കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങൾ

//കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങൾ
//കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങൾ
ആനുകാലികം

കേരള യുക്തിവാദത്തിന്റെ നടപ്പുദീനങ്ങൾ

Print Now
കുറച്ചു കാലമായി ഏറ്റെടുക്കാനാളില്ലാതെ ഓരത്തായിപ്പോയ കേരള യുക്തിവാദം ഇപ്പോൾ സോഷ്യൽ മീഡിയാസാധ്യതകൾ ഉപയോഗപ്പെടുത്തി സാമൂഹ്യ മുഖ്യധാരയിലേക്ക് വലിഞ്ഞു കയറാനുള്ള പുതിയൊരു ശ്രമത്തിലാണുള്ളത്. വാട്ട്സപ്പ് കൂട്ടായ്മകളും ഫേസ് ബുക്ക് ഗ്രൂപ്പുകളും ഒപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന യൂറ്റ്യൂബ് പ്രഭാഷണങ്ങളുമാണ് യുക്തിവാദികൾ പുതിയ താവളങ്ങളായി തെരെഞ്ഞെടുത്തിരിക്കുന്നത്. മത ജീവിതത്തെ ഗൗരവമായി കാണുന്ന സമൂഹമെന്ന നിലയിലും വിശ്വാസ- വിദ്യാഭ്യാസ മേഖലയിലുണ്ടായിരിക്കുന്ന പുത്തനുണർവിന്റെ നേരവകാശികൾ എന്ന നിലയിലും മുസ്‌ലിം യുവ മനസ്സുകളെയാണിവർ മുഖ്യമായി ലക്ഷ്യം വെക്കുന്നത്. നില നിൽക്കുന്ന മൂല്യ ബോധങ്ങളെ തകർത്തെറിഞ്ഞും സാമൂഹ്യ ബന്ധങ്ങളെ വിഛേദിച്ചും രൂപപ്പെടുത്തേണ്ട ലക്കും ലഗാനുമില്ലാത്ത ജീവിത വീക്ഷണത്തെയാണ് ‘സ്വതന്ത്ര ചിന്ത’ എന്ന വാക്കു കൊണ്ട് അടയാളപ്പെടുത്തുന്നത്. ക്രിയാത്മകമായ എന്തെങ്കിലും മുന്നോട്ട് വെക്കുക എന്നതിലുപരി നിലവിലുളള ധാർമിക ചിന്തകളെ അന്യവൽക്കരിക്കുകയും മാന്തിപ്പൊളിക്കുകയും ചെയ്യാനുള്ള പ്രവണതയാണ് ‘സ്വതന്ത്ര ചിന്തകരു’ടെ പൊതു രീതി. മതം ‘അടിമത്ത’മാണെന്നും മത ദർശങ്ങളിൽ നിന്നുള്ള വിടുതിയാണ് ‘സ്വാതന്ത്ര്യം’ എന്നുമുള്ള ബോധ വൽക്കരണമാണ് ഇവരുടെ മുഖ്യ പ്രബോധനം.

എന്നാൽ സാമൂഹിക മാധ്യമ രംഗത്തുള്ള യുക്തിവാദികളുടെ വിധ്വംസക ലക്ഷ്യങ്ങൾ തിരിച്ചറിയാൻ വിശ്വാസികളുടെ പുതു തലമുറകൾക്ക് നന്നായി സാധിച്ചിട്ടുണ്ട്. യുക്തിവാദികളുടെ ഗ്രൂപ്പുകളിലേക്കിടിച്ചു കയറി നിലവാരം കുറഞ്ഞ വിമർശനങ്ങളിൽ നിന്ന് ഗൗരവപ്പെട്ട സംവാദങ്ങളിലേക്ക് അവരിൽ ചിലരെയെങ്കിലും ഇറക്കിക്കൊണ്ടു വരാൻ ഇന്നീ ചെറുപ്പക്കാർക്ക് കഴിയുന്നുണ്ട്. ശരീഅത്ത് വിവാദ കാലത്ത് മുതലെടുപ്പിനായെത്തിയ മതവിരുദ്ധ യുക്തിവാദത്തെ സംവാദത്തിലൂടെ നേരിട്ട് കണ്ടം വഴി ഓടിച്ച മുൻ തലമുറകൾക്ക് ഇനിയും ഊറിച്ചിരിക്കാൻ വക നൽകുന്നതാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇടപെടലുകൾ. ധാർമികതയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന ചർച്ചകളിൽ മതപക്ഷത്ത് നിന്ന് ചോദ്യങ്ങളുയർത്തിയ ചില വിദ്യാർഥികളെ നേരിടാൻ കേരള യുക്തിവാദികളുടെ താത്വികാചാര്യന്മാർ അല്പമൊന്നുമല്ല വിയർത്തത്. ഒടുവിൽ ആ കുട്ടികളിൽ ചിലർക്ക് നേരെ ഗ്രൂപ്പിന്റെ വാതിലുകൾ തന്നെ കൊട്ടിയടക്കുകയായിരുന്നു.

പലതായി പിളർന്ന് നിൽക്കുന്ന സമകാലിക യുക്തി വാദത്തിന്റെ നടപ്പു രീതികൾ പരിശോധിച്ചാൽ ഏറെക്കുറെ എല്ലാ വിഭാഗങ്ങൾക്കും ബാധകമായ ചില സവിശേഷതകൾ കാണാനാവും.

സ്വന്തം നില മറന്നുള്ള യുക്തിവാദവും അഹങ്കാരവുമാണ് ഇബ്‌ലീസിനെ ദൈവിക സന്നിധിയിൽ അസ്വീകാര്യനാക്കിയതെന്ന് ഖുർആൻ പറയുന്നുണ്ട്. ഔദ്ധത്യവും അഹങ്കാരവും അഭിനവ യുക്തിവാദികളുടെ സമീപനങ്ങളിലും ഒട്ടും കുറവല്ല. വിനയാന്വിതനായ യുക്തിവാദി എന്നത് ഒരു വിരുദ്ധോക്തി (Oxymoron) ആണെന്ന് പറയാം. ഏറെക്കുറെ അസാധ്യമായ സംയുക്തം. കോടിക്കണക്കിന് മനുഷ്യരിൽ അന്തർലീനമായി കിടക്കുകയും നൂറ്റാണ്ടുകളായി അവരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്ന വിശ്വാസാദർശങ്ങളെ തുറന്ന മനസ്സോടെ വിലയിരുത്താനോ ശരിയായി രീതിയിൽ ഉൾക്കൊള്ളാനോ ഇവർക്ക് കഴിയാത്തതിന്റെ മുഖ്യ തടസ്സവും ഇത് തന്നെയാണ്. ലോകത്തുടനീളമുള്ള ദൈവ വിശ്വാസികൾ ഒന്നടങ്കം Delusion (വിഭ്രാന്തി) ബാധിച്ച മാനസിക രോഗികളാണെന്ന് പറയാൻ മാത്രമുള്ള ഒരു തരം മൂടുറച്ച് പോയ താൻപോരിമാ വിഭ്രാന്തിക്ക് (Grandeur delusion) അടിപ്പെട്ടിരിക്കുകയാണിവർ. എസ്സൻസ് ഗ്ലോബൽ എന്ന ഗ്രൂപ്പിനെ നയിക്കുന്ന പ്രമുഖ യുക്തിവാദി രവിചന്ദ്രന്റെ അഭിപ്രായത്തിൽ മതം സ്വീകരിക്കുന്നതോടെ മസ്തിഷ്ക മരണമാണ് സംഭവിക്കുന്നത് (Brain death). ഇതാണ് വിശ്വാസികളെ കുറിച്ചുള്ള അടിസ്ഥാന സങ്കൽപ്പമെങ്കിൽ അവരോടുള്ള അനന്തര സമീപനം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഈയിടെ സ്റ്റേജിലിരുന്ന് പരസ്യമായി അല്ലാഹു കഞ്ചാവാണെന്ന് വിളിച്ചു പറഞ്ഞത് സമീപകാലത്ത് ചേകനൂരിസത്തിൽ നിന്ന് നാസ്തിക പക്ഷത്തേക്ക് കൂടു മാറിയ ഒരു സ്ത്രീയായിരുന്നു. അത്യന്തം നിന്ദയോടെയുള്ള അവതരണവും ധാർഷ്ട്യം സ്ഫുരിക്കുന്ന ആംഗ്യ വിക്ഷേപങ്ങളുമാണ് യുക്തിവാദികളിൽ പലരുടെയും പ്രഭാഷണ രീതി. ക്രിയാത്മക വിമർശനങ്ങൾക്ക് പകരം ആക്ഷേപ ശകാരമായിരിക്കും നിറഞ്ഞു നിൽക്കുക. സർവജ്ഞാനികളായി സ്വയം സങ്കൽപ്പിച്ച് പ്രതിപക്ഷ ബഹുമാനം തൊട്ടു തീണ്ടാതെ നടത്തുന്ന ഇത്തരം സംസാരങ്ങൾ അങ്ങേ അറ്റം അരോചകമാണെന്ന് പറയാതെ വയ്യ. പുതിയതെന്തെങ്കിലും സ്വീകരിക്കാനോ കാഴ്ചപ്പാടുകൾ തിരുത്തപ്പെടാനോ ഉള്ള സാധ്യതകൾ തീരെ അസ്തമിച്ചു പോവുന്നു എന്നതാണ് ഈ സമീപനത്തിന്റെ അനന്തര ഫലം.

മത ലോകത്തെ കുറിച്ച തികഞ്ഞ അജ്ഞതയും കടുത്ത മുൻ ധാരണയുമാണ് യുക്തിവാദികളുടെ പല നിലപാടുകളുടെയും ആധാരം. ഉദാഹരണത്തിന് അല്ലാഹുവല്ല മുഹമ്മദാണ് മുസ്‌ലിംകളുടെ ദൈവം എന്നാണ് യുക്തിവാദികളുടെ അഭിനവാചാര്യനായ രവിചന്ദ്രൻ ദൈവ സങ്കൽപ്പത്തെ കുറിച്ച് തിരുവനന്തപുരത്ത് നടന്ന ഒരു സംവാദത്തിൽ തട്ടി വിട്ടത്. (സംവാദം യൂട്യൂബിൽ ലഭ്യമാണ്). കാരണമാണ് ഏറെ രസകരം. അല്ലാഹുവിനെ വിമർശിച്ചാൽ മുസ്‌ലിംകൾ പ്രതികരിക്കില്ലത്രെ. മുഹമ്മദിനെയാണ് വിമർശിക്കുന്നതെങ്കിൽ അവയവങ്ങൾ പലതും ഛേദിച്ചു കളയും. അത് കൊണ്ട് മുഹമ്മദാണ് ദൈവം എന്നാണ് വാദം. ഇസ്‌ലാം എന്നത് മതമല്ല വ്യക്ത്യാധിഷ്ഠിത കൾട്ടാണെന്നും ഇദ്ദേഹം വാദിക്കുന്നു. മക്കയിലെ കഅ്ബയിൽ നടക്കുന്നത് വിഗ്രഹാരാധനയാണെന്ന് സ്ഥാപിക്കാനും ടിയാൻ ശ്രമിക്കുന്നുണ്ട്. കടുത്ത മുൻ വിധികൾ നിറഞ്ഞതും വസ്തുതാ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകൾ നടത്തുന്ന രവിചന്ദ്രൻ ഒരു കൊളേജ് പ്രൊഫസറാണെന്നോർക്കണം.
‘മതമുപേക്ഷിക്കൂ മനുഷ്യനാവൂ’ എന്നതായിരുന്നു സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇ.എ.ജബ്ബാർ അനുകൂലികളായ യുക്തിവാദികൾ നടത്തിയ ഒരു കേമ്പയിനിന്റെ തലക്കെട്ട്. മത വിശ്വാസികൾക്ക് വിശ്വാസമുപേക്ഷിക്കാതെ മനുഷ്യനാവാൻ പോലും സാധ്യമല്ല എന്നതാണ് സൂചന. മതവും മനുഷ്യത്വവും രണ്ടാണെന്നും പരസ്പര വിരുദ്ധമാണെന്നുമുള്ള അബദ്ധ പരികല്പന സമൂഹത്തിൽ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. മനുഷ്യ പക്ഷത്ത് നിന്ന് കൊണ്ട് മതം നടത്തിയ വമ്പിച്ച ഇടപെടലുകളെയും നാസ്തിക പക്ഷം നടത്തിയ ഗുരുതരമായ വിധ്വകംസക പ്രവർത്തനങ്ങളെയും മറച്ചു വെച്ചു കൊണ്ടുള്ള തികച്ചും തെറ്റായ ചരിത്ര വായന കൂടിയാണിതെന്ന് കാണാൻ പ്രയാസമില്ല.

തലതിരിഞ്ഞ ശാസ്ത്ര ബോധമാണ് യുക്തിവാദി സമൂഹത്തിന്റെ മറ്റൊരു ദൗർബല്യം. ഒരുതരം ശാസ്ത്ര മൗലികവാദം. വസ്തുപ്രപഞ്ചം മാത്രമാണ് യാഥാർത്ഥ്യം എന്നും “ശാസ്ത്രീയ” തെളിവുകൾ മാത്രമാണ് സ്വീകര്യമെന്നുമാണ് ഇവരുടെ വിശ്വാസം. പ്രപഞ്ചത്തെ പൂർണമായി വിശദീകരിക്കാനും (ഇന്നല്ലെങ്കിൽ നാളെ) ജീവിത സമസ്യകൾ പരിഹരിക്കാനും ശാസ്ത്രത്തിനു കഴിയുമെന്നും ഒരു പടികൂടി കടന്ന് ശാസ്ത്രത്തിനു മാത്രമേ കഴിയൂ എന്നും ഇവർ കരുതുന്നു. ഇവർക്ക് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുന്നത് മാത്രമാണ് ജ്ഞാനം. അനുമാനവും അനുഭവവും വെളിപാടുമടക്കമുള്ള അറിവിന്റെ മറ്റ് ഉറവിടങ്ങളെല്ലാം സംശയാസ്പദമോ വ്യാജമോ ആണ്. എൻഡോ സൾഫാൻ ഒരു ജനതക്ക് സമ്മാനിച്ച ദുരിതങ്ങൾ അനുഭവങ്ങളായി കണ്മുമ്പിലുണ്ടെങ്കിലും ‘ശാസ്ത്രീയ’ തെളിവുകളും വ്യാഖ്യാനങ്ങളും വെച്ച് ഇക്കൂട്ടർ അതിനെ നിരാകരിച്ചു കളയും. (എസ്സൻസ് എന്ന യുക്തിവാദി സംഘടന സംഘടിപ്പിച്ച Essentia 17 എന്ന പരിപാടി യൂട്യൂബിൽ കാണുക). ആയുർവേദത്തെയും ഹോമിയോപ്പതിയേയും അപ്പാടെ തള്ളിപ്പറയാൻ ന്യായമായി അവതരിപ്പിക്കുന്ന തും “ശാസ്ത്രീയത” തന്നെയാണ്.

ശാസ്ത്രം മതത്തിനെതിരാണെന്നും ശാസ്ത്രം തങ്ങളുടെ കുത്തകയാണെന്നും വരുത്തിത്തീർക്കാനായിരുന്നു ഏറെക്കാലമായി യുക്തിവാദികൾ ശ്രമിച്ചത്. ഒരു കാലത്ത് ഇസ്‌ലാമിക ലോകം ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ ഇവരുടെ കണക്കിലെവിടെയും വരാറില്ല. ഐസക് ന്യൂട്ടനടക്കമുള്ള എത്രയോ മത വിശ്വാസികളായ ശാസ്ത്രജ്ഞർ എക്കാലത്തുമുണ്ടായിട്ടുമുണ്ട്. അവരൊക്കെ വിശ്വാസികളായി അഭിനയിക്കാൻ നിർബന്ധിതരായതാണെന്നാണിവരുടെ വാദം.

എന്നാൽ ശാസ്ത്രീയ അതിവാദങ്ങൾക്ക് തിരിച്ചടി നേരിടുകയും മത വിശ്വാസികളായ ഒട്ടേറെ ശാസ്ത്രജ്ഞർ സജീവമായി രംഗത്ത് വരികയും ചെയ്ത ഒരു കാലമാണിത്. യുക്തിവാദികളുടെ ലോക വീക്ഷണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന ഡാർവിൻ സിദ്ധാന്തം ഇനിയും തെളിവ് കിട്ടാത്ത അനാഥ പ്രേതമായി അവശേഷിക്കുന്നു. ഗവേഷണങ്ങൾ പുരോഗമിക്കുന്തോറും ഡാർവിൻ വിട്ടേച്ചു പോയ വിടവുകൾക്ക് ആഴം വർദ്ധിക്കുന്നതായാണ് കാണുന്നത്. മറ്റൊരു ഭാഗത്ത് ഡാർവിൻ മുന്നോട്ട് വെച്ച പ്രകൃതി നിർധാരണത്തിന്റെ പരമ്പരാഗത മെക്കാനിസത്തെ നിരാകരിക്കുന്ന സ്റ്റീഫൻ ജെ ഗൂൾഡിനെപ്പോലുള്ള വിഖ്യാത ശാസ്ത്രജ്ഞർ (മത വിശ്വാസിയല്ലാതിരിക്കെ തന്നെ) റിച്ചാഡ് ഡോക്കിൻസടക്കമുള്ള പരിണാമ മൗലിക വാദികൾക്ക് തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. കിം സ്റ്റീറെൻലി എഴുതിയ ഡോകിൻസ് Vs ഗൂൾഡ് (Dawkins Vs Gould) എന്ന പുസ്തകം ഈ വിവാദത്തിന്റെ നേർരേഖയാണ്. സൃഷ്ടിവാദത്തെ തീർത്തും അശാസ്ത്രീയമെന്നാരോപിച്ച് എഴുതിത്തള്ളാൻ കഴിയാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്. ബിഗ് ബാങ് തിയറിയുടെ വരവോട് കൂടി പദാർഥവാദത്തിന്റെ ചില അടിസ്ഥാനങ്ങൾ തന്നെ ഇളകുകയും ചെയ്തിരിക്കുന്നു. എന്നാലും ശാസ്ത്രത്തെ കുറിച്ചുള്ള അമിതാത്മ വിശ്വാസവും അതിവാദങ്ങളും മുറുകെ പിടിച്ച് തന്നെയാണ് യുക്തിവാദികളുടെ നടപ്പ്.

സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക മാനദണ്ഡങ്ങളെ പരിണാമ വിധേയമായ ഒന്നായിട്ടാണ് യുക്തിവാദികൾ എന്നും കണ്ടിട്ടുള്ളത്. സ്ഥായിയായ സനാതന/സദാചാര മൂല്യങ്ങൾ എന്നൊന്നില്ലെന്നാണവരുടെ വാദം. കാലത്തിനും ദേശത്തിനും സംസ്കാരത്തിനുമനുസരിച്ച് മൂല്യങ്ങൾ മാറി മറിയും. മതങ്ങൾ മുന്നോട്ട് വെക്കുന്ന ധാർമികത പഴഞ്ചനും കാലഹരണപ്പെട്ടതുമത്രെ. എന്നാൽ ധാർമികതക്ക് സ്വീകാര്യമായ മാനദണ്ഡങ്ങളെന്തെങ്കിലും മുന്നോട്ട് വെക്കാൻ യുക്തിവാദികൾക്ക് കഴിയുന്നില്ല. അവനവന് തോന്നുന്ന ധാർമികതയാണോ അതല്ല ഭരണകൂട ധാർമികതയാണോ ഏതാണ് വേണ്ടതെന്ന കാര്യത്തിൽ യാതൊരൈക്യവും ഇവർക്കില്ല. ധാർമികതയുടെ കാര്യത്തിൽ ഒന്നിനുമില്ലൊരു നിശ്ചയം എന്നതാണവസ്ഥ. നിലവിലുള്ള ധാർമിക മാനദണ്ഡങ്ങളെ തച്ചുടച്ച് ലിബറലിസത്തിന്റെ ചിലവിലെത്തിയ എല്ലാ മ്ലേഛതകളും ന്യായീകരിക്കണമെന്ന കാര്യത്തിൽ മാത്രമാണ് ഏകാഭിപ്രായമുള്ളത്. ഇതിന്റെ ഫലമായി അധാർമികതയുടെയും അശ്ലീലതയുടെയും സുവിശേഷകരായി നവനാസ്തികർ മാറിയിരിക്കുന്നു. സ്വവർഗ ലൈംഗികത മുതൽ ഇൻസെസ്റ്റ് വരെയുള്ള ലൈംഗിക അരാജകത്വങ്ങളെ ന്യായീകരിക്കുകയും യൂട്ടിലിറ്റേറിയൻ വാദങ്ങളെ മുന്നോട്ട് വെക്കുകയും ചെയ്യുന്ന പ്രവണതയാണിന്ന് കാണുന്നത്. കുടുംബ സംവിധാനത്തെ ദുർബലപ്പെടുത്താനും ലിവിംഗ് റ്റുഗതർ പോലെയുള്ള ഉദാര നിലപാടുകൾ പ്രോത്സാഹിപ്പിക്കാനും യുക്തിവാദികൾ മുന്നിട്ടിറങ്ങാറുണ്ട്. ലോക പ്രശസ്ത നിരീശ്വരവാദിയും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ബയോ എതിക്സ് പ്രൊഫസറുമായ പീറ്റർ സിംഗറടക്കമുള്ളവർ ഇക്കാര്യത്തിൽ സർവ്വ അതിരും ലംഘിച്ചിരിക്കുന്നു. വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ ജനിക്കുന്നതിന് മുമ്പ് തന്നെ വേണമെങ്കിൽ കൊല്ലാം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വൈകല്യമുള്ള ഇത്തരം കുഞ്ഞുങ്ങളെ പൂർണ മനുഷ്യരുമായി താദാത്മ്യപ്പെടുത്താനാവില്ലത്രെ. മനുഷ്യത്വ രഹിതമായ ഇദ്ദേഹത്തിന്റെ വാദങ്ങൾ കാരണം ദ ഗാഡിയൻ പത്രത്തിൽ വന്ന ഒരു ലേഖനത്തിൽ ‘ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ’ എന്നും വാൾ സ്റ്റ്രീറ്റ് ജേണൽ ‘പ്രൊഫസർ ഡെത്ത്’ എന്നുമൊക്കെയാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. പ്രമുഖ യുക്തിവാദി ഇ.എ.ജബ്ബാർ ആത്മഹത്യയേയും ദയാവധത്തെയുമൊക്കെ ഇമ്മട്ടിൽ ന്യായീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ വായിക്കാം. “ആത്മഹത്യചെയ്യാനുള്ള സ്വാതന്ത്ര്യം പോലും തങ്ങളുടെ മതവിശ്വാസം വകവച്ചു തരുന്നില്ല എന്നതും സ്വയം മരിച്ചു രക്ഷപ്പെടാനുള്ള അറിവുപോലും ഇല്ല എന്നതും തന്നെയാണ് മുസ്‌ലിംകൾക്കിടയിലും ആത്മഹത്യാനിരക്ക് താരതമ്യേന കുറഞ്ഞു കാണാൻ കാരണം. ഇനി ആത്മഹത്യയെക്കുറിച്ചുള്ള എൻറെ വ്യക്തിപരമായ അഭിപ്രായം കൂടി പറയാം. ആത്മഹത്യ നന്മയോ തിന്മയോ എന്ന ചോദ്യത്തിന് ഉത്തരം ഒറ്റവാക്കിൽ പറയാനാവില്ല. അത് തീർത്തും ആപേക്ഷികമാണ്… ഇനി മറ്റൊരാൾ തനിക്കു ജീവിതം മടുത്തു എന്ന തോന്നിയതിനാലും തൻറെ ജീവിതംകൊണ്ട് തനിക്കോ മറ്റുള്ളവർക്കോ വലിയ പ്രയോജനമൊന്നുമില്ല എന്ന് തോന്നിയത് കൊണ്ടും – അയാൾക്ക് യാതൊരു ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ ഇല്ലാത്ത സാഹചര്യത്തിൽ- സ്വയം ജീവിതം അവസാനിപ്പിക്കുന്നു എങ്കിൽ അതിൽ നന്മയോ തിന്മയോ നിർണയിക്കാൻ ഒന്നുമില്ല. വേറൊരാൾ വാർദ്ധക്യ സഹജമായ അവശതയാലോ മാറാവ്യാധി മൂലമോ തൻറെ ജീവിതം തൻറെ ബന്ധുക്കൾക്കും സമൂഹത്തിനും ഒരു ഭാരമായി തീരുന്നു എന്ന് ഉത്തമബോധ്യം മൂലം മറ്റുള്ളവർ ബുദ്ധിമുട്ടരുത് എന്ന ഉയർന്ന നീതിബോധത്തിൽ സ്വയം ദയാവധത്തിന് വിധേയമാകുന്നു എങ്കിൽ അയാൾ ഒരു കുറ്റവാളിയല്ല. അയാൾ ചെയ്തത് സാമൂഹ്യമായ മാനദണ്ഡങ്ങൾ പ്രകാരം ഒരു ത്യാഗമായും നന്മയായും കണക്കാക്കാം.”

ഫ്രീ തിങ്കേർസ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞ് തുളുമ്പുന്ന അശ്ലീല – ലൈംഗിക പരാമർശങ്ങൾ ധാർമികതയെ കൈവിട്ട പല കേരള യുക്തിവാദികളും എത്തിപ്പെട്ടിരിക്കുന്ന സാംസ്കാരിക നിലവാരത്തിന്റെ ഉത്തമോദാഹരണമാണ്. പലപ്പോഴും തങ്ങളുടെ മനോ വൈകൃതങ്ങൾക്ക് മറയിടാൻ ഫേക്ക് ഐഡികളിൽ രംഗത്ത് വരുന്നവരെ നമുക്ക് ധാരാളമായി കാണാനാവും. ധാർമികതയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ തങ്ങൾക്കിടയിൽ മത വിശ്വാസികളെ അപേക്ഷിച്ച് അധാർമികതകൾ കുറവാണെന്ന് യുക്തിവാദികൾ അവകാശപ്പെടാറുണ്ട്. ഇവരുടെ ധാർമികതയുടെ നിർവചനമെന്താണെന്ന ചോദ്യം തൽക്കാലം മാറ്റിവെക്കാം. പക്ഷെ ആശയപരമായി യുക്തിവാദം സ്വീകരിച്ച ഏതാനും പേരിൽ നടക്കുന്ന അധാർമികതകളെ, എല്ലാ തരത്തിലുമുള്ള കോടിക്കണക്കിന് മനുഷ്യരടങ്ങിയ സമുദായങ്ങളുമായി താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമല്ലേ?. അവരിലെ ആദർശപരമായി മതത്തെ ഉൾക്കൊണ്ടവരുമായി തുലനം ചെയ്യുമ്പോഴാണ് ധാർമികതയെ കുറിച്ച താരതമ്യം അല്പമെങ്കിലും നീതിപൂർവകമാവുക. അങ്ങിനെയൊന്ന് സാധാരണ നടക്കാറില്ല താനും.

സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും എന്നാൽ സമൂഹത്തോടുള്ള കടപ്പാടുകൾ പാടെ മറക്കുകയും ചെയ്യുക എന്നതാണ് യുക്തിവാദികളുടെ പൊതു സ്വഭാവം. പ്രളയമോ ദുരന്തമോ വരുമ്പോൾ ദൈവത്തിനെതിരെ പോസ്റ്റുകളിട്ട് ആർമാദിക്കുകയും ദുരന്തത്തിനിരയായവരെ പരിഹസിക്കുകയും ചെയ്യുന്നതിൽ മുമ്പിലുണ്ടാവുമെങ്കിലും മനുഷ്യർക്കും മണ്ണിനുമൊപ്പം ഇവരുടെ സാന്നിധ്യം കാര്യമായി ഉണ്ടാകാറില്ല. അർഹിക്കുന്നത് അതിജീവിച്ചു കൊള്ളും എന്ന് കരുതുന്നത് കൊണ്ടാവാം, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇവരെ സജീവമായി കാണാറില്ല. പേരിനു ചില പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും കാര്യമായ ഗുണഫലങ്ങൾ ഉണ്ടായില്ലെന്നാണറിവ്. പൊതുവെ ഇടതു പക്ഷ ചിന്താഗതിക്കാരായാണ് യുക്തിവാദികൾ മനസ്സിലാക്കപ്പെടുന്നതെങ്കിലും ജനകീയപ്പോരാട്ടങ്ങളിൽ ഇവർ അത്ര സജീവമല്ല. കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പൊട്ടത്തരവും അശാസ്ത്രീയവുമാണെന്ന് യുക്തിവാദികളിൽ പലരും കരുതുന്നു. ഡോ. സി.വിശ്വനാഥനാണിവരിൽ പ്രമുഖൻ. മുതലാളിത്ത ചൂഷണങ്ങൾക്കെതിരെ പോരാടുന്നില്ലെന്ന് മാത്രമല്ല കമ്മ്യൂണിസത്തെ വിമർശിക്കുകയും മുതലാളിത്തത്തെ പച്ചയായി ന്യായീകരിക്കുകയും ചെയ്യുന്ന വിധത്തിൽ പ്രൊ.രവിചന്ദ്രൻ ബാംഗ്ലൂരിൽ നടത്തിയ പ്രഭാഷണം (ആനയും ഉറുമ്പും: മൂല ധനത്തിനൊരാമുഖം) കമ്മ്യൂണിസ്റ്റുകളെ ഏറെ ചൊടിപ്പിച്ചിരുന്നു.

മത വിദ്വേഷം തലക്ക് പിടിച്ചതാണ് യുക്തിവാദികളുടെ മറ്റൊരു പ്രശ്നം. ക്രിയാത്മക – മൗലിക വിമർശനത്തിന് ശേഷിയുള്ള യുക്തിവാദികൾ കേരളത്തിൽ വേരറ്റ് കൊണ്ടിരിക്കുകയാണ്. മതത്തിൽ എന്തെങ്കിലും നന്മയുണ്ടെന്ന് അംഗീകരിക്കാൻ അവർ തയ്യാറല്ല. പടിഞ്ഞാറിലുള്ള മത വിദ്വേഷ യുക്തിവാദികളുടെ തുടർച്ച തന്നെയാണിവിടെയും കാണുന്നത്. മത തീവ്രവാദമല്ല, മതം തന്നെയാണ് പ്രശ്നം എന്നതാണ് റിച്ചാഡ് ഡോക്കിൻസിന്റെ കാഴ്ചപ്പാട്. ദൈവ സങ്കൽപ്പം തന്നെ മാനസിക വിഭ്രാന്തി (God delusion) രോഗമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

രവിചന്ദ്രന്റെ നാസ്തികനായ ദൈവം എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെ. “പ്രണയം പോലെ മതവിശ്വാസവും വ്യക്തിയെ പൂർണമായി അടിമപ്പെടുത്തുന്നതാണ്. പ്രണയ ഭംഗത്തെ കുറിച്ചോർക്കുമ്പോൾ പോലും ശ്വാസം മുട്ടുന്ന കമിതാക്കളെപ്പോലെയാണ് മത വിശ്വാസികളും. മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ കാര്യത്തിലും ഇത്തരം അടിമപ്പെടൽ (addiction) കാണാനാവും.” ( പേജ് 207) മതം മറ്റേതൊരു ആശയവും പോലെ വിവേക പൂർവം തെരെഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യാൻ കഴിയുന്ന ഒന്നാണെന്ന് അംഗീകരിക്കാ‌ൻ ഇവർക്കാവുന്നില്ല. പൊതു മതവിമർശനത്തിനപ്പുറമുള്ള ഇസ്‌ലാമോഫോബിയ അഡിക്ഷനാണിപ്പോൾ കേരള യുക്തിവാദികളിൽ ചിലരെ ബാധിച്ചിരിക്കുന്നത്. ഇ.എ. ജബ്ബാർ നേതൃത്വം നൽകുന്ന വിഭാഗമാണിതിന് മുൻപന്തിയിലുള്ളത്. പണ്ടെന്നോ ഓറിയെന്റലിസ്റ്റുകൾ എഴുതി വെച്ച ഇസ്‌ലാമിനെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കട്ട് ആന്റ് പേസ്റ്റ് അടിച്ച് ഇസ്‌ലാമിന്റെ സ്ത്രീ സങ്കൽപ്പത്തെയും അടിമത്ത നിരോധനത്തെയുമൊക്കെ ആക്ഷേപിക്കലാണിവരുടെ രീതി. പ്രവാചക ജീവിതത്തെ അശ്ലീലമായി വർണിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരും കുറവല്ല. ആഗോള നാസ്തികതയുടെ ആചാര്യന്മാരായ സാം ഹാരിസും ക്രിസ്റ്റഫർ ഹിച്ചൻസുമൊക്കെ തന്നെയാണ് ഇതിനിവർക്ക് മാതൃക. കടുത്ത ഇസ്‌ലാമോഫോബിയ വെച്ചു പുലർത്തുന്നവരാണ് ഇവരെന്നറിയാൻ അവരുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചാൽ മതിയാകും. ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് പലപ്പോഴും സോഫ്റ്റ് കോർണറാണ് യുക്തിവാദികൾക്കുള്ളത്. വേട്ടക്കാരനെ തടയുന്നതിലേറെ താല്പര്യം ഇരയുടെ കുറ്റം കണ്ട് പിടിക്കാനും അവരെ ഡീ മോറലൈസ് ചെയ്ത് നിശ്ശബ്ദമാക്കാനുമാണ്. ‘നിങ്ങൾ മരുന്നിട്ട് കൊടുത്തിട്ടല്ലേ’ എന്നതാണ് വിശകലന ശൈലി. പുറമെ സെക്കുലർ ലേബലുണ്ടെങ്കിലും കേരളത്തിലെ ചില യുക്തിവാദി നേതാക്കൾ സംഘ് പരിവാറിന്റെ കണ്ണിലുണ്ണിയായതിന്റെ കാരണം ഈ ഇസ്‌ലാം വിരോധമല്ലാതെ മറ്റൊന്നുമല്ല. സ്വതന്ത്ര ചിന്തകർ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും മത സ്വാതന്ത്ര്യം പ്രശ്നവൽക്കരിക്കപ്പെട്ട ഹാദിയ വിഷയത്തിൽ ഇവരെടുത്ത നിലപാട് അത്യന്തം പ്രതിലോമപരമായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ഏകപക്ഷീയ ഉന്മൂലനങ്ങളെ കുറിച്ചോ സാംസ്കാരിക കടന്നാക്രമണങ്ങളെ കുറിച്ചോ പ്രസക്തമായ യുക്തിവാദ പ്രതികരണങ്ങൾ അപൂർവമായല്ലാതെ ഉണ്ടാവാറില്ല. ‘കോയമാർക്ക് കുറച്ച് കിട്ടട്ടെ’ എന്ന ശൈലിയിലുള്ള കമന്റുകളാണ് ഇത്തരംസന്ദർഭങ്ങളിലെ പ്രതികരണ രീതി. ഫാഷിസത്തിന്റെ നരമേധത്തിന് ന്യായം ചമക്കുന്ന രീതിയിൽ ‘ഇരക’ളെ സാംസ്കാരിക വേട്ട നടത്തി അന്യവൽക്കകരിക്കുക എന്നതാണിവർ ചെയ്തു കൊണ്ടിരിക്കുന്ന സവിശേഷ സേവനം. എഫ്. ടി. മീറ്റെന്ന പേരിൽ കഴിഞ്ഞ ദിവസം നടത്തിയ യുക്തിവാദി സമ്മേളനത്തിൽ പ്രഭാഷകയായെത്തിയ പ്രമുഖ പത്രപ്രവർത്തക ഷാഹിന നഫീസ കടുത്ത വിമർശനമാണ് യുക്തിവാദികളുടെ മത വിദ്വേഷത്തിനെതിരെ നടത്തിയത്. അവരുടെ വാക്കുകൾ ഇങ്ങനെ: “യുക്തിവാദികളായിട്ടുള്ള ആളുകൾ അല്ലെങ്കിൽ സംഘങ്ങൾ അല്ലെങ്കിൽ വ്യക്തികൾ അവരോടൊക്കെ സംസാരിക്കുമ്പോൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ നിരീക്ഷിക്കുമ്പോൾ കാണുന്ന കാര്യം പലരെയും നയിക്കുന്നത് ഹെയിറ്റ് (വിദ്വേഷം) ആണെന്നെനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരെയും അടച്ച് പറയുകയല്ല. പലരെയും നയിക്കുന്നത് വെറുപ്പാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. സംഘ് പരിവാറിനെ നയിക്കുന്നതും വെറുപ്പ് തന്നെയാണ് സുഹൃത്തുക്കളെ. എന്താണ് സംഘ പരിവാറും നമ്മളും തമ്മിലൊരു വ്യത്യാസം എന്നാണെനിക്ക് മനസ്സിലാവാത്തത്. ……..മതത്തോടുള്ള വെറുപ്പാണ് പലരെയും നയിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്.” (പ്രഭാഷണത്തിൽ നിന്ന് അപ്പടി പകർത്തിയത്). കാര്യം ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ.

ചോരയുറ്റുന്ന സംഘ് പരിവാർ രാഷ്ട്രീയത്തിന്റെ ആസുര കാലത്ത്, ആഗോള സാമ്രാജ്യത്വ കടന്നാക്രമണങ്ങളുടെ ഭീതിതമായ ഇക്കാലത്ത്, സാംസ്കാരിക ജീർണതകളുടെ ഈ അധിനിവേശ കാലത്ത് പ്രതിരോധത്തിന്റെ സമര ഭൂമിയിൽ മിത്രമായി ചേർന്ന് നിൽക്കാൻ ഇന്നുള്ള യുക്തിവാദത്തിനാവില്ലെന്ന് തീർച്ചയാണ്. ജീവിതവും സ്വാതന്ത്ര്യവും കാത്ത് രക്ഷിക്കാനുള്ള ഈ അവസാന പോരാട്ടത്തിൽ മത-മതേതര വിശ്വാസികൾക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കാനില്ലെങ്കിലും ഒറ്റുകാരായി മാറാതിരിക്കാൻ അവർക്കാവട്ടെ എന്നാഗ്രഹിക്കാം; വേരറ്റു പോവാതെ ബാക്കിയുണ്ടെങ്കിൽ.

കടപ്പാട്: പ്രബോധനം വാരിക

5 Comments

 • Aaranavoo Ravichandrane kandam vazhi oodicha vishwasi aaya cheruppakkaar…

  Black Mamba 18.09.2019
 • പ്രബോധനം വാരികയിൽ വന്ന ലേഖനമാണോ ഇത്?

  സദഖാ 18.09.2019
 • Thanks Sneha samvadam team for re publishing the article. May Allah bless you for you good and kind deed.

  Muhammad Najeeb 18.09.2019
 • Ninnu kadhaaprasangam parayathe Ravichandranum E A Jabbarum parayunna vimarshanangalkku enniyenni utharam parayoo suhruthe. Avar ippol parayunnathu Quran inu pala versions undennanu. Gulfilum Indiayilum ulla version alla Morocooyilum Libyayilum ullathu ennu. Nammude version mushaf moroccoyil banned aanathre. Valare krithyamayi vaakkukalilum arthangalilum ulla vyathyasangal yuktivaadikal randu versionsilum compare cheythu thurannu kaattunnu. Athinokke marupadi kodukkathe Dawkinsineyum Hitchensineyum theri vilichu lekhanam ezhuthiyittu oru kaaryavum illa suhruthe.

  Black Mamba 20.09.2019
 • Good article
  Thanks websine

  Hashim 25.09.2019

Leave a Reply to സദഖാ Cancel Comment

Your email address will not be published.