ഖുർആൻ സംരക്ഷിതഗ്രന്ഥം -3

//ഖുർആൻ സംരക്ഷിതഗ്രന്ഥം -3
//ഖുർആൻ സംരക്ഷിതഗ്രന്ഥം -3
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -3

Print Now
ഹർഫുകളും ഖിറാഅത്തുകളും -1

ഗദ്യവും പദ്യവുമല്ലാത്ത സവിശേഷമായ പാരായണശൈലിയുള്ള ഗ്രൻഥമാണ് ഖുർആൻ. ലേഖനം വായിക്കുന്നതുപോലെ വായിച്ചുപോകാൻ പറ്റുന്നതല്ല അവ. പദ്യത്തെപ്പോലെ ഒരേ വൃത്തത്തിൽ പാരായണം ചെയ്യാവുന്നതുമല്ല അവ. ഖുർആൻ വചനങ്ങളുടെ പാരായണത്തിന് ചില പ്രത്യേകമായ നിയമങ്ങളും രീതികളുമുണ്ട്. ഈ രീതികളും നിയമങ്ങളും പോലും ദൈവികമാണെന്ന വസ്തുത ഖുർആനിനെ വ്യതിരിക്തമാക്കുന്ന പല കാര്യങ്ങളിലൊന്നാണ്. പടച്ചവന്റെ ബോധനപ്രകാരം മുഹമ്മദ് നബി (സ) തന്റെ അനുചരന്മാരെ പഠിപ്പിച്ചതാണ് പാരായണരീതികളും നിയമങ്ങളുമെന്നാണ് അവ ദൈവികമാണെന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത്. താൻ തന്നെയാണ് ഖുർആനിന്റെ പാരായണം പഠിപ്പിക്കുന്നതെന്ന് സൃഷ്ടാവ് തന്നെ ഖുർആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. “അത്‌ (ഖുര്‍ആന്‍) പെട്ടെന്ന് ഹൃദിസ്ഥമാക്കാന്‍ വേണ്ടി താങ്കൾ നാവ്‌ പിടപ്പിക്കേണ്ടതില്ല; അതിന്‍റെ സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാണ്, തീർച്ച.” (ഖുർആൻ 75: 16, 17)

ഖിറാഅത്തുകൾ

ഖുർആൻ പാരായണത്തെ ഹൃദ്യവും സുന്ദരവുമാക്കുന്നത് അതിന്റെ പാരായണനിയമങ്ങളും രീതികളുമാണ്. പടച്ചവൻ പഠിപ്പിച്ച രീതിയിൽ മാത്രമേ ഖുർആൻ പാരായണം ചെയ്യാൻ പാടുള്ളൂവെന്നാണ് മുസ്‌ലിംകൾ കൽപിക്കപ്പെട്ടിരിക്കുന്നത്. ഇതിനർത്ഥം ഒരൊറ്റ രീതിയിൽ മാത്രമേ ഖുർആൻ പാരായണം ചെയ്യാൻ പാടുള്ളൂവെന്നല്ല. വ്യത്യസ്തമായ ഖുർആൻ പാരായണ രീതികളുണ്ട്. ആരെങ്കിലും സ്വന്തമായി നിർമിച്ചവയല്ല പ്രസ്തുത പാരായണരീതികൾ; എല്ലാം പ്രവാചകൻ (സ) പഠിപ്പിച്ചവ തന്നെയാണ്. പ്രവാചകനിൽ നിന്ന് നിരവധി ശിഷ്യൻമാർ നേരിട്ട് പഠിച്ചവയാണവ. ഖുർആനിന്റെ വ്യത്യസ്തമായ പാരായണരീതികൾക്കാണ് ഖിറാഅത്തുകൾ എന്ന് പറയുക.

പ്രവാചകനില്‍(സ) നിന്ന് വ്യത്യസ്തരീതികളിലുള്ള ക്വുര്‍ആന്‍ പാരായണം പഠിച്ച സ്വാഹാബിമാര്‍ ആ രീതികളെല്ലാം അടുത്ത തലമുറയ്ക്കും പഠിപ്പിച്ചു കൊടുത്തു; അവർ അടുത്ത തലമുറക്കും അടുത്ത തലമുറയിലുള്ളവർ അതിന്നടുത്ത തലമുറയിലുള്ളവർക്കും ഈ ഖിറാഅത്തുകൾ പഠിപ്പിച്ചുകൊടുത്തു. ഒരേ ഉഥ്മാനീമുസ്ഹഫ് തന്നെ വ്യത്യസ്ത രീതികളില്‍ പാരായണം ചെയ്യുന്ന സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നത് അങ്ങനെയാണ്. പ്രസിദ്ധരും പാരായണ രീതികളെപ്പറ്റി കൃത്യമായി അറിയാവുന്നവരുമായ പാരായണ വിദഗ്ധരിലൂടെയും അറിയപ്പെടുന്ന പാരായണക്കാരിലൂടെയുമാണ് പ്രവാചകനില്‍ നിന്ന് നേരിട്ട് ക്വുര്‍ആന്‍ പഠിച്ചിട്ടില്ലാത്തവര്‍ അതിന്റെ പാരായണ രീതികളെല്ലാം അഭ്യസിച്ചത്. പ്രവാചകനില്‍ നിന്ന് സ്വീകാര്യവും പരമ്പര മുറിയാത്തതുമായ കണ്ണികളിലൂടെ നിവേദനം ചെയ്യപ്പെടുകയും ഖിറാഅത്തിന്റെ ഇമാമായി അറിയപ്പെടുന്നവരിൽ നിന്ന് നിരവധി പേരുള്‍ക്കൊള്ളുന്ന ശൃംഖലകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഇന്ന്‌വരെ എത്തിയതുമായ രീതികള്‍ മാത്രമാണ് സ്വീകാര്യമായി ഗണിക്കപ്പെടുന്നത്. ഇങ്ങനെയുള്ള പാരായണങ്ങളാണ് മുതവാത്തിറായ ഖിറാഅത്തുകളായി അറിയപ്പെടുന്നത്. ഇങ്ങനെ അറിയപ്പെടുന്ന പത്ത് പാരായണ രീതികളാണ് ഇന്നുള്ളത്.

ഖിറാഅത്തുകളുടെ അംഗീകാരം

പ്രവാചകനിൽ നിന്ന് എന്ന രൂപത്തിൽ വ്യത്യസ്തങ്ങളായ പാരായണരീതികൾ നില നിന്നിരുന്ന രണ്ടും മൂന്നും തലമുറകളിലാണ് ഖിറാഅത്തുകളിലെ നെല്ലും പതിരും വേര് തിരിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളുണ്ടായത്. സമൂഹത്തിൽ നില നിന്നിരുന്ന വ്യത്യസ്തമായ ഖിറാഅത്തുകൾ പരിശോധിച്ച് അവയിൽ പ്രവാചകനിൽ നിന്നുള്ളതാണെന്ന് ഉറപ്പുള്ളവ സ്വീകരിക്കുകയാണ് ഖിറാഅത്തിന്റെ പണ്ഡിതന്മാർ ചെയ്തത്. ഹദീഥ് സ്വീകരണത്തിനുപയോഗിച്ച മാനദണ്ഡങ്ങളെപ്പോലെ ഖിറാഅത്ത് സ്വീകരണത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ടായിരുന്നു.

ഒരു പാരായണരീതി അംഗീകരിക്കപ്പെടണമെങ്കിൽ മൂന്നു മാനദണ്ഡങ്ങളാണുള്ളത്. അതിന്റെ നിവേദകശൃംഖല മുറിയാത്തതാവുക; അതിലെ ഓരോരുത്തരും വിശ്വസ്തരും സത്യസന്ധരും സദ്കർമികളും നല്ല ഓർമ്മശക്തിയുള്ളവരുമാവുക; നിവേദകശൃംഖലയിലെ കണ്ണികളിലൊന്നും അബദ്ധങ്ങള്‍ കടന്നു വരാന്‍ യാതൊരു സാധ്യതയുമില്ലാത്തതുമാവുക എന്നതാണ് ഒന്നാമത്തെ മാനദന്ധം. പാരായണരീതി അറബിവ്യാകരണനിയമങ്ങളുമായും അന്നത്തെ ഭാഷാപ്രയോഗങ്ങളുമായും പൂർണമായും ഒത്തുപോകുന്നതാവണമെന്നതാണ് രണ്ടാമത്തെ മാനദണ്ഡം. ഖലീഫ ഉഥ്മാനിന്റെ കാലത്ത് നിർമിക്കപ്പെട്ട ഏതെങ്കിലും ഒരു കോപ്പിയുടെ പൂർണമായും യോജിച്ച് വരുന്നതാകണം പാരായണരീതിയെന്നതാണ് മൂന്നാമത്തെ മാനദന്ധം. ഇതിൽ ഏതെങ്കിലുമൊരു മാനദന്ധം ഒത്തു വന്നിട്ടില്ലെങ്കിൽ ആ പാരായണരീതി അറിയപ്പെടുക ശാദ്ദ് (അസാധാരണം) എന്നാണ്. സ്വീകാര്യമായ പാരമ്പരയോട് കൂടിയുള്ളതാണെങ്കിലും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൂർണമായി വിജയിക്കുന്നില്ലെങ്കിൽ അതിനെ സ്വഹാബിമാരുടെ വ്യാഖ്യാനമായി(തഫ്സീർ) പരാമർശിക്കുമെങ്കിലും സ്വീകാര്യമായ പാരായണരീതിയായി അംഗീകരിക്കുകയില്ല. സ്വീകാര്യമായ പാരമ്പരയോടുകൂടിയുള്ളതല്ലാത്ത പാരായണങ്ങളെ വ്യാജം(ബാഥ്വിൽ) എന്ന് വിളിച്ച് മാറ്റി നിർത്തുകയാണ് ഖിറാഅത്തിന്റെ പണ്ഡിതന്മാർ ചെയ്യുക. എത്രത്തോളം സൂക്ഷ്മമായാണ് ഒരു ഖിറാഅത്ത് നബിയിൽ നിന്നുള്ളത് തന്നെയാണോയെന്ന് മുസ്‌ലിം സമൂഹം തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഈ സ്വീകരണരീതി. പ്രവാചകനിൽ നിന്നുള്ളതാണോയെന്ന് സംശയിക്കുന്ന തരത്തിലുള്ള യാതൊന്നുമില്ലാത്തതാണ് മുതവാത്തിറായി അറിയപ്പെടുന്ന സ്വീകാര്യമായ പത്ത് ഖിറാഅത്തുകളും എന്നർത്ഥം.

മുതവാത്തിറായ പത്ത് തരം പാരായണ രീതികളെക്കുറിച്ചും സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണ് ഹിജ്‌റ 833-ാം വര്‍ഷം അന്തരിച്ച ഇബ്‌നുല്‍ ജസരിയെന്ന് അറിയപ്പെടുന്ന അല്‍ഹാഫിദ് അബുല്‍ഖൈറ് മുഹമ്മദ് ബ്‌നു മുഹമ്മദ് അല്‍ ദിമശ്ഖിയുടെ ‘അന്നശ്‌റ് ഫില്‍ ക്വിറാആത്തില്‍ അശ്റ്’ എന്ന ബൃഹത്തായ ഗ്രന്ഥം.(അല്‍ ഹാഫിദ് അബുല്‍ ഖൈര്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ദിമഷ്ഖി ഇബ്‌നുല്‍ ജസരി: അന്നശ്ര്‍ ഫില്‍ ഖിറാആത്തില്‍ അശ്റ്, ബൈറൂത്ത്, ലബനാന്‍.) ഇവ്വിഷയകമായി നിരവധി രചനകള്‍ മുസ്‌ലിം ലോകത്തുണ്ടായിട്ടുണ്ട്; പ്രവാചകന്‍ (സ) പഠിപ്പിച്ച എല്ലാ രീതികളിലുമുള്ള പാരായണരീതികളില്‍ ക്വുര്‍ആന്‍ അവസാനനാളുവരെ പാരായണം ചെയ്യപ്പെടുന്ന അവസ്ഥ നിലനില്‍ക്കണമെന്ന് മുസ്‌ലിം സമൂഹം കരുതുന്നതിനാലാണ് ഇത്തരം ഗ്രന്ഥങ്ങളുണ്ടാവുന്നത്. 1994ല്‍ സിറിയയിലെ ദാറുല്‍ മുഹാജിര്‍ പ്രസാധനാലയം പ്രസിദ്ധീകരിച്ച അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ഫഖീഹ് യുടെ ‘അല്‍ ക്വിറാഅത്ത് അല്‍ അശറല്‍ മുതവാത്തിറ’എന്ന ഗ്രന്ഥം ഇവ്വിഷയകമായി പുറത്തിറങ്ങിയ താരതമ്യേന പുതിയ ഗ്രന്ഥങ്ങളിലൊന്നാണ്. (അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബില്‍ഫഖീഹ്: അല്‍ ഖിറാആത്തുല്‍ അശ്‌റുല്‍ മുതവാതിറ, ദാറുല്‍ മുഹാജിര്‍, 1994) നിലനില്‍ക്കുന്ന വ്യത്യസ്ത ഖിറാഅത്തുകള്‍ ക്വുര്‍ആനിന്റെ അഖണ്ഡതയെയും വിശ്വാസ്യതയേയും ബാധിക്കുമെന്ന് മുസ്‌ലിംലോകം ഒരിക്കലും കരുതിയിരുന്നില്ലെന്ന സത്യം വ്യക്തമാക്കുന്നതാണ് ഇത്തരം രചനകൾ. ഖിറാഅത്തിലുള്ള വ്യത്യസ്തതകളെക്കുറിച്ച അറിവുകള്‍ പൂഴ്ത്തിവെക്കുകയല്ല, അടുത്ത തലുമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് പ്രസ്തുത വിഷയത്തില്‍ വിവരമുള്ള പണ്ഡിതന്മാര്‍ ചെയ്തുവന്നിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന ഈ രചനകള്‍ ഖിറാഅത്തുകളിലുള്ള വ്യത്യാസം ഖുർആനിന്റെ അഖണ്ഡതയെയോ അമാനുഷികതയെയോ ബാധിക്കുമെന്ന് മുസ്‌ലിംകൾ ഒരിക്കലും കരുതിയിരുന്നില്ലെന്ന സത്യമാണ് വെളിപ്പെടുത്തുന്നത്.

ഖിറാഅത്തുകളിലെ വ്യത്യാസങ്ങളും ഹർഫുകളും

അംഗീകരിക്കപ്പെട്ട ഖിറാഅത്തുകളിൽ പാരായണരീതികൾ മാത്രമല്ല വ്യത്യാസമുള്ളത്. ചിലപ്പോൾ ശൈലികളും വാക്കുകളും വാചകഘടനയുമെല്ലാം വ്യത്യസ്തമാവാറുണ്ട്. ഈ വ്യത്യാസം പിൽക്കാലത്ത് ആരെങ്കിലും വരുത്തിയതല്ല; പ്രത്യുത, മുഹമ്മദ് നബി (സ) തന്നെ പഠിപ്പിച്ചതാണ്. ക്വുർആൻ മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ അത് ഏഴ് ഹർഫുകളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി(സ)ക്ക് ഏഴു ഹർഫുകളിൽ ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
സംസാരഭാഷയിൽ സാഹിത്യങ്ങൾ സുലഭമാവുകയും എഴുത്തുഭാഷ വളരെ വിരളമായി മാത്രം ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്ന സമൂഹത്തിലാണ് ക്വുര്‍ആന്‍ അവതരിക്കപ്പെടുന്നത്. ഖുറൈശികൾക്ക് അവരുടെ ഭാഷാശൈലിയും മറ്റു ഗോത്രക്കാർക്ക് അവരുടെ ശൈലികളും ഉണ്ടായിരുന്ന കാലം. ഖുർആൻ ആദ്യമായി അവതരിപ്പിക്കപ്പെടാനാരംഭിച്ചത് ഖുറൈശീഭാഷയിലും ശൈലിയിലുമായിരുന്നു. വ്യത്യസ്ത സമൂഹങ്ങളിലേക്ക് ഇസ്‌ലാം വ്യാപിച്ചതോടെ ഒരൊറ്റ ശൈലിയിൽ മാത്രമുള്ള ഖുർആൻ അവതരണം പ്രവാചകന്(സ) പ്രയാസങ്ങളുണ്ടാക്കി. വ്യത്യസ്ത ഗോത്രങ്ങളിലും സമൂഹങ്ങളിലും ഇസ്‌ലാമികപ്രബോധനത്തിന് സാധ്യമാകും വിധം വ്യത്യസ്ത ശൈലികളിൽ ഖുർആൻ പാരായണം ചെയ്യാൻ കഴിയുന്ന രീതിയിൽ അത് അവതരിപ്പിക്കുവാൻ ദൈവദൂതൻ (സ) തന്റെ രക്ഷിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഖുർആൻ ഏഴു ഹർഫുകളിൽ അവതരിപ്പിക്കപ്പെടുന്നത്. ഖുർആൻ അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത ഭാഷാശൈലികളെയാണ് ഹർഫുകൾ എന്ന് വിളിക്കുന്നത്.

ഖുർആനിലെ ചില പ്രയോഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ശൈലീവ്യത്യാസമാണത്. മൊത്തത്തിലോ ആയത്തുകളിൽ പൂർണമായോ അല്ല ഈ വ്യത്യാസങ്ങളുള്ളത്. ചില പ്രയോഗങ്ങൾക്കിടയിൽ മാത്രമാണെന്ന വസ്തുത പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

തന്റെ ആവശ്യപ്രകാരമാണ് വ്യത്യസ്ത ഹർഫുകളിൽ അല്ലാഹു ഖുർആൻ അവതരിപ്പിച്ചതെന്ന് പ്രവാചകൻ (സ) വ്യക്തമാക്കിയിട്ടുണ്ട്.

ഇബ്‌നു അബ്ബാസിൽ(റ) നിന്ന്: നബി (സ) പറഞ്ഞു: ജിബ്‌രീല്‍ ഭാഷയിലെ ഒരു ശൈലിയിലാണ് ക്വുര്‍ആന്‍ എനിക്ക് ഓതിത്തന്നത്. ഒന്നിലധികം (ശൈലികളില്‍) വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അത് ഏഴു ഹര്‍ഫുകളില്‍ എത്തിനിന്നു. (സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്)

ഉബയ്യ്ബ്‌നു കഅ്ബില്‍ (റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ ജിബ്‌രീലിനോട്(റ) പറഞ്ഞു: “ഓ, ജിബ്‌രീല്‍! പ്രായമായ സ്ത്രീകളും പുരുഷന്‍മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു നിരക്ഷര സമുദായത്തിലേക്കാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഗ്രന്ഥം പാരായണം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ജിബ്‌രീല്‍ (റ) പറഞ്ഞു: ഓ, മുഹമ്മദ്! ക്വുര്‍ആന്‍ ഏഴു ഹര്‍ഫുകളിലാണ് (ശൈലികള്‍) അവതരിക്കപ്പെട്ടിട്ടുള്ളത്, തീര്‍ച്ച.” (ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523: ഇബ്‌നു ഹിബ്ബാന്‍ (ഹദീഥ് 736) ഉദ്ധരിച്ചിട്ടുള്ള ഈ ഹദീഥ് ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത്വ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (Abu Khaliyl: English Translation of Jami’at Thirmidhi, Riyadh, 2007, Volume 5, Page 269); ശൈഖ് അല്‍ബാനിയും ഈ ഹദീഥ് ഹസനും സ്വഹീഹുമാണെന്നാണ് പറഞ്ഞിട്ടുള്ളത്: (സ്വഹീഹ് ജാമിഉത്തിര്‍മിദി, ഹദീഥ് 2942)

ഉബയ്യുബ്‌നു കഅ്ബില്‍(റ) നിന്ന്: ബനൂ ഗിഫാറുകാരുടെ തടാകത്തിനരികിലിരിക്കുമ്പോള്‍ പ്രവാചകനെ(സ) ജിബ്‌രീല്‍ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഒരു പാരായണശൈലി(ഹര്‍ഫ്)യില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’ നബി (സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ രണ്ടാമത് വന്നുകൊണ്ട് പറഞ്ഞു: ‘താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ രണ്ടു ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’ നബി(സ) പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല.’ ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ മൂന്നാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ മൂന്നു ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. നബി (സ) പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ നാലാം തവണ വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഏഴ് ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. ഇതില്‍ ഏതുതരം പാരായണശൈലിയില്‍ അവര്‍ പാരായണം ചെയ്താലും അത് ശരിയായിരിക്കും.” (സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സ്വലാത്ത്)

ഹർഫുകളുടെ കാര്യത്തിലുള്ള തർക്കം

ഏഴ് വ്യത്യസ്ത ശൈലികളില്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടതിനാല്‍ തന്നെ പ്രവാചകാനുചരന്മാരിൽ പലരും പാരായണം ചെയ്തിരുന്നത് പല ശൈലികളിലായിരുന്നുവെന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൃത്യമായി അറിയാവുന്നവരായിരുന്നില്ല എല്ലാ പ്രവാചകാനുചരന്മാരും. അതുകൊണ്ടുതന്നെ ഇതേ സംബന്ധിച്ച് അവർ തമ്മിൽ തർക്കങ്ങൾ നടന്നിട്ടുണ്ട്. ഏഴു ഹര്‍ഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാര്‍ തമ്മില്‍ ഇവ്വിഷയക മായി നടന്ന തര്‍ക്കങ്ങളെക്കുറിച്ച വിവരണങ്ങളില്‍ ഇക്കാര്യമാണുള്ളത്. വ്യത്യസ്തമായ ഹർഫുകളിലുള്ള പാരായണങ്ങളെല്ലാം അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിര്‍ദേശമാണ് ഇവയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യാനെന്നും ഇവയിലേതിലെങ്കിലും ഒന്നില്‍ പാരായണം ചെയ്താല്‍ മതിയെന്നും ഒന്ന് മറ്റേതില്‍നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകളാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

രണ്ട് ഹദീഥുകള്‍ കാണുക.
ഉമറുബ്‌നുല്‍ ഖത്ത്വാബില്‍ (റ) നിന്ന്: ‘റസൂലിന്റെ കാലത്ത് ഹിശാമുബ്‌നു ഹകീം ഒരിക്കല്‍ ‘സൂറത്തുല്‍ ഫുര്‍ഖാന്‍’ ഓതുന്നത് ഞാന്‍ കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂല്‍ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്‌കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാന്‍ എനിക്ക് തോന്നി. നമസ്‌കാരം കഴിയുംവരെ ഞാന്‍ ക്ഷമിച്ചു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാന്‍ ചോദിച്ചു: ‘നിങ്ങളിപ്പോള്‍ ഓതുന്നതായി ഞാന്‍ കേട്ട സൂറത്ത് നിങ്ങള്‍ക്കാരാണ് ഓതിത്തന്നത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.’ ഞാന്‍ പറഞ്ഞു: ‘കള്ളം. റസൂല്‍ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങള്‍ ഓതിയ രൂപത്തിലല്ല.’ അദ്ദേഹത്തെയും പിടിച്ച് ഞാന്‍ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഞാന്‍ റസൂലിനോട് പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് ഓതിത്തരാത്തവിധം സൂറത്തുല്‍ ഫുര്‍ഖാന്‍ ഇദ്ദേഹം ഓതുന്നത് ഞാന്‍ കേട്ടു.’ റസൂല്‍ (സ) പറഞ്ഞു: ‘അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങള്‍ ഓതൂ.’ ഹിശാം ഞാന്‍ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ‘ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.’ തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: ‘ഉമറേ, നിങ്ങളൊന്ന് ഓതൂ.’ റസൂല്‍ (സ) എന്നെ പഠിപ്പിച്ചപോലെ ഞാന്‍ ഓതി. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ‘ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുര്‍ആന്‍ ഏഴ് വ്യത്യസ്ത ശൈലികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.’ (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖു ബിഹി)

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന്: ‘നബി (സ) പാരായണം ചെയ്തതില്‍നിന്ന് വ്യത്യസ്തമായി ഒരാള്‍ ഒരു സൂക്തം പാരായണം ചെയ്തത് ഞാന്‍ കേട്ടു. ഞാന്‍ അയാളുടെ കൈക്ക് പിടിച്ച് നബിയുടെ (സ) അടുത്ത് കൊണ്ടുവന്ന് കാര്യം ബോധിപ്പിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങളിരുവരും (പാരായണം ചെയ്തത്) ശരിയാണ്. നിങ്ങള്‍ ഭിന്നിക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു; അങ്ങനെ അവര്‍ നശിച്ചു.’ (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്)

വ്യത്യസ്ത ഹർഫുകളിലുള്ള ഖുർആനിന്റെ അവതരണത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് ഇക്കാര്യത്തിൽ സ്വഹാബിമാർക്കിടയിൽ തർക്കങ്ങളുണ്ടായത്. ഏഴു ഹർഫുകളിലായാണ് ഖുർആൻ അവതരിക്കപ്പെട്ടത് എന്ന് പ്രവാചകനിൽ നിന്ന് തന്നെ അവർ പഠിച്ചതോടെ പ്രസ്തുത തർക്കവും തീർന്നതായി മനസ്സിലാകുന്നുണ്ട്. പ്രവാചകവിയോഗത്തിനു ശേഷം ജീവിച്ച സ്വഹാബിമാർക്ക് ഏഴു ഹർഫുകളിലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുത കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഉഥ്മാൻ (റ) മിമ്പറില്‍ നിന്നും ചോദിച്ചു :ഈ ക്വുര്‍ആന്‍ ഏഴു ഹര്‍ഫുകളിലായി അവതീര്‍ണമായി. ഓരോന്നും സമ്പൂര്‍ണവും മതിയായതുമാണ് എന്നു നബി (സ) പറഞ്ഞതിന് ആരാണ് സാക്ഷിയുള്ളത്? അപ്പോള്‍ എണ്ണപ്പെടാനാകാത്തവിധം വലിയൊരു സംഘം എഴുന്നേറ്റു നിന്ന് അതിനു സാക്ഷികളായി.” (അബൂയഅ്‌ലാ -മുസ്‌നദ്; മജ്മഉ സവാഇദ് 7/ 155)

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത വാമൊഴികൾ സ്വീകരിച്ചിരുന്ന വ്യത്യസ്ത ഗോത്രങ്ങളിലുള്ളവർക്ക് ഒരേ ശൈലിയിലുള്ള പാരായണം പ്രയാസകരമാണെന്നതിനാല്‍ അല്ലാഹു തന്നെ അവതരിപ്പിച്ചതാണ് ഏഴ് ഹര്‍ഫുകളിലായുള്ള ക്വുര്‍ആന്‍ പാരായണമെന്നും നബി(സ)യുടെ കാലത്ത് തന്നെ അത് നിലനിന്നിരുന്നുവെന്നുമുള്ള വസ്തുതകൾ മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ക്വുര്‍ആനുകള്‍ മുഹമ്മദ് നബി(സ)ക്കു ശേഷം ഖുർആനിൽ കളങ്കങ്ങളുണ്ടായിയെന്നതിനുള്ള തെളിവാണെന്ന് ചില വിമര്‍ശകന്മാര്‍ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ക്വുര്‍ആന്‍ പാരായണം നബി (സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടും ക്വുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. “അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു”(4:82) വെന്ന ക്വുര്‍ആന്‍ വചനത്തിലെ പരാമര്‍ശം ഏഴ് ഹര്‍ഫുകള്‍ക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹര്‍ഫിലുള്ള ക്വുര്‍ആനിലെ വചനങ്ങള്‍ തമ്മിലോ വ്യത്യസ്ത ഹര്‍ഫുകള്‍ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടുപോലും ക്വുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്.

(തുടരും)

No comments yet.

Leave a comment

Your email address will not be published.