കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -1

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -1
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -1
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -1

Print Now
1. ദൈവത്തിന് പ്രസക്തിയില്ല!!

കോവിഡ് മഹാമാരി ദൈവത്തിനൊന്നും യാതൊരു പ്രസക്തിയുമില്ലെന്ന് പഠിപ്പിച്ചില്ലേ?

ദൈവത്തിനാണ്, ദൈവത്തിന് മാത്രമാണ് യഥാർത്ഥത്തിൽ പ്രസക്തിയെന്നാണ് കോവിഡ് ശരിയ്ക്കും മനുഷ്യരെ പഠിപ്പിച്ചത്; ഒപ്പം തന്നെ മനുഷ്യർക്ക് കഴിയാത്തതായി യാതൊന്നുമില്ല എന്ന നാസ്തികതയുടെ അഹങ്കാരത്തിന് വിലയൊന്നുമില്ലെന്നും ഈ കൊറോണാരോഗം ലോകത്തിന് മനസ്സിലാക്കിക്കൊടുത്തുവെന്നതാണ് സത്യം.

ഒരുകൂട്ടം ജീനുകൾ കാപ്‌സിഡ് (capsid) എന്ന് വിളിക്കുന്ന ഒരു പ്രോട്ടീൻ സുരക്ഷിതകവചത്തിനുള്ളിൽ പൊതിഞ്ഞ, കോശങ്ങളെപ്പോലെ കോശകേന്ദ്രമോ(nucleus) കോശദ്രവ്യമോ(cytoplasm) കോശാന്തരവസ്തുക്കളോ (organelles) ഇല്ലാത്ത, ജീവനുള്ളതോ ഇല്ലാത്തതോയെന്ന് പറയാൻ ശാസ്ത്രം മടിക്കുന്ന, കാപ്സിഡിനകത്തുള്ള ഒരേയൊരു ആർഎൻഎയിലുള്ള ജനിതകകോഡിൽ പുതിയ വൈറസ് കോപ്പികൾ നിർമിക്കുന്നതെങ്ങനെയെന്ന വിവരമല്ലാതെ മറ്റൊന്നും കാര്യമായില്ലാത്ത വൈറസ് എന്ന സൂക്ഷ്മാൽസൂക്ഷ്മമായ വസ്തുവിന് മുന്നിൽ സാമ്രാജ്യങ്ങളും സൈനികവ്യൂഹങ്ങളും ആയുധങ്ങളും ശാസ്ത്രവുമെല്ലാം പകച്ചുനിൽക്കുന്നതാണ് നാം ഇന്ന് കാണുന്നത്. ‘മനുഷ്യർ സൃഷ്ടിക്കപ്പെത് ദുർബലരായിട്ടാണ്'(ഖുർആൻ 4: 28) എന്ന ദൈവവചനത്തിന്റെ സത്യതയാണ് ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യർക്കെല്ലാം ബോധ്യപ്പെടുന്നത്; ബോധ്യപ്പെടേണ്ടത്.

സോപ്പുവെള്ളത്തിൽ അലിഞ്ഞ് നശിക്കാവുന്ന നിസ്സാരമായ കുഞ്ഞുവൈറസിന് മുമ്പിൽ മനുഷ്യരാശിക്ക് നിസ്സഹരായരായി കരയാൻ മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ. ദൈവികമായ പരീക്ഷണങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കാൻ മാത്രമേ മനുഷ്യർക്ക് കഴിയൂവെന്ന വലിയ പാഠം കോവിഡ് വ്യാപനം നമ്മെ പഠിപ്പിക്കുന്നു. നാം ഓരോരുത്തരും ഓരോ ദിവസവും കൊറോണയെപ്പോലെയുള്ള പത്തുകോടി വൈറസുകളെയെങ്കിലും ശ്വസനത്തിലൂടെ മാത്രം അകത്താക്കുന്നുണ്ടെന്നും അവയൊന്നും നമുക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കുന്നില്ല എന്നുമുള്ള വസ്തുതകൾ സർവ്വശക്തൻ നമ്മുടെ ശരീരത്തിലേർപ്പെടുത്തിയ പ്രതിരോധസംവിധാനത്തിന്റെ മഹത്വമാണ് വെളിപ്പെടുത്തുന്നത്. പരമകാരുണികനായ പടച്ചവന്റെ കാരുണ്യത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്തവർക്ക് മനസ്സിലാക്കാനും അവന് കീഴ്‌പ്പെടാൻ തീരുമാനിക്കാനുമുള്ള പ്രചോദനം നൽകുന്നതാണ് ഈ കോവിഡ് പ്രതിസന്ധി. ദൈവമില്ലെന്നല്ല, ദൈവമുണ്ടെന്നാണ് കോവിഡ്19 നമ്മെ പഠിപ്പിക്കുന്നത്.

ഭൂമിയിലുള്ള കോടിക്കണക്കിന് വൈറസ് വർഗങ്ങളെ മനുഷ്യർക്ക് മാരകമാകാത്ത രീതിയിൽ നിയന്ത്രിച്ച് നിർത്തുന്ന പടച്ചവൻ; അപകടകരമായ വൈറസുകളെ തടയാനായി നമ്മുടെ ത്വക്കിലും കണ്ണിലും മൂക്കിലും വായിലും ലൈംഗികാവയവങ്ങളിലുമെല്ലാം സങ്കീർണവും സൂക്ഷ്മവുമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയ സൂക്ഷ്മജ്ഞൻ; ദിവസേന നമ്മുടെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന കോടിക്കണക്കിന് വൈറസുകളിൽ മാരകമായവയെ വേർതിരിച്ച് മനസ്സിലാക്കി ആക്രമിക്കാനായി ലക്ഷക്കണക്കിന് പ്രതിരോധകോശങ്ങളെ നമുക്കകത്ത് സജ്ജമാക്കിയ പരമകാരുണികൻ; സാധാരണ രോഗകാരികളെ നശിപ്പിക്കാനായി നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയും പ്രത്യേകക്കാരെ നശിപ്പിക്കാൻ അനുവർത്തിത പ്രതിരോധവ്യവസ്ഥയും സംവിധാനിച്ച് ശരീരത്തെ കാത്തുരക്ഷിക്കുന്ന സർഗ്ഗധനനായ സ്രഷ്ടാവ്; രോഗപ്രതിരോധത്തിനായി നാം സ്വീകരിക്കുന്ന വാക്‌സിനേഷൻ മുതൽ ചികിത്സക്കായി ഉപയോഗിക്കുന്ന പ്ലാസ്മാ തെറാപ്പി വരെയുള്ളവക്ക് നിദാനമായ സംവിധാനങ്ങൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധവ്യൂഹത്തിന്റെ ഭാഗമായി ഒരുക്കിയ സർവ്വജ്ഞൻ; രോഗങ്ങൾക്കെല്ലാമുള്ള മരുന്നുകൾ ഭൂമിയിൽ തന്നെ സൃഷ്ടിക്കുകയും അവ കണ്ടുപിടിക്കുവാനാവശ്യമായ മാർഗനിർദേശങ്ങൾ പ്രകൃതിയിൽ തന്നെ ഏർപ്പെടുത്തടുകയും ചെയ്ത അന്യൂനനായ പരിപാലകൻ; രോഗം വരാതിരിക്കുവാനും അഥവാ സാംക്രമികരോഗമുണ്ടായാൽ അത് പകരാതിരിക്കുവാനുമുള്ള മാർഗനിർദേശങ്ങൾ പ്രവാചകന്മാരിലൂടെ നൽകിയ അപ്രമാദിതനായ മാർഗദർശി; അവനെയാണ്, അവന്റെ സൃഷ്ടിവൈഭവത്തെത്തന്നെയാണ് ഈ കോവിഡ് 19 പ്രതിസന്ധി നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്; അവന്ന് മാതമേ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നുമെല്ലാം ആത്യന്തികമായി മാനവരാശിയെ രക്ഷപ്പെടുത്താനാകൂയെന്നും ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നു; നാസ്തികർ എത്ര തന്നെ നിഷേധിച്ചാലും ശരി !!!

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.