
കുട്ടി വളരെ പ്രയാസപ്പെട്ടാണ് പറഞ്ഞത്, ഉമ്മ എപ്പോഴും ദ്വേഷ്യത്തിലായിരിക്കും. അനുജത്തിയോട് സംസാരിക്കുമ്പോൾ എന്തൊരു മയത്തിലായിരിക്കുമെന്നോ… ! ഉമ്മാൻ്റെ ആ ഒരു സംസാരം ഞാനും കൊതിക്കാറുണ്ട്, പക്ഷെ ….. !!
ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്, കുട്ടിയുടെ സ്വഭാവം മോശമായതിനാൽ ഒരു ഉമ്മ കൊണ്ട് വന്നതാണ്. അവൻ കയർത്തു സംസാരിക്കുന്നതാണ് പ്രശ്നം. നന്നായി പഠിച്ചിരുന്നു, ഇപ്പോൾ പഠനവും മോശമായി.
കുട്ടി പറയുന്നു, ഉമ്മാൻ്റെ സംസാരം വളരെ പരുക്കനാണെന്ന്…. !!!
ഉമ്മ പറയുന്നു, മകൻ്റെ പെരുമാറ്റം മോശമാണെന്ന്, മകൻ പറയുന്നു, ഉമ്മാൻ്റെ സംസാരം വളരെ പരുഷമാണെന്ന്. എന്ത് ചെയ്യും?
മകനോട് വളരെ നല്ല നിലയിൽ ചോദിച്ചു, ‘ഒരാൾ നിന്നോട് നല്ല നിലയിൽ പെരുമാറുകയാണെങ്കിൽ തിരിച്ച് നന്നായി പെരുമാറാൻ നിനക്ക് വല്ല പ്രയാസവും ഉണ്ടായിരിക്കുമോ?’
‘ഇല്ല തീർച്ചയായും’, അവൻ പറഞ്ഞു.
സ്വഭാവം മോശമാണെങ്കിലോ? തിരിച്ച് നല്ല സ്വഭാവത്തിൽ സംസാരിക്കാൻ നമുക്ക് സാധിക്കുമോ?
‘പ്രയാസമാണ്’.
‘ഓക്കേ, അതേ സമയം നബി(സ) പറഞ്ഞിട്ടുണ്ട്, “മാതാവ് നമ്മുടെ സൽസ്വഭാവം കൊണ്ട് ഏറ്റവും അവകാശപ്പെട്ടവർ ആണെന്ന്”, അത് എത്ര വേണം എന്ന് നിനക്കറിയുമോ?’.
ഉപ്പാനോട് ഉള്ളതിനേക്കാൾ മൂന്നിരട്ടി …
‘അതിന് ഉമ്മ സ്വഭാവം നല്ലതാക്കണം എന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ?’
‘ഇല്ല’,
‘ഓക്കേ, സ്വഭാവം നല്ലതാണെങ്കിൽ ഉമ്മാനോട് എന്നല്ല ആരോടും നല്ല നിലയിൽ വർത്തിക്കാം, പ്രയാസമുള്ളത് മറുഭാഗം മോശം പെരുമാറ്റം ആകുമ്പോഴാണ്, അപ്പോഴല്ലേ നബി(സ)യുടെ വാക്കുകളെ പിൻപറ്റുന്നതിലെ പൂർണത?’
‘ശരിയാണ്’,
‘അതിന് എന്താണ് ചെയ്യുക?’
‘ഞാൻ ശ്രദ്ധിച്ചോളാം, ഉമ്മ ഏത് സ്വഭാവത്തിൽ ആണെങ്കിലും ഞാൻ നന്നായി നിൽക്കാനും സംസാരം ശ്രദ്ധിക്കാനും ശ്രമിക്കാം. എൻ്റെ ഭാഗം ഇനിമുതൽ നേരെയായിരിക്കും..’
No comments yet.