കുഫ്‌റിലേക്കൊരു കുറുക്കുവഴി

//കുഫ്‌റിലേക്കൊരു കുറുക്കുവഴി
//കുഫ്‌റിലേക്കൊരു കുറുക്കുവഴി
ഖുർആൻ / ഹദീഥ്‌ പഠനം

കുഫ്‌റിലേക്കൊരു കുറുക്കുവഴി

വിശ്വാസി‌കൾ ഒരിക്കലും ആഗ്രഹിക്കാത്ത അവസ്ഥയാണല്ലോ അവിശ്വാസം. ‌അവർക്ക് കുഫ്‌റിനെ മരണത്തെക്കാൾ ഭയമാണ്‌. ‌മുസ്‌ലിമിന്റെ തേട്ടം ആ അവസ്ഥ‌ വരാതിരിക്കാനാണ്‌.

ശിർക്ക് പടച്ചവൻ ഒരിക്കലും പൊറുക്കാത്ത മഹാ പാപമത്രേ. ‌പലരും അത്‌ ചെയ്യുന്നത് ശിർക്കാണെന്ന് മനസ്സിലാക്കാതെയാണ്. ബിദ്അത്ത്‌ ചെയ്യുന്നവർക്കും തങ്ങൾ സൽകർമ്മം ചെയ്യുന്നു എന്ന ധാരണയാണ്. നിഷ്കളങ്കരായ വിശ്വാസികൾ അതൊരിക്കലും തെറ്റായി കാണുന്നില്ല. അത്‌ കൊണ്ടാണ്‌ ശിർക്ക്‌-ബിദ്‌അത്തുകളിൽ‌ ബോധവൽക്കരണം കൂടുതൽ പ്രാധാന്യമർഹിക്കുന്നത്‌. അറിവില്ലായ്മ മൂലം പരലോകവും, ഒപ്പം ഒരായുഷ്‌ക്കാലം ചെയ്തു കൂട്ടിയ‌ സൽക്കർമ്മങ്ങളും നഷ്ടപ്പെടുക എന്നത്‌ മഹാ ദൗർഭാഗ്യമാണ്.

നേർമാർഗ്ഗം അറിയാതെ തെറ്റുകൾ ചെയ്യുന്നവർക്ക്‌ പഠനം ഗുണം ചെയ്യും. എന്നാൽ‌ തെറ്റാണെന്ന് മനസ്സിലായാൽ അതിൽ നിന്ന് പിന്തിരിയാൻ ഇച്ഛാശക്തി വേണം. പലർക്കും തെറ്റ്‌ അറിയാഞ്ഞിട്ടല്ല. ഉദാഹരണമായി പുകവലി നല്ലതാണെന്ന് ആർക്കും അഭിപ്രായമില്ല; വലിക്കുന്നവർ സ്വന്തം മക്കൾ വലിക്കാരാവുന്നത്‌ ഇഷ്ടപ്പെടുന്നില്ല. എല്ലാ തിന്മകളുടെയും കാര്യം പലപ്പോഴും ഇങ്ങനെയാണ്.

സാന്ദർഭികമായി പറയട്ടെ! “ഇഹ്ദിന സ്സ്വിറാത്വൽ മുസ്തഖീം” എന്നതിന് “ഞങ്ങൾക്ക് നേരായ വഴി കാണിച്ചു തരേണമേ” എന്ന് അർത്ഥം കൊടുത്തവരുണ്ട്‌. കാണാത്തത്‌ കൊണ്ടല്ല തെറ്റുകൾ ചെയ്യപ്പെടുന്നതെന്ന്‌ മേൽ പറഞ്ഞതിൽ നിന്നും വ്യക്തമാണല്ലോ. നന്മ അനുവർത്തിക്കാൻ തൗഫീഖ്‌ വേണം. “ഞങ്ങളെ നേരായ മാർഗ്ഗത്തിൽ വഴി നടത്തണേ” എന്നത്രേ ശരിയായ വിവക്ഷ.

ഒരാൾ‌ ബോധപൂർവ്വം ചെയ്യുന്ന മഹാ അപരാധമാണ് സത്യനിഷേധം. സത്യം അറിയേ അതിനെ നിഷേധിക്കുന്നത്‌ അൽപത്തവും, അന്തസില്ലായ്മയുമാണ്. സ്വയം കണ്ണടച്ചാൽ ലോകം ഇരുളുമെന്നത്‌‌ മൗഢ്യമാണ്.

കൃത്യമായി എണ്ണി പഠിപ്പിക്കപ്പെട്ട 6 വിശ്വാസ കാര്യങ്ങൾ നമുക്കുണ്ട്‌‌. അതിൽ ഒന്നാണ് ഖദാ-ഖദ്‌റിലുള്ള വിശ്വാസം; എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനം അനുസരിച്ചാകുന്നു. ഖുർആൻ 57:22ൽ (ഹദീദ്‌)‌ ഇവിടെ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയ പ്രകാരവും, അവന്റെ പക്കൽ രേഖയാക്കി വെക്കപ്പെട്ട നിലയിൽ സ്ഥിരപ്പെട്ടതുമാണ് എന്നുണർത്തുന്നു.

വിശ്വാസ കാര്യങ്ങൾക്കുള്ള‌ ഒരു പ്രത്യേകത, അത്‌ ഉൾക്കൊണ്ട്‌ ജീവിതത്തിൽ അനുവർത്തിക്കുന്നവനേ അടിസ്ഥാനപരമായി മുസ്‌ലിം ആവാൻ യോഗ്യതയുള്ളൂ എന്നതാണ്. കർമ്മങ്ങൾ വിശ്വാസം തികഞ്ഞവർക്കുള്ളതാണ്. “ആമനൂ വ-അമിലൂസ്സ്വാലിഹാത്തി” എന്ന ആവർത്തിച്ചുള്ള ഖുർആനിക ‌പരാമർശം വിശ്വാസം ശരിയായിട്ടുള്ളവരുടെ കർമ്മങ്ങളേ പരിഗണിക്കപ്പെടുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു.

അസത്യത്തിന്റെ ഗൗരവം നിഷ്പ്രഭമാക്കും വിധം മിഥ്യാബോധവും, ദുരഭിമാനവുമാണ് അതിനെ പുൽകാൻ‌ നമ്മെ പ്രേരിപ്പിക്കുന്നത്. ഇന്ന സ്ഥലത്ത്‌ താൻ ഉണ്ടെന്നോ ഇല്ലെന്നോ കള്ളം പറയുമ്പോൾ പിശാച്‌ നമുക്ക് ആ നുണ‌ ഏറെ നന്നായി തോന്നിക്കുന്നു. അങ്ങനെ പലതിലും വാസ്തവേതരങ്ങളെ നാം പുൽകുന്നു. ചെറുതും വലുതുമായ അസത്യങ്ങളെ കൂട്ടുപിടിക്കുന്നു.

നുണകളെ നിർദ്ദോഷങ്ങളായും, ഭീകരങ്ങളായും തരം തിരിക്കപ്പെടാറുണ്ട്‌. ഒരു നുണ ഇല്ലാതാക്കിയ സത്യത്തിന്റെ പ്രത്യാഘാതം അടിസ്ഥാനമാക്കിയാണ് ഈ വേർ തിരിവ്‌. നിർദ്ദോഷമായ ഒരു നുണയെ താരതമ്യേന കൂടുതൽ വിനാശകാരിയായി കാണണം. കാരണം അവിടെ ഹനിക്കപ്പെടുന്ന സത്യം നിർദ്ദോഷിയാണ്; ആർക്കും പ്രത്യേകിച്ച്‌ ഗുണമോ ദോഷമോ വരുത്താത്ത ഒന്നാകാം. എന്നിട്ടും‌ അതിന്റെ കപട മനോഹാരിതയിൽ പലരും‌ കാലിടറുന്നു. അങ്ങനെ ഒരു പ്രയോജനവുമില്ലാതെ അന്യായമായി സത്യത്തെ ധ്വംസിച്ച്‌ അസത്യത്തെ സത്യത്തിന്റെ ലേബലിൽ കുടിയിരുത്തുന്നു!

പടച്ചവന്റെ നിശ്ചയത്തിലാണ് സകല കാര്യവും സംഭവിക്കുന്നത്‌; അതവൻ മുൻകൂട്ടി രേഖപ്പെടുത്തി വച്ചതുമാണ്. കാര്യങ്ങൾ സംഭവിച്ച ശേഷമേ നാം അതറിയുന്നുള്ളൂ എന്ന് മാത്രം. അതുകൊണ്ട്‌‌ ഒരു സത്യം പടച്ചവന്റെ നിശ്ചയത്തെ അംഗീകരിക്കലും, ഒരു നുണ അതിനെ ധിക്കരിക്കലുമാണ്. അല്ലാഹു നിശ്ചയിച്ച ഒരു കാര്യം അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്‌ എന്ന് നാം കള്ളം പറയുമ്പോൾ…
– ഒന്നാമത്,‌ നാം അല്ലാഹിവിന്റെ നിശ്ചയത്തെ നിരാകരിക്കുന്നു;
– രണ്ടാമത്,‌ സംഭവിച്ചത്‌ പടച്ചവൻ നിശ്ചയിച്ച വിധമല്ലെന്ന് കളവ്‌ പറയുന്നു;
– മൂന്നാമത്,‌ പടച്ചവൻ നിശ്ചയിക്കാത്ത വിധം ഒരു കാര്യം നടന്നെന്നും, അങ്ങനെയാണ് അവൻ അത്‌ നിശ്ചയിച്ചതെന്നും സ്ഥാപിക്കുന്നു;

ഒരു നിർദ്ദോഷമായ നുണ ഖദ്‌റിലെ വിശ്വാസത്തെ എത്രമാത്രം അപകടത്തിൽ എത്തിച്ചിരിക്കുന്നു!

സത്യം പറയുക: സത്യമേ പറയാവൂ; എല്ലാ സത്യവും വിളിച്ചു പറയണമെന്നല്ല; എന്നാൽ പറയുന്നത്‌ എല്ലാം സത്യമാകണം. കാരണം വാസ്തവങ്ങൾ ദൈവികമാണ്. അത്‌ അംഗീകരിക്കുക എന്നത്‌ കേവല മാന്യതയും.

നിത്യ ജീവിതത്തിൽ പല സന്ദർഭങ്ങളിലും നാം നുണകളെ കൂടെക്കൂട്ടാറുണ്ട്‌.
ചെറിയൊരു ഉദാഹരണം:‌ ഫോൺ ചെയ്യാമെന്നേറ്റ നമുക്ക്‌ ഒരാളെ വിളിക്കാൻ പറ്റിയില്ല; പിന്നീട്‌ അയാൾ വിളിച്ചപ്പോൾ “വിളിക്കാൻ ശ്രമിച്ചിരുന്നു; കിട്ടിയില്ലട്ടോ” എന്ന ഒരു കള്ളം ചുമ്മാ തട്ടിവിടുന്നു. അതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു നേട്ടവും ഇല്ല. എന്നാൽ അതിന്റെ ഭവിഷ്യത്ത്‌ ഏറെ വലുതാണ്. കുഫ്‌റിലേക്കുള്ള വഴിയാണ് അത് തുറക്കുന്നത്‌. പടച്ചവൻ അങ്ങനെ വിളിക്കണം എന്ന് നിശ്ചയിച്ചിട്ടില്ലെങ്കിൽ അങ്ങനെ ഒരു വിളിയും ആ ശ്രമവും ഉണ്ടാകുന്നില്ല. ആ പറഞ്ഞത്‌ ശുദ്ധ കളവാണ്.

സമാന രൂപത്തിൽ എന്തെല്ലാം നുണകൾ! കച്ചവടത്തിൽ, വ്യവഹാരങ്ങളിൽ, ഇടപാടുകളിൽ….

അല്ലാഹു ഇല്ലെന്ന് രേഖപ്പെടുത്തിയത്‌ ഉണ്ടെന്നും, ഉണ്ടെന്ന് പറഞ്ഞത്‌ ഇല്ലെന്നുമാണ് പറയുന്നുത്. പോര് നേർക്ക്‌ നേരെ പടച്ചവനോടാണ്. പോയത്‌, പോയില്ല, ചെയ്തത്‌ ചെയ്തില്ല, ചെയ്യാത്തത്‌ ചെയ്തു, കണ്ടത്‌ കണ്ടില്ല, കാണാത്തത്‌ കണ്ടു എന്നൊക്കെ നാം പറയുമ്പോൾ കുഫ്‌റിലേക്കുള്ള കുറുക്കു വഴിയിലാണ് നമ്മുടെ സഞ്ചാരം എന്ന് ഓർക്കുക.

അതെ, വെറുതേ പറയുന്ന നുണകൾ അല്ലാഹുവിനെ ധിക്കരിക്കലും അവന്റെ വിധികളെ ചോദ്യം ചെയ്യലുമാകുന്നു. കുഫ്‌റിലേക്കുള്ള അത്തരം കുറുക്കു വഴികളെ നാം സൂക്ഷിക്കുക‌; പടച്ചവൻ കാക്കട്ടെ!

print

3 Comments

Leave a comment

Your email address will not be published.