ഖുർആൻ സംരക്ഷിതഗ്രന്ഥം -20

//ഖുർആൻ സംരക്ഷിതഗ്രന്ഥം -20
//ഖുർആൻ സംരക്ഷിതഗ്രന്ഥം -20
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -20

Print Now
വിമർശനം: ഖുർആൻ പകർത്തിയെഴുതിയപ്പോൾ ഗുരുതരമായ ചില വ്യാകരണപ്പിഴവുകൾ വന്നതായി വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ടല്ലോ. വ്യാകരണപ്പിഴവുകൾ അടക്കം പകർത്തിയെഴുത്തുകാർക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ, ഖുർആൻ അവതരിപ്പിക്കപ്പെട്ട രൂപത്തിൽ സംരക്ഷിക്കപെട്ടുവെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ഇമാം സുയൂഥ്വിയുടെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന ആയിശയിൽ(റ) നിന്നും ഉഥ്മാനിൽ(റ) നിന്നുമുള്ള രണ്ട് നിവേദനങ്ങളാണ് ഈ വിമർശനത്തിന് ആധാരം. അവ ഇങ്ങനെയാണ്:

1) ഹിഷാമു ബ്നു ഉർവ്വ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖുർആനിലെ വ്യാകരണപ്പിഴവുകളെക്കുറിച്ച് ഞാൻ ആയിശയോട് ചോദിച്ചു. സൂറത്തുൽ മാഇദയിലെ 69 ആം വചനത്തിലെയും (اِنَّ الَّذِيۡنَ اٰمَنُوۡا وَالَّذِيۡنَ هَادُوۡا وَالصَّابِـُٔـوۡنَ وَالنَّصٰرٰى) സൂറത്തു ന്നിസാഇലെ 162ആം വചനത്തിലെയും (وَالۡمُقِيۡمِيۡنَ الصَّلٰوةَ وَالۡمُؤۡتُوۡنَ الزَّكٰوةَ وَ الۡمُؤۡمِنُوۡنَ بِاللّٰهِ ) സൂറത്തു ത്വാഹയിലെ 63ആം വചനത്തിലെയും (اِنۡ هٰذٰٮنِ لَسٰحِرٰنِ) (വ്യാകരണപ്പിശകുകളെക്കുറിച്ചാണ് ഞാൻ ചോദിച്ചത്.) അപ്പോൾ അവർ പറഞ്ഞു: സഹോദരീപുത്രാ… ഇവ എഴുത്തുകാരുടെ അബദ്ധങ്ങളാണ്; എഴുതിയപ്പോൾ അവർക്ക് അബദ്ധങ്ങൾ സംഭവിച്ചുപോയി” (അല്‍ ഇത്ഖാന്‍ 1/174)

2) ഇബ്നു അബ്ബാസിന്റെ മോചിപ്പിക്കപ്പെട്ട ദാസനായ ഇക്‌രിമയിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മുസ്ഹഫുകൾ എഴുതപ്പെട്ടശേഷം അവ ഉഥ്മാനെ കാണിച്ചപ്പോൾ അദ്ദേഹം അതിൽ ചില വ്യാകരണപ്പിശകുകൾ കണ്ടു. അദ്ദേഹം പറഞ്ഞു: നിങ്ങല്‍ അത് മാറ്റേണ്ടതില്ല. അറബികളുടെ ഭാഷാശുദ്ധി അതിനെ ശരിയാക്കിക്കൊള്ളും; അല്ലെങ്കിൽ അവർ അത് ശരിയായി വായിച്ചുകൊള്ളും. എഴുത്തുകാരന്‍ സഖീഫ് ഗോത്രക്കാരനും വായിച്ചുകൊടുത്തത് ബുദൈല്‍ ഗോത്രക്കാരനുമായിരുന്നുവെങ്കില്‍ ഈ പിഴവുകള്‍ ഉണ്ടാകുമായിരുന്നില്ല. (അബൂ ഉബൈദ്: ഫദാഇലുല്‍ ക്വുര്‍ആന്‍ 2/103, ഇബ്‌നു അബീ ദാവൂദ്: അല്‍ മസാഹിഫ് 1/235)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) ആയിശയിൽ(റ) നിന്നുള്ള ഹിശാമുബ്നു ഉർവ്വയുടെ നിവേദനം രണ്ട് കൂഫീ നിവേദകരിലൂടെയാണ് പണ്ഡിതന്മാർ ഉദ്ധരിച്ചിരിക്കുന്നത്. അബൂ മുആവിയ അദ്ദരീർ ആണ് ഒന്നാമത്തെയാൾ. സഈദു ബിൻ മൻസൂർ തന്റെ സുനനിലും (4/1507) അബൂ ഉബൈദ് തന്റെ ഫദാഇലിൽ ഖുർആനിലും (പുറം 229) ഇമാം ത്വബ്‌രി തന്റെ ജാമിഉൽ ബയാനിലും(9/359) ഇബ്നു അബീ ദാവൂദ് തന്റെ അൽ മസാഹിഫിലു(പുറം 43)മെല്ലാം അബൂ മുആവിയയിൽ നിന്നാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. അലിയ്യു ബ്നു മസ്ഹർ അൽകൂഫിയാണ് രണ്ടാമത്തെ നിവേദകൻ. ഉമർ ബ്നു ശുബ്ബാഹിന്റെ താരീഖുൽ മദീനയിൽ (3/1013-1014) അദ്ദേഹത്തിൽ നിന്നുള്ള നിവേദനമാണുള്ളത്. ഇത്തരം ഒറ്റപ്പെട്ടതും അംഗീകൃതമായ തത്ത്വങ്ങൾക്ക് വിരുദ്ധവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സംഭവങ്ങൾ ഹിശാമു ബ്നു ഉർവ്വയിൽ നിന്ന് അദ്ദേഹത്തിന്റെ അവസാനകാലത്ത് നിവേദനം ചെയ്യപ്പെട്ടാൽ അത് സ്വീകാര്യമാവുകയില്ലെന്നാണ് ഹദീഥ് ശാസ്ത്രജ്ഞന്മാർ പറയുക. ഇക്കാര്യം ഇമാം ദഹബി തന്റെ ‘മീസാനുൽ ഇഅതിദാൽ’ എന്ന ഗ്രൻഥത്തിൽ വ്യക്തമാക്കുന്നുണ്ട്. “തന്റെ ജീവിതാന്ത്യത്തിൽ ഇറാഖിലേക്ക് വന്ന ശേഷം ഹിശാമു ബ്നു ഉർവ്വ മഹത്തായ നിരവധി വിജ്ഞാനങ്ങൾ പഠിപ്പിച്ചിട്ടുണ്ട്; എന്നാൽ ആ സമയത്ത് അദ്ദേഹം നിവേദനം ചെയ്ത ചില ഹദീഥുകൾ പ്രബലമല്ല. മാലിക്കിനും ശുഅബക്കും വക്കീഇനും മറ്റ് അനവധി പ്രഗത്ഭരും സത്യസന്ധരുമായ പണ്ഡിതർക്കും ഇതേപോലെ സംഭവിച്ചിട്ടുണ്ട്.” (4/301)

പ്രായാധിക്യത്താൽ മറവി പറ്റാൻ സാധ്യതയുള്ളതിനാലും വാർധക്യസഹജമായ പ്രയാസങ്ങളുള്ളതിനാലും മറ്റെവിടെയും പറയാത്ത എന്തെങ്കിലും അത്തരം പണ്ഡിതന്മാർ പ്രായാധിക്യമുള്ള കാലത്ത് പറഞ്ഞാൽ അത് സ്വീകാര്യമല്ല എന്നാണ് ഇപ്പറഞ്ഞതിനർത്ഥം. അത്തരക്കാരുടെ നിവേദങ്ങൾക്ക് ഉപോൽബലകമായി മറ്റ് നിവേദനങ്ങളുണ്ടെങ്കിലേ അവ ഹദീഥ് പണ്ഡിതന്മാർ സ്വീകരിക്കുകയുള്ളൂ. ഇറാഖിലെത്തിയ ശേഷമുള്ള ഹിശാമു ബ്നു ഉർവ്വയുടെ ചില നിവേദനങ്ങൾ സ്വീകാര്യമാണെന്ന് ഹദീഥ് നിദാന ശാസ്ത്രജ്ഞർ പറയുന്നത് അവയെ ബലപ്പെടുത്തുന്ന മറ്റു നിവേദനങ്ങൾ ഉള്ളതിനാലാണ്. എന്നാൽ ആയിശയിൽ നിന്നുള്ള ഈ അഥറിനെ ബലപ്പെടുത്തുന്ന മറ്റു നിവേദനങ്ങൾ ഒന്നും തന്നെയില്ല. അത് കൊണ്ട് തന്നെ ഈ നിവേദനം സ്വീകാര്യമായി ഗണിക്കപ്പെടുകയില്ല.

ഹിശാമുബ്നു ഉർവ്വ മാത്രമല്ല, അദ്ദേഹത്തിൽ നിന്ന് ഈ സംഭവം നിവേദനം ചെയ്ത അബൂ മുആവിയ മുഹമ്മദ് ബിൻ ഖാസിം അദ്ദരീർ അൽ കൂഫിയും ഇത്തരം നിവേദങ്ങളുടെ കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാർക്ക് സ്വീകാര്യനായ വ്യക്തിയല്ല. അബൂ മുആവിയയിലൂടെയുള്ള ചില നിവേദനങ്ങൾ സ്വീകാര്യമല്ലെന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലാഹ് സാക്ഷ്യപ്പെടുത്തുന്നത് ഇമാം ഇബ്നു ഹജർ ഉദ്ധരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: “അഅമഷ് നിവേദനം ചെയ്തതല്ലാതെയുള്ള അബൂ മുആവിയയിൽ നിന്നുള്ള വിവരണങ്ങളൊന്നും സ്വീകാര്യയോഗ്യമല്ല.” (തഹ്ദീബു ത്തഹ്ദീബ് ഭാഗം 9, പുറങ്ങൾ 138, 139) ഇമാം അബൂ ദാവൂദും ഇക്കാര്യം തന്നെ പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് ഇമാം ദഹബി ഉദ്ധരിക്കുന്നു: “ഞാൻ അഹ്‌മദ്‌ ബിൻ ഹമ്പലിനോട് ചോദിച്ചു: ഹിശാമുബ്നു ഉർവ്വയിൽ നിന്നുള്ള അബൂ മുആവിയയുടെ നിവേദനങ്ങളെക്കുറിച്ച് താങ്കൾ എന്ത് കരുതുന്നു? അദ്ദേഹം പ്രതിവചിച്ചു: ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ നിവേദനങ്ങളൊന്നും തന്നെ സ്വീകാര്യമല്ല. ഇബ്നു ഖർറാഷിൻറെ അഭിപ്രായപ്രകാരം അഅമഷിലൂടെയാണെങ്കിൽ മാത്രമേ അബൂമുആവിയയുടെ നിവേദനങ്ങളെ ആശ്രയിക്കാൻ പറ്റുകയുള്ളൂ” (മീസാനുൽ ഇഅതിദാൽ, ഭാഗം 4 , പുറം 575) ഏത് നിലയ്ക്ക് നോക്കിയാലും തെളിവിന് കൊള്ളാത്ത ദുർബലമായ നിവേദനമാണ് ഇതെന്ന് വ്യക്തമാണെന്നർത്ഥം.

രണ്ട്) ഉഥ്മാൻ (റ) പറഞ്ഞതായി ഇക്‌രിമയിൽ നിന്നുള്ള നിവേദനമാണ് വ്യാകരണപ്പിശക് ആരോപിക്കുന്നവരുടെ രണ്ടാമത്തെ തെളിവ്. അബൂ ഉബൈദ് തന്റെ ഫദാഇലിൽ ഖുർആനിലും (2/103) ഇബ്നു അബീദാവൂദ് തന്റെ അൽ മസാഹിഫിലും (1/235) ഈ നിവേദനം ഉദ്ധരിച്ചിട്ടുണ്ട്. തീരെ ദുർബലമാണീ നിവേദനം. ഉഥ്മാനിന്റെ അടുത്ത് നിന്ന് നേരിട്ട് ഇക്‌രിമ കേട്ടതല്ല ഇത്. ഉഥ്മാൻ പറഞ്ഞതായി മറ്റാരോ പറഞ്ഞത് കേട്ട് നിവേദനം ചെയ്തതാണ്. ഈ നടുവിലെ വ്യക്തി ആരാണെന്നറിയില്ല. ഇത്തരം നിവേദങ്ങളെയാണ് മുർസൽ എന്ന് പറയുക. ഇക്‌രിമയും ഉഥ്മാനും തമ്മിൽ നിവേദകശ്രംഖലയിൽ ഒരു കണ്ണി വിട്ടുപോയിട്ടുണ്ടെന്ന വസ്തുത ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതാണ്. നിദാനശാസ്ത്രപടുവായ അബൂ സഈദ് അൽ ആലാഈ തന്റെ ജാമിഅ ത്തഹസീൽ ഫീ അഹ്കാമൽ മറാസീൽ (പുറം 239) എന്ന ഗ്രൻഥത്തിലും ഖുർആൻ രേഖീകരണചരിത്രത്തിലെ പണ്ഡിതനായ അബൂ അംദ്ദാനീ തന്റെ കിതാബുൽ മുഖന്നിഅ (പുറം 115) എന്ന ഗ്രന്ഥത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു അബീദാവൂദിന്റെ ഒരു നിവേദനത്തില്‍ ഇഖ്‌രിമതു ഥാഇയ്യ് എന്നാണ് നിവേദകനെ വിളിച്ചിരിക്കുന്നത്. ഹദീഥ് പണ്ഡിതന്മാർക്ക് പരിചയമില്ലാത്ത പേരാണിത്. ഈ നിവേദനത്തിന്റെ മറ്റൊരു ന്യൂനതയാണിത്. ഇത്തരം നിവേദനങ്ങൾ തെളിവിന് കൊള്ളുന്നതല്ലെന്ന് ഹദീഥ് നിദാനശാസ്ത്രത്തിൽ അടിസ്ഥാന വിവരമെങ്കിലുമുള്ള ആർക്കും മനസ്സിലാവും.

യഹ്‌യാ ബിന്‍ യഅ്മര്‍ വഴിയാണ് ഈ അഥറിന്റെ മറ്റൊരു നിവേദകപരമ്പര. ഇദ്ദേഹം ഉഥ്മാനെ(റ) കണ്ടിട്ടില്ലാത്തതിനാല്‍ പരമ്പര മുറിഞ്ഞതാണ്. ഇമാം ബുഖാരി (റ) താരീഖുല്‍ കബീറി(5/170)ലും ഇബ്നു ഹജറുൽ അസ്ഖലാനി തഹ്ദിബു തഹ്ദീബി (11/305)ലും ഇക്കാര്യം വ്യക്തമാക്കുന്നു. ഇതിന്റെ നിവേദകപരമ്പര അവ്യക്തവും തെളിവിന് കൊള്ളാത്തതുമാണെന്ന് ഇമാം ബാഖില്ലാനി തന്റെ ‘അല്‍ ഇന്‍തിദ്വാർ ലില്‍ ക്വുര്‍ആന്‍ (2/136) ല്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു നിവേദനം അബ്ദുല്‍ അഅ്‌ലാ വഴിയാണ്. ഇദ്ദേഹത്തെ ഒരു നിരൂപകനും വിശ്വസ്തനായി കാണുന്നില്ല. ആയതിനാല്‍ ഇതും ബലഹീനമാണ്. മറ്റൊരു നിവേദനം ഖതാദ (റ) വഴിയാണ്. ഈ പരമ്പരയിലും അവ്യക്തതയുണ്ട്. കാരണം ഒരു നിവേദകന്‍ പറയുന്നത് നമ്മുടെ അനുയായികള്‍ ഉദ്ധരിച്ചുവെന്നാണ്. ആരാണ് ഈ അനുയായികൾ എന്ന് വ്യക്തമല്ല. അതിനാല്‍ ഇതും ബലഹീനമാണ്. ഖുർആൻ എഴുതിയപ്പോൾ അബദ്ധങ്ങളുണ്ടായിയെന്ന പേരിൽ ഉഥ്മാനിന്റേതായി ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളൊന്നും തെളിവിന് കൊള്ളാത്തതാണ് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മൂന്ന്) പകർത്തിയെഴുതുമ്പോൾ ഖുർആനിൽ വ്യാകരണത്തെറ്റുണ്ടായിയെന്ന ആയിശയിൽ നിന്നുള്ളതായി ഉദ്ധരിക്കപ്പെടുന്ന വർത്തമാനം പരിഗണന പോലും അർഹിക്കാത്ത ദുർബലവാദമാണെന്ന് അല്പം ചിന്തിക്കുന്ന ആർക്കും മനസ്സിലാവും. ഏതൊരു ഭാഷയിലാണെങ്കിലും അതിലെ അംഗീകരിക്കപ്പെട്ട സാഹിത്യകൃതികളുടെ വെളിച്ചത്തിലാണ് വ്യാകരണനിയമങ്ങൾ രൂപപ്പെടുന്നത്. വ്യാകരണത്തിൽ നിന്ന് ഭാഷയല്ല, ഭാഷയിൽ നിന്ന് വ്യാകരണമാണുണ്ടാവുന്നത്. അതിപുരാതനമായ ഗ്രീക്ക് ഭാഷക്ക് ആദ്യമായി പദരൂപശാസ്ത്ര(word morphology)മുണ്ടാക്കുന്നത് ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ദിയോനീസിയൂസ് ത്രാക്‌സ് ആണ്. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ മാത്രമാണ് അപ്പോളോനിയുസ് ഡിസ്കൊലസ് വാക്യങ്ങളുടെ പദവിന്യാസക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വ്യാകരണത്തിലേക്ക് കടക്കുന്നത്. നിലവിലുള്ള ഗ്രീക്ക് സാഹിത്യകൃതികളും സംസാരശൈലിയും പഠനവിധേയമാക്കിയാണ് അദ്ദേഹം അക്കാര്യം നിർവ്വഹിച്ചത്. അതിനുശേഷമാണ് പാശ്ചാത്യഭാഷകളിലെയെല്ലാം വ്യാകരണനിയമങ്ങളുണ്ടാവുന്നത്. ഈ വ്യാകരണനിയമങ്ങളുടെ വെളിച്ചത്തിൽ അവയ്ക്ക് ആധാരമായ സാഹിത്യകൃതികളെ വിമർശിക്കുന്നത് എന്തുമാത്രം വലിയ വങ്കത്തമല്ല! ഏത് കൃതികളിലെ ഭാഷയുടെ വിന്യാസക്രമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് വ്യാകരണമുണ്ടാക്കിയോ അതേ വ്യാകരണനിയമങ്ങൾ ആ കൃതികളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നത് എത്രമാത്രം വലിയ വിവരക്കേടാണ്!

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവരുടെയെല്ലാം മതഭാഷ അറബിയായിത്തീർന്ന സ്വാഭാവികസാഹചര്യത്തിൽ ശുദ്ധഅറബിക്ക് ഭംഗമുണ്ടാവുമോയെന്ന ഭയത്തിൽ നിന്നാണ് അറബി വ്യാകരണനിയമങ്ങൾ ക്രോഡീകരിക്കുകയെന്ന ചിന്തയുണ്ടായതെന്ന് ചരിത്രവിശാരദനായ ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ വ്യാകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് സൂചിപ്പിക്കുന്നുണ്ട്. ക്രിസ്താബ്ദം 688ൽ മരണപ്പെട്ട ‘അബുൽ അസ്‌വദ ദ്ദുവലിയുടെ ‘ഉസൂലു ന്നഹ്‌വ് അൽഅറബി’യാണ് ആദ്യമായി രചിക്കപ്പെട്ട അറബി വ്യാകരണഗ്രൻഥം. അദ്ദേഹത്തിന് ശേഷമാണ് അറബി വ്യാകരണനിയമങ്ങൾ കൃത്യമായും സൂക്ഷ്മമായും ക്രോഡീകരിക്കപ്പെട്ടത്. അതിനുവേണ്ടി വ്യാകരണവിദഗ്ദന്മാർ സ്വീകരിച്ച അടിസ്ഥാനസ്രോതസ്സുകൾ ഖുർആനും ഇസ്‌ലാമിന് മുമ്പുള്ള അറബിക്കവിതകളുമായിരുന്നു. അറബി വ്യാകരണത്തിന്റെ ആധാരമാണ് ഖുർആനും അന്തരാളകകവിതകളുമെന്നർത്ഥം. ഇസ്‌ലാമിന് മുമ്പത്തെ കവികളുടെ കുലപതിയായ ഇമ്രുൽ ഖൈസിന്റെ കവിതയിൽ അറബി വ്യാകരണനിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും വിമർശിച്ചാൽ ഭാഷാശാസ്ത്രജ്ഞന്മാർ ആ വിമർശനം ശ്രദ്ധിക്കുക പോലുമില്ല. ഇതേപോലെയാണ് ഖുർആനിൽ വ്യാകരണനിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന വിമർശനവും. അങ്ങനെ വിമർശിക്കുന്നവർക്ക് ഒന്നുകിൽ വ്യാകരണമറിയില്ല; അല്ലെങ്കിൽ ഖുർആൻ അറിയില്ല; അതുമല്ലെങ്കിൽ രണ്ടും അറിയില്ല. മൂന്നാമത്തെ വിഭാഗത്തിലാണ് ആ ആരോപണമുന്നയിക്കുന്ന ആധുനികരിലധികവും എന്നതാണ് വസ്തുത.

നാല്) ഖുർആൻ എഴുതിയപ്പോൾ ഗുരുതരമായ വ്യാകരണത്തെറ്റുകളുണ്ടായിട്ട് അത് ആയിഷയും ഉഥ്മാനും മാത്രമേ അറിഞ്ഞുവെന്ന് കരുതുന്നത് തനി വങ്കത്തമാണ്. മറ്റു സ്വഹാബിമാരിൽ നിന്നൊന്നും തന്നെ ഇത്തരമൊരു ആരോപണം ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഉഥ്മാനെതിരെ അദ്ദേഹത്തിന്റെ ഭരണകാലത്ത് കലാപമുണ്ടാക്കിയവരൊന്നും തന്നെ ഖുർആനിലുണ്ടായിരുന്ന അബദ്ധങ്ങൾ തിരുത്തുവാൻ ഭരണാധികാരിയും ഖുർആൻ ക്രോഡീകരണത്തിന് ഉത്തരവിട്ടയാളും എന്ന നിലയിൽ അദ്ദേഹം നടപടികളൊന്നുമെടുത്തില്ല എന്ന ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ഉഥ്മാനെ വധിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളിൽ ഉറച്ച നിലപാടെടുക്കുകയും യുദ്ധത്തിന് വരെ ഒരുങ്ങുകയും ചെയ്ത ധീരവനിതയായ ആയിശ (റ) ഖുർആനിൽ വ്യാകരണപ്പിശകുകളുണ്ടെന്ന് മനസ്സിലാക്കിയിട്ടും അവ തിരുത്തുവാൻ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് കരുതുവാൻ ന്യായമില്ല. മറ്റെന്തിനേക്കാളുമധികം ഖുർആനിൽ കളങ്കങ്ങളൊന്നും വന്നുചേരരുതെന്ന് നിർബന്ധമുണ്ടായിരുന്ന സ്വഹാബിസഞ്ചയത്തിന്റെ പ്രതിനിധിയായ ആയിശ (റ), എഴുത്തുകാരിലൂടെ വന്നുചേർന്ന വ്യാകരണത്തെറ്റുകളെ അതേപോലെ അവശേഷിപ്പിക്കുവാൻ ആരെങ്കിലും അനുമതി നല്കിയെന്നറിഞ്ഞാൽ വെറുതെയിരിക്കുമെന്ന് കരുതിക്കൂടാ. അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട സുഹ്ഫ് തന്റെ സഹപത്നിയായ ഹഫ്സയുടെ പക്കൽ അവശേഷിച്ചിരുന്ന സമയത്ത് അതുമായി ഒത്തുനോക്കി അത്തരം പിശകുകളുണ്ടായിരുന്നെങ്കിൽ അവ തിരുത്തുവാൻ ആയിശ തയാറാകുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ ഉഥ്മാനിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആനിൽ വ്യാകരണപ്പിശകുള്ളതായുള്ള അവരുടെ പേരിലുള്ള നിവേദനം ശരിയാകാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കുന്നു.

അഞ്ച്) അറബി വ്യാകരണ നിയമങ്ങൾ പ്രകാരം പിശകുകളാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന മുഴുവന്‍ വചനങ്ങളും അറബി വ്യാകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ആഴമേറിയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍. അവയൊന്നും തന്നെ പിശകുകളല്ലെന്നും ഭാഷയിലെ സവിശേഷമായ സന്ദർഭങ്ങളിലെ പ്രയോഗങ്ങളാണെന്നും ഖുർആനിന് മുൻപ് തന്നെയുള്ള സാഹിത്യകൃതികളുടെ വെളിച്ചത്തിൽ സമർത്ഥിക്കപ്പെട്ടിട്ടുമുണ്ട്. ഭാഷാപരമായ പിഴവുകളിൽ നിന്നും വ്യാകരണസംബന്ധിയായ അബദ്ധങ്ങളിൽ നിന്നും പൂര്‍ണമായും സംരക്ഷിതമാണ് ഖുർആൻ എന്ന വസ്തുത പ്രസ്തുത പഠനങ്ങൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും.

2 Comments

  • Indeed protecting the Quran to its original form is an assurance from Allah Subhana watalah until Yaumul Qiyamah.

    Mohamed Faizy K A 07.05.2020
  • Alhamdulillah 👌
    Exact reply!!!!!

    Anwar sha 11.05.2020

Leave a comment

Your email address will not be published.