കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -3

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -3
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -3
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -3

ശരീരത്തിന്റെ ശക്തരായ പടയാളികൾ

രോഗകാരികളായ സൂക്ഷ്മജീവികളിൽ നിന്ന് ശരീരത്തെ രക്ഷിക്കാനായി പടച്ചവൻ ചെയ്തുവെച്ച മൂന്നാമത്തെ അനുഗ്രഹം സംരക്ഷകരായ പടയാളികളെ ശരീരത്തിനകത്തും പുറത്തും സംവിധാനിച്ചുവെന്നതാണ്. ഈ പടയാളികളിൽ കുറ്റാന്വേഷകരുടെ ദൗത്യം നിർവ്വഹിക്കുന്നവരുണ്ട്; ശത്രുവിനെ കെണിയിൽ പെടുത്തി നശിപ്പിക്കാനുള്ള പാടവമുള്ളവരുണ്ട്; വെടിവെച്ച് തളയ്ക്കാൻ കഴിയുന്നവരുണ്ട്. മൽപ്പിടുത്തം നടത്തി തകർക്കാൻ സാധിക്കുന്നവരുണ്ട്; തിന്ന് ദഹിപ്പിക്കാൻ കഴിയുന്നവരുമുണ്ട്. ഇങ്ങനെ എല്ലാ തരം പടയാളികളെയും വേണ്ടത് വേണ്ട സ്ഥലങ്ങളിലെല്ലാം വിന്യസിച്ച് രോഗകാരികളിൽ നിന്ന് ശരീരത്തെ രക്ഷിക്കാനുള്ള സംവിധാനങ്ങളേർപ്പെടുത്തിയ പടച്ചവൻ എത്ര വലിയ കാരുണ്യവാനാണ് ?!!

സൂക്ഷ്മമജീവിസമുദ്രത്തിൽ ജീവിക്കുന്ന ചെറുജീവികളായ നമ്മിൽ സ്വാഭാവികമായി എത്തുന്ന അപകടകരമായ വൈറസുകളെയും ബാക്ടീരിയകളെയും പരാദങ്ങളെയുമെല്ലാം പ്രതിരോധിക്കുവാനായി ശരീരത്തിന് പുറത്തേക്ക് തുറക്കുന്ന വാതിലുകളിലെല്ലാം ആവശ്യമായ കാവൽ സംവിധാനങ്ങൾ പടച്ചവൻ ഏർപ്പെടുത്തി. അവയുടെയെല്ലാം കണ്ണുവെട്ടിച്ച് അകത്തെത്തുന്ന സൂക്ഷ്മജീവികളിൽ നിന്ന് ശരീരത്തെ രക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ശരീരത്തിനകത്തും പടച്ചവൻ സംവിധാനിച്ചു. ഇവിടെയെല്ലാം സേവനം ചെയ്യുന്നത് ഓരോ കാര്യങ്ങളിലും വൈദഗ്ദ്യം നൽകി അനുഗ്രഹിച്ച നമ്മുടെ ശരീരകോശങ്ങളാണ്. അത്ഭുതകരമാണ് നമ്മുടെ പ്രതിരോധകോശങ്ങളുടെ പ്രവർത്തനങ്ങൾ. നമ്മുടെ ശരീരത്തെ പൂർണ്ണമായി അറിയുന്നവനല്ലാതെ ഓരോ സ്ഥലത്തേക്കും വേണ്ട പടയാളികളെ നിശ്ചയിക്കാൻ മറ്റാർക്ക് കഴിയും? നമ്മുടെ ശരീരത്തെയും ചുറ്റുപാടിനെയും കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ സംവിധാനിച്ച നമ്മുടെ പ്രതിരോധവ്യവസ്ഥയെയും അതിലെ പോരാളികളെയും കുറിച്ച് അത്ഭുതത്തോടെയല്ലാതെ ആർക്കും പഠിച്ചുപോകാൻ കഴിയില്ല, തീർച്ച.

പുറത്ത് നിന്നെത്തുന്ന ശരീരത്തിന് മാരകമായ വസ്തുക്കളെ പ്രതിരോധിക്കുകയും നശിപ്പിക്കുകയുമാണ് മജ്ജയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ശ്വേതരക്താണുക്കൾ (white blood cells) അഥവാ ലൂക്കോസൈറ്റുകളുടെ (leukocytes) ധർമ്മം. പടയാളികളുടെ പൊതുവായ പേരാണിത് എന്ന് പറയാം. നിർവ്വഹിക്കുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ലൂക്കോസൈറ്റുകളെ രണ്ട് വിഭാഗങ്ങളായി മനസ്സിലാക്കാം. ഫാഗോസൈറ്റുകളാണ് (phagocytes) ഒന്നാമത്തേത്. പൊതു പടയാളികൾ എന്ന് നമുക്ക് ഇവയെ വിളിക്കാം. അതിക്രമകാരികളെയെല്ലാം കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കുകയാണ് ഇവയുടെ പണി. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കൾ തങ്ങൾക്കടുത്തെത്തിയാൽ അവയെ ഉള്ളിലേക്ക് വലിച്ച് ഫാഗോസോം (phagosome) എന്ന് വിളിക്കുന്ന ഒരു സഞ്ചിയുണ്ടാക്കി അതിനുള്ളിലാക്കി വിഘടിപ്പിക്കുകയാണ് ഇവ പ്രധാനമായും ചെയ്യുക. ഫാഗോസൈറ്റോസിസ് (phagocytosis) എന്നാണ് ഈ നശീകരണപ്രക്രിയയുടെ പേര്. ഇവയ്ക്ക് ഫാഗോസൈറ്റുകൾ എന്ന പേര് വന്നതുതന്നെ ശത്രുവിനെ തിന്ന് നശിപ്പിക്കുന്നതുകൊണ്ടാണ്. തിന്നുന്നത് എന്ന അർത്ഥം വരുന്ന ‘phago’, കോശത്തെ വിളിക്കുന്ന ‘cyte’ എന്നീ ഗ്രീക്ക് പദങ്ങളുടെ സമ്മിശ്രമാണല്ലോ ഫാഗോസൈറ്റ്.

മോണോസൈറ്റുകൾ (monocytes), ഗ്രാനുലോസൈറ്റുകൾ (granulocytes), ഡെൻഡ്രൈറ്റിക് കോശങ്ങൾ (dendritic cells) എന്നിങ്ങനെ മൂന്ന് തരം ഫാഗോസൈറ്റുകളാണുള്ളത്. ശത്രുപ്രഹരപ്രക്രിയയിൽ ഓരോന്നിനും അവയുടേതായ ധർമ്മങ്ങളുണ്ടെങ്കിലും ഗ്രാനുലോസൈറ്റുകളാണ് പ്രധാനമായും അതിക്രമകാരികളെ നേരിട്ട് നശിപ്പിക്കുന്നതിൽ പങ്കാളികളാകുന്നത്. മൂന്നു തരം ഗ്രാനുലോസൈറ്റുകളുണ്ട്. ശ്വേതരക്താണുക്കളിലെ 62 ശതമാനത്തോളമുള്ള ന്യൂട്രോഫിലുകൾ (neutrophils), വലിയ പരാദങ്ങളെ പ്രതിരോധിക്കുകയും അലർജിമൂലമുണ്ടാകാവുന്ന വീക്കങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന 2.3 ശതമാനം മാത്രമുള്ള ഇസ്നോഫിലുകൾ(eosinophil), അതിക്രമകാരികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാവുന്ന നീർവീക്കത്തെ നിയന്ത്രിച്ചുനിർത്തുന്ന ഹിസ്റ്റമിൻ(histamine) ഉൽപാദിപ്പിക്കുന്ന 0.4 ശതമാനം മാത്രമുള്ള ബേസോഫിലുകൾ (basophils) എന്നിവയാണവ.

ശത്രുസംഹാരപ്രക്രിയയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ളത് ന്യൂട്രോഫിലുകൾക്കാണ് എന്നതിനാലാണ് ലൂക്കോസൈറ്റുകളിൽ മൂന്നിൽ രണ്ടും അവയാകാനുള്ള കാരണം. ഓരോ ദിവസവും ഏകദേശം പതിനായിരം കോടി (100,000,000,000) ന്യൂട്രോഫിലുകൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എവിടെയെങ്കിലും ഒരു അനധികൃത കുടിയേറ്റമുണ്ടായിയെന്ന വിവരം ലഭിച്ചാൽ അവിടേക്ക് ആദ്യമായി ഓടിയെത്തുന്ന പടയാളികൾ ന്യൂട്രോഫിലുകളാണ്. രക്തത്തോടൊപ്പം ചംക്രമണം ചെയ്യുമ്പോൾ അവ പട്ടാളച്ചിട്ടയിൽ ഗോളാകൃതിയിലാണുണ്ടാവുക. ശത്രുവിനെ കണ്ട് കഴിഞ്ഞാൽ അവയുടെ കോലം മാറും. അപ്പോൾ അമീബയെപ്പോലെ എടുത്തുപറയാൻ കഴിയാത്ത, മാറ്റിക്കൊണ്ടിരിക്കാൻ കഴിയുന്ന രൂപമായിത്തീരും അവയുടെത്. അപ്പോഴുണ്ടാവുന്ന കള്ളക്കൈകൾ(pseudopods) ശത്രുവിന് നേരെ നീങ്ങുകയും അതിനെ നശിപ്പിക്കുകയും ചെയ്യും.

മൂന്ന് രൂപത്തിലാണ് ന്യൂട്രോഫിലുകൾ ശത്രുക്കളെ തുരത്തുക. ശത്രുവിന് ചുറ്റും ഒരു വലയമുണ്ടാക്കി അതിനെ ഉള്ളിലേക്കെടുത്തശേഷം വിഘടിപ്പിച്ച്‌ നശിപ്പിക്കുന്ന ഫാഗോസൈറ്റോസിസ് (phagocytosis) ആണ് ഒന്നാമത്തേത്. ഒരു തരം നാശിനികളെ ശത്രുവിന് മേൽ പ്രയോഗിച്ച് അവയെ പൊട്ടിച്ച് കളയുകയെന്ന ഡിഗ്രാനുലേഷൻ (degranulation) ആണ് രണ്ടാമത്തേത്. ഇവ രണ്ടും ശത്രു കോശത്തിനകത്തെത്തിയ ശേഷം ഉപയോഗിക്കുന്ന മാർഗങ്ങളാണ്. കോശത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ അതിനെ കെണിവെച്ച് പിടിച്ച് നശിപ്പിക്കുന്നതാണ് മൂന്നാമത്തെ രീതി. ന്യൂട്രോഫിൽ കോശബാഹ്യകെണികൾ (neutrophil extracellular traps NETs) നിർമ്മിച്ച് കോശത്തെ കാര്യമായി അപകടപ്പെടുത്താത്ത രൂപത്തിൽ ശത്രുവിനെ കെണിവെച്ച് പിടിച്ച് നശിപ്പിക്കുന്ന ഇതിന്റെ ശത്രുസംഹാരരീതിയെക്കുറിച്ച് നമുക്ക് മനസ്സിലായത് 2004ൽ മാത്രമാണ്. മനുഷ്യരായ പടയാളികൾ ചെയ്യുന്നതുപോലെ അക്രമിയെ ബന്ധിച്ച് നശിപ്പിക്കുന്ന രീതിയും വെടിവെച്ച് കൊല്ലുന്ന രീതിയും അക്രമിക്കാനനുവദിക്കാതെ കെണിവെച്ച് പിടിച്ച് വധിക്കുന്ന രീതിയുമെല്ലാം നമ്മുടെ ശരീരത്തിനകത്തും നടക്കുന്നുണ്ടെന്നർത്ഥം.

ശ്വേതരക്താണുക്കളിൽ മുപ്പതു ശതമാനം വരുന്ന രണ്ടാമത്തെ വിഭാഗമാണ് ലിംഫോസൈറ്റുകൾ (lymphocytes). സവിശേഷപടയാളികൾ എന്ന് നമുക്ക് ഇവയെ വിളിക്കാം. പ്രത്യേകമായി അടയാളപ്പെടുത്തിയ ശത്രുക്കളെ നശിപ്പിക്കുകയാണ് ഇവയുടെ ധർമ്മം. ഓരോതരം ശത്രുക്കൾക്കെതിരെയും വ്യത്യസ്തമായ രീതികളിലുള്ള പ്രതിരോധരീതികളാണ് ഇവ ഉപയോഗിക്കുക. രക്തചംക്രമണവ്യൂഹത്തിന് സമാന്തരമായി നമ്മുടെ ശരീരത്തിലുള്ള ലസികാവ്യവസ്ഥ(lymphatic system)യിലാണ് പ്രധാനമായും ഇവയെ കാണാൻ കഴിയുക. ആന്തരികമായ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായും ഈ വ്യവസ്ഥ പ്രവർത്തിക്കുന്നു. മജ്ജ (bone marrow), പ്ലീഹ (spleen), തൈമസ് (thymus), ലസികാഗ്രന്ഥികൾ (lymph nodes), ലസികാവാഹിനികൾ (lymphatic vessels) എന്നിവയടങ്ങുന്ന ഈ വ്യൂഹത്തിന്റെ പ്രധാനപ്പെട്ട ധർമ്മം ശരീരകലകൾ പുറത്തുവിടുന്ന വിസർജ്ജ്യങ്ങളെ നീക്കം ചെയ്ത് കോശത്തെ ശുദ്ധീകരിക്കുകയും അവയെ ലസിക(lymph)യിലൂടെ രക്തത്തിലെത്തിക്കുകയുമാണ്. അതോടൊപ്പം തന്നെ പ്രതിരോധവ്യവസ്ഥയുടെ പല പ്രധാന ധർമ്മങ്ങളും ലസികാവ്യവസ്ഥ നിർവഹിക്കുന്നുണ്ട്. മജ്ജയിൽ നിർമ്മിക്കപ്പെടുന്ന ലിംഫോസൈറ്റുകളെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുകയെന്നതാണ് അത് നിർവ്വഹിക്കുന്ന പ്രധാനപ്പെട്ട പ്രതിരോധ ധർമ്മം. പ്രതിരോധത്തിനുള്ള സവിശേഷ പടയാളികളായ ലിംഫോസൈറ്റുകളെ വഹിക്കുന്നതുകൊണ്ടാണ് ഈ വ്യവസ്ഥക്ക് ഇങ്ങനെ പേര് വരാനുള്ള കാരണം.

അസ്ഥിമജ്ജയിൽ നിന്നാണ് ലിംഫോസൈറ്റുകളെല്ലാം ഉണ്ടാവുന്നത്. അവിടെനിന്ന് തന്നെ പരിപക്വമാകുന്ന ബി-കോശങ്ങൾ (B-cells), തൈമസ് ഗ്രന്ഥിയിൽ വെച്ച് വളർന്ന് പാകമാകുന്ന ടി -കോശങ്ങൾ (T-cells), ഇവയുടേതിൽ നിന്ന് വ്യത്യസ്തമായ സവിശേഷമായ ചില ദൗത്യങ്ങളുള്ള എൻകെ കോശങ്ങൾ (natural killer cells- NK cells). ഇങ്ങനെ മൂന്ന് തരം ലിംഫോസൈറ്റുകളുണ്ട്. ബി-കോശങ്ങളെ നമുക്ക് ശരീരത്തിന്റെ സൈനിക രഹസ്യാന്വേഷണവിഭാഗം എന്ന് വിളിക്കാം. അവയാണ് ശത്രുക്കളെ കണ്ടെത്തുകയും അവയെ പ്രതിരോധിക്കുന്നതിന്റെ ഒന്നാമത്തെ പടിയായ ബന്ധനം നിർവ്വഹിക്കുകയും ചെയ്യുന്നത്. ടി-കോശങ്ങളാണ് മുൻനിരപോരാളികൾ.

ബി-കോശങ്ങൾ കണ്ടെത്തുകയും കെണിയിലാക്കുകയും ചെയ്ത ശത്രുക്കളുമായി ഏറ്റുമുട്ടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നത് അവയാണ്. അവയോടൊപ്പം സഹായത്തിനായി ടി-കോശങ്ങളുമുണ്ടാവും. ബി-കോശങ്ങളുടെ ശ്രദ്ധയിൽ വരാൻ താമസമെടുക്കുന്ന തരത്തിലുള്ള ശത്രുക്കൾ കോശങ്ങളെ ആക്രമിക്കുകയോ അനിയന്ത്രിതമായ രീതിയിലുള്ള കോശവളർച്ചയുണ്ടായി അർബുദമായിത്തീരാനുള്ള സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോൾ പെട്ടെന്ന് ഇടപെട്ടുകൊണ്ട് അവയെ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യന്നതിനുവേണ്ടി തയ്യാറായി നിൽക്കുന്ന പ്രത്യേക പോരാളികളാണ് എൻകെ കോശങ്ങൾ. ഇവയെല്ലാംകൂടി ഒന്നിച്ച് അണിനിരന്നുകൊണ്ടാണ് സൂക്ഷ്മജീവികളുടെ മഹാസമുദ്രത്തിൽ ജീവിക്കുന്ന നമ്മുടെ ശരീരത്തെ സംരക്ഷിച്ച് നിർത്തുന്നത്.

എത്രയെത്ര പടയാളികളെയാണ് പടച്ചവൻ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുക്കി നിർത്തിയിരിക്കുന്നത്?!! വ്യത്യസ്ത തരം സംരക്ഷണരീതികളിലൂടെ നമ്മെ സംരക്ഷിക്കുന്ന ശ്വേതരക്താണുവിഭാഗങ്ങൾ. ശരീരത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് കൃത്യമായി അറിയാവുന്ന പടയാളികൾ. അവയെ ഒരുക്കിത്തന്ന പടച്ചവനോട് കൃതജ്ഞരാവുകയാണ് നാം ചെയ്യേണ്ടത്. അതിന് പകരം എളുപ്പഭക്ഷണത്തിന്റെയും ലഹരിവസ്തുക്കളുടെയും പുകയിലജന്യപദാർത്ഥങ്ങളുടെയും ഉപയോഗം വഴി നമ്മുടെ പടയാളികളെ നാം തന്നെ നശിപ്പിക്കുകയും അത് വഴി രോഗികളായിക്കഴിഞ്ഞശേഷം പടച്ചവനെ കുറ്റം പറയുന്ന കൃതഘ്‌നതയാണ് നമ്മിൽ നിന്നുണ്ടാവുന്നത്. ഖുർആൻ പറഞ്ഞതെത്ര ശരി! “തീർച്ചയായും തന്റെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെയാണ് മനുഷ്യൻ; അവൻ തന്നെയാണ് അതിനുള്ള സാക്ഷി, തീർച്ച” (100: 6, 7)

നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിനായി പടച്ചവൻ നിശ്ചയിച്ച പടയാളികളായ വ്യത്യസ്ത തരം ശ്വേതരക്തകോശങ്ങളെയും അവ നിർവ്വഹിക്കുന്ന മഹാദൗത്യങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമുക്ക് ഓർമ്മ വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക? ”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.