ഖുർആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?

//ഖുർആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?
//ഖുർആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?
ശാസ്ത്രം / തത്ത്വശാസ്ത്രം

ഖുർആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?

Print Now
ഖുർആനിൽ അബദ്ധങ്ങളുണ്ടെന്നും അതിനാൽ അത് ദൈവികമല്ലെന്നും വരുത്തിത്തീർക്കുന്നതിനായി വിമർശകർ ഉന്നയിക്കുന്ന ഒരാരോപണമാണ് ‘ഖുർആനിലെ ഭൂമി പരന്നതാണ്’ എന്ന വാദം. ഇതിനവർ ഖുർആനിൽ നിന്ന് തെളിവായുദ്ധരിക്കുന്ന വചനങ്ങൾ കാണുക.
“നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌.” (2:22)
“ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത്‌ വിതാനിച്ചവന്‍ എത്ര നല്ലവന്‍!”(51:48)
“അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.” (71:19)
“ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (88:20)
ഈ വചനങ്ങളും സമാനമായ മറ്റു ചില വചനങ്ങളുമുദ്ധരിച്ച് ‘ഖുർആനിലെ ഭൂമി പരന്നതാണ്’ എന്നാണ് വാദം.

എന്നാൽ, ഭൂമിയെക്കുറിച്ച് വിശുദ്ധ ഖുർആനിലെ മറ്റു ചില പരാമർശങ്ങൾ നോക്കൂ.
“അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍.” (43:10)
“നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)
ഈ വചനങ്ങളിൽ നിന്ന് ‘ഖുർആനിലെ ഭൂമി തൊട്ടിലിന്റെ ആകൃതിയോടെ തൂങ്ങി നിൽക്കുന്നതാണ്’ എന്ന് വിമർശകർ വാദിക്കുമോ?

എന്താണ് വസ്തുത?

വിമർശകരുദ്ധരിക്കാറുള്ള സൂറത്ത് ഗാശിയയിലെ ഇരുപതാം വചനം പരിശോധിക്കുക. “ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?… ” എന്ന് ഖുർആൻ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ആരോടാണ്? ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരോടാണ്. ‘ബഹിരാകാശത്ത് ചെന്ന് ഭൂമിയെ നോക്കുന്നില്ലേ?’ എന്നല്ല ഇവിടെ ഖുർആൻ ചോദിക്കുന്നത്. ഭൂമിയിലെ മനുഷ്യരോടാണ് ‘ഭൂമി എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് അവർ നോക്കുന്നില്ലേ?’ എന്ന് ഖുർആൻ ചോദിക്കുന്നത്. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന് ഭൂമിയുടെ പരപ്പാണ് അനുഭവപ്പെടുന്നത്. ഈ സവിശേഷതയാണ് ഖുർആൻ എടുത്തു പറയുന്നത്. ഭൂമിക്ക് പുറത്തുനിന്ന് നിരീക്ഷിക്കുമ്പോഴാണ് ഭൂമിയുടെ ഗോളാകൃതി അനുഭവപ്പെടുക. ഭൂമിയിലെ മനുഷ്യന് ആപേക്ഷികമായി ഭൂമി പരന്നതാണ് എന്നർത്ഥം.

പ്രകൃതിപ്രതിഭാസങ്ങളെ മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ ഭാഗമായാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.
സൂറതുൽ ബഖറയിലെ വചനം 22-ൽ പറയുന്ന കാര്യങ്ങൾ നോക്കൂ: ‘ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നവൻ’, ‘അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കാനാവശ്യമായ കായ്കനികൾ ഉൽപാദിപ്പിച്ചു തന്നവൻ’… ഇവിടെയെല്ലാം അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളുടെ ഭാഗമായി പ്രകൃതിപ്രതിഭാസങ്ങളെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നു. അതുപോലെ ഭൂമിയെക്കുറിച്ച് പറയുമ്പോൾ ‘നിങ്ങൾക്കു വേണ്ടി ഭൂമിയെ വിരിപ്പാക്കി’ (71:19), ‘നിങ്ങൾക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കി’ (43:10) തുടങ്ങിയ പരാമർശങ്ങളിലെല്ലാം മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളാണ് എടുത്തു പറയുന്നത്. ഒരു വിരിപ്പുപോലെ മനുഷ്യന് സുഖകരമായ ജീവിതത്തിന് സൗകര്യമൊരുക്കുന്ന ഭൂമി ഒരു തൊട്ടിൽ ശിശുവിന് നൽകുന്ന സുരക്ഷപോലെ മനുഷ്യർക്ക് സുരക്ഷയേകുകയും ചെയ്യുന്നു.

ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന് ആപേക്ഷികമായി ഭൂമിയുടെ പരപ്പ് എടുത്തു പറയുന്ന ഖുർആൻ പ്രപഞ്ചത്തിലെ മറ്റൊരു ഗോളത്തിന് ആപേക്ഷികമായി അഥവാ സൂര്യന് ആപേക്ഷികമായി പറയുമ്പോൾ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു.
“ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിന്മേൽ ചുറ്റുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.”(39:5)

ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട പ്രകൃതിപ്രതിഭാസമാണല്ലോ രാപ്പകലുകളുടെ മാറ്റം. ഇതിനു നിമിത്തം സൂര്യനാണ്. ‘രാത്രിയെക്കൊണ്ട് പകലിന്മേലും പകലിനെക്കൊണ്ട് രാത്രിമേലും ചുറ്റുന്നു'(യുകവ്വിറുല്ലൈല അലന്നഹാരി വ യുകവയുകവ്വിറുന്നഹാറ അലല്ലൈൽ) എന്ന പ്രസ്താവനയിലൂടെ ഭൂമിയുടെ ആകൃതിയെക്കുറിച്ച് ഖുർആൻ കൃത്യമായ സൂചന നൽകുന്നു.

ഇനി ചിലരുടെ ചോദ്യം അല്ലാഹുവിന് പ്രൈമറി സ്കൂളുകളിലെ പാഠപുസ്തകങ്ങളിലേതുപോലെ “ഭൂമി ഒരു ഗോളമാകുന്നു” എന്നു പറഞ്ഞു കൂടായിരുന്നോ എന്നായിരിക്കും. ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നാണ് അതിനുള്ള ഉത്തരം. ശാസ്ത്രകാര്യങ്ങൾ വിശദീകരിക്കുക അതിന്റെ ലക്ഷ്യവുമല്ല. മതപരമായ കർമ്മകാര്യങ്ങൾ പോലും ഖുർആനിൽ വിശദീകരിച്ചിട്ടില്ല. അഞ്ചു നേരത്തെ നമസ്കാരങ്ങളുടെ രൂപം, റക്അതുകൾ, മറ്റു നിബന്ധനകൾ ഇവയൊന്നും തന്നെ ഖുർആനിൽ വിശദീകരിച്ചിട്ടില്ല. അത്തരം വിശദീകരണങ്ങൾക്ക് ഹദീഥുകളെയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളെയും ആശ്രയിക്കുകയാണ് മുസ്‌ലിംകൾ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ ശാസ്ത്രകാര്യങ്ങളോ ചരിത്രങ്ങളോ ഒന്നും വിശദീകരിക്കുകയെന്നത് ഖുർആനിന്റെ രീതിയല്ല.
എന്നാൽ, അറിവിന്റെ ഏതു മാനദണ്ഡമുപയോഗിച്ച് പരിശോധിച്ചാലും ഖുർആനിൽ അതിസൂക്ഷ്മമായ ഒരബദ്ധംപോലുമുള്ളതായി വസ്തുനിഷ്ഠമായി തെളിയിക്കാൻ ആർക്കും സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം.

നവനാസ്തികരുടെ വിമർശനം

‘യുകവ്വിറു’(يكور) എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് ഭൗതികവാദികൾ വിമർശനമുന്നയിക്കാറുണ്ട്. ‘ഖുർആനിലെ ഭൂമിയെ കഴിഞ്ഞ 50-100 വർഷങ്ങളായിട്ട് ഇസ്‌ലാമിക പ്രബോധകർ ഉരുട്ടിക്കൊണ്ടിരിക്കുകയാണ്’ എന്നാണ് ഈയടുത്ത് കേരളത്തിലെ പ്രമുഖനായൊരു ഭൗതികവാദി ‘മിറാക്കുള’ എന്ന പരിപാടിയിൽ പറഞ്ഞത്! മെഗല്ലന്റെ സമുദ്രയാത്രയ്ക്ക് ശേഷമാണ് ‘യുകവ്വിറു’ എന്ന പ്രയോഗത്തെ വ്യാഖ്യാനിച്ച് മുസ്‌ലിംകൾ ഖുർആനിലെ പരന്ന ഭൂമിയെ ഉരുട്ടാൻ തുടങ്ങിയത് എന്നാണ് മറ്റൊരു വിമർശനം. തീർത്തും അടിസ്ഥാന രഹിതമായ വിമർശനങ്ങളാണിവയെല്ലാം.എ.ഡി.1519-ലായിരുന്നുവല്ലോ മെഗല്ലന്റെ സമുദ്രയാത്ര. അതിന് അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഇബ്നു ഹസം (റ) ജീവിച്ചിരുന്നത്. എ.ഡി. പത്ത്-പതിനൊന്ന് നൂറ്റാണ്ടുകളിലായി ജീവിച്ച ഇബ്നു ഹസം (റ) ഖുർആനിലെ ഈ വചനത്തെ (39:5) അടിസ്ഥാനമാക്കി ഭൂമിക്ക് ഗോളാകൃതിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
(https://en.m.wikipedia.org/wiki/Spherical_Earth,
https://www.google.com/amp/s/islamqa.info/amp/en/answers/118698)

ആധുനിക കാലത്തെ പ്രമുഖ പണ്ഡിതൻ ഇബ്നു ഉഥൈമീൻ പറയുന്നു:
“ഖുർആനിന്റെയും യാഥാർത്ഥ്യത്തിന്റെയും ശാസ്ത്രീയ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂമി ഗോളാകൃതിയിലാണ്.
അല്ലാഹു ഉന്നതനായിരിക്കട്ടെ. ഈ ഖുർആൻ വചനമാണതിന് തെളിവ്.
‘ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിന്മേൽ ചുറ്റുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.'(39:5)
ഇവിടെ യുകവ്വിർ (ചുറ്റുന്നു) എന്നതിന്റെ ആശയം തലപ്പാവ് പോലെ എന്തെങ്കിലും ചുറ്റുക എന്നാണ്. രാവും പകലും ഭൂമിയിൽ പരസ്പരം ചുറ്റുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് ഭൂമി ഗോളാകൃതിയിലാണെന്ന് സൂചിപ്പിക്കുന്നു. കാരണം, ഒന്നിനെക്കൊണ്ട്(രാത്രിയെക്കൊണ്ട്) മറ്റൊന്നിനെ(പകലിനെ) ചുറ്റുകയാണെങ്കിൽ അത് ചുറ്റുന്നത് ഭൂമിയിലൂടെയാണ്. അപ്പോൾ ഭൂമി ഗോളാകൃതിയിലായിരിക്കണം.” (https://www.google.com/amp/s/islamqa.info/amp/en/answers/118698)

ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്മാർ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയത്രികോണമിതി(Spherical trigonometry)രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്ന് മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ ദ സര്‍വീസ് ഓഫ് ഇസ്‌ലാം (Astronomy in the Service of Islam) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടു പിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായും സിറിയയിലെ തദ്മൂറും റാഖ്ബയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മില്‍ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയും ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്ന് കണക്കാക്കുകയും ചെയ്തതായും മറ്റൊരുകൂട്ടം മുസ്‌ലിം ശാസ്ത്രജ്ഞരുടെ കണക്കുകള്‍പ്രകാരം ഭൂമിയുടെ ചുറ്റളവ് 40,284 കിലോമീറ്ററാണെന്നും ആധുനികയന്ത്രങ്ങളുപയോഗിച്ച് നാം ഇന്നുകണക്കാക്കുന്ന 40,068 കിലോമീറ്ററുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് അവരുടെ കണക്കാക്കലെന്നത് അത്ഭുതകരമാണെന്നും ശാസ്ത്രചരിത്രകാരനായ അഡ്വേര്‍ഡ് എസ്.കെന്നഡി തന്റെ മാത്തമാറ്റിക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പുറം 185-201) നിരീക്ഷിക്കുന്നുണ്ട്. ഖുർആനിന്റെ ദൈവികത പൂർണമായി ഉൾക്കൊണ്ട വ്യക്തികളായിരുന്നു ഈ പരീക്ഷണങ്ങളിലേർപ്പെട്ടിരുന്നത്. ആയിരത്തി ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവമെന്ന് നാം മനസിലാക്കണം.

‘യുകവ്വിറു'(يكور) എന്നത് ‘കവ്വറ'(كور) എന്ന ക്രിയയിൽ നിന്നുള്ളതാണ്. ‘ചുറ്റി’ എന്നാണ് ‘കവ്വറ’ എന്ന പദത്തിനർത്ഥം. ‘പന്ത്’ എന്നർത്ഥമുള്ള ‘കുറത്’ (كرة) എന്ന പദവും ഇതിൽ നിന്നുള്ളതാണ് (THE HANS WEHR DICTIONARY OF MODERN WRITTEN ARABIC എന്ന അറബിക്-ഇംഗ്ലീഷ് നിഘണ്ടു പരിശോധിക്കുക). വൃത്താകൃതിയിൽ ചുറ്റുന്നതിനാണ് ‘കവ്വറ’ എന്ന പദം ഉപയോഗിക്കുന്നതെന്നാണ് എഡ്വേഡ്‌ വില്യം ലെയ്‌നിന്റെ അറബിക്-ഇംഗ്ലീഷ് ലെക്സിക്കൺ പറയുന്നത് (http://lexicon.quranic-research.net/data/22_k/206_kwr.html). അറബിക് വിക്കിപീഡിയയിൽ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന അധ്യായത്തിന് നൽകിയിട്ടുള്ള പേരു തന്നെ ‘കുറവിയതുൽ അർദ്'(كروية الأرض) എന്നാണ് (https://qrgo.page.link/2qY7R). Spherical Earth(ഗോളാകൃതിയിലുള്ള ഭൂമി) എന്നർത്ഥം. ‘കുറവിയത്’ എന്ന പദവും ‘കവ്വറ’ എന്ന ക്രിയയിൽ നിന്നുള്ളതാണ്.

ഈ ക്രിയ ഖുർആനിൽ മറ്റൊരിടത്തും ഉപയോഗിച്ചിട്ടുണ്ട്. അധ്യായം 81-ന്റെ പേരു തന്നെ ‘തക്‌വീർ’ (ചുറ്റൽ) എന്നാണ്. അതിലെ ആദ്യ സൂക്തമിതാണ് – إِذَا الشَّمْسُ كُوِّرَتْ (സൂര്യൻ ചുറ്റപ്പെടുമ്പോൾ). സൂര്യന്‍ അണഞ്ഞുപോകുന്നതിന്റെ മനോഹരമായ ഒരു ഉല്‍പ്രേക്ഷയാണിത്. അറബിയില്‍ تَكْوِير എന്ന പദത്തിനർത്ഥം ചുറ്റുക എന്നാണ്. ശിരസ്സില്‍ തലപ്പാവ് ചുറ്റിക്കെട്ടുന്നതിന് تَكْوِيرُ الْعَمَامَة എന്നു പറയുന്നു. വിശാലമായ ശിരോവസ്ത്രം തലയില്‍ ചുരുട്ടിക്കെട്ടുന്നതാണല്ലോ തലപ്പാവ്. ഇവിടെ, സൂര്യനില്‍നിന്നു പുറപ്പെട്ട് സൗരയൂഥം മുഴുക്കെ വ്യാപിക്കുന്ന പ്രകാശത്തെ ശിരോവസ്ത്രത്തോടുപമിച്ചുകൊണ്ട് പറയുകയാണ്: അന്ത്യനാളില്‍ സൂര്യനാകുന്ന ഈ നിവര്‍ന്നുകിടക്കുന്ന ശിരോവസ്ത്രം ചുരുട്ടിവയ്ക്കപ്പെടുന്നതാണ്. അതായത്, അതിന്റെ പ്രകാശവ്യാപനം നിര്‍ത്തലാക്കപ്പെടും.(http://www.thafheem.net/thafheem/M)
ഇവിടെയും ഒരു ഗോളവുമായി – സൂര്യനുമായി- ബന്ധപ്പെട്ടാണ് ‘കവ്വറ’ എന്ന ക്രിയ ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്.

അല്ലാഹുവിൽ നിന്നുള്ള ബോധനത്തിന്റെയടിസ്ഥാനത്തിൽ മുഹമ്മദ് നബിﷺ പറയുന്നത് കാണുക: “‏ الشَّمْسُ وَالْقَمَرُ مُكَوَّرَانِ يَوْمَ الْقِيَامَةِ ‏” “അന്ത്യനാളിൽ സൂര്യനും ചന്ദ്രനും ചുറ്റപ്പെടുന്നതാണ് (അഥവാ അവയുടെ പ്രകാശവ്യാപനം നിർത്തലാക്കപ്പെടുന്നതാണ്).” (സ്വഹീഹുൽ ബുഖാരി 3200. https://sunnah.com/bukhari/59).
ആധികാരികമായി നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥിൽ ‘കവ്വറ’ എന്ന ക്രിയയിൽ നിന്നുള്ള പദമായ ‘മുകവ്വറാൻ'(مُكَوَّرَانِ) എന്ന പദമാണ് ‘ചുറ്റപ്പെടുന്നത്’ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുള്ളത്. രണ്ട് വസ്തുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദം ഉപയോഗിക്കുന്നത്. ഇവിടെയും ഗോളങ്ങളുമായി ബന്ധപ്പെട്ടാണ് ‘കവ്വറ’ എന്ന ക്രിയ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

ഉപമാലങ്കാരങ്ങളിലും ഉദാഹരണങ്ങളിലും പോലും ഖുർആൻ കൃത്യത പുലർത്തുന്നു. വിമർശകർ എത്രതന്നെ ശ്രമം നടത്തിയാലും പ്രകൃതിപ്രതിഭാസങ്ങളുമായോ മറ്റോ ബന്ധപ്പെട്ട ഖുർആനിലെ ഏതെങ്കിലും ഒരു പരാമർശമെങ്കിലും അബദ്ധമാണെന്ന് തെളിയിക്കാനവർക്ക് സാധ്യമല്ല. അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനുള്ള ശ്രമം പാഴ്‌വേലയാണ്.
“അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.” (ഖുർആൻ 61:8).

No comments yet.

Leave a comment

Your email address will not be published.