ഖദീജ (റ): ജീവിതവും സന്ദേശവും

//ഖദീജ (റ): ജീവിതവും സന്ദേശവും
//ഖദീജ (റ): ജീവിതവും സന്ദേശവും
സംതൃപ്ത കുടുംബം

ഖദീജ (റ): ജീവിതവും സന്ദേശവും

പ്രവാചകപത്‌നി ഖദീജ(റ)യുടെ ജീവിതചരിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും മനസ്സിലാക്കുവാന്‍ ശ്രമിക്കാതിരുന്നവരടക്കം തങ്ങളുടെ തോന്നലുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലം നല്‍കുവാനുള്ള വിഫല ശ്രമങ്ങളിലാണിന്ന്. മുഹമ്മദ് നബി(സ)യും ഖദീജ(റ)യും തമ്മിലുള്ള വിവാഹം പ്രണയവിവാഹ മായിരുന്നുവെന്ന് പറയാതെ പറയാന്‍ 1978ല്‍ രചിക്കപ്പെട്ട ഒരു ഗാനത്തിന് അതിന്റെ വരികള്‍ക്കില്ലാത്ത ദൃശ്യാവിഷ്‌കാരം നല്‍കുകവഴി പ്രസ്തുത മാതൃകാദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ അടയപ്പെട്ടിരുന്ന വാതില്‍ ഇന്ന് മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പകര്‍ത്താന്‍ കഴിയുംവിധം രേഖീകരിക്കപ്പെട്ട ആ ജീവിതപുസ്തകത്താളുകളിലൂടെ യാത്ര നടത്തുന്നവര്‍ക്കുമുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്.

ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്വിമ ബിന്‍ത് സയിദിന്റെയും മകളായിക്കൊണ്ടാണ് ഖുറൈശി തറവാട്ടില്‍ ഖദീജ (റ) പിറന്നുവീഴു ന്നത്. മക്കയില്‍തന്നെ ഏറ്റവും മാന്യയും ശ്രേഷ്ഠയുമായിക്കൊണ്ടാണ് അവര്‍ വളര്‍ന്നത്. ജനങ്ങള്‍ മുഴുവനും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനായി അവര്‍ക്കുണ്ടായിരുന്ന താല്പര്യം കളങ്കരഹിതമായിരുന്നു. പിതാവിന്റെ കൂടെ കച്ചവടമാരംഭിക്കുകയും പിന്നീട് അവര്‍ അതേറ്റെടുത്തുനടത്തുകയും ചെയ്തു. പ്രസ്തുത കച്ചവടം അവരെ മക്കയിലെ പ്രധാനപ്പെട്ട ധനികയാക്കി മാറ്റി.

വിവാഹങ്ങള്‍

ഖദീജ(റ)യെ ആദ്യമായി വിവാഹം ചെയ്തത് അബൂഹാലയായിരുന്നു. ആ ബന്ധത്തിലൂടെ ഹിന്ദ്, ഹാരിസ് എന്ന രണ്ട് കുട്ടികളെ അവര്‍ക്ക് ലഭിച്ചു. അബൂഹാല രോഗബാധിതനായി മരണപ്പെട്ടതിനെ തുടര്‍ന്ന് അത്വീഖ്ബ്‌നു  ആബിദ് ഖദീജ(റ)യെ വിവാഹം ചെയ്തു. അതില്‍ ഹിന്ദ് എന്നുപേരുള്ള ഒരു പെണ്‍കുട്ടി ജനിച്ചു. താമസിയാതെ തന്നെ ഉണ്ടായ ഒരു ഗോത്രയുദ്ധത്തില്‍ അത്വീഖ് മരണപ്പെട്ടു. അതിനുശേഷമാണ് വിധവയും മാതാവുമായ ഖദീജ(റ)യെ മുഹമ്മദ് നബി (സ) വിവാഹം ചെയ്യുന്നത്.

മക്കയിലെ കോടീശ്വരിയും സുന്ദരിയുമായിരുന്ന ഖദീജ(റ)യെ അത്വീഖ്ബ്‌നു  ആബിദിന്റെ മരണശേഷം പലരും പുനര്‍വിവാഹത്തിനായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കച്ചവടത്തില്‍ വ്യാപൃതയായ അവര്‍ അതെല്ലാം നിരസിക്കുകയായിരുന്നു ചെയ്തത്. മക്കയില്‍ നിന്ന് വിദൂരദിക്കുകളില്‍ പോയി കച്ചവടം ചെയ്യാന്‍ വിശ്വസ്തരായ ഏതെങ്കിലും പുരുഷന്‍മാരെ പറഞ്ഞയക്കലായിരുന്നു അവരുടെ ശീലം. കൂടെ അവരുടെ പ്രിയ വേലക്കാരി മൈസറയുമുണ്ടാകും. ക്രയവിക്രയങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പൊരുത്തമില്ലായ്മ കാണി ച്ചാല്‍ അത് അതേപടി ഖദീജ(റ)യെ അറിയിക്കേണ്ട ഉത്തരവാദിത്തം മൈസറക്കായിരുന്നു ഉണ്ടായിരുന്നത്. മൈസറ അത് ഭംഗിയായി നിര്‍വഹിച്ചുപോരുകയും ചെയ്തു.

ആയിടക്കാണ് മുഹമ്മദ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് ഖദീജബീവി കേള്‍ക്കാനിടയായത്. വിശ്വസ്തനും സത്യസന്ധനും ധാര്‍മികമായ അച്ചടക്കമുള്ളവനുമായ യുവാവിനെക്കുറിച്ച്. മക്കക്കാര്‍ അദ്ദേഹത്തെ ‘അല്‍ അമീന്‍’ എന്നാണ് വിളിക്കുന്നത്. അധാര്‍മിക പ്രവര്‍ത്തന ങ്ങളുടെ വിവിധ രൂപങ്ങള്‍ സജീവമായി നിലനിന്നിരുന്ന ആ സമയത്ത് ഒരു തരത്തിലുമുള്ള നീചപ്രവണതകളും അദ്ദേഹത്തെ ബാധിച്ചിട്ടി ല്ലെന്നത് വലിയ സവിശേഷതയാണ്. തീര്‍ച്ചയായും തന്റെ കച്ചവടത്തെ ലാഭകരമാക്കുവാന്‍ വിശ്വസ്തനായ ഈ ചെറുപ്പക്കാരനെക്കൊണ്ട് സാധിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. അങ്ങനെയാണ് മുഹമ്മദി(സ)നെ ആദ്യമായി സിറിയയിലേക്ക് അയക്കുവാന്‍ ഖദീജ (റ) തീരുമാനിക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലുള്ള ആ യാത്ര തിരിച്ചെത്തിയത് വലിയ ലാഭവുമായിട്ടായിരുന്നു.  മുഹമ്മദും (സ) ഖദീജ(റ)യും നേരത്തെ ഉറപ്പിച്ചതനുസരിച്ചുള്ള പണവും വാങ്ങി അദ്ദേഹം അവിടെനിന്നും യാത്രയായി. അതിശയകരവും മാതൃകാപരവുമായ ആ യാത്രയെ സംബന്ധിച്ച് മൈസറ ഖദീജ(റ)ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്. മുഹമ്മദിന്റെ (സ) കച്ചവടം പൂര്‍ണമായും സത്യസന്ധ മായിട്ടായിരുന്നു. അദ്ദേഹം കച്ചവടവസ്തുക്കളുടെ ന്യൂനതകള്‍ മറച്ചുവെച്ചിരുന്നില്ല. അവ ഓരോന്നും എടുത്തുപറഞ്ഞിട്ടു പോലും ആളുകള്‍ അദ്ദേഹത്തില്‍ നിന്നും വസ്തുക്കള്‍ വാങ്ങുവാന്‍ തുടങ്ങി. അത്ഭുതകരമായ മറ്റൊരു സംഭവം യാത്രക്കിടയിലുണ്ടായതാണ്. ‘മുഹമ്മദ് (സ) ഒരു ജൂതപുരോഹിതന്റെ കൂടാരത്തിനടുത്തുള്ള ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ജൂത പുരോഹിതന്‍ മൈസറയോട് മുഹമ്മദി(സ)നെക്കുറിച്ചു ചോദിച്ചു. ആരാണ് ആ മരച്ചുവട്ടിലിരിക്കുന്ന വ്യക്തി? മൈസറ പറഞ്ഞു: അദ്ദേഹം ഹറമിന്റെ സംരക്ഷണച്ചുമതലയുള്ള ഖുറൈശികളില്‍പെട്ടവനാണ്. അപ്പോള്‍ അയാള്‍ പ്രതിവചിച്ചു, ആ മരച്ചുവട്ടിലുള്ള വ്യക്തി പ്രവാചകനല്ലാതെ മറ്റാരുമല്ല.(1)

മുഹമ്മദിന്റെ (സ) സ്വഭാവത്തിലും പെരുമാറ്റത്തിലും ആകൃഷ്ടയായ ഖദീജ(റ) അദ്ദേഹത്തെ ഭര്‍ത്താവായി ലഭിക്കുവാന്‍ ആഗ്രഹിക്കു കയും അതിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഖദീജ(റ)യുടെ പിതൃവ്യന്‍ അംറുബ്‌നു അസദും മുഹമ്മദിന്റെ (സ) പിതൃവ്യന്‍ അബൂത്വാലിബും ഈ വിവാഹം നടത്താന്‍ തീരുമാനിക്കുകയും അംറുബ്‌നു അസദ് അത് നിര്‍വഹിച്ചുകൊടുക്കുകയും ചെയ്തു. വിവാഹസുദിനത്തില്‍ ഒരുമിച്ചുകൂടിയവരെ അഭിമുഖീകരിച്ചുകൊണ്ട് അബൂത്വാലിബ് നടത്തിയ വിവാഹപ്രസംഗം ഇപ്രകാരമായിരുന്നു. ”അല്ലാഹുവിന് സ്തുതി! അവന്‍ ഇബ്‌റാഹീമിന്റെ സന്തതിപരമ്പരയില്‍, ഇസ്മാ ഈല്‍ നട്ട വിത്തില്‍, മുഅദിന്റെ തറവാട്ടില്‍നിന്നും മുദറിന്റെ ദാതുവില്‍ നിന്നുമായി ഞങ്ങളെ ആവിര്‍ഭവിപ്പിച്ചവനാണവന്‍. അവന്റെ മന്ദിരത്തിന്റെ പരിചാരകരും ഹറമിന്റെ ഭരണാധികാരികളുമായി ഞങ്ങളെ അവന്‍ നിശ്ചയിച്ചു. ഞങ്ങള്‍ക്കതിനെ ഒരു സുരക്ഷിത ഭവനവും നിര്‍ഭയ സങ്കേതവും ആക്കിത്തന്നു. ഞങ്ങളെ ജനങ്ങളുടെ വിധികര്‍ത്താക്കളാക്കി. ഇതാ എന്റെ സഹോദരന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ്. ഉല്‍കൃഷ്ടതയിലും മഹത്വത്തിലും തീരുമാനശേഷിയിലും കിടയറ്റവനാണവന്‍. സമ്പത്ത് കുറവായിരിക്കാം; എന്നാല്‍ ഒരു കാര്യം, നീങ്ങിപ്പോകുന്ന ഒരു നിഴലും മാറിമറിയുന്ന ഒരു വസ്തുവും തിരിച്ചു നല്‍കേണ്ട ഒരു വായ്പയുമാണ് സമ്പത്ത്. അല്ലാഹുവാണെ, ഇതിനെല്ലാം പുറമെ ഇവന് മഹത്തായ ഒരു വര്‍ത്തമാനവും ഉന്നതമായ ഒരു പദവിയും വരാനിരിക്കുന്നുണ്ട്.” (2)

മുഹമ്മദും (സ) ഖദീജ(റ)യും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ മുഹമ്മദിന്റെ (സ) പ്രായം ഇരുപത്തിയഞ്ചും ഖദീജ(റ)യുടെ പ്രായം നാല്‍പതുമായിരുന്നു. പ്രവാചകന്റെ (സ) വിവാഹങ്ങളെ മോശമായ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് ആനന്ദം നേടിയെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇതില്‍നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. യുവത്വം മുറ്റിനില്‍ക്കുന്ന പ്രായമായിരുന്നു മുഹമ്മദി(സ)ന്റേത്. ആ സമയത്ത് ഖദീജ(റ)യാകട്ടെ, വിധവയും നാലു മക്കളുടെ മാതാവും നബി(സ)യേക്കാള്‍ പതിനഞ്ച് വയസ്സ് കൂടുതലുള്ളവളുമായിരുന്നു. സുന്ദരനും സുമഖനും യുവാവും സര്‍വാംഗീകൃതനുമായ ഒരാള്‍, മക്കയില്‍ അദ്ദേഹത്തിനിഷ്ടപ്പെട്ടവരെ ഭാര്യയായി ലഭിക്കുന്ന കാലത്ത് തന്നേക്കാള്‍ പതിനഞ്ച് വയസ്സ് അധികമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത് സന്തോഷകരമായ കുടുംബജീവിതം നയിച്ചത് ഏത് കണ്ണാടിയിലൂടെയാണ് വിമര്‍ശകര്‍ നോക്കിക്കാണുന്നത്?

ഇന്ന് പുതുതലമുറ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ പ്രണയത്തിനൊടുവില്‍ വിവാഹത്തിലേക്കെത്തിച്ചേര്‍ന്ന ഒന്നായിരുന്നില്ല ഇവരുടേത്. പ്രണയിക്കുകയും അതിലൂടെ സ്‌നേഹക്കൈമാറ്റങ്ങള്‍ നടത്തുകയും അവസാനം യഥാര്‍ഥ ജീവിതത്തിലേക്കെത്തുമ്പോള്‍ സ്‌നേ ഹദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന ആധുനിക വൈവാഹിക ജീവിതങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിനുശേഷം പര സ്പരം പ്രണയിക്കുവാനാരംഭിക്കുകയായിരുന്നു അവര്‍ ചെയ്തത്. ശരീരത്തെയും ആഗ്രഹങ്ങളെയും വികാരങ്ങളെയും തിരിച്ചറിഞ്ഞു കൊണ്ടും ജീവിതയാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും അവര്‍ പ്രണയിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആ മധുരസ്മരണകളെ ജീവിതത്തി ന്റെ അവസാനശ്വാസം വരെ ഓര്‍ത്തുവെക്കാന്‍ മുഹമ്മദ് നബി(സ)ക്ക് സാധിച്ചു.

സ്‌നേഹനിധിയായ ഭാര്യ

ഒരു ഭാര്യ എന്ന നിലയില്‍ ഖദീജ(റ)യുടെ ജീവിതം പൂര്‍ണവിജയമായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കു വാന്‍ സാധിക്കുന്നതാണ്. വിവാഹം കഴിഞ്ഞയുടനെതന്നെ ധനികനല്ലാത്ത മുഹമ്മദി(സ)നെ വിവാഹം ചെയ്തത് മോശമായിപ്പോയെന്ന രൂപത്തില്‍ സംസാരിച്ച പ്രമാണിമാര്‍ക്ക് അവര്‍ മറുപടി നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു. അവരെയെല്ലാവരെയും ഒരു സഭയിലേക്ക് വിളിച്ചുവരുത്തുകയും തന്റെ സമ്പത്തെല്ലാം പ്രിയതമന് നല്‍കിയെന്നും അതിനാല്‍ ഇനി ഞാനാണ് സമ്പത്തില്ലാത്തവളെന്ന് പറയുക കൂടി ചെയ്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ വിമര്‍ശകരുടെ നാവിറങ്ങിപ്പോവുകയായിരുന്നു.

പക്വമായ കുടുംബജീവിതമായിരുന്നു മുഹമ്മദി(സ)ന്റെയും ഖദീജ(റ)യുടേതും. പണത്തിന്റെയും പ്രതാപത്തിന്റെയും ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതയായി ഒരു ഭാര്യ എന്ന നിലയില്‍ തന്റെ ഭര്‍ത്താവിനെ പരിചരിക്കുവാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. പ്രവാച കത്വലബ്ദിക്ക് മുമ്പുതന്നെ മുഹമ്മദ് (സ) ഹിറാ ഗുഹയില്‍ ചെന്നിരിക്കല്‍ പതിവായിരുന്നു. അവിടെ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠി ച്ചിരിക്കുമ്പോള്‍ ചില ദിവസങ്ങളില്‍ വീട്ടിലേക്ക് പോകുവാന്‍ തന്നെ അദ്ദേഹത്തിന് കഴിയാറില്ല. അത്തരം ഘട്ടങ്ങളില്‍ ഭക്ഷണസാധ നങ്ങളുമായി അറുപത്തഞ്ച് വയസ്സ് തികഞ്ഞ ഖദീജ (റ) ആ മലമുകളിലേക്ക് കയറിച്ചെല്ലാറുണ്ട്. ഒരാളെ പോലും കൂടെകൂട്ടാതെ തന്റെ ഭര്‍ത്താവിന് ഭക്ഷണം നല്‍കുവാനായി ശാരീരികമായ പ്രയാസം അനുഭവിക്കുകയാണെങ്കില്‍ പോലും അത് ദാമ്പത്യജീവിതത്തിന്റെ മധുരസ്മരണകളായിട്ടാണ് അവര്‍ കണക്കാക്കിയത്.

പ്രവാചകത്വ ലബ്ധിക്ക് മുമ്പുള്ള ദിനങ്ങളില്‍ ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ പ്രവാചകന്‍ (സ)യെ ഖദീജ (റ) ആത്മാര്‍ഥമായി സഹായിച്ചിരുന്നു. ഒരു നബി വചനം കാണുക.  ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ) യില്‍ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ)ക്ക് വഹ്‌യിന്റെ തുടക്കം കുറിക്കപ്പെട്ടത് ഉറക്കത്തിലെ നല്ല സ്വപ്‌നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന സ്വപ്‌നങ്ങളെല്ലാം പുലരിപോലെ (നല്ല വ്യക്തമായി) സംഭവിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് തനിച്ചിരിക്കല്‍ വലിയ ഇഷ്ടമായി. ഹിറാ ഗുഹയിലായിരുന്നു അദ്ദേഹം തനിച്ചിരുന്നത്. അവിടെയിരുന്ന് വീട്ടുകാരുടെ അടുത്തേക്ക് വരാതെ കുറെ രാത്രികള്‍ ധ്യാനനിരത നാകും. ആ ദിവസങ്ങളിലേക്കുള്ള ഭക്ഷണം കൊണ്ടുപോകുമായിരുന്നു. പിന്നീട് ഖദീജ (റ) യുടെ അടുത്തക്ക് മടങ്ങിവന്ന് മുമ്പത്തെ പോലെ ഭക്ഷണവുമായി തിരിച്ച് പോകും. അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ ആ സത്യം (വഹ്‌യ്) വരുന്നതുവരെ ആ അവസ്ഥ തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തിന്റെയടുത്ത് മലക്ക് ജിബ്‌രീല്‍ (അ) വന്നു. എന്നിട്ട് പറഞ്ഞു. വായിക്കൂ. അവിടുന്ന് പറഞ്ഞു: ഞാന്‍ വായിക്കാന്‍ അറിയുന്നവനല്ല. നബി (സ) പറഞ്ഞു: തത്സമയം ആമലക്ക് എനിക്ക് ഞെരുക്കമുണ്ടാകുന്നവിധം എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ. നബി(സ) പറഞ്ഞു: ഞാന്‍ വായിക്കുവാന്‍ അറിയുന്നവനല്ല. അപ്പോള്‍ എനിക്ക് ഞെരുക്ക മുണ്ടാകുന്നവിധം എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ. നബി(സ) പറഞ്ഞു: ഞാന്‍ വായിക്കുവാന്‍ അറിയുന്നവനല്ല. അപ്പോള്‍ മൂന്നാം തവണയും എന്നെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(3) അങ്ങനെ പിടക്കുന്ന മനസ്സോടെ ഈ വചനങ്ങളുമായി അദ്ദേഹം മടങ്ങി. എന്നിട്ട് ഖുവൈലിദിന്റെ പുത്രി ഖദീജ(റ)യുടെ അടുത്തേക്ക് കടന്നുചെന്നു. എന്നിട്ട് പറഞ്ഞു. എന്നെ പുതക്കൂ, എന്നെ പുതക്കൂ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ പുതച്ചു. അങ്ങിനെ ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജ(റ)യോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്ന് ഞാന്‍ വല്ലാതെ ഭയന്നുപോയി.(4)

ആ സമയത്തുള്ള ഖദീജ(റ)യുടെ ഇടപെടല്‍ എന്തുകൊണ്ടാണ് അവരുടെ കുടുംബജീവിതം തേനൂറും അനുഭവമായി മാറിയതെന്നതിനുള്ള ഉത്തരമായിരുന്നു. കുടുംബജീവിതത്തിന്റെ ഭദ്രത നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തിലും അംഗീകാരത്തിലുമാണ്. ഏതു സാഹച ര്യത്തിലും തന്നെ വിശ്വസിക്കുവാനും കൂടെ നില്‍ക്കുവാനും തന്റെ ഇണയുണ്ടാകുമെന്ന വിശ്വാസം കുടുംബജീവിതത്തിന്റെ കണ്ണികളിലെ വിള്ളലുകളെ ഇല്ലായ്മ ചെയ്യുന്നു. അത്തരം ആളുകള്‍ക്കിടയില്‍ സ്‌നേഹവും ഒരുമയും വര്‍ധിക്കുന്നു. ഏതു സാഹചര്യത്തിലും സന്തോഷ ത്തോടെ ഒരുമിച്ചു നില്‍ക്കുവാന്‍ അവരുടെ മനസ്സുകള്‍ പാകപ്പെടുന്നു.

അങ്ങനെയാണ് ഖദീജ (റ) ഇടപെട്ടത്. ഭര്‍ത്താവ് മാറിനില്‍ക്കുന്നതിലുള്ള സങ്കടം അവര്‍ക്കപ്പോള്‍ പറയാമായിരുന്നു. വിജനമായ സ്ഥലത്ത് ഒഴിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം അവര്‍ക്ക് അവതരിപ്പിക്കാമായിരുന്നു. അതുമല്ലെങ്കില്‍ അദ്ദേഹം അനുഷ്ഠിച്ചിരുന്ന ആരാധനാക ര്‍മങ്ങളെ പറഞ്ഞ് കുറ്റപ്പെടുത്താമായിരുന്നു. എന്നാല്‍ ഖദീജ (റ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘അല്ലാഹുവാണ് സത്യം, അല്ലാഹു താങ്കളെ ഒരിക്കലും വിഷമിപ്പിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചാര്‍ത്തുകയും ഭാരം വഹിക്കുകയും ദരിദ്രര്‍ക്ക് ജീവിതമാര്‍ഗം നേടിക്കൊടുക്കുകയും അതിഥികളെ സല്‍കരിക്കുകയും അത്യാപത്ത് വരുമ്പോള്‍ സഹായിക്കുകയും ചെയ്യുന്നവരാണ്.” (5)

സന്തോഷത്തിലും സങ്കടങ്ങളിലും പങ്കുചേരുക എന്നത് ഒരു ഉത്തമയായ ഭാര്യയുടെ കടമകളില്‍പെട്ടതാണ്. ഖദീജ (റ) തന്റെ ജീവിതത്തില്‍ ചെയ്തതും ഇതുതന്നെയാണ്. പ്രവാചകന്‍ (സ) തനിക്കുലഭിച്ച ദിവ്യവാര്‍ത്തകളെ സംബന്ധിച്ചു പറഞ്ഞപ്പോള്‍ ആദ്യമായി അദ്ദേഹത്തില്‍ വിശ്വസിച്ചത് ഖദീജ(റ)യായിരുന്നു. മക്കയിലെ പ്രമാണിമാര്‍ മുഴുവനും പ്രവാചകനെ (സ) എതിര്‍ത്തുനിന്നപ്പോഴും അദ്ദേഹത്തിന് ധൈര്യം നല്‍കിയത് അവരായിരുന്നു. സാന്ത്വനിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാന്ത്വനിപ്പിക്കുവാനും അന്വേഷണങ്ങള്‍ നടത്തേണ്ടിടത്ത് അദ്ദേഹത്തിനുവേണ്ടി അന്വേഷണങ്ങള്‍ നടത്തുവാനും ദൈവികബോധനങ്ങളുണ്ടാകുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കാനുമെല്ലാം വേണ്ടി അവര്‍ തന്റെ ജീവിതം തന്നെ മാറ്റിവെച്ചു.

നബി (സ) തനിക്ക് വഹ്‌യ് ലഭിച്ചതായി ഖദീജ(റ)യോടു പറഞ്ഞപ്പോള്‍ തന്നെ അവര്‍ അന്വേഷിച്ചത് പൂര്‍വവേദങ്ങളില്‍ പാണ്ഡിത്യമുള്ള ഒരാളെയാണ്. അങ്ങനെയാണ് തന്റെ ബന്ധുകൂടിയായ വറഖത്ത് ബിന്‍ നൗഫലിന്റെ അരികില്‍ അവരെത്തുന്നത്. അദ്ദേഹം ജാഹിലിയ്യ കാലഘട്ടത്തില്‍ ക്രിസ്തീയ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു വ്യക്തിയായിരുന്നു. പൂര്‍വവേദങ്ങളില്‍ അദ്ദേഹത്തിന് പരി ജ്ഞാനം ഉണ്ടായിരുന്നു. ഖദീജ (റ) അദ്ദേഹത്തോട് പറഞ്ഞു, ‘താങ്കളുടെ സഹോദരപുത്രന് താങ്കളോട് എന്തോ പറയാനുണ്ടത്രെ! അതൊന്നു കേള്‍ക്കൂ. വറഖത്: എന്താ മകനേ കാര്യം? അപ്പോള്‍ നബി (സ) താന്‍ കണ്ടതെല്ലാം വിവരിച്ചു. പ്രവാചകന്‍മാരുടെ അടുത്തേക്ക് വരാറുള്ള ദൈവദൂതന്‍ ജിബ്‌രീല്‍ (അ) ആണെന്ന് മനസ്സിലാക്കിയ വറഖത് അതുകേട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: മൂസാ നബി(അ)യുടെ അടുത്തേക്ക് അല്ലാഹുവിങ്കല്‍ നിന്നും അവതരിക്കാറുള്ള നാമൂസാണത്. തുടര്‍ന്നദ്ദേഹം ഇതുകൂടി പറഞ്ഞു. നിന്നെ നീ ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് നിന്റെ സമൂഹം പു
റത്താക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ദൃഢഗാത്രനായ യുവാവായി ഞാനവിടെ ജീവിച്ചിരിക്കുമെങ്കില്‍! നീ അവരോട് അവരുടെ പാരമ്പര്യ വിശ്വാസങ്ങള്‍ മാറ്റിത്തിരുത്തുവാന്‍ അവശ്യപ്പെടുന്ന നിമിത്തം നിന്നോട് അവര്‍ക്കുണ്ടാകുന്ന ശത്രുതയും വെറുപ്പുമായിരിക്കും അതിന് കാരണമാവുക. തന്റെ സമൂഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞുകേട്ടപ്പോള്‍ നബി(സ)ക്ക് ആശ്ചര്യം തോന്നി. തന്റെ സല്‍സ്വഭാവവും സത്യസന്ധതയും കാരണം അവര്‍ തന്നെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്നു വിളിച്ചിരുന്നതൊക്കെയാണ് അദ്ദേഹം ഓര്‍ത്തത്. നബി (സ) ചോദിച്ചു: എന്ത്! അവര്‍ എന്നെ പുറത്താക്കുമെന്നോ? വറഖത് പറഞ്ഞു: ‘നീ കൊണ്ടുവന്ന സന്ദേശവുമായി മുമ്പുവന്ന ഒരാള്‍ക്കും ശത്രുക്കളുണ്ടാകാതിരുന്നിട്ടില്ല’. ക്വുര്‍ആന്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ”അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും.” (14:13) നബി(സ)യുടെ ദൗത്യത്തിന് പൂര്‍ണമായ അംഗീകാരം നല്‍കിക്കൊണ്ട് വറഖത് തുടര്‍ന്നുപറഞ്ഞു, ആ ദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിനക്കു ഞാന്‍ ശക്തമായ പിന്തുണയും സഹായവും നല്‍കും. പിന്നെ കൂടുതല്‍ കാലം ജീവിച്ചിരിക്കാതെ വറഖത് മരണപ്പെടുകയാണുണ്ടായത്.(6)

ആ അന്വേഷണത്തിലൂടെ അവര്‍ കൂടുതല്‍ ശ്രദ്ധാലുവാവുകയും തന്റെ കഴിവും സമ്പത്തും ഉപയോഗിച്ച് അദ്ദേഹത്തിനുചുറ്റും സംരക്ഷണ വലയമുണ്ടാക്കുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖുറൈശികളുടെ ഉപരോധവുമായി ബന്ധപ്പെട്ടായിരുന്നു. ഖുറൈശിക ളിലെ സത്യനിഷേധികള്‍ നബി(സ)യെ വിട്ടുകൊടുക്കുന്നതിനായി അദ്ദേഹത്തിന്റെ വംശക്കാരനായ ബനൂ അബ്ദിമനാഫിനെ സമീപിക്കു കയാണ്. അവരില്‍ നിന്നും അനുകൂലമായ മറുപടി കിട്ടാത്തതിനാല്‍ അബൂത്വാലിബിനെ കാണുകയും അദ്ദേഹം അവരോട് രൂക്ഷമായി ത്തന്നെ ആ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഖുറൈശികളിലെ നിഷേധി പ്രമുഖരുടെ വാക്കുകളെ വിലക്കെടുക്കാത്തതുകൊണ്ട് അബ്ദുമനാഫ് സന്തതികളായ ബനൂ ഹാശിം, ബനുല്‍ മുത്വലിബ് എന്നിവര്‍ക്ക് അവര്‍ വിലക്കേര്‍പ്പെടുത്തി. ആരും അവരെ സഹായിക്കുകയോ അവരുമായി ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും മക്കയില്‍ നിന്നും അവരെ ബഹിഷ്‌കരി ക്കണമെന്നും ഉത്തരവിറക്കി. അങ്ങനെ അവരിലെ വിശ്വാസികളും അവിശ്വാസികളുമടക്കം എല്ലാവരും ശഅ്ബ് അബീത്വാലിബില്‍ അഭയം തേടുകയും അവിടെ ക്ലേശകരമായ ജീവിതം നയിക്കുകയും ചെയ്തു.

ശഅ്ബ് അബീത്വാലിബില്‍ അവര്‍ക്ക് പച്ചിലയും പച്ചവെള്ളവും കുടിച്ച് പശിയടക്കേണ്ടി വന്നിട്ടുണ്ട്. ഉണങ്ങിയ തുകല്‍ വെള്ളത്തില്‍ കുതിര്‍ത്തി കഴിക്കേണ്ടി വന്നിട്ടുണ്ട്. വിശപ്പിന്റെ കാഠിന്യത്താല്‍ ബോധരഹിതരായി വീഴേണ്ടി വന്നിട്ടുണ്ട്. അവിടെ അവര്‍ക്ക് അത്താ ണിയായി മാറിയവരില്‍ ഒരാള്‍ ഖദീജ (റ) ആയിരുന്നു. അവര്‍ തന്റെ സ്വത്തിന്റെ സിംഹഭാഗവും ആ ജനതക്കുവേണ്ടി ചെലവഴിച്ചു. സമ്പന്നതയുടെ മടിത്തട്ടിലേക്ക് ജനിച്ചുവീഴുകയും അതിനുശേഷം സാമ്പത്തികമേഖലയില്‍ ഉത്തരോത്തരം പുരോഗതിയിലേക്ക് വന്ന് ധന്യമായ ജീവിതം നയിച്ചിരുന്ന ഖദീജ (റ) സമ്പന്നയായി വീട്ടിലിക്കുന്നതിനുപകരം ആ താഴ്‌വരയിലേക്ക് വരികയാണ്. അവര്‍ സാധാരണക്കാരുടെ കൂടെ ജീവിക്കുന്നു. അവരുടെ കൂടെ പട്ടിണി കിടക്കുന്നു. അവരോടൊപ്പം ജോലികളില്‍ ഏര്‍പ്പെടുന്നു. മുഹമ്മദ് നബി(സ)ക്ക് തന്നില്‍ അഭിമാനിക്കുവാനുള്ള അവസരങ്ങളാണ് അതിശയകരമായ പ്രസ്തുത ഇടപെടലുകളിലൂടെ ഖദീജ (റ) സമ്മാനിച്ചത്.

സ്വഭാവസവിശേഷത

ആര്‍ക്കും മാതൃകയാക്കാവുന്നതും ഏറെ സവിശേഷതകളുള്ളതുമായിരുന്നു ഖദീജ(റ)യുടെ സ്വഭാവം. പ്രയാസങ്ങള്‍ അനുഭവിക്കു ന്നവര്‍ക്ക് സഹായം ചെയ്യുന്നതില്‍ അവര്‍ എന്നും മുന്‍പന്തിയിലായിരുന്നു. ആദര്‍ശബോധനരംഗത്ത് അവരുടെ സാന്നിധ്യം പ്രവാചകന് (സ) വളരെയേറെ സഹായകരമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖദീജ(റ)യുടെ മരണം നബി(സ)യെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ സ്വഭാവസവിശേഷതകളെ സംബന്ധിച്ചും അല്ലാഹുവും റസൂലും (സ) അവര്‍ക്ക് നല്‍കിയ അംഗീകാരങ്ങളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ട ചില നബിവചനങ്ങള്‍ കാണുക.

അലി (റ) വില്‍ നിന്നും നിവേദനം, നബി (സ്വ) പറഞ്ഞു: സ്ത്രീകളില്‍ ഏറ്റവും ഉത്തമയായവള്‍ മറിയം ബിന്‍ത് ഇംറാന്‍ ആകുന്നു.            (ഈ ഉമ്മത്തിലെ) സ്ത്രീകളില്‍ ഏറ്റവും ഉത്തമയായവള്‍ ഖദീജ ബിന്‍ത് ഖുവൈലിദ് ആകുന്നു. (7)

ആയിശ (റ) യില്‍ നിന്നും നിവേദനം, അവര്‍ പറഞ്ഞു: നബി (സ)യുടെ ഭാര്യമാരില്‍ ഖദീജ (റ)യോടുള്ളതുപോലെ മറ്റൊരാളോടും എനിക്ക് ഈര്‍ഷ്യത തോന്നിയിട്ടില്ല, നബി (സ) എന്നെ വിവാഹം ചെയ്യുന്നതിനു മുമ്പ് അവര്‍ മരണപ്പെട്ടിരുന്നു, എങ്കിലും അദ്ദേഹത്തില്‍ നിന്നും ഞാന്‍ അവരെ കുറിച്ച് ധാരാളമായി കേട്ടുകൊണ്ടേയിരുന്നു അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ മുത്തുകള്‍കൊണ്ടുള്ള വീടുണ്ടെന്ന സന്തോ ഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്, നബി (സ) ഒരു ആടിനെ അറുക്കുകയാണെങ്കില്‍ അതില്‍ നിന്നും ധാരാളമായി ഖദീജ (റ)യുടെ കൂട്ടുകാരികള്‍ക്കായി നല്‍കാറുണ്ട് (8)

അബൂഹുറയ്‌റ (റ) വില്‍ നിന്ന് , അദ്ദേഹം പറഞ്ഞു : ജിബ്‌രീല്‍ (അ) നബി (സ)യോടായി പറഞ്ഞു: അല്ലാഹു വിന്റെ റസൂലേ ഈ വരുന്നത് ഖദീജയാണ് അവരുടെ അടുത്ത് ഒരു പാത്രമുണ്ട് അതില്‍ ഭക്ഷണമോ പാനീയമോ കറികളോ മറ്റോ ഉണ്ട് അവര്‍ താങ്കളുടെ അരികില്‍ വന്നുകഴിഞ്ഞാല്‍ അല്ലാഹുവില്‍ നിന്നും എന്നില്‍ നിന്നുമുള്ള സമാധാനം അറിയിച്ചുകൊള്ളുക. ന്യുനതകളോ വക്രതയോ ഇല്ലാത്ത മുത്തുകള്‍കൊണ്ടുള്ള ഒരു വീട് സ്വര്‍ഗത്തില്‍ അവര്‍ക്കുണ്ടെന്ന സന്തോഷവാര്‍ത്തയും അറിയിച്ചു കൊള്ളുക (9)

ഖദീജ(റ)യുടെ ജീവിതം നമുക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നത്. മതേതര സമൂഹത്തില്‍ എങ്ങനെയാണ് ഒരു മുസ്‌ലിം മാതൃകാപരമായി ജീവിക്കേണ്ടതെന്ന് അവര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. യൗവ്വന ത്തിന്റെ പ്രസരിപ്പ് പ്രകടമാക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് കുടുംബജീ വിതത്തെ നല്ലനിലയില്‍ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളുവെന്ന ആധുനിക സങ്കല്‍പങ്ങളോട് അവരുടെ ജീവിതം സംവദിക്കുന്നുണ്ട്. സാമ്പത്തികമായ ഉയര്‍ച്ചകളില്‍ മാത്രമാണ് സമാധാനത്തോടെ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന അഭിപ്രായത്തോട് അവര്‍ രാജി യാവുന്നുണ്ട്. ഇസ്‌ലാമികാദര്‍ശങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരാള്‍ക്ക് മറ്റുമതസ്ഥരുമായി സഹവര്‍ത്തിത്വത്തിലേര്‍പ്പെടുവാന്‍ കഴിയില്ലെ ന്ന വികലവാദങ്ങള്‍ക്കെതിരില്‍ അവര്‍ ജീവിക്കുന്നുണ്ട്. അത്തരം ധീരമായ നിലപാടുകള്‍ തന്നെയാണ് ഖദീജ(റ)യെ അവസാനശ്വാസം വരെ പ്രവാചകന്റെ (സ) മധുരസ്മരണകളില്‍ നിലനിര്‍ത്തുവാനുള്ള കാരണം.

ആയിശ (റ) പറഞ്ഞു: ഹാലബിന്‍ത് ഖുവൈലിദ് (ഖദീജ (റ)യുടെ സഹോദരി) പ്രവാചകന്‍ (സ)യുടെ വീട്ടില്‍ പ്രവേശിക്കുന്നതിനായി അനു വാദം ചോദിച്ചു. അത് ഖദീജ (റ) അനുവാദം ചോദിക്കുന്നതുപോലെയാണ് നബി(സ)ക്ക് തോന്നിയത്. അതിനാല്‍ ഒരു പരിഭ്രമത്തോടെ ‘അ ല്ലാഹുവേ ഹാല’ എന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. ആയിശ (റ) പറഞ്ഞു: എനിക്ക് ദേഷ്യം വരികയും ഞാന്‍ പറയുകയും ചെയ്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ചുവന്ന കവിളുകളുള്ള ഖുറൈശി  വൃദ്ധകളിലെ ഒരു വൃദ്ധയെയല്ലാതെ താങ്കള്‍ക്ക് മറ്റാരേയും ഓര്‍ക്കാ നില്ലേ ? തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് അവരേക്കാള്‍ ഉത്തമയായവളെ നല്‍കിയിട്ടുമുണ്ട്(10) നബി (സ്വ) പറഞ്ഞു: അവരേക്കാള്‍ ഉത്ത മയായവളെ അല്ലാഹു എനിക്ക് പകരം നല്‍കിയിട്ടില്ല. ജനങ്ങള്‍ മുഴുവനും എന്നെ കളവാക്കിയപ്പോള്‍ എന്നില്‍ വിശ്വസി ച്ചവരാണവര്‍(11).

റഫറന്‍സ്
1. സീറത്തുഇബ്‌നു ഹിശാം വാള്യം1, പേജ് 199
2. നൂറുല്‍ യഖീന്‍ പേജ് 21
3. ഖുര്‍ആന്‍ 96: 1-5
4. ബുഖാരി
5. ബുഖാരി
6. നൂറുല്‍ യഖീന്‍ പേജ് 34,35
7. ബുഖാരി, മുസ്‌ലിം
8. ബുഖാരി, മുസ്‌ലിം
9. ബുഖാരി, മുസ്‌ലിം
10. ബുഖാരി
11. അഹ്മദ്

print

No comments yet.

Leave a comment

Your email address will not be published.