കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -6

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -6
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -6
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -6

Print Now
പ്രാർത്ഥനകൾ കൊണ്ട് ഫലമൊന്നുമില്ല !!!

6. പ്രാർത്ഥിച്ചിട്ട് ഫലമൊന്നുമില്ലെന്ന് കോവിഡ് 19 നമുക്ക് മനസ്സിലാക്കിത്തന്നില്ലേ?

പ്രാർത്ഥിച്ചിട്ട് മാത്രമേ ഫലമുള്ളൂവെന്നാണ് യഥാർത്ഥത്തിൽ കോവിഡ് പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നത്. പ്രാർത്ഥനകൾക്കൊന്നും ഫലമില്ലെന്ന് ആരാണ് പറഞ്ഞത്? പ്രാർത്ഥിക്കുന്നവർക്ക് അവർ ഇച്ഛിക്കുന്ന ഫലം കിട്ടിയിട്ടുണ്ട്; കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. അത് അവരുടെ അനുഭവബോധ്യമാണ്. ആരുടെയും സാക്ഷ്യപത്രമാവശ്യമില്ലാത്ത ബോധ്യം. പ്രാർത്ഥിക്കുന്നവർക്കാണ് ഫലം ലഭിക്കുക; പ്രാർത്ഥനയെ തെറി പറഞ്ഞ് ചുറ്റും നിൽക്കുന്ന നാസ്തികർക്കോ സംശയാലുക്കൾക്കോ അല്ല. അത് അവർക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ പ്രാർത്ഥിക്കുന്നവർക്ക് അവർ ചോദിക്കുന്ന ഫലം ലഭിക്കാതിരിക്കുമ്പോൾ പോലും അവർ സംതൃപ്തരാവുന്നത്.

വിശ്വാസികൾ കരഞ്ഞ് പ്രാർത്ഥിച്ചിട്ടും കോവിഡ് 19 ലോകത്തുനിന്ന് നീങ്ങിപ്പോകാത്തത് എന്തേ എന്നാണ് ചോദ്യമെങ്കിൽ അതിനുള്ള ഒന്നാമത്തെ ഉത്തരം തങ്ങൾ ആവശ്യപ്പെടുന്നതെല്ലാം ചെയ്യുന്ന തങ്ങളുടെ ഗുമസ്തനാണ് പടച്ചവൻ എന്നല്ല വിശ്വാസികളൊന്നും കരുതുന്നത് എന്നാണ്. അല്ലാഹു രാജാധിരാജനാണ്. സർവ്വശക്തൻ ! സർവ്വോന്നതൻ ! സർവ്വലോകസ്രഷ്ടാവ് ! കോടിക്കണക്കിനുള്ള അവന്റെ സൃഷിടികളിൽ ഒരെണ്ണം മാത്രമാണ് മനുഷ്യർ; കേവലം ദാസന്മാർ മാത്രം. ദാസന്മാരാണ് നാഥൻ പറഞ്ഞത് അനുസരിക്കേണ്ടത്, തിരിച്ചല്ല. ദാസന്മാർക്ക് ആഗ്രഹമുള്ളതെല്ലാം നൽകുന്നവനല്ല നാഥൻ; അവർക്ക് ആവശ്യമുള്ളത് നൽകുന്നവനാണ്. ദാസന്മാരിൽ ചിലർ ആഗ്രഹിക്കുന്നത്തിനെതിരാവും മറ്റു ചിലർ ആഗ്രഹിക്കുന്നത്. അവയിൽ എന്താണോ ആത്യന്തികമായി എല്ലാവർക്കും ഗുണകരമാവുന്നത് അത്, അത് മാത്രം നൽകുന്നവനാണ് പരമകാരുണികനായ നാഥൻ.

ദാസൻ അവന്റെ നാഥനോട് നടത്തുന്ന കരളുരുകിയുള്ള അഭ്യർത്ഥനയാണ് പ്രാർത്ഥന. താൻ നന്മയാണെന്ന് കരുതുന്നത് നേടുന്നതിന് വേണ്ടിയുള്ള തേട്ടം. താൻ ആഗ്രഹിക്കുന്ന കാര്യം തനിക്കും സമൂഹത്തിനും നന്മയാണോ തിന്മയാണോ എന്ന് കൃത്യമായറിയുക നാഥനാണ്. അവനിൽ നിന്ന് ആ ആത്യന്തികമായ നന്മയാഗ്രഹിച്ചുകൊണ്ട് തന്നെയാണ് ദാസൻ തനിക്ക് നന്മയാണെന്ന് തോന്നുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നത്. താൻ നന്മയാണെന്ന് കരുതുന്നവ ചിലപ്പോൾ തനിക്കോ മറ്റുള്ളവർക്കോ തിന്മയായിത്തീരാമെന്ന് പ്രാർത്ഥിക്കുന്നവന് നന്നായറിയാം. അത് കൊണ്ട് തന്നെ താൻ പ്രാർത്ഥിക്കുന്നത് ലഭിച്ചിട്ടില്ലെങ്കിൽ ആ ലഭിക്കായ്മയിൽ തനിക്കറിയാത്ത നന്മകളെന്തെങ്കിലുമുണ്ടാവുമെന്നാണ് പ്രാർത്ഥിക്കുന്നവൻ കരുതുക. ആത്യന്തികമായി നന്മയും തിന്മയുമെന്താണെന്ന് കൃത്യമായി അറിയുക സ്രഷ്ടാവിന് മാത്രമാണ്. ചോദിക്കുന്നത് നൽകുന്നവരായി സൃഷ്ടിപൂജകർ തങ്ങളുടെ ആരാധ്യന്മാരെ പരിചയപ്പെടുത്തുമ്പോൾ ഇസ്‌ലാം പടച്ചവനെ പരിചയപ്പെടുത്തുന്നത് പരമകാരുണികനായാണ്. ചോദിക്കുന്നതെല്ലാം നൽകുന്നവനല്ല, കാരുണ്യമെന്താണോ അത് ചെയ്യുന്നവനാണ് പരമകാരുണികൻ. അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് പറയുന്നതും മറ്റൊന്നുകൊണ്ടുമല്ല. ചോദിക്കുന്നവർക്ക് ഇഷ്ടമുള്ളതെല്ലാം നൽകുന്നവൻ ചിലപ്പോൾ അവർക്കുതന്നെ അപകടമുണ്ടാക്കിയേക്കാം എന്നതാണ് സത്യം.

പ്രാർത്ഥി‌ച്ചത് ലഭിച്ചാലും ഇല്ലെങ്കിലും അതിൽ നന്മയുണ്ടാകുമെന്ന് സമാധാനിക്കുകയും താൻ അനുഭവിക്കുന്ന പ്രയാസങ്ങൾ സഹിച്ചുകൊണ്ട് അതിന് പിന്നിലെ ദൈവകാരുണ്യം പ്രതീക്ഷിക്കുകയും ചെയ്യുന്ന വിശ്വാസി അനുഭവിക്കുന്ന മനസ്സമാധാനം അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ. ദൈവത്തെ കൊല്ലാനായി ജീവിതം ഉഴിഞ്ഞുവെച്ച നാസ്തികപ്രമാണിമാരിൽ പലർക്കും നിരാശാകാമുകന്മാരായി സ്വന്തത്തെ പഴിച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ജീവിതത്തോടുള്ള ഈ സംതൃപ്തമായ സമീപനം ഇല്ലാത്തത് കൊണ്ടാണ്. ആത്മാർത്ഥമായി പടച്ചവനോട് പ്രാർത്ഥിക്കുന്നവർക്ക് തങ്ങൾ ആഗ്രഹിക്കുന്നത് കിട്ടുകയെന്നതിലുപരിയായി ലഭിക്കുന്നത് തങ്ങൾ കാര്യങ്ങളെല്ലാം കൃത്യമായി തങ്ങളുടെ നാഥനെ ഏൽപ്പിച്ചിട്ടുണ്ടെന്ന മനഃസ്സമാധാനമാണ്. തങ്ങൾ ആഗ്രഹിക്കുന്നത് കിട്ടിയാൽ അത് അവന്റെ അനുഗ്രഹമാണെന്ന് കരുതി അവർ കൃതജ്ഞരാവും. കിട്ടിയില്ലെങ്കിൽ അതാണ് ആത്യന്തികമായ നന്മയെന്ന് കരുതി അവർ സമാധാനിക്കുകയും ക്ഷമിക്കുകയും ചെയ്യും. തങ്ങൾക്കറിയാത്ത നന്മയ്ക്ക് വേണ്ടി തങ്ങൾ സഹിക്കുന്ന പ്രയാസങ്ങൾ വഴി തങ്ങളുടെ നാഥന്റെ സംതൃപ്തി നേടിയെടുക്കുന്നവരാണ് തങ്ങളെന്ന ബോധം അവരെ കർമമനിരതരാക്കും. ഇവിടെ നിന്ന് തങ്ങൾ പ്രാർത്ഥിച്ചത് ലഭിച്ചില്ലെങ്കിലും മരണാന്തരം തങ്ങൾ പ്രാർത്ഥിച്ചതിനെല്ലാം ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുമെന്ന ബോധനം അവർക്ക് സമ്പൂർണമായ സംതൃപ്തി നൽകും. ആ സംതൃപ്തി അനുഭവിക്കുവാൻ ഭാഗ്യമില്ലാത്തവരായ നാസ്തികരോട് സഹതപിക്കാനേ വിശ്വാസികൾക്ക് കഴിയൂ.

പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 നെ എപ്പോൾ എങ്ങനെ പിടിച്ചുകെട്ടണമെന്ന് കൃത്യമായി അറിയാവുന്ന പടച്ചവനോട് തന്നെയാണ് വിശ്വാസികൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നത്. അവൻ ഉദ്ദേശിക്കുമ്പോൾ വാക്‌സിനായോ മരുന്നായോ ഹെർഡ്‌ ഇമ്മ്യൂണിറ്റിയായോ മറ്റേതെങ്കിലും മാർഗങ്ങളായോ പരിഹാരം നമുക്ക് മുന്നിലെത്തും. അതുവരെ രോഗം ഇവിടെയുണ്ടാവും. സർവ്വജ്ഞനായ അല്ലാഹുവിന്റെ യുക്തിയെന്താണെന്ന് മനസ്സിലാക്കുവാൻ നമ്മുടെ കയ്യിൽ മാപിനികളൊന്നുമില്ല. “അല്ലാഹുവിന്റെ ദയാവായ്പ്പ് അവന്റെ യുക്തിയെ ഇല്ലാതാകുന്നില്ല; അതുകൊണ്ടാണ് എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കാത്തത്” എന്ന അലി(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന വചനം ശ്രദ്ധേയമാണ്. രോഗത്തിന് പരിഹാരമുണ്ടാവുന്നത് വരെയും അതിന്നു ശേഷവും വിശ്വാസികൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും. പ്രാർത്ഥന വഴി ഒന്നുകിൽ ദൈവാനുഗ്രഹത്താലുള്ള പരിഹാരം; അല്ലെങ്കിൽ എല്ലാറ്റിനും കഴിയുന്നവനിൽ താൻ ഭരമേല്പിച്ചുവെന്ന സമാധാനം.

ജീവിതാസ്വാദനത്തിന്റെ ലഹരി ബാധിച്ച നിഷേധികൾക്കാവട്ടെ ഇന്നും നാളെയുമെല്ലാം മനസ്സംഘർഷം മാത്രമേയുള്ളൂ. രോഗം പടർന്നുകൊണ്ടിരിക്കുമ്പോൾ അതെങ്ങാനും തനിക്കുണ്ടായാൽ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം അവസാനിച്ചുപോകുമോയെന്ന വേവലാതി; രോഗത്തിന് മരുന്നോ മറ്റു പരിഹാരങ്ങളോ ഉണ്ടാവുന്നത് വരെ ഈ വേവലാതി തുടരും. കോവിഡ് 19 ന് പരിഹാരമുണ്ടായിക്കഴിഞ്ഞാൽ ഇതിനേക്കാൾ മാരകമായ വൈറസ് എപ്പോൾ വരുമെന്ന അതിനേക്കാൾ വലിയ വേവലാതി. ജീവതാസക്തിക്ക് പിന്നിലോടുന്നവർക്ക് എന്താണെങ്കിലും അസംതൃപ്തിയും വേവലാതിയും; പ്രാർത്ഥിച്ചുകൊണ്ട് സർവ്വശക്തനിൽ ഭരമേല്പിക്കുന്നവർക്ക് പ്രാർഥിച്ചത് ലഭിച്ചാലും ഇല്ലങ്കിലും പടച്ചവനിൽ ഭരമേല്പിച്ചതിലുള്ള സമാധാനം. പ്രസ്തുത സമാധാനം പറഞ്ഞറിയിക്കാനാവുന്നതല്ല; പ്രതിസന്ധിഘട്ടങ്ങളിൽ അത് അനുഭവിച്ച് തന്നെ അറിയണം.

പ്രാർത്ഥിക്കുന്നവരുടെ ശാന്തിരഹസ്യമെന്തെന്ന് മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വഴി കാട്ടിയായേക്കാവുന്ന രണ്ട് നബിവചനങ്ങൾ: “പാപിയോ കുടുംബബന്ധം വിച്ഛേദിക്കുന്നവരോ അല്ലാത്ത മുസ്‌ലിമിന്റെ പ്രാർത്ഥനകളൊന്നും തന്നെ മൂന്ന് രൂപങ്ങളിലൊന്നിൽ ഉത്തരം ലഭിക്കാതെയിരിക്കുകയില്ല. ഒന്നുകിൽ അയാൾക്ക് അയാൾ പ്രാർത്ഥിച്ചതിന് അവൻ ഉടൻ ഉത്തരം നൽകും; അല്ലെങ്കിൽ ആ പ്രാർത്ഥന വഴി വന്നുഭവിക്കുവാനിടയുള്ള സമാനമായ ഏതെങ്കിലും തിന്മകൾ അവൻ ഇല്ലാതെയാക്കും; അതുമല്ലെങ്കിൽ അതിന്റെ പ്രതിഫലം മരണാന്തരജീവിതത്തിൽ നൽകാനായി അവൻ മാറ്റി വെക്കും” (അബൂ സഈദിൽ(റ) നിന്ന് മുസ്നദ് അഹ്‌മദിൽ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്.) “വിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരം! എല്ലാറ്റിലും നന്മയുണ്ടാവുകയെന്നത് വിശ്വാസിക്കല്ലാതെ മറ്റാർക്കുമുണ്ടാവുകയില്ല. താൻ സന്തോഷവാനായിരിക്കുമ്പോൾ അവൻ അല്ലാഹുവിനോട് കൃതഞ്ജനാവും; അത് അവന് നന്മയാണ്. തനിക്ക് പ്രയാസങ്ങളെന്തെങ്കിലുമുണ്ടായാൽ അവൻ ക്ഷമ പ്രകടിപ്പിക്കും; അതും അവന് നന്മയാണ്.” (ശുഐബി(റ)ൽ നിന്ന് മുസ്‌ലിം നിവേദനം ചെയ്തത്)

സന്തോഷത്തിലും ദുഖത്തിലും നന്മ കാംക്ഷിക്കുകയെന്ന വിശ്വാസിയുടെ സമീപനത്തിന് അയാളെ പ്രാപ്തമാക്കുന്നത് അയാളുടെ പ്രാർത്ഥനകളാണ്. എല്ലാം അറിയുകയും കഴിയുകയും ചെയ്യുന്നവനിൽ ഭരമേല്പിക്കുന്നത് വഴിയാണ് അയാൾക്ക് ഈ പോസിറ്റീവ് സമീപനം സാധിക്കുന്നത്. നാസ്തികർക്ക് പ്രാർത്ഥനയില്ല; സ്വന്തത്തിലുള്ള അമിതമായ പ്രതീക്ഷയിലാണ് അവർ കഴിഞ്ഞുകൂടുന്നത്. ആ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ അവർ അസംതൃപ്തിയുടെയും അശാന്തിയുടെയും അഗാധ ഗർത്തങ്ങളിലേക്ക് ആപതിക്കുകയാണ് ചെയ്യുക. മതം വിഭ്രാന്തിയാണെന്ന് പറഞ്ഞ് നാസ്തികരുടെ കയ്യടികൾ നേടിയവരിൽ പലർക്കും സ്വന്തത്തെ പഴിച്ചും ജീവിതത്തെ ദുഷിച്ചും യഥാർത്ഥ വിഭ്രാന്തിയുടെ കയത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് പ്രാർത്ഥനകൾ നൽകുന്ന ശാന്തിയും സംതൃപ്തിയും അനുഭവിക്കാൻ അവർക്ക് ഭാഗ്യമില്ലാത്തതുകൊണ്ടാണ്. പ്രാർത്ഥനാനിരതമായ മതജീവിതം പ്രതീക്ഷയുടേതും സംതൃപ്തിയുടേതുമാണ്; പ്രാർത്ഥനാരഹിതമായ നാസ്തികജീവിതം നിരാശയുടേതും അസംതൃപ്തിയുടേതുമാണ്; ഈ സത്യം ബോധ്യപ്പെടണമെങ്കിൽ പരിഹാരമില്ലെന്ന് തോന്നുന്ന പ്രതിസന്ധികളിൽ അകപ്പെടുന്ന അവസ്ഥയുണ്ടാകണം. അപ്പോൾ വിശ്വാസിക്ക് പ്രാർത്ഥന തുണയായുണ്ടാവും; അതവന്ന് ശാന്തിയും സമാധാനവും നൽകും. നാസ്തികർക്കോ നാസ്തി മാത്രം. അശാന്തിയുടെ നാസ്തി; അസംതൃപ്തിയുടെ നാസ്തി; ജീവിതനിഷേധത്തിന്റെ നാസ്തി.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.