കുടുംബവും സമൂഹവും

//കുടുംബവും സമൂഹവും
//കുടുംബവും സമൂഹവും
വിശുദ്ധപാത

കുടുംബവും സമൂഹവും

മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവ രില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍   സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും ( നിങ്ങള്‍ സൂക്ഷിക്കുക. ) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാ കുന്നു.  (ക്വുർആൻ4:1)

കുടുംബജീവിതത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ടെന്നതാണ് ഇസ്‌ലാമിക വീക്ഷണം. സ്വകാര്യസ്വത്തിന്റെ സംരക്ഷണാര്‍ത്ഥം കുടുംബ ജീവിതം കെട്ടിപ്പടുക്കപ്പെടുകയാണുണ്ടായതെന്ന മാര്‍ക്‌സിയന്‍ വീക്ഷണത്തെ ഇസ്‌ലാം തീര്‍ത്തും നിരാകരിക്കുന്നു. ആദമിനെയും ഹവ്വ യെയും മനുഷ്യരുടെ ആദിപിതാവും മാതാവുമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അഥവാ മനുഷ്യജീവിതം ഭൂമിയില്‍ ആരംഭം കുറിക്കുന്നതുതന്നെ കുടുംബജീവിതത്തിന് ‘തറക്കല്ലി’ട്ടാണെന്നര്‍ത്ഥം. ഒരിക്കലും നിഷേധിക്കുവാനോ നിരാകരിക്കുവാനോ പാടില്ലാത്ത പരിപാവനമായ ഒരു സംവിധാനമായാണ് ഇസ്‌ലാം കുടുംബജീവിതത്തെ കാണുന്നത്. അതിനെ പോഷിപ്പിക്കുകയും സുഭദ്രമാക്കുകയും ചെയ്യാനുള്ള ശക്തവും ശാസ്ത്രീയവുമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ക്വുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും സുലഭമായി കാണാം. ഒരിക്കല്‍ നബി (സ) അനുചരന്മാരോടായി ചോദിച്ചു: ”ഒരു ദിനാര്‍ ദൈവമാര്‍ഗത്തിലും ഒരു ദിനാര്‍ അടിമ മോചനത്തിനും മറ്റൊരു ദിനാര്‍ സാധു ക്കള്‍ക്ക് ധര്‍മമായും ഇനിയുമൊരു ദിനാര്‍ നിന്റെ കുടുംബത്തിനു വേണ്ടിയും ചെലവഴിക്കുകയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠ മായത് ഏതാണെന്നറിയുമോ? അവിടുന്ന് തന്നെ അതിനു മറുപടിയും പറഞ്ഞു: നീ നിന്റെ കുടുംബത്തിനുവേണ്ടി ചെലവഴി ച്ചതാണ് അതില്‍ ഏറ്റവും ശ്രേഷ്ഠമായത്.” ഇസ്‌ലാം കുടുംബജീവിതത്തിനു നല്‍കുന്ന ശ്രേഷ്ഠതയും മഹത്വവും ഈ ഒരൊറ്റ അധ്യാപന ത്തില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍ വര്‍ത്തമാന കാലഘട്ടം കുടുംബജീവിതത്തെ നിരാകരിക്കുന്നതിലെ യുക്തിയെപ്പറ്റിയാണ് പലപ്പോഴും ചര്‍ച്ച ചെയ്യുന്നത്. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വം, പുരുഷമേധാവിത്വം തുടങ്ങി ഒരുപാട് വിഷയങ്ങള്‍ അവിടെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു വിധേയ മാകുന്നു. ആ ചര്‍ച്ചകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് അവകാശങ്ങളെപ്പറ്റിയുള്ള സംവാദങ്ങളിലാണ്. അതുതന്നെയാണ് അത്തരം ചര്‍ച്ചകളുടെ പരിമിതിയും പരാജയവും. മനുഷ്യനില്‍ വര്‍ധിച്ചുവരുന്ന സ്വാര്‍ത്ഥതയുടെയും അഹന്തയുടെയും നേര്‍ചിത്രമായി അത്തരം സംവാദവേദികള്‍ മാറുകയാണ്. ബാധ്യതകളെ വിസ്മരിക്കുകയും അവകാശങ്ങളെപ്പറ്റി മാത്രം ചിന്തിക്കുകയും ചെയ്യുമ്പോള്‍ കുടുംബ ജീവിതം ദുസ്സഹമായി തോന്നാം. പാരസ്പര്യമാണ് യഥാര്‍ത്ഥത്തില്‍ കുടുംബജീവിതത്തിന്റെ അടിത്തറ. അവിടെ അവകാശ ങ്ങളുണ്ട്; ബാധ്യതകളുമുണ്ട്. ബാധ്യതകള്‍ നന്നായി നിര്‍വഹിക്കുമ്പോള്‍ അവകാശങ്ങള്‍ താനെ വന്നുഭവിക്കും. ആ പാരസ്പ ര്യത്തിലൂന്നിയാണ് ആണിനോടും പെണ്ണിനോടും കുടുംബജീവിതത്തെ ആസ്വദിക്കാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. പാരസ്പര്യം നഷ്ടപ്പെടുമ്പോള്‍ നമുക്കൊരിക്കലും കുടുംബജീവിതത്തെ ആസ്വദിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറ്റപ്പെടുത്തേണ്ടത് നമ്മുടെ കാഴ്ചപ്പാടുകളെയും ‘യുക്തി’ബോധത്തെയുമാണ്; കുടുംബമെന്ന സ്ഥാപനത്തെയല്ല.

മനുഷ്യജീവിതത്തില്‍ കുടുംബസംവിധാനത്തിന് നിത്യപ്രസക്തി നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? സാമൂഹിക ജീവിതത്തിന്റെ സന്തുല നാവസ്ഥ നിയന്ത്രിക്കുന്നതിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് വാസ്തവത്തില്‍ കുടുംബസംവിധാനം. ധാര്‍മിക സദാചാര പരമായ അരാജകത്വം സമൂഹത്തെ വിഴുങ്ങാതിരിക്കാന്‍ കുടുംബജീവിത സംസ്‌കാരം വലിയ പങ്കാണ് വഹിക്കുന്നത്. ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുക, ലൈംഗിക അരാജകത്വത്തെ ഒരുപരിധി വരെയെങ്കിലും നിയന്ത്രിക്കുക, ആരോഗ്യമുള്ള ഒരു തലമുറയുടെ നിര്‍മിതിക്കു നിമിത്തമാവുക, കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതശീലം പാലിക്കുക, തലമുറകള്‍ക്കിടയിലെ ബന്ധങ്ങള്‍ സുദൃഢമായി നിലനിര്‍ത്തുക, സഹവര്‍ത്തിത്വവും പരസ്പര സംരക്ഷണവും നിലനിര്‍ത്തുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കുക, താങ്ങും തണലുമായി പരസ്പരം ബാധ്യതകള്‍ പങ്കിടുക,  പരിത്യാഗ മനോഭാവം വളര്‍ത്തുക ഇങ്ങനെ സമൂഹസംബന്ധമായ ഒരുപാട് നന്മകള്‍ കുടുംബജീവിത സംസ്‌കാരം മനുഷ്യന് സമ്മാനിക്കുന്നു. മറിച്ചൊന്നു വിരല്‍ ചൂണ്ടാന്‍ അതിനേക്കാള്‍ മികച്ച വല്ല ബദല്‍ സംവിധാനവു മുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കുടുംബജീവിത സംസ്‌കാരത്തെ മാറ്റിനിര്‍ത്തുകയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന് കേവലം ലൈംഗികതക്കപ്പുറം മറ്റൊരു മാനവും കാണാതിരിക്കുകയും ചെയ്ത സമൂഹങ്ങള്‍ ഇന്ന് പുനരാലോചനയിലാണ്. എങ്ങനെ കുടുംബജീവിത സംസ്‌കാരത്തെ പുനഃസ്ഥാപിക്കാമെന്ന ചിന്തയിലാണവര്‍. വിവാഹം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചും സന്താനങ്ങളെ കുടുംബാന്തരീക്ഷത്തിനകത്ത് വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിച്ചും കുടുംബാന്തരീക്ഷമില്ലാത്ത കുട്ടികളുടെ വളര്‍ച്ചയുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളിലേക്കു വീരല്‍ ചൂണ്ടിയും ആ സമൂഹങ്ങള്‍ അനുതപിച്ചു മടങ്ങുന്ന കാഴ്ചയാണ് ഇന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിവാഹത്തിനും സന്താനപരിപാലനത്തിനും സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപിക്കുവാന്‍ വരെ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഡേവിഡ് ബ്ലാങ്കെന്‍ ഹോണിന്റെ (David Blankenhorn) ‘ഫാദര്‍ലെസ് അമേരിക്ക’ എന്നപുസ്തകം അമേരിക്കന്‍ സമൂഹത്തില്‍ കുടുംബജീവിത സംസ്‌കാരം നിരാകരിച്ചതുമൂലം സംജാതമായ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. നല്ല തലമുറയുടെയും നല്ല സമൂഹത്തിന്റെയും നിര്‍മിതിയാണ് വാസ്തവത്തില്‍ കുടുംബാന്തരീക്ഷത്തില്‍ സംഭവിക്കുന്നത്. കേവലം ലൈംഗികാസ്വാദനത്തിനപ്പുറം ആണിന്റെയും പെണ്ണിന്റെയും ഇണചേരലിനെ കാണാന്‍ തയ്യാറില്ലാത്തവര്‍ ഇനിയും പാഠങ്ങള്‍ ഏറെ പഠിക്കാനിരിക്കുന്നു.

print

No comments yet.

Leave a comment

Your email address will not be published.