
ഫിര്‍ഔനിന്റെ ഭാര്യ ആസിയ (റ) തന്റെ വിശ്വാസം പ്രകടിപ്പിച്ച സന്ദര്‍ഭത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ എത്രമാത്രമായിന്നുവെന്ന് ആലോചിക്കുക. എന്നിട്ടും തന്റെ വിശ്വാസത്തില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും, സ്വര്‍ഗ്ഗത്തില്‍ ഒരു വീടുണ്ടാക്കി തരണമേയെന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നത് നമുക്ക് കാണാന്‍ സാധിക്കും. ആസിയ(റ)യില്‍ നമുക്ക് ഉത്തമമായ ഒരു മാതൃകയുണ്ട്. വര്‍ഷങ്ങളായി ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുകയും, വാര്‍ദ്ധക്യത്തില്‍ അല്ലാഹു ഇബ്‌റാഹീം നബി(അ)ക്ക് ഇസ്മാഈലിനെ നല്‍കുകയും ചെയ്തു. തന്റെ കരളിന്റെ കഷ്ണമായ ആ പൊന്നുമോനെ നീ അറുക്കണമെന്ന അല്ലാഹുവിന്റെ കല്‍പനക്ക് മുമ്പില്‍ പതറാതെ, ക്ഷമയോടെ അത് നടപ്പാക്കാന്‍ ഒരുങ്ങിയ ഉത്തമനായ പിതാവിന്റെയും, ബാപ്പയുടെ ഉത്തരവിനു മുമ്പില്‍ ക്ഷമയോടെ തന്റെ കഴുത്ത് നീട്ടിക്കൊടുത്ത ഇസ്മാഈലെന്ന അനുസരണശീലനായ ഒരു മകന്റെയും ജീവിതം നമുക്ക് മുമ്പ് കടന്നു പോയിട്ടുണ്ട്. ഈ പ്രവാചകന്‍മാരുടെ ജീവിതം നമുക്ക് ഉണര്‍ത്തു പാട്ടാണ്. 950 വര്‍ഷക്കാലം അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് ജീവിതം കഴിച്ചുകൂട്ടിയ നൂഹ് നബി(അ)ന്റെ ചരിത്രം ക്വുര്‍ആന്‍ നമുക്ക് മുമ്പില്‍ വരച്ചുകാട്ടുന്നുണ്ട്. വളരെ കുറച്ചു പേര്‍ മാത്രം വിശ്വസിച്ചപ്പോഴും പ്രബോധനമാര്‍ഗത്തില്‍ ക്ഷമയവലംബിച്ചുകൊണ്ട് മുന്നോട്ട് ഗമിച്ചു ആ പ്രവാചകന്‍. പ്രബോധനമാര്‍ഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെയുണ്ടാകുന്ന ചെറിയ-ചെറിയ പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ പതറാതെ ക്ഷമയോടെ മുന്നേറുവാന്‍ നമുക്ക് സാധിക്കണം, സ്വര്‍ഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. രോഗങ്ങളാല്‍ കഷ്ടപ്പെട്ട പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). പക്ഷെ ആ രോഗം കാരണം അദ്ദേഹം നിരാശനായില്ല. സൂറ. സ്വാദിലൂടെ അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും അയ്യൂബ് നബിയെ ക്ഷമാശീലനായി കണ്ടു, വളരെ നല്ല അടിമ’. കൃഷിയിടങ്ങളും കന്നുകാലികളും തോട്ടങ്ങളും എണ്ണമറ്റ സ്വത്തുക്കളുമുണ്ടായിട്ടും, റബ്ബിന്റെ പരീക്ഷണത്താല്‍ അതൊക്കെ നഷ്ടപ്പെട്ടപ്പോഴും അവയൊക്കെ അദ്ദേഹം ക്ഷമിക്കുകയാണുണ്ടായത്.
ഒരു വിശ്വാസിക്ക് ബാധിക്കുന്ന ഏതൊരു രോഗവും ക്ഷമയോടെ തരണം ചെയ്താല്‍ ഒരുപാട് നന്മകള്‍ അതിലൂടെ അവന് നേടിയെയുക്കാം. സുഹൈബി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.’ഒരു വിശ്വാസിയുടെ കാര്യം അതിശയം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമായിരിക്കും. ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമതുണ്ടാവില്ല. അവന് സന്തോഷമായത് ലഭിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അപ്പോള്‍ അതവന് നന്മയാകും. അവന് ദോഷകരമായത് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് നന്മയായിത്തീരും (മുസ്‌ലിം). ഒരു മുസ്‌ലിമിന് ക്ഷീണമോ ദുഃഖമോ ബാധിച്ചാല്‍ പോലും അതിനവന് പ്രതിഫലമുണ്ട്, പക്ഷെ അതൊക്കെ ബാധിക്കുമ്പോള്‍ ക്ഷമയോടെ റബ്ബിനോട് ദുആ ചെയ്യുക. സൂറ. ആലുഇംറാനിലൂടെ അല്ലാഹു പറയുന്നു: ‘ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധസന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവോട് ഭയഭക്തിയുള്ളവരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.’ വീണ്ടും സൂറ. ബഖറയിലൂടെ അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ക്ഷമയും നമസ്‌കാരവും മൂലം അല്ലാഹുവോട് സഹായം തേടുക’. എന്തു വന്നാലും ക്ഷമിക്കണം, നമസ്‌കാരം നില നിര്‍ത്തണം, പ്രാർത്ഥിക്കണം, അങ്ങിനെ അല്ലാഹുവിന്റെ സഹായം തേടണം. ‘ക്ഷമിക്കുന്നവര്‍ക്ക് അളവറ്റ പ്രതിഫലം തീര്‍ച്ചയായും നല്‍കപ്പെടുമെന്ന് സൂറത്ത് സുമറിലൂടെ നമ്മോട് പറയുമ്പോള്‍ എന്തിന് സഹോദരങ്ങളെ നാം അമാന്തം കാണിക്കണം?
കോപം മൂലം സംഭവിക്കാവുന്ന എല്ലാ പ്രയാസങ്ങളും ഉണ്ടായതിന് ശേഷമല്ല നാം ക്ഷമിക്കേണ്ടത്. അനസ് ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രാകാരമാണ്. ഒരു ക്വബ്‌റിനരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയോട് പ്രവാചകന്‍ (സ) നീ അല്ലാഹുവിനെ സൂക്ഷിക്കുക, ക്ഷമിക്കുക എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ എനിക്ക് ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല. നിനക്കതിനെപ്പറ്റി അറിയുകയുമില്ല എന്നു മറുപടി പറഞ്ഞു. തന്റെ മുമ്പിലുള്ളത് പ്രവാചകനാണ് എന്നവര്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് അത് മനസിലായപ്പോള്‍ പ്രവാചകന്റെ (സ) അടുക്കല്‍വന്ന് താങ്കളാണെന്ന് എനിക്കറിയില്ലായിരുന്നു എന്ന് പറഞ്ഞ ആ സ്ത്രീയോട് ക്ഷമ അതിന്റെ പ്രഥമഘട്ടത്തിലാകുന്നു എന്ന് പ്രവാചകന്‍ (സ) മറുപടി പറഞ്ഞു. എല്ലാം സംഭവിച്ച് ക്ഷമിച്ചു എന്നു പറയുന്നതില്‍ കഴമ്പില്ല എന്ന് മനസിലാക്കുക.
ക്ഷമയെന്ന സൽസ്വഭാവം ഇല്ലാത്തതാണ് പുതിയകാലത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. മാനസികമായ എന്തെങ്കിലും പ്രയാസങ്ങള്‍ ബാധിച്ചാല്‍ അതിലൂടെ ജീവിത നൈരാശ്യത്തിലേക്കും ആത്മഹത്യയിലേക്കും ആപതിക്കുകയാണ് ചിലര്‍. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെ പേരില്‍ എത്രയെത്ര പിഞ്ചുമക്കളെയാണ് സ്വന്തം മാതാപിതാക്കള്‍ കൊന്നൊടുക്കുന്നത്, എത്രയെത്ര ശരീരങ്ങളാണ് വെട്ടി നുറുക്കപ്പെടുന്നത്, എത്രയെത്ര കൗമാരങ്ങളാണ് നാശത്തിലേക്ക് തെന്നി വീഴുന്നത്. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റി വെച്ച്, നമ്മെ മുറിപ്പെടുത്തുന്നവരോട് തിരിച്ചു ക്ഷമിക്കാന്‍ കഴിയുമ്പോഴാണ് നാം ഉന്നത സ്വഭാവത്തിനുടമയായിത്തീരുന്നത്. മക്കാവിജയദിവസം ശത്രുക്കളോട് നിങ്ങള്‍ പൊയ്‌ക്കൊള്ളൂ, നിങ്ങള്‍ക്ക് ഞാനിതാ മാപ്പ് തന്നിരിക്കുന്നുവെന്ന് പ്രവാചകന്‍ (സ) പറഞ്ഞപ്പോള്‍, പ്രവാചകനെ ലോകം അംഗീകരിക്കുകയായിരുന്നു വീണ്ടും. പലരുടെയും വ്യക്തിത്വത്തിന്റെ പരായജയം തന്നെ കോപമാണ്. കോപം പിശാചില്‍നിന്നുമുള്ളതാണ്. ആ സമയം നാം അല്ലാഹുവിനോട് ശരണം തേടുക. പ്രവാചകന്റെ ശിരസറുക്കാന്‍ വന്ന ഉമര്‍ (റ) ഇസ്‌ലാമിലേക്ക് വന്ന ശേഷം, ക്ഷമയേക്കാള്‍ വലിയ അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നു പറയുമ്പോള്‍, ക്ഷമ അവരുടെയൊക്കെ ജീവിതത്തില്‍ എത്രമാത്രമാണ് സ്വാധീനം ചെലുത്തിയതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.
അത്വാഅ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നമുക്കിങ്ങനെ കാണാം. ഒരിക്കല്‍ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു. സ്വര്‍ഗാവകാശിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചു തരട്ടെയോ? അതെയെന്ന് ഞാനുത്തരം നല്‍കി. അപ്പോള്‍ ഇബ്‌നു അബ്ബാസ് (റ) ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഈ കറുത്ത സ്ത്രീയാണത് എന്നു പറഞ്ഞു. നബി(സ)യുടെ അടുക്കല്‍ വന്നിട്ട് അവള്‍ പറഞ്ഞു, നബിയേ ഞാന്‍ ചിലപ്പോള്‍ അപസ്മാരമിളകി നിലത്ത് വീഴും. അപ്പോള്‍ എന്റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ഥിച്ചാലും. നബി (സ) പറഞ്ഞു നീ ക്ഷമ കൈകൊള്ളുന്ന പക്ഷം അതാണ് നിനക്ക് നന്മ, നിനക്ക് സ്വര്‍ഗം കരസ്ഥമാക്കാം. നിനക്ക് ആവശ്യമെങ്കില്‍ നിന്റെ രോഗത്തിനുവേണ്ടി പ്രാര്‍ഥിക്കാം. അവള്‍ പറഞ്ഞു ഞാന്‍ ക്ഷമ കൈകൊള്ളാം. പക്ഷെ അബോധാവാസ്ഥയില്‍ നഗ്നത വെളിപ്പെട്ടു പോകുന്നു. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിച്ചാലും. അപ്പോള്‍ നബി (സ) അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. ആ പെണ്ണിന്റെ വിശ്വാസവും ക്ഷമയും പ്രതീക്ഷയും എത്രമാത്രമാണ്. സ്വര്‍ഗം നേടാനാകുമെന്ന പ്രത്യാശക്കു മുന്നില്‍ തന്റെ രോഗം ആ സ്ത്രീക്കൊരു പ്രശ്‌നായില്ല. ക്ഷമിക്കാന്‍ അവര്‍ തയ്യാറായി. അല്ലാഹുവിന്റെ സ്വര്‍ഗമാവട്ടെ നാമോരോരുത്തരുടെയും ലക്ഷ്യം. അതിനുള്ളതാവട്ടെ നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും.
തികച്ചും നൈമിഷകമായ ഐഹികജീവതത്തില്‍ നമുക്കുണ്ടാകുന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും നമ്മുടെ റബ്ബില്‍നിന്നുമുള്ളതാണെന്ന് മനസിലാക്കുവാനും, അല്ലാഹു നല്‍കുന്ന ഈ പ്രയാസങ്ങള്‍ അവന്റെ വെറുപ്പിന്റെ ഭാഗമല്ല, മറിച്ച് അവന്‍ നമ്മെ ഇഷ്ടപ്പെടുന്നത്‌കൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് വിശ്വാസത്തിന്റെ മാധുര്യം നാം അനുഭവിക്കുന്നത്. ക്ഷമാലുക്കളെും, ത്യാഗികളെയും അല്ലാഹു തിരിച്ചറിയുന്നുണ്ട്. അല്ലാഹു പറയുന്നു. ‘നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈകൊള്ളുന്നവരെയും നാം തിരിച്ചറിയുകയും നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ച് നോക്കുകയും ചെയ്യുന്നത് വരെയും നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.’ പടച്ച റബ്ബിന്റെ എല്ലാ പരീക്ഷണങ്ങളെയും ക്ഷമിക്കുവാനും, അതുമൂലം ഉന്നതമായ സ്വര്‍ഗത്തില്‍ എത്തിപ്പെടാനുമുള്ള മഹാഭാഗ്യവും നമുക്കോരോരുത്തര്‍ക്കും ലഭിക്കുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.
(കഴിഞ്ഞ റമദാനില്‍ ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വനിതകള്‍ക്കായി നടത്തിയ പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായ കൃതി)
No comments yet.