കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -3

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -3
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -3
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -3

പള്ളികൾ പൂട്ടി.. മതം വേണ്ടേ വേണ്ടാ…

3. കോവിഡ് പകരുമെന്നായപ്പോൾ ആർക്കും പള്ളിയിൽ പോകേണ്ട ! നമസ്കരിക്കേണ്ട !! ദൈവവിശ്വാസവും ആരാധനാലയങ്ങളുമൊന്നും മനുഷ്യർക്ക് ആവശ്യമില്ലെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചില്ലേ?

കോവിഡ് പകർച്ചവ്യാധിയുണ്ടായ സന്ദർഭത്തിൽ സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ അൽപകാലത്തേക്ക് അടച്ചിട്ടപ്പോൾ അതിൽ ആനന്ദനൃത്തമാടിക്കൊണ്ടുള്ള നാസ്തികചേഷ്ടകളാൽ നിബിഢമായിരുന്നു സാമൂഹ്യമാധ്യമങ്ങൾ; മതം മരിച്ചുവെന്നായിരുന്നു അവരുടെ ആരവം. ആരാധനാലയങ്ങൾ അടച്ചതോടെ സ്രഷ്ടാവായ ദൈവത്തിനും പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട മാർഗ്ഗദർശനങ്ങൾക്കുമെല്ലാം പ്രസക്തി നഷ്ടപ്പെട്ടുവെന്ന് കരുതാൻ മാത്രമുള്ള യുക്തിബോധമേ നാസ്തികർക്കുള്ളൂ. ദൈവവിശ്വാസവും സദാചാരനിഷ്ഠയും ഇല്ലാതെയാക്കിക്കൊണ്ട് സ്വാതന്ത്രനാസ്തികലോകം സൃഷ്ടിക്കുവാനായി ആരാധനാലയങ്ങൾ അടച്ചുപൂട്ടുകയും പണ്ഡിതന്മാരെയും വിശ്വാസികളെയും കൊന്നൊടുക്കുകയും ചെയ്തവരുടെ പിന്മുറക്കാർക്ക് അങ്ങനെ ചിന്തിക്കുവാനുള്ള യുക്തിബോധമേയുണ്ടാവൂ. പീഡനങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും തങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച മതം അവസരം കിട്ടിയപ്പോൾ അതിശക്തമായി തിരിച്ചുവരികയാണ് ചെയ്തിട്ടുള്ളതെന്ന സത്യമൊന്നും അവരുടെ കണ്ണ് തുറപ്പിക്കുകയില്ല. അഹങ്കാരത്തിന്റെ അന്ധത മൂലം അവർക്ക് കണ്ണുതുറക്കാൻ കഴിയുകയില്ലെന്ന് പറയുന്നതാവും ശരി.

ആരാധനാലയങ്ങളാണ് മതമെന്നോ ആരാധനാലയങ്ങളിൽ അടയിരിക്കുന്നവനാണ് ദൈവമെന്നോ കരുതുന്നവർക്ക് കോവിഡ് കാലം മതത്തിന്റെ തകർച്ചാകാലമായി തോന്നിയിരിക്കാം. എന്നാൽ പ്രപഞ്ചനാഥനിൽ വിശ്വസിക്കുകയും അവന്ന് സമർപ്പിതരായി ജീവിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം മതം അക്ഷരാർത്ഥത്തിൽ പുനരുജ്ജീവിച്ച കാലമാണിത്. ആരാധനകളിൽ നിമഗ്നരാകുവാൻ അവർക്ക് കൂടുതൽ സമയമുണ്ടായി; പ്രതിസന്ധികാലത്തെ അനുഷ്ഠാനവ്യത്യാസങ്ങൾ കൂടി മനസ്സിലാക്കുവാനും പ്രയോഗിക്കുവാനും അവർക്ക് അവസരമുണ്ടായി; ദൈവികദർശനം ഏത് പ്രതിസന്ധികാലത്തും പ്രായോഗികമാണെന്ന് അവർ അനുഭവിച്ചറിഞ്ഞു. അവരിലെ മതം വളരുകയാണ്, തളരുകയല്ല ചെയ്തത്.

പള്ളികളിലെ സമൂഹപ്രാർത്ഥന താൽക്കാലികമായി നിർത്തി വെച്ചപ്പോൾ ആരാധനകൾ നിന്നുപോയി എന്ന് പരിഹസിച്ചവർ എന്താണ് ആരാധനകളെന്നും എന്താണ് അനുഷ്ഠാനങ്ങളെന്നും പഠിക്കാൻ സന്നദ്ധമാവാത്തവരാണ്. അവർ മതത്തെ പഠിച്ചത് മതപ്രമാണങ്ങളിൽ നിന്നോ പ്രവാചകജീവിതത്തിൽ നിന്നോ അല്ല; ആരോ പരിചയപ്പെടുത്തിയ എന്തൊക്കെയോ ആണ് അവർക്ക് മതം. ‘പഠിച്ചശേഷം വിമർശിക്കൂ സഹോദരാ’ എന്ന ഗുണകാംക്ഷാനിർഭരമായ വിശ്വാസിവർത്തമാനം പ്ലം ട്രോളാനുള്ള തമാശയാക്കുന്നവരിൽ നിന്ന് പഠനവും അപഗ്രഥനവുമെല്ലാം പ്രതീക്ഷിക്കുന്നതാണ് തെറ്റ്. മതത്തെക്കുറിച്ച മിനിമം വിവരമെങ്കിലുമില്ലാതെ ചാനലുകളിൽ കയറിയിരുന്ന് മതവിമർശനം നടത്തുന്നവർ, സ്വന്തം മുഖത്ത് തന്നെയാണ് ചെളി വാരിയെറിയുന്നതെന്ന് അവർക്ക് മനസ്സിലാകുന്നില്ല. അത് മനസ്സിലാക്കുവാനുള്ള മിനിമം യുക്തിപോലും നാസ്തികതയുടെ അന്ധത അവരിൽ നിന്ന് പറിച്ചെടുത്തിരിക്കുന്നുവെന്ന് പറയുന്നതാവും ശരി.

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അനുഷ്ഠാനങ്ങളും ആരാധനകളും രണ്ടാണ്. ദൈവപ്രീതിയുദ്ദേശിച്ച്, പ്രാർത്ഥനാനിർഭരമായ മനസ്സോടെ ചെയ്യുന്ന നല്ല വാക്കുകളും സൽപ്രവർത്തികളുമെല്ലാം ആരാധനയായിത്തീരും. എങ്ങനെ, എപ്പോൾ, എവിടെവെച്ച് നിർവ്വഹിക്കണമെന്ന് വ്യക്തമായി നിർദേശിക്കപ്പെട്ട ആരാധനകളാണ് അനുഷ്ഠാനങ്ങൾ. അവ കൽപിക്കപ്പെട്ടതുപോലെ നിർവ്വഹിക്കുമ്പോൾ മാത്രമാണ് സ്വീകാര്യമായ ആരാധനയായിത്തീരുന്നത്. കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് സൽകർമ്മമാകുന്നത്‌ പോലെത്തന്നെ അനുഷ്ഠിക്കാതിരിക്കുന്നതും ചിലപ്പോൾ സൽകർമ്മമായിത്തീരും. ആർത്തവസന്ദർഭത്തിൽ നമസ്‌കരിക്കാനോ നോമ്പെടുക്കാനോ പാടില്ലെന്നാണ് സ്ത്രീകളോടുള്ള നിർദേശം. അനുഷ്ഠാനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് രജസ്വലകൾക്കുള്ള നന്മ. ചില സന്ദർഭങ്ങളിൽ നമസ്കാരം ചുരുക്കാനും രണ്ട് നമസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിക്കാനുമെല്ലാം ഉള്ള നിർദേശങ്ങളുമുണ്ട്. ഈ നിർദേശങ്ങൾ പാലിക്കേണ്ട സന്ദർഭങ്ങളിൽ അവ പാലിക്കുന്നതാണ് നന്മ. ആരോഗ്യമുള്ളയാൾ വെള്ളമുപയോഗിച്ച് വുദു ചെയ്യുന്നത് ആരാധനയാകുന്നത് പോലെത്തന്നെ രോഗി വെള്ളമുപയോഗിക്കാതെ ഭൂപ്രതലത്തിലടിച്ച് ശരീരഭാഗങ്ങൾ തടവുന്നതും ആരാധനയാണ്. പുരുഷന്മാർ പള്ളിയിൽ ഒരുമിച്ചുകൂടി സംഘടിതമായാണ് നിർബന്ധനമസ്‌കാരങ്ങൾ നിർവ്വഹിക്കേണ്ടത്. എന്നാൽ കാലാവസ്ഥ അപകടകരമായ രീതിയിൽ പ്രതികൂലമാകുമ്പോൾ പള്ളിയിലേക്ക് പോണ്ടതില്ലെന്നാണ് നിയമം.

സാംക്രമികരോഗങ്ങളുള്ളവരിൽ നിന്ന് മറ്റുള്ളവർ അകന്നു നിൽക്കണമെന്നത് പ്രവാചകൻ ﷺ പഠിപ്പിച്ച മതനിയമമാണ്. കാലാവസ്ഥ പ്രതികൂലമാകുന്നതിനേക്കാൾ വലിയ പ്രശ്നമാണ് അപകടകരമായ രോഗം പകരുകയെന്നത്. രോഗകാരികളായ വൈറസുകളെ വഹിക്കുന്നത് ആരൊക്കെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവാചകൻ ﷺ പഠിപ്പിച്ച വ്യക്തിപരമായ ക്വാറന്റൈനും സാമൂഹികമായ ക്വാറന്റൈനും പാലിക്കുന്നതിനായാണ് കുറച്ചുകാലത്തേക്ക് പള്ളികളിൽ വെച്ചുള്ള സമൂഹനമസ്കാരങ്ങൾ നിർത്തുവാൻ തീരുമാനിക്കുകയും വീടുകളിൽ വെച്ച് നമസ്കരിക്കാൻ വിശ്വാസികളോട് പണ്ഡിതന്മാർ ആവശ്യപ്പെടുകയും ചെയ്തത്. ഇവിടെ, ആരും ആരുടെയെങ്കിലും താല്പര്യത്തിനനുസരിച്ച് ആരാധനകൾ നിർത്തിവെക്കുകയോ അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. കൊറോണയെ പേടിച്ച് മതം ഒഴിവാക്കിയിട്ടുമില്ല. അപകടകരമായ രോഗസംക്രമണസാഹചര്യത്തിൽ എന്തുചെയ്യണമെന്ന മതനിർദേശം പ്രാവർത്തികമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മതത്തിലേക്ക് കൂടുതൽ അടുക്കുകയാണ്, മതത്തിൽ നിന്ന് പുറത്ത് പോവുകയല്ല പള്ളികളിൽ വെച്ചുള്ള സമൂഹനമസ്കാരം വേണ്ടെന്ന് വെച്ചപ്പോഴും വീട്ടിൽ നിന്ന് വീട്ടുകാരെല്ലാം ഒരുമിച്ചുചേർന്ന് നമസ്കരിച്ചപ്പോഴുമെല്ലാം മുസ്‌ലിംകൾ ചെയ്തത്. ഇത്തരം സന്നിഗ്‌ധ സന്ദർഭങ്ങളിൽ പോലും മതം തങ്ങൾക്ക് വഴി കാണിക്കുവാനുണ്ടെന്ന ബോധം വിശ്വാസികളെ മതത്തോട് കൂടുതൽ അടുപ്പിക്കുക മാത്രമേയുള്ളൂ.

‘ഭൂമി മുഴുവൻ പള്ളിയാണ്” എന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്. പള്ളിയിലെ സംഘടിതനമസ്കാരം നിർബന്ധിത സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെക്കുമ്പോൾ ചുറ്റുപാടുള്ള നൂറുക്കണക്കിന് വീടുകൾ പള്ളികളാവുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ച് പള്ളിയിൽ പോയിരുന്നവർ അതേ അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ചുകൊണ്ട് വീടുകളിൽ നിന്ന് നമസ്കരിക്കുന്നു. പള്ളികൾ പൂട്ടുകയെല്ല, സ്വന്തം വീടുകളിൽ നൂറുക്കണക്കിന് പള്ളികൾ തുറക്കുകയാണ് കൊറോണാകാലത്ത് വിശ്വാസികൾ ചെയ്തത്. മതവും ആരാധനകളുമൊന്നും മരിക്കുകയല്ല, കൂടുതൽ ശക്തമാവുകയാണ് ചെയ്തിരിക്കുന്നത്. അവിടെയെവിടെയും നാസ്തികർക്ക് സന്തോഷിക്കാൻ വകയൊന്നുമില്ല. പള്ളികളിലെ സംഘടിത നമസ്കാരം താൽക്കാലികമായി നിർത്തിയതിൽ നിന്ന് പള്ളികൾ ആവശ്യമില്ലാത്തതാണെന്നാണ് നാസ്തികരിൽ ചിലർക്ക് മനസ്സിലായത്!! അങ്ങനെ മനസ്സിലായവർക്ക് വിദ്യാലയങ്ങൾ പൂട്ടിയതിൽ നിന്ന് അവയും കോടതികൾ അടച്ചതിൽ നിന്ന് അവയും പാർലിമെന്റുകളും അസംബ്ലികളും തുറക്കാത്തതിൽ നിന്ന് അവയുമെല്ലാം അനാവശ്യമാണെന്നേ മനസ്സിലാവൂ. അങ്ങനെ മനസ്സിലാക്കുന്നതിനാണ് നാസ്തികയുക്തിയെന്ന് പറയുക!! അന്തമില്ലാത്ത ഇത്തരം വർത്തമാനങ്ങൾ പരസ്യമായി വിളിച്ച് പറയുന്നവരാണ് നാസ്തികവീക്ഷണത്തിലെ ബുദ്ധിജീവി !!!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.