കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -8

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -8
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -8
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -8

Print Now
ഓ നബി ! ശാസ്ത്രമറിയാത്തയാൾ !!!

8. ‘സാംക്രമികരോഗമില്ല’ എന്ന നബിവചനം മുഹമ്മദ് നബിയുടെ വിവരക്കേടാണെന്ന് ഇപ്പോൾ ശാസ്ത്രം തെളിയിച്ചു കഴിഞ്ഞില്ലേ?

മുഹമ്മദ് നബി (സ) ചെയ്യാത്തതും പറയാത്തതുമെല്ലാം അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കുക; എന്നിട്ട് അദ്ദേഹത്തെ തെറി പറയുക; ഇതാണ് നാസ്തികരുടെ രീതി. ഈ വിമർശനവും അങ്ങനെയുള്ളത് തന്നെ. നബി പറഞ്ഞതെന്താണെന്ന് നബിയിൽ നിന്ന് ഉപദേശങ്ങൾ കേട്ടവർക്കെല്ലാം മനസ്സിലായിട്ടുണ്ട്. അതനുസരിച്ച് അവർ പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെ പ്രവർത്തിച്ചത് കൊണ്ട് സാംക്രമികരോഗം പടരുകയല്ല, നിയന്ത്രണവിധേയമാവുകയാണ് ചെയ്തതെന്നതിന് ചരിത്രം സാക്ഷിയാണ്. സാംക്രമികരോഗങ്ങളുടെ കാര്യത്തിൽ ആധുനിക സമൂഹത്തിന് പോലും വഴികാണിക്കാൻ പോന്ന ഉപദേശങ്ങളാണ് പ്രവാചകൻ (സ) നൽകിയിരിക്കുന്നതെന്ന് ലോകം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും സഹിക്കാത്തതുകൊണ്ടാണ് ഒരു ഹദീഥിന്റെ കഷ്ണം മാത്രമെടുത്ത് ചില നാസ്തികന്മാർ നബിനിന്ദയുടെ ആനന്ദനൃത്തമാടുന്നത്.

രോഗസംക്രമണത്തിൽ നിന്ന് തടയുന്ന വൃത്തിനിർദേശങ്ങളും മാസ്ക് ഉപയോഗത്തിന് സമാനമായ ജീവിതരീതികളും ഹോം ക്വാറന്റൈനും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനും സോഷ്യൽ ഡിസ്റ്റൻസിങ്ങുമെല്ലാം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ടെന്ന സത്യം അംഗീകരിക്കാൻ കഴിയാത്തതിലുള്ള അലോസരം തീർക്കാൻ ഗവേഷണം ചെയ്ത് കണ്ടുപിടിച്ച ഹദീഥ്കഷ്ണം പക്ഷെ അവരുടെ തന്നെ വാദങ്ങളെ തകർക്കുന്ന ബൂമറാംഗ് ആണെന്ന് ഹദീഥ് പൂർണമായി വായിച്ചാൽ ആർക്കും ബോധ്യപ്പെടും. ഹദീഥുകൾ വായിച്ച് കാര്യങ്ങളെ നേർക്കുനേരെ മനസ്സിലാക്കാനുള്ള വിവേകമൊന്നും നാസ്തികരിൽ നിന്ന് പ്രതീക്ഷിക്കാൻ വയ്യ. പ്രബോധിത സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെല്ലാം നിഷേധിക്കുന്ന, പ്രവാചകപ്രബോധനത്തിന്റെ മാനവികത വെളിപ്പെടുത്തുന്ന ഹദീഥുകളെയാണ് മുറിച്ച് വികലമാക്കി നബിയുടെ അജ്ഞതക്കുള്ള തെളിവാക്കി അവതരിപ്പിക്കുന്നതെന്ന വസ്തുത എത്രമാത്രം ജഗുപ്സാവഹമല്ല!!

സാംക്രമികരോഗത്തെ നിഷേധിക്കുന്നതായി വിമർശിക്കപ്പെടുന്ന വചനമുൾക്കൊള്ളുന്ന ഹദീഥുകൾ പ്രമുഖരായ പല സ്വഹാബിമാരിൽ നിന്നും ഒരുവിധം എല്ലാ ഹദീഥ് സമാഹാരങ്ങളിലും നിവേദനം ചെയ്തിട്ടുണ്ട്. അബൂഹുറൈറ(റ) യിൽ നിന്നും അബ്ദുല്ലാഹി ബ്നു ഉമറി(റ)ൽ നിന്നും അനസ് ബിൻ മാലിക്കിൽ നിന്നും ബുഖാരിയും സഈദ് ബ്നു അബീ വഖാസി(റ)ൽ നിന്നും ജാബിർ ബ്നു അബ്ദുല്ല(റ)യിൽ നിന്നും മുസ്‌ലിമും സഅദ് ബിൻ മാലിക്കിൽ നിന്നും അനസ് ബിൻ മാലിക്കിൽ നിന്നും അബൂ ദാവൂദും അബ്ദുല്ലാഹി ബ്നു മസ്ഊദിൽ നിന്ന് തിർമിദിയും ഇബ്നു അബ്ബാസിൽ നിന്ന് ഇബ്നു മാജയും അഹ്‌മദുമെല്ലാം വ്യത്യസ്ത രീതികളിൽ നിവേദനം ചെയ്ത ഹദീഥുകളുടെ ഭാഗമായി ‘ലാ അദ് വാ’ (لا عدوى)യെന്ന പ്രയോഗം കാണാനാവും. ‘സംക്രമികരോഗമില്ല’ എന്നാണ് ഈ പ്രയോഗത്തിന്റെ നേർക്കുനേരെയുള്ള അർത്ഥം. ഈ ഹദീഥുകളൊന്നും തന്നെ രോഗത്തിന്റെ സാംക്രമികത്വത്തെ കുറിച്ച് പഠിപ്പിക്കാൻ വേണ്ടിയുള്ളതല്ലെന്ന് ഹദീഥുകളിലെ ബാക്കി വായിച്ചാൽ മനസ്സിലാകും. അബൂഹുറൈറ(റ)യിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥിന്റെ സാരം നോക്കുക: ‘സാംക്രമികരോഗമില്ല, ദുഃശ്ശകുനമില്ല (ലാ തിയാറാ), പ്രതികാരപറവയില്ല (ലാ ഹാമ്മാ), സഫർ മാസമില്ല (ലാ സഫർ); എന്നാൽ സിംഹത്തിനടുത്തുനിന്ന് ഓടിയകലുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നിങ്ങൾ ഓടിയകലുക”

ഏതോ ചില പക്ഷികൾ പ്രത്യേകരീതിയിൽ കരയുന്നത് അപകടത്തിന്റെ ദുശ്ശകുനമാണെന്ന അന്ധവിശ്വാസത്തെ നിരസിക്കുന്ന ‘ലാ തിയാറാ’ക്കും മരിച്ചയാളുടെ ദ്രവിച്ചുകൊണ്ടിരിക്കുന്ന എല്ലുകളിൽ നിന്നുണ്ടാവുന്നതാണ് ഒരു തരം മൂങ്ങയെന്നും അത് വീടിന് മുകളിൽ ഇരുന്നാൽ മരണം സംഭവിക്കുമെന്നുമുള്ള അന്ധവിശ്വാസത്തെ നിഷേധിക്കുന്ന ‘ലാ ഹാമ്മാ’ ക്കും സഫർ മാസത്തിൽ വിവാഹത്തെപ്പോലെയുള്ള മംഗളകർമ്മങ്ങൾ നടന്നാൽ അവ പരാജയമായിത്തീരുമെന്ന അന്ധവിശ്വാസത്തെ നിരാകരിക്കുന്ന ‘ലാ സഫറി’നും മുമ്പാണ് സാംക്രമികരോഗമില്ല എന്ന ആശയം ദ്യോതിപ്പിക്കുന്ന ‘ലാ അദ് വാ’ എന്ന് പ്രവാചകൻ പറയുന്നത്. നാല് നിഷേധങ്ങൾക്ക് ശേഷം കുഷ്ഠത്തിന്റെ സാംക്രമികത്വത്തെ അംഗീകരിച്ചുകൊണ്ട് “എന്നാൽ സിംഹത്തിനടുത്തുനിന്ന് ഓടിയകലുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നിങ്ങൾ ഓടിയകലുക” എന്നുകൂടി ഉപദേശിച്ചുകൊണ്ടാണ് ഈ നബിവചനം അവസാനിക്കുന്നത് എന്ന വസ്തുത ശ്രദ്ധേയമാണ്. സാംക്രമികത്വം എന്ന വസ്തുത അംഗീകരിക്കുകയും സാംക്രമികരോഗം എന്ന അന്ധവിശ്വാസത്തെ നിരാകരിക്കുകയും ചെയ്യുന്നതാണ് ഈ ഹദീഥ് എന്ന് തുടക്കത്തിലെ നിഷേധവും അവസാനത്തെ അംഗീകാരവും വ്യക്തമാക്കുന്നുതെന്ന് ഹദീഥ് വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ കാര്യങ്ങൾ തന്നെ വിവരിക്കുന്ന മറ്റൊരു നിവേദനം അബൂഹുറൈറയിൽ നിന്നും ഇബ്നു അതിയ്യ(റ)യിൽ നിന്ന് ഇമാം മാലിക്ക് ബ്നു അനസ് (റ)‌ തന്റെ മുവത്വയിൽ ഉദ്ധരിക്കുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്: “സാംക്രമികരോഗമില്ല, പ്രതികാരപറവയില്ല, സഫർ മാസമില്ല; എന്നാൽ രോഗമുള്ള കന്നുകാലികളെ അവയുടെ ഉടമ രോഗമില്ലാത്തവയോടൊപ്പം വിടരുത്. രോഗമില്ലാത്ത കന്നുകാലികളുടെ ഉടമ അയാൾക്കിഷ്ടമുള്ളയിടത്ത് അവയെ വിട്ടുകൊള്ളട്ടെ. “ദൈവദൂതരേ, എന്തുകൊണ്ടാണത്?” എന്ന ചോദ്യത്തിന് പ്രവാചകൻ (സ) “അത് അപകടകരമാണ്” എന്ന മറുപടിയാണ് നൽകിയത്” ബുഖാരിയിലെ ഹദീഥിൽ സാംക്രമികത്വത്തെ അംഗീകരിച്ചുകൊണ്ട് കുഷ്ഠരോഗിയോടുള്ള സാമീപ്യമാണ് നിഷേധിച്ചതെങ്കിൽ മുവത്വയിലുള്ള ഹദീഥ് രോഗം ബാധിച്ച കാലികളെ രോഗമില്ലാത്തവയോടൊപ്പം കലരാൻ സമ്മതിക്കരുത് എന്ന ഇപ്പോഴുള്ള ആരോഗ്യപ്രവർത്തകർ പറയുന്ന കൃത്യമായ ഐസൊലേഷൻ നിർദേശമാണ് ഉൾക്കൊള്ളുന്നത്. സാംക്രമികരോഗം എന്ന അന്ധവിശ്വാസത്തെ നിഷേധിക്കുന്നതോടൊപ്പം തന്നെ സാംക്രമികത്വം എന്ന സത്യം അംഗീകരിച്ചുകൊണ്ടുള്ള പ്രവാചകന്റെ സംഭാഷണം അവസാനിക്കുന്നത് രോഗമുള്ളവയെയും അല്ലാത്തവയെയും കൂടിക്കലരാൻ അനുവദിക്കുന്നത് അപകടകരമാണ് എന്ന പ്രസ്താവനയോട് കൂടിയാണെന്ന വസ്തുത ശ്രദ്ധേയമാണ്.

എന്താണ് പ്രവാചകൻ (സ) നിഷേധിച്ചതെന്ന് ഈ ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. രോഗം ഇല്ലാത്തവരിലേക്ക് പകരുന്നത് തടയാനാവശ്യമായ മുൻകരുതലുകൾ നിർദേശിക്കുന്നതോടൊപ്പം തന്നെ രോഗം സ്വയമേവ പകരുന്നതാണെന്ന അന്ധവിശ്വാസത്തെ നിഷേധിക്കുകയും ചെയ്യുന്നതാണ് ഈ ഹദീഥുകൾ. മനുഷ്യർക്കുണ്ടാകുന്ന നന്മ-തിന്മകളെല്ലാം അല്ലാഹുവിൽ നിന്നാണ് ഉണ്ടാകുന്നതെന്നും പക്ഷിയുടെ കരച്ചിലോ മൂങ്ങയുടെ മൂളലോ മാസത്തിന്റെ മാറ്റമോ രോഗത്തിന്റെ വ്യാപനമോ ഒന്നുമല്ല യഥാർത്ഥത്തിൽ ഒരാൾക്ക് സൗഭാഗ്യവും ദൗർഭാഗ്യവും ഉണ്ടാവുന്നതിന് കാരണമെന്നും പഠിപ്പിക്കുകയാണ് ഈ ഹദീഥുകൾ ചെയ്യുന്നത്. അല്ലാഹുവാണ് രോഗത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാനദാതാവ് എന്ന തത്വം പഠിപ്പിക്കുന്നതാണ് ഈ നബിവചനങ്ങൾ. ഇക്കാര്യം കുറേകൂടി വ്യക്തമായി പ്രതിപാദിക്കുന്ന ഒരു ഹദീഥ് അബൂഹുറൈറ(റ)യിൽ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നുണ്ട്. “സാംക്രമികരോഗമില്ല, പ്രതികാരപറവയില്ല, സഫർ മാസമില്ല” എന്ന് പ്രവാചകൻ പറഞ്ഞപ്പോൾ ഒരു ഗ്രാമീണൻ എഴുന്നേറ്റ് നിന്ന് ചോദിച്ചു: ‘എങ്കിൽ എന്റെ ഒട്ടകങ്ങളെക്കുറിച്ച് എന്ത് പറയുന്നു? അവ മണ്ണിൽ മാനുകളെപ്പോലെയായിരിക്കും. അപ്പോഴാണ് ഒരു ചൊറിയൻ ഒട്ടകം വന്ന് അവയോടൊപ്പം ചേരുന്നത്; പിന്നീട് എല്ലാറ്റിനും ചൊറിയുണ്ടാകുന്നു”. പ്രവാചകൻ ചോദിച്ചു: എങ്കിൽ ആരാണ് ആദ്യത്തെ ഒട്ടകത്തിന് അസുഖമുണ്ടാക്കുന്നത്?”

രോഗാണുക്കളും സാഹചര്യങ്ങളുമെല്ലാം രോഗത്തിന്റെ ഭൗതികകാരണങ്ങൾ മാത്രമാണെന്നും അല്ലാഹുവിന്റെ തീരുമാനമാണ് ആർക്കൊക്കെ രോഗമുണ്ടാകണമെന്നും ഉണ്ടാകേണ്ടത് എന്നും തീരുമാനിക്കുന്നത് എന്നുമുള്ള യാഥാർഥ്യങ്ങൾ പഠിപ്പിക്കുകയാണിവിടെ പ്രവാചകൻ (സ) ചെയ്യുന്നത്. രോഗാണുവല്ല അടിസ്ഥാനപരമായി രോഗമുണ്ടാക്കുന്നത് എന്നും അതിനെ പ്രതിരോധിക്കുവാനുള്ള ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ പരാജയപ്പെടുമ്പോഴാണ് രോഗമുണ്ടാകുന്നത് എന്നും ഇന്ന് ശരീരശാസ്ത്രം പറയുമ്പോൾ അത് ഈ പ്രവാചകവചനങ്ങൾക്കെല്ലാമുള്ള അംഗീകാരമാണ്. ഒരേ Sars-Cov 2 വൈറസ് തന്നെ അത് കയറിയ എഴുപത്തിയഞ്ച് ശതമാനം പേരിലും യാതൊരു രോഗലക്ഷണങ്ങളുമുണ്ടാക്കുന്നില്ലെന്നും ഇരുപത് ശതമാനം പേരിൽ മാരകമല്ലാത്ത രോഗലക്ഷണങ്ങൾ മാത്രമേയുണ്ടാക്കുന്നുള്ളൂവെന്നും അഞ്ച് ശതാമാനം പേരിൽ മാത്രമാണ് ലക്ഷണങ്ങൾ മാരകമാകുന്നതെന്നും അതിൽ തന്നെ വളരെ ചെറിയൊരു ശതമാനം മാത്രമേ മരണപ്പെടുന്നുള്ളൂവെന്നുമുള്ള WHOയുടെ കണക്കുകൾ വ്യക്തമാക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശപ്രകാരം ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന സമയത്ത് മാത്രമേ രോഗമുണ്ടാവുന്നുള്ളൂവെന്നാണ്. തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ വേണ്ടി അവൻ ഉപയോഗിക്കുന്ന നിമിത്തങ്ങളിലൊന്ന് മാത്രമാണ് വൈറസ് അടക്കമുള്ള രോഗകാരികൾ. Sars-Cov 2 വൈറസ് അകത്ത് കയറിയിട്ടും ബഹുഭൂരിപക്ഷം പേർക്കും രോഗമില്ലാത്തത് അല്ലാഹു അവരുടെ ശരീരത്തിൽ സൃഷ്ടിച്ച പ്രതിരോധവ്യവസ്ഥ ശരിയായ രീതിയിൽ പണിയെടുക്കുന്നത് കൊണ്ടാണെന്നും ചിലർക്ക് മാത്രം രോഗമുണ്ടാകുന്നത് പ്രതിരോധവ്യവസ്ഥയ്ക്ക് അതിനെ പ്രതിരോധിക്കാൻ കഴിയാത്തത് കൊണ്ടാണെന്നും ശാസ്ത്രം പറയുമ്പോൾ ഈ ഹദീഥുകൾ നൽകുന്ന സന്ദേശം അംഗീകരിക്കുകയാണ് അവർ ചെയ്യുന്നത്. രോഗമുണ്ടാക്കുന്നതും ഇല്ലാതെയാക്കുന്നതും ആത്യന്തികമായി അല്ലാഹുവാണെന്ന ഹദീഥ്പാഠത്തിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും തന്നെ ആരോഗ്യശാസ്ത്രത്തിനും പറയാനില്ലെന്നർത്ഥം.

അല്ലാഹുവിൽ നിന്നുണ്ടാകുന്നതാണ് നന്മയും തിന്മയുമെന്നും അവയെ ഭൗതികകാരണങ്ങളുമായി മാത്രം ബന്ധപ്പെടുത്തടുന്നത് അന്ധവിശ്വാസമാണെന്നും പഠിപ്പിക്കുന്ന നബിവചനങ്ങളിൽ തന്നെ സാംക്രമികരോഗങ്ങളുടെ ഭൗതികകാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന ഉപദേശവുണ്ടെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഒരു ഹദീഥ്ഖണ്ഡമെടുത്ത്‌ നബിയിൽ അജ്ഞത ആരോപിക്കുവാൻ നാസ്തികർ ധൃഷ്ടരാവുന്നത്. രോഗസംക്രമണത്തെ രോഗവും രോഗിയുമായി ബന്ധപ്പെടുത്തുന്ന അന്ധവിശ്വാസമാണ് ഇരുപത് കോടിയോളം മനുഷ്യരുടെ ജീവനെടുത്ത കരിമരണം എന്നറിയപ്പെട്ട പതിനാലാം നൂറ്റാണ്ടിലെ പ്ളേഗ് ലോകത്തെങ്ങും സംഹാരതാണ്ഡവമാടിയപ്പോൾ രോഗികളെ പാപികളായി കണ്ട് അവരോട് മ്ലേച്ഛമായി പെരുമാറുവാൻ ക്രൈസ്തവലോകത്തെ പ്രേരിപ്പിച്ചത് എന്ന കാലിഫോർണിയാ സർവ്വകലാശാലയിലെ ചരിത്രാധ്യാപകനായ മിക്കായേൽ വാൾട്ടേഴ്‌സ് ഡോൾസിന്റെ (Michael Walters Dols: The Black Death in the Middle East) നിരീക്ഷണം കൂടി ചേർത്തുവെക്കുമ്പോഴാണ് ഈ പ്രവാചകവചനത്തിന്റെ മാനവികത ശരിയ്ക്കും ബോധ്യപ്പെടുക. രോഗമുണ്ടാകുന്നത് ശാപമല്ലെന്ന് പഠിപ്പിച്ചതോടൊപ്പം തന്നെ സാംക്രമികരോഗത്തിന്റെ വ്യാപനം തടയാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്യണമെന്ന് പഠിപ്പിച്ച പ്രവാചകവചനങ്ങളിലെ മാനവികവും ശാസ്ത്രീയവുമായ നിർദേശങ്ങളൊന്നും കാണാൻ നാസ്തികർക്ക് കഴിയാത്തത് അവരുടെ അന്ധത കൊണ്ടല്ലെങ്കിൽ മറ്റെന്തുകൊണ്ടാണ് ?!! “പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (ബുഖാരിയും മുസ്‌ലിമും ഒന്നിലേറെ സ്വഹാബിമാരിൽ(റ) നിന്ന് നിവേദനം ചെയ്തത്) എന്നു പഠിപ്പിച്ച മുഹമ്മദ് നബി (സ) തന്നെയാണ് ഈ രംഗത്തെ ലോകത്തിന്റെ വഴികാട്ടി; നാസ്തികർ അംഗീകരിച്ചാലും ഇല്ലെങ്കിലും.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Athisam is nothing but pride and prejudice

    NAJEEB Kothamangalam 01.09.2020

Leave a comment

Your email address will not be published.