ക്രൈസ്തവകേന്ദ്രങ്ങൾ ഇസ്ലാമിക ജറുസലേമിൽ
“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
വിശ്വാസികളുടെ നേതാവായ അല്ലാഹുവിന്റെ ദാസൻ ഉമർ ഈലിയാ നിവാസികൾക്ക് നൽകുന്ന വാഗ്ദാനം. അവർക്കും അവരുടെ സ്വത്തുവകകൾക്കും ചർച്ചുകൾക്കും കുരിശുകൾക്കും മതാനുഷ്ടാനങ്ങൾക്കുമെല്ലാം സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകുന്നു. അവരുടെ ചർച്ചുകൾ മുസ്ലിംകൾ അധീശപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരോ അവർ ജീവിക്കുന്ന സ്ഥലങ്ങളോ കുരിശുകളോ സ്വത്തുവകകളോ നശിപ്പിക്കുകയില്ല. നിർബന്ധിതമായി അവരിൽ ആരെയും മതപരിവർത്തനം ചെയ്യിക്കുകയില്ല. അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ജൂതന്മാരെ ജീവിക്കാൻ അനുവദിക്കുകയില്ല.
മറ്റു നഗരങ്ങളിലുള്ളവർ നികുതിയടക്കുന്നത് പോലെ ഈലിയാ വാസികളും നികുതിയടക്കുകയും ബൈസന്റിനെക്കാരെയും കൊള്ളക്കാരെയും പുറത്താക്കുകയും വേണം . ഈലിയാ നിവാസികളിൽ ആർക്കെങ്കിലും ബൈസന്റയിൻകാരോടൊപ്പം പോകണമെങ്കിൽ തങ്ങളുടെ സമ്പത്തുക്കളെടുക്കുകയും ചർച്ചുകൾ ഇവിടെ ഉപേക്ഷിക്കുകയും ചെയ്ത് പോകാവുന്നതാണ്. തങ്ങളുടെ അഭയസ്ഥാനത്തെത്തുന്നത് വരെ അവരുടെ കുരിശുകൾ സംരക്ഷിക്കപ്പെടുന്നതാണ്. ഗ്രാമങ്ങളിൽ നിന്ന് വന്ന് നഗരത്തിൽ അഭയം പ്രാപിച്ചവർക്ക് അവർ ആഗ്രഹിക്കുന്നുവെങ്കിൽ നഗരത്തിൽ തന്നെ തുടരാവുന്നതാണ്; മറ്റുള്ളവരെപ്പോലെ അവരും നികുതിയടക്കണമെന്ന് മാത്രം. ബൈസന്റയിൻ കാരോടൊപ്പം പോകേണ്ടവർക്ക് അവരോടൊപ്പം പോകാം; കുടുംബങ്ങളിലേക്ക് തിരിച്ച് വരേണ്ടവർക്ക് അങ്ങനെ ചെയ്യാം; കൊയ്ത്തുകാലം വരെ അവരിൽ നിന്ന് യാതൊന്നും ഈടാക്കുന്നതല്ല.
ഈ എഴുത്തിൽ പറഞ്ഞത് പോലെ അല്ലാഹുവുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ബാധ്യതപ്രകാരമുള്ള നികുതി അടക്കുന്നിടത്തോളം കാലം അവർ അവന്റെ ദൂതന്റെയും ഖലീഫമാരുടെയും വിശ്വാസികളുടെയും ഉത്തരവാദിത്തത്തിലായിരിക്കും.
സാക്ഷികൾ: ഖാലിദ് ബിൻ വലീദ്, അംറ് ബ്നുൽ ആസ്, അബ്ദുർറഹ്‌മാനു ബ്നു ഔഫ്, മുആവിയ്യത്തു ബ്നു അബീ സുഫ്‌യാൻ”
ജറുസലേമിൽ മസ്ജിദുൽ അഖ്‌സക്ക് പുറത്ത് നിർമ്മിക്കപ്പെട്ട മസ്ജിദ് ഉമറിലെ ചുവരിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫലകത്തിന്റെ ആശയമാണിത്. ഭരണം മുസ്ലിംകളുടെ കൈകളിലായ സന്ദർഭത്തിൽ ജറുസലേമിലെ ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ച് പാത്രിയാർക്കീസായിരുന്ന സഫ്രോനിയോസിന്റെ നേതൃത്വത്തിലുള്ള ക്രൈസ്തവർക്ക് ഖലീഫ ഉമർ(റ) നൽകിയ സംരക്ഷണവാഗ്ദാനത്തിന്റെ പകർപ്പ്. ഇതിൽ ഈലിയാവാസികളെന്ന് വിളിച്ചിരിക്കുന്നത് ജറുസലേമിൽ അന്ന് താമസമുണ്ടായിരുന്ന ക്രിസ്ത്യാനികളെയാണ്. ജറൂസലേമിന്റെ പേര് മാറ്റി ഐലിയ കാപ്പിറ്റോലിന എന്ന ലാറ്റിൻ പേര് നൽകിയത് രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോമാ സാമ്രാജ്യം ഭരിച്ച ഹാഡ്രിയൻ ചക്രവർത്തിയാണെന്നും അറബ് രചനകളിൽ ജറൂസലേമിനെ വിളിച്ചിരിക്കുന്ന ഈലിയ ഈ ലാറ്റിൻ നാമത്തിന്റെ അറബ് രൂപാന്തരീകരണമാണെന്നും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ജറുസലേമിലെ ക്രൈസ്തവർ മുസ്ലിം ഭരണത്തിന് കീഴിൽ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെ രേഖീകരണമാണിത്. ഉമറിന്റെ ഗവർണർമാരായിരുന്ന ഉത്ബത്ത് ബിൻ ഗസ്‌വാനും മുഗീറത്തു ബ്നു ശുഅബയുമെല്ലാം അവരുടെ ജീവനും സ്വത്തുക്കളും ആരാധനാ സ്ഥലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളുമെല്ലാം സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. പിന്നീട് ഭരിച്ച അമവിയ്യാക്കളും അബ്ബാസിയാക്കളും ഫാത്വിമികളും സെൽജൂക്കുകളുമെല്ലാം ഇതേ നിലപാട് തന്നെയാണ് പിന്തുടർന്നത്.
കുരിശുയുദ്ധങ്ങളുണ്ടാവുന്നതിന് മുമ്പ്, ക്രൈസ്തവലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളെല്ലാം നാല് നൂറ്റാണ്ടിലധികം കാലം സംരക്ഷിക്കപ്പെട്ടത് മുസ്ലിംഭരണത്തിന് കീഴിലായിരുന്നു; കുരിശുയോദ്ധാക്കൾ ജറുസലേം വിട്ടതിന് ശേഷം എട്ട് നൂറ്റാണ്ടിലധികം അവയെ സംരക്ഷിച്ചതും മുസ്ലിം ഭരണാധികാരികൾ തന്നെ. ഖുർആൻ പഠിപ്പിക്കുന്ന ആശയങ്ങൾക്ക് നേർവിരുദ്ധമായ കാര്യങ്ങളുടെ പ്രതീകങ്ങളാണ് ആ തീർത്ഥാടനകേന്ദ്രങ്ങളെങ്കിലും അവയെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകുന്നതിൽ നിന്ന് ഉമറി(റ) നെയോ അത് പാലിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ പിൻഗാമികളെയോ തടഞ്ഞില്ല. ക്രിസ്തുവിന്റെ ക്രൂശീകരണം നടന്ന സ്ഥലമായി ക്രൈസ്തവർ വിശ്വസിക്കുന്ന ഗോൽഗോത്ത മലയും അദ്ദേഹത്തെ അടക്കം ചെയ്യുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന കല്ലറയുമടങ്ങുന്ന ഹോളി സെപുൽക്കർ ചർച്ചാണ് മുസ്ലിംകളാൽ സംരക്ഷിക്കപ്പെട്ടുകൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ തീർത്ഥാടനകേന്ദ്രം. ഖുർആൻ ഏറ്റവുമധികം വിമർശിച്ചിരിക്കുന്ന (4: 157) ആശയങ്ങളിലൊന്നാണ് ക്രൂശീകരണം എന്ന വസ്തുതയൊന്നും ഹോളി സെപുൽക്കറിനെ സംരക്ഷിക്കുന്നതിൽ നിന്ന് മുസ്ലിംഭരണാധികാരികളെ വിലക്കിയിട്ടില്ല.
നൂറ്റാണ്ടുകൾക്കിടയിൽ ഇതിന്ന് ആകെയുണ്ടായ അപവാദം 1009 ൽ ഫാത്വിമി ഖലീഫയായ ഹാക്കിം ബ്നു അംറുല്ലയുടെ കാലത്ത് നടന്ന ഹോളി സെപുൽക്കർ ചർച്ചിന്റെ തകർച്ച മാത്രമാണ്. ഫാത്വിമി ശിആ ആയിരുന്ന ഹാക്കിമിന്റെ ഭരണത്തിന് കീഴിൽ ഏറ്റവുമധികം പീഢിപ്പിക്കപ്പെട്ടത് സുന്നി മുസ്‌ലിംകളായിരുന്നു. സുന്നികളെയും ജൂതന്മാരെയും ക്രിസ്ത്യാനികളെയുമെല്ലാം പീഡിപ്പിക്കുന്നതിൽ ആനന്ദം കാണ്ടെത്തിയിരുന്നയാളായിരുന്നു അദ്ദേഹം. ഉമറി(റ)ന്റെ വിമർശകരും അദ്ദേഹത്തെ അവിശ്വാസിയായി കാണുന്നവരുമായ ശിആക്കൾക്ക് ഉമർ നൽകിയ വാഗ്ദാനം പാലിക്കേണ്ടതില്ലാത്തതിനാലായിരിക്കാം അദ്ദേഹം ഹോളി സെപുൽക്കർ ചർച്ച് തകർക്കാൻ ധൃഷ്ടനായത്. ഹാക്കിമിന്റെ മകനായ അലി അസ്സാഹിർ 1028ൽ തന്നെ അത് പുനർനിർമ്മിക്കുവാനുള്ള അനുമതി നൽകുകയും ചെയ്തു. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ഒമ്പതാമന്റെ സഹായത്തോടെ ജറുസലേമിലെ പാത്രിയാർക്കീസായിരുന്ന നിക്കിഫോറോസ് ആണ് 1048 ൽ അതിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചത്.



No comments yet.