കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -4

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -4
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -4
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -4

Print Now
ശാസ്ത്രം സർവ്വശക്തൻ മതം ദുർബലൻ

4. മതത്തിന് ഒന്നും കഴിയില്ലെന്നും ശാസ്ത്രത്തിനേ എല്ലാം കഴിയൂവെന്നും കോവിഡ് 19 നമ്മെ പഠിപ്പിച്ചില്ലേ?

ചില പ്രതിസന്ധിഘട്ടങ്ങളിലെങ്കിലും ശാസ്ത്രത്തിന് കാര്യമായി യാതൊന്നും ചെയ്യാനാകില്ലെന്നും മതത്തിന് മാതമേ എന്തെങ്കിലും ചെയ്യാനാകൂവെന്നുമാണ് കോവിഡ് പ്രതിസന്ധി നമ്മെ പഠിപ്പിച്ചത്. കൊറോണാ രോഗങ്ങളെ പ്രതിരോധിക്കുകയോ ചികിൽസിക്കുകയോ ചെയ്യുന്ന വിഷയത്തിൽ ശാസ്ത്രത്തിന് ഇന്നേവരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന സത്യം ശാസ്ത്രരംഗത്തുള്ളവരൊന്നും നിഷേധിക്കുകയില്ല; നാസ്തികർക്ക് അത് തുറന്ന് പറയാൻ മടിയാണെങ്കിലും. ശാസ്ത്രമാത്രവാദികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മതം പഠിപ്പിച്ചത് ശാസ്ത്രത്തിന്റെ ലേബലൊട്ടിച്ച് ആവർത്തിക്കുക മാത്രമേ ഇപ്പോൾ എല്ലാവർക്കും ചെയ്യാനുള്ളുവെന്ന സത്യം തുറന്നു പറയാതിരിക്കുന്നതെങ്ങനെ!!?? മതത്തിനാണ് ഏത് പ്രതിസന്ധിഘട്ടത്തിലും മനുഷ്യർക്ക് രക്ഷയാകാൻ കഴിയുകയെന്ന വസ്തുതയാണ് കോവിഡ് നമ്മെ പഠിപ്പിച്ച പല പാഠങ്ങളിലൊന്ന്.

സാംക്രമികരോഗമുണ്ടാകുമ്പോൾ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. ഒന്നാമതായി അത് പകരാതിരിക്കുവാൻ ശ്രദ്ധിക്കുകയാണ്. രണ്ടാമതായി അത് വന്ന രോഗിയെ ചികില്സിക്കുകയും അയാൾക്ക് മാനസികമായ ഊർജ്ജം നൽകുകയുമാണ്. ഈ രണ്ട് രംഗങ്ങളിലും മതം പഠിപ്പിച്ചതല്ലാതെ മറ്റെന്താണ് ശാസ്ത്രത്തിന് ഇതേ വരെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്?!!

പകർച്ചവ്യാധികൾ പകരാതിരിക്കുവാൻ ശാസ്ത്രത്തിന്റെ കയ്യിൽ കുറുക്കുവഴികളൊന്നുമില്ല. രോഗികൾ രോഗമില്ലാത്തവരുമായി സമ്പർക്കത്തിലാകാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന ഉപദേശം മാത്രമാണ് ശാസ്ത്രരംഗത്തുള്ളവർക്ക് നൽകാനുള്ളത്. ക്വാറന്റൈൻ എന്നും ഐസൊലേഷൻ എന്നുമെല്ലാം വിളിക്കുന്നത് ഈ ഉപദേശത്തിന്റെ വ്യത്യസ്ത തലങ്ങളെയാണ്. ശാസ്ത്രജ്ഞർ ഗവേഷണം ചെയ്ത് കണ്ടെത്തിയതൊന്നുമല്ല ഈ ഉപദേശങ്ങൾ. മതത്തിൽ നിന്ന് ശാസ്ത്രലോകം കടമെടുത്തവയാണ്. സാംക്രമികരോഗികളുമായി സമ്പർക്കം പാടില്ലെന്ന് ലോകത്തെ ആദ്യമായി പഠിപ്പിച്ചതാരാണ്? സാംക്രമികരോഗമുള്ളപ്പോൾ രോഗലക്ഷണങ്ങൾ കാണിക്കാത്തവരാണെങ്കിലും തങ്ങൾ എവിടെയാണോ ഉള്ളത് അവിടെത്തന്നെ താമസിക്കണമെന്നും യാത്രകൾ ചെയ്യരുതെന്നുമുള്ള ക്വാറന്റൈൻ നിർദേശങ്ങൾ ലോകത്തിന് മുന്നിൽ ആദ്യമായി വെച്ചതാരാണ്? ക്ഷയം ബാധിച്ച രോഗികളെ ആരോഗ്യമുള്ളവരിൽ നിന്ന് മാറ്റിനിർത്തണമെന്ന് മഹാചിന്തകനായ ഇബ്നു സീന നിർദേശിച്ചത് ആരുടെ പ്രചോദനത്താലാണ്? പ്ളേഗ് പടർന്ന് പിടിച്ചപ്പോൾ 1838ൽ ലോകത്ത് ആദ്യമായി നിർബന്ധിതക്വാറന്റൈൻ കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ അന്നത്തെ ഉഥ്മാനിയാ ഭരണാധികാരികളെ പ്രേരിപ്പിച്ചത് ആരുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ്? “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്ളേഗ് ബാധിച്ച നാട്ടിൽ തന്നെ വസിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്ന ചരിത്രത്തിലെ ആദ്യത്തെ സോഷ്യൽ ക്വാറന്റൈൻ നിർദേശം ആരുടേതാണ്? “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടെയും പ്രതിഫലേച്ഛയോട് കൂടിയും പ്ളേഗ് പടർന്ന് പിടിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” ആദ്യത്തെ ഹോം ക്വാറന്റൈൻ നിർദേശം നൽകിയ വ്യക്തിയാരാണ്?

മുകളിലുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം മുഹമ്മദ് നബി(സ)യെന്നാണ്. ഇവിടെയൊന്നും ക്വാറന്റൈൻ എന്ന പദമല്ലാതെ മറ്റൊന്നും ആധുനികമല്ല. എല്ലാം നബിവചനങ്ങളിൽ നിന്ന് കടം കൊണ്ടവയാണ്. പകർച്ചവ്യാധികളുണ്ടാവുമ്പോൾ മരണമെങ്കിൽ മരണം എന്ന് വിചാരിച്ചുകൊണ്ട് മറ്റുള്ളവർക്ക് അത് പകർത്താതെ വീട്ടിലും നാട്ടിലുമിരിക്കുകയെന്ന പ്രവാചകനിർദേശത്തിനപ്പുറം മറ്റെന്താണ് ആധുനികശാസ്ത്രത്തിന്റെ അകമ്പടിയോടു കൂടി ഇന്നും നമുക്ക് നൽകാനുള്ളത്?!! സർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങളും ഐസൊലേഷൻ നിബന്ധനകളും പാലിക്കുന്നവർ യഥാർത്ഥത്തിൽ പ്രവാചകന്റെ നിർദേശങ്ങളാണ് പിന്തുടരുന്നത്. തൽക്കാലം പ്രവാചകവിരോധികൾക്കും ദൈവനിഷേധികൾക്കുമൊന്നും പ്രവാചകകല്പന അനുധാവനം ചെയ്യുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഇഷ്ടമില്ലാത്തയാളെ നിർബന്ധമായും അനുധാവനം ചെയ്യേണ്ടി വരുമ്പോഴുള്ള വൈക്ലബ്യം മറച്ചുവെക്കാൻ കുറച്ച് പ്രവാചകനിന്ദയും ഖുർആൻ വിമർശനവുമെല്ലാം ഈ പകർച്ചവ്യാധിക്കാലത്തും നാസ്തികർക്ക് ഉപയോഗപ്പെടുമായിരിക്കാം. അതുകൊണ്ടായിരിക്കണം ഈ ദുരിതകാലത്തും അവർ ഇസ്‌ലാംനിന്ദയിൽ അഭിരമിച്ചുകൊണ്ടിരിക്കുന്നത്; ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മറ്റൊരു സേവനവും നാസ്തികർക്ക് ചെയ്യാനില്ലല്ലോ !!!

രോഗം മൂർഛിച്ച് മരണത്തിന് കീഴ്‌പ്പെടേണ്ടി വരുന്നവർക്ക് തികഞ്ഞ നിരാശാബോധമല്ലാതെ മറ്റെന്താണ് നാസ്തികതയ്ക്ക് നൽകാനുള്ളത്? ‘മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം’ ആസ്വദിക്കാനാവാതെ തങ്ങളുടേതല്ലാത്ത തെറ്റ് കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന നാസ്തികർ അനുഭവിക്കേണ്ടി വരുന്ന മനോവിഭ്രാന്തി എത്രയായിരിക്കും!! സമാധാനത്തോടെ ജീവിക്കുവാൻ തുണയാകുന്നത് പോലെ ശാന്തിയോടെ മരിക്കുവാനും മതം മാത്രമാണ് രോഗിക്ക് തുണയായിത്തീരുന്നത്. ‘പകർച്ചവ്യാധിമൂലം മരണപ്പെടുന്നവർ രക്തസാക്ഷികളാണ്’ എന്ന പ്രവാചകപ്രബോധനത്തെക്കാൾ വലിയ ആശ്വാസവാക്കുകൾ നൽകാൻ ആർക്കാണ് കഴിയുക?! മരണപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഇതിനേക്കാൾ നല്ല വർത്തമാനങ്ങളൊന്നും നിർധരിക്കുവാൻ ലോകത്തെ ഒരു മനഃശാസ്ത്രവിശാരദനും കഴിയില്ല. രോഗപീഢയാൽ പ്രയാസപ്പെടുമ്പോഴും മരണാനന്തരം തനിക്ക് ലഭിക്കാനിരിക്കുന്നത് രക്തസാക്ഷിയുടേതിന് തുല്യമായ പരിഗണനയും സൗഭാഗ്യങ്ങളും ദൈവസാമീപ്യവുമാണെന്ന് അറിയുന്നവർക്ക് ലഭിക്കുന്ന മനസ്സമാധാനത്തിന്റെ വലിപ്പവും വ്യാപ്തിയും അളക്കുവാൻ ശാസ്ത്രത്തിന്റെ മാപിനികളൊന്നും മതിയാവുകയില്ല. അത് അനുഭവിക്കുവാൻ ഭാഗ്യമില്ലാത്തവരാണ് നാസ്തികർ; അവരോട് സഹതപിക്കുവാൻ മാത്രമേ വിശ്വാസികൾക്ക് കഴിയൂ.

അധാർമ്മികതകളാലുള്ള മനസ്സംഘർഷവും പീഢകളും രോഗങ്ങളുമുണ്ടാകുമോയെന്ന ഭീതിയും ജീവിതകാലത്ത് മുഴുവനും; ആസ്വദിക്കുവാനുള്ള ഒരേയൊരു അവസരമെന്ന് അവർ മനസ്സിലാക്കിയ ഈ ജീവിതം അവസാനിക്കുവാൻ പോകുകയാണല്ലോ എന്ന വേവലാതി മരണസന്ദർഭത്തിൽ; തങ്ങൾ സ്വയം തെരെഞ്ഞെടുത്ത നരകത്തിന്റെ ദുരിതങ്ങൾ മരണാനന്തരം. ദുരിതങ്ങൾ നൽകാനും നേടാനും വേണ്ടി ജീവിക്കുന്നവർക്ക് ആകെ ഒരു ആശ്വാസം ലഭിക്കുന്നത് നബി(സ)യെ തെറി പറയുമ്പോഴും ഇസ്‌ലാമിനെ ഭീകരതയായി ചിത്രീകരിക്കുമ്പോഴും ഖുർആനിനെ മ്ലേച്ചമായി അവതരിപ്പിക്കുമ്പോഴും മാത്രമാണ്; അത്തരം ട്രോളുകളും ബ്ലോഗുകളും ക്ലിപ്പുകളുമെല്ലാം നാസ്തികർക്ക് വന്യമായ സംതൃപ്തി നല്കുന്നുവെങ്കിൽ ഈ ദുരിതകാലത്തും അവർ അതിൽ അഭിരമിച്ചുകൊള്ളട്ടെ ! രോഗം പകരാതിരിക്കുവാനുള്ള ബോധവൽക്കരണം മുതൽ രോഗികളെ പരിചരിക്കുവാനുള്ള സന്നദ്ധപ്രവർത്തനങ്ങൾ വരെ മുഹമ്മദ് നബി (സ) പഠിപ്പിച്ച നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട് വിശ്വാസികൾക്ക്. ഇഹത്തിൽ സംതൃപ്തിയും മരണാന്തരം സംതൃപ്തമായ ശാശ്വതജീവിതവും നൽകുന്നവയാണ് ആ പ്രവർത്തങ്ങൾ; അവരെ അതിൽ വ്യാപൃതരാകുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ !!!

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.