‘കോപം’ ദൈവത്തിനു ചേരുമോ?

//‘കോപം’ ദൈവത്തിനു ചേരുമോ?
//‘കോപം’ ദൈവത്തിനു ചേരുമോ?
ആനുകാലികം

‘കോപം’ ദൈവത്തിനു ചേരുമോ?

Print Now
വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോള്‍ അവനില്‍ ‘കോപം’ എന്ന വിശേഷണം നിലനില്‍ക്കുന്നതായി കാണാനാകും. കോപമെന്നത് ഒരു അധമവികാരമായിരിക്കെ അതു ദൈവത്തിനുമേല്‍ ആരോപിക്കുന്നത് ദൈവിക മഹത്വത്തിനെതിരാവില്ലേ.?

ഗൊദ്വബ് (الغضب) കോപം, സഖത്ത് (السخط) ക്രോധം എന്നിവ അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പെട്ടതാണെന്ന് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അല്ലാഹു തന്നെയാണ് ആ വിശേഷണങ്ങള്‍ അവനിലുണ്ട് എന്ന് പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അവയെ നിഷേധിക്കുവാന്‍ ഒരു വിശ്വാസിക്കു പാടുള്ളതല്ല. വിശുദ്ധ ക്വുര്‍ആനിലും ഹദീഥുകളിലും അല്ലാഹുവിനുണ്ട് എന്ന് സ്ഥാപിക്കുന്ന വിശേഷണങ്ങളെ (അസ്സിഫാത്തുസ്സുബൂത്തിയ്യഃ) നാം മനസ്സിലാക്കുന്നിടത്ത് അബദ്ധം സംഭവിക്കുമ്പോഴാണ് ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട തരം സംശയങ്ങള്‍ ഉടലെടുക്കുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങളെപറ്റി പഠിക്കുമ്പോള്‍ പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട പരമപ്രധാനമായ കാര്യം, അവയെ ഒരിക്കലും  സൃഷ്ടികളുടെ വിശേഷണങ്ങള്‍ക്കു സമാനമായി കാണരുതെന്നതാണ്. മറിച്ച് അല്ലാഹുവിന്റെ മഹത്വത്തിനും പരിശുദ്ധിക്കും യോജിച്ച വിധം പരിപൂര്‍ണ്ണമായ വിശേഷണങ്ങളായാണ് അവയെ ഉള്‍ക്കൊള്ളേണ്ടത്. സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ സത്തയില്‍ വ്യത്യസ്തമാണ് എന്നത് സര്‍വാംഗീകൃതമായ അറിവാണ്. ഇത് സ്രഷ്ടാവിന്റെ വിശേഷണങ്ങളെയും സൃഷ്ടികളുടേതില്‍ നിന്നും വ്യത്യസ്തമാക്കുന്നതിനെ നിര്‍ബന്ധമാക്കുന്നു. സ്രഷ്ടാവിനെ പറ്റി പരിപൂര്‍ണ്ണമായും ഗ്രഹിക്കാന്‍ നമുക്കു സാധ്യമല്ല. അല്ലാഹു പറയുന്നു:

”അവന് സമാനമായി ഒന്നും തന്നെയില്ല” (ക്വുര്‍ആന്‍ 42:11)
”അവന് തുല്യനായി ആരും തന്നെയില്ല” (ക്വുര്‍ആന്‍ 112: 4)
”അപ്പോള്‍  സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെ പോലെയാണ്? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്.” (ക്വുര്‍ആന്‍ 16:17)

മരണം, മറവി, അജ്ഞത, ദുര്‍ബലത, അന്ധത, ബധിരത തുടങ്ങിയ കുറവുകള്‍ മാത്രം കുറിക്കുന്ന, യാതൊരു പൂര്‍ണതയുമില്ലാത്ത വിശേഷണങ്ങള്‍ അല്ലാഹുവിനുണ്ടാവില്ല. കാരണം നിരുപാധികം നിന്ദ്യതയുടെ വിശേഷണങ്ങള്‍ സ്രഷ്ടാവിലേക്ക് ചേര്‍ക്കപ്പെടില്ല. എന്നാല്‍ ‘കോപം’ എന്നത് അപ്രകാരം നിരുപാധികം നിന്ദ്യതയുടെയോ അധമത്വത്തിന്റെയോ വിശേഷണമാണോ?. കോപം സൃഷ്ടികളുടെ വിശേഷണമാകുമ്പോള്‍ പലപ്പോഴും അത് അധമ വികാരമായിരിക്കും. കാരണം അത് അനീതിയും അക്രമവും അവിവേകവും കൊണ്ടുവരുന്ന ഒന്നായിരിക്കും. അതുകൊണ്ടാണ് കോപമെന്നത് സൃഷ്ടികളില്‍ അധമ വികാരമായി തീരുന്നത്. എന്നാല്‍ സ്രഷ്ടാവിന്റെ ‘കോപ’മെന്നത് നീതിയെയോ വിവേകത്തെയോ അതിജയിക്കുന്ന ഒന്നല്ല. സൃഷ്ടികോപവുമായി സ്രഷ്ടാവിന്റെ ‘കോപ’ത്തെ സാമ്യപ്പെടുത്തുകയോ ഉപമിക്കുകയോ ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് അതുകൊണ്ടാണ്. കോപം സൃഷ്ടികളോട് ചേരുമ്പോള്‍ അത് അപൂര്‍ണ്ണതയെയും നിന്ദ്യതയെയും കുറിക്കുമ്പോള്‍, സ്രഷ്ടാവിനോട് അത് ചേരുമ്പോള്‍ പൂര്‍ണതയെയും പുകഴ്ചയെയും സൂചിപ്പിക്കുന്നതായി മാറുന്നു. ഇത് എങ്ങനെയെന്നത് പരിപൂര്‍ണ്ണമായി മനുഷ്യന് വിഭാവനം ചെയ്യാന്‍ സാധ്യമല്ല. കാരണം സ്രഷ്ടാവിന്റെ സത്തയെ പറ്റി നമുക്ക് പരിപൂര്‍ണ്ണമായി അറിയില്ല; അറിയാന്‍ സാധ്യവുമല്ല. അപ്പോള്‍ പിന്നെ അവന്റെ സത്താപരമായ വിശേഷണങ്ങളെപ്പറ്റിയും പരിപൂര്‍ണ്ണമായി ഗ്രഹിക്കുവാനും സാധ്യമല്ല. അതുകൊണ്ടാണ് അല്ലാഹുവും റസൂലും അല്ലാഹുവിനുണ്ട് എന്നു പഠിപ്പിച്ച വിശേഷണങ്ങളെയും അവനു മേല്‍ നിഷേധിക്കപ്പെട്ട വിശേഷണങ്ങളെയും (അസ്സിഫാത്തുസല്‍ബിയ്യഃ) അതുപോലെ അംഗീകരിച്ചു വിശ്വസിക്കുക എന്ന നിലപാടു മാത്രമാണ് സന്മാര്‍ഗ്ഗ പ്രാപ്തമെന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത്.

അല്ലാഹുവിന്റെ വിശേഷണങ്ങളെ രണ്ട് ഇനങ്ങളായി വിഭജിക്കപ്പെടുന്നു. ഒന്ന്, സ്ഥാപിത വിശേഷണങ്ങള്‍ (അസ്സ്വിഫാത്തുസ്സൂബുത്തിയ്യഃ). രണ്ട്, നിഷേധ രൂപത്തിലുള്ള വിശേഷണങ്ങള്‍ (അസ്സിഫാത്തുസല്‍ബിയ്യഃ). അല്ലാഹുവും റസൂലും അല്ലാഹുവിനെ തൊട്ട് നിഷേധിച്ച വിശേഷണങ്ങളാണ് നിഷേധ രൂപത്തിലുള്ള വിശേഷണങ്ങള്‍. അവയെല്ലാം തന്നെ കുറവുകള്‍ അടങ്ങിയ വിശേഷണങ്ങളാണ്. മരണം, ഉറക്കം, അജ്ഞത, മറവി, ദുര്‍ബലത, ക്ഷീണം തുടങ്ങിയ വിശേഷണങ്ങള്‍ അല്ലാഹുവിന് ഉണ്ടാവുകയില്ലെന്ന് ക്വൂര്‍ആനും ഹദീഥുകളും വ്യക്തമാക്കിയവയാണ്. അതുകൊണ്ടു തന്നെ പ്രസ്തുത വിശേഷണങ്ങളെ നിഷേധിക്കുന്നതോടൊപ്പം വിപരീത ആശയത്തെ സ്ഥാപിക്കുക കൂടി വേണം. കാരണം അല്ലാഹുവിന് ഒരു വിശേഷണത്തെ നിഷേധിക്കുക എന്നതിനര്‍ത്ഥം അതിനെതിരായ മറ്റൊരു വിശേഷണം അവനില്‍ ഉള്ളതിനാലാണ്; അല്ലാതെ നിഷേധിക്കപ്പെട്ട വിശേഷണം ഇല്ലാത്തതുകൊണ്ടു മാത്രമല്ല.

സ്ഥാപിത വിശേഷണങ്ങള്‍ അഥവാ അല്ലാഹുവും റസൂലും ‘അല്ലാഹുവിനുണ്ട്’ എന്ന് സ്ഥാപിച്ച വിശേഷണങ്ങളെ രണ്ടായി വിഭജിക്കപ്പെടുന്നു. ഒന്ന്, സത്താപരമായ വിശേഷണങ്ങള്‍ (അസ്സിഫാത്തുദാത്തിയ്യ). രണ്ട്, കര്‍മപരമായ വിശേഷണങ്ങള്‍ (അസ്സിഫാത്തുല്‍ ഫിഅ്‌ലിയ്യാ). അല്ലാഹുവിനുഉള്ളതും എന്നെന്നും ഉണ്ടായിരിക്കുന്നതും ഒരു സമയത്തും നീങ്ങിപോകാത്തതുമായ വിശേഷണങ്ങളാണ് സത്താപരമായ വിശേഷണങ്ങള്‍. അറിവ്, കഴിവ്, യുക്തി, പ്രതാപം, ഉന്നതി തുടങ്ങിയവ ഉദാഹരണം.

കര്‍മപരമായ വിശേഷണങ്ങള്‍ എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ ഇച്ഛയുമായി ബന്ധപ്പെട്ടവയാണ്. അഥവാ അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവ ഉണ്ടാവുന്നു. ഇച്ഛിക്കാത്തപ്പോള്‍ ഉണ്ടാവുകയുമില്ല. അല്ലാഹുവിന്റെ ഇച്ഛയുമായി ബന്ധപ്പെട്ട എല്ലാ വിശേഷണങ്ങളും അവന്റെ യുക്തിയുടെ അനുബന്ധമായി വരുന്നതാണ്. ചിലപ്പോള്‍ അതിന് പിറകിലെ യുക്തി അറിയപ്പെട്ടതായിരിക്കും. ചിലപ്പോള്‍ അത് ഗ്രഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരു യുക്തിയുമില്ലാതെ അല്ലാഹു ഒന്ന് ഇച്ഛിക്കുകയില്ല.

‘കോപ’മെന്നത് അല്ലാഹുവിന്റെ കര്‍മപരമായ വിശേഷണങ്ങളിലാണ് ഉള്‍പ്പെടുന്നത്. അവന്‍ ഇച്ഛിക്കുമ്പോള്‍ അതുണ്ടാവുന്നു. അവന്‍ ഇച്ഛിക്കാത്തപ്പോള്‍ അതുണ്ടാവുന്നില്ല. സൃഷ്ടികളുടെ കോപത്തിന് സമാനമായി അതിനെ മനസ്സിലാക്കിക്കൂടാ. അല്ലാഹുവിന്റെ മഹത്വത്തിനും പരിശുദ്ധിക്കും യോജിച്ച വിധത്തില്‍, അപൂര്‍ണ്ണതകളില്ലാതെ – നിന്ദ്യത കടന്നുവരാതെ – അല്ലാഹുവിന്റെ യുക്തിക്കും നീതിക്കും അനുസൃതമായി  അതിനെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അങ്ങനെ ചെയ്യാതെ സൃഷ്ടികോപവുമായി അതിനെ സാമ്യപ്പെടുത്തി വിഭാവനം ചെയ്യുമ്പോഴാണ്, ദൈവത്തിനു ചേരാത്ത അധമ ‘വികാര’മായി ‘ കോപ’ത്തെ വിലയിരുത്തേണ്ടി വരുന്നത്. അബദ്ധം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവകോപത്തെ സൃഷ്ടികോപവുമായി സാമ്യപ്പെടുത്തി വിലയിരുത്തുന്ന തെറ്റായ പ്രവണതയില്‍ നിന്നാണെന്നര്‍ത്ഥം.

ദൈവകോപവും സന്മാര്‍ഗ്ഗിക ജീവിതവും

മനുഷ്യന്‍ പ്രകൃത്യാ തെറ്റുകള്‍ പ്രവര്‍ത്തിക്കുവാനും ആസ്വദിക്കുവാനും തീവ്രമായ തൃഷ്ണയുള്ളവനാണ്. സാന്മാര്‍ഗ്ഗിക ജീവിതത്തെ ഉല്ലംഘിക്കാതിരിക്കാന്‍ അവന് ശക്തമായ പ്രചോദനം ആവശ്യമാണ്. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പ്രബലമായ അതിര്‍ത്തികള്‍ മാനവ ജീവിതത്തെ വലയം ചെയ്തു നിലകൊള്ളുന്നത് അതുകൊണ്ടാണ്. മതങ്ങളും ആത്മീയദര്‍ശനങ്ങളും ദൈവകോപത്തെ മനുഷ്യനു പരിചയപ്പെടുത്തുന്നത് അവനിലെ തിന്മ ചെയ്യാനുള്ള ഈ തൃഷ്ണയെ തിരിച്ചറിയുന്നതു കൊണ്ടാണ്. ഒട്ടുമിക്ക മതങ്ങളും ആത്മീയ ദര്‍ശനങ്ങളും ദൈവകോപത്തെ മനുഷ്യനെ അറിയിക്കുന്നുണ്ട്. ഭാരതീയ ദര്‍ശനങ്ങളില്‍ കാണുന്ന ‘നരകം’ എന്ന അറിവ് ദൈവകോപത്തെയാണ് സൂചിപ്പിക്കുന്നത്. സനാതന ധര്‍മ്മ പ്രകാരം ‘കോപ’മെന്നത് ദൈവത്തിനു ചേരാത്ത അസൂരിയ വികാരമാണെന്ന കാഴ്ചപ്പാട് തീര്‍ത്തും ശരിയല്ല. ഭാരതീയ ദര്‍ശനങ്ങളില്‍, വിശേഷിച്ചും മീമാംസാ – വേദാന്ത ദര്‍ശനങ്ങള്‍ ദൈവകോപത്തിന്റെ മൂര്‍ത്തിമത്ത് ഭാവമായി നരകലോകത്തെ പരിചയപ്പെടുത്തുന്നതു കാണാം. സജ്ജനങ്ങളെ രക്ഷിക്കാനും ദുഷ്ടന്‍മാരെ ശിക്ഷിക്കാനും അതിലൂടെ ധര്‍മ്മം സംസ്ഥാപിക്കാനും യുഗങ്ങള്‍ തോറും ദൈവം അവതരിക്കുമെന്ന ഹൈന്ദവ അവതാര സങ്കല്പവും ദൈവത്തിനു ‘കോപ’മെന്ന വിശേഷണത്തെ അടയാളപ്പെടുത്തുന്നുണ്ട്. പുനഃര്‍ജന്മ വിശ്വാസമെടുത്താലും അവിടെയും ഒരു ‘ദൈവകോപ’ത്തിന്റെ സാധ്യതകളെ തള്ളിക്കളയാനാകില്ല.

ബൈബിള്‍ പരിശോധിച്ചാല്‍ നിഷേധിക്കാനാവാത്ത വിധം ‘ദൈവകോപം’ പ്രകടമാണ്. ദൈവകോപത്തിനു പാത്രമായ മനുഷ്യരുടെയും സമൂഹങ്ങളുടെയും പരാമര്‍ശങ്ങള്‍ ബൈബിളില്‍ പാരാവാരം കണക്കെ പരന്നു കിടക്കുകയാണ്. ദൈവകോപം ക്ഷണിച്ചു വരുത്തുന്ന തിന്മകളെപ്പറ്റിയുള്ള താക്കീതുകള്‍ കൊണ്ട് സമൃദ്ധമാണ് ബൈബിള്‍ പുസ്തകങ്ങള്‍. മരണാനന്തര ജീവിതത്തിലെ ദൈവകോപത്തിന്റെ മൂര്‍ത്തിമത്ത് ഭാവമായ ‘നരക’ത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളും അതു പഠിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ദൈവത്തെ അറിയിക്കുന്ന ഏതാണ്ടെല്ലാ മതങ്ങളും ആത്മീയ ദര്‍ശനങ്ങളും ദൈവത്തിന്റെ ‘കോപ’മെന്ന വിശേഷണത്തെ ചെറുതും വലുതുമായ രൂപത്തില്‍ പഠിപ്പിക്കുന്നുണ്ടെന്നര്‍ത്ഥം.

ദൈവകോപത്തെ പറ്റി മനുഷ്യനെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ശതകണക്കിന് സൂക്തങ്ങള്‍ തന്നെ ഇതിനായി ക്വുര്‍ആന്‍ ചെലവഴിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഹദീഥുകളും ദൈവകോപത്തെ മനുഷ്യനെ ഇടതടവില്ലാതെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണിത്? നാം മുമ്പു സൂചിപ്പിച്ചതു പോലെ മനുഷ്യനെ സന്മാര്‍ഗ്ഗ ജീവിതത്തിലൂടെ വഴി നടത്താന്‍ ദൈവകോപമെന്ന പ്രചോദനത്തേക്കാള്‍ ശക്തമായ മറ്റൊരു മാര്‍ഗവും ഇല്ല എന്നതാണതിനു കാരണം. തിന്മ പ്രവര്‍ത്തിക്കുവാനുള്ള അതിശക്തമായ ഉള്‍വിളിയെയും തീവ്രമായ തൃഷ്ണയെയും മെരുക്കിയെടുക്കാന്‍ ദൈവകോപത്തെ പറ്റിയുള്ള സ്മരണകള്‍ കൊണ്ടല്ലാതെ മനുഷ്യനു സാധ്യമല്ല തന്നെ. പിടിക്കപ്പെടുമെന്നോ അറിയപ്പെടുമെന്നോ ഭയമില്ലെങ്കില്‍ രാഷ്ട്രവും സമൂഹവും ഒരുക്കിയ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ മനുഷ്യന്‍ തയ്യാറാകും. എന്നാല്‍ തന്റെ ജീവിതത്തിലെ രഹസ്യവും പരസ്യവും ഒരുപോലെ അറിയുന്ന, തനിക്ക് ഒന്നും ഒളിപ്പിച്ചുവെക്കുവാനും മറച്ചു പിടിക്കുവാനും സാധ്യമല്ലാത്ത, തന്റെ വര്‍ത്തനങ്ങളും കര്‍മ്മങ്ങളും തന്നേക്കാള്‍ നന്നായി അറിയുന്ന നാഥനെ പറ്റിയുള്ള ബോധവും ബോധ്യവും മനുഷ്യനെ തെറ്റുകളില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നു. കര്‍മ്മങ്ങള്‍ക്കു കണക്കു നോക്കുന്ന, വര്‍ത്തനങ്ങളെ വിചാരണ ചെയ്യുന്ന, അതികഠിനമായി ശിക്ഷിക്കുന്ന രക്ഷിതാവിനെ പറ്റിയുള്ള ഓര്‍മ്മയേക്കാള്‍ വലുതായ മറ്റെന്തു പ്രചോദനമാണ് മനുഷ്യനെ സാന്മാര്‍ഗ്ഗിക ജീവിതത്തില്‍ ഇടറാതെ വഴി നടത്താനുള്ളത്.

അതുകൊണ്ടു തന്നെ ദൈവകോപത്തെപ്പറ്റിയുള്ള ബോധം മനുഷ്യന് ഒരിക്കലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഓര്‍മ്മയായിരിക്കണം. അതു മാത്രമാണ് അവന്റെ തൃഷ്ണകള്‍ക്കു മൂക്കുകയറിടാനുള്ള ഏറ്റവും ബലമുള്ള കയര്‍. ദൈവകോപത്തെ പറ്റിയുള്ള സ്മരണ ഈടുറ്റ സാന്മാര്‍ഗ്ഗിക ജീവിതത്തിലേക്കും അതു മൂലം സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതാന്തരീക്ഷത്തിലേക്കു വഴി നടക്കാനും മനുഷ്യനു സാധ്യമാകുന്നു. അങ്ങനെ മരണാന്തര ജീവിതത്തില്‍ പരിപൂര്‍ണ്ണമായ സമാധാനവും സംതൃപ്തിയും നിറഞ്ഞ ജീവിതം അവനു ലഭിക്കുന്നു. അപ്പോള്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവകോപത്തെ പറ്റിയുള്ള ഭയം മനുഷ്യനെ സമാധാനമുള്ള ഒരു ജീവിതത്തിലേക്ക് ആനയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

ദൈവകോപം മനുഷ്യന് പ്രതീക്ഷയുമാകുന്നു

ദൈവകോപം എപ്പോഴും മനുഷ്യനില്‍ ഭയം ജനിപ്പിക്കുന്ന ഒന്നു മാത്രമല്ല, ചിലപ്പോഴൊക്കെ അതു മനുഷ്യനില്‍ പ്രതീക്ഷയുമാകാറുണ്ട്. നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും ഇരയാകുമ്പോള്‍ അക്രമികള്‍ക്കുമേല്‍ മനുഷ്യന്‍ ദൈവകോപത്തെ ഒരു പ്രതീക്ഷയായി കാണാറുണ്ട്. ‘ദൈവം ഇതിനു പകരം ചോദിക്കും’, ‘ദൈവത്തിനു മുന്നില്‍ ഇതിനെല്ലാം കണക്കു പറയേണ്ടി വരും’, ‘ദൈവം ഇതെല്ലാം കാണുന്നുണ്ട്’ എന്നെല്ലാം തന്നെ പൊറുതിമുട്ടിക്കുന്നവരോട് മനുഷ്യന്‍ പറയുമ്പോള്‍ അവനറിയാതെ ദൈവകോപത്തില്‍ അവന്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അക്രമികളോട് കോപിക്കാത്ത ദൈവത്തില്‍ അക്രമിക്കപ്പെട്ടവന് പ്രതീക്ഷകളുണ്ടാവില്ല. അതിനാല്‍ ദൈവകോപത്തെ കേവലം ഭയം ജനിപ്പിക്കുന്ന ഒന്നു മാത്രമായി മനസ്സിലാക്കാതെ ശതകോടി പീഢിതര്‍ക്കു പ്രതീക്ഷ നല്‍കുന്ന ഒരു വിശേഷണമായി കൂടി അതിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം ദൈവം കോപിക്കുന്നത് അക്രമത്തിനും അക്രമികള്‍ക്കും മേലാണ്; അധര്‍മ്മത്തിനും അധര്‍മ്മികള്‍ക്കുമെതിരെയാണ്. അത് സന്മാര്‍ഗകാമികള്‍ക്ക് പ്രതീക്ഷയാണ്; പ്രത്യാശയാണ്. അപ്പോള്‍ ദൈവകോപമെന്നത് മനുഷ്യര്‍ക്ക് തൃഷ്ണകളെ നിയന്ത്രിക്കാന്‍ കരുത്തു നല്‍കുന്ന ശക്തമായ ഒരു ബോധവും പീഢിതര്‍ക്ക് പീഢകര്‍ക്കെതിരെയുള്ള പ്രതീക്ഷയുടെ ഒരു കിരണവുമാണ്. ഇനി നാം ആലോചിക്കുക ‘കോപം’ ദൈവത്തിന് ചേരുമോ?

കോപത്തെ അതിജയിച്ച കാരുണ്യം?

കോപമെന്ന വിശേഷണത്തെ ദൈവത്തോട് ചേര്‍ത്തു പറയുമ്പോള്‍ കാരുണ്യമെന്ന, കോപത്തെ അതിജയിച്ച ദൈവവിശേഷണത്തെപ്പറ്റി പരാമര്‍ശിക്കാതിരിക്കുവാന്‍ പാടില്ല. വിശുദ്ധ ക്വുര്‍ആന്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇവ രണ്ടും സമ്മിശ്രമായാണ് പരിചയപ്പെടുത്തുന്നതെന്നു കാണാനാകും. ക്വുര്‍ആനില്‍ എവിടെ അല്ലാഹു ശിക്ഷയെപ്പറ്റി പരാമര്‍ശിക്കുന്നുവോ അവിടെയെല്ലാം, അതിനു മുമ്പോ ശേഷമോ അവന്റെ കാരുണ്യത്തെയും വിട്ടുവീഴ്ച്ചയെയും പറ്റി അവന്‍ പരാമര്‍ശിക്കാതിരുന്നിട്ടില്ല. ദൈവകോപത്തെപ്പറ്റിയുള്ള ഭയം മനുഷ്യനെ നിരാശനാക്കരുതെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവന്റെ കാരുണ്യത്തിലും ആശ്വാസത്തിലും പ്രതീക്ഷകള്‍ ജനിപ്പിക്കുന്ന അനുസ്മരണങ്ങള്‍ മനുഷ്യന് അവന്‍ സമ്മാനിക്കുന്നത്. കോപത്തെ ഭയന്ന് കാരുണ്യത്തില്‍ പ്രതീക്ഷയില്ലാതെ ജീവിക്കുന്നവരെ അല്ലാഹു ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

”നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (ക്വുര്‍ആന്‍ 6: 54)

”അവന്‍ (അല്ലാഹു) പറഞ്ഞു. എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കുന്നു.” (ക്വുര്‍ആന്‍ 7: 56)

”എന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക. വഴിപിഴച്ചവരല്ലാതെ. (ക്വുര്‍ആന്‍ 15: 56)

”…അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല. തീര്‍ച്ച.” (ക്വുര്‍ആന്‍ 12: 87)

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (ക്വുര്‍ആന്‍ 39:53)

ദൈവകാരുണ്യമെന്നത് അവന്റെ കോപത്തെ അതിജയിച്ചതാണ്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ”അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ സിംഹാസനത്തിനു മുകളില്‍ അവന്റെ അടുത്തുള്ള അവന്റെ രേഖയില്‍ ഇങ്ങനെ എഴുതിവെച്ചു. നിശ്ചയം എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു.” (ബുഖാരി: 3194)

No comments yet.

Leave a comment

Your email address will not be published.