ഖുർആൻ സംരക്ഷിതഗ്രന്ഥം -4

//ഖുർആൻ സംരക്ഷിതഗ്രന്ഥം -4
//ഖുർആൻ സംരക്ഷിതഗ്രന്ഥം -4
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -4

ഹർഫുകളും ഖിറാഅത്തുകളും -2

ഹർഫുകൾ തമ്മിലുള്ള വ്യത്യാസം

ഏഴു ഹർഫുകളിൽ ഖുർആൻ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുമ്പോൾ വ്യത്യസ്ത ശൈലികളിലുള്ള ഏഴ് ഖുർആനുകൾ അവതരിക്കപ്പെട്ടിട്ടുണ്ടെന്നോ ഖുർആൻ സൂക്തങ്ങളിലെല്ലാം ഈ ശൈലീവ്യത്യാസമുണ്ടെന്നോ ധരിച്ചുകൂടാത്തതാണ്. ഖുർആനിലെ ചില വാക്കുകളിലോ വാചകങ്ങളിലോ ഉള്ള വ്യത്യാസങ്ങളാണ് ഹർഫുകൾ. ഈ വ്യത്യാസങ്ങൾ പദങ്ങളിലോ വാചകങ്ങളിലോ വാചകഘടനയിലോ ആശയങ്ങളിലോ ആകാവുന്നതാണ്. എന്നാൽ അവ തമ്മിൽ യാതൊരു വൈരുധ്യങ്ങളും ഉണ്ടാവുകയില്ലതാനും. വ്യത്യസ്ത സ്ഥലങ്ങളിലെ ഈ ഹർഫ് വ്യത്യാസങ്ങളെയും കൂടി ഉൾക്കൊണ്ടു കൊണ്ടുള്ളതാണ് അംഗീകരിക്കപ്പെട്ട പാരായണങ്ങൾ. മുതവാത്തിറായി അറിയപ്പെടുന്ന ഖിറാഅത്തുകളിൽ ഏഴെണ്ണം പ്രസിദ്ധമാണ്. ഏഴ് ഹർഫുകളെയും ഏഴ് ഖിറാഅത്തുകളെയും കുറിച്ച സമ്മിശ്രമായ പരാമർശങ്ങളിൽ നിന്ന് ഇത് രണ്ടും ഒന്ന് തന്നെയാണെന്ന ധാരണപ്പിശക് ഉണ്ടാകാറുണ്ട്. അത് ശരിയല്ല. ഖിറാഅത്തുകൾ പാരായണരീതികളാണ്. ഹർഫുകളാവട്ടെ, പദങ്ങളിലോ വാചകങ്ങളിലോ വാചകഘടനയിലോ ആശയങ്ങളിലോ വന്ന വ്യത്യസ്ത പ്രയോഗങ്ങൾ ഉൾക്കൊള്ളുന്ന ഭാഷാശൈലിയാണ്. ഹർഫുകളിലെ വ്യത്യാസങ്ങളെക്കൂടി ഉൾക്കൊണ്ടാണ് ഖിറാഅത്തുകളുടെ ഇമാമീങ്ങൾ അവരുടെ പേരിൽ അറിയപ്പെട്ട പാരായണങ്ങൾ തങ്ങളുടെ സമകാലികർക്കും അവരിലൂടെ അടുത്ത തലമുറകൾക്കും പകർന്നു നൽകിയത്. ഹർഫുകളിലെ വ്യത്യാസങ്ങൾ ഖിറാഅത്തുകളിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നർത്ഥം.

എന്താണ് ഹർഫുകളിലുള്ള വ്യത്യാസം? ഇമാം ഇബ്‌നുല്‍ ജസ്‌രി(റ)യുടെ അഭിപ്രായപ്രകാരം ഹർഫുകളിലുള്ള വ്യത്യാസങ്ങൾ മൂന്നു രീതിയിലാകും. അര്‍ത്ഥ വ്യത്യാസം വരാത്ത കേവലം ഭാഷാപരമായ പ്രയോഗങ്ങളാണ് ഒന്നാമത്തേത്. ‘വഴി’യെന്ന് അർഥം വരുന്ന സ്വിറാത്ത് (صراط), സിറാത്ത്(سراط), സിറാത്ത് (زراط) എന്നീ മൂന്നു പ്രയോഗങ്ങൾ വ്യത്യസ്ത ഹർഫുകളായി വന്നിട്ടുള്ളത് ഉദാഹരണം. ‘അവരുടെ മേൽ’ എന്ന അർത്ഥത്തിൽ അലൈഹിം(عليهم) എന്നും അലൈഹും (عليهم) എന്നും രണ്ട് രൂപത്തിൽ പ്രയോഗിച്ചതും അർത്ഥവ്യത്യാസമില്ലാത്ത ഹർഫു വ്യത്യാസത്തിന് ഉദാഹരണമാണ്.

അടിസ്ഥാനാശയം ഒന്നാണെങ്കിലും വ്യത്യസ്തമായ അർത്ഥമുള്ള പ്രയോഗങ്ങളാണ് ഹർഫുകളിൽ രണ്ടാമത്തേത്. പ്രാരംഭസൂക്തമായ ഫാത്തിഹയിൽ അല്ലാഹുവിനെ വിശേഷിപ്പിച്ചിടത്ത് ‘മാലിക്കി'(مالك) എന്നും ‘മലിക്കി'(ملك)എന്നുമുള്ള രണ്ട് ഹർഫ്‌ വ്യത്യാസങ്ങളുള്ളത് ഉദാഹരണം. മാലിക്ക് എന്നാൽ ഉടമസ്ഥൻ എന്നും മലിക്ക് എന്നാൽ രാജാവ് എന്നുമാണ് അർഥം. രണ്ടിന്റെയും അടിസ്ഥാനാശയം ഒന്ന് തന്നെ. അല്ലാഹു ഒരേ സമയം തന്നെ മലിക്കും മാലിക്കുമാണ്. കപടവിശ്വാസികളെക്കുറിച്ച് പറയുന്നിടത്ത് ഒരേ സ്ഥലത്ത് തന്നെ ‘യക്ദിബൂൻ'(يكذبون),’യുകദ്ദിബൂൻ'(يكذبون) എന്നീ രണ്ട് വ്യത്യസ്തമായ ഖിറാഅത്തുകളുള്ളതും രണ്ടാമത്തെ വിഭാഗം ഹർഫ് വ്യത്യാസത്തിനുള്ള ഉദാഹരണമാണ്. ഒന്നാമത്തേതിന് ‘കളവ് പറയും’ എന്നും രണ്ടാമത്തേതിന് ‘നിഷേധിക്കും’ എന്നുമാണ് അർത്ഥം. കപടവിശ്വാസികൾ ഒരേ സമയം തന്നെ കളവ് പറയുകയും സത്യമതത്തെ നിഷേധിക്കുകയും ചെയ്യുമല്ലോ.

യാതൊരുവിധ വൈരുധ്യങ്ങളും വാരാത്തവിധം അര്‍ത്ഥവും ആശയവും വ്യത്യസ്തമായ ഹർഫുകളാണ് മൂന്നാമത്തെ വിഭാഗം. സൂറത്ത് യൂസുഫിലെ നൂറ്റി പത്താം വചനം ഉദാഹരണം. ‘വ ദ്വന്നൂ അന്നഹും ഖദ് കുദിബൂ’ (وَظَنُّوا أَنَّهُمْ قَدْ كُذِبُوا) എന്നാണ് ഈ ആയത്തിന്റെ ഒരു പാരായണം. “അവര്‍ (നബിമാര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിച്ചു.” എന്നാണ് അങ്ങനെ പാരായണം ചെയ്യുമ്പോൾ അതിന്റെ സാരം.’വ ദ്വന്നൂ അന്നഹും ഖദ് കുദ്ദിബൂ’ (وَظَنُّوا أَنَّهُمْ قَدْ كُذِّبُوا) എന്നാണ് ഇതിന്റെ മറ്റൊരു പാരായണം. അങ്ങനെയാവുമ്പോൾ “തങ്ങള്‍ കളവാക്കപ്പെട്ടു എന്ന് പ്രവാചകന്‍മാര്‍ ഉറപ്പിച്ചു” എന്ന ആശയമാണ് വരിക. ഇത് രണ്ടും വ്യത്യസ്തമായ ആശയങ്ങളാണ്. പക്ഷെ രണ്ടും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ട് ആശയങ്ങളും ശരിയാണ്. ഇങ്ങനെ ഖിറാഅത്തുകളിലെ ഹർഫുകളിൽ വ്യത്യാസം വരുമ്പോൾ പോലും ഖുർആനിൽ വൈരുധ്യമൊന്നുമുണ്ടാവുന്നില്ലെന്നത് അത്ഭുതകരമാണ്.

ഖിറാഅത്തുകൾക്കിടയിലെ വ്യത്യാസങ്ങൾ

ഖിറാഅത്തുകള്‍ക്കിടയില്‍ ഏഴു രീതിയിലുള്ള വ്യത്യാസങ്ങളുണ്ടാകാമെന്ന് ആ രംഗത്തെ പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. .
1) ഏകവചനം, ദ്വിവചനം, ബഹുവചനം, പുല്ലിംഗം, സ്ത്രീലിംഗം.
2) ഭൂതകാല ക്രിയ, ഭാവികാല ക്രിയ, കല്‍പന ക്രിയ.
3) വചനത്തിന്റെ അവസാനം വരുന്ന സ്വര ചിഹ്നങ്ങളിലെ വ്യത്യാസം.
4) വചനങ്ങളില്‍ കൂടുതലും കുറവും വരിക.
5) മുന്നിലും പിന്നിലുമായി വരിക.
6) ഒന്നിനു പകരമായി മറ്റൊന്നു വരിക.
7) ഭാഷാ ശൈലിയിലെ ഉച്ഛാരണ വ്യത്യാസം (നേര്‍മയാക്കല്‍, കനപ്പിക്കല്‍, വ്യക്തമാക്കല്‍ -അവ്യക്തമാക്കല്‍ പോലെ)

വ്യത്യസ്ത ഖിറാഅത്തുകളില്‍ വന്ന വ്യത്യാസങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:-
1) രണ്ടു ശൈലികളില്‍ പാരായണം ചെയ്യപ്പെടുന്ന വചനങ്ങളുടെ എണ്ണം 1315
2) മൂന്നു രീതിയില്‍ പാരായണം ചെയ്യപ്പെടുന്ന വചനങ്ങളുടെ എണ്ണം 105
3) നാലു ശൈലിയില്‍ പാരായണം ചെയ്യപ്പെടുന്ന വചനങ്ങളുടെ എണ്ണം 24
4) അഞ്ചു ശൈലിയില്‍ പാരായണം ചെയ്യപ്പെടുന്ന വചനങ്ങളുടെ എണ്ണം 03. ഇതിലെ ഒരു വചനം 11 പ്രാവശ്യം ആവര്‍ത്തിച്ചു വരുന്നു.

ഖിറാഅത്തുകളുടെ ഇമാമീങ്ങൾ

മദീനയില്‍ നാഫിഅ്ബ്‌നു അബ്ദിര്‍റഹ്മാന്‍, മക്കയില്‍ നിന്നുള്ള അബ്ദുല്ലാ ഇബ്‌നു കഥീര്‍ അദ്ദാരി, ദമാസ്‌കസില്‍ നിന്നുള്ള അബ്ദുല്ലാഹിബ്‌നു ആമിര്‍, ബസ്വറയില്‍ നിന്നുള്ള അബൂഅംറിബ്‌നു അലാഅ്, യഅ്ഖൂബ് ബ്‌നു ഇസ്ഹാഖ് അല്‍ ഹദ്‌റമി, കൂഫയില്‍ നിന്നുള്ള ആസ്വിം ബിന്‍ അബി അന്നജൂദ് അല്‍ അസദി, ഹംസബിന്‍ ഹബീബ് അത്തൈമി, അലിബിന്‍ ഹംസ അല്‍ അസദി അല്‍ കിസാഇ, ബസ്വറയില്‍ നിന്നുള്ള അബൂ ജാഫര്‍ യസീദുബ്‌നു അല്‍ഖാഖാ അല്‍ മഖ്‌സൂമി, ബാഗ്ദാദില്‍ നിന്നുള്ള അബൂമുഹമ്മദ് അല്‍ അസദി ഖലഫ് എന്നിവരാണ് പ്രവാചകനില്‍ നിന്ന് മുതവാത്തിറായി പാരായണരീതികള്‍ നിവേദനം ചെയ്ത പണ്ഡിതന്മാര്‍. ഇവരിലൂടെ അറിയപ്പെടുന്ന പാരായണരീതികള്‍ മുഹമ്മദ് നബി(സ)യില്‍ നിന്ന് വിശ്വസ്തരായ അനുചരന്മാരിലൂടെ നിവേദനം ചെയ്യപ്പെടുകയും അവരിലൂടെ നിരവധി പേര്‍ പഠിക്കുകയും അങ്ങനെ ഈ പണ്ഡിതന്മാര്‍ക്കടുത്ത് എത്തിപ്പെടുകയും ചെയ്തതാണ് എന്നര്‍ഥം.

ഉദാഹരണത്തിന് ഏറെ പ്രസിദ്ധമായ വര്‍ഷ്, ഖാലൂന്‍ എന്നീ പാരായണരീതികള്‍ പഠിപ്പിച്ച മദീനക്കാരനായ നാഫിഅ്ബ്‌നു അബ്ദുര്‍റഹ്മാനിന്റെ കാര്യമെടുക്കുക. പ്രവാചകനില്‍(സ) നിന്ന് ഉബയ്യുബ്‌നു കഅ്ബും അദ്ദേഹത്തില്‍ നിന്ന് സ്വഹാബിമാരായ അബൂഹുറൈറ (റ), ഇബ്‌നുഅബ്ബാസ്‌ (റ) എന്നിവരും പഠിച്ചെടുത്തതാണ് ഈ രീതികള്‍. അവരില്‍ നിന്ന് അബ്ദുല്ലാഹിബ്‌നു അയ്യാശ്ബ്‌നു അബീറബീഅത്ത് അല്‍ മഖ്‌സൂമി, യസീദ്ബ്‌നു അല്‍ ഖഅ്ഖാഅ്, അബ്ദുര്‍റഹ്മാനു ബ്‌നു ഹുര്‍മുസ് അല്‍ അഅ്‌റജ്, മുസ്‌ലിമുബ്‌നു ജുന്‍ദുബ് അല്‍ ഹുദലി, യസീദ്ബ്‌നു റുമാന്‍, ശൈബാബ്ന്‍ നിസ്വാഹ് എന്നീ താബിഉകള്‍ ഈ പാരായണരീതികള്‍ പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നാണ് ഹിജ്‌റ 70 ല്‍ ജനിക്കുകയും 169 ല്‍ മരണപ്പെടുകയും ചെയ്ത നാഫിഅ് അല്‍ മദനി ഇത് പഠിച്ചെടുത്തത്. അദ്ദേഹത്തിൽ നിന്ന് 120 ൽ ജനിക്കുകയും 220 ൽ മരിക്കുകയും ചെയ്ത ഈസാ ബിന്‍ മീനാ, ഖാലൂന്‍ എന്ന പാരായണരീതിയും 110 ൽ ജനിക്കുകയും 197 ൽ മരിക്കുകയും ചെയ്ത ഉസ്മാന്‍ ബിന്‍ സഈദ്, വര്‍ഷ് എന്ന പാരായണരീതിയും നിവേദനം ചെയ്തു. ഇമാം നാഫിഅ് എഴുപതോളം താബിഉകളില്‍ നിന്ന് പാരായണം നേരിട്ട് പഠിച്ച മഹദ് വ്യക്തിയാണെന്ന് ഇമാം ജസ്‌രി സാക്ഷ്യപ്പെടുത്തുന്നുണ്ട്. (അന്നശ്‌റ് ഫില്‍ ഖിറാആത്തില്‍ അശ്‌റ് 1/112)) അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും അദ്ദേഹത്തിലൂടെ നിരവധി പഠിതാക്കള്‍ പഠിച്ചെടുക്കുകയും ചെയ്ത വര്‍ഷ്, ഖാലൂന്‍ പാരായണരീതികള്‍ പ്രവാചകന്‍ (സ) തന്നെ പഠിപ്പിച്ചുകൊടുത്തതാണെന്ന വസ്തുത സംശയാതീതമായി തെളിയിക്കാനാവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതേ പോലെത്തന്നെയാണ് മുതവാത്തിറായ പത്ത് പാരായണ രീതികളുടെയും സ്ഥിതി.

പത്ത് ഖിറാഅത്തുകളും അവയിൽ ഉൾക്കൊണ്ടിരിക്കുന്ന ഏഴ് ഹർഫുകളും നബി (സ) പഠിപ്പിച്ചതാണ്. അവ തലമുറകളിലൂടെ കൈമാറ്റം ചെയ്ത് നമുക്കടുത്തെത്തിയതാണ്. പിന്‍ഗാമികളായ ഇമാമീങ്ങള്‍ നബി(സ)യിലേക്ക് എത്തുന്ന ശരിയായ പരമ്പരകളോടുകൂടി അവ ഉദ്ധരിച്ചതാണ്. ഇന്നു പാരായണത്തിലുള്ള മുഴുവന്‍ ഖിറാഅത്തുകളിലുമുള്ള വ്യത്യസ്തതകൾ മുഴുവൻ ആ ഏഴു ഭാഷാശൈലികള്‍ക്കുള്ളില്‍ നിലകൊള്ളുന്നതുമാണ്.

വ്യക്തികൾക്കല്ല മാനദണ്ഡങ്ങൾക്കാണ് പ്രാമാണികത

സ്വീകാര്യമായ ഖിറാഅത്തുകളെ അത് നിവേദനം ചെയ്ത ഇമാമുമാരിലേക്ക് ചേർത്തി വ്യവഹരിക്കുമ്പോൾ ആ ഇമാമുകൾക്ക് അപ്രമാദിത്വം കൽപിക്കുന്നത് കൊണ്ടാണ് അവയെ മുസ്‌ലിംലോകം സ്വീകരിക്കുന്നത് എന്ന് ധരിച്ചുകൂടാത്തതാണ്. വ്യക്തികൾക്കല്ല അവരുപയോഗിച്ച മാനദണ്ഡങ്ങൾക്കാണ് പ്രാമാണികത എന്നാണ് ഇവ്വിഷയകമായ മുസ്‌ലിംലോകത്തിന്റെ നിലപാട്. വിശ്വസ്തരും സത്യസന്ധരും സദ്കർമികളും നല്ല ഓർമ്മശക്തിയുള്ളവരുമായ നിവേദകരിലൂടെ പ്രവാചകനിൽ നിന്ന് കണ്ണി മുറിയാതെ ഖിറാഅത്തിന്റെ ഇമാമായി അറിയപ്പെടുന്നവരിൽ എത്തിച്ചേരുകയും അവരിൽ നിന്ന് തുടങ്ങി ഇന്നുവരെയുള്ള ഓരോ കണ്ണിയിലും നിരവധി പേര്‍ ഉള്‍ക്കൊള്ളുന്നതുമാവുകയെന്ന സ്വീകാര്യതക്കുള്ള ഒന്നാമത്തെ മാനദന്ധം അശാസ്ത്രീയമാണെന്ന് പറയാൻ ആർക്കാണ് കഴിയുക?! വാമൊഴിയായി സംപ്രേഷണം ചെയ്യപ്പെടുന്ന ഭൂതകാലരേഖകളുടെ വിശ്വാസ്യതയും കൃത്യതയും പരിശോധിക്കാൻ ഇതിനേക്കാൾ നല്ല ഒരു രീതിയും ഇതേവരെ ചരിത്രവിമർശനരീതിയുടെ വക്താക്കളൊന്നും തന്നെ വികസിപ്പിച്ചിട്ടില്ല. അതീവ നിഷ്‌കൃഷ്ടമായ ഈ ഒന്നാം മാനദണ്ഡത്തിന്റെ അരിപ്പയിലൂടെ കടന്നാൽ മാത്രം പോര, ഖുർആൻ പാരായണരീതിയെ അംഗീകരിക്കാൻ എന്നാണ് മുസ്‌ലിംലോകത്തിന്റെ നിലപാട്. പാരായണരീതി അറബിവ്യാകരണനിയമങ്ങളുമായും അന്നത്തെ ഭാഷാപ്രയോഗങ്ങളുമായും പൂർണമായും ഒത്തുപോകുന്നതാവണമെന്ന രണ്ടാമത്തെ അരിപ്പയിലൂടെയും ഖലീഫ ഉഥ്മാനിന്റെ കാലത്ത് നിർമിക്കപ്പെട്ട ഏതെങ്കിലും ഒരു കോപ്പിയുമായി പൂർണമായും യോജിച്ച് വരുന്നതാകണം പാരായണരീതിയെന്ന മൂന്നാമത്തെ അരിപ്പയിലൂടെയും കടന്നുപോകാൻ കഴിഞ്ഞാൽ മാത്രമേ ഒരു ഖിറാഅത്ത് സ്വീകാര്യമായിത്തീരുന്നുവെന്നതാണ് ഇവ്വിഷയകമായ പണ്ഡിത നിലപാട്.

എത്ര വലിയ പണ്ഡിതന്മാരിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതാണെങ്കിലും നേരത്തെ പറഞ്ഞ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ അവയെ സ്വീകാര്യമായി ഗണിക്കുകയില്ല. ഇമാം മുഹമ്മദ് ബിന്‍ അബ്ദിറഹ്മാന്‍ (മരണം 123), ഹസന്‍ ബിന്‍ അബിൽ ഹസന്‍ ബസരി (മരണം 110), സുലൈമാന്‍ ബിന്‍ മിഹ്‌റാന്‍ (മരണം 148) എന്നിവര്‍ നിവേദനം ചെയ്ത ഖിറാഅത്തുകള്‍ ശാദ്ദാണെന്ന് പറയുന്നത് അവ മുതവാത്തിറിന്റെ നിബന്ധനകൾ പൂർത്തിയാക്കാത്തതു കൊണ്ടാണ്; അവരൊന്നും മഹാന്മാരല്ലാത്തതു കൊണ്ടല്ല. ശാദ്ദായി ഉദ്ധരിക്കപ്പെടുന്ന ഖിറാഅത്തുകളില്‍ പിഴവുണ്ടാകാന്‍ സാധ്യതയുമുള്ളതിനാല്‍ അതിനെ ക്വുര്‍ആനായി പരിഗണിക്കപ്പെടുകയില്ല എന്നും അത് പാരായണം ചെയ്യരുത് എന്നും ഇമാം നവവി (റ) വ്യക്തമാക്കിയിട്ടുണ്ട്. ചില വ്യക്തികള്‍ അത് ശരിയായി കേള്‍ക്കാതിരിക്കുകയോ മനഃപാഠം ആക്കുന്നതില്‍ പിഴവ് പറ്റുകയോ ചെയ്തതായിരിക്കുവാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അത് അവലംബയോഗ്യമല്ല. സൂറത്തുൽ ബഖറയിലെ 102 ആം വചനത്തിലെ ഒരു പാരായണവ്യത്യാസം ഉദാഹരണം. “വമാ ഉൻസില അലാ മലകൈനി” (وَمَا أُنْزِلَ عَلَى الْمَلَكَيْنِ -രണ്ടു മലക്കുകളുടെ മേല്‍ ഇറക്കപ്പെട്ടത്) എന്നാണ് മുതവാത്തിറായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. വമാ ഉൻസില അലാ മലികൈനി” (وَمَا أُنْزِلَ عَلَى الْمَلَكَيْنِ) എന്ന ഒരു പാരായണം കൂടി ഈ വചനത്തിനുണ്ട്. അങ്ങനെയാകുമ്പോൾ അതിനർത്ഥം “രണ്ടു രാജാക്കന്‍മാരുടെ മേല്‍ ഇറക്കപ്പെട്ടത്” എന്നായിത്തീരും. എന്നാൽ ആ നിവേദനം ശാദ്ദാണ്; അതുകൊണ്ട് തന്നെ സ്വീകാര്യമല്ല. പൂർണമായും സ്വീകാര്യമായതിന് എതിരായ ഈ പാരായണരീതി കേട്ടവന്ന് സംഭവിച്ച പിഴവിൽനിന്നാകാം ഉടലെടുത്തതെന്ന് ഇമാം ത്വബ്‌രി നിരീക്ഷിക്കുന്നുണ്ട്.

എഴുത്ത് കുറവായിരുന്ന കാലഘട്ടത്തില്‍ കേട്ടു ക്വുര്‍ആന്‍ പഠിച്ചു കൈമാറിയവര്‍ നിരവധിയുണ്ട്. അവര്‍ക്ക് പിഴവ് വന്നതായിരിക്കാം ശാദ്ദായ ഖിറാഅത്തുകള്‍. അതുകൊണ്ടാണ് ഉഥ്മാനിന്റെ(റ) കാലത്ത് നിർമ്മിച്ച മുസ്ഹഫുകളിൽ ഏതെങ്കിലുമായി യോജിക്കുമെങ്കിൽ മാത്രമേ ഒരു ഖിറാഅത്ത് സ്വീകാര്യമാവൂ എന്ന നിബന്ധന വെച്ചിരിക്കുന്നത്. ക്വുര്‍ആന്‍ മുതവാതിറായി ഉദ്ധരിക്കപ്പെട്ടതാണ്. അതു മാത്രമേ ക്വുര്‍ആനാകൂ എന്നു ഇമാം നവവി (റ) വ്യക്തമാക്കിയിട്ടുണ്ട്.

ദൈവികമായി നിശ്ചയിക്കപ്പെട്ട പാരയണരീതികളെപ്പോലും എത്ര സൂക്ഷ്മമായാണ് മുസ്‌ലിംലോകം സംരക്ഷിച്ചത് എന്ന് മനസ്സിലാക്കിത്തരുന്നതാണ് ഖിറാഅത്തുകളുടെ സ്വീകാര്യതയെക്കുറിച്ച പണ്ഡിതചർച്ചകൾ. ഖുർആനിന്റേതായി പ്രവാചകൻ (സ) പഠിപ്പിക്കാത്തതായി യാതൊന്നും, ഒരു പദമോ ഒരു പാരായണരീതിയോ ഒരു ശബ്ദവ്യത്യാസമോ പോലും ഖുർആൻ എന്ന രീതിയിൽ പഠിപ്പിക്കപ്പെട്ടുകൂടാ എന്ന നിഷ്കർഷയുള്ളതുകൊണ്ടാണ് അത്തരം വിഷയങ്ങൾ പോലും വളരെ സൂക്ഷ്മമായി പണ്ഡിതന്മാർ മുടി നാരിഴകീറി പരിശോധിച്ചിരിക്കുന്നത്. പ്രസ്തുത ചർച്ചകളുടെ വാലും തലയും മുറിച്ചാണ് പല വിമർശകരും ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനുള്ള തെളിവുകൾ നിർധാരണം ചെയ്‌തെടുക്കുന്നത്! ഖിറാഅത്തുകളിലുള്ള വ്യത്യാസങ്ങൾ പോലും ദൈവികബോധനത്തിന്റെ വെളിച്ചത്തിൽ മുഹമ്മദ് നബി (സ) പഠിപ്പിച്ചതാണെന്ന് സമർത്ഥിക്കുന്ന രചനകളിലെ ഉദ്ധരണികളെ സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് ഖുർആനിൽ പ്രക്ഷിപ്തങ്ങളുണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കുവാനുപയോഗിക്കുകയെന്ന വിലക്ഷണവൈദഗ്ദ്യത്താൽ സമൃദ്ധമാണ് ഇവ്വിഷയകമായ വിമർശനപഠനങ്ങളുമെന്ന സത്യം യഥാർത്ഥത്തിൽ ഗവേഷകരുടെ സത്യസന്ധതയെയാണ് ചോദ്യം ചെയ്യുന്നത്; ഖുർആനിന്റെ അഖണ്ഡതയെയല്ല.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.