കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -2

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -2
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -2
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -2

2. ക്രൂരനാണ് പരമകാരുണികൻ !!

പരമകാരുണികനാണത്രെ ദൈവം ! പിന്നെയെന്തിനാണ് കോവിഡിനെപ്പോലെയുള്ള രോഗങ്ങളിലൂടെ മനുഷ്യരെ പ്രയാസപ്പെടുത്തുന്നത്?!!

അല്ലാഹു റഹ്‌മാനാണ്. തീവ്രമായ കാരുണ്യം എല്ലായ്‌പ്പോഴും എല്ലാ സൃഷ്ടികളിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവൻ എന്നാണ് ‘റഹ്‌മാൻ’ എന്ന ദൈവനാമം അർത്ഥമാക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ തന്നെ കാരുണ്യത്തെ ഒരു ബാധ്യതയായി രേഖപ്പെടുത്തിയവനായാണ് ക്വുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. (6: 12) അല്ലാഹുവിൽ നിന്നുണ്ടാവുന്നതെല്ലാം കാരുണ്യമാണ് എന്നാണ് ഇതിനർത്ഥം. ‘എന്റെ കാരുണ്യം സകല വസ്തുക്കളെയും ചൂഴ്ന്നുനിൽക്കുന്നതാണ്’ (7: 156) എന്ന വചനം വ്യക്തമാക്കുന്നതും സകല സൃഷ്ടികളിലും അവന്റെ കാരുണ്യം നിലീനമാണെന്ന യാഥാർഥ്യമാണ്.

ഭൂമിയിലുള്ള എല്ലാറ്റിനെയും മനുഷ്യരുടെ നന്മയ്ക്ക് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ‘നിങ്ങൾക്കായി ഭൂമിയിലുള്ളതിനെയെല്ലാം പടച്ചത് അവനാണ്”(2: 29) എന്നാണ് ക്വുർആൻ പറയുന്നത്. വൈറസുകളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ നമുക്ക് ഇപ്പോഴും അറിയൂ. കണ്ടുപിടിച്ച കാലത്ത് വൈറസുകളെല്ലാം മനുഷ്യരുടെ ശത്രുക്കളാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഇന്ന് നമുക്കറിയാം അവ നമുക്ക് നൽകുന്ന ഉപകാരങ്ങൾ നിരവധിയാണെന്ന്. വൈറസുകൾ നമ്മുടെ ശത്രുക്കളാണെന്ന ധാരണ ശരിയല്ലെന്നും വൈറസുകൾ മാത്രമല്ല, അവയുണ്ടാക്കുന്ന രോഗങ്ങൾപോലും ചിലപ്പോഴെല്ലാം മനുഷ്യർക്ക് അനുഗ്രഹമാണെന്നുമുള്ള നിലപാടാണ് ഇപ്പോൾ ശാസ്ത്രജ്ഞർക്കുള്ളത്.

മാരകമായ അസുഖങ്ങളുണ്ടാക്കാൻ ശേഷിയുള്ള വൈറസുകളും ബാക്ടീരിയകളുമെല്ലാം ഓരോ നിമിഷവും നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. അവയും ശരീരവും തമ്മിലുള്ള സഹജീവനം(symbiosis) നിലനിൽക്കുന്നതിനാൽ അവ നമുക്ക് ഗുണകരമാണ്. ഈ സഹജീവനം തകരാറിലാകുന്നതുകൊണ്ടാണ് അവ ചിലപ്പോൾ രോഗകാരികളായിത്തീരുന്നത്. നമ്മുടെ ശരീരവും അതിന്നകത്തും പുറത്തുമായി നമ്മുടെ നന്മക്കുവേണ്ടിത്തന്നെ കുടിയിരുത്തപ്പെട്ടിട്ടുള്ള സൂക്ഷ്മജൈവലോകവും തമ്മിലുള്ള സഹജീവനത്തിന്റെ സംതുലനം(equillibrium) തകർക്കുന്നത് നമ്മുടെ തന്നെ ചെയ്തികളാണ്. അങ്ങനെ തകരുമ്പോഴാണ് അവ നമുക്ക് ദോഷകരമായിത്തീരുന്നത്. ചരിത്രത്തിലുണ്ടായ സാംക്രമികരോഗങ്ങളെക്കുറിച്ച പഠനങ്ങൾ അവയിൽ അധികത്തിന്റെയും പിന്നിൽ മനുഷ്യകരങ്ങളുടെ പ്രകൃതിയിലെ അധാർമികമായ ഇടപെടലുകളാണ് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ പലതിനും കാരണമായി ഭവിക്കുന്നത് മനുഷ്യരുടെ ചെയ്തികളാണെന്നാണ് ഇതിനർത്ഥം. ദുരിതങ്ങൾ സഹിച്ചവർക്ക് അതിനും ഉണ്ടാക്കിയവർക്ക് അതിനുമുള്ള പ്രതിഫലം നൽകാനുള്ള വേദിയില്ലായിരുന്നുവെങ്കിൽ സ്വാർത്ഥതക്ക് വേണ്ടി ദുരിതങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലായിരുന്നു. അത്തരമൊരു പ്രതിഫലവേദിയുണ്ടാക്കിക്കൊണ്ട് നീതി നിർവ്വഹിക്കുന്നവൻ എത്ര വലിയ കാരുണികനാണ്!!!

ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് അനുഭവപ്പെടുന്നത് ദുരിതമായിട്ടാണ് എന്നതിനാൽ മാത്രം അത് കാരുണ്യമല്ലാതായിത്തീരുന്നില്ല; ഓരോരുത്തർക്കും വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് തന്നെ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സാംക്രമികരോഗങ്ങളുടെയും ദുരിതങ്ങളുടെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. സ്വന്തത്തിനും മറ്റുള്ളവർക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ.

ദൈവത്തിലോ മരണാന്തരജീവിതത്തിലോ വിശ്വാസമില്ലാത്ത നാസ്തികർ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെ കാണുന്നത് പ്രകൃതിയുടെ വികൃതി മാത്രമായാണ്. അങ്ങനെ വികൃതി കളിച്ചുകൊണ്ട് മനുഷ്യരെ ദുരിതത്തിലാക്കുന്ന ബുദ്ധിയോ വിവേകമോ ഇല്ലാത്ത പ്രകൃതിയെ പഴിക്കുക മാത്രമാണ് അവരുടെ മുന്നിലുള്ള മാർഗം. തങ്ങളുടെ സ്വാർത്ഥതകൾക്കും ആസ്വാദനത്തിനും വേണ്ടി മാത്രമായി പ്രകൃതിയിൽ ദുരിതങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തങ്ങളിലേർപ്പെടുന്നവരോട് അരുത് എന്ന് പറയാൻ അവർക്ക് ന്യായമൊന്നുമില്ല. ജീവിതത്തെ പരമാവധി ആസ്വദിക്കുകയെന്ന നാസ്തികതത്ത്വത്തിന്റെ വീക്ഷണത്തിൽ നോക്കുമ്പോൾ അവർ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അത് മൂലം പ്രകൃതി ചിലർക്ക് നൽകുന്ന ദുരിതങ്ങൾ സഹിക്കുക മാത്രമേ ദുരിതങ്ങൾ പേറുന്നവർക്ക് നിർവ്വാഹമുള്ളൂ. പ്രയാസങ്ങളെ പഴിച്ച് നിസ്സഹായനും ആശയറ്റവനും മാത്രമായി പ്രകൃതിക്ക് കീഴ്പ്പെടാൻ വിധിക്കപ്പെട്ട നിർഭാഗ്യവാനാണ് ദുരിതമനുഭവിക്കുന്ന നാസ്തികൻ!! പരമകാരുണികനിൽ വിശ്വസിക്കുന്നവന്റെ സ്ഥിതിയതല്ല. അവനും നാസ്തികനെപ്പോലെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടാവാം. പക്ഷെ, അവന്റെ മനസ്സ് ശാന്തമാണ്. പരമകാരുണികന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് താൻ അനുഭവിക്കുന്നതെന്ന ബോധം വേദനകൾക്കിടയിലും അയാൾക്ക് സംതൃപ്തി നൽകുന്നു. താൻ അനുഭവിക്കുന്ന ദുരിതങ്ങൾ പോലും ആത്യന്തികമായി നന്മയാണെന്ന അറിവ് അയാളെ നിരാശയിൽ നിന്ന് കരകയറ്റുന്നു. അവയിലെ നന്മ ഇവിടെ വെച്ച് തനിക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിലും മരണാന്തരം വലിയ അനുഗ്രഹങ്ങളായി തിരിച്ച് ലഭിക്കുമെന്ന പ്രതീക്ഷ അവന് സമാധാനം നൽകുന്നു. ഒരേ പ്രയാസങ്ങൾ; പരമകാരുണികനിൽ വിശ്വസിക്കുന്നവൻ അത് അനുഭവിക്കുന്നത് ശരീരത്തിൽ മാത്രമാണ്; നാസ്തികനാകട്ടെ, അയാൾക്ക് ശരീരത്തിൽ ദുരിതം; മനസ്സിൽ ദുരിതം; ആത്മാവിൽ ദുരിതം. ദുരിതമനുഭവിക്കുന്നവർക്ക് ദുരിതങ്ങൾ മാത്രം നൽകുന്ന ദുരിതമാണ് നാസ്തികത എന്ന് പറയുന്നത് അത് കൊണ്ടാണ്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.