ക്വാറന്റൈൻ: മുഹമ്മദ് നബി ﷺ പറഞ്ഞതാണ് ശരി -NEWSWEEK MAGAZINE

//ക്വാറന്റൈൻ: മുഹമ്മദ് നബി ﷺ പറഞ്ഞതാണ് ശരി -NEWSWEEK MAGAZINE
//ക്വാറന്റൈൻ: മുഹമ്മദ് നബി ﷺ പറഞ്ഞതാണ് ശരി -NEWSWEEK MAGAZINE
ആനുകാലികം

ക്വാറന്റൈൻ: മുഹമ്മദ് നബി ﷺ പറഞ്ഞതാണ് ശരി -NEWSWEEK MAGAZINE

Print Now
ലോകത്തെ നടുക്കിയ കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തെ തടുക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെന്ന നിലയിൽ ‘ഐസൊലേഷൻ’, ‘ക്വാറന്റൈൻ’ എന്നിവ നിർദേശിക്കപ്പെടുന്ന സാഹചര്യത്തിൽ പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബി ﷺ പകർന്നു നൽകിയ ആരോഗ്യപാഠങ്ങൾ ലോകത്ത് വിജ്ഞാനദാഹികളുടെ ചർച്ചകൾക്ക് വിഷയീഭവിച്ചിരിക്കുകയാണ്. അമേരിക്കയിലെ പ്രസിദ്ധ മാഗസിനായ ‘ന്യൂസ് വീക്ക്’ മാര്‍ച്ച്‌ 17-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഈ വിഷയത്തിലുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ‘ക്വാറന്റൈൻ’ പ്രാക്ടീസിംഗ് ആദ്യമായി ലോകത്തെ പഠിപ്പിച്ചത് മുഹമ്മദ് നബിﷺയാണെന്ന് ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ വ്യക്തമാക്കുന്നു (https://www.google.com/amp/s/www.newsweek.com/prophet-prayer-muhammad-covid-19-coronavirus-1492798%3famp=1).

വ്യക്തിശുചിത്വവും ഐസൊലേഷനുമാണ് കോവിഡ് 19 എന്ന മഹാമാരിയെ കീഴ്‌പ്പെടുത്താനുള്ള ഏറ്റവും ഉചിതമായ മാര്‍ഗങ്ങൾ എന്ന് ഡോക്ടർ ആന്റണി ഫ്യൂചിയെപ്പോലുള്ള ഇമ്മ്യൂണോളജിസ്റ്റുകളുടെയും സഞ്ജയ് ഗുപ്തയെപ്പോലുള്ള മെഡിക്കല്‍ കറസ്‌പോണ്ടന്റുമാരുടെയും നിരീക്ഷണങ്ങളെയടിസ്ഥാനമാക്കി സമർത്ഥിക്കുന്ന പ്രസ്തുത ലേഖനം കൈകളും മുഖവും കഴുകുന്നതുമായും മറ്റു ശുചീകരണ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട നബിﷺയുടെ നിര്‍ദേശങ്ങള്‍ പ്രവാചകാധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാര്‍വകാലിക പ്രസക്തിയും വിളിച്ചോതുന്നതായും നിരീക്ഷിക്കുന്നു. കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് നബിﷺയാണെന്നാണ് ലേഖനം വിലയിരുത്തുന്നത്. തൻറെ കാലത്ത് നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട സാംക്രമികരോഗമായ പ്ലേഗ് ഏതെങ്കിലും പ്രദേശത്തെ ബാധിച്ചാൽ എന്തുചെയ്യണമെന്ന് പ്രവാചകൻﷺ പഠിപ്പിച്ചത് തന്നെയാണ് ഇന്ന് ക്വാറന്റൈൻ എന്ന പേരിൽ ആരോഗ്യപ്രവർത്തകരും നിഷ്കർഷിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് പ്രസ്തുത ലേഖനത്തിൽ കൊടുത്തിട്ടുള്ള പ്രവാചക വചനം: “ഏതെങ്കിലും ഒരു സ്ഥലത്ത് പ്ലേഗ് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ അങ്ങോട്ട് നിങ്ങൾ പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ലേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്യരുത്” (ബുഖാരി, മുസ്‌ലിം). എത്ര കൃത്യമായ ക്വാറന്റൈൻ നിർദേശം! “പകർച്ചവ്യാധി ബാധിച്ചവരെ അതില്ലാത്തവരിൽനിന്ന് അകറ്റിനിർത്തണം” എന്ന പ്രവാചകവചനവും ന്യൂസ് വീക്ക് ലേഖനം ഉദ്ധരിക്കുന്നു.

ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച നബിവചനങ്ങളും ലേഖനത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. “ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം. കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല” , “ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത”, “ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്” എന്നീ ഹദീഥുകൾ ഉദ്ധരിച്ചുകൊണ്ടാണ് ശുചീകരണപാഠങ്ങൾ ലേഖകൻ പകർന്നുനൽകുന്നത്.

മനുഷ്യന്‍ ചെയ്യേണ്ട മുന്‍കരുതലുകളും ജാഗ്രതയുമാണ് പ്രാര്‍ത്ഥനയ്ക്കും മുമ്പായി വേണ്ടതെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. “CAN THE POWER OF PRAYER ALONE STOP A PANDEMIC LIKE THE CORONAVIRUS? EVEN THE PROPHET MUHAMMAD THOUGHT OTHERWISE” എന്നാണ് ഈ ലേഖനത്തിനു നൽകപ്പെട്ടിട്ടുള്ള തലക്കെട്ടുതന്നെ. മുഹമ്മദ് നബിﷺയുടെ അധ്യാപനങ്ങള്‍ ഇതാണ് ചൂണ്ടികാണിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്ന ലേഖകന്‍ “ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ ദൈവത്തില്‍ ഭരമേല്പിക്കേണ്ടത്” എന്ന പ്രസിദ്ധമായ നബിവചനം ഉദ്ധരിക്കുന്നുമുണ്ട്. രോഗം ബാധിച്ചാൽ ചികിൽസിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിക്കുന്ന നബിവചനവും പ്രസ്തുത ലേഖനത്തിൽ സ്ഥാനം പിടിക്കുകയുണ്ടായി: “നിങ്ങൾ ചികിൽസിക്കുക. ശമനൗഷധമില്ലാത്ത രോഗങ്ങളൊന്നും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; വാർദ്ധക്യം എന്ന രോഗമല്ലാതെ.”

ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങളിലും ഇസ്‌ലാമിൻറെ സമീപനം തന്നെയാണ് ഏറ്റവും മികച്ചതെന്ന് പാശ്ചാത്യൻ ചിന്തകർക്കുപോലും സമ്മതിക്കേണ്ടിവരുന്ന കാഴ്ചയാണ് നാമിവിടെ ദർശിക്കുന്നത്. ക്രെയ്ഗ് കോണ്‍സിഡിന്‍ പങ്കുവെച്ച നബിവചനങ്ങളുടെ വെളിച്ചത്തിൽ ഇസ്‌ലാമിന്റെ ശുചീകരണപാഠങ്ങൾ അൽപംകൂടി പരിശോധിക്കുക:”ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്” എന്നാണ് നബിﷺയുടെ അധ്യാപനം (മുസ്‌ലിം). അദ്ദേഹം ശുദ്ധീകരണം സ്വയം സ്വീകരിക്കുകയും അനുയായികളോട് അത് സ്വീകരിക്കുവാൻ കൽപിക്കുകയും ചെയ്തു. ഇസ്‌ലാമിലെ കർമശാസ്ത്രനിയമങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങൾ ആരംഭിക്കുന്നതുതന്നെ ‘ശുദ്ധി’ എന്ന തലക്കെട്ടോടെയാണ്. അംഗസ്‌നാനത്തിലൂടെയും കുളിയിലൂടെയും ശരീരം വൃത്തിയാക്കുന്നത്‌ നമസ്‌കാരത്തിന്റെ താക്കോലായി ഇസ്‌ലാം നിശ്ചയിച്ചു. സത്യവിശ്വാസികൾ നിർബന്ധമായി നിർവഹിക്കേണ്ട ആരാധനകളുടെ ഭാഗമാണ് ശുദ്ധീകരണമെന്നർത്ഥം. കൊറോണ പോലുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ അംഗസ്‌നാനം ചെയ്യുന്ന അവയവങ്ങൾ അതോടൊപ്പം സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക കൂടി ചെയ്യുന്നത് രോഗപ്രതിരോധത്തിന്‌ കൂടുതൽ സഹായകമായിരിക്കും. രോഗിയാണെങ്കിലും അല്ലെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്യുന്നവർ തുണി കൊണ്ടോ കൈ കൊണ്ടെങ്കിലുമോ മറച്ചു പിടിച്ചാൽ അവരുടെ സ്രവങ്ങളിലുള്ള രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുകയില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നബിﷺ മാതൃക കാണിച്ച് തന്ന മര്യാദ തന്നെയാണ് ഈ രംഗത്തും പിന്തുടരാൻ ഏറ്റവും നല്ലത്. അബൂഹുറൈറ (റ) എന്ന പ്രവാചകാനുചരൻ നിവേദനം ചെയ്യുന്നു: “അല്ലാഹുവിന്റെ ദൂതൻﷺ തുമ്മിയാൽ തന്റെ കൈ കൊണ്ടോ തുണികൊണ്ടോ വായ് പൊത്തുമായിരുന്നു.”(തിർമിദി). ഈ മാതൃക പിൻപറ്റിക്കൊണ്ട് പ്രവാചകകാലം മുതൽ ഇന്ന് വരെ വിശ്വാസികൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ കൈകളോ തൂവാലയോ ഉപയോഗിച്ച് വദനഭാഗം മറച്ചു പിടിക്കാറുമുണ്ട്. ആ പ്രവാചകചര്യ കൃത്യമായി അനുധാവനം ചെയ്യുന്നതിനു വേണ്ടിയുള്ള ഉപദേശവും ഇത്തരം അവസരങ്ങളിൽ പണ്ഡിതന്മാർ പ്രത്യേകമായി നൽകേണ്ടതാണ്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായിലെയും മൂക്കിലേയും സ്രവങ്ങളിലൂടെ പുറത്ത് വരുന്ന രോഗാണുക്കൾ മറ്റുള്ളവരിലേക്ക് സംക്രമിക്കാതിരിക്കുന്നതിന് ഇത് സഹായിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാചകൻ ﷺ പറയുന്നത് ഇങ്ങനെ: “എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. മരുന്ന് രോഗത്തിന് അനുയോജ്യമായാൽ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നു.”(മുസ്‌ലിം, അഹ്‌മദ്‌)

ഇസ്‌ലാമിലെ നമസ്കാരം, വ്രതാനുഷ്ഠാനം തുടങ്ങിയ ആരാധനാകർമങ്ങളെല്ലാം ആരോഗ്യസംരക്ഷണത്തിനു കൂടി ഏറെ പര്യാപ്തമാണെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. രോഗം കാരണമോ മറ്റോ ആരാധനകൾ ശരിയായി നിർവഹിക്കുക സാധ്യമല്ലാത്ത ഘട്ടങ്ങളിൽ ഇസ്‌ലാം അവയിൽ ഇളവ് അനുവദിക്കുകയും ചെയ്യുന്നു. രോഗികൾക്ക് വുദൂഇന് പകരം തയമ്മും, നിന്ന് നമസ്കരിക്കുന്നതിനു പകരം ഇരുന്നോ കിടന്നോ നമസ്കരിക്കുവാനുള്ള അനുവാദം, യാത്രക്കാർക്കും രോഗികൾക്കും നോമ്പുപേക്ഷിക്കുവാനും യാത്രക്കാർക്ക് നമസ്കാരങ്ങളുടെ റക്അതുകൾ ചുരുക്കി നിർവഹിക്കുന്നതിനുള്ള അനുവാദം എന്നിവയെല്ലാം ഇത്തരം ഇളവുകൾക്ക് ഉദാഹരണങ്ങളാണ്. വ്രതാനുഷ്ഠാനത്തെക്കുറിച്ച് പരാമർശിക്കവെ രോഗികൾക്കും യാത്രക്കാർക്കും നൽകപ്പെട്ടിട്ടുള്ള ഇളവുകളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ഖുർആൻ പറയുന്നത് കാണുക: “നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.”(2:185). മറ്റൊരു സൂക്തത്തിൽ ഖുർആൻ പറയുന്നു: “അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.”(2:286). നബി ﷺ വ്യക്തമാക്കുന്നു: “മതം എളുപ്പമാണ്. അതിനെ ആരെങ്കിലും തീവ്രമാക്കിയാൽ അത് അവനെ പരാജയപ്പെടുത്തും. അതിനാൽ നേർവഴിയും മധ്യമ മാർഗവും നിങ്ങൾ കൈക്കൊള്ളുക. അതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും.”(ബുഖാരി). മറ്റൊരിക്കൽ നബി ﷺ പറഞ്ഞു: “നിശ്ചയം, നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് അല്ലാഹു വെറുക്കുന്നതുപോലെത്തന്നെ അനുവദിക്കപ്പെട്ട ഇളവുകൾ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു.”(അഹ്‌മദ്‌).
ശക്തമായ മഴയുണ്ടായിരുന്ന ഒരു ദിവസം ബാങ്കു വിളിച്ച വ്യക്തിയോട് “സ്വല്ലൂ ഫീ ബുയൂത്തികും”(നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് നമസ്കരിക്കുക) എന്ന് ബാങ്കിന്റെ തന്നെ ഭാഗമായി വിളിച്ചുപറയാൻ പ്രവാചകനിൽനിന്ന് മതം പഠിച്ച പ്രമുഖസ്വഹാബിയായ ഇബ്നു അബ്ബാസ് (റ) നിർദേശം നൽകിയിരുന്നതായി കാണാം (ബുഖാരി, മുസ്‌ലിം). ഇന്ന് “കൊറോണയെ പേടിച്ച് പള്ളികൾ അടച്ചേ!” എന്ന് അട്ടഹസിക്കുന്നതിലൂടെ നാസ്തികർ സ്വയം പരിഹാസ്യരായിത്തീരുകയാണ് ചെയ്യുന്നതെന്നർത്ഥം.

ഒരു പകർച്ചവ്യാധിയോട് ഭൗതികമായി സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടത് മതപരമായ ബാധ്യതകൂടിയാണ് ഇസ്‌ലാമിൽ. ആ ബാധ്യതാനിർവഹണവും തുടർന്നുള്ള പ്രാർത്ഥനയുമാണ് “ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ അല്ലാഹുവിൽ ഭരമേൽപിക്കേണ്ടത്” എന്ന പ്രവാചകവചനം വ്യക്തമാക്കുന്നത്. അല്ലാഹുവിൽ നിന്നുള്ള ബോധനത്തിന്റെയടിസ്ഥാനത്തിലാണ് പ്രവാചകൻ ﷺ ഇക്കാര്യങ്ങൾ ലോകത്തോട് പറഞ്ഞത്. സ്രഷ്ടാവിന്റെ മാർഗദർശനമാണ് ഏറ്റവും ശരിയായിട്ടുള്ളത്. ആരോഗ്യത്തെ അമൂല്യമായ അനുഗ്രമായി പഠിപ്പിച്ച പ്രവാചകൻ ﷺ ആ അനുഗ്രഹത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും പഠിപ്പിച്ചു: “നിഷ്കളങ്കതയുടെ വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) കഴിഞ്ഞാൽ ആരോഗ്യംപോലെ (മഹത്തായ അനുഗ്രഹമായി) മറ്റൊന്നും നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല. അതിനാൽ ആരോഗ്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.”(തിർമിദി, നസാഈ)

7 Comments

 • مشاء الله

  Abdul jaleel 23.03.2020
 • , G00 D – Masha Allah

  Dr.pk.abdurazaksullami 23.03.2020
 • അസുഖം ബാധിച്ചവരെ സന്ദർശിക്കൽ നിർബന്ധമാക്കിയ പ്രവാചക ഹദീസ് ഈ അവസരത്തിൽ മുക്കുന്നതാണ്

  Anze 23.03.2020
  • ഇവിടെയാണ് നിങ്ങൾക്ക് മനസ്സിലാക്കുന്നതിലുള്ള പിശക് സംഭവിക്കുന്നത്. Exceptional cases ഉണ്ട് മിക്കവാറും എല്ലാ കാര്യങ്ങളിലും. പകർച്ചവ്യാധിയുടെ സമയത്തും രോഗിയെ സന്ദർശിക്കണം എന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്. പകർച്ചവ്യാധിയോ, മോശം കാലാവസ്ഥയെ ആണെങ്കിൽ പോലും വീട്ടിൽ തന്നെ നമസ്കരിക്കാൻ ആഹ്വാനം ചെയ്യാൻ പഠിപ്പിച്ച മതമാണ് ഇസ്ലാം. ഇതുകൊണ്ടാണ് ഏറ്റവും പ്രായോഗികമായ ജീവിതമാർഗം എന്ന് പറയുന്നത്!

   Suhail Rasheed 23.03.2020
 • പകർച്ചവ്യാധി ഉണ്ടെന്നറിഞ്ഞാൽ അങ്ങോട്ട് നിങ്ങൾ പോകരുത് എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലോ

  Mohammed Anshif 23.03.2020
 • jj

  Anonymous 23.03.2020
 • സന്ദര്ശകരയികൊണ്ടു പോകരുത്
  ഇവിടെ അർത്ഥം മെഡിക്കൽ സങ്കം പോവരുത് എന്നല്ല മറിച്ചു അവിടെത്തെ കാഴച്ചകൾ കാണുവാൻ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പോവരുത്

  Ansarahmad ak 08.04.2020

Leave a comment

Your email address will not be published.