
കാൾ സാഗൻ 1977 ൽ അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് കോസ്മിക്ക് കലണ്ടർ എന്ന ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇതുവരെയുള്ള കാലയളവിനെ, അതായത് 13.8 ബില്യൺ വർഷങ്ങളെ, ഒരൊറ്റ വർഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു.
ഉദാഹരണത്തിന്, ജനുവരി 1 അർദ്ധരാത്രി കൃത്യം ആദ്യ നിമിഷത്തിൽ പ്രപഞ്ചം ഉണ്ടാകുന്നു. ആ വർഷം ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കെത്തുന്നു എന്നും സങ്കൽപ്പിക്കുക.
ഫോട്ടോയിൽ കോസ്മിക് കലണ്ടർ കാണാം.
ഈ വർഷത്തിലെ ആദ്യ ദിനമായ ജനുവരി 1 അർദ്ധരാത്രി, അതായത് ബിഗ് ബാങ്ങ് അഥവാ മഹാവിസ്ഫോടനം നടന്ന സമയവും, ഈ വർഷത്തിലെ അവസാന ദിനമായ ഡിസംബർ 31 അർദ്ധരാത്രി ഇപ്പോഴത്തെ സമയവും ആയി എടുത്താൽ ഡിസംബർ 31 രാത്രി 11.52 ന് ആണ് ആധുനിക മനുഷ്യൻ ജനിക്കുന്നത്. അപ്പോൾ കോസ്മിക് കലണ്ടർ പ്രകാരം 8 മിനുട്ട് മുൻപ് മാത്രമേ മനുഷ്യൻ ഉണ്ടായിട്ടുള്ളൂ.
പ്രപഞ്ചം ഉണ്ടായതിന് ശേഷം ഇതുവരെയുള്ള കാലം, ഒരു വർഷം എന്നതിലേക്ക് ചുരുക്കിയാൽ മനുഷ്യൻ ഉണ്ടായിട്ട് വെറും 8 മിനുട്ട് മാത്രമേ ആയിട്ടുള്ളൂ എന്നതാണ് നിലവിലെ ശാസ്ത്രീയ വീക്ഷണം.
അതിൽ തന്നെ മനുഷ്യന്റെ ശാസ്ത്രീയ പഠനങ്ങളുടെ കാലം എടുത്താൽ ഒരു രണ്ടോ, മൂന്നോ മിനുട്ട് മാത്രമേ ആയിട്ടുണ്ടാവുകയുള്ളൂ.
എന്നാലും വാദത്തിന് വേണ്ടി ആദ്യ മനുഷ്യൻ തന്നെ ശാസ്ത്രജ്ഞൻ ആയി എന്നു കരുതി 8 മിനുട്ട് ശാസ്ത്രീയ പഠനം നടന്നു എന്ന് തന്നെ ഞാൻ അംഗീകരിക്കുന്നു.
ഈ 8 മിനുട്ട് കൊണ്ട് ഒരു വർഷം മുഴുവൻ ഉണ്ടായ കാര്യങ്ങളിൽ എത്രത്തോളം മനുഷ്യന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അതായത് ഒരു വർഷം കൊണ്ട് പ്രപഞ്ചത്തിൽ ഉണ്ടായ കാര്യങ്ങളെ കുറിച്ച് ആകെ പഠിക്കാൻ കിട്ടിയ സമയം 8 മിനുട്ട് ആണ് !
ഈ 8 മിനുട്ട് കൊണ്ട് കണ്ടെത്തിയത് വെച്ചാണ് മനുഷ്യൻ പരിണമിച്ചു ഉണ്ടായത് എന്ന് പറയുന്നത്.
ഈ 8 മിനുട്ട് കൊണ്ട് ഒരു വർഷം പ്രപഞ്ചത്തിൽ ഉണ്ടായവ പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ വെച്ചാണ് പലരും “ശാസ്ത്രം എന്ത് പറഞ്ഞാലും ശരിയാകും” എന്ന് പറയുന്നത് !
ഈ 8 മിനുട്ട് 1 മണിക്കൂർ ആകുമ്പോൾ, ഒരു വർഷത്തെ കുറിച്ചുള്ള ധാരണകളിൽ ആകെ മാറ്റം വരാൻ ഉള്ള സാധ്യത നിങ്ങൾക്ക് തള്ളിക്കളയാൻ കഴിയുമോ ?
ഈ 8 മിനുട്ട് പഠനം 2 മണിക്കൂർ ആകുമ്പോൾ, ഒരു വർഷത്തെ കുറിച്ചുള്ള അറിവ് 8 മിനുട്ടിൽ കിട്ടിയ അറിവിന് സമാനമാകും എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ ?
എനിക്ക് എന്തായാലും അങ്ങനെ പറയാൻ കഴിയില്ല. കാരണം പണ്ട് ശാസ്ത്ര സത്യങ്ങൾ എന്ന് കരുതിയ പല വിഷയങ്ങളിലും, ശാസ്ത്രത്തിന് യു ടേൺ അടിക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രത്തെ കുറ്റം പറയുകയല്ല. ശാസ്ത്രം എന്നാൽ അങ്ങിനെ ഒക്കെ തന്നെയാണ് എന്ന ബോധവും ഉണ്ടാകണം എന്ന കാര്യം വിസ്മരിക്കരുത് എന്ന് മാത്രം.
ഈ കണക്കുകൾ സൂചിപ്പിക്കുന്നത് മനുഷ്യന്റെ പ്രപഞ്ച പഠനങ്ങൾക്ക് കിട്ടിയ സമയം എത്ര പരിമിതവും, ശുഷ്‌കവും ആണ് എന്നതല്ലേ ?
യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരിൽ ഒരു വലിയ വിഭാഗത്തിനും ശാസ്ത്രത്തെ കുറിച്ച് അവഗാഹം ഇല്ല എന്നതാണ് സത്യം. മതപരമായ ചിട്ടകളിൽ നിന്നും, നിയമങ്ങളിൽ നിന്നും മാറി, സ്വതന്ത്രനായി സഞ്ചരിക്കാൻ ഉള്ള ഒരു കുറുക്കുവഴി എന്നതാണ് പലർക്കും യുക്തിവാദം.
ബാക്കിയുള്ള യുക്തിവാദികൾ ശാസ്ത്രം എന്ത് പറഞ്ഞാലും അതാണ് ശരി എന്ന് പറയും.
ബിൽ ബ്രൈസൺ 2003 ൽ പുറത്തിറക്കിയ A Short History of Nearly Everything എന്ന ശാസ്ത്ര ഗ്രന്ഥത്തില്‍ നിന്നും ഉള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു…
“ഭൂമിയില്‍ ജീവന്‍ രൂപപ്പെട്ടത് നേരത്തെ കരുതിയിരുന്നതിലും എത്രയോ നേരത്തെ ആണെന്ന് അടുത്ത കാലത്താണ് കണ്ടെത്തിയത്. ജീവന് അറുപത് കോടിയില്‍ താഴെ വയസ്സേ ഉള്ളൂ എന്നാണ് 1950 വരെ കരുതിയിരുന്നത്. അത് 250 കോടി വരെ പോകാം എന്ന് 1970 തില്‍ ചില ഗവേഷകര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഭൂമിയില്‍ ജീവന്‍ ഉണ്ടായിട്ടു 385 കോടി വര്‍ഷം ആയി.”
ഈ പാരഗ്രാഫ് ഒന്ന് വിശകലനം ചെയ്ത് നോക്കൂ. 1950 വരെ ഭൂമിയിലെ ജീവന് 60 കോടിയിൽ താഴെ വയസ്സ് മാത്രമേ ഉണ്ടായിരുന്നു എന്നതാണ് ശാസ്ത്രം. 1970 ആയപ്പോൾ അത് 250 കോടി ആയി. അതായത് 1950 വരെ ഉണ്ടായിരുന്ന ശാസ്‌ത്രീയ കണക്ക് 1970 ആയപ്പോഴേക്കും തെറ്റി. ഇപ്പോൾ പറയുന്നത് 385 കോടി വർഷം എന്നാണ്. അതായത് 1970 ൽ ശാസ്ത്രീയമാണ് എന്ന് പറഞ്ഞതും തെറ്റാണ് എന്ന് ശാസ്ത്രത്തിന് തന്നെ പറയേണ്ടി വന്നു. അതും ആദ്യം പറഞ്ഞതിന്റെ ഏകദേശം 6 മടങ്ങ് വ്യത്യാസം.
ഇനിയും ഈ കണക്കുകളിൽ മാറ്റം ഉണ്ടായേക്കാം.
എന്നാൽ യുക്തിവാദികൾ ഈ തിരുത്തലുകൾ ശാസ്ത്രത്തിന്റെ തെറ്റായി കാണില്ല. പുതിയ പഠനങ്ങൾ വന്നപ്പോൾ ഉണ്ടായ മാറ്റം ആണ് എന്ന് പറയും. അത് ശരിയാണ്. പുതിയ പഠനങ്ങൾ വന്നപ്പോൾ ഉണ്ടായ പുതിയ കണ്ടെത്തലുകളുടെ ഭാഗമായി വന്ന മാറ്റത്തെ തെറ്റ് എന്ന് നെഗറ്റീവ് ആയി വിളിക്കേണ്ട ഒരു കാര്യവും ഇല്ല. അത് നീതിയും അല്ല.
എന്നാൽ അവർ ഒന്ന് മനസ്സിലാക്കണം…
ഇനിയും പഠനങ്ങൾ നടക്കും. കൂടുതൽ തെളിവുകൾ ശാസ്ത്രത്തിന് ലഭിക്കും. അപ്പോൾ ഇപ്പോൾ ശരിയാണ് എന്ന് വിശ്വസിച്ചിരുന്ന പലതും തെറ്റായിരുന്നു എന്ന് അംഗീകരിക്കേണ്ടി വരും. ഇന്നുകളിൽ ശരിയാണ് എന്ന് വിശ്വസിച്ചിരുന്ന പല സിദ്ധാന്തങ്ങളും തെറ്റാണ് എന്ന് തെളിയിക്കപ്പെടും. പുതിയ സിദ്ധാന്തങ്ങൾ ഉയർന്നു വരും.
ഇത് ഉൾക്കൊള്ളാൻ ഉള്ള മനസ്സ് ഉണ്ടായാൽ “മനുഷ്യന്റെ പരിണാമകഥ, കഥ തന്നെ ആയിരുന്നു” എന്ന് ശാസ്ത്രം പറയുന്ന ഒരു സാഹചര്യമുണ്ടാകാനുള്ള സാധ്യതയും ഉണ്ട് എന്ന മിനിമം ബോധം ശാസ്ത്രം ബോധം ഉള്ള യുക്തിവാദികൾ എന്ന് സ്വയം വിളിക്കുന്ന യുക്തിവാദികൾക്ക് ഉണ്ടായിരിക്കണം.
യുക്തിവാദികൾ തങ്ങളുടെ അടിസ്ഥാന സിദ്ധാന്തമായി പരിഗണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ചാൾസ് ഡാർവിൻ തന്നെ പൊളിച്ചടുക്കുന്നതായി അദ്ദേഹത്തിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിൽ കാണാം.
“നമ്മുടെ നായ ഇനങ്ങൾ എല്ലാം ഒരേ പൂർവ്വിക ജാതിയിൽ നിന്ന് ഉത്ഭവിച്ചവയാണെന്ന് ഞാൻ കരുതുന്നില്ല.”
– ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പീഷീസ്, പേജ് 13
“മനുഷ്യർക്കു പ്രയോജനകാരിയായി ഭവിക്കാവുന്ന പ്രത്യേകതകളോടു കൂടിയ ചില ഇനങ്ങൾ വളർത്തു ജീവികളിൽ ചിലപ്പോൾ പൊടുന്നനെ പ്രത്യക്ഷപ്പെടാറുണ്ട്. ആങ്കൺ ഇനത്തിൽ പെട്ട ചെമ്മരിയാട് (ആങ്കൺ ഷീപ്പ്) ഇങ്ങനെ ഉണ്ടായതാണ്. കാലുകൾക്ക് നീളം കുറവായതിനാൽ വേലി ചാടിക്കടന്നു വിളകൾ തിന്നു നശിപ്പിക്കുകയില്ലെന്ന മെച്ചമുണ്ട് ഇതിന്. ചെമ്മരിയാടുകളുടെ ഒരു പറ്റത്തിൽ താനേ ഉണ്ടായി വന്ന ഇത്തരം ഒരെണ്ണത്തെ അതിന്റെ ഉടയവൻ കണ്ടെത്തി പ്രത്യേകം വംശവർദ്ധന നടത്തി നിർമ്മിച്ചതാണ് ഈ ഇനം.”
– ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പീഷീസ്, പേജ് 15
നായ ഇനങ്ങൾ എല്ലാം ഒരേ പൂർവീക ജാതിയിൽ നിന്ന് ഉത്ഭവിച്ചത് അല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് പരിണാമ സിദ്ധാന്തത്തിന് നിലനിൽപ്പ് ഉണ്ടാവുക ?
പൊടുന്നനെ ആങ്കൺ ഷീപ്പിന് ഭൂമിയിൽ പ്രത്യക്ഷപ്പെടാമെങ്കിൽ, മനുഷ്യനും അങ്ങിനെ പ്രത്യക്ഷപ്പെട്ടതാകാം എന്ന സാധ്യത എന്തുകൊണ്ട് യുക്തിവാദികൾ പരിഗണിക്കുന്നില്ല ?
ഇവിടെ ശാസ്ത്രീയ പഠനങ്ങൾക്ക് നേരെ മുഖം തിരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ശാസ്ത്രം ഇപ്പോഴും ബാല്യാവസ്ഥയിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുന്നേ ഉള്ളൂ എന്ന് ഓർമ്മിപ്പച്ചതാണ്. കാരണം കോസ്മിക് കലണ്ടർ പ്രകാരം മനുഷ്യൻ ഉണ്ടായിട്ട് 8 മിനുട്ട് മാത്രമേ ആയിട്ടുള്ളൂ. നമുക്ക് മുന്നേയുള്ള 364 ദിവസങ്ങളെ പറ്റിയും, 23 മണിക്കൂറിനെ പറ്റിയും, 52 മിനുട്ടിനെ പറ്റിയും പഠിക്കാൻ 8 മിനുട്ട് എന്നത് ആഴക്കടലിനെ ഒരു കുപ്പി വെള്ളം കൊണ്ട് പഠിക്കുന്നത് പോലെയാണ് !
ശാസ്ത്രം പഠനം തുടരട്ടെ…
ഒടുവിൽ എത്തി നിൽക്കുക “മനുഷ്യൻ ഉണ്ടായത് പരിണാമത്തിലൂടെ അല്ല” എന്ന കണ്ടെത്തലിൽ തന്നെ ആയിരിക്കും. അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു എന്നതിൽ തന്നെ ആയിരിക്കും ആ ഗവേഷണങ്ങൾ അവസാനം എത്തി നിൽക്കുക.
ഒരു സംശയവും വേണ്ട. ഇൻഷാ അല്ലാഹ് !
–
good article