ക്രിസ്മസിലെ പാഗൻ തലങ്ങൾ

//ക്രിസ്മസിലെ പാഗൻ തലങ്ങൾ
//ക്രിസ്മസിലെ പാഗൻ തലങ്ങൾ
ആനുകാലികം

ക്രിസ്മസിലെ പാഗൻ തലങ്ങൾ

ലോകത്തെ ബഹുഭൂരിപക്ഷം ക്രൈസ്തവരും ഡിസംബർ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുമുണ്ട്. ബൈബിളിൽ ഏതായാലും ഇതിനെ പറ്റി പരാമർശമില്ല. ഹവാരിയ്യുകൾ അഥവാ അപ്പോസ്തലന്മാർ ആഘോഷിച്ചിട്ടില്ലെന്ന് മാത്രമല്ല റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ് (നാലാം നൂറ്റാണ്ട്) ലോകത്ത് ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതെന്ന് ക്രൈസ്തവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചരിത്രത്തേക്കാൾ ഇക്കോണമിയുമായിട്ടാണ് ഇന്ന് ക്രിസ്മസിന് ഏറെ ബന്ധം. ഡിസംബർ മാസത്തിൽ നടക്കുന്ന സാമ്പത്തിക ക്രയവിക്രയങ്ങൾ ജാതി മത ഭേദമന്യേ ഭൂരിഭാഗം കച്ചവടക്കാർക്കും പ്രിയങ്കരമാണ്!

യേശു അഥവാ ഈസ (അ) ജനിച്ച ദിവസമാണിതെന്ന വിശ്വാസമാണ് ലോക ക്രൈസ്തവരെ ഹരം കൊള്ളിക്കുന്നത്. മേരി അഥവാ മറിയം പുൽത്തൊട്ടിയിൽ യേശുവിന് ജന്മം നൽകിയ വേളയിൽ ജനനത്തെ മുൻകൂട്ടി കണ്ട കിഴക്കുദേശത്തെ ജ്ഞാനികൾ നക്ഷത്രം കാട്ടിയ വഴിയിലൂടെ അവിടെ എത്തിച്ചേർന്നെന്ന് മത്തായി സുവിശേഷത്തിൽ വിവരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്മസിന് ക്രൈസ്തവർ പുൽക്കൂടും നക്ഷത്രവും കൊണ്ട് വീടുകളിൽ അലങ്കാരം തീർക്കുന്നത്. എന്നാൽ ഡിസംബർ 25 എന്ന തീയതി യേശുവിന്റെ ജനന തീയതിയാണെന്നതിൽ വ്യത്യസ്ത ക്രിസ്ത്യൻസഭകൾ തമ്മിൽ വാഗ്വാദങ്ങൾ നടന്നിട്ടുള്ള കാര്യം അവിസ്തർക്കമാണ്. തണുപ്പുള്ള മഞ്ഞു മൂടിയ ഡിസംബർ മാസത്തിൽ ജ്ഞാനികൾ നക്ഷത്രത്തെ കണ്ടെന്ന വാദത്തെ പലരും അംഗീകരിക്കുന്നില്ല. ക്രിസ്മസിന്റെ തീയതി തിരഞ്ഞെടുത്ത വസ്തുതകൾ പരിശോധിക്കുമ്പോൾ ബൈബിളിനേക്കാളേറെ പാഗൻ അഥവാ പ്രാകൃത മതങ്ങളുമായി ബന്ധപ്പെട്ടാണ് അടിത്തറ കാണാൻ കഴിയുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഒലിവർ ക്രോംവെല്ലിന്റെ കാലത്ത് ഇംഗ്ലണ്ടിൽ ക്രിസ്മസ് നിരോധിക്കുക പോലുമുണ്ടായി.

എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക പോലും ക്രിസ്മസിനുള്ള പാഗൻ ബന്ധങ്ങളെ പറ്റി പരാമർശിക്കുന്നു. പുരാതനറോമിൽ വിശിഷ്യാ പട്ടാളക്കാർക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്ന പാഗൻമതമായ “മിത്രമത”ത്തിൻറെ ആശയങ്ങൾ പേർഷ്യയിലെ സൗരാഷ്ട്രമതത്തിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്. റോമിലെ പ്രാകൃതമതവുമായി മിത്രമതത്തിന് എല്ലാനിലയ്ക്കും സാമ്യതകളുണ്ടായിരുന്നു. ബുധദേവനിൽ തുടങ്ങി ശനിദേവനിൽ അവസാനിക്കുന്ന ഏഴ് ഡിഗ്രികളുള്ള മിത്രമതത്തിൽ ശനിദേവന് തൊട്ടുമുൻപ് സൂര്യദേവനുമുണ്ട്. പാറക്കല്ലിൽ നിന്ന് ജനിച്ച മിത്രദേവനെ സൂര്യദേവനെ പോലെയാണ് റോമാക്കാർ കണ്ടിരുന്നത്. “സോൾ” (സൂര്യൻ) എന്ന സൂര്യദേവനെ റോമാക്കാർ ആദ്യകാലത്ത് ആരാധിച്ചിരുന്നെങ്കിലും കാലക്രമേണ അത് മാഞ്ഞു പോയി പകരം മിത്രമതത്തിലെ സൂര്യദേവനെ പ്രതിഷ്ഠിച്ചു. ഇതിനെ “സോൾ ഇൻവിക്റ്റസ്” (അജയ്യനായ സൂര്യൻ) എന്ന് വിശേഷിപ്പിക്കുകയും മിത്രദേവന്റെ ജനനത്തീയതിയായ ഡിസംബർ 25 ജനനത്തീയതിയായി പ്രഖ്യാപിച്ച് ആഘോഷദിവസമാക്കുകയും ചെയ്തു. ശനിദേവൻ കൃഷിദേവനായതിനാൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ഡിസംബർ 17ന് തുടങ്ങി 23ന് അവസാനിക്കുന്ന “സാറ്റേണേലിയ” റോമാക്കാർ ആഘോഷിച്ചിരുന്നു. അടിമകൾക്കും ആഘോഷിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന അനിയന്ത്രിതമായ തീറ്റയും കുടിയും മുഖ്യ ആകർഷണമായിരുന്ന ഈ ആഘോഷം റോമാക്കാർക്ക് ആവേശമായിരുന്നു. പാഗൻ വിശ്വാസിയായിരുന്നെങ്കിലും പിന്നീട് ക്രിസ്തുമതം ആശ്ലേഷിച്ച കോൺസ്റ്റന്റൈൻ ചക്രവർത്തി ജനങ്ങളെ വിശ്വാസപരമായി ഒരുമിപ്പിക്കാൻ ഒരുപായം കണ്ടെത്തി; ജനപ്രിയ ആഘോഷങ്ങളായ സാറ്റേണേലിയയും സോൾ ഇൻവിക്റ്റസിന്റെ പിറന്നാളും സമ്മേളിക്കുന്ന ഡിസംബറിൽ ക്രിസ്മസ് ആഘോഷിക്കുകയെന്ന തന്ത്രം. ക്രിസ്മസിനെ എതിർത്ത ക്രൈസ്തവപണ്ഡിതന്മാരെ ക്രൂരമായാണ് കോൺസ്റ്റന്റൈൻ വകവരുത്തിയത്. മെഴുകുതിരി കത്തിക്കുന്നത് പോലെയുള്ള പല ക്രിസ്ത്യൻ ആചാരങ്ങളും റോമൻ ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. കാലക്രമേണ മിത്രമതം റോമിൽ നിന്ന് അപ്രത്യക്ഷമാകുകയും ക്രിസ്തുമതം ബലം പ്രാപിക്കുകയും ചെയ്തതോടെ പലരും സാറ്റേണേലിയയും സോൾ ഇൻവിക്റ്റസിന്റെ പിറന്നാളും മറന്നു. ഇന്നത്തെ പല ആധുനിക ക്രിസ്മസ് ആചാരങ്ങളും ഉടലെടുത്തത് ഡിസംബറിൽ നടന്നിരുന്ന ജർമ്മനിയിലെ പ്രാകൃത യൂൾ ആഘോഷത്തിൽ നിന്നാണ്. ജർമ്മനിയിലെ പാഗൻ വിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് അടുപ്പിക്കാനാണ് ആചാരങ്ങൾ കടമെടുത്തത്. പാഗൻ വിശ്വാസങ്ങളുമായി കൂട്ടിപിണഞ്ഞു കിടക്കുന്നതിനാൽ തന്നെ കൃത്യമായ വിശ്വാസ കർമ്മശാസ്ത്ര അടിത്തറയിൽ നിന്ന് ക്രിസ്തുമതം ഏറെ വിദൂരമാണ്.

മറ്റുള്ള പാഗൻ വിശ്വാസങ്ങൾ അന്ധമായി അനുകരിക്കരുതെന്ന് നിർദ്ദേശിക്കുന്ന വചനം ബൈബിളിൽ തന്നെ വ്യക്തമായി കാണാം. ക്രിസ്മസ് ആഘോഷിക്കാത്ത ക്രൈസ്തവ വിഭാഗങ്ങൾ പലപ്പോഴും സംവാദങ്ങളിൽ ഈ വചനം ഉണർത്താറുണ്ട്.

“…അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവർ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങൾ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ കർത്താവിനെ ആരാധിക്കുന്നതില് നിങ്ങള് അവരെ അനുകരിക്കരുത്. കർത്താവു വെറുക്കുന്ന സകല മ്ലേച്ഛതകളും അവര് തങ്ങളുടെ ദേവന്മാര്ക്കു വേണ്ടി ചെയ്തു; ദേവന്മാര്ക്കുവേണ്ടി അവര് തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില് ദഹിപ്പിച്ചു.” – ആവർത്തനം 12:30,31

യേശുവിന് ശേഷം വർഷങ്ങൾക്ക് ശേഷം ജനിച്ച ചിത്രകാരന്മാരായ മൈക്കൽ ആഞ്ചലോ, ഡാവിഞ്ചി തുടങ്ങിയവരുടെ ഭാവനയിൽ ഉദയം കൊണ്ട യേശുവിന്റെ രൂപങ്ങളെ ത്രിത്വത്തിന്റെ ഭാഗമായി വിഗ്രഹവൽക്കരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സഭയുടെ നിലപാട് ബൈബിളിന് കടകവിരുദ്ധവും പാഗൻമതങ്ങളെ പിൻപറ്റലുമാണ്. ഇന്ന് ക്രിസ്മസിന് ഉപയോഗിക്കുന്ന ക്രിസ്മസ് ട്രീ പോലും സൂര്യ ആരാധനയുടെ ഭാഗമായി വന്നതാണ്. വിഗ്രഹാരാധനയെ നിശിതമായി വിമർശിക്കുന്ന ബൈബിളിലെ ഒരു വചനം നോക്കൂ. മറ്റുള്ള പാഗൻ വിശ്വാസങ്ങളെ അനുകരിക്കരുതെന്ന താക്കീത് അതിലുണ്ട്.

“ഇസ്രായേല്ഭവനമേ, കര്ത്താവിന്റെ വാക്കു കേള്ക്കുക. കര്ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള് അനുകരിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള് കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില് സംഭ്രമിക്കുന്നത്. ജനതകളുടെ വിഗ്രഹങ്ങള് വ്യര്ഥമാണ്. വനത്തില്നിന്നു വെട്ടിയെടുക്കുന്ന മരത്തില് ശില്പി തന്റെ ഉളി പ്രയോഗിക്കുന്നു. അവര് അതു വെള്ളിയും സ്വര്ണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാന് ആണിയടിച്ച് ഉറപ്പിക്കുന്നു. അവരുടെ വിഗ്രഹങ്ങള് വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള് അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്ത്തിക്കാന് ശക്തിയില്ല. കര്ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ് വലിയവനാണ്. അങ്ങയുടെ നാമം മഹത്വപൂര്ണമാണ്.” – ജെറെമിയ 10:1-6

പ്രവാചകന്മാരെ നേരിൽ ദർശിച്ച ശേഷവും പ്രാകൃത വിശ്വാസവുമായി ഇഴചേർന്ന അവസ്ഥയിലേക്ക് ജനം കൂപ്പുകുത്തിയ സന്ദർഭങ്ങൾ ചരിത്രത്തിൽ ധാരാളം കാണാം. ഫറോവയിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയിട്ടും മൂസ(അ)ന്റെ ജനതയിൽ പെട്ട സാമിരി ആരാധിക്കാനായി തങ്കം കൊണ്ടുള്ള പശുക്കുട്ടിയെ കൊത്തിയുണ്ടാക്കിയത് വലിയ ഉദാഹരണങ്ങളിലൊന്നാണ്. ഈജിപ്ഷ്യൻ മൂർത്തിയായിരുന്നു ആ പശുക്കുട്ടിയെന്നതാണ് പ്രബലമായ അഭിപ്രായം. മൂസ(അ) സീനായ് മലയിൽ നിന്ന് പത്ത് കല്പനകളുമായി തിരികെ വരുന്നത് വരെ ക്ഷമിക്കാൻ അവർക്ക് കഴിഞ്ഞില്ല. പശുക്കുട്ടിയെ ആരാധിച്ച രീതിയെ പറ്റി പരാമർശമുള്ള പ്രമാണങ്ങളിലെ പ്രസക്ത ഭാഗങ്ങൾ നമ്മെ അമ്പരപ്പിക്കും. പശുക്കുട്ടിക്ക് ചുറ്റും ശബ്ദകോലാഹലങ്ങളോടെ സംഗീതം ആലപിച്ച് നൃത്തം ചവിട്ടിയാണത്രെ അവർ ആ മൂർത്തിക്ക് ആരാധന അർപ്പിച്ചത്!

വിൽ ഡ്യൂറണ്ട് രചിച്ച പതിനൊന്ന് വാള്യങ്ങളുള്ള “സംസ്ക്കാരങ്ങളുടെ കഥ” എന്ന പുസ്തകത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. “സീസറും ക്രിസ്തുവും” എന്ന മൂന്നാം വാള്യത്തിലുള്ള പരാമർശം മേൽപറഞ്ഞ വസ്തുതകളെ സ്ഥിരീകരിക്കുന്നു.

“ക്രിസ്തുമതം പാഗനിസത്തെ തകർത്തില്ല; അതിനെ സ്വീകരിക്കുകയാണ് ചെയ്തത്.”

ഈ സത്യം മനസ്സിലാക്കിയവരാണ് പല ചരിത്രകാരന്മാരും. ഈസ (അ) എന്ന മഹാനായ പ്രവാചകൻ പഠിപ്പിച്ച യഥാർത്ഥ പാത പിൻപറ്റി മോക്ഷം പ്രാപിക്കാനാണ് യേശുവിനെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്; അല്ലാതെ പാഗനിസം പിൻപറ്റലല്ല എന്ന് സ്നേഹത്തോടെ ഈ അവസരത്തിൽ ഉണർത്തുന്നു.

print

No comments yet.

Leave a comment

Your email address will not be published.