കൊറോണാകാലത്തെ നാസ്തികതമാശകൾ

//കൊറോണാകാലത്തെ നാസ്തികതമാശകൾ
//കൊറോണാകാലത്തെ നാസ്തികതമാശകൾ
ആനുകാലികം

കൊറോണാകാലത്തെ നാസ്തികതമാശകൾ

Print Now
“നാം നമ്മുടെ ശീലങ്ങളൊന്നും മാറ്റുകയില്ല; മിലാനെയും ഇറ്റലിയെയും നിർത്താൻ നമുക്കാവില്ല”(Let’s not lose our habits, we can’t stop Milan and Italy). ഇറ്റലിയിലെ ഭരണകക്ഷിനേതാവായ നിക്കോള സിങ്കറേറ്റിയുടേതാണ് ഈ വാക്കുകൾ. ചൈനയിൽ നിന്നെത്തിയ രണ്ട് പേരുടെയും അവരിൽ നിന്ന് പകർന്നുവെന്ന് കരുതപ്പെടുന്ന ഏതാനും പേരുടെയും കോവിഡ്19 സുഖപ്പെട്ട സന്തോഷത്തിൽ ട്വിറ്ററിൽ കുറിച്ച വരികൾ. ഒപ്പം തന്നെ കുടുംബസമേതം ഇരുന്ന് മദ്യപിക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്ത് സംഭവിച്ചാലും ഇറ്റലിക്കാർ അവരുടെ ശീലങ്ങൾ മാറ്റില്ലെന്ന അഹങ്കാരം. ഈ അഹങ്കാരമൊഴികൾ എഴുതി കൃത്യം ഒമ്പത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സിങ്കറേറ്റിക്കും രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇറ്റലിയിലെ മരണസംഖ്യ ചൈനയുടേതിനേക്കാൾ കൂടുകയും നിയന്ത്രിക്കാനാവാതെ രാഷ്ട്രനേതാക്കൾ പകച്ചുനിൽക്കുകയും ചെയ്യുമ്പോൾ നാം അറിയണം, ‘നാം നമ്മുടെ ശീലങ്ങളൊന്നും മാറ്റുകയില്ല’ എന്ന നാസ്തികതയുടെ അഹങ്കാരമാണ് ചുംബനസംസ്കാരത്തിന്റെ നാടായ ഇറ്റലിയെ ഈ അവസ്ഥയിലെത്തിച്ചതെന്ന്. ഞങ്ങൾക്ക് സുഖിക്കണം; അതിന്നായി മാത്രമുള്ളതാണ് ഈ ജീവിതമെന്ന ചിന്താഗതിയുടെ പരിണതി.

ഇതിപ്പോൾ എഴുതാൻ കാരണം മലയാളീനാസ്തികരുടെ സ്ഥിരം ഇസ്‌ലാം വിരോധം ഈ കൊറോണക്കാലത്തും സോഷ്യൽ മീഡിയയിലൂടെ പറപറക്കുന്നത് കണ്ടതുകൊണ്ടാണ്. സോപ്പ് കുമിളകൾക്ക് നശിപ്പിക്കാൻ കഴിയുന്ന നിസ്സാരനായ ഒരു വൈറസിന്റെ മുന്നിലാണ് ലോകപൊലീസാണ് തങ്ങളെന്ന് പറഞ്ഞിരുന്നവരടക്കം പകച്ചുനിൽക്കുന്നത്. എന്നിട്ടും നാസ്തികരുടെ അഹങ്കാരം അവസാനിക്കുന്നില്ല. അവർ ദൈവത്തിന്റെ കുറ്റം കണ്ട് പിടിക്കുന്ന തിരക്കിലാണ്; ഇസ്‌ലാമിനെ ട്രോളാൻ എന്തെങ്കിലും കിട്ടുമോയെന്ന ഗവേഷണത്തിലാണ്.

വിദേശത്തുനിന്നും മടങ്ങിവന്ന ഒരാൾ നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം ലങ്കിച്ചുകൊണ്ട് പള്ളിയിലും മറ്റുസ്ഥലങ്ങളിലും പോവുകയും ചെയ്തു എന്ന വാർത്തയാണ് യുക്തിവാദികളുടെ പുതിയ ആയുധം. എന്നാൽ, അബുദാബിയിൽ നിന്നും നേരെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി, മറ്റാരുമായും ഇടകലരാതെ നേരെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് പോയ മലപ്പുറം വേങ്ങര സ്വദേശിയെ ഇവർ കണ്ടുകൊണ്ട് കണ്ടില്ല എന്നങ്ങ് നടിക്കും. ഒരു മതവിശ്വാസി നല്ലത് ചെയ്യുമ്പോൾ അയാൾ വെറും മലപ്പുറംകാരനും, തെറ്റുചെയ്യുമ്പോൾ മതവിശ്വാസം തുളുമ്പുന്ന മുസ്‌ലിമുമായി മാറുകയും ചെയ്യുന്നത്രയും വഞ്ചനാപരമാണ്(Delusional) നാസ്തികരുടെ ചിന്താഗതി. പക്ഷെ ഇസ്‌ലാം ഇത്തരത്തിലുള്ള അയുക്തികരമായ, ന്യായരഹിതമായ വാദങ്ങളെ എക്കാലഘട്ടവും എതിർത്തിട്ടുണ്ട്. ഐപിസി 269 പ്രകാരം നിയന്ത്രണം ലങ്കിച്ചയാൾക്ക് ശിക്ഷ ലഭിക്കും. ഇളവ് കൊടുക്കണമെന്നോ, അദ്ദേഹത്തിനെ വിട്ടയക്കണമെന്നോ ഒന്നും മുസ്‌ലിം സംഘടനകൾ പറയില്ല. തെറ്റ് ഒരു മുസ്‌ലിം ചെയ്താലും തെറ്റാണ്, അമുസ്‌ലിം ചെയ്താലും തെറ്റാണ്. ശരി ഒരു മുസ്‌ലിം ചെയ്താലും ശരിയാണ്, അമുസ്‌ലിം ചെയ്താലും ശരിയാണ്. ഒരു മുസ്‌ലിം തെറ്റ് ചെയ്യുമ്പോൾ അതിനെ ന്യായീകരിക്കുന്നതിൻറെ പേരാണ് വർഗീയവാദം. “സ്വന്തക്കാരെ അന്യായത്തിൽ സഹായിക്കുന്നവൻ വർഗീയവാദിയാണ്” എന്ന് പ്രവാചകൻ ﷺ പഠിപ്പിച്ചതും, “…തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” എന്ന് വിശുദ്ധ ഖുർആൻ അടിവരയിട്ടുപറയുന്നതും ഇതുകൊണ്ടാണ്.

എന്നാലും പഴി ഇസ്‌ലാമിൻറെ അകൗണ്ടിലേക്കിടാനാണ് ചില യുക്തിവാദികളുടെ തിടുക്കം മുഴുവനും. നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച്, മാർച്ച് 8ന് തിരുവനന്തപുരത്തുവെച്ച് യുക്തിവാദികൾ നടത്തിയ പരിപാടിയെക്കുറിച്ച് ആരെങ്കിലും വിമർശിച്ചാൽ അവർ ശാസ്ത്രബോധമില്ലാത്ത വിവരം കെട്ടവരാകും. നവനാസ്തികരുടെ വീക്ഷണത്തിലുള്ള തീവ്രശാസ്ത്രബോധമുള്ളവരെല്ലാം പങ്കെടുത്ത പരിപാടി ചൂണ്ടിക്കാണിച്ച് യുക്തിവാദിസമ്മേളനങ്ങളിലൂടെയാണ് കൊറോണ പടരുന്നതെന്ന് പറയുന്നവരെ എന്താണ് വിളിക്കേണ്ടത്? ഈ പരിപാടിയുടെ പോസ്റ്ററിന് താഴെ വൃത്തികെട്ട കമെന്റുകൾ നൽകി നാസ്തികതയാണ് കൊറോണയുണ്ടാക്കുന്നതെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും!? യുക്തിവാദികൾ കൂട്ടംകൂടിയാൽ കൊറോണ വരില്ല! മതവിശ്വാസികൾ കൂടുന്നിടത്ത് മാത്രമേ കൊറോണയുണ്ടാവൂയെന്ന പുതിയ ശാസ്ത്രതത്ത്വമെങ്ങാനും ഡിസി ബുക്സിന്റെ പണിപ്പുരയിൽ തയ്യാറാവുന്നുണ്ടോ?

മക്കയും മദീനയും പ്രവേശന നിരോധനം ഏർപ്പെടുത്തിയത് കണ്ടിട്ട്, “അയ്യേ, നിങ്ങൾക്ക് പേടിയാണോ? ഒടുവിൽ ശാസ്ത്രത്തിൻറെ വഴിയേ നടന്നുതുടങ്ങിയല്ലേ?” എന്ന് പറയുന്ന നാസ്തികർ, പ്രവേശന നിരോധനം ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ “പ്രാകൃതമതക്കാർ ആണല്ലോ നിങ്ങൾ” എന്ന് പറഞ്ഞേനെ. എന്തിലും കുറ്റം കാണുന്ന മനോരോഗത്തിന്റെ പേരാണോ നാസ്തികതയെന്ന് തോന്നും ചില ട്രോളുകൾ കണ്ടാൽ. എന്നാൽ, “അയ്യോ, യുക്തിവാദികൾ എന്തുവിചാരിക്കും” എന്നുകരുതിയല്ല മുസ്‌ലിംങ്ങൾ ആരാധനാലയങ്ങൾ അടച്ചിടുന്നത്, വ്യക്തമായ മതവിധി അനുസരിച്ചുതന്നെയാണ്. “കുഷ്ഠരോഗത്തെപ്പോലെയുള്ള പകർച്ചവ്യാധികൾ ഉള്ളവരിൽ നിന്ന് അകന്നു നിൽക്കണമെന്നും “രോഗികളെയും ആരോഗ്യമുള്ളവരെയും കൂടിക്കലർത്തരുത്” എന്നുമുള്ള പാഠങ്ങൾ മുസ്‌ലിംകൾ പഠിച്ചത് എസ്സെൻസിന്റെ ശാസ്ത്രാഭാസക്ളാസുകളിൽ നിന്നല്ല; പ്രവാചകന്റെﷺ ഉപദേശങ്ങളിൽ നിന്നാണ്. “പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” എന്ന ക്വാറന്റൈൻ നിർദേശം ലോകം ആദ്യം കേട്ടത് മുഹമ്മദ് നബിയിൽﷺ നിന്നാണ്; വൈറസിനെയും ബാക്ടീരിയയെയും കുറിച്ച് ലോകം മനസ്സിലാക്കുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ്. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടെയും പ്രതിഫലേച്ഛയോട് കൂടിയും പ്ളേഗ് പടർന്ന് പിടിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്ന പ്രവാചകനിർദേശം പ്രാവർത്തികമാക്കുകയാണ് പള്ളിയിൽ പോകാതെ വീട്ടിലിരിക്കുന്ന മുസ്‌ലിംകൾ ചെയ്യുന്നത്. വെളിപാടുകളിലൂടെ മുസ്‌ലിംകൾ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മനസ്സിലാക്കിയത് മനസ്സിലാക്കാൻ നാസ്തികർക്ക് പ്രകാശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട, ഇസ്‌ലാമിക സുവർണകാലഘട്ടത്തിലെ ശാസ്‌ത്രജ്ഞനായ ഹസ്സൻ ബ്നുൽ ഹൈത്തം എഴുതിയ കിതാബ് അൽ മനാദ്വിറിൽ (Book of Optics) നിന്നും പാഠങ്ങളെടുത്ത് കണ്ടുപിടിച്ച മൈക്രോസ്കോപ്പ് വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നുവെന്നതാണ് സത്യം.

അഞ്ചുനേരമുള്ള നമസ്കാരം യാത്രക്കാരന് ചുരുക്കി നിർവഹിക്കാം. ഇത് ഗതാഗതവകുപ്പിൻറെ വെബ്‌സൈറ്റിൽ പറയുന്നതുകൊണ്ടല്ലല്ലോ മുസ്‌ലിംങ്ങൾ ഇങ്ങനെ ചെയ്യുന്നത്. മതം അനുവദിച്ചുകൊടുത്ത കാര്യമാണ് അത്. റമദാൻ മാസം ഒരു പ്രമേഹരോഗിക്ക് ഇൻസുലിൻ എടുത്തുകൊണ്ടുതന്നെ നോമ്പ് അനുഷ്ഠിക്കാം. എന്നാൽ നോമ്പ് അനുഷ്ഠിക്കാൻ തീരെ കഴിയാത്ത അസുഖബാധിതനാണെകിൽ, അദ്ദേഹത്തിന് നോമ്പ് ഒഴിവാക്കാം. ഇത് ആരോഗ്യവകുപ്പിൻറെ വെബ്‌സൈറ്റിൽ പറയുന്നതുകൊണ്ടല്ലല്ലോ. മതത്തിൽ അനുവദിക്കപ്പെട്ട ഇളവ് എന്നതുകൊണ്ടാണ് മുസ്‌ലിംങ്ങൾ ഇപ്രകാരം ചെയ്യുന്നത്. ഇതുപോലെ തന്നെ മോശം കാലാവസ്ഥയുള്ള സമയത്തും, ഒരു പകർച്ചവ്യാധിയോ മറ്റും പടരുമ്പോഴുമെല്ലാം വീട്ടിൽ തന്നെ നമസ്കരിക്കാം എന്നതും മതവിധി തന്നെയാണ്. ഇങ്ങനെത്തന്നെയാണ് ഇസ്‌ലാമിലെ മറ്റുകാര്യങ്ങളും. അടുത്തുവന്ന് സലാം പറഞ്ഞ് ആലിംഗനം ചെയ്യുന്നതും, ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതും പുണ്യകർമങ്ങളായി പഠിപ്പിക്കുന്ന ഇസ്‌ലാം, അനിവാര്യഘട്ടങ്ങളിൽ ഇത് വേണ്ടന്നുവെക്കുവാനും നിഷ്കർഷിച്ചിട്ടുണ്ട്. മദ്യവും പന്നിമാംസവും ഹറാം(നിഷിദ്ധം) ആണ്. എന്നാൽ ജീവൻ നിലനിർത്താൻ മറ്റൊന്നും കിട്ടിയില്ലെങ്കിൽ അത് ഹലാൽ(അനുവദനീയം) ആണ്. ഇതുകൊണ്ടൊക്കെയാവാം “മുഹമ്മദിന്റെ മതത്തെക്കുറിച്ച് കൂടുതൽ പഠിക്കുംതോറും അതിനെ ഉയർന്ന സ്ഥാനത്ത് നിർത്താനാണ് എനിക്ക് തോന്നുന്നത്. അത്ഭുതകരമായ അതിന്റെ ചൈതന്യം കൊണ്ടാണത്. നാളെയുടെ നവലോകസംവിധാനങ്ങളിലും, ഏറ്റവും പ്രായോഗികവും, പ്രാവർത്തികവുമായ ഒരു ആദർശമായി അത് തുടരും എന്നത് തീർച്ച. ഞാൻ അദ്ദേഹത്തെക്കുറിച്ച്(മുഹമ്മദ് നബി ﷺ) പഠിച്ചിട്ടുണ്ട്. അത്ഭുതകരമായ മനുഷ്യൻ. എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തെ ‘മനുഷ്യരാശിയുടെ രക്ഷകൻ’ എന്നുവേണം വിളിക്കാൻ” എന്ന് ജോർജ് ബെർണാഡ് ഷാ പറഞ്ഞുവെച്ചത്! ഇത്തരം കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും, മനപ്പൂർവം മറച്ചുവെക്കുകയും ചെയ്യുമ്പോൾ, യഥാർത്ഥത്തിൽ യുക്തിക്ക് വാതം പിടിച്ചവരെയാണോ യുക്തിവാദികൾ എന്ന് വിളിക്കുന്നതെന്ന് സംശയിച്ചുപോവുകയാണ്!

ശാസ്ത്രം തങ്ങളുടേതാണെന്നാണ് യുക്തിവാദികളുടെ ഉപബോധമനസ്സിലെങ്കിലുമുള്ള ചിന്ത. ഇതിലെ തമാശയെന്തെന്നാൽ, “ഒടുവിൽ നിങ്ങൾ ശാസ്ത്രത്തിൻറെ വഴിയേ നടന്നുതുടങ്ങിയല്ലേ?” എന്ന് പരിഹാസപൂര്‍വ്വം ചോദിക്കുന്ന നാസ്തികർ, അത് പറയാൻ ഉപയോഗിക്കുന്നതാവട്ടെ, ഒരു മുസ്‌ലിം ഗണിതശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്ൻ മൂസ അൽ ഖവാരിസ്മി കണ്ടുപിടിച്ച അൽഗോരിതം ഉപയോഗിച്ചുകൊണ്ടുമാത്രം പ്രവർത്തിക്കുന്ന സ്മാർട്ഫോണോ കമ്പ്യൂട്ടറോ ആണ്. എന്നാൽ, ശാസ്ത്രം ഞങ്ങളുടെ കുത്തകയാണെന്ന് ഒരു വിശ്വാസിയും അവകാശപ്പെടില്ല. ആദർശപരമായ വ്യത്യാസമുള്ളവരെ അടിക്കാനുള്ള വടിയല്ല, മറിച്ച്, മനുഷ്യനന്മക്കായി നിരീക്ഷണപരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനുള്ളതാണ് ശാസ്ത്രം എന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണത്. അൽ ഖവാരിസ്‌മിയെപ്പോലെയുള്ള സഹ്രാവിയും, ഇബ്ൻ സീനയും, അബുബക്കർ അൽ റാസിയും, താബിത് ഇബ്ൻ ഖുറായും ഉൾപ്പടെയുള്ള മറ്റ് മുസ്‌ലിം ശാസ്ത്രജ്ഞർ, ബാഗ്ദാദിലും, പേർഷ്യയിലും, കൊർഡോബയിലും ഇന്നും ജീവിച്ചിരിപ്പുണ്ടായിരുവെങ്കിൽ, ചരിത്രബോധമില്ലാത്ത നിരീശ്വരവാദികളെ, അവർ അർഹിക്കുന്ന അവജ്ഞയോടെ നോക്കി ഒരു ചെറുപുഞ്ചിരി മാത്രം നൽകിയേനെ!

11 Comments

 • യുക്തിവാദികളുടെ ഈ വിഷയത്തിലുള്ള ട്രോളുകളും പോസ്റ്റുകളും കാണുമ്പോൾ, സ്നേഹസംവാദത്തിൽ ഇത്തരമൊരു മറുപടി വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. വളരെ വ്യക്തമായ മറുപടി.. അൽഹംദുലില്ലാഹ്

  Umm Hafsa 28.03.2020
 • Couldn’t have said better!

  Aysha 28.03.2020
 • ഈ ലോകത്ത് മത പണ്ഡിതന്മാർക്ക് ഇക്കാലമത്രയും കുറവുണ്ടയിട്ടില്ല. പക്ഷെ മതത്തെ അറിയുന്നതു പോലല്ല ദൈവത്തെ അനുഭവമാക്കുന്നത്. ദൈവത്തെ അനുഭവമാക്കുന്നവർക്ക് തർക്കിക്കുവാൻ സമയമില്ല, അദ്ദേഹത്തെ ആവിഷ്കരിക്കുകയല്ലാതെ .

  സേവ്യർ 29.03.2020
  • ശരിയാണ്. പ്രത്യേകിച്ചും ചില പുരോഹിതന്മാർ.
   യേശു പഠിപ്പിച്ചത് “എന്റെ ദൈവമായ നമ്മുടെ കർത്താവ് ഏക ദൈവമാകുന്നു” Mark 12:29

   അതനുസരിച്ച് ശുദ്ധേകദൈവവിശ്വാസം പിൻപറ്റുക!

   Suhail Rasheed 30.03.2020
 • കൃത്യമായ മറുപടി. ലേഖകൻറെ കോണ്ടാക്ട് നൽകാമോ?

  Hamza Jaleel 30.03.2020
  • +91 9645160212

   Suhail Rasheed 30.03.2020
 • 💯💯

  Taslima 30.03.2020
 • ماشاء الله
  Good job

  Irshad 31.03.2020
 • MashaAllah
  Excellent response!!

  Jameel 08.04.2020
 • 👌👌💚💚

  Jaleel 12.04.2020
 • Good👌

  Jaleel 12.04.2020

Leave a Reply to Taslima Cancel Comment

Your email address will not be published.