ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും

//ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും
//ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും
ഖുർആൻ / ഹദീഥ്‌ പഠനം

ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും

Print Now

മാനവരാശിക്ക് മാർഗ്ഗദർശനമായി അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് പരിശുദ്ധ ക്വുർആൻ. ക്വുർആനിനെ സ്ഥായിയായി സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത് തീർച്ചയായും നാം തന്നെ കാത്തുസൂക്ഷിക്കുന്നതുമാണ്” (1). പ്രസ്തുത വചനത്തെ അന്വർത്ഥമാക്കുന്ന വിധത്തിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മനഃപാഠമാക്കുന്ന ഗ്രന്ഥമായി പരിശുദ്ധ ക്വുർആൻ മാറിയിരിക്കുന്നു. ഈ ഭൂമിയിൽ നിലവിലുള്ള ക്വുർആനിലെ മുഴുവൻ പ്രതികളും നശിപ്പിച്ചു കളയുകയാണെങ്കിൽ പോലും ഈ ഗ്രന്ഥം മനപ്പാഠമാക്കിയ ആളുകൾ കുറച്ചുപേർ ഒരുമിച്ചുകൂടി ഇരുന്നാൽ അവർക്ക് വളരെ നിഷ്പ്രയാസമായി വീണ്ടും ക്വുർആനിന്റെ ഒരു പ്രതി തയ്യാറാക്കാൻ കഴിയും. അപ്രകാരം മനുഷ്യ മനസ്സുകളിലായി അല്ലാഹു പരിശുദ്ധ ക്വുർആൻ സംരക്ഷിക്കുന്നത്. അത് ലോകാവസാനം വരെ നിലനിൽക്കുകയും ചെയ്യും.

പ്രവാചകന്റെ കാലത്ത് ഇന്ന് കാണുന്ന രൂപത്തിൽ ഒരു ഗ്രന്ഥമായി പരിശുദ്ധ ക്വുർആൻ ക്രോഡീകരിച്ചിരുന്നില്ല. എന്നാൽ പാരായണം ചെയ്തിരുന്നു. എന്നാൽ ഗ്രന്ഥ രൂപത്തിൽ ആദ്യമായി ക്വുർആൻ ക്രോഡീകരിക്കുന്നത് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ) ആയിരുന്നു. പിന്നീട് ഉസ്മാനിന്റെ(റ) കാലത്ത് അനേകം പകർപ്പുകൾ ഉണ്ടാക്കുകയും മുസ്‌ലിംങ്ങൾ ഭരിച്ചിരുന്ന പ്രദേശങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തതായി ചരിത്രം വ്യക്തമാക്കുന്നുണ്ട്.

കാലങ്ങൾ പിന്നിടുമ്പോൾ വ്യത്യസ്തമായ ലിപികളിൽ ക്വുർആൻ രേഖപ്പെടുത്തുകയും ഇന്നുകാണുന്ന രൂപത്തിൽ ആവുകയും  ചെയ്തു.

ഇസ്‌ലാമിനെ മഹത്തായ ഒരു മതമായി അംഗീകരിക്കാൻ ഇഷ്ടപ്പെടാത്ത ക്വുർആനിന്റെ ദൈവികതയെ ചോദ്യംചെയ്യുന്നവർ ക്വുർആൻ ക്രോഡീകരണവും അതിൻറെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകൾ സമൂഹത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്. അവർ ആദ്യമായി പറയാറുള്ളത് ക്വുർആൻ എങ്ങനെയാണ് ക്രോഡീകരിക്കേണ്ടത് എന്ന് പ്രവാചകന് അറിയില്ലായിരുന്നെന്നും പിന്നീട് സ്വഹാബിമാർ അവരുടേതായ താൽപര്യങ്ങൾക്കനുസരിച്ച് ക്വുർആനിനെ ക്രോഡീകരിക്കുകയായിരുന്നെന്ന് പറയുന്നു. തികച്ചും അടിസ്ഥാനരഹിതമായ ഒരു വാദമാണ് ഇത്. ഇസ്ലാമിന്റെ ചരിത്രത്തെ നിസ്വാർത്ഥമായി സമീപിക്കുകയാണെങ്കിൽ ഈ വിഷയത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിക്കും.

23 വർഷക്കാലം കൊണ്ട് ഘട്ടംഘട്ടമായി ഇറങ്ങിയതാണ് ക്വുർആൻ. അതിനാൽ അവതരണം പൂർത്തിയാക്കുന്നതിന് മുമ്പ് അത് ഒരു പുസ്തകമായി ക്രോഡീകരിക്കാൻ കഴിയില്ല. പൊതുവേ അക്കാലത്തെ അറബികൾക്ക് ഒന്നും എഴുതി സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല അവർ എല്ലാം മനപ്പാഠമാക്കുകയാണ് ചെയ്തിരുന്നത്. ജാഹിലിയ്യ കാലഘട്ടത്തിലെ ആയിരക്കണക്കിന് കവിതാസമാഹാരങ്ങളും ഗദ്യങ്ങളും വംശാവലിയുമൊക്കെ അവർ മനപ്പാഠമാക്കിയിരുന്നു. അതുപോലെ പരിശുദ്ധ ക്വുർആൻ ഇറങ്ങുന്നത് അനുസരിച്ച് അവർ മനപ്പാഠമാക്കിയിരുന്നു. മികച്ച സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും പനയോലകളിളും എല്ലിൻ കഷണങ്ങളിലും തടികളികളിലും മരത്തൊലികളിലും അവർ പരിശുദ്ധ ക്വുർആനിന്റെ വചനങ്ങൾ മുഴുവനും എഴുതി സൂക്ഷിച്ചിരുന്നു. ഹിജറ 4-ൽ ബീർമഉനയിലേക്ക്  70 ക്വുർആൻ പണ്ഡിതന്മാരെ അയക്കുകയും അവരിൽ ഒന്നോരണ്ടോ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ നിന്ന് തന്നെ ക്വുർആൻ മനപ്പാഠമാക്കിയ ആളുകളുടെ എണ്ണം വളരെ വലുതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

അല്ലാഹു തന്നെ ഈകാര്യം എങ്ങനെയാണെന്ന് പഠിപ്പിച്ചുതരുന്നുണ്ട്.

“തീര്‍ച്ചയായും അതിന്‍റെ (ക്വുർആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു”.(2) പ്രസ്തുത ആയത്തിന്റെ വിശദീകരണങ്ങളിൽ ഓരോ സൂറത്തും ആയത്തും ഏത് ക്രമത്തിലാണ് മനപ്പാഠമാക്കേണ്ടതെന്നും രേഖപ്പെടുത്തേണ്ടതെന്നും നബി(സ)ക്ക് വ്യക്തമായി അല്ലാഹു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എന്ന് കാണാം.

ക്വുർആനിൻറെ അവതരണവേളയിൽ തന്നെ അത് പഠിക്കുവാനും പ്രവാചകൻ(സ)യുടെ അധ്യാപനങ്ങൾ ഒന്നും നഷ്ടപ്പെട്ടു പോകാതെ മനസ്സിലാക്കാനും അദ്ദേഹത്തോടൊപ്പം സദാ ഉണ്ടായിരുന്ന ആളുകളാണ് “അഹ്‌ലു സുഫ്ഫാ” എന്ന പേരിൽ അറിയപ്പെടുന്നവർ (ക്വുർറാഉകൾ). ഇവർക്ക് ക്വുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും കൃത്യമായ ക്രമം അറിയാമായിരുന്നു. പിൽക്കാലത്ത് അവരിൽ പലരും യുദ്ധങ്ങളിൽ പങ്കെടുക്കുകയും രക്തസാക്ഷികളാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ക്വുർആനിന്റെ ക്രോഡീകരണ ക്രമം അറിയാവുന്ന ഇവർ മരണപ്പെട്ടാൽ ക്വുർആൻ സംരക്ഷണത്തിന് പ്രയാസമുണ്ടാകും എന്ന് മനസ്സിലാക്കിയ ഉമർ(റ) അബൂബക്കർ(റ)നോട് ക്വുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ നിർദ്ദേശം വെക്കുന്നത്. തദടിസ്ഥാനത്തിൽ ഏടുകളിലും തോലുകളിലും എല്ലിൻ കഷണങ്ങളിലും രേഖപ്പെടുത്തി വച്ചിരുന്ന ക്വുർആനിലെ വചനങ്ങൾ ക്വുർആൻ മനപാഠമാക്കിയ പ്രഗൽഭരായ സ്വഹാബിമാരുടെ നേതൃത്വത്തിൽ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചു.

ആദ്യമായി ക്വുർആൻ ക്രോഡീകരിച്ചത് അബൂബക്കർ(റ) ആണെന്ന് ധാരാളം റിപ്പോർട്ടുകളും ചരിത്രപരമായ തെളിവുകളും നിലനിൽക്കെ അത് കണ്ടില്ലെന്ന് നടിച്ച് ക്വുർആൻ ആദ്യമായി ക്രോഡീകരിച്ചത് സാലിം(റ), അലി(റ), ഉമർ(റ) എന്നിങ്ങനെ പലരുമാണെന്നും ആരാണ് യഥാർത്ഥത്തിൽ ക്രോഡീകരിച്ചത് എന്ന കാര്യത്തിൽ മുസ്ലീങ്ങൾക്ക് പോലും തർക്കമാണെന്നുമാണ് വിമർശകർ പറയാറുള്ളത്. വിമർശകർ ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കുക. ഇബ്‌നു സീരീൻ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു പ്രവാചകൻ മരണപ്പെട്ടപ്പോൾ അലി(റ) സത്യം ചെയ്തു ക്വുർആൻ ക്രോഡീകരിച്ചിട്ടല്ലാതെ ഇനിമുതൽ ജുമുഅ ദിവസം മേലങ്കി ധരിച്ചുകൊണ്ട് പോവുകയില്ല, അദ്ദേഹം അങ്ങനെ ചെയ്തു, കുറച്ച് ദിവസങ്ങൾക്ക് ശേഷം അബൂബക്കർ(റ) വന്നു, അദ്ദേഹം ചോദിച്ചു : “അല്ലയോ അബൂ ഹസൻ, എന്റെ നേതൃത്വത്തെ താങ്കൾ വെറുക്കുന്നുവോ?”   അദ്ദേഹം പറഞ്ഞു : “അല്ലാഹുവാണെ ഇല്ല, ക്വുർആൻ ക്രോഡീകരിക്കുന്നത് വരെ ഞാൻ ജുമാ ദിവസം മേലങ്കി ധരിക്കുകയില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്.(3) എന്നാൽ ഈ ഹദീസിൽ ക്വുർആൻ ക്രോഡീകരിക്കുക എന്ന് അർത്ഥം കിട്ടുന്ന പദം “ജമഅ” എന്നാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ “ജമഅ” എന്നതിന് ഹിഫ്ള്(മനപാഠമാക്കൽ) എന്നാണ് അർത്ഥം നൽകിയിട്ടുള്ളത്. അതായത് ക്വുർആൻ മനപാഠമാക്കുന്നതിന് ക്വുർആൻ ജംഅ്‌ ചെയ്യുക എന്നും പറയുമെന്ന് സാരം.(4) മാത്രമല്ല ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ചിട്ടുണ്ട്.(5)

ഉമറാ(റ)ണ് ആദ്യമായി vആൻ ക്രോഡീകരിച്ചത് എന്ന് വാദിക്കുന്നവർ നൽകുന്ന തെളിവ് ഒരു ദുർബലമായ ഹദീസാണ്. “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു വാക്യത്തെപ്പറ്റി ഉമർ(റ) അന്വേഷണം നടത്തി. യമാമ യുദ്ധത്തിൽ മരണപ്പെട്ട ഒരാളുടെ കൈവശത്തിലായിരുന്നു അതെന്ന് അറിവ് കിട്ടിയപ്പോൾ, കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള മന്ത്രം ഉമർ(റ) പറഞ്ഞു, ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് ’ ഉമർ(റ) കല്പിക്കുകയും ക്വുർആൻ ശേഖരിക്കപ്പെടുകയും ചെയ്തു. അദ്ദേഹമായിരുന്നു ആദ്യമായി ക്വുർആൻ ശേഖരിച്ചത്.”(6) ഈ ഹദീസ് ദുർബലമായ ഹദീസുകളിൽ പെട്ട “മുൻഖത്വിഅ്‌”(7) എന്ന വിഭാഗത്തിൽ പെട്ടതാണ്. മാത്രമല്ല ഈ പരമ്പരയിലെ ഹസൻ എന്നയാൾ ഉമർ(റ) നേരിൽ കണ്ടിട്ട്പോലുമില്ല. ഈ ഹദീസിൽ ക്രോഡീകരിച്ചു എന്നതിന്റെ ഉദ്ദേശം ക്രോഡീകരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചു എന്നാണ്.(8)

ക്വുർആൻ ക്രോഡീകരിച്ചപ്പോൾ ഓരോ ആളുകളും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഇഷ്ടമുള്ളതിനെ സ്വീകരിക്കുകയും പലതിനെയും ഒഴിവാക്കുകയും ചെയ്തു എന്നും വിമർശകർ ആരോപിക്കുന്നുണ്ട്.

ഹസനിൽ നിന്നും നിവേദനം ചെയ്ത മേലുദ്ധരിച്ച ഹദീസിൽ യമാമ യുദ്ധത്തിൽ പങ്കെടുത്ത ഒരാളിൽ നിന്നും ക്വുർആനിലെ ചില വചനങ്ങൾ നഷ്ട്ടപ്പെട്ടു എന്ന് പറയുന്നു. ഈ ഹദീസ് ഉദ്ധരിക്കുന്നവർ ഉദ്ദേശിക്കുന്നത് യമാമ യുദ്ധത്തിൽ മരണപ്പെട്ട വ്യക്തിക്ക് മാത്രമായിരുന്നു ആ ആയത്ത് അറിയാമായിരുന്നതെന്നും അദ്ദേഹത്തിന്റെ മരണത്തോടെ ആ ആയത്ത് നഷ്ടപ്പെട്ടുവെന്നും സ്ഥാപിക്കലാണ്. പക്ഷേ ഈ ഹദീസ് മേൽ പറഞ്ഞ പ്രകാരം മരിച്ച വ്യക്തിയും നഷ്‌ടമായ ആയത്തും അജ്ഞാതമായതുകൊണ്ടും സനദ് ദുർബലമായതുകൊണ്ടും ദുർബലമാണ്.

മറ്റൊരു ഹദീസിൽ അബ്ദുറസാഖ് സൗരിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ക്വുർആൻ പാരായണം ചെയ്യാറുണ്ടായിരുന്ന പ്രവാചകന്റെ അനുയായി മുസൈലിമയുടെ ദിവസം(യമാമ യുദ്ധത്തിൽ) മരണപ്പെട്ടതായി ഞാനറിഞ്ഞു. അവരുടെ മരണത്തോടൊപ്പം ക്വുർആനിലെ പല അക്ഷരങ്ങളും നഷ്ടപ്പെട്ടു.(9) ഈ ഹദീസിൽ “അക്ഷരങ്ങൾ” എന്നതിന് അറബിയിൽ “ഹുറൂഫ്” എന്നാണ് അർത്ഥം. ഇവിടെ ഹുറൂഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അക്ഷരങ്ങൾ എന്നല്ലെന്നും നബിയുടെ ക്വുർആൻ പാരായണത്തിന്റെ അവതരിപ്പിക്കപ്പെട്ട ശൈലികളാണ് എന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല സൗരി മുദല്ലിസും അബ്ദുറസാഖ് മുഖ്ത്വലിതുമാണെന്ന്മുഹദ്ദിസുകൾ അഭിപ്രായപ്പെട്ടവരാണ്

പ്രധാനമായും ഏഴ് ഹുറൂഫുകളിലാണ് (ശൈലികളിലാണ്) ക്വുർആൻ അവതരിപ്പിക്കപെട്ടുള്ളത്. ഉമറുബിനിൽ ഖത്താബ്(റ)ൽ നിന്ന് : റസൂലിന്റെ കാലത്ത് ഹിശാമിബ്നു ഹക്കീം ഒരിക്കൽ ‘സൂറത്തുൽ ഫുർഖാൻ’ ഓതുന്നത് ഞാൻ കേട്ടു. ഞാൻ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂൽ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്കാരത്തിലായിരിക്കെത്തന്നെ അദ്ദേഹവുമായി വഴക്കിടാൻ എനിക്ക് തോന്നി. നമസ്കാരം കഴിയുന്നവരെ ഞാൻ ക്ഷമിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ച ഉടനെ അദ്ദേഹത്തിൻറെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാൻ ചോദിച്ചു :” നിങ്ങളിപ്പോൾ ഓതുന്നതായി ഞാൻ കേട്ട സൂറത്ത് നിങ്ങൾക്ക് ആരാണ് ഓതിത്തന്നത്?” അദ്ദേഹം പറഞ്ഞു : “അല്ലാഹുവിന്റെ റസൂലാണ് എന്നെ പഠിപ്പിച്ചത്” ഞാൻ പറഞ്ഞു : “കള്ളം, റസൂൽ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങൾ ഓതിയ രൂപത്തിലല്ല” അദ്ദേഹത്തെയും പിടിച്ച് ഞാൻ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. റസൂലിനോട് പറഞ്ഞു :” എനിക്ക് നിങ്ങൾ ഓതി തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു. റസൂൽ പറഞ്ഞു: “അദ്ദേഹത്തെ വിട്ടേക്കൂ. ഹിഷാം, നിങ്ങൾ ഓതൂ.” ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു :”ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്” തുടർന്ന് അവിടുന്ന് പറഞ്ഞു: “ഉമറേ  നിങ്ങളൊന്ന് ഓതൂ”. റസൂൽ എന്നെ പഠിപ്പിച്ചപോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: “ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുർആൻ ഏഴ് വ്യത്യസ്ത ശൈലികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക”(10)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഹാശിം ബിൻ ഹക്കീം(റ) ഖുറൈശികളിലെ അസദീ ഗോത്രവും ഉമർ(റ) ഖുറൈശികളിലെതന്നെ അദവിയ്യ് ഗോത്രവുമാണ്.(11) ഒരു ഭാഷയാണ് എല്ലാവർക്കുമെങ്കിലും ഖുറൈശികളിലെ തന്നെ വ്യത്യസ്ത ശൈലികൾ നിലനിന്നിരുന്നു എന്നതാണ് യാഥാർഥ്യം. എഴുത്ത് വ്യാപകമായി നിലനിന്നിട്ടില്ലാത്ത കാലത്ത് വിത്യസ്ത നിലവാരത്തിലുള്ളവർക്ക് ഒരേ ശൈലിയിൽ പാരായണം പ്രയാസകരമാണെന്നതിനാൽ അല്ലാഹു തന്നെ അവതരിപ്പിച്ച ഏഴ് ഹർഫുകളിലായുള്ള ക്വുർആൻ പാരായണം നബി(സ)യുടെ കാലത്തുതന്നെ നിലനിന്നിരുന്നുവെന്നും എല്ലാ സ്വഹാബിമാർക്കും എല്ലാ ഹർഫുകളും അറിയില്ലായിരുന്നുവെന്നും വ്യക്തമാണ്. അതിനാൽ ചില സ്വഹാബിമാർ യമാമ യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ഇപ്രകാരം ചില ഒറ്റപ്പെട്ട ഹർഫുകൾ(പാരായണ രീതി) നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഹർഫുകൾ നഷ്ടപ്പെട്ടു എന്ന് പറയുന്ന ഹദീസ് സൂചിപ്പിക്കുന്നത്. ഈ കാലത്തിൽ ക്വുർആൻ ഓതുന്നവരിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനവും എല്ലാ ശൈലിയും അറിയാത്തവരായതുകൊണ്ട് തൊണ്ണൂറ്റിയൊമ്പത് ശതമാനവും ക്വുർആൻ നഷ്ടമായി എന്നു ധരിച്ചവരെല്ലാം വിഡ്ഢികളാണ്.

അബൂബക്കറി(റ)ന്റെ കാലത്ത് ക്വുർആൻ ക്രോഡീകരിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം വിമർശകർ എടുത്തുകാണിക്കുന്നുണ്ട്. സൈദ് ബിൻ സാബിത്ത്(റ) ക്വുർആൻ ക്രോഡീകരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ അദ്ദേഹം സ്വന്തം മനപ്പാഠത്തെയോ ജീവിച്ചിരിക്കുന്ന മറ്റ് ക്വുർആൻ അറിയുന്നവരുടെ മനപ്പാഠത്തെയോ മാത്രം ആശ്രയിക്കുകയല്ല, അവർ മനപാഠമാക്കിയ കാര്യങ്ങൾ പ്രവാചക കാലത്ത് എഴുതപ്പെട്ട രേഖകളിലേതിലെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക കൂടി ചെയ്തതിനു ശേഷമാണ് അദ്ദേഹം ക്വുർആൻ ക്രോഡീകരിച്ചത്. പലരുടെയും മനപ്പാഠത്തിലുണ്ടായിരുന്നെങ്കിലും സൂറത്തു തൗബയിലെ അവസാന രണ്ട് വചനങ്ങൾ എഴുത്ത് രേഖകളിലൊന്നും കണ്ടെത്താനായില്ലെന്നും അത് കണ്ടെത്തുന്നതുവരെ തന്റെ അന്വേഷണം തുടർന്നുവെന്നും അബു ഖുസൈമത്തൽ അൻസാരിയുടെ പക്കൽനിന്ന് അവകൂടി കണ്ടെത്തിയ ശേഷമാണ് തന്റെ ക്രോഡീകരണ ദൗത്യം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ആ ഹദീസിൽ അബൂബക്കർ(റ) സൈദ്ബിനു സാബിത്(റ) നൽകിയ നിർദ്ദേശം, ആരെങ്കിലും അല്ലാഹുവിന്റെ ഒരു വചനം(ക്വുർആൻ) രണ്ടുപേരുടെ സാക്ഷ്യത്തോടെ കൊണ്ടുവന്നാൽ അത് രേഖപ്പെടുത്തുക എന്നാണ്.(12) ഇവിടെ അബു ഖുസൈമത്തൽ അൻസാരിയുടെ പക്കൽനിന്ന് കണ്ടെത്തിയ രേഖ അബൂബക്കർ(റ)ന്റെ നിർദ്ദേശത്തിന് വിരുദ്ധമാണെന്നും അതിനാൽ ഓരോരുത്തർക്കും തോന്നിയപ്പോലെയാണ് ക്വുർആൻക്രോഡീകരിച്ചുവെന്ന് അവർ പറയുന്നു. എന്നാൽ നബി(സ) അദ്ദേഹത്തിന്റെ ഒരു സാക്ഷിത്വത്തെ മറ്റ് രണ്ട് പേരുടെ സാക്ഷിത്വത്തിന് തുല്യമാണെന്ന് മറ്റൊരു സംഭവത്തിൽ പറഞ്ഞതും പ്രശസ്തമാണ്.(13)

ക്വുർആൻ വിമർശകരുടെ മറ്റൊരു ആരോപണമാണ് ആയിശ(റ)യുടെ അടുക്കൽ എഴുതി സൂക്ഷിച്ചിരുന്ന  ക്വുർആനിന്റെ ചില ആയത്തുകൾ ആട് തിന്നുപോയി എന്നത്. അങ്ങനെ വ്യഭ്യചാരിയെ എറിഞ്ഞു കൊല്ലുന്നതും മുലകുടി പ്രായവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ആയത്തുകൾ നഷ്ടമായി എന്നാണ് വാദം. തെളിവായി ഒരു ഹദീസും ഉണ്ട്.(14) പക്ഷേ ഈ ഹദീസ് ദുർബലമാണ് എന്ന് പ്രബലരായ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഈ പരമ്പരയിലെ ദുർബലതയും, ഈ വിഷയത്തിൽ വന്ന മറ്റ് ഹദീസുകളോടുള്ള ഇതിന്റെ വൈരുദ്ധ്യം എന്നിങ്ങനെ ധാരാളം തെളിവുകൾ അവർ നിരത്തുന്നുണ്ട്(15)

ചുരുക്കത്തിൽ, ക്വുർആനിലെ ഒരു ആയത്തുപോലും നഷ്ടപെട്ടിട്ടില്ലെന്നും കൂടുതൽ ചേർക്കപ്പെട്ടിട്ടില്ലെന്നും നബി(സ)ക്ക് അവതീർണമായ അതേ ക്വുർആൻ തന്നെയാണ് അബൂബക്കർ(റ)ന്റെ കാലത്ത് ക്രോഡീകരിച്ചതെന്നും നിരവധി അനിഷേധ്യമായ ഹദീസുകളിലൂടെ വ്യക്തമാണ്. ഹദീസുകൾ ദുർവ്യാഖ്യാനിച്ചും ദുർബല ഹദീസുകളുടെ പിൻബലത്തിലും ക്വുർആൻ വിമർശകർ സൃഷ്ടിച്ചെടുത്ത വാദങ്ങൾ നിഷ്പക്ഷവാദിയായ ഒരു സത്യാന്വേഷിയുടെ മുന്നിൽ ഒട്ടും ആയുസ്സില്ലാത്തതാണ്.

അബൂബക്കറി(റ)ന്റെ കാലത്തെ ക്വുർആൻ ക്രോഡീകരണത്തെക്കാൾ വിമർശനങ്ങൾ ഉണ്ടായിട്ടുള്ളത് ഉസ്മാ(റ)ന്റെ കാലത്ത് നടന്ന സംഭവങ്ങളിലാണ്. അദ്ദേഹം ക്വുർആൻ കത്തിച്ചുകളഞ്ഞു എന്നതാണ് ഏറ്റവും വലിയ ആരോപണം. അദ്ദേഹത്തിന് ശരിയെന്ന് തോന്നിയ ക്വുർആൻ ഭാഗങ്ങൾ നിലനിർത്തുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്തു.  അപ്പോൾ തന്നെ ധാരാളം സ്വഹാബിമാർ വിമർശിച്ചിട്ടുണ്ടെന്നും അവർ വാദിക്കുന്നുണ്ട്. എന്നാൽ അബൂബക്കർ(റ)ന്റെ കാലത്ത് ക്വുർആൻ ക്രോഡീകരിച്ച സൈദുബ്നു സാബിത്(റ) തന്നെയാണ് ഉസ്മാൻ(റ)ന്റെ കാലത്തും ക്വുർആൻ ക്രോഡീകരിക്കാൻ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. വളരെ സുതാര്യമായ രീതിയിൽ വീണ്ടും ക്വുർആൻ ക്രോഡീകരിക്കുകയും ഹഫ്സ(റ)യുടെ കയ്യിലുണ്ടായിരുന്ന അബൂബക്കർ(റ) ക്രോഡീകരിച്ച ക്വുർആൻ വാങ്ങി അതിന്റെ ആധികാരികത ഉറപ്പു വരുത്തുകയും ചെയ്തു. ക്വുർആൻ അവതരിക്കപ്പെട്ട ഖുറൈശി ഉച്ചാരണ രീതിയിൽ തന്നെ ക്രോഡീകരണം നടക്കണമെന്ന് ഉസ്മാൻ(റ) നിർബന്ധം പിടിച്ചിരുന്നു. മറ്റ് തരത്തിലുള്ള ശൈലികൾ നിരോധിക്കുകയും ചെയ്തു. അറബി ഭാഷയുടെ തനത് ശൈലിയിൽ നിന്ന് മാറിയാൽ പിന്നീട് വ്യതിയാനങ്ങൾ ഉണ്ടാകുകയും തെറ്റായ പാരായണത്തിന് കാരണമാകുകയും ചെയ്യുമെന്നതിനാലാണ് ഇപ്രകാരം എഴുതിയത് ഈ രണ്ടാം പ്രാവശ്യം ക്രോഡീകരിച്ച ക്വുർആൻ അനേകം കോപ്പികളെടുത്ത് വ്യത്യസ്ത നാടുകളിലേക്ക് ഉസ്മാൻ(റ) അയച്ചുകൊടുത്തു. വ്യക്തികളുടെ കയ്യിലുണ്ടായിരുന്ന സ്വകാര്യ കയ്യെഴുത്ത് പ്രതികൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാരണം ഔദ്യോഗികമായ പ്രതികളിൽ നിന്നു വീണ്ടും ആളുകൾ വ്യതിചലിക്കാനും വീണ്ടും ഭിന്നതകൾ ഉണ്ടാകാനും സാധ്യതയുണ്ടാവാം ആ സാധ്യതായാണ് ഇപ്പോൾ വിമർശകർ പ്രചരിപ്പിക്കുന്നത്. ഉസ്മാൻ(റ)ന്റെ പ്രവർത്തി ഇന്നത്തെ വിമർശകർ കാണുന്നതുപോലെ ഒരു തെറ്റായിട്ട് സ്വഹാബിമാരാരും കണ്ടിരുന്നില്ല.(16) അബ്ദുല്ലാഹിബ്നു മസൂദ്(റ) ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം അടക്കമുള്ള മുഴുവൻ സ്വഹാബിമാരും അത് അംഗീകരിച്ചു എന്നതാണ് ചരിത്രം.(17)(18) അക്കാലത്ത് ഒരാളും ക്വുർആൻ ക്രോഡീകരണവും അതിന്റെ പകർപ്പെടുക്കലും തെറ്റായിരുന്നുവെന്ന് പറഞ്ഞതായും തെളിവില്ല. ഇത് ക്വുർആനിന്റെ സംരക്ഷണത്തിന് അല്ലാഹു നിശ്ചയിച്ച ഒരു വഴിയായിട്ടാണ് വിശ്വാസികൾ മനസ്സിലാക്കുന്നത്.

കാലങ്ങൾ കഴിഞ്ഞപ്പോൾ പല ഭരണാധികാരികളുടെയും നേതൃത്വത്തിൽ ക്വുർആനിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടാക്കുകയും ഉഥ്മാനി(റ)ന്റെ കാലത്ത് ക്രോഡീകരിച്ച ക്വുർആൻ നിലവിലില്ലെന്നും സ്ഥാപിക്കാൻ വിമർശകർ ചില വിഫല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ ഉഥ്മാനി(റ)ന്റെ കാലത്ത്  രേഖീകരിക്കപ്പെട്ട രൂപത്തിൽ തന്നെ യാതൊരു മാറ്റവുമില്ലാതെയാണ് ഇന്നും ക്വുർആൻ നിലനിൽക്കുന്നത് എന്ന വസ്തുത ഓറിയന്റലിസ്റ്റുകൾ പോലും അംഗീകരിക്കുന്നുണ്ട്. പ്രസിദ്ധ ക്രിസ്തുമത പ്രചാരകനും ഓറിയന്റലിസ്റ്റുമായ സർ വില്യംമൂർ എഴുതുന്നു: “ഉസ്മാൻ(റ)ന്റെ പരിശോധിത ഗ്രന്ഥം മാറ്റമൊന്നുമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ലാതെ- യാതൊരുവിധത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ എന്നുതന്നെ പറയാം- വളരെ സൂക്ഷ്മവും കൃത്യവുമായി അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

വിശാലമായ ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ അതിർത്തിക്കകത്ത് ചിതറിക്കിടക്കുന്ന അസംഖ്യം ക്വുർആൻ രേഖകൾ വ്യക്തമാക്കുന്നു. മുഹമ്മദ് നബി(സ) യുടെ മരണത്തിന് ശേഷം കാൽ നൂറ്റാണ്ട് കഴിയുന്നതിനു മുമ്പ് അവരിൽ നടന്ന കൊലപാതകത്തിനുശേഷം അവർ പരസ്പരം വെറുക്കുകയും പോരാടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങൾ മുസ്ലിം ലോകത്ത് ഉണ്ടായിരുന്നെങ്കിലും അവർക്കെല്ലാം ഉണ്ടായിരുന്നത് ഒരേയൊരു ക്വുർആൻ തന്നെയായിരുന്നു.അത് ഒരേയൊരു ഗ്രന്ഥവും തന്നെയായിരുന്നു അന്നുമുതൽ ഇന്നുവരെയുള്ള മുഴുവനാളുകളും പാരായണം ചെയ്തു പോരുന്നതും നിർഭാഗ്യവാനായ ഖലീഫയുടെ ഉത്തരവുപ്രകാരം കോപ്പികൾ പ്രചരിക്കപ്പെട്ട ഗ്രന്ഥം തന്നെയാണ്. അതുതന്നെയാണിന്നും നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതിനുള്ള അനിഷേധ്യമായ തെളിവാണ്. പതിനാല് നൂറ്റാണ്ടുകാലം ഇത്തരത്തിൽ യാതൊരുവിധ മാറ്റവും ഇല്ലാതെ സംരക്ഷിക്കപ്പെട്ട ഒരേയൊരു ഗ്രന്ഥം ക്വുർആൻ മാത്രമായിരിക്കും. സ്വരചിഹ്നങ്ങളും(vowel sign) അക്ഷരങ്ങളിലു(diacritical sign)മുള്ള വളരെ ചെറിയ വ്യത്യാസങ്ങൾ പോലും ഏറെ പരിമിതമാണ്. ഈ ചിഹ്നങ്ങൾ ഇടുന്ന സമ്പ്രദായം പിൽക്കാലത്തുണ്ടായതാണ് എന്നതുകൊണ്ടുതന്നെ അത് ആദ്യകാല രേഖകളിൽ ഉണ്ടായിരുന്നില്ല. അതിനാൽ അവയൊന്നും തന്നെ ഉസ്മാൻ(റ)ന്റെ രേഖ തന്നെയാണ് ഇന്നും നിലനിൽക്കുന്നത് എന്ന വസ്തുതയെ ബാധിക്കുന്ന പ്രതിവാദങ്ങളല്ല”(19)

References
 1. ക്വുർആൻ 15:9
 2. ക്വുർആൻ 75:17
 3. സുയൂഥി, അൽ ഇത്ഖാൻ, 1:59
 4. ഇബ്‌നു അബീ ദാവൂദ്, അൽ മസാഹിഫ്, പേജ് :169,170
 5. ഇബ്നു ഹജർ അസ്ഖലാനി, ഫാത്ഹുൽ ബാരി, 9/12,13
 6. ഇബ്‌നു അബീ ദാവൂദ്, അൽ മസാഹിഫ്, പേജ് : 171
 7. മുൻഖത്വിഅ്‌ – പരമ്പരയിൽ ഒരു റിപ്പോർട്ടർ വിട്ടുപോയിട്ടുള്ള ഹദീസുകൾ.
 8. ഇബ്‌നു കഥീർ, ഫളാഇലുൽ ക്വുർആൻ, പേജ്:27
 9. തഫ്സീർ ദുർറുഉൽ മൻസൂർ, സൂറത്ത് അഹ്‌സാബിന്റെ ആമുഖം, വാല്യം-6, പേജ്-558
 10. ബുഖാരി ( 2287 ) മുസ്‌ലിം ( 818 )
 11. ഫത്ഹുൽ ബാരി, ഇബ്‌നു അബ്ദുൽ ബറ്. പേ.573
 12. സുയൂഥി, തഫ്സീറു ദുർറുൽ മൻഥൂർ, 4/332,333
 13. സുനനു അബീ ദാവൂദ് 3/ 340 നമ്പർ:3609. സുനനുൽ കുബ്റാ ലി നസാഈ 6/ 73 നമ്പർ:6198.
 14. സുനനു ഇബ്നു മാജ്ജ, കിതാബുന്നിക്കാഹ്, നമ്പർ : 1944
 15. https://islamqa.info/amp/en/answers/175355
 16. എം.എം അക്ബർ, ക്വുർആൻ ക്രോഡീകരണം ; ചരിത്രവും വിമർശനങ്ങളും, പേജ് : 40,41
 17. ഇബ്നു അബീ ദാവൂദ്, അൽമുസന്നഫ്, പേജ് : 175, ഉസ്മാൻ ക്വുർആൻ ക്രോഡീകരിച്ചതിനെ ജനങ്ങൾ അംഗീകരിച്ച അധ്യായം.
 18. ഇബ്നു അബീ ദാവൂദ്, അൽമുസന്നഫ്, പേജ് : 193, ഉസ്മാൻ ക്വുർആൻ ക്രോഡീകരിച്ചതിനെ അബ്ദുല്ലാഹിബ്നു മസൂദ് തൃപ്തി പ്രകടിപ്പിച്ച അധ്യായം.
 19. William Muir : The Life of Mahomet, Edinburgh, 1912, Pages xxii-xxiii.(എം.എം അക്ബർ, ക്വുർആൻ ക്രോഡീകരണം ; ചരിത്രവും വിമർശനങ്ങളും, പേജ് : 42ൽ ഉദ്ധരിച്ചത്.)

2 Comments

 • This website is very useful for Islam study

  MuhammedRasik.c 16.03.2019
 • അസ്സലാമു അലൈകും,

  “ആദ്യമായി ക്വുർആൻ ക്രോഡീകരിച്ചത് അബൂബക്കർ(റ) ആണെന്ന്…..” ഇത് മുസ്ഹഫ് രൂപത്തിലാക്കിയത് എന്നല്ലേ മനസ്സിലാക്കേണ്ടത്….

  ഖുർആനിന്റെ അടിസ്ഥാന പതിപ്പ് അല്ലാഹുവിന്റെയടുക്കൽ ലൗഹുൽ മഹ്ഫൂളിൽ സുരക്ഷിതമാണെന്നതും, ഖുർആനിന്റെ ക്രോഡീകരണവും (ക്രമീകരണം) സൂറ:, ആയത്ത് എന്നിവ അധ്യായങ്ങൾക്ക് “സൂറ:” എന്ന പേരുപോലും അള്ളാഹു നിർദേശിച്ചപ്രകാരം തന്നെ റസൂലിന്റെ (സ) ജീവിത കാലത്ത് തന്നെ നടന്നതാന്നെന്നും ആയത്തുകളും, സൂറകളും വഹ്യ് മുകാന്തരം ഇറങ്ങുമ്പോൾ തന്നെ സെയ്ദ്ബ്നു സ്വാബിത്ത് (റ) പോലുള്ള വഹ്യ് എഴുത്തുകാർ അവരുടെ മനസ്സുകളിലും പിന്നെ കല്ലിലും, എല്ലിലും, ഓലകളിലും എഴുതിവച്ചതും അബൂബക്കർ സിദ്ദീഖ് (റ) കാലത്ത് മുസ്ഹഫ് രൂപത്തിലാക്കിയതും … എന്നിങ്ങനെ ഘട്ടം ഘട്ടങ്ങളായി സംഭവിച്ച കാര്യങ്ങൾ ആണ് ഞാൻ പഠിച്ചതും മനസ്സിലാക്കിയതും. ഇതിൽ എനിക്ക് വായിച്ചപ്പോൾ ഉണ്ടായ ഒരു സംശയം “ക്രോഡീകരണം” കൊണ്ട് ഉദേശിച്ചത്‌ ഖുർആനിന്റെ ക്രമീകരണമാണോ എല്ലാ മേലെ സൂചിപ്പിച്ച ശ്രോതസുകളിൽ നിന്നും മുസ്ഹഫിലേക്കു പകർത്തിയെഴുതിയതാണോ? ഇനി അങ്ങിനെയാണെങ്കിൽ സൂറകളുടെയും അതിലെ ആയത്തുകളുടെയും ക്രമീകരണം ആരുടെ നിർദേശ പ്രകാരമാണ് ചെയ്തിട്ടുള്ളത്, ഒന്ന് വ്യക്തമാക്കിയാൽ വളരെ സഹായകമായിരിക്കും.

  ജസാകല്ലാഹ്…

  Nadish Hassan 11.04.2020

Leave a comment

Your email address will not be published.