ വിവാഹമോചനം സര്‍വസാധാരണമായിരുന്നുവെന്ന് പഴയനിയമ ബൈബിളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും (ആവര്‍ത്തനം 24:1-4, യിരമ്യ 3:12 നോക്കുക) വിവാഹമോചനത്തിന് നല്‍കപ്പെട്ട അധികാരം ദുര്‍വിനിയോഗം ചെയ്ത് സ്ത്രീകളെ പ്രയാസപ്പെടുത്തുന്ന ഒരു സമൂഹത്തെയാണ് യേശുവിന് നേരിടേണ്ടിവന്നത്. യേശുവിലൂടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങളില്‍ വിവാഹമോചനത്തെ കര്‍ശനമായി നിയന്ത്രിക്കുന്ന തരത്തിലുള്ള വിധിവിലക്കുകളുണ്ടായിരുന്നുവെന്നുതന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വിവാഹമോചനത്തിനെതിരെയുള്ള യേശുവിന്റെ തീഷ്ണമായ വാക്കുകള്‍ വ്യത്യസ്ത രീതികളിലാണെങ്കിലും സംഹിത സുവിശേഷങ്ങളെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. വിവാഹമോചനത്തിന് എതിരെയുള്ള പ്രസ്തുത നിയമം ഇസ്‌റാഈല്യരിലെ വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിനും ആ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനും വേണ്ടി അവതരിപ്പിക്കപ്പെട്ടതാകാം. യേശുവിന്റെ ദൗത്യം ഇസ്‌റാഈല്യരില്‍ മാത്രം പരിമിതമായിരുന്നുവെന്ന വസ്തുത അദ്ദേഹംതന്നെ വ്യക്തമാക്കുന്നുണ്ട് (മത്തായി 5:17, 10:5, 15:24 എന്നിവ നോക്കുക). വിവാഹമോചനത്തെ ലാഘവത്തോടെ കാണുന്ന ഇസ്‌റാഈല്യരില്‍ നിലനിന്നിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനായി യേശുക്രിസ്തുവിലൂടെ താല്‍ക്കാലികമായി വിവാഹമോചനത്തെ കര്‍ശനമായി നിരോധിക്കുന്ന നിയമം നിലവില്‍ വന്നതായിരിക്കാന്‍ സാധ്യതയുണ്ടെന്നര്‍ഥം.

അനിയന്ത്രിതമായ വിവാഹമോചനത്തിന് അനുവാദം നല്‍കുന്ന പഴയനിയമത്തിലെ വിധിയെ യേശുവിലൂടെയുള്ള വിധി ദുര്‍ബലപ്പെടുത്തിയതുപോലെ മറ്റു പല നിയമങ്ങളും ദുർബലപ്പെടുത്തിയതിന് ബൈബിളിൽ നിരവധി ഉദാഹരണങ്ങളുണ്ട്. പഴയ നിയമത്തിലെ പല വിധികളും പഴയനിയമപുസ്തകത്തില്‍ തന്നെ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്; ചില വിധികൾ പുതിയ നിയമത്തിലും ദുർബലപ്പെടുത്തിയിട്ടുണ്ട്.

എന്തിനാണ് നസ്ഖ്?

മുമ്പ് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെ പല വിധികളെയും ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. അതേപോലെ ഖുര്‍ആനിലെതന്നെ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീട് അവതരിപ്പിക്കപ്പെട്ട വിധികള്‍ വഴി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. സമൂഹത്തിന്റെ പരിവര്‍ത്തനത്തിനനുസരിച്ച് പ്രസ്തുത മാറ്റങ്ങള്‍ അനിവാര്യമായിരുന്നുവെന്നതുകൊണ്ടായിരുന്നു അവയെന്ന് സൂക്ഷ്മമായി പഠിച്ചാൽ ആർക്കും മനസ്സിലാവും. സാംസ്‌കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തിലെത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇതിനു തുല്യമായി ലോകത്തെ പരിവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞ മറ്റൊരു ഗ്രന്ഥം മാനവ ചരിത്രത്തിലെവിടെയുമുണ്ടായിട്ടില്ലെന്ന സത്യം വിമർശകർപോലും അംഗീകരിക്കുന്നതാണ്. മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന വിഷയത്തില്‍ ഖുര്‍ആനിനെ പോലെ പ്രായോഗികമായ മറ്റൊരു ഗ്രന്ഥവുമില്ലെന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. സാംസ്കാരികമായി അധമരായിരുന്ന ഒരു ജനതയെ സാംസ്‌കാരത്തിന്റെ ഉന്നതശീർഷത്തിലേക്ക് നയിക്കുന്നതിനിടയിൽ അതിന്റെ ആദ്യകാലത്തുള്ള ചില നിയമങ്ങൾ പിന്നീട് മാറ്റേണ്ടി വന്നേക്കും. ജനതയുടെ ഘട്ടങ്ങളായുള്ള പരിവർത്തനത്തിന് വേണ്ടിയാണത്. സാംസ്കാരികവളർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള ദൈവികമായ ഇടപെടലുകളെയാണ് അത്തരം മാറ്റങ്ങൾ വെളിപ്പെടുത്തുന്നത്.

മാനവരാശിക്കുവേണ്ടി അവരുടെ സ്രഷ്ടാവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട അവസാനത്തെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍. ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ട് ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കാനുള്ള പ്രായോഗിക പദ്ധതികള്‍ പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണത്. എല്ലാ രംഗത്തും വട്ടപ്പൂജ്യത്തിലായിരുന്ന ഒരു സമൂഹത്തെ മാതൃകായോഗ്യമായ സമൂഹമാക്കി മാറ്റിയെടുക്കുന്നതിനായി പ്രസ്തുത സമൂഹത്തിന്റെ പരിണാമ ഘട്ടത്തില്‍ എങ്ങനെയാണ് ദൈവിക നിയമങ്ങള്‍ സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥംകൂടിയാണ് ഖുര്‍ആന്‍. പത്തു കല്‍പനകളെപ്പോലെ പടച്ചവനിൽ നിന്ന് അവതരിച്ചുകിട്ടിയ അക്കമിട്ട ചില കേവല നിയമങ്ങളല്ല ഖുര്‍ആനിലുള്ളത്. സമൂഹത്തിന്റെ സ്പന്ദനത്തോടൊപ്പം ചലിച്ച് അതിനെ മുച്ചൂടും മാറ്റിയ നിയമങ്ങളുടെ ശൃംഖലയാണത്. പ്രസ്തുത ശൃംഖലയിലെ സമൂഹം സാംസ്കാരികമായി വട്ടപ്പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ക്ക് അതിന്റെ സംസ്‌കരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രസക്തിയുണ്ടായിക്കൊള്ളണമെന്നില്ലെന്നത് സ്വാഭാവികം മാത്രമാണ്. ഈ പ്രസക്തി നഷ്ടപ്പെടലാണ് ദുര്‍ബലപ്പെടുത്തുകയെന്നതുകൊണ്ട് അടിസ്ഥാനപരമായി വിവക്ഷിക്കുന്നത്.

മദ്യപാനത്തെക്കുറിച്ച വിധികളുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ ഉദാഹരണം. മദ്യത്തില്‍ മുങ്ങിക്കുളിച്ച ഒരു സമൂഹത്തിലായിരുന്നു ഖുര്‍ആനിന്റെ അവതരണമെന്നോര്‍ക്കണം. പക്ഷെ, മനുഷ്യനെ ചെകുത്താനാക്കി മാറ്റുന്ന മദ്യത്തെക്കുറിച്ചല്ല ഖുര്‍ആന്‍ അവരോട് സംസാരിക്കാൻ തുടങ്ങിയത്. കറകളഞ്ഞ ദൈവബോധവും കുറ്റമറ്റ പരലോകചിന്തയും അവരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുകയാണ് ഖുര്‍ആന്‍ ആദ്യം ചെയ്തത്. സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുവാനുള്ള സന്നദ്ധത വളര്‍ത്തുകയായിരുന്നു ഖുര്‍ആനിന്റെ ആദ്യപടി. സ്രഷ്ടാവില്‍നിന്നുള്ളതാണെന്ന് ഉറപ്പുള്ള നിയമനിര്‍ദേശങ്ങളെല്ലാം സ്വീകരിക്കാന്‍ സന്നദ്ധതയുള്ള ഒരു മനസ്സ് സൃഷ്ടിച്ചെടുത്ത ശേഷം ഖുര്‍ആന്‍ അവരോട് പറഞ്ഞു: “നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു: പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍, അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്’ (ഖുര്‍ആന്‍ 2:219).

ഇത് ഒന്നാം ഘട്ടമാണ്. ഒരു വസ്തുവിലുള്ള ഗുണദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുകയും അതില്‍ പാപത്തിന്റെ അംശത്തിനാണ് മുന്‍തൂക്കമുള്ളതെന്ന് വ്യക്തമാക്കിക്കൊടുക്കുകയുമാണ് ഖുര്‍ആന്‍ ഈ ഘട്ടത്തിൽ ഒന്നാമതായി ചെയ്യുന്നത്. പാപത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന് പുണ്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ പരിശീലിപ്പിക്കപ്പെട്ട സമൂഹം ഈ സൂക്തത്തിന്റെ അവതരണത്തോട് കൂടിത്തന്നെ മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും കരാളഹസ്തങ്ങളില്‍നിന്ന് സ്വതന്ത്രരാകുവാനാരംഭിച്ചു; അപ്പോള്‍ രണ്ടാമത്തെ സൂക്തം അവതരിപ്പിക്കപ്പെടുകയായി; ‘സത്യവിശ്വാസികളേ, ലഹരി ബാധിതരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നതുവരെ’ (ഖുര്‍ആന്‍ 4:43).

പടച്ചവനുമായുള്ള സംഭാഷണമാണ് നമസ്‌കാരം. ആ നമസ്‌കാരത്തിനു വരുമ്പോള്‍ പോലും ലഹരിയിലായിരിക്കുവാൻ മാത്രം മദ്യത്തിൽ നിമഗ്നമായിരുന്നു അവരിൽ പലരുടെയും ജീവിതം. ഇതില്‍നിന്ന് ലഹരി എത്രത്തോളം അവരില്‍ രൂഢമൂലമായിരുന്നുവെന്ന് മനസ്സിലാക്കാം. ലഹരിമുക്തമായ സമൂഹമെന്ന ലക്ഷ്യത്തിലേക്ക് ഖുര്‍ആന്‍ രണ്ടാമത്തെ കാലെടുത്തുവെക്കുകയാണ്. നമസ്‌കാരത്തില്‍ ദൈവവുമായി സംഭാഷണത്തിലായിരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ ബോധത്തോടുകൂടിതന്നെയാവണം. പറയുന്നത് മനസ്സില്‍ തട്ടിക്കൊണ്ടാവണം. മദ്യലഹരിയില്‍ നമസ്‌കരിക്കരുതെന്ന് സാരം.

രണ്ടാമത്തെ വിധികൂടി വന്നപ്പോള്‍ ദൈവബോധമുള്ള നല്ലൊരു ശതമാനം പേര്‍ മദ്യത്തില്‍നിന്ന് മുക്തരായി. ചുരുങ്ങിയത് അഞ്ചു നേരത്തെ നമസ്‌കാര സമയങ്ങളിലെങ്കിലും തങ്ങള്‍ പൂര്‍ണമായും ലഹരിയില്‍നിന്നും മുക്തരാണെന്ന് അവര്‍ ഉറപ്പുവരുത്തി. അപ്പോഴാണ് മദ്യം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള മൂന്നാമത്തെ കല്‍പന വരുന്നത്. ‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കുന്നതിനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തികളാകുന്നു. അതിനാല്‍ നിങ്ങള്‍ അതെല്ലാം വര്‍ജിക്കുക, നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍നിന്ന് വിരമിക്കുവാനൊരുക്കമുണ്ടോ?’ (ഖുര്‍ആന്‍ 5:90,91).

സൂറത്തുൽ മാഇദയിലെ ഈ സൂക്തങ്ങള്‍ അവതീർണ്ണമായതോടെ മുമ്പ് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളിലെ നിയമങ്ങൾക്ക് പ്രാബല്യമില്ലാതെയായി. അവ രണ്ടും മദ്യമുക്തമായ സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി, സമൂഹത്തിന്റെ പരിണാമത്തിന്റെ രണ്ടു ഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളാണ്. അവസാനത്തെ സൂക്തത്തിന്റെ അവതരണത്തോടെ പ്രസ്തുത രണ്ടു സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെട്ടുവെന്നു പറയാം.

നസ്ഖിനെക്കുറിച്ച വീക്ഷണവ്യത്യാസങ്ങൾ

ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ തീരെയില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. അതു ശരിയല്ലെന്ന് വാദിക്കുന്നവരാണ് പ്രാമാണികരായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും. സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെടുത്തുന്നതിനെപ്പറ്റി ഖുര്‍ആന്‍തന്നെ സൂചന നല്‍കിയിട്ടുണ്ടെന്നതാണ് ഈ പണ്ഡിതന്മാരുടെ പ്രധാനപ്പെട്ട വാദം. സൂക്തങ്ങള്‍ താഴെ പറയുന്നവയാണ്:

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്” (2:106).

‘ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍-അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണു താനും-അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല’ (16:101).

ഈ വചനങ്ങള്‍ പൂര്‍വവേദങ്ങളിലെ വിധികള്‍ ഖുര്‍ആന്‍ വഴി ദുര്‍ബലപ്പെടുത്തിയതിനെക്കുറിച് മാത്രമാണെന്നുള്ളതാണ് ദുര്‍ബലപ്പെടുത്തല്‍ തീരെയുണ്ടായില്ലെന്ന് വാദിക്കുന്നവരുടെ പക്ഷം. ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് പറയുന്ന സൂക്തങ്ങളെ വ്യാഖ്യാനിച്ച് പുതിയ വിധികളുമായി സമന്വയിപ്പിക്കാനാകുമെന്നാണ് അവര്‍ വാദിക്കുന്നത്. ഈ വാദത്തെ എതിര്‍ക്കുന്ന പണ്ഡിതന്മാരാകട്ടെ, അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആദ്യം ഇറങ്ങിയ വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് പറയുന്നതാണ് യുക്തമെന്നും വാദിക്കുന്നവരാണ്. രണ്ടായിരുന്നാലും സമൂഹത്തിന്റെ സംസ്‌കരണ പ്രക്രിയയുടെ പ്രഥമ ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ ചിലത് അന്തിമ ഘട്ടത്തിലെത്തിയപ്പോഴേക്കും അപ്രസക്തമായിക്കഴിഞ്ഞിരുന്നുവെന്ന വസ്തുത ഇരുവിഭാഗവും തത്വത്തില്‍ അംഗീകരിക്കുന്നുണ്ട്. ദുര്‍ബലപ്പെടുത്തിയെന്ന പദപ്രയോഗം പാടുണ്ടോയെന്നതു മാത്രമാണ് ഈ അഭിപ്രായവ്യത്യാസത്തിന്റെ കാതല്‍ എന്നര്‍ഥം.

No comments yet.

Leave a comment

Your email address will not be published.