കൊറോണയും വിശ്വാസിയുടെ നിലപാടുകളും

//കൊറോണയും വിശ്വാസിയുടെ നിലപാടുകളും
//കൊറോണയും വിശ്വാസിയുടെ നിലപാടുകളും
ആനുകാലികം

കൊറോണയും വിശ്വാസിയുടെ നിലപാടുകളും

Print Now
ലോകത്തെ മുഴുവൻ ജനങ്ങളും, ഭരണകൂടങ്ങളുമെല്ലാം, വലിയ ഭീതിയോടെ, ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് മുൻകരുതലിന്റേയും പ്രതിരോധത്തിന്റേയും മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ സാമ്പത്തിക വിദഗ്ധരും വ്യവസായികളും എന്നു വേണ്ട, സാധാരണക്കാരൻ പോലും മുഴുൻവൻ രാജ്യങ്ങളുടേയും സാമ്പത്തികമായ തകർച്ച മുന്നിൽ കണ്ട് ആകുലതപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഇത്രയും ഭീതിതമായ സാഹചര്യത്തിന് ലോകത്ത് കാരണമായിത്തീർന്നിരിക്കുന്നത് അതീവ സൂക്ഷ്മമായ ഒരു ഏക കോശ ജീവിയാണ്.

അതെ, നാനോ മൈക്രോസ്കോപ്പുകളുടെ സഹായത്തോടെ മാത്രം മനുഷ്യർക്ക് കാണുവാൻ സാധിക്കുന്ന ഒരു വൈറസ് മുഖേന മനുഷ്യ ലോകം അതി ഗുരുതരമായ ഒരു മഹാമാരിക്ക് മുമ്പിൽ പകച്ചു നിൽക്കുകയാണ്. ഇതെഴുതുമ്പോഴേക്ക്, ഭൂമുഖത്ത്, മനുഷ്യവാസമുള്ള, മുഴുവൻ രാജ്യങ്ങളിലുമായി നാലര ലക്ഷത്തോളം പേരെ കൊറോണ വൈറസ് ബാധ അഥവാ കോവിഡ് 19 എന്ന രോഗം ബാധിച്ചു കഴിഞ്ഞു. ഇതുവരെയും ചികിത്സ കണ്ടെത്താനാകാതെ ഇരുപതിനായിരത്തിനു മുകളിൽ മനുഷ്യർ വിവിധ രാജ്യങ്ങളിലായി മരണത്തിന് കീഴടങ്ങി കഴിഞ്ഞു.

ഈയൊരു പശ്ചാത്തലത്തിൽ മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ വിശ്വാസി സമൂഹം എങ്ങനെ ഈ ഒരു വിപത്തിനെ വായിച്ചെടുക്കുന്നു, എന്തെല്ലാം നിലപാടുകൾ സ്വീകരിക്കുന്നു എന്നതെല്ലാം പ്രസക്തമാണ്.
അത്തരത്തിൽ വിശ്വാസികൾ കൈമുതലാക്കേണ്ട നിലപാടുകളെ വളരെ ലളിതമായി എണ്ണി പറയുകയാണ് താഴെ:-

ഒന്നാമതായി: ദൃശ്യവും അദൃശ്യവുമായ ഈ പ്രപഞ്ചത്തിന്റേയും അതിലെ സർവ്വ ചരാചരങ്ങളുടേയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും ഏകനും നാമ ഗുണ വിശേഷങ്ങളിൽ അദ്യുതീയനുമായ അല്ലാഹു മാത്രമാണ്. ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതെന്തും അല്ലാഹുവിന്റെ മുൻ നിർണ്ണയത്തിന്റേയും ഉദ്ധേശത്തിന്റേയും അടിസ്ഥാനത്തിൽ മാത്രമാണ്. അല്ലാഹു ഉദ്ദേശിച്ചത് എന്തോ അതുണ്ടാവും, അവൻ ഉദ്ധേശിക്കാത്തത് എന്തോ അതുണ്ടാവുകയുമില്ല. ഇത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്.

അല്ലാഹു പറയുന്നു:

إنا كل شيء خلقناه بقدر (سورة القمر: ٤٩)

“തീർച്ചയായും, ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു നിർണ്ണിതമായ വ്യവസ്ഥ പ്രകാരമാണ്” (സൂറ അൽ ഖമർ: 49)

قل لن يصيبنا إلا كتب الله لنا هو مولانا وعلى الله فليتوكل المؤمنون. (سورة التوبة: ٥١)

“പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്.” ( സൂറ: തൗബ: 51)
നബി(സ) പറഞ്ഞു:

“إن الله كتب مقادير الخلائق قبل أن يخلق السماوات والأرض بخمسين ألف سنة” (مسلم: ٢٦٥٤)

ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുന്പ് സൃഷ്ടികളുടെ നിർണ്ണിതമായ അളവും തോതും അല്ലാഹു രേഖപ്പെടുത്തി വെച്ചു.”( സ്വഹീഹ് മുസ്‌ലിം: 2654)

അതുകൊണ്ട് തന്നെ, നമ്മെ ബാധിക്കുന്ന എല്ലാ നന്മകളും തിന്മകളും അല്ലാഹുവിന്റെ മുൻ നിർണ്ണയത്തിന് വിധേയമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു മുസ്‌ലിം ഇത്തരം പ്രയാസങ്ങളിൽ തളരില്ല.

രണ്ടാമതായി: ഈ പകർച്ചവ്യാധികൾക്ക് കാരണമായ വൈറുസുകളും അതുപോലെയുള്ള മറ്റു പരീക്ഷണങ്ങളും അല്ലാഹുവിന്റെ സൈന്യങ്ങളും സന്നാഹങ്ങളും തന്നെയാണ്. അധർമ്മങ്ങളിൽ അഭിരമിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർക്ക് താക്കീതും ഗുണപാഠവുമായി കൊണ്ടും, പശ്ചാത്തപിച്ചു മടങ്ങാനുള്ള പ്രചോദനവുമായി കൊണ്ടാണ് അല്ലാഹു അവയെ നിയോഗിച്ചയക്കുന്നത്. മാത്രവുമല്ല താൻ എത്ര മാത്രം നിസ്സാരനും ദുർബലനുമാണെന്നു മനുഷ്യരെ ബോധ്യപ്പെടുത്താനും ധിക്കാരികളെ മുച്ചൂടും നശിപ്പിക്കുവാനുമെല്ലാമാണ് സർവ്വശക്തനായ അല്ലാഹു അവന്റെ സൈന്യങ്ങളെ നിയോഗിച്ചയക്കാറുള്ളത്.

അല്ലാഹു പറയുന്നു:

ولله جنود السموات و الأرض وكان الله عزيزا حكيما. ( سورة الفتح: ٧).

“അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലേയും ഭൂമിയിലേയും സൈന്യങ്ങൾ. അല്ലാഹു പ്രതാപിയും യുക്തിമാനുമായിരിക്കുന്നു.” ( സൂറ: അൽ ഫതഹ്: 7).

… وما يعلم جنود ربك إلا هو وما هي إلا ذكرى للبشر.(سورة المدير: ٣١)

“…. നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യർക്ക് ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.” (സൂറ: അൽ മുദ്ദസിർ: 31).

ولقد أرسلنا إلى أمام من قبلك فأخذناهم بالبأساء و الضراء لعلهم يتضرعون. (سورة الأنغام: ٤٢).

“നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദുതൻമാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവർ വിനയശീലരാകുവാൻ വേണ്ടി.” (സൂറ: അൻആം: 42).

മൂസാ നബിയുടെ അനുയായികൾക്ക് മേഘങ്ങൾ കൊണ്ട് തണലിട്ടു കൊടുത്തു അവരെ സഹായിച്ചതും കഅബ തകർക്കാൻ വന്ന അബ്രഹത്തിനേയും സൈന്യത്തേയും ചൂളയിൽ വെച്ച കല്ലുകൾ വർഷിക്കുന്ന കൂട്ടം കൂട്ടമായി വരുന്ന പക്ഷികളാൾ നശിപ്പിച്ചതുമെല്ലാം ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്.

മൂന്നാമതായി: മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങൾ കാരണം കൊണ്ട് തന്നെയാണ് മഹാമാരികളും വിപത്തുകളും വന്നു ഭവിക്കുന്നത്.

وما أصابكم من مصييبة فبما كسبت أيديكم ويعفوا عن كثير.(سورة الشوري: ٣٠).

“നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന് മാപ്പാക്കുകയും ചെയ്യുന്നു.” (സൂറ: നൂറാം: 30).

وعن عبد الله بن عمر رضي الله عنهما قال: أقبل علينا رسول الله صلى الله عليه وسلم فقال: يا معشر المهاجرين خمس إذا ابتليتم بهن وأعوذ بالله أن تدركوهن، لم تظهر الفاحشة في قوم قط حتى يعلنوا بها إلا فشا فيهم الطاعون والأوجاع التي لم تكن مضت في أسلافهم الذين مضوا…إلخ. (ابن ماجه: ٤٠١٩).

ഇബ്നു ഉമറിൽ(റ) നിന്നും ഉദധരിക്കപെടുന്നു, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതൻ (സ) ഞങ്ങളുടെ അടുത്തേക്ക് വന്നു ഇപ്രകാരം പറഞ്ഞു: “അല്ലയോ മുഹാജിർ സമൂഹമേ; അഞ്ചു കാര്യങ്ങൾ കൊണ്ട് നിങ്ങൾ പരീക്ഷപ്പെട്ടാൽ; അപ്രകാരം അവ നിങ്ങളെ ബാധിക്കുന്നതിൽ നിന്നും ഞാൻ അല്ലാഹുവിനോട് അഭയം ചോദിക്കുകയാണ്.” -ആ അഞ്ചു കാര്യങ്ങളിൽ ഒന്നാമത്തേതായി നബി (സ)-തുടർന്നു പറഞ്ഞു: “ഒരു ജനത അശ്ലീലങ്ങൾ പ്രവർത്തിക്കുകയും അത് പരസ്യമാക്കുകയും ചെയ്താൽ, പ്ലേഗ് പോലുള്ള പകർച്ചവ്യാധികളും, അവരുടെ മുൻഗാമികൾക്കിടയിൽ ഇല്ലാതിരുന്ന വേദനാജനകമായ രോഗങ്ങളും അവർക്കിടയിൽ വ്യാപകമാകും…” ( ഇബ്നു മാജ: 4019).

ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജറുൽ അസ്കലാനി (റ) പറഞ്ഞു: “അധാർമ്മിക പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയായി കൊണ്ട് പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമെന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്. അപ്പോൾ, അശ്ലീല പ്രവർത്തനങ്ങൾ വ്യാപിക്കുന്നതാണ് മഹാമാരികൾ പടർന്നു പിടിക്കുന്നതിന്റെ ഏറ്റവും മുഖ്യ കാരണം.”

അലി(റ) പറയുന്നു:

ما نزل بلاء إلا بذنب، ولا رفع إلا بتوبة. ( المجموعة القيم من كلام ابن القيم: ١٠١٦).

“പാപം കാരണമല്ലാതെ ഒരു കഷ്ടപ്പാടും ഇറങ്ങിയിട്ടില്ല, തൗബ (പശ്ചാത്താപം) കൊണ്ടല്ലാതെ അവ(പരീക്ഷണങ്ങൾ) ഉയർത്തപ്പെടുകയുമില്ല.” (അൽ മജ്മൂഉൽ ഖയ്യിം: 1016).

അതുകൊണ്ട് തന്നെ, ഇന്ന് നാം മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ, ചെയ്തു കൂട്ടിയ പാപങ്ങളിൽ നിന്നും ഖേദിച്ചു മടങ്ങുകയും, പാപമോചനത്തിനായി റബ്ബിനോട് നിരന്തരം തേടുകയും, കൂടുതൽ സൽകർമ്മ നിരതരാവുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മറ്റെല്ലാ പ്രതിവിധികളും മുൻകരുതലുകളും കൈക്കൊള്ളുന്നതോടൊപ്പം തന്നെ, അല്ല അതിനേക്കാൾ വലിയ പ്രാധാന്യം കൽപ്പിച്ച് കൊണ്ട് തന്നെ, ജീവിതം പാപ മുക്തമാക്കിയാലേ ഇതുപോലുള്ള മഹാ വ്യാധികളിൽ നിന്നും നമുക്ക് മുക്തി നേടാൻ സാധിക്കൂ.

അതുപോലെ, അല്ലാഹുവിന്റെ ശിക്ഷകളും പരീക്ഷണങ്ങളും വന്നു ഭവിക്കാനുള്ള, സുപ്രധാനമായ കാരണങ്ങളിലൊന്നാണ്; സമൂഹത്തിൽ തിന്മകളും പാപങ്ങളും അരങ്ങു തകർക്കുമ്പോൾ അതിനെ വിലക്കുവാനോ, അതിനു പകരം നൻമ കൽപ്പിക്കുവാനോ ആരും ഇല്ലാതാവുന്ന സാഹചര്യം.
നബി(സ) പറഞ്ഞു:

والَّذِي نَفْسِي بِيَدِهِ، لَتَأْمُرُنَّ بالْمَعْرُوفِ، ولَتَنْهَوُنَّ عَنِ المُنْكَرِ، أَوْ لَيُوشِكَنَّ اللَّه أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ، ثُمَّ تَدْعُونَهُ فَلا يُسْتَجابُ لَكُمْ. (الترمذي).

എന്റെ ആത്മാവ് ആരുടെ കയ്യിലാണോ,അവന് തന്നെയാണ് സത്യം; നിങ്ങൾ നൻമ കൽപ്പിക്കുകയും തിൻമ വിരോധിക്കുകയും ചെയ്യുക തന്നെ വേണം.അതല്ലെങ്കിൽ, അല്ലാഹു അവനിൽ നിന്നുള്ള ശിക്ഷ നിങ്ങളിലേക്ക് ഇറക്കിയേക്കും.(അപ്രകാരം ശിക്ഷ ഇറക്കപ്പെട്ടാൽ) പിന്നെ നിങ്ങൾ(മോചനത്തിനുവേണ്ടി) പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് ഉത്തരം ലഭിക്കപ്പെടുകയില്ല”.(തുർമുദി).

നൻമ കൽപ്പിക്കുകയും തിൻമ വിരോധിക്കുകയും ചെയ്യുക, എന്ന നമ്മുടെ നിലനിൽപ്പിന്റെ ഭാഗമായ, പ്രബോധന പ്രവർത്തനങ്ങൾ ഇന്ന് വളരെയധികം ശോഷിച്ച് പോയിരിക്കുന്നു എന്നത് ദുഃഖകരമായ വസ്തുതയാണ്. പലപ്പോഴും തങ്ങളുടെ കക്ഷി മാൽസര്യത്തിന്റേയും ശക്തി പ്രകടനത്തിന്റേയും ഇടയിൽ പെട്ട്, നടത്തപ്പെടുന്ന പ്രബോധന പ്രവർത്തനങ്ങൾ, തന്നെ അതിന്റെ അന്തസത്ത നഷ്ടമാകുന്ന കാഴ്ചകളാണ് ദൃശ്യമാവുന്നത്. ഇതിന് കാര്യമാത്ര പ്രസക്തമായ മാറ്റം ഉണ്ടായേ പറ്റൂ. ഇല്ലെങ്കിൽ, ഇനിയും അല്ലാഹുവിന്റെ പരീക്ഷണങ്ങളും ശിക്ഷകളും നമ്മേ കാത്തിരിക്കും.

നാലമതായി: അല്ലാഹുവിന്റെ വിധി അലംഘനീയമാണ്. അതിനെ മാറ്റതിരുത്തലുകൾക്ക് വിധേയമാക്കാനോ, അതിൽ നിന്ന് ഓടി മാറാനോ സൃഷ്ടികളിൽ ഒരാൾക്കും സാധ്യമല്ല. മറിച്ച് അവന്റെ വിധിയെ ഉൾക്കൊള്ളുകയും അതിന് വിധേയനായി, അതിൽ തൃപ്തി കൊള്ളുകയുമാണ് വിശ്വാസികളുടെ കടമ. അവർക്കാണ് അല്ലാഹുവിന്റെ തൃപ്തി ലഭിക്കുക, അല്ലാത്തവർ അല്ലാഹുവിന്റെ കോപത്തിന് പാത്രീഭൂതരാകും.
ഇത്തരം പ്രയാസങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും, വിശ്വാസി തന്റെ റബ്ബിന്റെ സ്നേഹത്തെ മനസ്സിലാക്കാനുള്ള അവസരമായി കാണുകയും, അതു വഴി പ്രത്യക്ഷത്തിൽ തനിക്ക് പ്രയാസങ്ങൾ ജനിപ്പിക്കുന്ന അല്ലാഹുവിന്റെ വിധിയിൽ ക്ഷമ അവലംബിക്കുകയും തൃപ്തി കാണിക്കുകയും ചെയ്യും.

നബി(സ) പറഞ്ഞു:

إن عظم الجزاء مع عظم البلاء، وإن الله إذا أحب قوما إبتلاهم، فمن رضي فله الرضا ومن سخط فله السخط. (السلسلة الصحيحة: ١/٢٢٧).

“തീർച്ചയായും, പരീക്ഷണങ്ങളുടെ ആധിക്യത്തിലാണ് പ്രതിഫലത്തിന്റെ ആധിക്യവും. അല്ലാഹു ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടാൽ അവരെ അവൻ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോൾ ആർ (അതിൽ) തൃപ്തി കാണിച്ചുവോ അവനായിരിക്കും(അല്ലാഹുവിന്റെ) തൃപ്തി, ആർ (അതിൽ) കോപം കാണിച്ചുവോ അവനായിരിക്കും(അല്ലാഹുവിന്റെ) കോപം.” (സിൽസില സ്വഹീഹ: 1/227).

അല്ലാഹുവിന്റെ വിധിയിൽ വിശ്വസിക്കുക എന്നത് ഒരാൾ മുസ്‌ലിമായി തീരുന്നതിനുള്ള അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നാണ്. വിധിയിലെ നൻമ തിൻമകളിൽ വിശ്വസിക്കുന്ന ഒരാൾക്ക് അമിതമായ ദുഃഖമോ അതിയായ ആഹ്ളാദമോ ഉണ്ടാകില്ല; കാരണം, എല്ലാം തന്റെ റബ്ബിന്റെ മുൻ നിർണ്ണയത്തിന് വിധേയമാണെന്ന് അവന് ഉത്തമ ബോധ്യമുള്ളവനായിരിക്കും.

അല്ലാഹു പറയുന്നു:

ما أصاب من مصيبة في الأرض ولا في أنفسكم إلا في كتاب من قبل أن نبرأها إن ذلك على الله يسير. لكيلا تأسوا على ما فاتكم ولا تفرحوا بما آتاكم والله لا يحب كل مختال فخور.(سورة الحديد:٢٢-٢٣).

“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിലോ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും, അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇപ്രകാരം നാം ചെയ്ത്) നിങ്ങൾക്ക് നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും, നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.” ( സൂറ: അൽ ഹദീദ് 22-23).

നബി(സ) പറഞ്ഞു:

أعلم أن الأمة لو اجتمعت على أن ينفعوك بشيء لم ينفعوك إلا بشيء كتبه الله لك، وإن اجتمعوا على أن يضروك بشيء لم يضروك إلا بشيء كتبه الله عليك، جفت الأقلام و طويت السجلاة. (الترمذي: ٢٥١٦).

“അറിയുക: അല്ലാഹു നിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത-നിശ്ചയിച്ചിട്ടില്ലാത്ത- ഒരു കാര്യം കൊണ്ട് നിനക്ക് ഉപകാരം ചെയ്യാൻ വേണ്ടി സമുദായം മുഴുവൻ ഒരുമിച്ച് ചേർന്നാലും അവർ നിനക്ക് ഉപകാരം ചെയ്തേക്കുകയില്ല. നിന്റെ മേൽ അവൻ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യം കൊണ്ട് നിനക്ക് ഉപദ്രവം ചെയ്യാൻ അവർ ഒത്തൊരുമിച്ചാലും അവർ നിനക്ക് ഉപദ്രവം ചെയതേക്കുന്നതുമല്ല. പേനകൾ വറ്റിപ്പോയിരിക്കുന്നു. ഏടുകൾ മടക്കിവെക്കപ്പെട്ടിരിക്കുന്നു.” (തിർമുദി: 2516).

അതുകൊണ്ട് തന്നെ, തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ വിശ്വാസി ഒരിക്കലും വിധിയെ പഴിച്ച് സംസാരിക്കില്ല.

ഇബ്നു മസ്ഊദ് (റ) പറഞ്ഞു:

لأن يعض الرجل على جمرة حتى تبرد خير له أن يقول لشيء قضاه الله، ليته لم يكن. (الإبانة لإبن بطة).

“അല്ലാഹു തനിക്ക് വിധിച്ച കാര്യത്തിൽ, അതു സംഭവിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു, എന്ന് പറയുന്നതിനേക്കാൾ, ഒരു മനുഷ്യന് ഉത്തമമായിട്ടുള്ളത്; ഒരു കനൽ കഷ്ണത്തിന്റെ ചൂട് തണുക്കും വരെ അത് കടിച്ചു പിടിക്കുന്നതാണ്.” (അൽ ഇബാന).

അഞ്ചാമതായി: കൊറോണ വൈറസ് ബാധ, പ്ലേഗ് പോലുള്ള പകർച്ചവ്യാധികളുടെ പൊതു ഗണത്തിൽ പെടുന്നവയാണ്. അതു കൊണ്ട് തന്നെ, വിശ്വാസിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായി മാറും ഈ രോഗം. കാരണം ഇത്തരം രോഗം ബാധയിൽ അല്ലാഹുവിന്റെ വിധിയെ ഉൾക്കൊള്ളുകയും, പ്രതിഫലം കാംക്ഷിച്ച് ക്ഷമിക്കുകയും ചെയ്തു മരണം വരിക്കുന്നവർക്ക് രക്തസാക്ഷിത്വമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആഇശ (റ) യോട് നബി(സ) പറഞ്ഞു:

كان عذاباً يبعثه الله على من يشاء، فجعله الله رحمة للمؤمنين، فليس من عبد يقع الطاعون فيمكث في بلده صابرا يعلم أنه لن يصيبه إلا ما كتب الله له، إلا كان له مثل أجر شهيد.(البخاري: ٣٤٧٤).

“അത് (പ്ലേഗ്) അല്ലാഹു അവനുദ്ധേശിക്കുന്നവരുടെ മേൽ ശിക്ഷയായി അയക്കുന്നതായിരുന്നു. എന്നാൽ വിശ്വാസികൾക്ക് അതിനെ അവൻ കാരുണ്യമാക്കിയിരിക്കുന്നു. ഒരു അടിമക്ക് പ്ലേഗ് (മാരകമായ പകർച്ചവ്യാധികൾ) ബാധിക്കുകയും, തനിക്ക് അല്ലാഹു രേഖപ്പെടുത്തിയതു മാത്രമേ ബാധിക്കു എന്നു മനസ്സിലാക്കി തനിക്ക് രോഗം ബാധിച്ച പ്രദേശത്ത് ക്ഷമയോടെ കഴിച്ചു കൂട്ടിയാൽ അവന് ഒരു രക്തസാക്ഷിയുടേതിനു തുല്ല്യമായ പ്രതിഫലമുണ്ടായിരിക്കും.” (ബുഖാരി: 3474).

ആറാമതായി: പകർച്ചവ്യാധികൾ പൊട്ടി പുറപ്പെട്ട പ്രദേശത്തുള്ളവർ അവിടം വിട്ടു ഓടിപ്പോകാൻ പാടുള്ളതല്ല.

നബി (സ) പറഞ്ഞു:

إذا سمعتم به بأرض فلا تقدموا عليه، وإذا وقع بأرض وأنتم بها، فلا تخرجوا فرارا منه. (البخاري).

“ഒരു പ്രദേശത്ത് പകർച്ചവ്യാധി ബാധിച്ചു എന്ന് കേട്ടാൽ, നിങ്ങൾ അങ്ങോട്ട് പോകരുത്. ഒരു പ്രദേശത്ത് നിങ്ങൾ ഉള്ള സമയത്ത് അവിടെ അത്(പകർച്ചവ്യാധി) വന്നിറങ്ങിയാൽ, അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അവിടെ നിന്നും ഓടിപ്പോകരുത്”. (ബുഖാരി).

അപ്രകാരം പ്രതിഫലം കാംക്ഷിച്ച് ക്ഷമ അവലംബിച്ചു അവിടെ തന്നെ കഴിച്ചു കൂട്ടിയവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധ മുന്നണിയിൽ കാവൽ നിന്നവനെ പോലെയും, അവിടം വിട്ടു ഓടി പോയവൻ, യുദ്ധ മുന്നണിയിൽ നിന്നും ഓടിപ്പോയവനെ പോലെയും ആണെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഇന്ന്, എല്ലാ രാജ്യങ്ങളും, രോഗ ബാധിത പ്രദേശത്തുള്ള തങ്ങളുടെ പൗരന്മാരെ സ്വന്തം രാജ്യത്തേക്ക് കൂട്ടി കൊണ്ട് വരുന്നത് മുകളിൽ പറഞ്ഞ തത്വങ്ങൾക്ക് എതിരാവില്ലേ എന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാൽ, ഇതിൽ യാതൊരു വൈരുദ്ധ്യവും ഇല്ല എന്നതാണ് വസ്തുത. കാരണം, രോഗ ബാധിതരായ ജനങ്ങളുമായി ഇടകലരാനുള്ള സാഹചര്യം ഒഴിവാക്കി, രോഗം ബാധിക്കാത്ത ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അതികൃതർ ചെയ്യ്തു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ, നിർദ്ദേശിക്കപ്പെടുന്ന, സാമൂഹ്യ അകലം പാലിക്കലും (Social Distancing), വ്യക്തിപരമായ ഒറ്റപ്പെടലും (Self Quarantine) എല്ലാം പ്രവാചക നിർദ്ദേശങ്ങളുടെ പാഠ ഭേദം തന്നെയാണ്.

നബി (സ) പറഞ്ഞു:

ا يورد ممرض على مصح. (مسلم: ٢٢٢١).

“രോഗ ബാധിതൻ രോഗമില്ലാത്തവന്റെ അടുത്തേക്ക് കൊണ്ടുവരപ്പെടരുത്” (മുസ്‌ലിം: 2221).
അപ്പോൾ, രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും കൊണ്ട് വരപ്പെടുന്നവരെ, പൊതു ജനങ്ങൾക്കിടയിൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം നൽകാൻ പാടുള്ളതല്ല.

അത് പോലെ തന്നെ, അത്തരം പ്രദേശങ്ങളിൽ നിന്നും വന്നവർ, ആ കാര്യം, അധികൃതരിൽ നിന്നും മറച്ചു വെക്കുന്നതും തെറ്റായ കാര്യമാണ്.

അതുപോലെ ഗൗരവമുള്ള കാര്യമാണ്; രോഗം ബാധിത പ്രദേശങ്ങളിൽ നിന്നും വന്ന്, ക്വാറന്റൈനു വിധേയനാകാൻ കൂട്ടാക്കാതെ പൊതു ജനങ്ങൾക്കിടയിൽ ഇടപഴകുക എന്നത്. കാരണം, രോഗ ബാധിത പ്രദേശത്തു തന്നെ ക്ഷമയോടെ കഴിച്ചു കൂട്ടുക എന്നതിന് പകരമായിട്ടാണ് സമൂഹത്തിൽ നിന്നും അകന്നു ഒറ്റക്ക് നിൽക്കൽ(Quarantine) എന്നതിനെ നാം കണക്കാക്കേണ്ടത്.

ഇതെല്ലാം, ഇസ്‌ലാം ജനങ്ങളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്.

ഏഴാമതായി: വിധിയിൽ വിശ്വസിക്കുക എന്നതു കൊണ്ട് ഇസ്‌ലാം അർത്ഥമാക്കുന്നത്, കാരണങ്ങളെ സമീപിക്കാതെ, നിസ്സംഗതയോടെ നോക്കി നിൽക്കുക എന്നതല്ല. മറിച്ച്, ഓരോ കാര്യങ്ങൾക്കും അതിന്റേതായ കാരണവും അല്ലാഹു സജ്ജീകരിച്ചിട്ടുണ്ട്; അതിനെ സമീപിക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒട്ടകത്തെ കയറിൽ കെട്ടിയിടാതെ, അല്ലാഹുവിൽ (തവക്കുൽ) ഭരമേൽപ്പിച്ചു വന്ന സഹാബിയോട്, ആദ്യം അതിനെ കെട്ടിയിടൂ.., ശേഷം അല്ലാഹുവിൽ തവക്കുലാക്കൂ.. എന്ന് നബി (സ) കൽപ്പിച്ചത്, ഈയൊരു നിലപാടിനെയാണ്.

അപ്പോൾ, രോഗം വരുമ്പോൾ അതിനുള്ള ചികിത്സ തേടലും, രോഗം വരാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ തേടലുമെല്ലാം വിധി വിശ്വാസത്തിന് പുറത്തല്ല, മറിച്ച് അത് ഖദരിയായ വിശ്വാസത്തിന്റെ ഭാഗമാണ്.
കൊറോണ രോഗവുമായി സാമൂഹിക അകലം പാലിക്കുന്നതും, കൈകൾ നിരന്തരം അണു വിമുക്തമാക്കുന്നതും, സമൂഹത്തിൽ നിന്നും അകന്നു ഒറ്റക്ക് നിൽക്കുന്നതുമെല്ലാം മുകളിൽ പറഞ്ഞ തത്ത്വങ്ങളുടെ പ്രാവർത്തിക രൂപങ്ങൾ തന്നെയാണ്.

നബി (സ) പറഞ്ഞു:

فر من المجذوم فرارك من الأسد. (البخاري:٥٧٠٧).

“കുഷ്ഠ (പകർച്ചവ്യാധികൾ) ബാധിതനിൽ നിന്നും, സിംഹത്തെ (പേടിച്ച്) ഓടുന്ന പോലെ ഓടുക നീ”. (ബുഖാരി: 5707).

تداووا عباد الله، فإن الله سبحانه لم يضع داء إلا وضع له شفاء. (ابن خزيمة:٢٩٥٥).

“അല്ലാഹുവിന്റെ അടിമകളേ; നിങ്ങൾ ചികിത്സിക്കുക. കാരണം, തീർച്ചയായും, അല്ലാഹു ശമനം ഉണ്ടാക്കി വെക്കാതെ ഒരു രോഗവും ഉണ്ടാക്കിയിട്ടില്ല”. (ഇബ്നു ഖുസൈമ: 2955).

എട്ടാമതായി: പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ട പ്രാർത്ഥനകളും ദിക്റുകളും ചൊല്ലുക എന്നുള്ളത്; ചികിത്സയും, മരുന്നും മറ്റു കാരണങ്ങളും സ്വീകരിക്കുന്നത് പോലെ വളരെ അത്യാവശ്യമായ കാര്യമാണ്.

നബി (സ) പറഞ്ഞു:

لا يرد القدر إلا الدعاء.(ابن ماجه،الترمذي).

“പ്രാർത്ഥന മാത്രമേ വിധിയെ തടുക്കുകയുള്ളൂ”. (ഇബ്നു മാജ,തുർമുദി).
سلوا الله العفو والعافية والمعافاة. ( السنن الكبرى: ٩٣٧٧).

“നിങ്ങൾ, അല്ലാഹുവിനോട്, (പാപങ്ങളിൽ നിന്നും) മാപ്പും, ക്ഷേമവും, രോഗത്തിൽ നിന്നുള്ള സൗഖ്യവും തേടുക”. (സുനനുൽ കുബ്റ:9377).

മഹാമാരികളെ കുറിച്ച് നബി (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:

اللهم إني أعوذ بك من البرص والجنون والجذام، ومن سيئ الأسقام. (أحمد، أبوداود).

“അല്ലാഹുവേ; പാണ്ടു രോഗത്തിൽ നിന്നും, ഭ്രാന്തിൽ നിന്നും, കുഷ്ഠരോഗത്തിൽ നിന്നും, മറ്റു മോശമായ രോഗങ്ങളിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു”. (അഹ്മദ്,അബൂ ദാവൂദ്).

ഉസ്മാൻ (റ) പറയുന്നു: നബി (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു; “ആരെങ്കിലും,

بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم.

എന്ന് മൂന്ന് പ്രാവശ്യം (പ്രദോഷത്തിൽ) ചൊല്ലുന്നുവോ, പ്രഭാതം വരെ പൊടുന്നനെ ഉള്ള വിപത്തുകൾ അവനെ ബാധിക്കുകയില്ല. ആർ, പ്രഭാതത്തിൽ മൂന്ന് പ്രാവശ്യം ചൊല്ലുന്നുവോ, പ്രദോഷം വരെ പൊടുന്നനെ ഉള്ള വിപത്തുകൾ അവനെ ബാധിക്കുകയില്ല”. (ഇബ്നു ഹിബ്ബാൻ: 852).

ഒമ്പതാമതായി: ജനങ്ങൾ മുഴുവൻ പരിഭ്രാന്തിയിലായിരിക്കുന്ന, കൊറോണ വൈറസ് രോഗം പടരുന്നത് പോലുള്ള സാഹചര്യങ്ങളിൽ, വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിടത്തും കൈമാറുന്നിടത്തും ഒരു വിശ്വാസി അവധാനത കാണിക്കേണ്ടതുണ്ട്. ശരിയായ സ്രോതസ്സുകളിൽ നിന്നു മാത്രം വിവരങ്ങൾ ശേഖരിക്കുവാനും ഉദ്ധരിക്കുവാനുമായിരിക്കണം കണിശമായും വിശ്വാസി ശ്രമിക്കേണ്ടത്. കഴിവതും അതികൃതരിൽ നിന്നും കിട്ടുന്ന വിവരങ്ങൾ മാത്രം മറ്റുള്ളവരിലേക്ക് ഫോർവേർഡ് ചെയ്യുക. കാരണം, ഇത്തരം സന്ദർഭങ്ങളിൽ, ആളുകളുടെ മാനസികാവസ്ഥ ചൂഷണം ചെയ്യാൻ വേണ്ടി വാർത്തകൾ പടച്ചുണ്ടാക്കുന്നവരുടെ കുതന്ത്രങ്ങളിൽ നാം വീണു പോയേക്കാം. കേട്ടത് പാതി കേൾക്കാത്ത പാതി ഉദ്ധരിക്കുക എന്നത് വിശ്വാസിക്ക് ഭൂഷണമല്ല.

നബി(സ) പറഞ്ഞു:

كفى بالمرء كذبا(وفي روية: إثما)اأن يحدث بكل ما سمع. (السلسلة الصحيحة: ٢٠٢٥).

“താൻ കേട്ടത് മുഴുവൻ ഉദ്ധരിക്കുന്നത് തന്നെ, കളവായി(മറ്റൊരു റിപ്പോർട്ടിൽ: പാപമായി) കൊണ്ട്, ഒരാൾക്ക് മതിയായതാണ്”. (സിൽസില സ്വഹീഹ: 2025).

പത്താമതായി: ഇത്തരം അടിയന്തര ഘട്ടങ്ങളിൽ, അവശ്യ സാധനങ്ങളും മറ്റും പൂഴ്ത്തി വെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുകയും, വിലക്കയറ്റം ഉണ്ടാക്കുകയും ചെയ്യുക എന്നത്, വിശ്വാസികളായ കച്ചവടക്കാരനു ചേർന്നതല്ല. താൻ ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും കൂടി ഇഷ്ടപ്പെടുന്നവനായിരിക്കണം വിശ്വാസി.
നബി(സ) പറഞ്ഞു:

لا يحتكر إلا خاطئ. (مسلم)

“പാപിയല്ലാതെ പൂഴ്ത്തി വെക്കുകയില്ല”. (മുസ്‌ലിം)

ഈ അസാധാരണമായ സാഹചര്യത്തിൽ മാസ്ക്കുകളും സാനിറ്റൈസറുകളും ഭക്ഷ്യ വസ്തുക്കളും പൂഴ്ത്തി വെക്കുകയും കൊള്ള വില ഈടാക്കുകയും ചെയ്യുന്നവനേക്കാൾ പാപിയായി ആരുണ്ട്?!.

പതിനൊന്നാമതായി: അതി ഗുരുതരമായ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന, ഭരണാധികാരികളുടേയും, ആരോഗ്യ പ്രവർത്തകരുടേയും, നിയമപാലകരുടേയും നിർദേശങ്ങൾ അനുസരിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. സാന്ദർഭികമായ, ചില പ്രത്യേക നിർദേശങ്ങൾ വ്യക്തിപരമായി ചില പ്രയാസങ്ങൾ സൃഷ്ടിച്ചേക്കുമെങ്കിലും സാമൂഹിക നൻമ മുന്നിൽ കണ്ട്, അതിന് വിധേയനാകേണ്ടത് നമ്മുടെ കടമയാണ്. കാരണം, ഇസ്‌ലാം വ്യക്തിയുടെ നൻമയെക്കാൾ സമൂഹത്തിന്റെ നൻമക്കാണ് മുൻഗണന നൽകിയിട്ടുള്ളത്.

പന്ത്രണ്ടാമതായി: സാമൂഹ്യ വിപത്തുകളും മഹാമാരികളും സൃഷ്ടിക്കുന്ന ഭീതിതമായ സാഹചര്യത്തിൽ, അതിൽ നിന്നുള്ള മോചനത്തിനും ശാന്തിക്കും വേണ്ടി, മതം പഠിപ്പിക്കാത്ത പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നതിനെ സൂക്ഷിക്കുക. ഏതൊരു സാഹചര്യത്തിലും, പ്രവാചകന്റെ മുൻ മാതൃകയില്ലാത്ത പ്രവർത്തനങ്ങൾ ദീനായി ആചരിക്കാൻ വിശ്വാസിക്ക് അനുവാദമില്ല.

നബി (സ) പറഞ്ഞു:

من عمل عملا ليس عليه أمرنا فهو رد. (البخاري: ٢٢٠١).

“നമ്മുടെ, കൽപനയില്ലാത്ത, ഏതൊരു പ്രവർത്തനവും ആര് ചെയ്താലും, അത് തള്ളപ്പെടേണ്ടതാകുന്നു”. (ബുഖാരി: 2201).

ഈ കൊറോണ ബാധയിൽ നിന്നും മുക്തി നേടാൻ അതിന്റേതായ ചികിത്സകളും പ്രതിരോധ മാർഗങ്ങളും തേടുകയും, അതോടൊപ്പം പ്രവാചകൻ (സ) പഠിപ്പിച്ച പ്രാർത്ഥനകളും ദിക്റുകളും ഉരുവിടുകയും പാപങ്ങളിൽ നിന്നും ഖേദിച്ചു മടങ്ങുകയും മാത്രമേ നമുക്ക് കരണീയമായിട്ടുള്ളൂ.

കാരണം, ഇന്നത്തെപ്പോലെ, ചികിത്സയുടേയും രോഗ പ്രതിരോധത്തിന്റേയും മാർഗ്ഗങ്ങൾ അത്ര വിശാലമല്ലായിരുന്ന കാലഘട്ടത്തിലാണ് നബിയും(സ) സ്വഹാബാക്കളും ജീവിച്ചിരുന്നത്. അന്ന് പ്ലേഗ് പോലുള്ള മാരകമായ വ്യാധികൾ പടർന്നു പിടിച്ചപ്പോൾ പോലും, പ്രത്യേക ആരാധന കർമ്മങ്ങളോ മറ്റോ അവർ അനുഷ്ഠിച്ചതായി കാണുവാൻ സാധിക്കുന്നില്ല. നൻമയായിരുന്നെങ്കിൽ അവർ നമ്മെ മുൻകടക്കുമായിരുന്നു. അവർക്ക് നൻമയാകാത്തത് നമുക്കും നൻമയല്ല.

ഹുദൈഫ (റ) പറയുന്നു:

كل عبادة لا يتعبدها أصحاب رسول الله فلا تعبدوها،فإن الأول لم يترك للآخر مقال. (الأمر بالإتباع للسيوطي: ٦٢).

“അല്ലാഹുവിന്റെ ദൂതരുടെ അനുചരന്മാർ ഇബാദത്ത് ആയി അനുഷ്ഠിച്ചിട്ടില്ലാത്ത ഒരു ആരാധനയും നിങ്ങൾ അനുഷ്ഠിക്കരുത്. കാരണം, മുൻഗാമികൾ (സ്വഹാബികൾ) പിൻഗാമികൾക്ക് (അറിയിച്ചു കൊടുക്കാതെ) ഒരുവാക്യവും വിട്ടേച്ച് പോയിട്ടില്ല”.

സത്യത്തിൽ, പ്രവാചകൻ (സ) പഠിപ്പിക്കാത്ത, സ്വഹാബാക്കളുടെ പ്രവർത്തനങ്ങൾ മുൻകടക്കാത്ത പുത്തൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കുന്നത്, ഇന്ന് നാം അനുഭവിക്കുന്ന, മഹാമാരികൾക്കുള്ള മറ്റൊരു കാരണം കൂടിയാണ്.

അവസാനമായി: ഇത്തരം വലിയ സാമൂഹിക വിപത്തുകളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോൾ അല്ലാഹു നമുക്ക് നൽകിയിട്ടുള്ള അവന്റെ അനുഗ്രഹങ്ങൾ നന്ദി അർപ്പിച്ച ശേഷം സർവ്വസ്വവും മറന്ന് അഹോരാത്രം സമൂഹത്തിന്റേയും നാടിന്റെയും സുരക്ഷക്കും നന്മക്കും വേണ്ടി ത്യാഗം ചെയ്തു കൊണ്ടിരിക്കുന്നവരോട് നാം നന്ദിയും കടപ്പാടും ഉള്ളവരാകണം.

നബി(സ) പറഞ്ഞു:

من لا يشكر الناس لا يشكر الله. (الترمذي).

“ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കാത്തവരോട്, അല്ലാഹു നന്ദി കാണിക്കുകയില്ല”. (തിർമുദി).

അല്ലാഹു മഹാ വിപത്തിൽ നമ്മേയും മുഴുവൻ ലോകരേയും കാത്ത് രക്ഷിക്കുമാറാകട്ടെ.

2 Comments

 • ‘പകർച്ചവ്യാധിയെ സംബന്ധിച്ച ഇസ്ലാമിക ദർശനം സംഗ്രഹിച്ചെഴുതിയ ലേഖകന്
  അഭിനന്ദനങ്ങൾ:
  ഇതിൽ പരാമർശിച്ച ഓരോ കാര്യവും വിശ്വാസി തന്റെ മനസ്സിനോട് സ്വയം സംവദിച്ച് മനനം ചെയ്യുകയും അതിൽ നിന്ന് ഉരുത്തിരിയുന്നവ ജീവിതത്തിൽ പകർത്തകയും ചെയ്യുമ്പോൾ അവൻ ശാന്തതയിലേക്കും പ്രതീക്ഷയിലേക്കും
  എത്തിപ്പെടും തീർച്ച.
  ” ഞാനെന്തിന് കൊറോണയെ ഭയപ്പെടണം
  എന്ന് _ സ്വയം ചോദിക്കുന്ന അവസ്ഥയിലായിരിക്കും

  അബൂട്ടി മാസ്റ്റർ 01.04.2020
 • ma Sha Allah.. Good work.. very beneficial..

  Masleema KH 05.04.2020

Leave a comment

Your email address will not be published.