കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -3

//കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -3
//കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -3
ആനുകാലികം

കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -3

Print Now
നാസ്തികത തന്നെയാണ് പ്രതി !!

ലോകത്തെ നടുക്കിയ നിരവധി പകർച്ചവ്യാധികൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. പന്ത്രണ്ടായിരം വർഷങ്ങൾക്കിടയിൽ മുപ്പതുകോടിക്കും അമ്പത് കോടിക്കുമിടയിൽ മനുഷ്യർ പകർച്ചവ്യാധികൾ മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 1899 ൽ ഇന്ത്യയിൽ നിന്ന് തുടങ്ങി 1923 വരെ നില നിന്ന കോളറ പകർച്ചവ്യാധിയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തിലാകെ ഭീതി പടർത്തിയ ഒന്നാമത്തെ ഭൂഗോളപകർച്ചവ്യാധി(pandemic). എട്ട് ലക്ഷത്തിലധികം പേർ മരണപ്പെട്ട അന്നത്തെ കോളറയുടെ ഉത്ഭവകാരണമെന്തായിരുന്നുവെന്ന് കൃത്യമായി മനസ്സിലായിട്ടില്ലെങ്കിലും അത് ബാക്റ്റീരിയപകർച്ചവ്യാധിയായതിനാൽ ഇന്ത്യയിലെ വൃത്തിഹീനമായ പരിസരങ്ങളിലേതിലെങ്കിലുമാകണം അത് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് നിഗമനം. ലോകത്തെമ്പാടുമായി രണ്ട് കോടിക്കും അഞ്ചുകോടിക്കുമിടയിൽ മനുഷ്യർ മരണപ്പെട്ട 1918 ജനുവരിയിൽ ആരംഭിക്കുകയും 1920 ഡിസംബറിൽ അവസാനിക്കുകയും ചെയ്ത സ്പാനിഷ് പനിയെന്നറിയപ്പെട്ട H1N1പകർച്ചപ്പനി(influenza)യുടെയും ഉത്ഭവകാരണത്തെക്കുറിച്ച് ഔദ്യോഗികകമായ വിവരങ്ങളൊന്നുമില്ല. ഫ്രഞ്ച് പട്ടണമായ എറ്റാപ്ലസിലെ ഒരു ബ്രിട്ടീഷ് ക്യാമ്പിലേക്ക് അതിനടുത്തുള്ള പന്നി വളർത്തൽകേന്ദ്രത്തിൽ നിന്നാണ് ആദ്യമായി ഈ പകർച്ചപ്പനി പൊട്ടിപ്പുറപ്പെട്ടതെന്ന ഗവേഷകന്മാരുടെ അഭിപ്രായം മുഖവിലക്കെടുത്താൽ പന്നിയുമായുള്ള സമ്പർക്കത്തിൽ നിന്നാവണം ഇത് തുടങ്ങിയതെന്ന് അനുമാനിക്കാം. ഇതേ H1N1 വൈറസിൽ നിന്നുണ്ടായ, 2009 ൽ മെക്സിക്കോയിൽ നിന്നാരംഭിക്കുകയും രണ്ട് വർഷങ്ങൾക്കകം പതിനെട്ടായിരത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്ത അസുഖമാണ് പന്നിപ്പനിയെന്ന (swine flu) പേരിൽ അറിയപ്പെട്ടത്. പന്നിയിൽ നിന്നാണ് അത് പകർന്നതെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇരുപത് ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമായ 1956ൽ ചൈനയിൽ നിന്നാരംഭിച്ച് 1958 വരെ നില നിന്ന ഏഷ്യൻ പനിയെന്നറിയപ്പെട്ട H2N2 പകർച്ചപ്പനിയും പൊട്ടിപ്പുറപ്പെടാനുള്ള യഥാർത്ഥ കാരണം മനസ്സിലായിട്ടില്ല. 1968ൽ ഹോങ്കോങ്ങിൽ നിന്നാരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്ത് ലക്ഷത്തോളം പേരെ കൊന്നൊടുക്കികൊണ്ട് 1969ൽ പിൻവാങ്ങിയ ഹോങ്കോങ്ങ് പനിയെന്നറിയപ്പെട്ട H3N2 പകർച്ചപ്പനിയുടെയും ഉത്ഭവകാരണങ്ങളെക്കുറിച്ച കാര്യമായ വിവരങ്ങളൊന്നുമില്ല. ഉത്ഭവകാരണങ്ങളറിയില്ല എന്നതിനർത്ഥം കാരണങ്ങളെക്കുറിച്ച സൂചനകൾ ഇല്ലെന്നല്ല; വൃത്തിഹീനമായ ചുറ്റുപാടുകളാണ് ബാക്ടീരിയപകർച്ചവ്യാധികളുടെ തുടക്കത്തിന് കാരണമായതെങ്കിൽ പന്നിയെപ്പോലെയുള്ള ജീവികളുമായുള്ള അതിരു വിട്ട സമ്പർക്കത്തിൽ നിന്നാണ് വൈറസ് പകർച്ചപ്പനികളും ഉണ്ടായിട്ടുള്ളതെന്ന പൊതുധാരണ ഗവേഷകർക്കുണ്ട്. എന്നാൽ ഏതു തരത്തിലുള്ള മനുഷ്യഇടപെടലുകളാണ് ഓരോ പകർച്ചവ്യാധിയുടെയും തുടക്കത്തിന് കാരണമെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഉത്ഭവകാരണങ്ങൾ അറിയില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം.

ജൈവപ്രപഞ്ചത്തിന്റെ നന്മയ്ക്ക് വേണ്ടി പടച്ചവൻ സൃഷ്ടിച്ച സംവിധാനങ്ങളിൽ പലതും ചിലപ്പോൾ മനുഷ്യർക്ക് ദോഷകരമായി ഭവിക്കുന്നത് വൃത്തിയുള്ളവരായി ജീവിക്കണമെന്ന ദൈവികകല്പന ലംഘിക്കുന്നതുകൊണ്ടും സ്വാർത്ഥികളായ മനുഷ്യരുടെ പ്രകൃതിയിന്മേലുള്ള കയ്യേറ്റങ്ങൾ വഴിയും ജീവജാലങ്ങളോട് കാണിക്കാൻ പാടില്ലാത്ത അടുപ്പം കാണിക്കുന്നതുകൊണ്ടും ആണെന്ന സത്യമാണ് പകർച്ചവ്യാധികളിൽ പലതിന്റെയും ഉല്പത്തി നമ്മെ ബോധ്യപ്പെടുത്തുന്നത്. പടച്ചവന്റെ സൃഷ്ടിയല്ല, മനുഷ്യവർത്തനങ്ങളാണ് യഥാർത്ഥത്തിൽ ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ വസ്തുതയാണ് “മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു; അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടി. അവര്‍ മടങ്ങിയേക്കാം.” (30:41) എന്ന ഖുർആൻ വചനം വ്യക്തമാക്കുന്നത്.

ഇന്നും ലോകത്തെ ഏറ്റവുമധികം ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന എയ്ഡ്സ് ഉണ്ടായതെങ്ങനെയാണ്? 1979 ൽ പ്രത്യക്ഷപ്പെടുകയും ഇന്ന് വരെ ലോകത്താകെ 3.6 കോടി മനുഷ്യരുടെ മരണത്തിന് കാരണമാവുകയും ചെയ്ത എയ്ഡ്സിന്റെ ഉത്പത്തിയെക്കുറിച്ച് പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണുള്ളത്. ആഫ്രിക്കൻകുരങ്ങുകളിൽ നിന്ന് ആദ്യം ആഫ്രിക്കക്കാർക്കും അവരിലൂടെ ലോകത്തെങ്ങും വ്യാപിച്ചതാണ് എച്ച്ഐവി എന്ന വിശദീകരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 1983 ന് മുൻപ് ആഫ്രിക്കയിലെവിടെയും എയ്ഡ്സ് ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും 1979 ൽ ന്യൂയോർക്കിലാണ് ആദ്യത്തെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ഇതിനുള്ള എതിർവാദമായി ഉന്നയിക്കപ്പെടുന്നുണ്ട്. 1970 കളിൽ അമേരിക്ക നടത്തിയ ജൈവായുധപരീക്ഷണങ്ങൾക്കിടയിൽ അബദ്ധത്തിലുണ്ടായതാണ് എച്ച്ഐവിയെന്ന അഭിപ്രായമാണ് രണ്ടാമത്തേത്. ഈസ്റ്റ് ജെർമനിയിലെ പ്രസിദ്ധമായ ഹംബോൾട്ട് സർവ്വകലാശാലയിൽ മൈക്രോബയോളജി വിഭാഗം ഡയറക്ടറായിരുന്ന ഡോ: ജേക്കബ് സീഗളും അതേ സർവ്വകലാശാലയിൽ തന്നെ ജീവശാസ്ത്രാദ്ധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുള്ളയാളായ ഭാര്യ ഡോ: ലില്ലി സീഗളും ചേർന്നെഴുതിയ The Origin of AIDS എന്ന പുസ്തകത്തിൽ നിരവധി തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് ഈ വാദം സമർത്ഥിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനിന്റെ പതനത്തിന് മുൻപ് ഈ പഠനത്തെക്കുറിച്ച് ലോകവ്യാപകമായ ചർച്ചകളുണ്ടായിരുന്നു. മലയാളത്തിലടക്കം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആനുകാലികങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കമ്മ്യൂണിസത്തിന്റെ പതനത്തിന് ശേഷം പാശ്ചാത്യമാധ്യമലോകം അതിനെ അവഗണിക്കുകയും ജനശ്രദ്ധയിൽ നിന്ന് മറച്ചുവെക്കുകയുമാണുണ്ടായത്.

ജെനറ്റിക് എഞ്ചിനീയറിംഗ് വഴി നിർമ്മിക്കപ്പെട്ട ജൈവായുധമാണ് പിൽക്കാലത്ത് എച്ച്ഐവിയെന്ന് അറിയപ്പെട്ട വൈറസെന്ന സീഗളുമാരുടെ വാദം ശരിയോ തെറ്റോ എന്ന് നമുക്കറിയില്ല. എന്നാൽ ജനിതക എഞ്ചിനീറിംഗിലൂടെ രോഗകാരികളെ വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾ ഒന്നാം ലോകരാജ്യങ്ങളുടെ പരീക്ഷണശാലകളിൽ നടന്നുകൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. 1996ൽ സോവിയറ്റ് യൂണിയനിലുണ്ടായ ആന്ത്രാക്സിനെക്കുറിച്ചും 2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ പതിനായിരത്തിലധികം പേരെ കൊന്നൊടുക്കിയ എബോളയെക്കുറിച്ചും അവ ജൈവായുധങ്ങളാണെന്ന ആരോപണമുയർന്നിരുന്നു. എബോളയെപ്പോലെയുള്ള ജൈവായുധങ്ങൾ സോവിയറ്റ് യൂണിയൻ ഉണ്ടാക്കിയിരുന്നുവെന്നും ഭീകരവാദികൾ അത്തരം ജൈവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നുമുള്ള അമേരിക്കയുടെ ന്യൂക്ലീയാർ-ജൈവ-രാസായുധ പ്രതിരോധ സമിതിയുടെ അസിസ്റ്റന്റ് സെക്രട്ടറി ആന്ട്രൂ വെബറുടെ 2014 ലെ പ്രസ്താവന ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. ജൈവായുധങ്ങളുണ്ടാക്കാൻ വേണ്ടി മാത്രമായി റഷ്യയിൽ 1973 മുതൽ പ്രവർത്തന സജ്ജമായിരുന്ന മുപ്പതിനായിരം ഗവേഷകന്മാർ പണിയെടുക്കുന്ന ബയോപ്രിപ്പേറാറ്റ്(Biopreparat) എന്ന സ്ഥാപനത്തെക്കുറിച്ച പൂർണവിവരങ്ങൾ പെരിസ്‌ട്രോയ്ക്കക്ക് ശേഷമാണ് ലോകത്തിന് മനസ്സിലായത്. അങ്ങനെ എത്രയെണ്ണം ഇന്ന് അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടെന്ന് ആർക്കറിയാം??!!

കുരങ്ങിൽ നിന്ന് പകർന്നതാണെങ്കിലും മനുഷ്യർ ഉണ്ടാക്കിയതാണെങ്കിലും മനുഷ്യകരങ്ങളുടെ പ്രകൃതിയിലുള്ള അതിക്രമകരമായ ഇടപെടലിലൂടെയാണ് എച്ച്ഐവി മനുഷ്യസമൂഹത്തിലേക്ക് വന്നതെന്നാണർത്ഥം. ലൈംഗികസ്രവങ്ങളിലൂടെ പകരുന്ന എച്ച്ഐവി കുരങ്ങിൽ നിന്നാണ് പകർന്നതെങ്കിൽ ആരെങ്കിലും വൈറസ് ബാധിതനായ കുരങ്ങിനെ തന്റെ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കണം. ജനിതകപരീക്ഷണങ്ങൾക്കിടയിൽ അബദ്ധവശാൽ പുറത്ത് പോയതാണെങ്കിൽ നേർക്കുനേരെത്തന്നെ പ്രകൃതിയിലെ മനുഷ്യരുടെ ക്രൂരമായ ഇടപെടൽ മൂലമുണ്ടായ മഹാവ്യാധിക്ക് ഉദാഹരണമായിത്തീരുകയാണ് എയ്ഡ്സ്. രണ്ടാണെങ്കിലും നാസ്തികതയാണ് പ്രതിക്കൂട്ടിൽ. കുരങ്ങിൽ നിന്നുണ്ടായതാണെങ്കിൽ കുരങ്ങുമായി രമിക്കുന്നത് ഒരാൾക്ക് ആസ്വാദനം നല്കുന്നുവെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്ന് സമർത്ഥിക്കുന്ന നാസ്തികത; ലാബിൽ നിന്ന് ചോർന്നതാണെങ്കിൽ തങ്ങൾക്കിഷ്ടമില്ലാത്തവരെ നശിപ്പിക്കുന്നത് ചിലപ്പോഴെല്ലാം അനിവാര്യമായിത്തീരുമെന്ന് പഠിപ്പിച്ച നാസ്തികത. ആസ്വാദനത്തിന് വേണ്ടി ചെയ്യുന്നതെല്ലാം ധാർമ്മികതയാണ് എന്ന നാസ്തികപാഠമാണ് കടലിലും കരയിലുമെല്ലാം കുഴപ്പങ്ങളുണ്ടാവുന്നതിനുള്ള അടിസ്ഥാന കാരണം: ദൈവം പറഞ്ഞതെത്ര സത്യം! “മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു; അവര്‍ പ്രവര്‍ത്തിച്ച ചില കാര്യങ്ങളുടെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടി” (ഖുർആൻ 30:41)

ലോകത്തെ ഇപ്പോൾ നടുക്കിക്കൊണ്ടിരിക്കുന്ന കോവിഡ്19 ന് കാരണമായ SARS-CoV-2 വൈറസ് ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാണോ അതല്ല യുദ്ധാവശ്യാർത്ഥം നിർമ്മിക്കപ്പെട്ടതാണോയെന്ന വിഷയത്തിൽ രാഷ്ട്രനേതാക്കൾക്കിടയിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു തരം വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് ഈ രോഗം പകർന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അതല്ലാത്ത വാദങ്ങളും രാഷ്ട്രനേതാക്കൾ തന്നെ ഉന്നയിക്കുന്നുണ്ട്. ചൈനയിലെ പ്രസിദ്ധമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിർമ്മിക്കപ്പെട്ട ഒരു ജൈവായുധമായിരുന്നു കോവിഡ് വൈറസ് എന്നും അവിടെ നിന്ന് അബദ്ധത്തിൽ അത് ചോർന്നു പോവുകയാണുണ്ടായത് എന്നും അതുകൊണ്ടാണ് ആദ്യം വുഹാനിൽ ഈ രോഗം വ്യാപിച്ചതെന്നും അമേരിക്കൻ കോൺഗ്രസിലെ ആർക്കിനാസിൽ നിന്നുള്ള സെനറ്റർ ടോം കോട്ടൺ ആരോപിച്ചത് ഫെബ്രുവരി അവസാനത്തിലാണ്. വൈറ്റ് ഹൌസിലെ മുഖ്യതന്ത്രജ്ഞനായിരുന്ന സ്റ്റീവ് ബന്നോൻ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഫോക്സ് ന്യൂസിന് അഭിമുഖവും നൽകി. അമേരിക്കൻ എഴുത്തുകാരിയായ ഡീൻ കൂൻറ്സിന്റെ 1981ൽ പ്രസിദ്ധീകരിക്കപ്പെട്ട The Eyes of Darkness എന്ന ഗ്രന്ഥത്തിൽ വുഹാൻ 400 എന്ന പേരിൽ ഈ കൊറോണാ വൈറസ് രോഗത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അത് ജൈവായുധമാണെന്ന് മനസ്സിലാക്കാമെന്നും ചൈനയാണ് അതുണ്ടാക്കിയതെന്നും സൂചിപ്പിച്ചുകൊണ്ട് കോൺഗ്രസ് ഭരണകാലത്തെ ഇന്ത്യയുടെ വിവര-സംപ്രേക്ഷണമന്ത്രിയായിരുന്ന മനീഷ് തിവാരിയുടെ മാർച്ച് 12 ന്റെ ട്വീറ്റ് ഇന്ത്യൻ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ സൈന്യമാണ് വുഹാനിലക്ക് രോഗം കൊണ്ടുവന്നത് എന്ന ചൈനയുടെ വിദേശകാര്യവക്താവ് സാഓ ലിജിയാന്റെ മാർച്ച് 12 ന്റെ ട്വീറ്റ് തങ്ങൾക്കെതിരെയുള്ള അമേരിക്കൻ ആരോപണത്തിനുള്ള മറുപടിയെന്ന വണ്ണമുള്ള പ്രത്യാരോപണം മാത്രമാണെന്ന് കരുതുന്നുവെങ്കിൽ നമുക്ക് തെറ്റി. ജപ്പാനിലെയും ചൈനയിലെയും തായ്‌വാനിലെയും വൈറോളജി വിദഗ്ധരുടെ കൃത്യമായ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് ചൈനയുടെ വിദേശകാര്യവക്താവ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഞ്ച് വർഗങ്ങളുള്ള (strains) പുതിയ കൊറോണവൈറസിന്റെ ഒരേയൊരു വർഗം മാത്രമാണ് ചൈനയിലുള്ളതെന്നും അമേരിക്കയിൽ അഞ്ച് വർഗങ്ങളുമുണ്ടെന്നുമാണ് ഒന്നാമത്തെ തെളിവ്. വുഹാനിൽ നിന്ന് തുടങ്ങിയ ചൈനീസ് കോറോണവൈറസിനുണ്ടായ ഉല്പരിവർത്തനങ്ങൾ(mutations) പരിശോധിച്ചാൽ അത് ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ടതാവാൻ സാധ്യതയൊന്നുമില്ലെന്നും സെപ്റ്റംബറിലെങ്കിലും ഉണ്ടായിട്ടുണ്ടായിരിക്കണമെന്നുമുള്ളതാണ് രണ്ടാമത്തേത്. പിന്നെയും തെളിവുകൾ നിരത്തിക്കൊണ്ടുള്ള ജപ്പാനിലെ വിദഗ്ധരുടെ ഒരു പഠനത്തെക്കുറിച്ച് ഫെബ്രുവരി 23 ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമെന്നും അവിടുത്തെ ജൈവായുധ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ ചോർന്ന രോഗാണുക്കൾ ചൈനയിലെത്തിയത് ഒക്ടോബർ 18 മുതൽ 27 വരെ വുഹാനിൽ വെച്ച് നടന്ന ലോക സൈനികകായികമത്സരങ്ങളിൽ (World Military Games :8-27 October) പങ്കെടുത്ത പട്ടാളക്കാരിലൂടെയാണ് എന്നുമാണ് പഠനം പറയുന്നത്. അമേരിക്കയിലെ മെരിലാന്റിലുള്ള ഫോർട്ട് ടെട്രിക് സൈനിക ജൈവപരീക്ഷണാലയം സുരക്ഷാകാരണങ്ങളാൽ രോഗനിന്ത്രണ-നിവാരണ വിഭാഗത്തിന്റെ (Disease Control and Prevention CDC) നിർദേശപ്രകാരം അടച്ചിടുന്നതായുള്ള 2019 ആഗസ്ത് എട്ടിലെ ദി ന്യൂയോർക്ക് ടൈംസ് വാർത്ത അവരുടെ ആപരോപണങ്ങൾക്ക് ബലമേകുന്നുണ്ട്.

അമേരിക്കയാണ് SARS-CoV-2 വൈറസ് നിർമ്മിച്ചതെന്ന ചൈനയുടെ ഔദ്യോഗിക ആരോപണത്തിൽ കലി പൂണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 16 ന്റെ തന്റെ ട്വിറ്ററിൽ ഈ വൈറസിനെ വിളിച്ചത് ചൈനീസ് വൈറസ് എന്നാണ്. ഈ ദേഷ്യം തന്നെ ചൈന പറയുന്നതിൽ കാര്യങ്ങളെന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതാണ്. ഈ ആരോപണം ശരിയാണെങ്കിൽ, നവനാസ്തികരുടെയെല്ലാം ആവേശവും ആദർശപിതാവുമാണ് കോവിഡ് മൂലമുള്ള ദുരിതങ്ങൾക്കെല്ലാം കാരണമെന്നാണ് അതിനർത്ഥം. മനുഷ്യനെ സംരക്ഷിക്കാനും അവന്റെ സുഖജീവിതത്തിനുമായി ദൈവമുണ്ടാക്കിയ പ്രതിരോധ സംവിധാനങ്ങളെയെല്ലാം തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി തച്ചുതകർക്കുക; ശത്രുക്കളെന്ന് തങ്ങൾ കരുതുന്നവരെ നശിപ്പിക്കാനായി നിരപരാധികളായ കോടികളെ ദുരിതത്തിലാക്കുന്ന ജൈവായുധങ്ങൾ നിർമ്മിക്കുക; അത് തങ്ങളെയടക്കം നശിപ്പിക്കുന്ന വ്യാളിയായിത്തീരുമ്പോൾ ദൈവത്തെ തെറി പറയുക; ഇതാണ് ഇന്നത്തെ നാസ്തികത; നവനാസ്തികത.

കോവിഡിന്റെ ആഗമനത്തെക്കുറിച്ച് രാഷ്ട്രനേതാക്കൾക്കിടയിൽ നടക്കുന്ന ആരോപണപ്രത്യാരോപണങ്ങൾക്കിടയിലൂടെ നാം മനസ്സിലാക്കേണ്ടത് അതിമാരകമായ സംഹാരശേഷിയുള്ള ജൈവായുധങ്ങൾ വ്യത്യസ്ത രാഷ്ട്രങ്ങളുടെ പരീക്ഷണശാലകളിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട് എന്ന യാഥാർഥ്യമാണ്. ലോകശക്തികളിലേതെങ്കിലും നിർമ്മിച്ചതാകാം പുതിയ കൊറോണാ വൈറസ് എന്ന ആരോപണത്തിനെതിരെയുള്ള പ്രധാനപ്പെട്ട പ്രതിവാദം രോഗബാധയേറ്റവരിൽ ആറ് ശതമാനം മാത്രം മരണപ്പെടുന്ന തരത്തിൽ താരതമ്യേന സംഹാരശേഷി കുറഞ്ഞ ജൈവായുധങ്ങൾ നിർമ്മിക്കുന്നത് ലാഭകരമാവില്ല എന്നതിനാൽ അതിന് രാജ്യങ്ങൾ സന്നദ്ധമാവില്ല എന്നതാണ്. അപസ്മാരബാധയെപ്പോലെയുള്ള വിറച്ചിലോടുകൂടിയ പനിയും മൂക്കിൽ നിന്നും ചെവിയിൽ നിന്നും വായിൽ നിന്നുമെല്ലാം രക്തസ്രാവവും ഉണ്ടാക്കിക്കൊണ്ട് രോഗബാധിതരിൽ തൊണ്ണൂറ് ശതമാനത്തെയും കൊല്ലാൻ ശേഷിയുള്ള മാർബർഗ് (Marburg) വൈറസിനെപ്പോലെയുള്ള ജൈവായുധങ്ങളായിരിക്കും യുദ്ധാവശ്യാർത്ഥം ലോകരാജ്യങ്ങൾ നിർമ്മിക്കുന്നത് എന്നർത്ഥം. ചൈന ഒരു വശത്തും അമേരിക്ക മറുവശത്തുമായും മറ്റ് രാജ്യങ്ങൾ തങ്ങൾക്കാവുന്ന രീതിയിലും ഇത്തരം ജൈവായുധങ്ങളെക്കുറിച്ച ഗവേഷണങ്ങൾ നടത്തുമ്പോൾ ലോകത്തിന്റെ ഭാവിയെന്തായിരിക്കുമെന്ന് ആശങ്കിക്കുകയാണ് മാനവികതയുടെ നന്മയാഗ്രഹിക്കുന്നവരെല്ലാം. അവരുടെ കാതിൽ പ്രതിധ്വനിക്കേണ്ടത് നേരത്തെ ഉദ്ധരിച്ച ദൈവവചനങ്ങൾ തന്നെയാണ്: “മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു; അവര്‍ പ്രവര്‍ത്തിച്ച ചില കാര്യങ്ങളുടെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടി; അവര്‍ മടങ്ങിയേക്കാം.” (30:41)

ഇനി നാം ചിന്തിക്കുക. ആരാണ് ലോകം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം? നമുക്കുചുറ്റുമുള്ള കോടിക്കണക്കിന് സൂക്ഷ്മജീവികളെ നമ്മുടെ നിലനിൽപ്പിന് വേണ്ടി ഒരുക്കിത്തന്ന സ്രഷ്ടാവോ, അവയെ രാഷ്ട്രീയാവശ്യങ്ങൾക്ക് വേണ്ടി ദുരുപയോഗിക്കുന്ന മനുഷ്യരോ? നമുക്കകത്തും പുറത്തുമുള്ള കോടാനുകോടി സൂക്ഷ്മജീവികൾ നമുക്ക് മാരകമാകാതിരിക്കാനുള്ള കുറ്റമറ്റ പ്രതിരോധസംവിധാനം നമ്മുടെ ശരീരത്തിൽ ഒരുക്കിവെച്ച പരമകാരുണികനോ, ആ പ്രതിരോധസംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള അധാർമ്മികജീവിതം നയിക്കുന്ന മനുഷ്യരോ? സ്ഥൂലജീവികളേക്കാൾ കോടിക്കണക്കിന് ഇരട്ടി വരുന്ന സൂക്ഷ്മജീവികളും നമ്മുടെ ശരീരവും തമ്മിലുള്ള സഹജീവനത്തിലൂടെ ഭൂമിയെ ജൈവവൈവിധ്യങ്ങളുടെ പറുദീസയാക്കിയ അന്യൂനനോ, തന്റെ അമിതാസ്വാദനത്തിനുവേണ്ടി ഈ സഹജീവനത്തെ തകർക്കുന്ന മനുഷ്യരോ? സൂക്ഷ്മവും സ്ഥൂലവുമായ സകല ജീവികളും ഭൂമിയെ നിലനിർത്തുന്ന വ്യവസ്ഥകളുമുൾക്കൊള്ളുന്ന പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ച് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച മാർഗദർശകനോ, പ്രകൃതിവിരുദ്ധജീവിതത്തിലൂടെ സകല വ്യവസ്ഥകളെയും അട്ടിമറിക്കുന്ന മനുഷ്യരോ?

ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നതാരാണ്? മനുഷ്യരാണ് എന്ന് തന്നെയാണ് ഉത്തരം. എല്ലാ മനുഷ്യരുമോ? അല്ല. പ്രകൃതിയെ തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ദുരുപോയോഗിക്കുകയും പടച്ചവൻ നിശ്ചയിച്ച സംതുലനം തകർക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നവർ; അമിതാസ്വാദനത്തിനായി പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്നവർ; പടച്ചവന്റെ മാർഗ്ഗനിർദേശങ്ങളൊന്നുമനുസരിക്കാതെ പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നവർ. പരമാവധി ആസ്വദിക്കുകയെന്നതാണ് അവരുടെ ജീവിത ദർശനം. ഈ ജീവിതത്തെ എങ്ങനെ ആസ്വദിച്ചാലും ആരോടും കണക്കു പറയേണ്ടതില്ലെന്നാണ് അവരുടെ വിചാരം. പത്ത് വർഷത്തെ സുഖജീവിതത്തിനായി പത്ത് ലക്ഷം പേരെ കൊന്നൊടുക്കാൻ കഴിയുന്ന ജൈവായുധങ്ങളുണ്ടാക്കാൻ അവർക്ക് മടിയില്ലാത്തത് സുഖജീവിതത്തിന്റെ പത്ത് വർഷങ്ങൾക്ക് ശേഷം തങ്ങൾ മരണപ്പെട്ടാൽ അതോടെ എല്ലാം അവസാനിക്കുമെന്നവർ കരുതുന്നത് കൊണ്ടാണ്. തിന്നും കൊന്നും കുടിച്ചും പിടിച്ചും രമിച്ചും രസിച്ചും പരമാവധി ആസ്വദിക്കുവാനുള്ളതാണ് ക്ഷണികമായ ഈ ജീവിതമെന്നതാണ് അവരുടെ ദർശനം. നാസ്തികതയെന്നാണ് ആ ദർശനത്തിന്റെ പേര്. നാഗരിതകളിലെല്ലാം പല രൂപത്തിൽ നിലനിന്നവർ. അവരിൽ ചിലർ ദൈവവിശ്വാസികളാണെന്ന് ആണയിടുന്നവരാകാം; പക്ഷെ അവരുടെ ജീവിതത്തിന് ദൈവവിശ്വാസം വെളിച്ചമായിട്ടില്ല. അവരിൽ ചിലർ മതത്തിന്റെ ചിഹ്നങ്ങൾ പേറുന്നവരായിരിക്കാം; പക്ഷെ, അവരുടെ വർത്തനങ്ങളെ മതനിയമങ്ങൾ സ്വാധീനിച്ചിട്ടില്ല. അത്തരക്കാരെ ഖുർആൻ വിളിച്ചത് മതത്തെ കളവാക്കുന്നവർ എന്നാണ്. മതത്തിന്റെ കുപ്പായത്തിനകത്ത് ജീവിക്കുന്ന മതനിഷേധികളാണവർ. അവരുടെയെല്ലാം അധാർമ്മികജീവിതത്തിന് സൈദ്ധാന്തികന്യായീകരണം നൽകി സമൂഹത്തിൽ ദുരിതങ്ങൾ വിതക്കുന്നതിന് കാരണക്കാരാകുന്നത് നാസ്തികർ എന്ന് സ്വയം വിളിക്കുന്നവരാണ്. തങ്ങളുടെ ആസ്വാദനത്തിനായി ചരിത്രത്തിലുടനീളം സമൂഹത്തിലെ സ്ഥാപനങ്ങളെ ദുരുപയോഗിച്ചവർ. ജീവിതാസ്വാദനത്തിനായി അവരുപയോഗിക്കുന്ന ഇന്നത്തെ സ്ഥാപനമാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ ആളുകളായി സ്വയം പരിചയപ്പെടുത്തുകയും താൽപര്യങ്ങൾക്കായി അതിനെ ചൂഷണം ചെയ്യുകയുമാണ് അവരുടെ രീതി.

ഒരു വൈജ്ഞാനികരീതിയെന്ന നിലയിൽ മൂല്യനിരപേക്ഷമാണ് ശാസ്ത്രം. ശാസ്ത്രീയമായ അറിവ് സമ്പാദിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് തീരുമാനിക്കുന്നത് അതുമായി ബന്ധപ്പെടുന്ന വ്യക്തികളാണ്. ജീവിതം ആസ്വദിക്കാൻ വേണ്ടി മാത്രമാണെന്ന് വിചാരിക്കുന്നവർക്ക് ശാസ്ത്രപഠനം മുതൽ ഗവേഷണം വരെ ജീവിതാസ്വാദനത്തിന് വേണ്ടി മാത്രമുള്ളതായിരിക്കും. ജീവിതത്തിന് കൃത്യമായ ലക്ഷ്യമുണ്ടെന്ന് മനസ്സിലാക്കുന്നയാൾക്കാകട്ടെ, അയാളുടെ പഠനവും ഗവേഷണവും കണ്ടുപിടുത്തങ്ങളുമെല്ലാം ആ ലക്ഷ്യത്തെ സാക്ഷാൽക്കരിക്കുന്നതിന് വേണ്ടിയായിരിക്കേണ്ടതുണ്ട്. രണ്ടുപേരും പഠിച്ചത് ഒരേ കലാലയത്തിലാവാം; ഗവേഷണം നടത്തുന്നത് ഒരേ ശാസ്ത്രമേഖലയിലാവാം; വൈറോളജിയാണ് അവരുടെ മേഖലയെന്ന് കരുതുക. ഒന്നാമത്തെയാൾക്ക് ലക്ഷക്കണക്കിനാളുകൾക്ക് രോഗമുണ്ടാക്കി ദുരിതം സംഭാവന ചെയ്യുന്നതിന് വേണ്ടിയുള്ള ജനിതക എഞ്ചിനീയറിംഗ് നടത്തുന്നതിന് യാതൊരു തടസ്സവുമില്ല; അയാൾക്കാവശ്യമായ സമ്പത്തും സ്ഥാനവും അംഗീകാരവും ലഭിക്കണമെന്ന് മാത്രമേയുള്ളൂ. രണ്ടാമത്തെയാളുടെ സ്ഥിതിയതല്ല. തന്റെ ജീവിതലക്ഷ്യത്തിന് വിഘാതമാണ് പ്രസ്തുത എഞ്ചിനീയറിംഗ് എങ്കിൽ, എന്തെന്ത് പ്രലോഭനങ്ങളുണ്ടായാലും അയാൾക്കതിന് കഴിയില്ല. ഒന്നാമത്തെയാൾക്ക് ശാസ്ത്രത്തിനകത്തെ മൂല്യങ്ങളുണ്ടാവാം; താൻ സേവനം ചെയ്യുന്ന സ്ഥാപനത്തിലെയും രാജ്യത്തിലെയും നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടാവാം. അതല്ലാത്ത നിയമങ്ങളൊന്നും അയാൾ അനുസരിക്കേണ്ടതില്ല. രണ്ടാമത്തെയാൾക്ക് ഒന്നാമത്തെയാൾ അനുസരിക്കുന്ന നിയമങ്ങളും വിലക്കുകളുമെല്ലാം അനുസരിക്കണം; ഒപ്പം തന്നെ താൻ ചെയ്യുന്നത് തന്റെ ജീവിതലക്ഷ്യത്തിന് വിഘാതമായേക്കുമോയെന്ന് പരിശോധിക്കുകയും വേണം. പ്രസ്തുത പരിശോധനയെയാണ് മൂല്യബോധം എന്ന് പറയുന്നത്. ജീവിതലക്ഷ്യത്തെക്കുറിച്ച ബോധമുണ്ടാക്കുവാൻ വിശ്വാസത്തിനെ കഴിയൂ. ആ ബോധത്തിൽ നിന്നാണ് ധാർമ്മികതയുണ്ടാകുന്നത്. ധാർമ്മികതയില്ലാത്ത മറ്റു ജീവിതവ്യവഹാരങ്ങളേക്കാൾ അപകടകരമാണ് ധാർമ്മികതയില്ലാത്ത ശാസ്ത്രം. അതിന്റെ കെടുതിയാണ് മനുഷ്യവർഗം ഇന്നനുഭവിക്കുന്നത്.

എയിഡ്സിന്റെ മുതൽ മാർബർഗിന്റെ വരെ രോഗവിത്തുകൾ പരീക്ഷണശാലകളിൽ വളരുന്നുണ്ടെങ്കിൽ അതിന്റെ കാരണം ശാസ്ത്രലോകത്തുള്ളവർക്ക് മാനവികതയില്ലാതായിപ്പോയതാണ്. കോവിഡ് 19 ന്റെ സ്ഥിതിയും അങ്ങനെത്തന്നെ. ധാർമ്മികതയിൽ നിന്നാണ് മാനവികതയുണ്ടാകുന്നത്. ലക്ഷ്യബോധത്തിൽ നിന്ന് ധാർമികതയും ദൈവവിശ്വാസത്തിൽ നിന്ന് ലക്ഷ്യബോധവുമുണ്ടാകുന്നു. ജീവിതത്തിൽ നിന്ന് ദൈവബോധത്തെ പടിയിറക്കിയ നാസ്തികത തന്നെയാണ് ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ജീവിതം ആസ്വദിക്കുവാൻ വേണ്ടി മാത്രമുള്ളതാണെങ്കിൽ മറ്റുള്ളവർ നരകിച്ചാലും തനിക്ക് ആസ്വദിക്കാൻ കഴിയുമെങ്കിൽ എന്താണ് തെറ്റ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എത്ര തന്നെ മാനവികതയുടെ പുതപ്പു കൊണ്ട് മൂടിയാലും നാസ്തികതക്ക് കഴിയില്ല. ശാസ്ത്രജ്ഞരധികവും ദൈവനിഷേധികളായിക്കൊണ്ടരിക്കുന്നുവെന്ന് വീമ്പ് പറയുന്നവർ അറിയുക, അത്തരക്കാരിലൂടെയാണ് ദുരിതങ്ങളും പ്രയാസങ്ങളും വിതക്കുന്ന രോഗാണുക്കളും പരീക്ഷണശാലകളിൽ തയാറാക്കപ്പെടുന്നത്. അതിന്റെ ദുരിതമാണ് ഇന്ന് ലോകം അനുഭവിക്കുന്നത്; അനുഭവിക്കാൻ പോകുന്ന ദുരിതങ്ങളും അതുകൊണ്ട് തന്നെ.

തങ്ങളുൾക്കൊള്ളുന്ന വ്യൂഹത്തിന്റെ നിലനില്പിനാവശ്യമായ നിയമങ്ങളല്ലാത്ത മറ്റ് മൂല്യങ്ങളെയൊന്നും അംഗീകരിക്കാത്തവരാണ് നാസ്തികന്മാർ. തങ്ങൾക്കിഷ്ടമല്ലാത്ത ആശയങ്ങളിൽ വിശ്വസിക്കുന്നവരെ കൊന്നൊടുക്കുന്നത് പോലും നീതീകരിക്കാമെന്ന് സിദ്ധാന്തിക്കുന്നവർ. ‘ചില ആശയങ്ങൾ അതിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നത് ധാർമികമാക്കിത്തീർക്കുവാൻ പോലും പോന്ന രൂപത്തിൽ അപകടകരമായിരിക്കും’ എന്നാണ് സാം ഹാരിസ് എന്ന നവനാസ്തികതയുടെ ഒന്നാമത്തെ കുതിരക്കാരൻ തന്റെ End of Faith എന്ന ഗ്രൻഥത്തിൽ (പുറം 52) പറയുന്നത്. തങ്ങൾക്കിഷ്ടമുള്ള ആശയങ്ങൾക്ക് മാത്രമേ നിലനിൽക്കാൻ അവകാശമുള്ളൂവെന്ന് കരുതുന്നവരുടെ അഹങ്കാരം രാഷ്ട്രരൂപം പൂണ്ടപ്പോഴാണ് ലോകത്ത് അറിയപ്പെടുന്ന ആദ്യത്തെ വൈറസ് നിർമ്മാണശാലയുണ്ടായത്. ജൈവായുധങ്ങളുണ്ടാക്കാൻ വേണ്ടി മാത്രമായി മുപ്പതിനായിരം പേർ പണിയെടുക്കുന്ന റഷ്യയിലെ ബയോപ്രിപ്പേറാറ്റ്. ഈ മുപ്പതിനായിരം പേരും നാസ്തികതയാൽ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടവർ. അവരുടെ മുന്നിൽ പിന്നെ മനുഷ്യത്വമോ മറ്റുള്ളവരുടെ ദുരിതങ്ങളോടുള്ള സഹതാപമോ ഇല്ല. തങ്ങൾക്കുണ്ടാകാൻ പോകുന്ന സുഖസൗകര്യങ്ങളും ലഭിക്കാനിരിക്കുന്ന അംഗീകാരങ്ങളും അലങ്കരിക്കാനുള്ള സ്ഥാനമാനങ്ങളും മാത്രമേ അവരുടെ കണ്ണിലുണ്ടാവൂ. അവയ്ക്കായി അവർ എത്ര ലക്ഷം പേരെ ദുരിതത്തിലാക്കാനുള്ള വൈറസുകളെയും നിർമ്മിക്കും. അതാണ് അവരുടെ ധാർമികത. തികച്ചും ആപേക്ഷികമാണ് ധാർമികതയെന്ന നാസ്തികസിദ്ധാന്തപ്രകാരം അവർ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അവരുടെ രാഷ്ട്രം അവർക്കായൊരുക്കിയ ജോലി ചെയ്യുക മാത്രമാണവർ. ഇവരാണ്, ഇവരെപ്പോലെയുള്ളവരുടെ വർത്തനങ്ങളാണ് ലോകത്ത് ദുരിതങ്ങളും ദുരന്തങ്ങളുമുണ്ടാക്കുന്നത്. പരമകാരുണികനിൽ നിന്നുള്ള കാരുണ്യത്തിന്റെ മാർഗ്ഗദർശനം അത്തരക്കാർക്ക് വഴികാട്ടിയായെങ്കിലല്ലാതെ ലോകം രക്ഷപ്പെടുകയില്ല, തീർച്ച.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

4 Comments

 • Vast knowledge and endless reference….. Masha Allah… !!

  സിയാദ് മറ്റത്തിൽ 19.03.2020
 • May Allah bless you. Very informative 👍

  Mubashira N 20.03.2020
 • ജൈവായുധ നിര്‍മ്മാണഫാക്ടറികളും അതില്‍ നിന്നുള്ള വൈറസുകളുടെ ചോര്‍ച്ചകളും മനുഷ്യര്‍ക്കിടയിലുള്ള അവയുടെ വ്യാപനവും അതുവഴിയുള്ള മഹാമാരികളും മരണങ്ങളുമെല്ലം ലോകത്ത്, രാഷ്ട്രങ്ങള്‍ തമ്മതമ്മിലും ശാസ്ത്രജ്ഞന്മാര്‍ സ്വന്തമായും സാമൂഹ്യ നിരീക്ഷകര്‍ ആകാംക്ഷയോടെയും – സംശയത്തോടെയൊ ഉറപ്പിച്ചൊ – നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴും ദൈവത്തെപ്പഴിക്കുന്നതിലും മതങ്ങളെ കളിയാക്കുന്നതിലും വ്യാപരിക്കുന്ന നാസ്തികരുടെ നിലപാട് സഹതാപമര്‍ഹിക്കുന്നു. ലോകം മഹാമാരിയെ തുരത്താന്‍ യത്‌നിക്കുമ്പോഴും തങ്ങള്‍ എന്നോ ഇല്ലാതാക്കിക്കളഞ്ഞ(?) ദൈവത്തിന്റെ ക്രൂരത(?)യില്‍ കരഞ്ഞിരിക്കുകയാണ് നാസ്തികക്കൂട്ടങ്ങള്‍. സമൂഹത്തിന്റെ പ്രശ്‌നങ്ങളിലിടപെടാതെ എന്നും സ്വയം ക്വാറന്റൈന്‍ അവസ്ഥയില്‍ ജീവിക്കുന്ന ഇക്കൂട്ടര്‍ക്ക് കോവിഡ് പോയില്ലെങ്കിലും വേണ്ടില്ല, ദൈവം മരിച്ചു കാണണം എന്ന കുരുട്ടു ചിന്തയേയൂള്ളൂ. മനുഷ്യ കുലത്തിന് ഒരു ഉപകാരവും നല്‍കാത്തൊരു വിഭാഗത്തെ കേള്‍ക്കാന്‍, വിവേകവും ധാര്‍മ്മകബോധവുമുള്ള ഒരു മനുഷ്യനേയും കിട്ടില്ല എന്നതാണ് വാസ്തവം.
  ലേഖനത്തല്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ച ഖുര്‍ആനിക വചനമാണ് ഈ സന്ദര്‍ഭത്തില്‍ പ്രസക്തം. “മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു; അവര്‍ പ്രവര്‍ത്തിച്ച ചില കാര്യങ്ങളുടെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടി; അവര്‍ മടങ്ങിയേക്കാം.” (30:41)

  Kabeer M. Parali 21.03.2020
 • എത്ര വലിയ അറിവുകളാണ്.. Great knowledge..
  Jazakallah khair…

  Fahad 26.03.2020

Leave a comment

Your email address will not be published.